തകരുന്നതു ക്രൈസ്തവമൂല്യങ്ങളല്ല, മൂല്യങ്ങളില്‍ നിന്നകലുന്ന സഭാസംവിധാനങ്ങള്‍

തകരുന്നതു ക്രൈസ്തവമൂല്യങ്ങളല്ല, മൂല്യങ്ങളില്‍ നിന്നകലുന്ന സഭാസംവിധാനങ്ങള്‍
Published on

സെപ്റ്റംബര്‍ അവസാന ആഴ്ചയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബെല്‍ജിയം സന്ദര്‍ശനവേളയില്‍ അവിടത്തെ രാജാവ് ഫിലിപ്പും പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡേ ക്രോയും മാര്‍പാപ്പയോട് ആവശ്യപ്പെട്ട പ്രധാനകാര്യം വൈദികരുടെ ചൂഷണത്തിന് വിധേയരായവരെ സഹായിക്കുന്നതിനുവേണ്ടി കാര്യക്ഷമമായ നടപടികള്‍ സഭ സ്വീകരിക്കണമെന്നാണ്. അവിടുത്തെ കത്തോലിക്കാ യൂണിവേഴ്‌സിറ്റികളില്‍ നടന്ന പരിപാടികളില്‍ സഭയുടെ ചില അടിസ്ഥാന നിലപാടുകളോടുള്ള വിമര്‍ശനങ്ങളുന്നയിക്കപ്പെടുന്നതും

നമ്മള്‍ കണ്ടു. നവോത്ഥാനകാലം മുതല്‍ യൂറോപ്പില്‍ കത്തോലിക്കാസഭയ്‌ക്കെതിരെയുണ്ടായിട്ടുള്ള വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത് അതിന്റെ ഡോഗ്മാറ്റിക്, സ്ഥാപന സ്വഭാവങ്ങള്‍ക്കെതിരെയുള്ളവയാണ്.

ഇന്നും സഭയില്‍ നിന്ന് വ്യക്തികള്‍ അകന്നുപോകുന്നതിന്റെ പ്രധാന കാരണം, സ്ഥാപനവല്‍കൃത സഭയില്‍ നിന്നും അവര്‍ക്കുണ്ടാകുന്ന മോശം അനുഭവങ്ങള്‍ തന്നെ. എന്നാല്‍ മനുഷ്യരില്‍ പ്രകൃത്യാലുള്ള ആത്മീയന്വേഷണം ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് യൂറോപ്പില്‍ തന്നെ വളര്‍ന്നുവരുന്ന

നവമതരൂപങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ നവമതപ്രസ്ഥാനങ്ങള്‍ സ്ഥാപിതമതങ്ങളോടും അവയുടെ ചട്ടക്കൂടുകളോടുമുള്ള വ്യക്തികളുടെ അകല്‍ച്ച വളമാക്കിയാണ് വളര്‍ന്നുവരുന്നത്.

കത്തോലിക്കാസഭയ്ക്ക് അതിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഡോഗ്മകളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. കാരണം, സഭയുടെ അസ്തിത്വത്തിന്റെ ഭാഗമാണ് അവ. കത്തോലിക്കാവിശ്വാസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസസത്യം (ഡോഗ്മ) യേശുക്രിസ്തുവില്‍ ദൈവം ദൈവത്വം നഷ്ടപ്പെടുത്താതെതന്നെ മനുഷ്യരൂപം പ്രാപിച്ചു എന്നുള്ളതാണ്. ദൈവത്തിന്റെ മനുഷ്യാവതാരം അതുവരെയുണ്ടായിരുന്ന ദൈവസങ്കല്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. പുരാതന യവനതത്വചിന്തയിലെ മാറ്റമില്ലാത്ത, ലോകത്തോട് നിസ്സംഗത പുലര്‍ത്തുന്ന, ദൈവസങ്കല്പത്തിനു ചേര്‍ന്നു പോകാത്ത 'ദൈവത്തിന്റെ മനുഷ്യാവതാരം' എന്ന വിശ്വാസത്തെ വിശദീകരിക്കാനാണ് ആദ്യകാല ക്രൈസ്തവസഭാപിതാക്കന്മാര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്.

ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമായ 'ദൈവത്തിന്റെ മനുഷ്യാവതാരം' എന്ന വിശ്വാസസത്യം തന്നെയാണ് ഈ ആധുനികകാലഘട്ടത്തിലും സഭയുടെ ശക്തി. ഈ വിശ്വാസസത്യം പ്രായോഗികതലത്തില്‍ വലിയ സാധ്യതകളാണ് സഭയ്ക്കു തുറന്നു തരുന്നത്. ദൈവത്തില്‍ നിന്നു അകന്നുപോയ മനുഷ്യനെ ദൈവബന്ധത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് അവനു രക്ഷ പ്രദാനം ചെയ്യുക എന്നതായിരുന്നു മനുഷ്യാവതാരത്തിന്റെ ആത്യന്തികലക്ഷ്യം. അതിന് ദൈവം സ്വീകരിച്ച മാര്‍ഗം മനുഷ്യന്റെ രൂപം സ്വീകരിച്ച്, ദൈവരാജ്യത്തിന്റെ സുവിശേഷം മനുഷ്യന്റെ ഭാഷയില്‍ പ്രഘോഷിക്കുക എന്നതായിരുന്നു. മനുഷ്യനായി അവതരിച്ച ദൈവത്തിന് സ്വീകരണത്തോടൊപ്പം തിരസ്‌കരണവും ഏറ്റുവാങ്ങേണ്ടിയിരുന്നു. മരണത്തോളമെത്തുന്ന തിരസ്‌കരണം വഴി മാനവ അസ്തിത്വത്തിന്റെ ആഴമേറിയ യാഥാര്‍ത്ഥ്യം വരെ അനുഭവിച്ച് ഉയിര്‍പ്പും സ്വര്‍ഗാരോഹണവും വഴി മനുഷ്യര്‍ക്ക് രക്ഷയുടെ വഴി കാണിച്ചുതന്നു.

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചപ്പോള്‍ കുറേപ്പേര്‍ അത് സ്വീകരിച്ച് അവനെ അനുഗമിച്ചു, ധാരാളം എതിരാളികളും അവനുണ്ടായി. അതുകൊണ്ടു തന്നെ ആധുനികസമൂഹത്തില്‍ സഭ ക്രൈസ്തവമൂല്യങ്ങളെ പ്രഘോഷിക്കുമ്പോള്‍ തിരസ്‌ക്കരണത്തെ ഭയക്കേണ്ടതില്ല.

മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ ശൂന്യവല്‍കരണത്തിന്റെ പാത മറന്നു അധികാരത്തിന്റെ പാതയിലൂടെ നടക്കാന്‍ തുടങ്ങിയത് മുതലാണ് ക്രിസ്തു അനുയായികളുടെ എതിര്‍സാക്ഷ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സഭാചരിത്രത്തിലെ കോണ്‍സ്റ്റന്റീനിയന്‍ ടേണ്‍ എന്ന് വിളിക്കപ്പെടുന്ന ഘട്ടം സഭക്ക് പീഡനത്തില്‍ നിന്നുള്ള മോചനം മാത്രമായിരുന്നില്ല, രാഷ്ട്രാധികാരത്തിലേക്കുള്ള യാത്രയുടെ ആരംഭം കൂടി ആയിരുന്നു. റോമാസാമ്രാജ്യം ക്രിസ്തീയതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നോ, അതോ ക്രൈസ്തവമതം റോമാവല്‍കരിക്കപ്പെടുകയായിരുന്നോ എന്നുള്ള ചോദ്യം സഭാചരിത്രപഠനമേഖലയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതം ആയത് സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായി എന്ന വസ്തുത അംഗീകരിക്കുമ്പോള്‍തന്നെ അതിലൂടെ സഭയിലേക്ക് കടന്നുവന്ന അധികാരദുഷ്പ്രവണതകള്‍ ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ മൂല്യങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്തിട്ടുണ്ട്.

ഈ ആധുനിക കാലഘട്ടത്തിലും മനുഷ്യന്റെ ദൈവാന്വേഷണത്തിന് മറുപടി കൊടുക്കുകയും അവന്റെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ നിന്നു സഭയെ തടസ്സപ്പെടുത്തുന്നത് പലപ്പോഴും രാഷ്ട്രീയാധികാരം സഭയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരുന്ന ഭൂതകാലത്തില്‍ സഭയ്ക്കു സംഭവിച്ച വീഴ്ചകളാണ്. ക്രിസ്തുവിന്റെ സ്‌നേഹവും സുവിശേഷമൂല്യങ്ങളും പ്രചരിപ്പിക്കേണ്ട സഭ ഇന്‍ക്വിസിഷന്റെയും ദുര്‍മന്ത്രവാദിവേട്ടയുടെയും തിരക്കില്‍ മുഴുകി. കൂടാതെ, പില്‍ക്കാലത്തു ബാലപീഡന സംഭവങ്ങളിലൂടെയും സഭയ്ക്കു നഷ്ടമായത് ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ധാര്‍മ്മികശക്തിയാണ്. ഭൂതകാലതെറ്റുകളുടെ മാറാപ്പാണ് യൂറോപ്പിലെ ജനങ്ങളുടെ അനുദിന ജീവിതത്തോടൊപ്പം നടക്കാനാകാതെ സഭ മുടന്തുന്നതിന്റെ പ്രധാനകാരണം. യൂറോപ്പിനെ ദീര്‍ഘകാലം മുന്നോട്ടു നയിച്ച ക്രൈസ്തവ ആത്മീയത അസ്തമിക്കുമ്പോള്‍ ആ ആത്മീയശൂന്യതയിലേക്ക് ഭൂതകാലമില്ലാത്ത നവമതരൂപങ്ങള്‍ ന്യായീകരണ ബാധ്യതകളൊന്നുമില്ലാതെ കടന്നുവരുന്നു.

വാക്കും പ്രവൃത്തിയും രണ്ടാകുന്ന സാക്ഷ്യത്തിന്റെ വിലയില്ലാതാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ സഭയുടെ ദുര്യോഗം വര്‍ത്തമാനകാലത്തിലെ പ്രവൃത്തികള്‍ക്ക് മാത്രമല്ല, ഭൂതകാലപ്രവൃത്തികള്‍ക്കു കൂടി ഉത്തരം പറയേണ്ടി വരുന്നു എന്നതാണ്. ഭൂതകാലത്തിലെ തെറ്റുകള്‍ തിരുത്താന്‍ പറ്റില്ല എന്നതുകൊണ്ടാണ്, ആ തെറ്റുകളെ ഏറ്റുപറഞ്ഞുകൊണ്ട് പുണ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകത്തോട് മാപ്പു ചോദിച്ചത്.

വര്‍ത്തമാന കാലഘട്ടത്തില്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കുന്ന പ്രവൃത്തികളും നിലപാടുകളും ഉണ്ടാവുകയാണ് ഇനി ക്രൈസ്തവര്‍ക്ക് ചെയ്യാനുള്ളത്. അതിനുള്ള പാഠമാകണം കഴിഞ്ഞ കാലങ്ങളില്‍ സഭയ്ക്ക് പറ്റിപ്പോയ വീഴ്ചകള്‍. 1970 കളില്‍ 21,000 ത്തോളം വിശ്വാസികള്‍ ഉണ്ടായിരുന്ന യൂറോപ്പിലെ ഒരിടവകയില്‍ ഇന്നുള്ളത് 3000 ത്തോളം വിശ്വാസികളാണ്. അതില്‍ തന്നെ 5 ശതമാനത്തോളമേയുള്ളൂ വിശ്വാസമനുസരിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികള്‍. ബാക്കിയുള്ളവര്‍ കടലാസില്‍ മാത്രം ക്രിസ്ത്യാനികളായി തുടരുന്നവരാണ്. യൂറോപ്പില്‍ ക്രിസ്തുമതത്തിന് സംഭവിച്ച തകര്‍ച്ച എവിടെയും സംഭവിക്കാവുന്നതേയുള്ളൂ. നമ്മുടെ സമകാലിക സാഹചര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിശ്വാസികളില്‍ നിന്നും മുഖം തിരിച്ച് ലോകത്തിന്റെ അധികാര, സാമ്പത്തിക ശക്തി ആകാന്‍ ശ്രമിക്കുന്ന സഭയ്ക്ക്, ക്രിസ്തുവിനെ മറന്ന് അനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും സ്വയം വിമര്‍ശനം നടത്താതെയിരിക്കുകയും ചെയ്യുന്ന സഭയ്ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ യൂറോപ്പിലേക്ക് നോക്കിയാല്‍ മതി. അവിടെ സംഭവിച്ചത് ക്രൈസ്തവമൂല്യങ്ങളുടെ തകര്‍ച്ചയല്ല, ക്രൈസ്തവമൂല്യങ്ങളില്‍ നിന്ന് അകന്നുപോയ സഭാസംവിധാനത്തിന്റെ തകര്‍ച്ചയാണ്. ധാരാളം ക്രൈസ്തവമൂല്യങ്ങള്‍ അവരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സഭ തന്നെ പ്രഘോഷിക്കുന്ന ക്രിസ്തീയമൂല്യങ്ങള്‍ പോലും കാണാനില്ലാത്ത, ക്രിസ്തു വിമര്‍ശിച്ച തെറ്റായ പ്രവണതകള്‍ മുഴച്ചു നില്ക്കുന്ന സഭാസംവിധാനങ്ങള്‍ തിരുത്തപ്പെടാതെ ദൈവരാജ്യപ്രഘോഷണം ഫലപ്രദമായി നടത്താന്‍ സഭയ്ക്കാവില്ല.

പാപികളെക്കൂടി ഉള്‍ക്കൊള്ളുന്ന സഭ വിശുദ്ധമാണെങ്കിലും നിരന്തരമായ ശുദ്ധീകരണവും പശ്ചാത്താപവും സ്വയംനവീകരണവും സഭയ്ക്ക് ആവശ്യമുണ്ട് എന്ന് കൗണ്‍സില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു

Lumen Gentium 8

യൂറോപ്പില്‍ സഭ വിട്ടുപോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും ചില ഒറ്റപ്പെട്ട ഇടങ്ങളിലെങ്കിലും ക്രൈസ്തവകൂട്ടായ്മകള്‍ ശക്തിപ്പെടുന്നുണ്ട്. അവിടെയൊക്കെ സഭയുടെ പ്രവര്‍ത്തനശൈലിയിലുള്ള മാറ്റമാണ് വ്യക്തികളെ ആകര്‍ഷിക്കുന്നത്. ജനം പള്ളിയിലേക്കു വരുന്നത് കാത്തുനില്‍ക്കാതെ പള്ളി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുക എന്ന സൂക്തത്തിന് യൂറോപ്പിലെ സഭാവൃത്തങ്ങളില്‍ വ്യാപകമായ സ്വീകാര്യത കിട്ടുന്നുണ്ട്. ദൈവത്തിന്റെ മനുഷ്യാവതാരം എന്ന ക്രൈസ്തവവിശ്വാസസത്യം (ഡോഗ്മ) മനുഷ്യരിലേക്കുള്ള സഭയുടെ ഇറങ്ങിച്ചെല്ലലിനും പ്രേരണയാകണം.

ദൈവത്തിന്റെ മനുഷ്യാവതാരം ദൈവത്തിന്റെ സ്വയം ശൂന്യവല്‍ക്കരണമായിരുന്നു. സഭയും ഈ ശൂന്യവല്‍ക്കരണത്തിന്റെ പാത പിന്തുടരാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ മനുഷ്യാവതാരം യവനതത്വചിന്തയിലെ ദൈവസങ്കല്പത്തെയും യഹൂദദൈവസങ്കല്പത്തെയും തിരുത്തിക്കുറിക്കുന്നതായിരുന്നു. ഗ്രീക്ക് ദൈവസങ്കല്പം മാറ്റമില്ലാത്ത, വികാരങ്ങളില്ലാത്ത, മനുഷ്യനുമായി ബന്ധമില്ലാത്ത, നിസ്സംഗനായ ദൈവത്തെയാണ് അവതരിപ്പിക്കുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവം മനുഷ്യനെപ്പോലെ ശിശുവായി ജനിക്കുകയും, വളരുകയും, പീഡനങ്ങള്‍ സഹിക്കുകയും മരിക്കുകയും ചെയ്തു. യഹൂദ ദൈവസങ്കല്പം സര്‍വശക്തനായ, മനുഷ്യര്‍ക്ക് സമീപിക്കാനാകാത്ത, ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നതു പോലും വിലക്കുന്ന ദൈവമാണ്. ജറുസലെം ദേവാലയത്തിലെ അതിവിശുദ്ധസ്ഥലം പുരോഹിതന്മാര്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന, വിരിയിട്ട് വേര്‍തിരിക്കപ്പെട്ട ഇടമായിരുന്നു. YHWH (യഹോവ) എന്ന ദൈവനാമം ഇസ്രായേല്‍ ജനം ഉച്ചരിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് സിനഗോഗുകളില്‍ വിശുദ്ധഗ്രന്ഥം വായിക്കുമ്പോള്‍ യഹോവ എന്നതിനു പകരം അദോനായ് (കര്‍ത്താവ്) എന്നാണ് വായിച്ചിരുന്നത്. എന്നാല്‍ മനുഷ്യാവതാരം ചെയ്ത ദൈവം മനുഷ്യരുടെ കൂടെ ജീവിക്കുകയും, അവരോട് സംസാരിക്കുകയും, മനുഷ്യരില്‍ നിന്ന് സ്‌നേഹവും തിരസ്‌ക്കരണവും അനുഭവിക്കുകയും, മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തയാളാണ്. പിതാവേ എന്ന് വിളിക്കാവുന്ന പുത്രസ്ഥാനമാണ് ക്രിസ്തു നമുക്കു നല്കിയത്. ക്രിസ്തുമതത്തിന്റെ ചരിത്രവഴിയില്‍ യേശുക്രിസ്തുവിന്റെ ദൈവസ്വഭാവത്തെ ഊന്നിപ്പറയുന്നതിന്റെ ഇടയ്ക്ക് മനുഷ്യസ്വഭാവം വേണ്ടത്ര ചിന്താവിഷയം ആകാതിരുന്നിട്ടുണ്ട്. അതുകൊണ്ടാകാം നമ്മുടെ പ്രഘോഷണങ്ങളില്‍ പലപ്പോഴും യഹൂദ ദൈവസങ്കല്പം മാത്രം മുന്നിട്ടു നില്ക്കുന്നത്.

ആദ്യനൂറ്റാണ്ടുകളിലുണ്ടായ ക്രിസ്തുവിജ്ഞാനീയ തര്‍ക്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് യേശുക്രിസ്തുവില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും പരസ്പരം കൂടിക്കലരാതെയും മാറ്റമില്ലാതെയും വേര്‍പിരിയാതെയും വിഭജിക്കപ്പെടാതെയും ഒരുമിച്ചു നിലനില്‍ക്കുന്നു എന്നാണ് നിര്‍വചിച്ചത്. ഈ മനുഷ്യസ്വഭാവം സ്വീകരിച്ച ദൈവം മനുഷ്യര്‍ക്ക് കാണാവുന്ന, സ്പര്‍ശിക്കാനാകുന്ന, സംവദിക്കാനാകുന്ന ഒരു സഹജീവിയായി മനുഷ്യരുടെ കൂടെ ജീവിച്ചു. നമ്മോട് കൂടെയായിരിക്കുന്ന ദൈവത്തെ (ഇമ്മാനുവേല്‍) മറന്നു പഴയനിയമ ദൈവസങ്കല്പം മാത്രം ഉയര്‍ത്തി പിടിക്കുന്ന പ്രവണതകളെ അതുകൊണ്ടു തന്നെ ക്രിസ്തീയതയില്‍ നിന്നും വേര്‍തിരിച്ച് കാണേണ്ടിയിരിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റിയൂഷനില്‍ സ്വയം ശൂന്യവല്‍ക്കരിച്ച യേശുവിനെ അനുഗമിക്കാനുള്ള സഭയുടെ ഉത്തരവാദിത്തത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രകൃത്യാ ദൈവമായിരുന്നു എങ്കിലും ക്രിസ്തു സ്വയം ശൂന്യവല്‍ക്കരിച്ചു, ദാസന്റെ രൂപം സ്വീകരിച്ചു; സമ്പന്നനായിരുന്നു എങ്കിലും നമുക്കുവേണ്ടി പാവപ്പെട്ടവനായി. ക്രിസ്തു തന്റെ രക്ഷാകരപ്രവൃത്തി ദാരിദ്ര്യത്തിലും പീഡനത്തിലും നിര്‍വഹിച്ചതുപോലെ സഭയും രക്ഷാകരഫലങ്ങള്‍ മനുഷ്യര്‍ക്കു വിനിമയം ചെയ്യാന്‍ അതേ വഴി തന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു (Lumen Gentium 8). ദൈവപുത്രനായ ക്രിസ്തു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചപ്പോള്‍ കുറേ പേര്‍ അത് സ്വീകരിച്ച് അവനെ അനുഗമിച്ചു, ധാരാളം എതിരാളികളും അവനുണ്ടായി. അതുകൊണ്ടു തന്നെ ആധുനികസമൂഹത്തില്‍ സഭ ക്രൈസ്തവമൂല്യങ്ങളെ പ്രഘോഷിക്കുമ്പോള്‍ തിരസ്‌ക്കരണത്തെ ഭയക്കേണ്ടതില്ല. മറിച്ച്, ക്രിസ്തുവിന് എതിര്‍സാക്ഷ്യം കൊടുക്കുന്ന സാഹചര്യത്തെ സഭ ഭയക്കണം. വിമര്‍ശനങ്ങളെയും തിരസ്‌ക്കരണത്തെയും ഭയപ്പെടേണ്ടതില്ല, അത് ക്രിസ്തുവിനും സംഭവിച്ചതാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 2024 ജൂലൈ 7 ലെ തന്റെ പ്രസംഗത്തില്‍, ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യരക്ഷയ്ക്കു വേണ്ടി സ്വയം ശൂന്യവല്‍ക്കരിച്ച, മനുഷ്യനോടു മുഖാഭിമുഖം സംസാരിച്ച, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി സ്വരമുയര്‍ത്തിയ, പാപികളോടൊപ്പം ഭക്ഷണം പങ്കിട്ട ക്രിസ്തുവിനെ ഈ ആധുനികകാലത്തിലും പ്രഘോഷിക്കേണ്ടത് സ്വയം ശൂന്യവല്‍ക്കരിച്ചു മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്‌കാരങ്ങളിലും ഉള്ള ജനങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചും സമൂഹത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഫലങ്ങളില്‍നിന്നു അകറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരോടൊപ്പം ചേര്‍ന്നും പാപികളെന്ന് മുദ്രകുത്തി ആരെയും മാറ്റി നിര്‍ത്താതെ അവരെയും ചേര്‍ത്തുപിടിച്ചുമാണ്. പകരം യേശു വിമര്‍ശിച്ച ഫരിസേയ മനോഭാവം ഇന്നും സഭാജീവിതത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സഭയുടെ നിലനില്‍പിനു തന്നെ അര്‍ത്ഥമില്ലാതാവുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴായി ഉപയോഗിക്കുന്ന പുറത്തേക്കിറങ്ങുന്ന സഭ (Outgoing Church) എന്ന ആശയം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ക്രിസ്തുവിന്റെ മാതൃക നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ക്രൈസ്തവസാക്ഷ്യമില്ലാത്ത സഭയുടെ നിലനില്‍പ് ക്രിസ്തുവിനെ മറന്നു കൊണ്ടുള്ളതാണ്. അങ്ങനെ ഉള്ള് പൊള്ളയായ സ്ഥാപനം അല്ലെങ്കില്‍ സമുദായം മാത്രമായി നിലനില്‍ക്കുന്ന സഭയ്ക്ക് ക്രിസ്തുവിന്റെ പാരമ്പര്യം നഷ്ടമാകുന്നു.

ക്രിസ്തുവിന്റെ ആശയങ്ങളും നിലപാടുകളും ഈ ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍ സ്വീകരിക്കേണ്ടി വരുന്ന തിരസ്‌ക്കരണത്തെയും വിമര്‍ശനങ്ങളെയുമാണ് സഭ ഭയക്കേണ്ടതില്ലാത്തത്. എന്നാല്‍ ക്രിസ്തുവില്‍ നിന്നും അകന്നു പോകുന്നു എന്ന വിമര്‍ശനങ്ങളെ സഭ ഉള്‍ക്കൊള്ളുകയും തിരുത്തുകയും വേണം. അവിടെയാണ് ക്രിസ്തുവും സഭയും തമ്മിലുള്ള സത്താപരമായ ഒരു വ്യത്യാസം പ്രസക്തമാകുന്നത്. ക്രിസ്തു പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമായിരുന്നു. അതുകൊണ്ട്, തന്നെ അയച്ച പിതാവിന്റെ ഇഷ്ടമല്ലാതെ ഒന്നും ക്രിസ്തു ചെയ്തിട്ടില്ല. എന്നാല്‍ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ട സഭ ക്രിസ്തുവിന്റെ തുടര്‍ച്ച എന്ന അര്‍ത്ഥത്തില്‍ വിശുദ്ധമാണ് എങ്കിലും മനുഷ്യരുടെ കൂട്ടായ്മയായ സഭയ്ക്ക് തെറ്റുകള്‍ പറ്റാം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ അത് വ്യക്തമാക്കുന്നുണ്ട്. പാപികളെക്കൂടി ഉള്‍ക്കൊള്ളുന്ന സഭ വിശുദ്ധമാണെങ്കിലും നിരന്തരമായ ശുദ്ധീകരണവും പശ്ചാത്താപവും സ്വയംനവീകരണവും സഭയ്ക്ക് ആവശ്യമുണ്ട് എന്ന് കൗണ്‍സില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (Lumen Gentium 8).

ദൈവത്തിന്റെ മനുഷ്യാവതാരം എന്ന വിശ്വാസസത്യം സഭയുടെയും ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും വ്യക്തമാക്കുന്ന ഈ വിശ്വാസസത്യം ക്രിസ്തീയസാക്ഷ്യജീവിതത്തിന് നല്‍കുന്ന പ്രചോദനം വലുതാണ്. വിശ്വാസസത്യങ്ങള്‍ അചഞ്ചലമായി സംരക്ഷിക്കപ്പെടാനും വിശ്വസിക്കാനും മാത്രമുള്ളതല്ല, അവയുടെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കി പ്രായോഗികജീവിതത്തില്‍ ഉള്‍ക്കൊള്ളാനുമുള്ളതാണ്. ദൈവത്തിന്റെ ശൂന്യവല്‍ക്കരണം അനേകരെ രക്ഷയിലേക്കു നയിച്ചത് ഓരോ വിശ്വാസിക്കും പ്രചോദനമാകണം. നമുക്ക് പ്രാവര്‍ത്തികമാക്കാനുള്ള ശൂന്യവല്‍ക്കരണം ക്രിസ്തുവിന്റെ ശൂന്യവല്‍ക്കരണവുമായി താരതമ്യം ചെയ്യാനാകില്ല. നമ്മുടേത് ക്രിസ്തുവിന്റെ വഴിയുടെ ഒരു അനുകരണശ്രമം മാത്രമേ ആകുന്നുള്ളൂ. അഹംഭാവത്തെയും മേലാള മനോഭാവത്തെയും അതുപോലുള്ള കപടസ്വഭാവങ്ങളെയുമാണ് നമ്മള്‍ ഇല്ലായ്മ ചെയ്യേണ്ടത്. നമുക്കുണ്ട് എന്ന് നമ്മള്‍ തന്നെ, നമ്മള്‍ മാത്രം കരുതുന്ന അടിസ്ഥാനമില്ലാത്ത ചില മഹത്വങ്ങളും സ്ഥാനങ്ങളുമാണ് നമ്മള്‍ ഒഴിവാക്കേണ്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന സഭയും സ്വന്തം സുരക്ഷിതത്വം വിട്ട് പുറത്തേക്ക് ഇറങ്ങുന്ന സഭയാണ്. മുറിവേറ്റ, വേദനിപ്പിക്കപ്പെടുന്ന, തെരുവിലേക്ക് ഇറങ്ങി ചെന്നതുകൊണ്ട് അഴുക്കു പുരണ്ട സഭയെയാണ്, തന്നിലേക്ക് തന്നെ ഒതുങ്ങി നില്‍ക്കുകയും സ്വന്തം സുരക്ഷിതത്വത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയും ചെയ്യുന്നതുകൊണ്ട് രോഗിയായിപോയ സഭയെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത് (Evangelii Gaudium 49).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org