കൊറോണക്കാലത്തെ വിദ്യാഭ്യാസ വിചാരങ്ങള്‍

കൊറോണക്കാലത്തെ വിദ്യാഭ്യാസ വിചാരങ്ങള്‍


ഫാ. ബെന്നി പാലാട്ടി

വ്യക്തിയുടെ പഠനവും പരിശീലനവും വളര്‍ച്ചയുമാണ് വിദ്യാഭ്യാസത്തിന്‍റെ കാതല്‍. അതോടൊപ്പം, പൗരന്‍റെ അവകാശവുമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് രാഷ്ട്രത്തിന്‍റെ ഇടപെടല്‍ അത്യാവശ്യമായത് കൊണ്ട്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ അവകാശം പൗരന്മാര്‍ക്ക് ലഭ്യമാകാന്‍ നേതൃത്വവും സംരക്ഷണവും നല്‍കുന്നു.

ലോകാരോഗ്യ സംഘടന മാര്‍ച്ച് 11 ന് ആഗോളതലത്തില്‍ വ്യാപിക്കുന്ന അപകടകാരിയായ പകര്‍ച്ചവ്യാധിയായി കോവിഡ് 19 നെ പ്രഖ്യാപിച്ചു. പലയിടത്തും അടിയന്തിരാവസ്ഥയും കര്‍ഫ്യൂവും ഷട്ട്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. ലോകം മുഴുവന്‍ നിശ്ചലമാകുന്ന അനുഭവമാണ് തുടര്‍ന്ന് നടന്നത്. ഈ മഹാമാരി വിതയ്ക്കുന്ന തകര്‍ച്ചയില്‍ നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. നീണ്ട കാലത്തെ അടച്ചിടലിന് വിധേയമാക്കപ്പെടുന്നു ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും.

ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണം എന്ന വ്യക്തമായ ധാരണയില്ലെങ്കിലും, വിവിധങ്ങളായ നിലപാടുകളും സാധ്യതകളും പരീക്ഷിച്ചു അതിജീവന തന്ത്രങ്ങള്‍ മെനയുകയാണ് വിദ്യാഭ്യാസരംഗം. ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, ഓരോ വിദ്യാര്‍ത്ഥിയെയും പഠന പ്രക്രിയയില്‍ ചേര്‍ത്ത് നിര്‍ത്തുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വെല്ലുവിളി നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും വിദ്യാഭ്യാസത്തെ വരിഞ്ഞു മുറുക്കുന്ന കെണികളെയോ പാഠ്യ പരിശീലന പ്രക്രിയയിലെ അപചയങ്ങളെയോ നേരിടാതെ, അവയില്‍ത്തന്നെ തുടരാനുള്ള തത്രപ്പാട് വ്യക്തമാണ്. ഓര്‍മ്മ അളക്കുന്നതിനും മത്സരത്തിനും പ്രാധാന്യം നല്‍കുന്നതും പുസ്തകങ്ങളിലെ ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ അമിത ശ്രദ്ധയും പരീക്ഷാകേന്ദ്രീകൃതമായ പഠനവും തുടര്‍ന്ന് കൊണ്ട് തന്നെയാണ് നൂതന പരീക്ഷണങ്ങളുടെയും മുന്നേറ്റം.

ജീവിതസാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ മനസ്സിലാക്കാനും വ്യാഖ്യാനിച്ചു പരിഹാരം കണ്ടെത്തി പെരുമാറ്റങ്ങളെ നവീകരിക്കാനും ആവശ്യമായ കഴിവ് വിദ്യാഭ്യാസത്തിലൂടെ ഓരോ വ്യക്തിയും ആര്‍ജ്ജിക്കണം. ഇതിനു യോജിച്ച വിദ്യാഭ്യാസ ശീലങ്ങള്‍ വളര്‍ത്തി എടുക്കാന്‍ പ്രതിസന്ധിയുടെ ഇ കാലഘട്ടത്തില്‍ ശ്രദ്ധയോടെ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

ജാഗ്രതയുടെ അന്തര്‍ദ്ദേശീയ നിലപാടുകള്‍
വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ കാതലായ കാലഘട്ടം മഹാമാരിയെ നേരിടുന്നതിനിടയില്‍ കടന്ന് പോകാം. ഇതിന്‍റെ പേരില്‍ വരുന്ന ബാധ്യതകള്‍, തലമുറകളുടെയും സമൂഹത്തിന്‍റെയും തളര്‍ച്ചയ്ക്ക് കാരണമാകരുതെന്ന ജാഗ്രതയില്‍, കരുതലോടെ പല നടപടികളുമായി ഐക്യരാഷ്ട്ര സഭയും ഫിന്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങളും മുന്നോട്ട് വന്നുകഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫിന്‍ലാന്‍ഡില്‍ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ബഡ്ജറ്റ് പാക്കേജ് തയ്യാറാക്കി അനുവദിച്ചു. വിദ്യാഭ്യാസം, ശാരീരിക ക്ഷമത, സംസ്കാരം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ അത്യാവശ്യമാണെന്ന് പഠനങ്ങള്‍ നടത്തി അവര്‍ മനസ്സിലാക്കി. സമാന്തര രീതിയില്‍ പഠനങ്ങള്‍ പുരോഗമിക്കുന്നതിനോടൊപ്പം (alternative education) സമഗ്രമായ (comprehensive) വളര്‍ച്ചയ്ക്കാവശ്യമുള്ള വിദ്യാഭ്യാസ ഇടപെടലിന് ഇവര്‍ ഇക്കാലയളവില്‍ പ്രാധാന്യം നല്‍കുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലകളെ പിടിച്ചു നിര്‍ത്തുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കി. ഇതിനായി അധിക തുക നല്‍കാനും തീരുമാനിച്ചു. ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഹാരം കണ്ടെത്താന്‍ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ ഗവേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ പ്രഗത്ഭരെ ചുമതലപ്പെടുത്തി. ഇത് വിദ്യാഭ്യാസ വകുപ്പിന്‍റെ മുഖ്യ ചുമതലയായി നിജപ്പെടുത്തി.

മഹാമാരിയുടെ അപകടങ്ങളും ആഘാതങ്ങളും കുറയ്ക്കാനായി മൂന്ന് കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു പ്രത്യേക പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നു. വിദ്യാഭ്യാസ നേട്ടങ്ങള്‍, ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കിടയിലുള്ള സമത്വം (Learning outcome, well being and equality among children) എന്നീ കാര്യങ്ങളാണ് പ്രത്യേക ശ്രദ്ധ പതിക്കേണ്ട കാര്യങ്ങളായി നിശ്ചയിച്ചിരിക്കുന്നത്. കൊറോണ കാലഘട്ടത്തിലെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള പഠനങ്ങളും പുറത്തു വന്നു തുടങ്ങി.

വിവര സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കിടയില്‍ വളരുന്ന അവസരങ്ങളും അന്തരവും അതിലൂടെ പുറത്ത് വരുന്ന അനീതിയും, വ്യക്തികളുടെ കഴിവ്, വളര്‍ച്ച, സാധ്യതകള്‍, ഉത്പാദനക്ഷമത, ബഹുമാനം എന്നിവയെ ഗൗരവമായി ബാധിക്കുന്നുണ്ടെന്ന് പഠനം സ്ഥിരീകരിക്കുന്നു. ഇവ വ്യക്തികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അന്തരം, സാമ്പത്തിക മേഖലയില്‍ പരിഹരിക്കാനാവാത്ത പ്രതിസന്ധികളായി വളരാനുള്ള സാധ്യതകളും റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു. ഈ അനീതിയെയും അതിനാല്‍ രൂപപ്പെടുന്ന കഴിവുകളിലെ അന്തരത്തെയും ശ്രദ്ധിക്കാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും നടപടികള്‍ സ്വീകരിക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.

ആഭ്യന്തര വിശേഷങ്ങള്‍
അമേരിക്കയിലെ ആകെ ജനസംഖ്യയോളം വരുന്ന ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളും, ഇതില്‍പ്പെടുന്ന കേരളത്തിലെ നാല്പത്തഞ്ചു ലക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികളും ലോകത്തിന്‍റെ ഭാവിയാണ്. മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ഇവരെ ഒരുക്കുന്നതിലും വിദ്യ നല്‍കുന്നതിലും, ആലോചനാ ശീലമുള്ളവരാക്കി വളര്‍ത്തുന്നതിലും വരുംനാളിലെ അതിജീവനത്തിനും നേതൃത്വത്തിനും വേണ്ട കഴിവുകളില്‍ ഇവരെ വളര്‍ത്തുന്നതിലും നമ്മുടെ സര്‍ക്കാരുകള്‍ എന്ത് ചെയ്യുന്നുവെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഈ മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ പല സംസ്ഥാനങ്ങളും വിവിധങ്ങളായ ക്രമീകരണങ്ങളും പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് മുമ്പോട്ട് വരുന്നുണ്ട്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയും മാതാപിതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തുകയുണ്ടായി. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഓണ്‍ലൈന്‍ വഴി ക്ളാസുകള്‍ സജീവമാണ്. ഏപ്രില്‍-ജൂണ്‍ മാസത്തെ സ്കൂള്‍ ഫീസിന് ഇളവുകള്‍ വരുത്താന്‍ പ്രൈവറ്റ് സ്കൂളുകളോട് ഒറീസ ഗവണ്‍മെന്‍റ് ആവശ്യപ്പെടുകയുണ്ടായി. ഫീസ് കൂട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹരിയാന ഗവണ്‍മെന്‍റുകള്‍ സര്‍ക്കുലര്‍ ഇറക്കി, അവധിക്കാല സന്തോഷമെന്ന പേരില്‍ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാവുന്ന പാഠ്യപദ്ധതി കേരള ഗവണ്‍മെന്‍റും തയ്യാറാക്കി നല്‍കി. ഉപരിപഠനമേഖലയില്‍ പരീക്ഷയും തുടര്‍പഠനവും എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ച് അതിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ തയ്യാറെടുക്കുകയാണ് യു.ജി.സി.

വ്യത്യസ്തങ്ങളായ കടമ്പകള്‍ നിറഞ്ഞ വിദ്യാഭ്യാസ മേഖലയില്‍, ഫീസ്, സാങ്കേതിക സഹായം, ഇന്‍റര്‍നെറ്റ്, മാതാപിതാക്കളുടെ സഹകരണത്തിനുള്ള മാര്‍ഗ്ഗരേഖ, വീട്ടിലിരുന്ന് പഠിക്കുന്നതിന്‍റെ ക്രമീകരണങ്ങള്‍, പരീക്ഷാരീതി, ശാരീരിക ക്ഷമത തുടങ്ങി ഏറെ മേഖലകള്‍ പരിഗണിച്ച് പഠിച്ച് അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട സമയമാണിത്. ഇപ്പോഴത്തെ പ്രതിസന്ധികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തി ഗൗരവമായ ഇടപെടലുകള്‍ നടത്താന്‍ ഗവണ്‍മെന്‍റിനാകും. ഗൗരവമായ നിര്‍ദ്ദേശങ്ങളിലൂടെ ശ്രദ്ധിക്കേണ്ട മേഖലകളെ എടുത്തുകാട്ടി പൊതു ജനത്തെയും വിദ്യാഭ്യാസ മേഖലയെയും നേരായ ദിശയില്‍ മുന്നോട്ട് നയിക്കേണ്ട കടമ ഗവണ്‍മെന്‍റിനുണ്ട്. നിലനില്‍പ്പിനായി ചക്രശ്വാസം വലിച്ച് അതിജീവനത്തിന്‍റെ സാധ്യതകള്‍ പരീക്ഷിക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തിയും ദിശയും സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കേണ്ടതുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പഠിപ്പിക്കുന്ന രീതികളിലും പരിവര്‍ത്തനം നടക്കുന്ന സമയമാണിത്. ഓണ്‍ലൈന്‍ പഠിപ്പിക്കല്‍, ഗ്രൂപ്പ് ചാറ്റ്, സ്ക്കൂളിന്‍റെ പ്രവര്‍ത്തനരീതി, ഘടന, പഠനോപകരണങ്ങള്‍, പരീക്ഷാരീതി എന്നിവയിലെല്ലാം ഏറെ പരീക്ഷണങ്ങളും കാതലായ മാറ്റങ്ങളും വന്നു കഴിഞ്ഞു. പുതിയ സാഹചര്യത്തോട് ഇടപഴകി ഒരു നൂതനവിദ്യാഭ്യാസ സംസ്കാരം ഇവിടെ ഉടലെടുക്കുന്നു. ഇവിടെ ശാസ്ത്രീയമായ അപഗ്രഥനവും ഗൗരവമായ പഠനങ്ങളും നടക്കണം. മാറ്റങ്ങളെ താമസിപ്പിച്ചിട്ടോ തടഞ്ഞിട്ടോ കാര്യമില്ല. പകരം, ഭംഗിയായി ക്രമീകരിച്ച് മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. പുതിയ കാലഘട്ടത്തിലെ അതിജീവനത്തിനുള്ള കഴിവുകള്‍ ഇവിടെ പരിശീലിക്കപ്പെടുന്നുണ്ട്. ഇവയില്‍ വൈദഗ്ധ്യം നേടാന്‍ വരുംതലമുറയെയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും തയ്യാറാക്കണം. ഈ മേഖലകളില്‍ ഗവണ്മെന്‍റിന്‍റെ നേതൃത്വം സജീവമാകണം.

വിവര സാങ്കേതിക മേഖല തുറന്നുവെക്കുന്ന സാധ്യതകള്‍ വിശാലമാണ്. ഡിജിറ്റല്‍ നൈപുണ്യത്തിനുള്ള അവസരങ്ങള്‍ക്കൊപ്പം പല അപകടങ്ങളും ഉണ്ട്, ധനിക-ദരിദ്രര്‍, നഗരത്തിലും ഗ്രാമത്തിലും പഠിക്കുന്നവര്‍, ഗവണ്‍മെന്‍റ് സ്വകാര്യ മാനേജ്മെന്‍റ് സ്കൂളുകളില്‍ പഠിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ അസന്തുലിതാവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. അറിവ്', കഴിവ്, നിലവാരം എന്നിവയില്‍ വലിയ അന്തരവും ഉച്ചനീചത്വങ്ങളും വളരാന്‍ അനുവദിക്കരുത്. ഇവയുടെ പേരില്‍ മനുഷ്യരെ തമ്മില്‍ തരംതിരിക്കുകയും അനീതികള്‍ വര്‍ദ്ധിക്കുകയും ചെയ്യരുത്. അരാജകത്വത്തിന്‍റെ സാധ്യതകള്‍ പഠിച്ചു ശരിയായ വഴിയിലൂടെ ഭാവിതലമുറയെ മുന്നോട്ട് നയിക്കേണ്ട സമയം കൂടിയാണ് ഇത്.

നവീകരണ വഴികളിലെ ജനാധിപത്യ ഇടപെടല്‍
പല കാര്യങ്ങളെയും നവീകരിക്കുന്ന വിപ്ലവാത്മകമാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ കാണുന്നുണ്ട്. വിഭാഗീയതയും അധികാര വടംവലിയും വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്നതും, പാഠ്യവിഷയങ്ങളില്‍ രാഷ്ട്രീയ-സാമുദായിക മാത്സര്യം കുത്തിനിറക്കുന്നതും മാറ്റിവെച്ച്, മനുഷ്യത്വത്തിന്‍റെ വില ചര്‍ച്ച ചെയ്യേണ്ട വെളിവിലേക്ക് കൊറോണക്കാലം നമ്മെ നയിക്കുന്നു. മനുഷ്യത്വത്തിന്‍റെ നിലനില്‍പ്പിനാവശ്യമായ കൂട്ടായ്മയും സഹകരണവും, അപരനെ രക്ഷിക്കാന്‍ മുന്‍കരുതല്‍ ആകുന്ന സാമൂഹിക അകലവും പഠനവിധേയമാക്കേണ്ടതാണെന്ന് തെളിയിച്ചിരിക്കുന്നു. പ്രകൃതിയും സമൂഹവും അപരനും ചേര്‍ന്ന മനുഷ്യപ്രകൃതി ബന്ധമാണ് ഇവിടെ മുഖ്യചര്‍ച്ചാ വിഷയം ആകേണ്ടത്.

പഠനസാമഗ്രികളുടെ വില്‍പന, വിദ്യാഭ്യാസത്തെ ഉല്‍പ്പന്നം ആക്കി വിലപേശുന്ന നടപടികള്‍ എന്നിവയ്ക്കിടയില്‍ പുതിയ സാധ്യതകള്‍ തുറന്നുകാട്ടി കൊറോണക്കാലം നമ്മെ വീട്ടുതടങ്കലിലാക്കി. കച്ചവട കേന്ദ്രങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കല്ല, മറിച്ച് വീട് ഒരുക്കുന്ന സാഹചര്യം, അവിടെ രൂപപ്പെടുന്ന വിചാരങ്ങള്‍, സംസാരം, പഠനം എന്നിവയാണ് വലിയ സ്വാധീനവും സാധ്യതയും എന്ന് തെളിഞ്ഞു. വീട് ഒരുക്കുന്ന സാഹചര്യങ്ങളില്‍ വിലയേറിയ പഠനസാധ്യതകള്‍ ഉണ്ടെന്ന് നാമിന്ന് തിരിച്ചറിയുന്നു. അടുക്കളയിലും തൊടിയിലും ചെടികള്‍ക്കിടയിലും, ഭക്ഷണ മേശയിലും വര്‍ത്തമാനത്തിലും എല്ലാം പഠനോപാധികളും പഠനക്രമങ്ങളും ഉണ്ടെന്ന് നാം ഇന്ന് അനുഭവിച്ചറിയുന്നു.

പഠനത്തിന്‍റെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനത്തിനും ട്യൂഷന്‍ കോച്ചിങ്ങിലൂടെയേ പഠിക്കാനാകൂ എന്ന അപകട ധാരണയില്‍ നിന്നുള്ള വിടുതലിനും തിരിനാളം ഉയര്‍ന്നിരിക്കുന്നു. വിഷുക്കണി പോലെ ഏറെ സാധ്യതകളുടെ പുതുപുലരി നമുക്ക് കാണാന്‍ കഴിയും. ജോലിയും പണവും മാത്രം ശ്രദ്ധിച്ച് മത്സരത്തിന്‍റെ വഴിയിലൂടെ വിദ്യാഭ്യാസത്തെ സമീപിക്കുന്ന നിലയില്‍നിന്ന്, സഹകരണത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും സമഗ്രവളര്‍ച്ചയുടെയും സാധ്യതകള്‍ തുറക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ ശരിയായ ലക്ഷ്യങ്ങളും രീതികളും പരിശീലനങ്ങളും ഉറപ്പിക്കാന്‍ പറ്റിയ സമയം.

അവ്യക്തതയുടെ ഈ കാലഘട്ടത്തില്‍ സ്വാഭാവികമായി രൂപംകൊണ്ട് പഠിപ്പിക്കലും പഠനത്തിന്‍റെ രീതികളും മാറ്റത്തിന് കാഹളം മുഴക്കുന്നു. നാളെയുടെ ശീലങ്ങളായി ഇവ മാറും, സ്വന്തം കാലില്‍നിന്ന് പഠിക്കുന്നതിനും ഗൃഹാന്തരീക്ഷത്തിന്‍റെ നന്മയില്‍ വളരുന്നതിനും കാലവും പ്രകൃതിയും കുട്ടികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇതിന്‍റെ നന്മകളില്‍ പ്രാവീണ്യം നേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

ചരിത്രപാഠങ്ങള്‍
അതിഗൗരവമായ പ്രതിസന്ധികള്‍ ഇതിന് മുമ്പും മനുഷ്യ കുലത്തെ ബാധിച്ചിട്ടുണ്ട്. ബ്ലാക്ക് ഡെത്ത്, സ്പാനിഷ് ഫ്ളൂ, ലോക മഹായുദ്ധങ്ങള്‍, സ്വാതന്ത്ര്യ സമരങ്ങളുടെ കാലഘട്ടം തുടങ്ങി പ്രകൃതിക്ഷോഭങ്ങളും മനുഷ്യകുലത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓരോ സാഹചര്യത്തിലും ഉയര്‍ത്തെഴുന്നേല്‍പ്പിനും ശാക്തീകരണത്തിനും വഴിതെളിഞ്ഞത് ഭരണ ക്രമീകരണത്തിലൂടെയും വിദ്യാഭ്യാസ നവീകരണത്തിലൂടെയും ആണെന്നുള്ളത് നാം മറന്നുപോകരുത്.

അടിമത്വത്തിന്‍റെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും ഇടയില്‍ നിന്ന് രൂപപ്പെട്ട ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകള്‍ നമ്മുടെ ചരിത്രമാണ്. സ്വാതന്ത്ര്യത്തിനു ശേഷമല്ല, സ്വാതന്ത്ര്യ സമരങ്ങളില്‍നിന്ന്, ദുരന്തങ്ങളില്‍നിന്ന് ഉയര്‍ത്തു വന്ന പൊന്‍പ്രഭയാണ് 'അടിസ്ഥാനവിദ്യാഭ്യാസം'. സമഗ്രവളര്‍ച്ചയ്ക്ക് വഴിതെളിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ഭാരതത്തിന്‍റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ദിശ കാട്ടുന്ന വിദ്യാഭ്യാസരീതി.

വ്യാവസായിക വിപ്ലവം കൊണ്ടുവന്ന സാമൂഹിക അരാജകത്വവും ഉച്ചനീചത്വവും വളരെനാള്‍ നീണ്ടുനിന്നു. തൊഴിലാളികള്‍ അടിമകളെപ്പോലെ ആയി. കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മോണ്ടിസോറിയുടെ പാഠ്യപദ്ധതി രൂപപ്പെട്ടത്. പ്രതിസന്ധികള്‍ തരുന്ന വേദനകള്‍ക്കിടയില്‍ നിന്നുതന്നെയാണ് വിദ്യാഭ്യാസ വിപ്ലവവും പഠിപ്പിക്കലിന്‍റെയും പഠനത്തിന്‍റെയും നൂതന ശൈലികളും വളര്‍ന്നുവരേണ്ടത്. സ്വാഭാവികമായി ഉടലെടുക്കുന്ന ഈ വഴികള്‍ക്ക് ശരിയോട് കൂടുതല്‍ അടുപ്പമുണ്ട്.

വിദ്യാഭ്യാസ പരിഷ്കാരത്തിന്‍റെ ഊന്നലുകള്‍

കുട്ടികളുടെ സമയം ചെലവഴിക്കാനും സമാധാനപരമായ കുടുംബാന്തരീക്ഷം നിലനിര്‍ത്താനും പരിപാടികള്‍ തയ്യാറാക്കുന്നതിനോടൊപ്പം, വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം, പഠനത്തിന്‍റെ സാഹചര്യം, വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം, പഠനോപാധികളുടെ പുനഃക്രമീകരണം, പാഠ്യോപകരണങ്ങളുടെ ആവശ്യകതയും സ്വഭാവവും, ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയ അപഗ്രഥനം നടത്തി നയം വ്യക്തമാക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഗവണ്‍മെന്‍റിന് സാധിക്കണം. മഹാമാരിയിലൂടെ ഉടലെടുക്കുന്ന വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ക്രിയാത്മക ഇടപെടല്‍ നടത്താന്‍ ഗവണ്‍മെന്‍റിന് കഴിയണം. പരിവര്‍ത്തനത്തിലൂടെ കടന്നുവരുന്ന വിദ്യാഭ്യാസ മേഖലയ്ക്ക് പുതുജീവനും ഊര്‍ജ്ജവും നല്‍കി മുന്നോട്ടു കൊണ്ടുപോകണം. ഇതിനായി ഭരണകര്‍ത്താക്കളും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മാതാപിതാക്കളും തയ്യാറാകണം. ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍

* വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രകൃതി, സഹജീവികള്‍, മനുഷ്യന്‍ എന്നിവയെ ഗൗരവമായി പരിഗണിക്കണം.

* പഠിക്കാനുള്ള വിഷയങ്ങളുടെ ക്രമീകരണത്തില്‍ ആരോഗ്യം, ശാരീരികക്ഷമത, പ്രകൃതിയോട് ചേര്‍ന്ന പഠനജീവിത രീതികള്‍, മനുഷ്യന്‍റെ സമഗ്രവളര്‍ച്ച, സാമൂഹികജീവിതം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം.

* പഠിപ്പിക്കുന്ന രീതികളില്‍ മത്സര കേന്ദ്രീകൃത ശൈലികള്‍, രാഷ്ട്രീയ മതപരമായ കൈകടത്തലുകള്‍ എന്നിവ മാറ്റി വയ്ക്കണം. മനുഷ്യത്വത്തിന്‍റെ അടിസ്ഥാനപരവും സ്വാഭാവികവുമായ ശീലങ്ങളില്‍ ഊന്നിയ വഴികള്‍ ഉള്‍ക്കൊള്ളിക്കണം. മാനുഷിക വിഭവ സമാഹരണത്തിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ ഉപയോഗപ്പെടുത്തണം. ഗാന്ധിജിയുടെ കാഴ്ചപ്പാടില്‍ ശാസ്ത്രജ്ഞന്‍, ചെരുപ്പുകുത്തി, ഗ്രാമത്തിലെ വ്യത്യസ്ത സേവനങ്ങള്‍ ചെയ്യുന്നവര്‍ എല്ലാം പഠിപ്പിക്കലിന്‍റെ പ്രക്രിയയില്‍ ഗൗരവ സ്ഥാനം വഹിക്കുന്നവരാണ്.

* അറിവ് നേടുക, പഠിപ്പിക്കുക, ചിന്തിക്കുക എന്നിവയെ സ്കൂളിന്‍റെ മതിലുകളിലും ക്ലാസ് മുറികളിലും ഒതുക്കിയ ചരിത്രമാണുള്ളത്. ഈ രീതി മാറണം.

ഫാക്ടറി രീതിയിലേക്ക് വിദ്യാഭ്യാസത്തെ ഒരുക്കിയ വ്യവസായ വിപ്ലവം യൂണിഫോം, മുറികള്‍, മണി എന്നിവ വിദ്യാഭ്യാസത്തിന്‍റെ അഭിവാജ്യ ഘടകങ്ങളാക്കി. കൊളോണിയല്‍ നിയന്ത്രണങ്ങള്‍ കോട്ടും ടൈയും ധരിക്കുന്ന വ്യവസ്ഥയ്ക്കും ക്ലെറിക്കല്‍ എഫിഷ്യന്‍സിയുടെ കഴിവുകള്‍ക്കും മത്സരപരീക്ഷയ്ക്കും ഓര്‍ത്തെടുക്കുന്ന പഠനമുറകള്‍ക്കും വേണ്ട കനലുകള്‍ ഇട്ട് വിദ്യാഭ്യാസത്തെ വളച്ചൊടിച്ചു. മതരാഷ്ട്രീയ കച്ചവട കണ്ണുകള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ വിദ്യാഭ്യാസത്തെ ഉല്‍പ്പന്നം ആക്കി മാറ്റി. എന്നാല്‍ ഈ മഹാമാരിയിലൂടെ, ഇപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ സ്വാഭാവികതയും ക്രിയാത്മകതയും സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍ അവസരമൊരുങ്ങുന്നു. നന്മയെ തിരിച്ചു പിടിക്കണം. കെട്ടിട സമുച്ചയത്തില്‍ നിന്നും അടച്ചിട്ട മുറിയില്‍ നിന്നും വിദ്യാഭ്യാസത്തെ മോചിപ്പിക്കണം.

സാമ്പത്തിക മേഖലയുടെ തകര്‍ച്ച വിവരണാതീതമാണിപ്പോള്‍. എല്ലാ മേഖലയും ഇപ്പോള്‍ അടഞ്ഞു കിടക്കുന്നു. ഈ പ്രതിസന്ധിയെ പഠിക്കുന്നവരും അനുഭവിക്കുന്നവരും ഈ കാലഘട്ടത്തിലും അവശേഷിക്കും. ഇതിനിടയില്‍ ആരോഗ്യമേഖലയിലും വ്യവസായമേഖലയിലും മാത്രം ശ്രദ്ധിച്ചു ബഡ്ജറ്റുകള്‍ രംഗ പ്രവേശം ചെയ്യാനാണ് സാധ്യത. ഇത് അപകടം വിളിച്ചു വരുത്തും. ഓരോ മേഖലയ്ക്കും അര്‍ഹമായ പണം നീക്കിവെക്കണം എന്ന് പറയുന്ന സാമ്പത്തിക മേഖലയിലെ അംഗീകരിക്കപ്പെട്ട പഠനങ്ങളുണ്ട്. രൂപപ്പെട്ട ഒരു പ്രശ്നവും അതിന്‍റെ ആഘാതവും കണക്കു കൂട്ടിയല്ല, മറിച്ച് സമൂഹത്തിന്‍റെ ഭാവി പരിഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്തിന് ഗൗരവശ്രദ്ധ നല്‍കി അതിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തേണ്ടത്.

സാമൂഹിക-സാംസ്കാരിക സാഹചര്യത്തില്‍, മനുഷ്യബുദ്ധിയുടെ സ്വഭാവത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായ സ്റ്റേണ്‍ ബര്‍ഗിന്‍റെ കാഴ്ചപ്പാടുകള്‍ വിലയേറിയതാണ്. ഇതനുസരിച്ച്, മനുഷ്യബുദ്ധിയുടെ തലങ്ങള്‍ ചിന്തനീയമാണ്. കാര്യങ്ങളെ വിലയിരുത്താനും, ക്രിയാത്മക നിലപാടുകളില്‍ എത്താനും പ്രായോഗിക ജീവിതരീതിയിലൂടെ മറുപടി നല്‍കുവാനുള്ള വിദ്യാഭ്യാസം ആവശ്യമാണ്. അപ്പോള്‍ ബുദ്ധിയുടെ ഇടപെടല്‍ ഫലപ്രദമാകും. ബുദ്ധിവികാസത്തിന്‍റെ ഈ ശൈലി കുട്ടികള്‍ക്ക് വിലയേറിയ പഠനാനുഭവമാകും.

ഗൃഹാന്തരീക്ഷത്തിന് കിട്ടിയ ഇടവേള അനുഭവം
വീട്ടിലെ കുറേ ഇടവേളദിനങ്ങളിലൂടെ പലതിന്‍റെയും ആത്മാവ് കണ്ടെത്തി. വീട്ടില്‍ ഒരുക്കുന്ന ഭക്ഷണത്തിന്‍റെ സ്വാദ് തിരിച്ചറിഞ്ഞു, നിലനില്‍പ്പിലെ വെല്ലുവിളിയും പട്ടിണിയുടെ യാഥാര്‍ത്ഥ്യവും നാം തിരിച്ചറിഞ്ഞു. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ബഹുമാനത്തിന്‍റെയും, സഹകരണത്തിന്‍റെയും മൂല്യം നാം തിരിച്ചറിഞ്ഞു. പൂക്കളുടെയും ചെടികളുടെയും പ്രകൃതിയുടെയും മാഹാത്മ്യം തിരിച്ചറിഞ്ഞു. ഇതുപോലെ ഭവനത്തില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഈ ഇടവേള ഒരുക്കുന്ന പഠനശീലങ്ങളും ആലോചന ശക്തിയും വിദ്യാഭ്യാസത്തിന്‍റെ മൂല്യം തിരിച്ചറിയാന്‍ മനുഷ്യന് വഴി തുറക്കട്ടെ.

വിപത്തുകള്‍ വിതയ്ക്കപ്പെട്ട ഈ കാലഘട്ടത്തില്‍, വീട്ടിലിരിക്കുന്നവരുടെ ഇടപെടലിലൂടെ രൂപപ്പെടുന്ന നവീന വിദ്യാഭ്യാസ ശീലങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്കും പ്രക്രിയകള്‍ക്കും നവീകരണം നല്‍കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി നവീകരണത്തെ നിലനിര്‍ത്തുന്നതിനാവശ്യമായ ഒരുക്കവും പരിശീലനവും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കാം. ഗൃഹാന്തരീക്ഷത്തില്‍ നിന്നുയരുന്ന ശീലങ്ങള്‍ വിദ്യാഭ്യാസത്തെ ഗുണകരമായ പരിവര്‍ത്തനത്തിലേക്ക് നയിക്കും.

വീടുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന അവസരവുമായാണ് കൊറോണ കടന്നുവന്നിരിക്കുന്നത്. കുട്ടികളുടെ പഠനരീതികളിലെ ആശയങ്ങള്‍ വ്യാഖ്യാനിച്ച് ജീവിത സാഹചര്യങ്ങളോട് ബന്ധിപ്പിക്കുന്നതിനു മാതാപിതാക്കള്‍ മിക്കവാറും തുനിയാറില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ വീട്ടിലുള്ള ഈ വെല്ലുവിളികളെ നേരിടേണ്ടത് അത്യന്താപേക്ഷിതമായിത്തീര്‍ന്നിരിക്കുന്നു. ട്യൂഷനില്ല, ടീച്ചറിന്‍റെ സഹായം കിട്ടുന്നതും തുച്ഛമായ സമയങ്ങളില്‍, അതിനാല്‍, പഠിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ഇടപെടല്‍ ആവശ്യമായ സന്ദര്‍ഭമാണിത്. ഇവിടെ നിന്നു കൊണ്ട് വീട്ടില്‍ വളര്‍ത്തിയെടുക്കാവുന്ന പഠന രീതികളും അവയുടെ സാധ്യതകളും ചിന്തിക്കണം. പഠനത്തിനു വേണ്ട സാഹചര്യം, പഠനത്തിന്‍റെ ക്രമീകരണം, പഠിക്കുന്ന ആശയങ്ങള്‍ സംവദിക്കുന്ന ബന്ധങ്ങള്‍, കൃഷി, ചര്‍ച്ചകള്‍, അടുക്കള, ശുചിത്വം തുടങ്ങിയ മേഖലകളില്‍ പഠനത്തെ നയിക്കാനും ഫലപ്രദമായ പഠനാനുഭവം ഒരുക്കാനും വീട്ടിലുള്ളവര്‍ക്ക് സാധിക്കും.

കുട്ടികളുടെ വ്യക്തിത്വത്തെ വളര്‍ത്തി എടുക്കാവുന്ന പരിശീലനങ്ങള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സമയമാണിത്. ചിന്താശക്തി, വിനിമയത്തിലെ കഴിവുകള്‍, താല്പര്യമുള്ള മേഖലയിലെ നിരന്തര പരിശീലനം, പ്രായോഗിക പരിശീലനം, പ്രകൃതിയോട് ചേര്‍ന്നുള്ള പഠന രീതികള്‍ തുടങ്ങി ഏറെ നന്മകള്‍ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കാവുന്ന സാഹചര്യം വീടിന്‍റെ ചുറ്റുപാടുകളിലുണ്ട്. കുട്ടികള്‍, സമൂഹം, വീട്, പ്രകൃതി എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ക്ലൂസിവ് ജീവിതശൈലിയിലൂടെ പഠനം ഫലപ്രദമായി, വേഗതയില്‍ പുരോഗമിക്കാന്‍ സാധ്യതയുള്ള സാഹചര്യമാണ് വീടും ചുറ്റുപാടും.

വീട്ടുതടങ്കല്‍ അനുഭവം നാശത്തിന്‍റെയും അവസാനത്തിന്‍റെയും അടയാളമല്ല. സ്വയം വിലയിരുത്തലിന്‍റെയും നവീകരണത്തിന്‍റെയും സമയമാണ്. കാശ്മീരില്‍ ഉള്ളവര്‍ വീട്ടുതടങ്കലില്‍ എത്രകാലമാണ് ചെലവഴിച്ചത്. ഏറെ നേതാക്കള്‍ തടങ്കല്‍ കാലം വായനയും പഠനവും രചനയുമാക്കി മാറ്റി. വീടിന്‍റെ സാധ്യതകളില്‍ പഠന നിലവാരം ഉയര്‍ത്തുന്ന വഴികളാണ് അന്വേഷിക്കേണ്ടത്.

ഉപസംഹാരം
മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇവയെ തടയാനാകില്ല. മാറ്റങ്ങളെ ഉപയോഗപ്പെടുത്തി വളര്‍ച്ചയും വികാസവും നേടിയെടുക്കണം. കുട്ടികളുടെ ഏതാനും മാസത്തെ ലാഭനഷ്ടക്കണക്കുകള്‍ അല്ല സമൂഹത്തിന്‍റെ സുസ്ഥിരമായ വളര്‍ച്ചയും വ്യക്തിയുടെ സമഗ്രമായ വികാസവുമാണ് കണക്കിലെടുക്കേണ്ടത്.

നിലനില്‍പ്പിന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൂടെ പഠന അനുഭവത്തെ പ്രാപിക്കുവാനുള്ള കാലഘട്ടമാണിത്. ദാരിദ്ര്യം, സാമൂഹ്യ സുരക്ഷ, ജീവന്‍, ഭക്ഷണശീലങ്ങള്‍, മുതിര്‍ന്നവരോടുള്ള ആദരവ്, പ്രകൃതി, കൃഷി, കഴിവുകള്‍, ശുചിത്വം, നിലനില്‍പ്പിന്‍റെ വെല്ലുവിളികള്‍, ഭവനം എന്നിവയിലൂടെ വിഷയങ്ങളെയും പഠന അനുഭവത്തെയും ആസ്വാദ്യമാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനനിരതമായ സാഹചര്യം. വിദ്യാഭ്യാസം സ്കൂളിനും ക്ലാസ് മുറിക്കും പുറത്തേക്ക് എടുക്കാനുള്ള സുവര്‍ണാവസരം. മാറ്റത്തിന്‍റെയും വളര്‍ച്ചയുടെയും കാലം.

സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക മേഖലകളില്‍ സുസ്ഥിരവികാസം ഉള്ള ഒരു നാടിനുവേണ്ടി വിദ്യാഭ്യാസ മേഖലയിലെ പക്വമായ ഇടപെടലിന് നേതൃത്വം നല്‍കാം. പ്രതിസന്ധികളെ നേരിടുന്ന ഈ കാലത്ത് വിദ്യാഭ്യാസ പ്രക്രിയയില്‍ ഭവനങ്ങള്‍ സജീവമാകട്ടെ. മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തെ പടുത്തുയര്‍ത്തുന്ന, ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലങ്ങള്‍ വിളയിക്കുന്ന മേഖലയായി വിദ്യാഭ്യാസമേഖല വിരാജിക്കട്ടെ.

palattybenny@yahoo.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org