ക്രിസ്ത്യന്‍, മുസ്ലീം മതനേതാക്കള്‍ ഒന്നിച്ചിരിക്കുക, സംസാരിക്കുക

ക്രിസ്ത്യന്‍, മുസ്ലീം മതനേതാക്കള്‍ ഒന്നിച്ചിരിക്കുക, സംസാരിക്കുക

പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗമുണ്ടാക്കിയ വിവാദങ്ങളുടെയും മറ്റു സമകാലിക പ്രവണതകളുടെയും പശ്ചാത്തലത്തില്‍ ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജെയിംസ് ആനാപറമ്പിലുമായി സത്യദീപത്തിനുവേണ്ടി ഫാ. സേവ്യര്‍ കുടിയാംശേരി നടത്തിയ അഭിമുഖ സംഭാഷണം:

കേരളത്തിലെ മത മൈത്രിക്ക്, വിശേഷിച്ചും മുസ്‌ലീം-ക്രിസ്ത്യന്‍ സൗഹാര്‍ദത്തിനു കോട്ടം സംഭവിക്കുന്നുണ്ടോ? എന്തുകൊണ്ട്?

ഇവിടെ ഇപ്പോഴും ആരോഗ്യകരമായ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതായിട്ടു തന്നെയാണു ബോദ്ധ്യം. നേരിയ ഹാനി മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്കിലും ആഗോളഗ്രാമമായി ലോകം മാറിയിരിക്കുന്ന സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകളൊക്കെ ക്രിസ്ത്യന്‍ – മുസ്‌ലീം സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടുന്ന രീതിയിലാകുന്നുണ്ടെന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ നടക്കുന്നതു മാത്രമല്ല, ഈജിപ്തിലും നൈജീരിയായിലും യെമനിലും ഫ്രാന്‍സിലും അമേരിക്കയിലും നടക്കുന്നതെല്ലാം നമ്മെയും സ്പര്‍ശിക്കുന്നുണ്ട്. ഇതിനിടയില്‍ കിടന്ന് ഒട്ടേറെ ശക്തികള്‍ ഇതിനെ മുതലെടുക്കുന്നുണ്ട്. വ്യാജവാര്‍ത്തകളും ഫോട്ടോകളുടെ മോര്‍ഫിംഗും ഒക്കെ വരുന്നു. മതത്തിനു പുറത്തു നില്‍ക്കുന്ന ആഴമേറിയ ആത്മീയാനുഭവമില്ലാത്തവര്‍ മതത്തിന്റെ പ്രചാരകരായി തീരുന്ന അനുഭവമുണ്ട്. അത് അപകടമാണ്. ആത്മീയരഹസ്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാത്തവര്‍ മതങ്ങളെ നയിക്കാന്‍ വന്നാല്‍ ആ മതത്തിന് അത് അപകടം ചെയ്യും. അതുകൊണ്ട് മതനേതാക്കന്മാര്‍ ഒരുമിച്ചു സംസാരിക്കണം.

ക്രിസ്ത്യന്‍-മുസ്‌ലീം മൈത്രി വളര്‍ത്താന്‍ എന്തു ചെയ്യാനാകും?

ഏറ്റവും പ്രധാനം തുറന്ന ചര്‍ച്ച തന്നെയാണ്. ആരോഗ്യകരവും ജനാധിപത്യപരവുമായ ചര്‍ച്ചകളും തുറന്ന ചിന്തകളും ഉണ്ടാകണം. വസ്തുതകളും വിവരങ്ങളും ഒരു മേശപ്പുറത്തു വച്ച് പരസ്പരം സംസാരിക്കാനായാല്‍ ഏറെ തെറ്റിദ്ധാരണകള്‍ നമുക്കു തിരുത്താനാകും. ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പരസ്പരം ഉള്ളു തുറന്ന് ഓരോ മതത്തിന്റെയും സമ്പന്നത പരസ്പരം പങ്കിടാനാകും. പരസ്പരം മാറ്റി നിറുത്താതെ, പരസ്പരം സ്വീകരിക്കുന്ന ഒരു മനോഭാവം വളര്‍ത്തിയെടുക്കണം. നീതിബോധം, ദരിദ്രരോടുള്ള അനുകമ്പ തുടങ്ങിയ ഒത്തിരി കാര്യങ്ങളില്‍ നമുക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാനും മൈത്രി വളര്‍ത്താനുമാകും.

പല മതസ്ഥര്‍ ഒന്നിച്ചു വസിക്കുന്നിടത്ത്, നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

മതവ്യതിരിക്തത അംഗീകരിക്കുകയും അതിനെ ആദരവോടെ കാണുകയും ചെയ്യുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്. മതപണ്ഡിതര്‍ ഒന്നിച്ചു സംവാദത്തിലേര്‍പ്പെടുന്ന പുരാതന പാരമ്പര്യവും ഉണ്ട്. എല്ലാ മതസ്ഥര്‍ക്കും പരസ്പരം പങ്കു ചേരാവുന്ന ഒത്തിരി കാര്യങ്ങളുണ്ട്. മതപരമായ ആഘോഷങ്ങളോടനുബന്ധിച്ച് പരസ്പരം ഉള്‍ക്കൊള്ളാവുന്ന ഒട്ടേറെ നന്മകളുണ്ട്. പാട്ടുകളും നൃത്തങ്ങളും കളികളുമെല്ലാം അങ്ങനെയാണ്. മതാചാരങ്ങളിലേയ്ക്കു വരുമ്പോള്‍ അവയെ പരസ്പരം ആദരവോടെ കാണാനും ഉള്‍ക്കൊള്ളാനും നമുക്കു സാധിക്കണം. അപ്പോള്‍ മാത്സര്യത്തില്‍നിന്നു മാറി നില്‍ക്കാനും നമുക്കു സാധിക്കും. അന്യമതങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ അതിലുള്ള നന്മകളെ തുറന്നു കാണിക്കാന്‍ കഴിയണം. ഓരോ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങളെയും പാരമ്പര്യങ്ങളെയും അവരവര്‍ പൂജ്യമായി കാണുന്നു. അവയെ പരിഹസിക്കാതിരിക്കുക എന്നത് സാമൂഹ്യജീവിതത്തില്‍ അത്യാവശ്യമാണ്. ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കിലും അവ നമ്മുടെ സഹജീവി അഥവാ സഹപൗരന്‍ ആദരിച്ചു വണങ്ങുന്നതാണെന്നു കരുതാന്‍ സാധിക്കണം. മതാന്ധത ബാധിച്ച, ഒന്ന് ഒന്നിനെ തകര്‍ക്കുന്ന തരത്തിലുള്ള സംസ്‌കാരം നമുക്കു സ്വീകാര്യമായിരിക്കില്ല.

തിന്മകളെ ചൂണ്ടിക്കാണിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമാണ്, അത് അകത്തായാലും പുറത്തായാലും. തിന്മകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടല്ല നാം പരസ്പരസ്‌നേഹം പുലര്‍ത്തേണ്ടത്. തിന്മയെ തിന്മയായും അനീതിയെ അനീതിയായും കാണണം, അവയ്ക്കു പരിഹാരമുണ്ടാകണം. അതേസമയം പരിഹാരത്തിലേയ്ക്കുള്ള ക്രൈസ്തവമായ പാത അനുരഞ്ജനത്തിന്റേതാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഈ രംഗത്തു കൂടുതല്‍ പ്രവര്‍ത്തിക്കാനാകും. ഏറ്റവും അപകടം പിടിച്ച കാര്യമാണ് മതഗ്രന്ഥങ്ങളെ പരസ്പരം താരതമ്യപ്പെടുത്തുക എന്നത്. എല്ലാ ഗ്രന്ഥങ്ങള്‍ക്കും അവയുടേതായ പശ്ചാത്തലങ്ങളുണ്ട്. അവയെ ഉള്‍ക്കൊണ്ട്, നന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ആവശ്യം.

മതസ്പര്‍ദ്ധ വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്കിനെ എങ്ങനെ കാണുന്നു?

മതസ്പര്‍ദ്ധ വളര്‍ത്തുന്നതിലും മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും സോഷ്യല്‍ മീഡിയയ്ക്കു വലിയ പങ്കു വഹിക്കാനാകും. അതിശീഘ്രം സന്ദേശങ്ങള്‍ കൈ മാറ്റം ചെയ്യുന്ന വേദിയാണ് സോഷ്യല്‍ മീഡിയ. ആരുടേയും നിയന്ത്രണങ്ങളില്ലാതെ, ഒന്നും ഭയപ്പെടാതെ സ്വന്തം അഭിപ്രായങ്ങള്‍ സ്വന്തം മുറിയിലിരുന്ന് എഴുതാനും പറയാനും സാധിക്കുന്ന അന്തരീക്ഷം സോഷ്യല്‍ മീഡിയയ്ക്കുണ്ടല്ലോ. കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്ന നിലയിലേയ്ക്കു സോഷ്യല്‍ മീഡിയ മാറുന്ന സാഹചര്യവും ഇന്നുണ്ട്. പണ്ട്, ഒരു കൊച്ചുഗ്രാമത്തിലുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനുള്ള സംവിധാനം അവിടെ തന്നെയുണ്ടായിരുന്നു. ഇന്ന് ഏതു ഗ്രാമത്തില്‍ നടക്കുന്ന സംഭവവും പെട്ടെന്നു പെരുപ്പിച്ചു കാണിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്കു സാധിക്കുന്നു. നന്മകളറിയിക്കുന്നതിലും തിന്മകള്‍ പരത്തുന്നതിലും സോഷ്യല്‍ മീഡിയ വലിയ പങ്കു വഹിക്കുന്നു. മാത്രവുമല്ല, സോഷ്യല്‍ മീഡിയ സംബന്ധിച്ച നിയമങ്ങള്‍ ഇനിയും നമ്മുടെ രാജ്യത്ത് കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട് എന്നു തോന്നുന്നു. ഉള്ള നിയമങ്ങള്‍ തന്നെ വേണ്ടവിധത്തില്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിലും മറ്റും സോഷ്യല്‍ മീഡിയ വളരെ ദോഷകരമായി മാറുന്നുണ്ട് എന്നതാണ് പലപ്പോഴും നാം നേരിടുന്ന അനുഭവം.

എന്താണ് യഥാര്‍ത്ഥ സഭാ സ്‌നേഹം? സഭാ സ്‌നേഹം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്?

സഭാസ്‌നേഹം ക്രിസ്തുസ്‌നേഹത്തില്‍ നിന്നു വേര്‍തിരിക്കാന്‍ പാടുള്ളതല്ല. ക്രിസ്തു സന്നിഹിതനായിരിക്കുന്ന കൂട്ടായ്മയാണു സഭ. അതുകൊണ്ടു തന്നെ ക്രിസ്തുവിനോടുള്ള അതേ സ്‌നേഹവും അടുപ്പവും സഭയോടും കാണിക്കേണ്ടതാണ്. സഭാസ്‌നേഹത്തിനു പല തലങ്ങളുണ്ട്. ഒന്ന്, ആരാധനയിലുള്ള പങ്കാളിത്തം. സഭയുടെ ആരാധനാക്രമത്തില്‍ നാം പങ്കു ചേരുകയും അതിന്റെ പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളുകയും അതു ജീവിതത്തിലൂടെ പ്രഘോഷിക്കുകയും ഏറ്റു പറയുകയും ചെയ്യുക. ദൈവത്തോടുള്ള സ്‌നേഹം തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്‌നേഹിച്ചുകൊണ്ടാണു പ്രകടിപ്പിക്കേണ്ടതെന്നു യേശു പഠിപ്പിച്ചു. ദൈവത്തോടുള്ള സ്‌നേഹം, സഭാകൂട്ടായ്മയോടുള്ള സ്‌നേഹം, അതോടൊപ്പം ഒരേ ഗാത്രമായി നിന്ന് ആവശ്യക്കാരെ, അയല്‍ക്കാരെ സഹായിക്കുകയും ചെയ്യുക.

പരമ്പരാഗതമായി തന്നെ സഭാസ്‌നേഹം പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത് ഒരു വശത്ത് ആരാധനയിലൂടെയും മറുവശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. ജീവകാരുണ്യപ്രവര്‍ത്തനമാണ് ലോകത്തിലും മറ്റു വിശ്വാസങ്ങളുടെ മദ്ധ്യത്തിലും സഭയ്ക്കു വിശ്വാസ്യത ഉണ്ടാക്കുന്നതെന്നു നമുക്കു ചരിത്രത്തിലൂടെ അറിയാവുന്ന കാര്യമാണ്. ബെനഡിക്ട് പാപ്പാ പറഞ്ഞതു പോലെ, സാമൂഹ്യ-ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്ലാതെ സഭയ്ക്കു ജീവിക്കാന്‍ സാധിക്കില്ല. കാരണം, അതു സഭയുടെ അസ്തിത്വപരമായ കടമയാണ്. ദൈവസ്‌നേഹം മനുഷ്യസ്‌നേഹത്തിലും മനുഷ്യനെ പരിഗണിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിലുമാണ് പ്രകടിപ്പിക്കപ്പെടേണ്ടതെന്നു നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തില്‍ ഐക്യം, സ്‌നേഹം, സമാധാനം, എല്ലാവരുടേയും പുരോഗതി എന്നിവയൊക്കെ ഓരോ യഥാര്‍ത്ഥ സഭാസ്‌നേഹിയുടെയും ഉത്തരവാദിത്വമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതു പോലെ നീതിയും സത്യവും സമാധാനവും സമൂഹത്തില്‍ പുലര്‍ത്തുകയെന്നതു നമ്മുടെ വിശ്വാസത്തിന്റെ അഖണ്ഡഭാവമാണ്. അതുകൊണ്ടു തന്നെ ഏതൊരു സമൂഹത്തിലും സഭാസ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ നീതിയുടെയും സമാധാനത്തിന്റെയും പക്ഷത്തായിരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സഭാംഗം ഒരിക്കലും വെറുക്കേണ്ടയാളല്ല. ക്രിസ്തീയ വിശ്വാസം നമ്മെ സമൂഹത്തിന് കൂടുതല്‍ ഉപകാരികളാക്കുകയാണു ചെയ്യേണ്ടത്.

ഉപേക്ഷിക്കേണ്ട ഒരു കാര്യം കടുത്ത മാത്സര്യമാണ്. മാത്സര്യമാണ് ഇന്നു മതമൈത്രിയെ തകര്‍ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. സഭയുടെ ഉള്ളിലുള്ള പടലപിണക്കങ്ങളുടെ ഭാഗമായ മത്സരങ്ങളും ഇതരസഭകളുമായും ഇതര മതങ്ങളുമായുമുള്ള മത്സരങ്ങളും സഭാസ്‌നേഹത്തിനു ഘടകവിരുദ്ധമാണ്. അതൊന്നും യഥാര്‍ത്ഥമായ ആരാധനയുടെയോ സ്‌നേഹത്തിന്റെയോ പ്രകാശനമല്ല. നാം എവിടെയായിരുന്നാലും ക്രിസ്തുസ്‌നേഹത്തിന്റെ വാഹകരും ക്രിസ്തു സമാധാനത്തിന്റെ പ്രചാരകരുമാണെന്ന അവബോധം ഉണ്ടാകണം.

ക്രിസ്ത്യാനികള്‍ സഭാ സ്‌നേഹത്തിന്റെ പേരില്‍ അന്യമത വിദ്വേഷം പുലര്‍ത്താമോ? ക്രിസ്ത്യാനികളായി അറിയപ്പെടുന്നവര്‍ അന്യമത വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന പ്രചരണങ്ങളില്‍ എര്‍പ്പെടുന്നതിനെ എങ്ങനെ കാണുന്നു?

ഒരിക്കലും സഭാസ്‌നേഹത്തിന്റെ പേരില്‍ അന്യമത വിദ്വേഷം പുലര്‍ത്താന്‍ പാടില്ല. അത് സഭാസ്‌നേഹത്തിനു തന്നെ എതിരാണ്. ക്രിസ്തുവിനോടുള്ള സ്‌നേഹം നമ്മെ ആരില്‍ നിന്നും അകറ്റുന്നില്ല. സഭയ്ക്കുള്ളിലോ പുറത്തോ ഉള്ള തിന്മകള്‍ക്കെതിരായ വിദ്വേഷം എപ്പോഴും ന്യായീകരിക്കാവുന്നതാണ്. പക്ഷേ, സഭാസ്‌നേഹത്തിന്റെ പേരില്‍ മറ്റു മതങ്ങളെ ദ്വേഷിക്കുക എന്നത് ഒരിക്കലും ന്യായീകരിക്കാനാകുന്ന കാര്യമല്ല.

സഭയില്‍ വളരെയേറെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ അന്യമതവിദ്വേഷം പുലര്‍ത്തുന്നതായിട്ടുള്ളൂ. സഭാവിശ്വാസികള്‍ എപ്പോഴും ആഗ്രഹിക്കുന്നത് സമാധാനവും സഹവര്‍ത്തിത്വവുമാണ്. ക്രൈസ്തവസഭ പീഢിപ്പിക്കപ്പെടുന്നു, സാമ്പത്തിക സമൂഹ്യപ്രശ്‌നങ്ങള്‍ നേരിടുന്നു തുടങ്ങിയ കാരണങ്ങളെ മുന്‍നിറുത്തി ചിലരെങ്കിലും വിദ്വേഷപ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അതൊന്നും ആശാസ്യമായ സമീപനരീതിയല്ല. ക്രിസ്ത്യാനിക്കു ക്രിസ്തുസുവിശേഷം മാത്രമേ പ്രസംഗിക്കാനാകുകയുള്ളൂ. ശത്രുവിനെ പോലും സ്‌നേഹിക്കണമെന്ന സുവിശേഷത്തെ ആസ്പദമാക്കി ജീവിക്കുകയും പ്ര വര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ വിദ്വേഷപ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതും സമൂഹഐക്യം തകര്‍ക്കുന്നതിനു കാരണമാകുന്നതും ഒട്ടും ശരിയല്ല.

മറുവശത്ത് തിന്മകളെ ചൂണ്ടിക്കാണിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമാണ്, അത് അകത്തായാലും പുറത്തായാലും. തിന്മകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടല്ല നാം പരസ്പരസ്‌നേഹം പുലര്‍ത്തേണ്ടത്. തിന്മയെ തിന്മയായും അനീതിയെ അനീതിയായും കാണണം, അവയ്ക്കു പരിഹാരമുണ്ടാകണം. അതേസമയം പരിഹാരത്തിലേയ്ക്കുള്ള ക്രൈസ്തവമായ പാത അനുരഞ്ജനത്തിന്റേതാണ്. തിന്മകളെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ തന്നെ അനുരഞ്ജനത്തിന്റെ വേദികളും സാദ്ധ്യതകളും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയും വേണം. വെറുപ്പു കൂടാതെ തന്നെ തിന്മകളെ അറിയിക്കാന്‍ നമുക്കു സാധിക്കുമല്ലോ. ആത്മപരിശോധനയ്ക്കും നാം തയ്യാറാകണം. തിന്മ പുറത്തായിരുന്നാലും നമ്മിലായിരുന്നാലും അവയെ തിന്മയായി തന്നെ തിരിച്ചറിയുകയും മനസ്സിലാക്കുകയും വേണം. വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരില്‍ അന്യമതത്തോടു തോന്നുന്ന വിദ്വേഷവും തിന്മയുടെ പ്രതിഫലനമാണെന്ന തിരിച്ചറിവ് നമുക്കാവശ്യമാണ്.

ചില ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ഈയിടെയായി രൂപപ്പെട്ടിരിക്കുന്ന മുസ്‌ലീം വിദ്വേഷത്തിനു പിന്നില്‍ ഫാസിസ്റ്റ് അജണ്ട സംശയിക്കുന്നവരുണ്ട്. എന്തു കരുതുന്നു?

സങ്കീര്‍ണമായ വിഷയമാണത്. ക്രൈസ്തവര്‍ക്കിടയില്‍ ഫാസിസ്റ്റ് പ്രവണതകള്‍ രൂപപ്പെടുന്നത് ഒരിക്കലും ന്യായീകരിക്കാനാകുകയില്ല. നാം നേരിടുന്ന പ്രശ്‌നങ്ങളെ നേരായി നോക്കിക്കാണുകയും അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന താത്പര്യങ്ങളെയും നിഗൂഢ നീക്കങ്ങളെയും തിരിച്ചറിഞ്ഞ് വെളിപ്പെടുത്തുക എന്നത് വലിയ ഉത്തരവാദിത്വമാണ്. അത് ഇന്നത്തെ കാലത്ത് നാം നേരിടുന്ന നിരവധി വലിയ വെല്ലുവിളികള്‍ക്കിടയില്‍ മറ്റൊരു വെല്ലുവിളിയാണ്. ഒരു പ്രത്യേക മതത്തിനെതിരായ പൊതുവിദ്വേഷമായി ഇതു മാറരുത്. മറ്റാരും ശരിയല്ല, തങ്ങള്‍ മാത്രം ശരിയെന്നു പ്രചരിപ്പിക്കുന്ന ആത്മീയമായ അഹന്ത തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതാണ്. ക്രൈസ്തവര്‍ക്ക് അത് ഒട്ടും സ്വീകാര്യമല്ല.

ഫാസിസ്റ്റ് പ്രവണതകള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ മത ന്യൂനപക്ഷങ്ങള്‍ അതിനോട് സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം?

മതഭൂരിപക്ഷം ഫാസിസ്റ്റ് പ്രവണത സ്വീകരിച്ചാല്‍ അത് ഏറ്റവും അപകടം പിടിച്ച കാര്യമാണ്. അതൊരു രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കും. ഭരണഘടനയെ പൊളിച്ചെഴുതുന്നതിനടക്കമുള്ള നീക്കങ്ങള്‍ക്ക് അതിടയാക്കും. അതുകൊണ്ടു തന്നെ മതന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും ഒരുമിച്ച് അതിനെ ചെറുക്കേണ്ടതുണ്ട്. ഇവിടത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ സമൂഹം ആഗ്രഹിക്കുന്നതു നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും മൈത്രിയും തകരണം എന്നാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അവിടെയും ഒരു ന്യൂനപക്ഷം വലിയൊരു ഭൂരിപക്ഷത്തെ കീഴടക്കുന്നതായിട്ടാണു കാണുന്നത്. ചെറിയൊരു ന്യൂനപക്ഷം അവരുള്‍ക്കൊള്ളുന്ന മതത്തെയാകെ തീവ്രവാദപരമെന്ന ചാപ്പ കുത്തുന്നതിലേയ്ക്ക് എത്തിക്കുന്നതു പോലെ തന്നെയാണ് ഇതും എന്നു നാം കരുതേണ്ടതുണ്ട്.

അധികാരത്തിനു വേണ്ടി ഏതു സത്യത്തെയും കുഴിച്ചു മൂടാം, ഏത് അസത്യവും സത്യമായി പഠിപ്പിക്കാം എന്ന നിലപാട്, മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം ഒക്കെ വരുമ്പോള്‍, എല്ലാ മതങ്ങളും, വിശേഷിച്ചും ന്യൂനപക്ഷമതങ്ങള്‍ ഒരുമിച്ചു നിന്നുകൊണ്ട് ജനാധിപത്യമൂല്യങ്ങള്‍ക്കായും സാഹോദര്യത്തിന്റെയും സമഭാവനയുടെയും മൂല്യങ്ങള്‍ക്കായി ഒന്നിച്ചു കൈകോര്‍ത്തു നില്‍ക്കേണ്ടതുണ്ട്. അത്തരം നിലപാടുകള്‍ മാത്രമേ ശാശ്വതമാകുകയുള്ളൂ. ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ അതിനെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നതും ഈ നിലപാടുകള്‍ മാത്രമായിരിക്കും. നാം ജീവിക്കുന്ന കാലഘട്ടം വളരെ സങ്കീര്‍ണമാണ്. ഫാസിസ്റ്റ് പ്രവണതകളുടെ വേരുകള്‍ എവിടെ മറഞ്ഞിരിക്കുന്നുവെന്നത് വളരെ സൂക്ഷ്മമായിട്ട് തുറന്ന മനസ്സോടെ അപഗ്രഥിച്ചു മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാഭ്യാസമേഖല ഇതിനുള്ള ഒരു പ്രധാനപ്പെട്ട ഉപാധിയാണ്. പല മതസ്ഥര്‍ ഒന്നിച്ചു ചേര്‍ന്ന് അവരുടെ ബാല്യവും കൗമാരവും യൗവനവും ചിലവിടുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണല്ലോ. നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ ഈ സ്ഥാപനങ്ങളിലൂടെ കുട്ടികള്‍ക്കു നല്‍കാനും രൂപീകരണം നടത്താനും സാധിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പ്രവണതകള്‍ വരുന്നുവെങ്കില്‍ തന്നെ ഭൂരിപക്ഷ മതത്തിലെ ബഹുഭൂരിപക്ഷവും സമാധാനവും സഹവര്‍ത്തിത്വവുമാണു കാംക്ഷിക്കുന്നതെന്ന അവബോധത്തോടെയുള്ള നിലപാടുകളാണ് നാം കൈക്കൊള്ളേണ്ടത്.

ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും മത മൈത്രിക്കു വേണ്ടി നിലകൊള്ളുന്നു. അതിനെ ഏതു വിധത്തിലാണ് നമുക്കു മാതൃകയാക്കാന്‍ കഴിയുക?

പാപ്പ നല്‍കുന്ന തുറവിയുടെ പാഠമാണ് പാപ്പയെ ഇന്ന് ഒരു വിശ്വപൗരനായി മാറ്റിയത്. പാപ്പയുടെ പ്രബോധനങ്ങള്‍ക്കെല്ലാം ചെവി കൊടുക്കുന്ന അക്രൈസ്തവരുള്‍പ്പെടെയുള്ള വലിയൊരു ജനസമൂഹം ഇവിടെയുണ്ട്. 'എല്ലാവരും സഹോദരങ്ങള്‍' എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ച ഉടനെ തന്നെ എഡിറ്റോറിയലുകളെഴുതാനും മറ്റും മുന്നോട്ടു വന്നത് അതുവരെ സഭയെ തള്ളിപ്പറഞ്ഞിരുന്ന പല വിഭാഗങ്ങളുമാണ്. പാപ്പ നല്‍കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ലാളിത്യത്തിന്റെയും മുഖം എല്ലാവരേയും ആകര്‍ഷിക്കുന്നതാണ്. വത്തിക്കാന്‍ സൂനഹദോസ് മുതല്‍ തന്നെ ഇതിനെല്ലാം വലിയ ഊന്നല്‍ കൊടുത്ത പാരമ്പര്യമാണ് നമുക്കുള്ളത്. അതിനു മുമ്പും വി. ഫ്രാന്‍സിസ് അസ്സീസിയുടെ പാരമ്പര്യമൊക്കെ നമുക്കുണ്ട്. ക്രൈസ്തവരും മുസ്‌ലീങ്ങളും പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന നൂറ്റാണ്ടുകളില്‍ തന്നെ സുല്‍ത്താനുമായി സംസാരിക്കാന്‍ തയ്യാറായ ആ മാതൃകകളൊക്കെ വളരെ വിലപ്പെട്ടതാണ്. ഈ കാലഘട്ടത്തിലും മതങ്ങള്‍ ഉള്‍വലിയാതെ പുറത്തേക്കു വരണം. പൊതുകാര്യങ്ങളില്‍ എല്ലാ മതങ്ങളും ഒരുമയോടെ കൈകോര്‍ത്തു നിലകൊള്ളണം. മാര്‍പാപ്പയുടെ തുറന്ന മനസ്സി നെ അടയ്ക്കുന്ന വിധത്തിലുള്ള നീക്കം ക്രൈസ്തവലോകത്തിന് അനുകരണീയമാകുകയില്ല.

മാര്‍പാപ്പയുടെയും ഗ്രാന്‍ഡ് ഇമാമിന്റെയും അബുദാബി പ്രഖ്യാപനത്തിന്റെ മാതൃകയില്‍ കേരളത്തിലെ ക്രിസ്ത്യന്‍ – മുസ്‌ലീം മത നേതൃത്വത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ?

ഇന്നത്തെ പ്രത്യേക പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ – മുസ്‌ലീം മതനേതൃത്വം ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരസ്പര സൗഹാര്‍ദ്ദ സംഭാഷണത്തില്‍ ഏര്‍പ്പെടേണ്ടതുണ്ടെന്നു തന്നെയാണ് പ്രധാനപ്പെട്ട കാര്യം. തന്നെയുമല്ല, പാപ്പയുടെയും ഗ്രാന്‍ഡ് ഇമാമിന്റെയും പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച്, സമാനമായ ഒരു പൊതുആഹ്വാനം നമ്മുടെ സമൂഹത്തിനു നല്‍കാന്‍ ക്രിസ്ത്യന്‍, മുസ്‌ലീം മതങ്ങള്‍ക്കു സാധിച്ചാല്‍ ഏറെ അനുകരണീയമായിരിക്കും അത്. ഇന്നത്തെ പ്രത്യേക ആവശ്യമായിട്ടു കൂടി അതിനെ കാണുന്നു. ഈ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ളതു പോലെ പൊതു സാമൂഹ്യ തിന്മകള്‍ക്കെതിരെ കൈകോര്‍ത്തു നില്‍ക്കാനും പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും മതാന്തരസംവാദങ്ങള്‍ക്കുള്ള വേദികളെ തുറന്ന മനസ്സോടെ സമീപിക്കുന്നവരുടെ ഒരു നിര തന്നെ കെട്ടിപ്പടുക്കുക, പരസ്പരമറിയുന്നതിനുള്ള കൂടുതല്‍ വേദികള്‍ സജ്ജമാക്കുക, ആഴമേറിയ ആദ്ധ്യാത്മികതയുള്ള ആചാര്യന്മാരുടെ വാക്കുകളെ പരസ്പരം ഉള്‍ക്കൊള്ളുക, പരിസ്ഥിതി സംരക്ഷണം, നീതി, സമാധാനം, യുവജന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഓരോ മതങ്ങള്‍ക്കും നല്‍കാവുന്ന ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും അവയെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ക്രൈസ്തവരും മുസ്‌ലീങ്ങളും ഒന്നിച്ചു നിന്നു പോരാടിയ ചരിത്രം നമുക്കുണ്ട്. വീണ്ടും അതു ചെയ്യാന്‍ നമുക്കു സാധിക്കും. നമ്മുടെ നാടിന്റെ നന്മയെയും യശസ്സിനെയും കാത്തു സൂക്ഷിക്കുന്ന വിധത്തില്‍ തുടര്‍ സംവാദങ്ങള്‍ നടക്കേണ്ടതുണ്ട്. ഭാവിയിലേയ്ക്കുള്ള ഒരു ദര്‍ശനവും നയവുമായി അതിനെ മാറ്റിയാല്‍ നമുക്ക് ഏറെ മുമ്പോട്ടു പോകാനാകും.

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പിതാവ് നാര്‍ക്കോട്ടിക്‌സ് ജിഹാദിനെ കുറിച്ചു പറഞ്ഞത് വലിയ വിവാദമായി. നാര്‍ക്കോട്ടിക്‌സ് എന്ന വിഷയത്തിന്റെ കൂടെ ജിഹാദ് എന്ന പദം ഉപയോഗിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണുയര്‍ന്നത്….

ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതാണല്ലോ പ്രശ്‌നം. ആ വാക്കിന്റെ പവിത്രമായ അര്‍ത്ഥത്തെക്കുറിച്ചുള്ള വിശദീകരണങ്ങളെല്ലാം നാം വായിച്ചിട്ടുണ്ട്. പക്ഷേ, അത്തരം പ്രയോഗങ്ങള്‍ സ്വാഭാവികമായി വരുന്നതാണല്ലോ. ഉദാഹരണത്തിന് ഒറ്റു കൊടുക്കുക എന്ന വാക്ക്. അതു ക്രിസ്തീയ പശ്ചാത്തലത്തിലുള്ളതാണ്. പക്ഷേ ഇന്ന് എല്ലാ സംസ്‌കാരങ്ങളിലുമുള്ളവര്‍ ഉപയോഗിക്കാറുണ്ട്. അല്ലെങ്കില്‍ ക്രൂശിക്കുക എന്ന പദം. ക്രിസംഘി എന്ന പദം ചര്‍ച്ച ചെയ്യപ്പെട്ടല്ലോ. അതൊരു ധ്വനിപ്പിക്കലാണ്. ജിഹാദ് എന്ന വാക്ക് ഒരു മുസ്‌ലീം പദമായി മാത്രം കാണേണ്ടതില്ല. എല്ലാ സംസ്‌കാരത്തിലേയ്ക്കും കയറിയിട്ടുള്ള ഒരു വാക്കാണത്. ക്രൂശിക്കലെന്നും ഒറ്റുകൊടുക്കലെന്നും ഒക്കെ പറയുന്നതു പോലെ. ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ എല്ലാ വര്‍ഷവും പുതിയ പദങ്ങള്‍ ചേര്‍ക്കാറുണ്ടെന്നു പറയുന്നതു പോലെ.

ടെര്‍മിനോളജി അഥവാ പദപ്രയോഗം എന്നത് നിലനില്‍ക്കുന്ന ഒരു കാര്യത്തിനു നാം കൊടുക്കുന്ന പേര് എന്നതു മാത്രമാണ്. പിതാവാണ് അത് ആദ്യമായി പറയുന്നത് എന്നു തോന്നുന്നില്ല. ഏതായാലും അതു സൂചിപ്പിക്കുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെങ്കില്‍ ആ പദപ്രയോഗത്തെ വലിയ കാര്യമാക്കേണ്ടതില്ല. വലിയ കാര്യങ്ങളെ ഒതുക്കി പറയാന്‍ പറ്റുന്ന ഒരു പദപ്രയോഗം ഉണ്ടായി വരിക എന്നത് സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. പിതാവിനു കിട്ടിയിട്ടുള്ള വിവരങ്ങള്‍ എന്താണ്?

മയക്കുമരുന്ന് തീരദേശങ്ങളിലുള്‍പ്പെടെ ഒരു പ്രശ്‌നമായി മാറുന്നുണ്ട് എന്നു നമുക്കറിയാമല്ലോ. വിവാഹം ചെയ്ത ആളുകളെ ഭീകരവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു എന്ന തെളിവുകള്‍ വരുമ്പോള്‍ അതു പ്രണയം ദുരുപയോഗിക്കപ്പെട്ട കേസുകള്‍ തന്നെയാണ്. പക്ഷേ, മതാന്തര വിവാഹങ്ങള്‍ ഇവിടെ നടക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.

ആധുനിക കാലത്തെ ആത്മീയ സങ്കല്‍പങ്ങളെയും നാം കണ്ണു തുറന്നു നോക്കേണ്ടതുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റിയിലെ മതകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ചാപ്ലിന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. വ്യവസ്ഥാപിത മതങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട്, വ്യക്തിപരമായ ആഴമേറിയ ആത്മീയത തേടുന്നവരാണ് ഇന്നത്തെ യുവജനങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. മതങ്ങളില്‍ നിന്നു അകലുമ്പോള്‍ തന്നെ ആത്മീയാവിഷ്‌കാരത്തിനുള്ള ആഴമേറിയ ദാഹം അവരിലുണ്ട്. മതാധികാരികളോടുള്ള എതിര്‍പ്പു കൊണ്ടും മറ്റും മതങ്ങളില്‍ നിന്നു മാറുന്നവരുണ്ടാകാം. പക്ഷേ അല്ലാതെ തന്നെ, ലോകം മുഴുവന്‍ ഒരു ഗ്രാമമായി മാറുമ്പോള്‍ വ്യവസ്ഥാപിത മതച്ചട്ടക്കൂടുകളില്‍ നിന്നു പുറത്തേക്കു പോകുന്ന ഒരു പ്രവണതയുണ്ട്. അങ്ങനെയൊരു ആത്മീയതയ്ക്കു വേണ്ട കരുത്ത് സ്വയമാര്‍ജിച്ചിട്ടാണോ ഇത്തരമൊരു പുറത്തുപോക്ക് നടത്തുന്നത് എന്നതും കൂടി ചിന്തിക്കേണ്ടതുണ്ട്. ഇത് സ്വയം വലിയൊരു ഉത്തരവാദിത്വമാണ്. ഇങ്ങനെയൊരു ഉത്തരവാദിത്വം പേറാന്‍ പറ്റാത്തവര്‍ അഭയം തേടി മതങ്ങളിലേയ്ക്കു തിരികെയെത്തുന്നു. പക്ഷേ അങ്ങനെയെത്തുന്നവരില്‍ കാണുന്ന ഒരു പ്രവണത കുറെക്കൂടി മൗലികവാദികളാകുന്നു എന്നതാണ്. ഇപ്രകാരം, അകത്തേക്കെത്തുന്ന മൗലികവാദവും പുറത്തേക്കുള്ള ഒഴുക്കും കൂടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് എല്ലാ വ്യവസ്ഥാപിതമതങ്ങളും കടന്നുപോകുന്നത്. അതുകൊണ്ട് വ്യവസ്ഥാപിത മതങ്ങള്‍ക്കുള്ളില്‍ തന്നെ ഓരോരുത്തരും അതിന്റെ അടിസ്ഥാന മൂല്യങ്ങളും പ്രമാണങ്ങളും മൂല്യങ്ങളും നന്നായി തിരിച്ചറിയുന്നില്ലെങ്കില്‍ പുറത്തേക്കുള്ള ഒഴുക്കും അകത്തു നില്‍ക്കുന്നവരില്‍ മൗലികവാദത്തിലേയ്ക്കു ചേക്കേറാനുള്ള പ്രവണതയും ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org