ചെറിയാച്ചന്‍: ക്രിസ്തു ഒളിച്ചു പാര്‍ത്തയിടം

ചെറിയാച്ചന്‍: ക്രിസ്തു ഒളിച്ചു പാര്‍ത്തയിടം

ഫാ. ജോബി താരാമംഗലം ഒ.പി.
ജെ.ഡി.വി., പൂന

ഫാ. ജോബി താരാമംഗലം ഒ.പി.
ഫാ. ജോബി താരാമംഗലം ഒ.പി.

അച്ചനെ ഓര്‍ത്തപ്പോള്‍ ഒഴുകിയ കണ്ണുനീരൊക്കെയും ആ സാന്നിധ്യത്തിലെ അഭിഷേകത്തിന്റെ അടയാളമായിരിക്കാം.

അച്ചന്റെ ഏതാനും കുര്‍ബാനകളും, ചില പരിപാടികള്‍ക്കിടയില്‍ കണ്ടുമുട്ടിയ അനുഭവങ്ങളും മാത്രമാണ് നേരിട്ടുള്ളത്. അഭിപ്രായങ്ങള്‍ക്കായും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായും ചില സുഹൃത്തുക്കളിലൂടെയാണ് അച്ചനെ കേട്ടുകൊണ്ടിരുന്നത്. അച്ചന്റെ വാക്കുകളിലുള്ള ഊര്‍ജ്ജം പുതിയൊരു ബോധ്യത്തിന്റെ കരുത്ത് നല്‍കിയിരുന്നു. അച്ചന്‍ നല്‍കിയിരുന്ന ഓരോ ഉറപ്പും തീര്‍ച്ചയായും ശക്തമായ ഒരു ചുവടുവയ്പ്പ് തന്നെയാകും.

'മനുഷ്യനെന്ന' നമ്മിലെ ഭാഷ തന്നെയാണ് സുവിശേഷത്തിന്റെ ഭാഷയെന്നതിന് അച്ചന്റെ ജീവിതം ഉദാഹരണം. സുവിശേഷം എല്ലാവര്‍ക്കുമുള്ളതാണെന്നും ലളിതവും എളിയതുമായ മാനുഷികസമീപനങ്ങളിലാണ് സുവിശേഷം ഏറ്റം സുരക്ഷിതമായി വിതക്കപ്പെടുന്നതെന്നും അച്ചന്‍ പറഞ്ഞുതരും. ആരുമറിയാതെ, ഒരുപക്ഷേ നിശബ്ദതയില്‍ പകര്‍ന്നു നല്‍കപ്പെടുന്നതാണ് 'കടുകുമണിയുടെ സുവിശേഷ' രഹസ്യം. ആ ദൈവരാജ്യരഹസ്യം എന്നോ കണ്ടെത്തിയ നിധി പോലെ സൂക്ഷിച്ചു കൊണ്ട് നടപ്പിലും വാക്കിലും ക്രിസ്തുവിനെപ്പോലെ ജീവിച്ചു. ചേര്‍ത്തുപിടിച്ചു കൊണ്ട്, ഓരോരുത്തരുടെയും ജീവിതത്തില്‍നിന്നു തന്നെ ആ നിധി സ്വന്തമാക്കാന്‍ വേണ്ട രഹസ്യങ്ങള്‍ അച്ചന്‍ കാണിച്ചു കൊടുത്തു. മാനസാന്തരവും, പാപക്ഷമയുമൊക്കെ ചേര്‍ത്തുപിടിക്കുന്ന സ്വീകാര്യതയില്‍ അലിയുന്നതിന്റെ അനുഭവങ്ങളായി. പതിയെ അവ പ്രേരണയും വെല്ലു വിളിയുമാകും, അച്ചന്റെ സുവിശേഷ ശൈലിയിലെ ലാവണ്യമാണത്.

കണിശതയിലൂടെയല്ലാതെ, വിശ്വാസം ആര്‍ദ്രതയിലൂടെ ജീവിക്കുവാനും ദൈവത്തെ കാണുവാനും കഴിയുന്നവര്‍ക്കല്ലേ അത്ര മനോഹരമായി ദൈവ സ്‌നേഹത്തെ കാണിച്ചു കൊടുക്കാനാവുക. വിശ്വാസത്തിന്റെ തീക്ഷ്ണതയെന്നത് ക്രിസ്തുഹൃദയമാണെന്ന് നിലപാടിലും ജീവിതശൈലിയിലും അച്ചന്‍ കാണിച്ചുതന്നു. ക്രിസ്തുവിനു ചേരാത്തതൊന്നും ആ തീക്ഷ്ണതയുടെ ഭാഗമാകാനാവില്ല, നേട്ടങ്ങള്‍ എന്തുതന്നെയാണെങ്കിലും! ക്രിസ്തുവിന്റെ സ്‌നേഹത്തിനു അതിരുകള്‍ വയ്ക്കാനാവില്ലാത്തതിനാല്‍, അച്ചനും മതിലുകള്‍ ഉണ്ടായിരുന്നില്ല. താനാണ് വാതില്‍ എന്ന് പറഞ്ഞ ക്രിസ്തു ശൈലി അച്ചനും കാത്തുസൂക്ഷിച്ചു. അങ്ങനെയാണല്ലോ സഭയുടെ മാതൃഹൃദയവും. ആരെയും സ്വീകരിക്കുവാനും ആരുടെയടുത്തും കടന്നു ചെല്ലുവാനും അച്ചനു കഴിഞ്ഞതും അങ്ങനെയാവണം.

സര്‍ഗാത്മകത മാത്രമല്ല ചെറിയാച്ചനിലെ കലാകാരനെ രൂപപ്പെടുത്തിയത്. സകലത്തിലും നന്മ കാണാനുള്ള വലിയ ഹൃദയമാണ് അച്ചനിലെ കലകളുടെ ഉറവിടം. ലൗകികമെന്നോ നികൃഷ്ടമെന്നോ വിധിക്കപ്പെട്ടേക്കാവുന്ന വസ്തുക്കളിലും പാട്ടുകളിലുമെല്ലാം സുവിശേഷ മൂല്യം കണ്ട അച്ചന്‍ തനിക്കു വേണ്ടി തുറന്നിട്ട പ്രപഞ്ചം എത്രയോ വലുതാണ്. ആ ഹൃദയത്തിന്റെ ദര്‍ശനത്തിലെ സഭ എത്രയോ മനോഹരമായിരിക്കും! അതുകൊണ്ടാവണം അച്ചന്റെ ബലിയര്‍പ്പണങ്ങളും കൂടുതല്‍ ഹൃദ്യമായത്. സകലതിനെയും ചേര്‍ത്തു നിര്‍ത്തുന്ന ക്രിസ്തുവിനെ സ്വന്തം ആലിംഗനങ്ങളില്‍ പകര്‍ന്നതുപോലെ ബലികളിലും ആ ക്രിസ്തു സ്പര്‍ശം പകര്‍ന്നു നല്‍കി.

അസ്വാഭാവികമായ എന്തെങ്കിലും ദൈവസാന്നിധ്യത്തെക്കുറിച്ചു പ്രതീക്ഷിക്കുവാനോ അസാധാരണ പ്രവൃത്തികളിലാണ് ജീവിതവിശുദ്ധിയെന്നോ അച്ചന്‍ ആരെയും ഉപദേശിച്ചിട്ടുണ്ടാവില്ല. നമ്മളാലാവുന്ന നന്മകളിലാണ് ക്രിസ്തുജീവിതം എന്നാണ് അച്ചന്‍ പറഞ്ഞു വച്ചത്. വിധിക്കപ്പെട്ടവരെ അടുത്തുചെന്നു കാണുക, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരുത്ത് പകരുക എന്നതൊക്കെ അച്ചനിലെ ക്രിസ്തു ഹൃദയം രൂപപ്പെടുത്തിയ ധീരതയാണ്. അപകട സാധ്യതയും പേരുദോഷവും വരെ വന്നുചേരാവുന്ന ശുശ്രൂഷകളെ പലരും നിരുത്സാഹപ്പെടുത്തിയേക്കാം. എന്നാല്‍ അവയില്‍ പോലും ആത്മാവിന്റെ നവീനത കാണുവാനും അതിലേക്ക് കാല്‍വയ്ക്കുന്നവരെ അനുധാവനം ചെയ്യുവാനും അച്ചന്‍ തയ്യാറായിരുന്നു. ബലമില്ലാത്തവരുടെയും പാര്‍ശ്വ വല്‍ക്കരിക്കപ്പെടുന്നവരുടെയും ആരും പിന്തുണക്കാ നില്ലാത്തവരുടെയും ഇരകളാക്കപ്പെട്ടവരുടെയും കൂടെ നില്‍ക്കുക എന്നത് ക്രിസ്തു നല്‍കുന്ന പ്രത്യേക വിളിയായിത്തന്നെ അച്ചന്‍ കരുതി.

വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന നന്മകളുടെ മനുഷ്യര്‍ വേറെയുമുണ്ടായിട്ടുണ്ട്. അവരില്‍ പലരും അവരവരുടെ പാതയില്‍ വേറിട്ട് നടക്കുകയാണ് പതിവ്. അനേകരുടെ കൂടെ നടക്കുവാന്‍ കഴിഞ്ഞെന്നതും, കൂടെ നടന്നവര്‍ക്കൊക്കെ ക്രിസ്തുസാന്നിധ്യം പകരാന്‍ കഴിഞ്ഞെന്നതും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നു.

എടുക്കേണ്ട നിലപാടുകളെക്കുറിച്ച് ആത്മാര്‍ത്ഥമായ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ചെറിയാച്ചനെ അറിയുന്നവര്‍ക്ക് ആ ജീവിതം വെല്ലു വിളിക്കുന്ന ഒരു ചൂണ്ടു പലകയാണ്. ക്രിസ്തു മാത്രമാണ് ശരിയെന്ന് അച്ചന്റെ നിലപാടുകള്‍ കാണിച്ചു തരുന്നു. നില പാടുകളില്‍ ഉറച്ച ബോധ്യവും ക്രിസ്തുവില്‍ പ്രത്യാശയും ഉള്ളവന്‍ ശാന്തനും പ്രസന്നവദനനും ആയിരിക്കും. അച്ചന്റെ പ്രസന്നതയും സൗമ്യതയും അറിഞ്ഞ നമുക്ക് അതിന്റെ വേരുകളിലേക്കു ഇറങ്ങാനുള്ള കൃപ ലഭിക്കട്ടെ. അറിഞ്ഞുകൊണ്ടു തന്നെ ക്രിസ്തുവിനെ മാറ്റിനിര്‍ത്തുവാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഓരോ ചുവടുവയ്പിലും ക്രിസ്തു മനഃസാക്ഷി തേടുവാന്‍ ചെറിയാച്ചന്റെ നിലപാടുകളും ജീവിതവും പ്രേരകമാകും.

ഒന്ന് വിതുമ്പിയപ്പോഴും കണ്ണീരു പൊഴിച്ചപ്പോഴും ഓര്‍മ്മകള്‍ തന്നെ നമ്മെ ആശ്വസിപ്പിച്ചില്ലേ? അടുത്ത ബന്ധമോ ഏതാനും നിമിഷങ്ങളിലെ പരിചയമോ ആവട്ടെ സ്വന്തമെന്ന ഹൃദയബന്ധം നമുക്കുണ്ടായിരുന്നു. അത് തുടരുമെന്ന ഉറപ്പും നമുക്കുണ്ട്. ചെറിയാച്ചനെക്കുറിച്ച് പറഞ്ഞവയൊക്കെയും വെറും വര്‍ണ്ണനകളല്ല, നമ്മിലേക്ക് നിറയേണ്ട ക്രിസ്തുവചനമാണ് ആ ജീവിതം. നമുക്ക് വേണ്ടി ലഭിച്ച ക്രിസ്തുരൂപമായിരുന്നു ചെറിയാച്ചന്‍.

പേരില്‍ നിന്ന് പിന്‍വലിയുക എന്നാല്‍ അഹം വെടിയുക എന്നാണ്. അഹം വെടിഞ്ഞ് അദ്ദേഹം കാണിച്ചത് ദൈവികതയായി രുന്നു. ചെറിയാച്ചന്‍ അച്ചനെ കാണിക്കുകയല്ലായിരുന്നു ചെറിയാച്ചന്‍ അച്ചനായത് കാണിക്കുകയായിരുന്നു.

-റവ. ഡോ. പോള്‍ തേലക്കാട്ട്

ചിരിച്ചല്ലാതെ സീരിയസ്സായി ഒരു വര്‍ത്തമാനവും പറഞ്ഞു കണ്ടിട്ടില്ലാത്ത വിനീതന്‍. ചെറിയ സമയത്തിനുള്ളില്‍ ആ മനുഷ്യനെ എനിക്കിഷ്ടപ്പെടാതിരിക്കാന്‍ വേറെ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല.

-അനസ് ഹസൈനര്‍ (എഫ്.ബി. പോസ്റ്റ്)

എടുക്കുന്ന നിലപാടുകളുടെ പേരില്‍ അവമതിക്കപ്പെട്ടാല്‍ പ്പോലും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതിലെല്ലാം നീതിയും കരുണയും പുലരുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുമായിരുന്നു.

– മനോജ് സണ്ണി (ജീസസ് യൂത്ത്)

ചെറിയാന്‍ അവന്റെ ഈ ലോകത്തിലെ ജോലികള്‍ സൂപ്പറായി ചെയ്തു യാത്രയായി. നിന്റെ ഉള്ളും പുറവും അറിയാവുന്ന എനി ക്ക് ഈ ലോകത്തോട് പറയാന്‍ കഴിയും കൂട്ടുകാരാ നീ ഒരു വിശുദ്ധനാണ്.

– അഡ്വ. ലിറ്റോ പാലത്തിങ്കല്‍
(ബാല്യകാല സുഹൃത്ത്)

കിഡ്‌നി ഡോണറായിരുന്നു. കരുണയായിരുന്നു സ്ഥായിയായ വികാരം. വലിയൊരു ഇടവേളയ്ക്ക് ശേഷം ചെറിയൊരു വൈദിക സമൂഹത്തെ അഭിസംബോധന ചെയ്ത് തെല്ലും ആത്മവിശ്വാസമില്ലാതെ പരുങ്ങി നില്‍ക്കുമ്പോള്‍ ചെറിയാച്ചന്‍ എഴുന്നേറ്റു. എനി ക്കൊരാഗ്രഹമുണ്ട്. ഞാനൊന്ന് ഹഗ് ചെയ്‌തോട്ടേ. ആ ഗാഢാലിംഗനം മതിപ്പിന്റേതല്ല. കരുണയുടേതാണെന്നറിയാനുള്ള വിശേഷബുദ്ധിയില്‍ കണ്ണുനിറയുന്നു. അതുകൊണ്ടാണ് അയാളെ യേശു മണക്കുന്നത്.

– ഫാ. ബോബി ജോസ് കട്ടിക്കാട്‌

ക്രിസ്തു കുറച്ചുനാള്‍ ഭൂമിയില്‍ ഒളിച്ചു താമസിക്കണമെന്നു തീരുമാനിച്ചപ്പോള്‍ ചെറിയാച്ചനെ കണ്ടുമുട്ടിയതാണ്.

– സുരേഷ് കുമാര്‍ (എഫ്.ബി. പോസ്റ്റ്)

എന്റെ ആത്മീയയാത്രയില്‍ വലിയൊരു പങ്ക് ഈ വൈദികന്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ എനിക്കു കഴിയും.

– അല്‍ഫോണ്‍സ് ജോസഫ്
(മ്യൂസിക് ഡയറക്ടര്‍)

ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. അച്ചന്‍ തന്ന സ്‌നേഹവും കരുതലും ഒരു ബലമായിരുന്നു. ആത്മാവിനുവേണ്ടി പ്രാര്‍ത്ഥി ക്കുന്നു.

– റിയ ഇഷ

വിവാദങ്ങളുടെ പൊടിക്കാറ്റ് ക്രൈസ്തവ സഭയ്‌ക്കെതിരെ ആഞ്ഞുവീശിയ സന്ദര്‍ഭങ്ങളില്‍ ക്രിസ്തുവിന്റെ ധാര്‍മിക ശബ്ദമായ വന്‍! ജീസസ് യൂത്ത് വിഭാവനം ചെയ്യുന്ന ക്രിസ്തു കേന്ദ്രീകൃത ജീവിതശൈലിക്ക് ഒരു നിര്‍വചനമായവന്‍!

-ജിബി ജോര്‍ജ് ദുബായ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org