പൗരോഹിത്യം ക്രൂശിക്കപ്പെടാനുള്ള വിളി

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
പൗരോഹിത്യം ക്രൂശിക്കപ്പെടാനുള്ള വിളി
Published on
  • ഫാ. ജോര്‍ജ് മണ്ഡപത്തില്‍

പുരോഹിതന്‍ മറ്റൊരു ക്രിസ്തുവാണ്, പൗരോഹിത്യം ഉന്നതമായ ഒരു സ്ഥാനമാണ്, മഹോന്നതമാണ്, അതിവിശിഷ്ടമാണ് എന്നെല്ലാം പറയാറുണ്ട്. ഇതിനോടെല്ലാം ഞാനും യോജിക്കുന്നു. ഇതെല്ലാം പൗരോഹിത്യത്തിന്റെ മഹത്വത്തിന്റെ ഒരുവശം മാത്രമാണ്. പൗരോഹിത്യത്തിന് ഒരു മറുപുറം കൂടിയുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ കാഴ്ചപ്പാടില്‍ പൗരോഹിത്യം എന്നത് ക്രൂശിക്കപ്പെടാനുള്ള വിളിയാണ്. പലരും പൗരോഹിത്യത്തിന്റെ ഈ മറുപുറം മറന്നു പോകുന്നുണ്ടോ എന്നത് ഈ കാലഘട്ടത്തിന്റെ ഒരു വെല്ലുവിളി തന്നെയാണ്. എന്നെ സംബന്ധിച്ച് പൗരോഹിത്യത്തെ ഞാന്‍ കാണുന്നത് യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തിലെ ദൗത്യങ്ങളോടു ചേര്‍ത്തുനിര്‍ത്തിയാണ്. ആടുകളുടെ ഇടയനായി മാറി അവരെ സ്‌നേഹിച്ച് അവര്‍ക്ക് വാതിലായി, അവരെ പേരു ചൊല്ലി വിളിച്ച്, വഴി തെറ്റി പോയതിനെ അന്വേഷിച്ചു കണ്ടെത്തുന്ന ഒരു പൗരോഹിത്യ ജീവിതം നയിക്കാനാണ് ഇത്രയും നാള്‍ ഞാന്‍ ശ്രമിച്ചത്.

ആളുകള്‍ക്ക് സംലഭ്യനായിയിരിക്കുവാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ ആദ്യ നാളുകളില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനു തൊട്ടുമുമ്പ് പള്ളിയിലേക്ക് കടന്നു ചെല്ലുന്ന രീതിയായിരുന്നു എന്റേതും. ഒരു ദിവസം പള്ളി തുറക്കുന്നതും കാത്ത് പുറത്തുനിന്നിരുന്ന വിശ്വാസജീവിതങ്ങളാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്. ഒത്തിരി ദൂരെ വീടുകളുള്ള സാധാരണ വിശ്വാസികള്‍ പള്ളി തുറക്കുന്നതിനു മുമ്പ് പള്ളിയിലെത്തി കാത്തു നില്‍ക്കുമ്പോള്‍ പള്ളിയോട് തൊട്ടടുത്ത് താമസിക്കുന്ന ഞാന്‍ വൈകുന്നത് ശരിയാണോ? അന്നു മുതല്‍ ഞാനൊരു തീരുമാനമെടുത്തു. ഏറ്റവും ആദ്യം ഇനി മുതല്‍ പള്ളിയില്‍ പ്രവേശിക്കുന്നത് വികാരിയായ ഞാനായിരിക്കും. എല്ലാ ദിവസവും കുര്‍ബാനയ്ക്കു മുമ്പ് കുമ്പസാരക്കൂട്ടില്‍ ഇരിക്കുവാനും സമയം കണ്ടെത്താറുണ്ട്, ബൈബിള്‍ വായിക്കുവാനും. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും ശാന്തമായി ദിവ്യകാരുണ്യ നാഥന് മുമ്പില്‍ ചിലവിടാനും എന്നും പരിശ്രമിക്കുന്നുണ്ട്.

പൗരോഹിത്യ അജപാലന ശുശ്രൂഷകളില്‍ ഞാന്‍ നിറവേറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട്:

1) എല്ലാവരെയും കേള്‍ക്കുവാന്‍ ശ്രമിക്കുന്നു. ഏതു കാര്യം ചെയ്യുന്നതിനു മുമ്പും കമ്മിറ്റിയുടെയും ചുറ്റുമുള്ളവരുടെയും അഭിപ്രായങ്ങള്‍ ചോദിക്കുവാന്‍ സമയം കണ്ടെത്താറുണ്ട്. ഒരു ഇടവകയില്‍ ചെല്ലുമ്പോള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഇടവകയിലെ വീടുകള്‍ സന്ദര്‍ശിക്കുവാന്‍ ശ്രമിക്കും. ഇടവകയിലെ എല്ലാ വീടുകളും (അക്രൈസ്തവരുടെയും) കടകളും, സ്ഥാപനങ്ങളും, എന്തിനേറെ കള്ള് ഷാപ്പുകള്‍ പോലും എന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ആളുകളെ പേരു ചൊല്ലി വിളിക്കുന്ന തരത്തിലുള്ള ബന്ധത്തിലേക്ക് വളരുവാന്‍ ഈ സന്ദര്‍ശനങ്ങള്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

2) വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ മരാമത്ത് പണികള്‍ ഏറ്റെടുത്തിട്ടുള്ളൂ. മരാമത്ത് പണികള്‍ ചെയ്യുമ്പോള്‍ പോലും ആരോടും നിര്‍ബന്ധമായ സംഭാവനകള്‍ വാങ്ങിക്കാറില്ല. നിര്‍ബന്ധ പിരിവുകള്‍ മൂലം പള്ളിയോട് അകന്നു നില്‍ക്കുന്ന ഒത്തിരി വ്യക്തികളെ കാണാന്‍ സാധിച്ചിട്ടുണ്ട്. മരാമത്ത് പണികളിലേക്ക് ശ്രദ്ധ കൂടുതല്‍ കൊടുക്കുമ്പോള്‍ അറിയാതെ പൗരോഹിത്യധാര്‍ഷ്ട്യത്തിലേക്ക് കടന്നുപോകുന്ന വൈദികരെ കണ്ടിട്ടുണ്ട്. പിരിവുകള്‍ തന്നില്ലെങ്കില്‍ ആത്മീയ കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന വൈദികര്‍ ശരിക്കു പറഞ്ഞാല്‍ ക്രിസ്തുവില്‍ നിന്ന് ആളുകളെ അകറ്റുകയല്ലേ ചെയ്യുന്നത്?

ഇടവകയിലെ എല്ലാ വീടുകളും (അക്രൈസ്തവരുടെയും) കടകളും, സ്ഥാപനങ്ങളും, എന്തിനേറെ കള്ള് ഷാപ്പുകള്‍ പോലും എന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും.

3) ഇടവക കൂട്ടായ്മയില്‍ നിന്ന് മാറി നില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുവാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. നല്ല ഇടയന്റെ ദൗത്യവും അതു തന്നെയാണല്ലോ. ഞാന്‍ ഒരു ഇടവകയില്‍ ചെന്നപ്പോള്‍ പള്ളിയില്‍ മുന്‍ കൈക്കാരനായിരുന്ന വ്യക്തി മുമ്പ് സേവനം ചെയ്ത അച്ചനോടുള്ള എതിര്‍പ്പു കാരണം പള്ളിക്കാര്യങ്ങളില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. ഞാന്‍ ആ വ്യക്തിയുടെ ഭവനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ള എല്ലാവരും എന്നെ എതിര്‍ത്തെങ്കിലും ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്നു. അത്ര സന്തോഷകരമായ സ്വീകരണം ആയിരുന്നില്ല എനിക്ക് ആ വീട്ടില്‍ നിന്ന് ലഭിച്ചത്. അദ്ദേഹം അച്ചന്മാരെയും മറ്റുള്ളവരെയും ഒത്തിരി കുറ്റപ്പെടുത്തി ഏറെ നേരം സംസാരിച്ചു. ഞാന്‍ എല്ലാം കേട്ടിരുന്നു. ഒന്നും തിരിച്ചു പറഞ്ഞില്ല. പിന്നീട് ഒരു പ്രാവശ്യം കൂടി ഞാന്‍ ആ വീട്ടില്‍ പോയി. അന്ന് കുറച്ചുകൂടെ മാന്യമായ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ആ വര്‍ഷം വലിയ ആഴ്ചയുമായി ബന്ധപ്പെട്ട് കുമ്പസാര ദിനത്തില്‍ കുമ്പസാരിക്കാന്‍ ഉള്ള ക്യൂവില്‍ ഈ വ്യക്തിയെ കണ്ടപ്പോള്‍ ഹൃദയം ഏറെ സന്തോഷിച്ചു. അതൊരു മടങ്ങിവരവായിരുന്നു.

പൗരോഹിത്യധാര്‍ഷ്ട്യം കാരണം ആളുകളെ വിശ്വാസത്തില്‍ നിന്ന് അറിഞ്ഞും അറിയാതെയും അകറ്റുന്ന പുരോഹിതരുണ്ട്. എനിക്ക് പരിചയമുള്ള ഒരു അച്ചന്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യത പുലര്‍ത്തിയിരുന്ന ആളായിരുന്നു. അച്ചന്‍ വിശുദ്ധ ബലി തുടങ്ങുമ്പോള്‍ കപ്യാരോട് പറഞ്ഞ് ദേവാലയത്തലെ വാതിലുകളല്ലാം അടയ്ക്കും. വൈകി വരുന്നവര്‍ അകത്തു പ്രവേശിക്കുന്നത് അച്ചന് ഇഷ്ടമല്ല. വീട്ടിലെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്‍ത്ത് ഏറെ വിശ്വാസത്തോടെ, താല്‍പര്യത്തോടെ വിശുദ്ധബലിക്കായി ഓടിയെത്തുന്നവരുടെ ആത്മീയ ജീവിതത്തില്‍ തടസ്സം നില്‍ക്കാന്‍ പുരോഹിതര്‍ ആരാണ്? ഒരു പുനര്‍വായന ആവശ്യമല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആടുകളെ തേടിപ്പോകുന്ന പേര് ചൊല്ലി വിളിക്കുന്ന ഇടയന്മാരെ സഭയ്ക്ക് ഇനിയും ആവശ്യമുണ്ട്.

  • (പാലാ രൂപത വൈദികനായി 53 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ നെല്ലിയാനി അഡോറേഷന്‍ കോണ്‍വെന്റ് ചാപ്ലിന്‍)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org