കൊറോണക്കാലത്തെ നന്മ മരങ്ങള്‍

കൊറോണക്കാലത്തെ നന്മ മരങ്ങള്‍


പ്രൊഫ. മോനമ്മ കോക്കാട്

ഡയറക്ടര്‍, മൈനോറിറ്റി ഡവലപ്പ്മെന്‍റ്
ഫിനാന്‍സ് കോര്‍പ്പറേഷന്‍

"എന്‍റെ ജനമേ വരുവിന്‍,
മുറിയില്‍ പ്രവേശിച്ച് വാതിലടയ്ക്കുവിന്‍,
ക്രോധം ശമിക്കുന്നതുവരെ അല്‍പ്പസമയത്തേക്ക് നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍."
(ഏശയ്യാ. 26:20)

മനുഷ്യന്‍ ഒരു നിശ്വാസം മാത്രമാണെന്ന് കടുത്തഭാഷയില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞന്‍ വൈറസ്സ് നടത്തുന്ന ഭീകരാക്രമണം മനുഷ്യനെ ശിക്ഷിക്കാനല്ല, മറിച്ച് കൈമോശം വന്ന അനേകം നന്മകള്‍ അവനിലേയ്ക്ക് തിരികെ എത്തിക്കാനുള്ള ഒരു ദൈവപദ്ധതിയുടെ ഭാഗമായിട്ടാണ്. വാരിക്കൂട്ടിയതും വെട്ടിപ്പിടിച്ചതുമെല്ലാം, നഷ്ടപ്പെടുമെന്നുള്ള മരണഭയത്തില്‍ വ്യക്തികള്‍ ആത്മനവീകരണത്തിലൂടെ ദൈവാശ്രയത്തിലേയ്ക്ക് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത് കുടുംബങ്ങളാണ്. യുദ്ധക്കളങ്ങളോ, സത്രങ്ങളോ, മിണ്ടാമഠങ്ങളോ ആയി കഴിഞ്ഞിരുന്ന അനേകം ഭവനങ്ങള്‍, കൊറോണ കാരണം കുടുംബം ഒരു സ്വര്‍ഗ്ഗം എന്ന ദിവ്യാനുഭവത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. "മനുഷ്യന്‍ മനസ്സു തിരിയുന്നില്ലെങ്കില്‍ അവിടുന്ന് വാളിന് മൂര്‍ച്ചകൂട്ടും" (സങ്കീ. 7:12) എന്ന വചനം ഒട്ടനവധി ഹൃദയങ്ങളിലേയ്ക്ക് മൂര്‍ച്ചയോടെ കുത്തിക്കയറി എന്ന് ഊഹിക്കാം.

കൊറോണയ്ക്കു മുമ്പ് കുടുംബചിത്രം ഇങ്ങനെ
ആക്രാന്തങ്ങളും ആര്‍ത്തികളും മത്സരങ്ങളും നിറഞ്ഞ ജീവിതങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു നിറഞ്ഞു കവിഞ്ഞിരുന്ന ബസ്സുകള്‍, ട്രെയിനുകള്‍, ശ്വാസംമുട്ടിക്കുന്ന ട്രാഫിക് ബ്ലോക്കുകള്‍, അനന്തമായി നീളുന്ന ക്യൂവുകള്‍, തിങ്ങിനിറഞ്ഞ മാളുകള്‍, പാര്‍ക്കുകള്‍ എല്ലാം. സ്വയം മറന്നുള്ള ഓട്ടപാച്ചിലുകള്‍ക്കൊടുവില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് കുടുംബബന്ധങ്ങള്‍ക്കാണ്. കൂടെയുള്ള പങ്കാളിക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കൊടുക്കേണ്ടിയിരുന്ന സമയം കവര്‍ന്നെടുത്ത് പുറംലോകകാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കുമായി എറിഞ്ഞുകൊടുത്ത വ്യര്‍ത്ഥ അഭ്യാസങ്ങള്‍. ഒരേ കൂരയ്ക്കു കീഴിലുള്ള ഉറ്റവരോട് ഉരിയാടാന്‍ സമയമില്ലാത്തവര്‍ ന്യൂയോര്‍ക്കിലും ലണ്ടനിലും മെല്‍ബണിലുമുള്ളവരോട് ചാറ്റ് ചെയ്യാന്‍ മണിക്കൂറുകള്‍ കണ്ടെത്തി. രക്തബന്ധം പോയിട്ട് ആത്മബന്ധം പോലും ഇല്ലാത്ത നൂറുകണക്കിന് മുഖങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട് നിര്‍വൃതി അടയുന്നവര്‍ക്ക് വീടിനകത്ത് അവശരായി കഴിയുന്ന വൃദ്ധമാതാപിതാക്കളുടെ മുഖത്തു നോക്കാന്‍ സമയം കിട്ടിയിരുന്നില്ല. അപ്പന്‍റേയും അമ്മയുടേയും വിലയേറിയ സമയത്തിന്‍റെ ചെറിയൊരംശം കിട്ടാന്‍ വേഴാമ്പലുകളേപ്പോലെ കാത്തിരുന്ന മക്കളെ അവഗണനയുടെ തീച്ചൂളയിലേക്കെറിഞ്ഞ് പണമുണ്ടാക്കാനും സുഖിക്കാനുമുള്ള പാച്ചിലുകളായിരുന്നു എമ്പാടും. ഫലമോ? അനേകം കുടുംബങ്ങള്‍ കൊടുംപ്രശ്നങ്ങളുടെ കരകാണാക്കടലിലേയ്ക്ക് എറിയപ്പെട്ടു. പങ്കാളിയുമായുള്ള നിത്യയുദ്ധങ്ങള്‍, വിവാഹമോചനങ്ങള്‍, വൃദ്ധമാതാപിതാക്കളുടെ തോരാക്കണ്ണുനീര്‍, മക്കളുടെ വഴിപിഴച്ച പോക്ക്, ബന്ധങ്ങളെ തകര്‍ത്തെറിയുന്ന കൊടിയ ദുശ്ശീലങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, രോഗങ്ങള്‍ അങ്ങനെ എത്രയോ ദുരന്തങ്ങള്‍.

തിന്നുകൂട്ടിയ ഉരുളകളെല്ലാം അമിതമാവുകയും, വാങ്ങിച്ചു കൂട്ടിയതെല്ലാം അനാവശ്യങ്ങളാവുകയും ചെയ്ത ഒരു വ്യര്‍ത്ഥകാലം. ഏതു ചടങ്ങിനേയും, ആഘോഷത്തേയും ധൂര്‍ത്തിന്‍റെ കൊടുമുടിയേറ്റവര്‍ക്ക് മിതത്വം ഡിക്ഷ്ണറിയിലെ വെറും വാക്കായി മാറി. വിവാഹവും, വിവാഹത്തോട് കിടപിടിക്കുന്ന മനസ്സമ്മതവും, മാമ്മോദീസായും, ആദ്യകുര്‍ബാന സ്വീകരണവും, അടിയന്തിരവും, വീട് വെഞ്ചെരിപ്പും ധൂര്‍ത്തിന്‍റെ മലവെള്ളപ്പാച്ചിലിന് വേദി ഒരുക്കിയപ്പോള്‍ സാധാരണക്കാര്‍ പോലും പണം വട്ടിപ്പലിശയ്ക്കെടുത്തും വീട് പണയം വച്ചും ധൂര്‍ത്തില്‍ മുങ്ങിക്കുളിച്ചു. ആരേക്കാളും ഉയരത്തില്‍ എനിക്കു നില്ക്കണം എന്ന അഹങ്കാരത്തിന്‍റെ തിളപ്പില്‍ "സമ്പന്നര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം" (മാര്‍ക്കോസ് 10:23) എന്ന വചനത്തിന്‍റെ ആന്തരാര്‍ത്ഥങ്ങള്‍ പാടേ മറന്നുപോയി. ക്രിസ്തുവും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം കണ്ടുപഠിക്കാന്‍ സാധിക്കാതെ പോയ ക്രിസ്ത്യാനിക്ക് ജീവിതലാളിത്യം അന്യമായിരുന്നു.

ഒരു ലോക്ഡൗണ്‍ വേണ്ടിവന്നു തിരുത്തലുകള്‍ക്ക്
ലോകചരിത്രത്തില്‍ തന്നെ ആദ്യമായാണ് കോടിക്കണക്കിന് ജനങ്ങള്‍ അടച്ചുപൂട്ടപ്പെട്ട്, തടങ്കലിലെന്നപോലെ, വീടുകളില്‍ കഴിയുന്നത്. പക്ഷേ, ഈ അത്യപൂര്‍വ്വമായ ദുരനുഭവം നേടിത്തന്നത് അതുല്യമായ അനുഗ്രഹമാണ്; ദേവാലയ ശുശ്രൂഷകളെല്ലാം വീട്ടകങ്ങളിലേയ്ക്ക് എത്തി എന്ന മഹാഭാഗ്യം. തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന വാള്‍പോലെ മരണഭയം ഭീഷണിപ്പെടുത്തിയതു കൊണ്ടാവാം മനസ്സുകളെ സക്രാരികളാക്കാന്‍ അനേകര്‍ക്ക് സാധിച്ചത്. ഓണ്‍ലൈന്‍ വഴിയാണെങ്കിലും വീടിനകത്ത് ദിവസവും വി. കുര്‍ബാനയും, ആരാധനയും, ധ്യാനപ്രസംഗങ്ങളും നടന്നപ്പോള്‍ വീടുകളെ പരിപാവനങ്ങളാക്കി ശുദ്ധീകരിച്ചെടുക്കണമെന്ന് അസംഖ്യം പേര്‍ക്ക് ബോധോദയം ഉണ്ടായി. ഓശാനയ്ക്കും, പെസഹായ്ക്കും, ദുഃഖവെള്ളിക്കും, ഈസ്റ്ററിനും വീടും പരിസരവും ഭക്തിനിര്‍ഭരതയില്‍ മുങ്ങിക്കുളിച്ചു നിന്നത് എത്ര വിശിഷ്ടമായ അനുഭവമായിരുന്നു; അനേകം തിരുത്തലുകള്‍ക്കും തിരിച്ചുപോക്കിനും വഴിയൊരുക്കിയ പുണ്യാനുഭവം.

വീട്ടകങ്ങളില്‍ കൊറോണ വിരിയിച്ച സ്നേഹപ്പൂക്കള്‍
അതീവ ഭയാശങ്കകളോടെ ലോക്ഡൗണിലേയ്ക്ക് പ്രവേശിച്ചവര്‍ നിനച്ചിരിക്കാതെ കൈവന്ന സൗഭാഗ്യങ്ങളില്‍ അന്തം വിട്ടിരിക്കുകയാണിപ്പോള്‍. അടച്ചുപൂട്ടിയിരിക്കാന്‍ സ്വന്തമായി ഒരു വീടുണ്ട് എന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം എന്ന തിരിച്ചറിവില്‍ കൂട്ടിന് കൂടെക്കിട്ടിയ ഉറ്റവരെ സ്നേഹംകൊണ്ട് മൂടാനുള്ള ശ്രമത്തിലാണ് മിക്കവരും. സമയം തീരെയില്ല എന്ന പതിവു പല്ലവിയില്‍ നിന്നും സമയം എന്തു ചെയ്യണമെന്നറിയില്ല എന്ന ആശങ്കയിലേക്ക് ലോക്ഡൗണ്‍ തള്ളിയിട്ടപ്പോള്‍, വിവേകമുള്ളവര്‍, മിച്ചം കിട്ടിയ സമയം മുഴുവന്‍ നഷ്ടപ്പെട്ട സ്നേഹം തിരിച്ചുപിടിക്കാന്‍ ഉപയോഗിക്കുകയാണ്.

വീട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്കു കൊടുക്കാന്‍ ഏറ്റവും വിലപ്പെട്ട സമ്മാനം സ്വന്തം സമയമാണെന്ന് കൊറോണ മനസ്സിലാക്കി കൊടുത്തപ്പോള്‍, അത്ഭുതങ്ങളാണ് കുടുംബങ്ങളില്‍ നടക്കുന്നത്. സൗകര്യം കിട്ടിയപ്പോള്‍ വല്ലപ്പോഴുമായിരുന്ന ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും, ഭക്ഷണവും, സംസാരവും എല്ലായ്പ്പോഴുമാക്കിയത് കൊറോണയുടെ മായാജാലമാണ്. എല്ലാവരും ഒരുമിച്ച് പാചകം ചെയ്യുക, വീടു വൃത്തിയാക്കുക, കൃഷിചെയ്യുക, വ്യായാമം ചെയ്യുക തുടങ്ങിയ പതിവുകള്‍, അനേകം കുടുംബങ്ങളില്‍ സന്തോഷപ്പൂത്തിരി കത്തിക്കുന്നു. മക്കളോടൊത്ത് മാതാപിതാക്കള്‍ ഹൃദയം തുറന്ന് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കുകയും അവരോടൊത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് മക്കള്‍ക്കുപോലും അവിശ്വസനീയമായി തോന്നുന്നുണ്ട്. ഭാര്യമാരോടൊത്ത് ഭക്ഷണം പാകം ചെയ്യുകയും വീടുവൃത്തിയാക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരെ കേരളം കാണുന്നത് ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായിരിക്കും. കാലാകാലങ്ങളായുള്ള, പുരുഷ മേല്‍ക്കോയ്മയാണ് കൊറോണ തകര്‍ത്തെറിഞ്ഞത്. ഇത് നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് യുദ്ധം ചെയ്യേണ്ടി വന്നില്ല; സ്ത്രീകള്‍ക്കുവേണ്ടി യുദ്ധം ചെയ്തത് കൊറോണയാണ്.

കൂട്ടായ്മയുടേയും പാരസ്പര്യത്തിന്‍റേയും മറ്റു പല മനോഹരദൃശ്യങ്ങളും ഭവനങ്ങളിലേയ്ക്ക് കൊറോണ കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കാന്‍ സാധിക്കാതെ പോയ സ്നേഹവും പറയാന്‍ കഴിയാതെ പോയ നല്ല വാക്കുകളും പാട്ടിന്‍റേയും ഡാന്‍സിന്‍റേയും രൂപത്തിലാണ് പല ന്യൂജെന്‍ കുടുംബങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. വൃദ്ധ മാതാപിതാക്കള്‍ പോലും ഇവയെല്ലാം ആസ്വദിക്കുന്നത് മറ്റൊരു അപൂര്‍വ്വത. അവഗണിക്കപ്പെട്ടു എന്നു വേദനിച്ചവര്‍ മക്കളുടേയും കൊച്ചുമക്കളുടേയും സ്നേഹത്തിന്‍റെ ഊഷ്മളതയില്‍ ലോക്ഡൗണ്‍ നേടിത്തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയാണ്.

സമയദാരിദ്ര്യത്തിന്‍റെ പേരില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും അവജ്ഞയുടെ മാറാപ്പില്‍ തള്ളിയവര്‍, അനര്‍ഗ്ഗളമായി ഒഴുകിയെത്തിയ സമയത്തിന്‍റെ ഒരു പങ്ക് അവര്‍ക്കും കൊടുക്കാമെന്ന് തീരുമാനിച്ചു. നേരിട്ട് സംസാരിക്കാനും ബന്ധങ്ങള്‍ പുതുക്കാനും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ സഹായത്തിനെത്തിയപ്പോള്‍ മറന്നുപോയ പല ബന്ധങ്ങളും വീണ്ടെടുക്കുന്നതിന്‍റെ മാധുര്യവും അനുഭവവേദ്യമാകുന്നു.

കൊറോണയില്‍ തകര്‍ന്നടിഞ്ഞ് ധൂര്‍ത്ത്
ധൂര്‍ത്തിന്‍റെ ചെളിക്കുണ്ടില്‍ നീന്നും മിതത്വത്തിന്‍റെ റോസാപ്പൂക്കള്‍ വിരിയിക്കാന്‍ ലോക്ഡൗണിനു കഴിഞ്ഞു. ഒരു ചെറിയ രോഗാണുവിന്‍റെ ചാട്ടവാറടി ഏറ്റപ്പോള്‍ ധൂര്‍ത്തിന്‍റെ പൂരപ്പറമ്പുകളായിരുന്ന ആഘോഷങ്ങളെല്ലാം ലളിതസുന്ദരങ്ങളായി രൂപാന്തരം പ്രാപിച്ചു. മാതാപിതാക്കളും സഹോദരങ്ങളും മാത്രമായി മനസ്സമ്മതവും, വൈദികന്‍ മാത്രമായി മാമ്മോദീസായും നടത്താമെന്നായി. ഭക്ഷണശീലങ്ങളിലാണ് അവിശ്വസനീയമായ ലാളിത്യം കടന്നുവന്നത്. പണമുള്ളതിന്‍റെ പേരില്‍ ജങ്ക്ഫുഡും, വിഷഭക്ഷണവുമുള്‍പ്പെടെ ആവശ്യത്തിലേറെ വാരിവിഴുങ്ങിയതിന്‍റെ ഭോഷത്തരം മനസ്സിലാക്കിക്കൊടുത്തത് ലോക്ഡൗണാണ്. അമിതഭക്ഷണം ഉപേക്ഷിക്കുക മാത്രമല്ല വ്യായാമം ചെയ്യാനും സമയം കിട്ടിയപ്പോള്‍ ഇനിയുള്ള കാലം ആരോഗ്യസംരക്ഷണത്തിനു മുന്‍ഗണന കൊടുക്കുമെന്നും തീരുമാനിക്കാനായത് എത്രയോ വലിയ അനുഗ്രഹം. ജീവിതശൈലിയില്‍ ഒരിടത്തും ധൂര്‍ത്ത് ഇനി കടന്നുവരില്ല എന്ന ദൃഢനിശ്ചയം കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ആശ്വാസത്തിന്‍റേയും പ്രതീക്ഷയുടെയും കതിരുകള്‍ മുളപ്പിക്കുന്നു. പണം അതില്‍ത്തന്നെ നന്മയോ തിന്മയോ അല്ലെന്നും സ്വാര്‍ത്ഥ താത്പര്യങ്ങളുടെ മാധ്യമമാകുമ്പോള്‍ തിന്മയായും കാരുണ്യത്തിന്‍റെ മാധ്യമമാകുമ്പോള്‍ നന്മയായും മാറുന്നുവെന്ന് ഈ മഹാമാരി പഠിപ്പിച്ചതു കൊണ്ടാവാം കുടുംബങ്ങളില്‍ നിന്ന് പുറത്തേയ്ക്കും നന്മപ്രവാഹം നടക്കുന്നത്. അനാവശ്യങ്ങളെല്ലാം ഉപേക്ഷിച്ച് അത്യാവശ്യങ്ങളിലേയ്ക്ക് ചുരുങ്ങിയപ്പോള്‍ മിച്ചം വന്ന പണം കോവിഡ് ദുരിതാശ്വാസത്തിനും, വിധവകള്‍ക്ക് വീടുവച്ചു കൊടുക്കാനും നിര്‍ദ്ധന യുവതികളുടെ വിവാഹം നടത്താനും, ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കാനും ഉപയോഗിക്കുന്ന ധാരാളം കഥകള്‍ ചുറ്റും കേള്‍ക്കുമ്പോള്‍ കൊറോണയ്ക്ക് നന്ദി പറയാതെ വയ്യ.

കുട്ടികള്‍ പറയുന്നു, കൊറോണ നീണ്ടുനില്‍ക്കട്ടെ
ലോക്ഡൗണിന്‍റെ പ്രത്യാഘാതങ്ങളും നഷ്ടസാധ്യതകളും തെല്ലുമറിയാത്ത കുട്ടികള്‍ കൊറോണക്കാലത്തെ ആഘോഷമാക്കുകയാണ്. പരീക്ഷകളുടേയും പഠനത്തിന്‍റേയും ട്യൂഷന്‍റേയും സമ്മര്‍ദ്ദങ്ങളില്ലാതെ വീട്ടിലായിരിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സന്തോഷം മാതാപിതാക്കളുടെ സാന്നിധ്യവും അവരില്‍ നിന്നു കിട്ടുന്ന കരുതലുമാണ്. അവരോടൊത്ത് സംസാരിക്കാനും ഭക്ഷണം കഴിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും ഇഷ്ടംപോലെ അവസരങ്ങള്‍. പല വീടുകളിലും ആദ്യമായിട്ടാണ് മക്കളുടെ കൊച്ചുദുഃഖങ്ങളും പ്രശ്നങ്ങളും മാതാപിതാക്കള്‍ അറിയാനിട വരുന്നത്; സ്നേഹത്തിന്‍റെ ഭാഷയില്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഉള്ളില്‍ കെട്ടിപ്പൂട്ടി വച്ചിരുന്ന സ്നേഹം പുറത്തേക്കൊഴുക്കാന്‍ ഒരു കൊറോണ വേണ്ടി വന്നു. പരസ്പരം കൊടുക്കുന്ന സ്നേഹവും, കരുതലും, സഹായവും വഴി കോവിഡ് ദുരന്തം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തിനും അയവു വരുത്താന്‍ അസംഖ്യം പേര്‍ക്ക് സാധിക്കുന്നു.

ഈ കുടുംബസൗഭാഗ്യം ഇനിയൊരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ.
ലോകസമാധാനം കൈവരാന്‍ എന്തു ചെയ്യണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും 'വരട്ടു ചൊറി' വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മറുപടി അനുകരിച്ച്, കുടുംബങ്ങള്‍ക്ക് കൊറോണ തിരികെത്തന്ന നന്മകള്‍ നിലനില്‍ക്കാന്‍ മറ്റൊരു മഹാമാരി വരണമെന്ന് ആഗ്രഹിക്കാനൊക്കില്ല. ദുരന്തകാലത്ത് തിരുത്തലുകള്‍ വരുത്തുകയും അതിനുശേഷം വര്‍ദ്ധിച്ച ശൗര്യത്തോടെ പഴയ തെറ്റുകളിലേയ്ക്ക് തിരികെ നടക്കുകയും ചെയ്താല്‍ കൂടുതല്‍ വിനാശകരമായ അടുത്ത ദുരന്തം ക്ഷണിച്ചു വരുത്തുമെന്ന് ഉറപ്പാണ്. ഇല്ലായ്മകളുടേയും വല്ലായ്മകളുടേയും നടുവിലായിരുന്നെങ്കിലും, അനേകം നന്മകളെ എത്തിച്ച് ഹൃദയങ്ങളെ വലുതാക്കുന്ന അനുഭവമാണ് ഈ ലോകമഹാമാരി തന്നത്. ജീവിതത്തിലെ ഏറ്റവും വിഭ്രവാത്മകമായ ഈ കടുത്ത കോവിഡ് വെല്ലുവിളിയുടെ ഇടയിലും വീടിനകത്ത് നന്മയുടെ നറുനിലാവ് പരത്താനായത് നഷ്ടപ്പെട്ട സ്വര്‍ണ്ണത്താക്കോല്‍ തിരിച്ചു കിട്ടിയ അനുഭൂതിയാണുണ്ടാക്കുന്നത്. കുടുംബങ്ങളിലേയ്ക്ക് കൊറോണ കൊണ്ടുവന്ന പ്രധാനപ്പെട്ടതും വലിയതുമായ ഈ മാറ്റം (paradigm shift) ഇനിയൊരിക്കലും വിസ്മൃതിയില്‍ വീണുപോവാതിരിക്കട്ടെ.

(കേരള സംസ്ഥാന വനിതാ കമ്മീഷനംഗം, ന്യൂനപക്ഷ വികസന സാമ്പത്തിക കോര്‍പ്പറേഷന്‍ ഡയറക്ടര്‍, 'നെവര്‍ മി' കാംമ്പയിന്‍ സ്ഥാപക, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലേഖിക ഗ്രന്ഥകാരിയും പ്രഭാഷകയുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org