കൊറോണയും കുടുംബവും

കൊറോണയും കുടുംബവും


ഫാ. ജോസ് കോട്ടയില്‍

എസ്.എച്ച്. ചര്‍ച്ച്, ഉള്ളനാട്

ആമുഖം
അതിസൂക്ഷ്മാണുവായ കൊറോണവൈറസ് പരത്തുന്ന കോവിഡ്-19 ഒരു മഹാമാരിയായി ലോകത്തെ മുഴുവന്‍തന്നെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇനിയും മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ ലോക്ക് ഡൗണിലൂടെ പ്രതിരോധിക്കാനേ നമുക്ക് കഴിയുന്നുള്ളൂ. 2020 മാര്‍ച്ച് 22 മുതല്‍ നാം വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ (ക്വാറന്‍റൈന്‍) നിര്‍ബന്ധിതരായിരിക്കുന്നു. രോഗവ്യാപനം തടയാന്‍ അത് അനിവാര്യമായി. ആദ്യമൊക്കെ പലര്‍ക്കും ലോക്ക്ഡൗണ്‍ പ്രയാസമായിത്തോന്നിയെങ്കിലും കുടുംബത്തിന്‍റെ സൗന്ദര്യവും കുടുംബം തരുന്ന സുരക്ഷിതത്വവും വിലമതിക്കാന്‍ അത് ക്രമേണ അവസരമൊരുക്കി.

വിവാഹവും കുടുംബവും വേണ്ടാ എന്ന് ചിന്തിക്കുകയും പറയുകയും ചെയ്തിരുന്ന കുറെ ആളുകള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് കുടുംബംപോലെ സുരക്ഷിതമായ ഒരു സങ്കേതം വേറെയില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന കോവിഡ് -19 ന്‍റെ രംഗപ്രവേശം. ലോക്ക് ഡൗണ്‍ കാലത്ത് ചില കുടുംബങ്ങള്‍ ജീവിച്ച രീതിയും അതു നല്കിയ സന്തോഷവും രേഖപ്പെടുത്തുന്നതിനോടൊപ്പം മറ്റു ചില കുടുംബങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും ഹ്രസ്വമായി ഇവിടെ ചൂണ്ടിക്കാട്ടാനാണ് ശ്രമിക്കുന്നത്. എനിക്ക് സുപരിചിതരായ ചില ആളുകളോടുള്ള സംഭാഷണമാണ് മുഖ്യമായും ഇതിന് ആധാരം. വീട്ടിലായിരിക്കാനും കുടുംബബന്ധങ്ങള്‍ ദൃഢകരമാക്കാനും ഒരു നല്ല കുടുംബമാകാനും അവരില്‍ മിക്കവര്‍ക്കും കോവിഡ്-19 നോടനുബന്ധിച്ചുണ്ടായ ലോക്ക്ഡൗണ്‍ സഹായിച്ചു.

കുടുംബം ദേവാലയം
സ്നേഹിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ് കുടുംബമെന്നും അതു രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നുമുള്ള ഒരു ബോധ്യം ലോക്ക്ഡൗണ്‍, കുടുംബങ്ങള്‍ക്ക് നല്‍കി. ദേവാലയത്തില്‍ വന്ന് ദിവ്യബലിയില്‍ സംബന്ധിക്കാനും കൗദാശികകൃപകള്‍ സ്വീകരിക്കാനും കഴിയാത്തതില്‍ ദുഃഖമുള്ളവരാണ് എല്ലാവരുംതന്നെ. അതിനാല്‍ റ്റിവി, യൂട്യൂബ്, മറ്റു മാധ്യമങ്ങള്‍ എന്നിവ വഴി സംപ്രേഷണം ചെയ്ത പരിപാടികളില്‍ ഭക്തിപൂര്‍വ്വം കുടുംബം ഒന്നായി പങ്കെടുത്തു. കുടുംബം മുഴുവന്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ചൂണ്ടിക്കാട്ടപ്പെട്ടു. വൈകുന്നേരങ്ങളില്‍ പുരുഷന്മാരും യുവാക്കന്മാരും പല കാരണങ്ങള്‍ക്കായി പുറത്തുപോയിരുന്നതുകൊണ്ട് പൊതുപ്രാര്‍ത്ഥനയില്‍ പതിവായി പങ്കെടുത്തിരുന്നില്ല എന്നവര്‍ തുറന്നു സമ്മതിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ദിവസം പല പ്രാവശ്യം കുടുംബം പ്രാര്‍ത്ഥനയ്ക്കായി സമയം കണ്ടെത്തിയെന്നതാണ് സന്തോഷകരം. ജപമാല, കരുണക്കൊന്ത, യാമപ്രാര്‍ത്ഥനകള്‍, ബൈബിള്‍ വായന എന്നിവ വ്യത്യസ്തസമയങ്ങളില്‍ നടത്തി. കുടുംബം ഗാര്‍ഹികസഭയാണെന്നും ദേവാലയമാണെന്നുമുള്ള സഭാപ്രബോധനം ലോക്ക്ഡൗണ്‍ കാലം അന്വര്‍ത്ഥമാക്കി. ഇക്കാലത്ത് മൊബൈലില്‍ വന്ന ഒരു ട്രോള്‍ ചിന്തനീയമാണ്. ദൈവവും സാത്താനും തമ്മിലുള്ള സംഭാഷണമാണ് വിഷയം. സാത്താന്‍ പറഞ്ഞു, "ഞാന്‍ ദേവാലയങ്ങളെല്ലാം പൂട്ടിച്ചല്ലോ." ദൈവം അപ്പോള്‍ പറഞ്ഞു, "ഞാന്‍ വീടുകളെല്ലാം ദേവാലയങ്ങളാക്കി." വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ലെന്ന് സുഹൃത്തുക്കള്‍ ഏറ്റുപറഞ്ഞു. കുട്ടികള്‍ക്ക് വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രദ്ധിച്ചവരെയും കണ്ടുമുട്ടി. 'ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ രീതിതന്നെ തുടര്‍ന്നാല്‍ പോരേ? പള്ളിയില്‍ പോകേണ്ടതില്ലല്ലോ?' ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. അതിന് ഉത്തരം നല്കിയത് എന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു മതാധ്യാപകനാണ്. 'അതു പറ്റില്ല. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ നല്കപ്പെട്ട ഒരു നിയമമാണ് വീട്ടിലിരുന്ന് മാധ്യമം വഴി പ്രക്ഷേപണം ചെയ്യുന്ന ദിവ്യബലിയില്‍ പങ്കെടുക്കുക എന്നത്. ഒരു അസാധാരണ സന്ദര്‍ഭമാണിത്. സാധ്യമല്ലാത്തത് നമുക്ക് ചെയ്യാന്‍ കടമയില്ല. സഭാനിയമം അത് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ സാധാരണസമയത്ത് കൂദാശകളെക്കുറിച്ചുള്ള സ്വാഭാവിക നിയമങ്ങള്‍ നാം അനുസരിക്കുകതന്നെ വേണം. ഒരോരുത്തര്‍ക്കും തോന്നിയപോലെ സൗകര്യാര്‍ത്ഥം നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല.'

കൂട്ടായ്മയ്ക്ക് ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
കുടുംബത്തില്‍ ഗാഢമായ സ്നേഹവും ഐക്യവും വളര്‍ത്തുന്നതിന് കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചെയ്യാവുന്ന കഴിയുന്നത്ര കാര്യങ്ങള്‍ വികസിപ്പിക്കുന്നത് ആവശ്യമാണ്. അക്കാര്യത്തെക്കുറിച്ചുള്ള ബോധ്യക്കുറവും സമര്‍പ്പണരാഹിത്യവും വേണ്ടത്ര പരിശീലനമില്ലായ്മയും പല കുടുംബങ്ങളും ദൈവം ആഗ്രഹിക്കുന്നതുപോലെ ആകുന്നതിന് തടസ്സമാകുന്നു. വലിയൊരു തിരിച്ചറിവിനും തിരുത്തലിനും ലോക്ക് ഡൗണ്‍ അവസരമൊരുക്കി എന്നു കരുതുന്നവര്‍ ധാരാളമാണ്. ഒന്നിച്ച് ഭക്ഷണം പാകം ചെയ്ത് ഒന്നിച്ചു കഴിക്കാനിടയായതിന്‍റെ മാധുര്യം പലരും പങ്കുവച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളും പങ്കുവച്ചു ചെയ്യാനാണ് ഈ സമയത്ത് എല്ലാവരും ശ്രദ്ധിച്ചത്.

ഹൃദയപൂര്‍വ്വം ഉള്ളു തുറന്നു സംസാരിക്കാന്‍ കിട്ടിയ അവസരം നന്മനിറഞ്ഞ അനുഭവമായി എല്ലാവരും മനസ്സില്‍ സൂക്ഷിക്കുന്നു. അന്നന്നു ചെയ്യേണ്ട കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് ആലോചിച്ചും തീരുമാനിച്ചും നടപ്പാക്കിയ കുടുംബങ്ങളുണ്ട്. അടുക്കും ചിട്ടയും അതു കുടുംബത്തില്‍ ഉണ്ടാക്കി. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും മാതാപിതാക്കന്മാരും മക്കളും തമ്മിലും പ്രത്യേകം പ്രത്യേകം സംഭാഷിക്കാന്‍ സമയം ചെലവഴിച്ചവരുമുണ്ട്. മക്കള്‍ ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കാന്‍ കഴിഞ്ഞത് ഊഷ്മളമായ ബന്ധം വളര്‍ത്തിയെന്നു പറഞ്ഞവര്‍ നിരവധി. നമ്മുടെ കുടുംബബന്ധങ്ങള്‍ ആര്‍ദ്രമാകുന്നില്ലെങ്കില്‍, അതിന്‍റെ മുഖ്യകാരണം യഥാര്‍ത്ഥ ആശയവിനിമയത്തിന്‍റെ അഭാവമാണെന്ന് മിക്കവരും തിരിച്ചറിഞ്ഞു. തിരക്കേറിയ ജോലികളും ഔദ്യോഗിക ഉത്തരവാദിത്വങ്ങളും കുടുംബബന്ധങ്ങള്‍ക്ക് പ്രാമുഖ്യം നല്കാന്‍ തടസ്സമാകുന്നു. സത്യത്തില്‍ കുടുംബമാണ് പ്രധാനപ്പെട്ട കാര്യം.

ലൈംഗികബന്ധം ആഴപ്പെട്ടു
ഒരുങ്ങിയും സമയമെടുത്തും നടത്തിയ സ്നേഹത്തിന്‍റെ പ്രകാശനമായ ലൈംഗികബന്ധങ്ങള്‍ മധുവിധുകാലത്തെ നവീകരിച്ചുവെന്ന് പറഞ്ഞ ദമ്പതികളുമുണ്ട്. ബഹുകാര്യവ്യഗ്രതകള്‍ ലൈംഗികബന്ധത്തെ യാന്ത്രികമാക്കിയിരുന്നുവെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നു. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ കുടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്ന് നവമാധ്യമങ്ങളില്‍ വന്ന ട്രോളുകള്‍ ലൈംഗികബന്ധത്തെയാണല്ലോ ഉന്നംവച്ചത്.

പരിസ്ഥിതി സൗഹൃദജീവിതം
കുടുംബം ഒന്നിച്ച് ജൈവകൃഷിയും അടുക്കളത്തോട്ടവും തുടങ്ങാന്‍ മുന്നിട്ടിറങ്ങിയതും ശ്ലാഘനീയമാണ്. വല്യപ്പനും വല്യമ്മയും ഉണ്ടായിരുന്ന ചില കുടുംബങ്ങള്‍ തൊടിയില്‍ നിന്ന് പണ്ട് ഭക്ഷണത്തിന് ഉപയോഗിച്ചിരുന്ന സസ്യങ്ങളുടെ നീണ്ട പട്ടിക വിശദീകരിച്ചുകൊടുത്തത് കുഞ്ഞുമക്കള്‍ക്ക് അത്ഭുതമായിരുന്നു. പരിസ്ഥിതിസൗഹൃദമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കൊറോണ-19 എല്ലാവരെയും പ്രേരിപ്പിക്കുന്നുണ്ട്. പണവും ലാഭേച്ഛയും മാത്രം നോക്കി പ്രകൃതിയെയും പ്രകൃതിവസ്തുക്കളെയും അമിതമായി ചൂഷണം ചെയ്യുന്നതിന്‍റെ ദോഷഫലങ്ങള്‍ സര്‍വ്വജീവജാലങ്ങളുടെയും ഭാവി ഇരുണ്ടതാക്കുന്നു. ആഗോളതാപനം, അന്തരീക്ഷ മലിനീകരണം, പ്രളയങ്ങള്‍, കാട്ടുതീ, മഞ്ഞുരുകല്‍ തുടങ്ങി എത്രയെത്ര വെല്ലുവിളികളാണ് നാം നേരിടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ലോകമെമ്പാടും ആഗോളതാപനവും അന്തരീക്ഷമലിനീകരണവും കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നമുക്ക് പുത്തന്‍തീരുമാനങ്ങള്‍ക്ക് പ്രചോദനമാകണം.

കൊറോണവൈറസിന്‍റെ ശമനത്തിനുവേണ്ടി ഫ്രാന്‍സീസ് പാപ്പാ കഴിഞ്ഞ മാര്‍ച്ച് 27-ന് നടത്തിയ Urbi et Orbi ആശീര്‍വാദ പ്രാര്‍ത്ഥനയുടെ സമയത്ത് പറഞ്ഞ വാക്കുകള്‍ നമുക്ക് പാഠമാണ്. തെറ്റായതും ഉപരിപ്ലവവുമായ കാര്യങ്ങളുടെ ചുറ്റുമാണ് നാം നമ്മുടെ ഷെഡ്യൂള്‍സ് – പദ്ധതികള്‍, ശീലങ്ങള്‍, പ്രാമുഖ്യങ്ങള്‍ – എന്നിവ കെട്ടിപ്പടുത്തിരിക്കുന്നത്. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തില്‍ നാം പലതും മറന്നു. പാവങ്ങളുടെയും പ്രപഞ്ചത്തിന്‍റയും നിലവിളികള്‍ നാം മനസ്സിലാക്കിയില്ല. രോഗാതുരമായ ലോകത്തില്‍ സുഖിച്ചുവാഴാമെന്നു നാം കരുതി… സത്യത്തില്‍ നമ്മുടെ ജീവിതം വല്ലാതെ ഭൗതികവത്കരിക്കപ്പെട്ടിരിക്കുന്നു. അവശ്യസാധനങ്ങളായ ഭക്ഷണം, ജലം, മരുന്ന് എന്നിവയാണ് നമുക്ക് വേണ്ടത്. അല്ലാതെ ആഢംബരവസ്തുക്കളല്ല. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാങ്ങിക്കൂട്ടുന്നതിനുമായി ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ സമ്പത്തിന്‍റെ പകുതി ഉപയോഗിക്കുന്നു. മുകളില്‍ പറഞ്ഞ അവശ്യസാധനങ്ങള്‍ക്കായി താരതമ്യേന തുച്ഛമായ തുകയും ചെലവഴിക്കുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാതെ വയ്യ.

ആഡംബരവും ധൂര്‍ത്തും ഒഴിവാക്കുക
നമ്മുടെ കൂദാശാസ്വീകരണങ്ങള്‍ – മാമ്മോദീസാ, വിശുദ്ധ കുര്‍ബാനസ്വീകരണം, വിവാഹം, തിരുപ്പട്ടം – വലിയ ആള്‍ക്കൂട്ടവും ആഘോഷവുമായി മാറിയിരുന്നു. ധൂര്‍ത്തും ആഡംബരവും എങ്ങും പ്രകടമായിരുന്നു. ശവസംസ്കാരത്തിനുപോലും ലക്ഷങ്ങള്‍ ചെലവാക്കുന്ന രീതി സര്‍വ്വസാധാരണമായി. സമ്പന്നര്‍ ചെയ്യുന്നതെല്ലാം പാവപ്പെട്ടവനും അനുകരിക്കുന്നു. കടംവാങ്ങിച്ചും ഭൂമി വിറ്റുമാണ് ആഘോഷങ്ങള്‍ അവരില്‍ പലരും നടത്തുന്നതെന്നതാണ് വലിയ വിരോധാഭാസം. കൊറോണക്കാലത്ത് വിവാഹങ്ങളും ശവസംസ്കാരങ്ങളും എത്ര ലളിതമായി! ഇതു നല്ലതാണല്ലോ എന്ന് ആത്മഗതം ചെയ്ത പലരെയും കണ്ടു. ലോക്ക്ഡൗണിനുശേഷവും ഇതിന്‍റെ ചൈതന്യം നിലനിറുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അത് കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമാകും. ആഡംബരത്തിനായി മാറ്റിവച്ചിരുന്ന തുക പൊതുനന്മ യ്ക്കും പാവങ്ങളുടെ ഉദ്ധാരണത്തിനുമായി ഉപയോഗിക്കപ്പെടണം. അങ്ങനെയാണ് കുടുംബങ്ങള്‍ തങ്ങളുടെ സാമൂഹികോത്തരവാദിത്വം നിറവേറ്റുന്നത്.

കുടുംബം പ്രധാനം
തൊഴിലും വിദ്യാഭ്യാസവും മറ്റു പലകാര്യങ്ങളും കുടുംബകേന്ദ്രീകൃതമാകുന്ന ഒരു ലോകത്തിലേക്ക് നീങ്ങാമെന്ന സൂചനയും കോവിഡ്-19 നല്കുന്നുണ്ട്. വലിയ കമ്പനികള്‍ ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പണ്ടേ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 'വര്‍ക്ക് ഫ്രം ഹോം' എന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. അംബരചുംബികളും ബ്രഹ്മാണ്ഡങ്ങളുമായ കെട്ടിടങ്ങളും ഓഫീസ് സംവിധാനങ്ങളും ആവശ്യമില്ലാത്ത കാലം വരാം. വിദ്യാഭ്യാസരംഗത്ത് ഒണ്‍ലൈന്‍ ക്ലാസ്സുകളും പ്രചാരത്തിലായിട്ടുണ്ട്. അദ്ധ്യാപകര്‍ ഗൈഡുകളായി മാറുന്നു… കൊറോണവൈറസ് ഇതിനെല്ലാം ആക്കം കൂട്ടുമെന്നതിനു സംശയമില്ല.

കുടുംബകൂട്ടായ്മയ്ക്ക് തടസ്സങ്ങള്‍
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും മാനസികപക്വത പ്രാപിക്കാത്തവരും അപകര്‍ഷതാബോധം, സംശയരോഗം, ന്യൂറോട്ടിക് വ്യക്തിത്വം, പരിപൂര്‍ണ്ണതാവാദം എന്നീ മാനസികാവസ്ഥയുള്ളവരും ലോക്ക്ഡൗണ്‍ കാലത്ത് കുടുംബത്തില്‍ വഴക്കുകളും തര്‍ക്കങ്ങളും അതിക്രമങ്ങളും പീഡനങ്ങളും അഴിച്ചു വിടാനിടയായിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഗാര്‍ഹികപീഡനങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് UNO കാലേകൂട്ടി അറിയിപ്പു നല്കിയിരുന്നു. കേരളത്തിലെ വനിതാകമ്മീഷനുമുമ്പില്‍ വന്ന കേസുകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നതിന് ഗവണ്‍മെന്‍റും മതവും സന്നദ്ധസംഘടനകളും ഒത്തൊരുമിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുക മര്‍മ്മപ്രധാനമാണ്. ഇങ്ങനെയുള്ള കുടുംബങ്ങളുടെ സംഖ്യ അത്ര നിസ്സാരമല്ലെന്ന് നാം ഓര്‍ക്കണം.

കുടുംബം ഒന്നിച്ചായിരിക്കാനും വളരാനും കിട്ടിയ അമൂല്യ അവസരമായിരുന്നു ലോക്ക്ഡൗണ്‍. എങ്കിലും നവമാധ്യമങ്ങളുടെ അമിതമായ ഉപയോഗം മൂലം പരസ്പരം ഒറ്റപ്പെട്ടുപോയി എന്നു വിലപിക്കുന്ന കുടുംബങ്ങളെയും കാണാന്‍ കഴിഞ്ഞു. ചെറുപ്പക്കാരെ ഉത്തരവാദിത്വബോധത്തിലേക്കും ലക്ഷ്യബോധത്തിലേക്കും നയിക്കുന്നതിനു കുടുംബവും സമൂഹവും കൈകോര്‍ക്കുക അടിയന്തിരാവശ്യമാണ്.

പാവപ്പെട്ട കുടുംബങ്ങള്‍
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ദുരിതപൂര്‍ണ്ണമായി. രോഗികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും ഏകസ്ഥര്‍ക്കും അനാഥര്‍ക്കും ഒക്കെ ഗവണ്‍മെന്‍റ് "സമൂഹഅടുക്കള" വഴി ഭക്ഷണവും മറ്റുള്ളവര്‍ക്ക് അരി, ഗോതമ്പ്, ഭക്ഷണ കിറ്റുകള്‍ എന്നിവയും നല്കി എന്നത് ആശ്വാസകരം തന്നെ. ദിവസക്കൂലിക്കാര്‍, കരാര്‍ തൊഴിലാളികള്‍, സാധാരണ കര്‍ഷകര്‍, ചെറുകിട-നാമമാത്ര സംരംഭകര്‍, ചെറുകിടവ്യാപാരികള്‍, ഓട്ടോറിക്ഷാ-ടാക്സി തൊഴിലാളികള്‍, മറ്റ് അസംഘടിത തൊഴിലാളികള്‍ എന്നിവരില്‍ മിക്കവരും നാളെയെക്കുറിച്ചു ചിന്തിക്കാതെ അന്നന്നുതന്നെ എല്ലാം ചെലവഴിക്കുന്നവരാണ്. സാമ്പത്തികമായി അവര്‍ ക്ലേശത്തിലായി. ജോലിയും ബിസിനസ്സും എല്ലാം നിശ്ചലമായതിന്‍റെ വലിയ നഷ്ടം എങ്ങനെ നികത്തുമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ. രാജ്യംതന്നെ വലിയ സാമ്പത്തികമാന്ദ്യത്തിലേക്കാണ് പോകുന്നതെന്ന് സാമ്പത്തികവിദഗ്ദ്ധരും പ്രവചിക്കുന്നുണ്ട്.

ലോക്ക്ഡൗണും മാനസിക അസ്വസ്ഥതകളും
ചില ആളുകള്‍ക്ക് ലോക്ക് ഡൗണ്‍ മാനസികസംഘര്‍ഷത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നുണ്ട്. സമൂഹജീവിയായ മനുഷ്യന് മനുഷ്യസമ്പര്‍ക്കം അനിവാര്യമാണ്. കൂട്ടംകൂടാനുള്ള കഴിവാണ് ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ മനുഷ്യനെ സഹായിച്ചതെന്നാണ് ഇസ്രായേലിലെ പ്രസിദ്ധ ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി സമര്‍ത്ഥിക്കുന്നത്. നല്ല ബന്ധമാണ് വൈകാരികവും മാനസികവുമായ ആരോഗ്യം മനുഷ്യനു നല്കുന്നത്. അതില്ലെങ്കില്‍ ബോറടി, സങ്കടം, നിരാശ, അര്‍ത്ഥശൂന്യത എന്നിവ അവന് ഉണ്ടാകാം. ദൃഢമായ നിശ്ചയത്തോടെ സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനുംവേണ്ടി ഒരു വ്രതമെന്ന നിലയില്‍ ലോക്ക് ഡൗണിനെ കണ്ടാലേ മാനസികസംഘര്‍ഷവും ആധിയും ഒഴിവാകുകയുള്ളൂ. ശാരീരികമായ സാമീപ്യം വേണ്ടെന്നുവയ്ക്കുന്നുവെങ്കിലും ഫോണ്‍, ആധുനികസമ്പര്‍ക്കമാധ്യമങ്ങള്‍ എന്നിവ വഴി പ്രിയപ്പെട്ടവരുമായി ബന്ധത്തിലായിരിക്കുക സാധ്യമാണ്. ലോക്ക്ഡൗണ്‍ അതിന് ഏറ്റവും പറ്റിയ സമയമാണുതാനും.

കൊറോണ നല്‍കുന്ന മറ്റു പാഠങ്ങള്‍
കുടുംബത്തെ നവീകരിക്കുന്നതിനുള്ള ഒത്തിരി പാഠങ്ങള്‍ കൊറോണ നമുക്ക് നല്കുന്നുണ്ട്. ഇത് ജീവിതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനത്തിന്‍റെ സമയമാകണം. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി കാത്തുസൂക്ഷിക്കുക നമ്മുടെ പ്രധാന കടമയാണ്. വ്യക്തിശുചിത്വത്തിന് നാം പേരുകേട്ടവരാണെങ്കിലും പൊതുശുചിത്വം തീരെ പരിഗണിക്കാറില്ല. വുഹാനിലെ വൃത്തികെട്ട ചന്തയില്‍നിന്നാണ് കൊറോണവൈറസിന്‍റെ ഉത്ഭവമെന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്. വഴിയിലും പൊതുസ്ഥലത്തും തുപ്പുന്നരീതി, നാവില്‍ കൈതൊട്ട് തുപ്പലുപയോഗിച്ച് നോട്ട് എണ്ണുന്ന രീതി എന്നിവ തീര്‍ത്തും പരിവര്‍ജ്ജിക്കേണ്ടതാണ്. വീട്ടിലും പള്ളിയിലുമൊക്കെ പ്രവേശിക്കുന്നതിനു മുന്‍പ് കൈകാലുകള്‍ കഴുകുന്ന നല്ല ഒരു പതിവ് നമുക്കുണ്ടായിരുന്നതാണ്. കൊറോണവൈറസ് അത് പുനരുദ്ധരിക്കാന്‍ നമ്മെ ക്ഷണിക്കുന്നുണ്ട്.

തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണ് മനുഷ്യര്‍. നാമെടുക്കുന്ന തീരുമാനങ്ങള്‍ പരസ്പരം സഹായിക്കാനും പങ്കുവയ്ക്കാനുമാണെങ്കില്‍ അവ കുടുംബത്തിനും മനുഷ്യവര്‍ഗ്ഗത്തിനും അനുഗ്രഹമാകും. മറിച്ച് സ്വാര്‍ത്ഥതയോടെ ആവശ്യത്തിലേറെ ഉണ്ടാക്കി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയാണെങ്കില്‍ അത് ആത്യന്തികമായി നാശത്തിനേ ഇടയാക്കൂ. കൊറോണക്കാലത്ത് ഈ സത്യം നമുക്കു മറക്കാതിരിക്കാം.

(കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി 11 വര്‍ഷക്കാലം പ്രവര്‍ത്തിച്ച ലേഖകന്‍ 12 വര്‍ഷം പാലാ രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടറായിരുന്നു. ചങ്ങനാശ്ശേരി കാനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, ഓള്‍ കേരള പ്രൊലൈഫ് സമിതി സ്ഥാപക ഡയറക്ടര്‍, താലന്ത് മാസികയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇപ്പോള്‍ ഇലഞ്ഞി ഫൊറോനപ്പള്ളി വികാരിയായി സേവനം ചെയ്യുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org