വര്‍ഗീയ ആത്മീയതയും ചില ക്രൈസ്തവ സംഘടനകളും

വര്‍ഗീയ ആത്മീയതയും ചില ക്രൈസ്തവ സംഘടനകളും

ഫാ. മാര്‍ട്ടിന്‍ എന്‍. ആന്റണി

ഫാ. മാര്‍ട്ടിന്‍ എന്‍. ആന്റണി
ഫാ. മാര്‍ട്ടിന്‍ എന്‍. ആന്റണി

മൃദുലവികാരങ്ങളുടെ സമാഹാരമോ വിശുദ്ധജന്മങ്ങളുടെ ജീവചരിത്രമോ അല്ല ബൈബിള്‍ എന്ന കാര്യം നമുക്കറിയാവുന്നതാണ്. ഉല്പത്തി പുസ്തകത്തിലെ കായേന്റെ പ്രവൃത്തികളെയും വാക്കുകളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഹീനവും ഭീതിതവുമായ പ്രവര്‍ത്തികളും വാക്കുകളുമുണ്ടതില്‍. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനതയുടെ മാതാപിതാക്കളെയും രാജാക്കന്മാരെയും അത് ചിത്രീകരിക്കുന്നത് നന്മതിന്മകളുടെയും സ്‌നേഹനിന്ദനങ്ങളുടെയും ലളിതനീച അപരാധങ്ങളുടെയുമിടയില്‍ ഇഴചേര്‍ത്താണ്. മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യ താളിലുള്ള യേശുവിന്റെ വംശാവലി കാണുക: അതിന്റെ ഒത്തനടുവിലായിട്ട്ഹിത്യനായ ഉറിയായുടെ ചിത്രം കാണാന്‍ സാധിക്കും. ഒരു ഹീനകൃത്യത്തിന്റെ പരിണാമം അവിടെയുണ്ട്. നോക്കുക, മനുഷ്യാവതാരത്തിന്റെ ചരിത്രം പോലും നന്മതിന്മകളുടെ പരാഗണത്തിലൂടെ വിരിഞ്ഞൊരു പൂവാണ്. എന്നിട്ടും മനുഷ്യനായി അവ തരിച്ച വചനത്തിന് ഈ വഴിയല്ലാതെ മറ്റൊരു മാര്‍ഗവും സ്വീകരിക്കാന്‍ സാധിക്കുന്നില്ല. മനുഷ്യ കുലത്തിന്റെ പാംസുലമായ വഴിയാണത്. നമ്മുടെ ചരിത്രത്തിലൂടെ ദൈവം നടന്നു നീങ്ങിയ വഴിത്താര.

നമ്മുടെ അപൂര്‍ണ്ണതയെ കുറിച്ചുള്ള മൂര്‍ത്തമായ തിരിച്ചറിവാണ് വിശുദ്ധഗ്രന്ഥത്തിന്റെ കാഴ്ചപ്പാടില്‍ പൂര്‍ണ്ണത എന്ന സങ്കല്പം. ദൈവത്തിന്റെ മുമ്പില്‍ ഞാനാര് എന്ന ചോദ്യത്തിന് സത്യസന്ധമായി നമ്മുടെ ഉള്ളം മന്ത്രിക്കുമ്പോഴാണ് പൂര്‍ണ്ണതയിലേക്ക് നമ്മള്‍ നടന്നടുക്കുന്നത്. അപ്പോഴും വിശുദ്ധ ഗ്രന്ഥത്തിലെ താളുകള്‍ മറിച്ചു പോകുമ്പോള്‍ സങ്കീര്‍ത്തനം 109-ല്‍ നമ്മള്‍ അകപ്പെടുകയാണ്. അതാ, ശാപവചനങ്ങളുടെ ഒരു ലുത്തീനിയ പ്രാര്‍ത്ഥനാ രൂപത്തില്‍! വായിക്കുന്തോറും വരികളില്‍ ഇടറി വീഴുകയാണ് ഓരോ വായനക്കാരനും. ഇതെങ്ങനെ സംഭവിച്ചു? ഉത്തരമില്ല. ഈ വാക്യങ്ങളെ വിശുദ്ധഗ്രന്ഥത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ പലരും ശ്രമിച്ചിട്ടുണ്ട് എന്നത് ചരിത്രമാണ്. എന്നിട്ടും അതിനിപ്പോഴും അവിടെ സ്ഥാനമുണ്ട്. കാരണം, ഒരു പച്ചമനുഷ്യന്റെ നൊമ്പരമാണത്. അവന്റെ ഇരുള്‍ നിറഞ്ഞ ദിനങ്ങളും നീന്തിക്കടന്ന സങ്കട കടലുകളുമെല്ലാം വരികളിലേക്കാവഹിച്ച് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ പിറുപിറുപ്പായി മാറുകയാണ് ദൈവവചനം. അങ്ങനെയാണ് അനൈതികമായ ചില വിചാരങ്ങളുടെ ഉള്ളിലൂടെ നമ്മളെ തന്നെ വെളിപ്പെടുത്തിക്കൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തെ വ്യാഖ്യാനിക്കുന്നത്. മാനുഷിക വികാരങ്ങള്‍ ദൈവവചനമായി മാറുന്ന മാന്ത്രികതയാണിത്. ദൈവംപോലും മനഃപാഠമാക്കിയ നമ്മുടെ ചില പദശേഖരങ്ങളാണിത്. അപ്പോഴും ആത്യന്തികമായി ദൈവത്തിന്റെ ചിത്രമല്ല സങ്കീര്‍ത്തനം 109-ല്‍ തെളിഞ്ഞു നില്‍ക്കുന്നത്, മറിച്ച് സങ്കടമുഖത്ത് ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വരുന്ന നമ്മുടെ ഓരോരുത്തരുടെയും ആത്മ ഗതങ്ങളാണ്. അതുകൊണ്ടാണ് ഈ സങ്കീര്‍ത്തനം വായിക്കുമ്പോള്‍ ഒരു ശ്വാസംമുട്ടല്‍ നമ്മള്‍ അനുഭവിക്കുന്നത്.

അവര്‍ണ്ണനീയമായ ഏതോ നൊമ്പരങ്ങളിലൂടെ കടന്നുപോയവന്റെ നിര്‍ന്നിമേഷമായ ജല്‍പനങ്ങളാണ് സങ്കീര്‍ത്തനം 109. അവയെ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ചെറിയൊരു കണികയെങ്കിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കണം. നിഷ്‌കളങ്കര്‍ അനുഭവിക്കുന്ന വേദനകളെ സ്വത്വത്തിലേക്ക് ആവാഹിക്കാന്‍ സാധിക്കണം. ഏടിലുള്ള 'ഞാന്‍' വായിക്കുന്ന ഞാനാണ് എന്നു തിരിച്ചറിയുമ്പോള്‍ മാത്രമേ എന്തുകൊണ്ട് ഇങ്ങനെയുള്ള വചനങ്ങള്‍ വിശുദ്ധ ഗ്രന്ഥം സൂക്ഷിച്ചുവെക്കുന്നു എന്ന് മനസ്സിലാകൂ.

ഒരു കാര്യം എപ്പോഴും ഓര്‍ക്കണം, ജോബിന്റെ പുസ്തകത്തിനു ശേഷമാണ് വിശുദ്ധഗ്രന്ഥത്തില്‍ സങ്കീര്‍ത്തനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. നൊമ്പരങ്ങളുടെ മുമ്പില്‍ നിശബ്ദനായി നിന്നവന്റെ ചരിത്രം വിവരിച്ചതിനുശേഷം പ്രാര്‍ത്ഥനാമാലകളായി സങ്കീര്‍ത്തനങ്ങള്‍! അതില്‍ ഏകദേശം ഒത്തനടുക്കായി സങ്കീര്‍ത്തനം 109. ആരാലോ ചതിക്കപ്പെട്ടവന്റെ ഹൃദയം പൊള്ളുന്ന വാക്കുകള്‍. അവന്‍ നടന്നുനീങ്ങിയ വഴികളിലൂടെ നീയും നടന്നിട്ടുണ്ടെങ്കില്‍ അവ നിന്റെ വാക്കുകളായി നിനക്കും അനുഭവപ്പെടും. നീയറിയാതെതന്നെ നിന്റെ കണ്ണുകള്‍ നിറയും. നിന്റെ ഉള്ളം തുടിക്കാന്‍ തുടങ്ങും. സങ്കടവും ദേഷ്യവും കൊണ്ട് ഉറഞ്ഞുപോയ നിന്റെ ഹൃദയം പതുക്കെ ചൂടാകാന്‍ തുടങ്ങും. നീ കടന്നുവന്ന ദുരന്ത വഴികളില്‍ പറയാനാഗ്രഹിച്ച ചില വാക്കുകള്‍ ആരോ നിനക്കായി പറഞ്ഞിരിക്കുന്നു. അപ്പോഴും അതല്ല നിന്റെ അവസാന വാക്കുകള്‍. സങ്കടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ ജീവിതം, ഇനിയുമുണ്ട് മുന്നിലേക്ക് ജീവിതം; സങ്കീര്‍ത്തനത്തില്‍ വരികളും. സങ്കീര്‍ത്തനം 109 അവസാനിക്കുന്നത് നോക്കുക; 'അവര്‍ ശപിച്ചു കൊള്ളട്ടെ: എന്നാല്‍ അവിടുന്ന് അനുഗ്രഹിക്കണമേ' (v.28).

നമ്മുടെ സമുദായത്തോടുള്ള സ്‌നേഹം എന്ന പേരില്‍ പിന്‍വാതിലിലൂടെ അപര വിദ്വേഷവും ഭയവും സഭയുടെ ഉള്ളില്‍ കയറ്റുകയാണ് ഇന്ന് ചില ക്രൈസ്തവ സംഘടനകള്‍. വര്‍ഗീയതയുടെ ആത്മീയ തയാണ് അവര്‍ പ്രഘോഷിക്കുന്നത്. അത് സുവിശേഷമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാര്യം അവര്‍ക്ക് വ്യക്തമായി അറിയാം.

സഹജര്‍ അനീതിയും നൊമ്പരവുമാകുമ്പോഴാണ് വാക്കുകളില്‍ ശാപങ്ങള്‍ നിറയുന്നത്. അനുഭവിച്ച നോവുകള്‍ വിദ്വേഷമായി സിരകളില്‍ കത്തിപ്പടരും. അത് പിന്നീട് സ്വത്വത്തിന്റെ ആന്തരിക ഉള്ളടക്കമാകും. അങ്ങനെയാണ് വര്‍ഗീയതയുടെ ആത്മീയതകള്‍ ഉണ്ടാകുന്നത്.

'യേശു സ്‌നേഹിച്ചിരുന്നവന്‍' എന്നാണ് ശിഷ്യരില്‍ ഒരുവനായ യോഹന്നാന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നു പാരമ്പര്യം. എല്ലാവരെക്കാള്‍ കൂടുതല്‍ ഗുരു എന്നെ സ്‌നേഹിക്കുന്നു എന്ന് പറയുമ്പോള്‍ കിട്ടുന്ന ആത്മഹര്‍ഷത്തെ തള്ളിക്കളയാനാകില്ല. വൈരുദ്ധ്യം എന്നു പറയട്ടെ, ഇതേ ശിഷ്യന്‍ തന്നെയാണ് ഗുരുവിന്റെ വഴിതടഞ്ഞ സമരിയക്കാരുടെ മേല്‍ അഗ്‌നി ഇറങ്ങിവന്ന് നശിപ്പിക്കട്ടെ എന്നും ആഗ്രഹിക്കുന്നത്. ഗുരു അന്ന് അവനെ ശാസിക്കുകയാണുണ്ടായത് (ലൂക്കാ 9:51-53). അപക്വതയില്‍ സംഭവിച്ച ഇടര്‍ച്ചയായിരിക്കണം അത്. തടസ്സം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് ദൈവയുക്തിയല്ല. അംഗീകരിക്കാത്തവരുടെമേല്‍ അഗ്‌നി പതിക്കണം എന്ന ചിന്ത ക്രൈസ്തവികവുമല്ല. പക്ഷേ വര്‍ഗീയതയുടെ ആത്മീയതയുമായി ജീവിക്കുന്ന ഒരു വ്യക്തിക്ക് ആര്‍ദ്രതയെക്കാള്‍ പ്രാധാന്യം അപര വിദ്വേഷം തന്നെയാണ്. അവരും സ്വയം വിശേഷിപ്പിക്കും 'യേശു സ്‌നേഹിക്കുന്നവന്‍' എന്ന്.

എറ്റി ഹില്ലേസ്സുമ്മിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും (Etty Hillesum). ഓഷ്‌വിറ്റ്‌സില്‍ കൊഴിഞ്ഞുവീണ സൗന്ദര്യമാണ് ഇരുപത്തിയഞ്ചുകാരിയായ ആ ഡച്ച് സുന്ദരി. അവളുടെ ഡയറിക്കുറിപ്പാണ് An Interrupted Life എന്ന പുസ്തകം. അതില്‍ 1941 മാര്‍ച്ച് പതിനഞ്ചാം തീയതിയിലെ കുറിപ്പ് ഇങ്ങനെയാണ്: "If there were only one human being worthy of the name of 'man', then we should be justified in believing in men and in humantiy." വിദ്വേഷത്തിന്റെ ദുര്‍ഗന്ധം ഒരു സമൂഹത്തില്‍ മുഴുവന്‍ പരന്നിരിക്കുന്ന കാലയളവിലാണ് അവള്‍ ഇത് കുറിക്കുന്നത്. തന്നെയും തന്റെ വര്‍ഗ്ഗത്തെയും ശത്രുവായി കരുതുന്ന ഒരു സമൂഹത്തെ കുറിച്ചാണ് അവള്‍ പറയുന്നത്. 'എന്തിന് ഞാന്‍ അവരെ വെറുക്കണം?' അതാണ് അവളുടെ ചോദ്യം. തീര്‍ച്ചയായും അവരുടെയിടയില്‍ ഹൃദയത്തില്‍ നന്മകളെ പോറ്റി വളര്‍ത്തുന്ന ചിലരെങ്കിലുമുണ്ടാകും, എങ്കില്‍ ഞാനെന്തിന് ഒരു സമൂഹത്തെ മുഴുവനും വെറുക്കണം? വര്‍ഗീയതയുടെ ആത്മീയതയില്‍ ജീവിക്കുന്നവര്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണിത്.

അപ്പോഴും പാതി മനസ്സോടു കൂടി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് ഒരു നിലപാട് നമുക്കുണ്ടാകണം. ധാര്‍മികത ഒരു മെഴുകുതിരി പോലെ കത്തിയൊടുങ്ങിയ ഈ കാലഘട്ടത്തില്‍ യാഥാര്‍ഥ്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ നമുക്ക് സാധിക്കണം. വകതിരിവില്ലാത്ത വിദ്വേഷമാണ് വര്‍ഗീയ ആത്മീയതയുടെ അടിത്തറ. അത് നീചമാണ്. അത് ആത്മാവിന്റെ രോഗാവസ്ഥയാണ്. ഓര്‍ക്കുക, വിദ്വേഷവും വെറുപ്പും ക്രൈസ്തവരുടെ സ്വത്വത്തിന്റെ ഭാഗമല്ല. നമ്മുടെ ചുറ്റുമുള്ള സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍ സഹജരെ വെറുക്കുന്നതിനു നമ്മെ പ്രാപ്തരാക്കുന്നുണ്ടെങ്കില്‍, സൗഖ്യം ആവശ്യമുള്ള ഒരു സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ രോഗാതുരമായ ഒരു സമൂഹമായി മാറിയിരിക്കുന്നു.

കത്തോലിക്കര്‍ എന്ന നിലയില്‍ നമ്മളെല്ലാവരും ആന്തരികമായ ചില സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരാണ്. സഭയെന്ന ചട്ടക്കൂടിന് നൊമ്പരങ്ങളുടെ ഉള്ളടക്കമുണ്ടെങ്കിലും ക്രിസ്തു കല്‍പനയായ പരസ്പര സ്‌നേഹത്തില്‍ അതെല്ലാം അതിജീവിക്കുകയാണ് നമ്മള്‍. ആ അതി ജീവനത്തിന്റെ പാഠമാണ് ഒരു മതേതര സമുദായത്തില്‍ ജീവിക്കുന്ന നമ്മള്‍ ഇതര മതസ്ഥരോടും പുലര്‍ത്തേണ്ടത്. സ്‌നേഹം, ക്ഷമ, കരുണ, ആര്‍ദ്രത എന്നീ ക്രൈസ്തവ പുണ്യങ്ങള്‍ക്കൊന്നും അതിരുകളില്ല. ഇവകള്‍ എല്ലാവരിലേക്കും എത്തേണ്ട സുവിശേഷമൂല്യങ്ങളാണ്. നമ്മുടെ സമുദായത്തോടുള്ള സ്‌നേഹം എന്ന പേരില്‍ പിന്‍വാതിലിലൂടെ അപര വിദ്വേഷവും ഭയവും സഭയുടെ ഉള്ളില്‍ കയറ്റുകയാണ് ഇന്ന് ചില ക്രൈസ്തവ സംഘടനകള്‍. വര്‍ഗീയതയുടെ ആത്മീയതയാണ് അവര്‍ പ്രഘോഷിക്കുന്നത്. അത് സുവിശേഷമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാര്യം അവര്‍ക്ക് വ്യക്തമായി അറിയാം. എന്നിട്ടും മലയാള മണ്ണിലെ ക്രൈസ്തവികതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്ന കപടബോധ്യം അവര്‍ നിഷ്‌കളങ്ക മനസ്സുകളില്‍ കുത്തിവയ്ക്കുന്നു. 'യേശു സ്‌നേഹിക്കുന്നവന്‍' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് യൂദാസിനെ പോലെ മുപ്പത് വെള്ളിക്കാശിന്റെ മായികതയില്‍ അവന്റെ സ്‌നേഹത്തിനുമേല്‍ വെറുപ്പിന്റെ തേന്‍ലഹരി പുരട്ടുന്നു. ചെറുപ്രാണികള്‍ അതിലേക്ക് പറന്നടുക്കുന്നു. അങ്ങനെ മതത്തെ മദമായി അവര്‍ ആസ്വദിക്കുന്നു. നില്‍ക്കില്ല ഈ ലഹരി അധികനാള്‍. സ്‌നേഹത്തെ പ്രതി കുരിശില്‍ കയറിയവന്‍ പടുത്തുയര്‍ത്തിയതാണ് ക്രൈസ്തവികത. സ്‌നേഹമാണ് അതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും വര്‍ഗീയ ആത്മീയതയൊന്നും വളരില്ലങ്ങനെ അധികനാള്‍. പാറക്കൂട്ടത്തിന്നിടയില്‍ വീണ വിത്ത് പോലെ സൂര്യനുദിക്കുമ്പോള്‍ അവകളെല്ലാം കരിഞ്ഞുണങ്ങും.

(മേഴ്‌സിദാരിയന്‍ സന്യാസ സഭാംഗം. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഗ്രിഗോറിയന്‍ യൂണി വേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്. കൊച്ചി രൂപതാംഗം. റോമിലെ Parrocchia della Mercede എന്ന ഇടവകയില്‍ സഹവികാരിയായി സേവനം ചെയ്യുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org