സമകാലിക സഭയെ സേവിക്കുമ്പോള്‍

സമകാലിക സഭയെ സേവിക്കുമ്പോള്‍


ബിഷപ് ജേക്കബ് മനത്തോടത്ത്
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍, എറണാകുളം-അങ്കമാലി അതിരൂപത

സമകാലികസഭ ധാരാളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭാരതസഭയും ഇതിനൊരപവാദമല്ല. പലതരം അപവാദങ്ങള്‍, ആരോപണങ്ങള്‍, കേസുകള്‍, ആഭ്യന്തരസംഘര്‍ഷങ്ങള്‍, ശണ്ഠകള്‍, സമര്‍പ്പിതരുടെ എതിര്‍ സാക്ഷ്യങ്ങള്‍ തുടങ്ങിയവ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരം ദുര്‍ഘടങ്ങള്‍ വിശ്വാസികളെ അപമാനിതരാക്കുന്നു, നിരപരാധികളായ മനുഷ്യരെ നിരാശരാക്കുന്നു, സഭാനേതൃത്വത്തിന്‍റെ ദൗത്യനിര്‍വഹണം ദുഷ്കരമാക്കുന്നു. ജഡത്തിന്‍റെ പ്രവൃത്തികള്‍ (ഗലാ. 5:19-21) എന്നു വി. പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ ഈ അപവാദങ്ങളെ വിശേഷിപ്പിക്കാം. ഈ ആഭ്യന്തരപ്രതിസന്ധികള്‍ക്കു പുറമെ ആസൂത്രിതവും അല്ലാത്തതുമായ ഭീഷണികള്‍, രാഷ്ട്രീയനീക്കങ്ങള്‍, വിദ്വേഷപ്രചാരണം, സഭാപ്രവര്‍ത്തകര്‍ക്കുനേരെയുള്ള രൂക്ഷമായ മാധ്യമ ആക്രമണങ്ങള്‍ തുടങ്ങിയ ഭീഷണികളും സഭ നേരിടുന്നുണ്ട്.

സഭയ്ക്കെതിരായ ആരോപണങ്ങള്‍ ചുരുങ്ങിയത് ഗുരുതരമായ മൂന്നു ആത്മീയവെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഒന്ന്, വി.പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ പറഞ്ഞാല്‍, "നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം വിജാതീയരുടെ ഇടയ്ക്കു ദുഷിക്കപ്പെടുന്നു" (റോമാ 2:28). രണ്ട്, സഭയുടെ വിശ്വാസ്യതയ്ക്ക് ഗുരുതരമായ തകര്‍ച്ചയുണ്ടാകുന്നു. പ്രഘോഷിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തമില്ലാത്ത സ്ഥിതി. മൂന്ന്, വിശ്വാസികള്‍ അപമാനിതരാകുന്നു. ഇവയെല്ലാം ഗുരുതരമായ അനന്തരഫലങ്ങളാണ്. ഈ പ്രതിസന്ധിയെ കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിശകലനം നടത്തുകയാണ് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. എങ്കില്‍ മാത്രമേ, സുസ്ഥിരവും വീരോചിതവുമായ ക്രൈസ്തവഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഈ പ്രതിസന്ധി സഹായകരമാകുകയുള്ളൂ. കലഹം നിറഞ്ഞ കൊറീന്ത്യന്‍ സമൂഹങ്ങളോട് വി. പൗലോസ് ശ്ലീഹാ പറഞ്ഞത് ഓര്‍മ്മിക്കുന്നതു നല്ലതാണ്. "നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്." (1 കോറി. 11:19). ജനങ്ങളുടെ യഥാര്‍ത്ഥ വിശ്വാസം പരീക്ഷിക്കുന്നതിനുള്ള ഒരു ഉരകല്ലാണ് ഇപ്പോഴത്തെ പ്രതിസന്ധി.

പുണ്യാത്മാവായിരുന്ന ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെഷീന്‍ തന്‍റെ ധ്യാനങ്ങളില്‍ പറയാറുണ്ട്, "സമാധാനപൂര്‍ണമായ ഒരു സഭയേക്കാള്‍ സഹനവും സംഘര്‍ഷവും നിറഞ്ഞ ഒരു സഭയില്‍ ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. കാരണം, യോഗ്യരായ വ്യക്തികള്‍ ഉണര്‍ന്നു വരേണ്ട സമയമതാണ്." ഒരു പ്രതിസന്ധിയെ നാം മനസ്സിലാക്കുകയും നേരിടുകയും ചെയ്യുന്ന രീതി വളരെ നിര്‍ണായകമാണ്. ഉദാഹരണത്തിന്, പതിനാറാം നൂറ്റാണ്ടില്‍ സഭ ധാരാളം ധാര്‍മ്മികപ്രതിസന്ധികളും സഭാത്മകവെല്ലുവിളികളും നേരിട്ടു. പക്ഷേ മാര്‍ട്ടിന്‍ ലൂഥര്‍ അതിനെയെല്ലാം ഒറ്റ പ്രശ്നത്തിലേയ്ക്കു ചുരുക്കി. അതിതാണ്, അനര്‍ഹനായ ഒരു മാര്‍പാപ്പയ്ക്ക് എങ്ങനെ സഭയെ നയിക്കാനാകും? ലൂഥര്‍ ഈ വിഷയത്തെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിയിരുന്നുവെങ്കില്‍ സഭയുടെ ചരിത്രം തികച്ചും വ്യത്യസ്തമാകുമായിരുന്നു.

പ്രതിസന്ധികളുടെ ഈ ഘട്ടത്തില്‍ നാമുറച്ചു നില്‍ക്കേണ്ട ചില ബോദ്ധ്യങ്ങളും പരിഹാരത്തിനായി നാം സ്വീകരിക്കേണ്ട ചില പ്രായോഗിക നടപടികളുമാണ് ഞാനിവിടെ തുടര്‍ന്നു പറയാനുദ്ദേശിക്കുന്നത്.

വെല്ലുവിളിക്കപ്പെടുന്ന
സഭയിലുണ്ടാകേണ്ട അടിസ്ഥാനബോദ്ധ്യങ്ങള്‍:
1) ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സഭയിലുള്ള വിശ്വാസം ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസത്തിനു സമാനമാണ്. സഭയിലുള്ള വിശ്വാസം വിശ്വാസപ്രമാണത്തില്‍ നാം പ്രഖ്യാപിക്കുന്നതാണ്. സഭ നിന്ദിക്കപ്പെടുമ്പോഴോ സഭയുടെ പ്രതിച്ഛായ മോശമാകുമ്പോഴോ ഇതു നമുക്കു വിസ്മരിക്കാനാവില്ല. നാം വിശ്വസിക്കുന്ന സഭ വിശുദ്ധമാണ്, അതേസമയം അവിശുദ്ധമാകാന്‍ സാദ്ധ്യതയുള്ളതുമാണ്. ത്രിത്വൈക സാന്നിദ്ധ്യം, ദിവ്യകാരുണ്യം, കൂദാശകള്‍, ദൈവവചനം, പ. മാതാവ്, വിശുദ്ധരുടെ കൂട്ടായ്മ, ചുറ്റും വിശുദ്ധരായ ഒരു കൂട്ടം ആളുകള്‍ എന്നീ ദൈവികഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ് സഭ വിശുദ്ധമായിരിക്കുന്നത്. പാപം നിറഞ്ഞ ധാരാളം മനുഷ്യരുള്ളതുകൊണ്ടാണ് സഭയില്‍ അവിശുദ്ധഘടകങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇക്കാര്യം അംഗീകരിക്കുന്നത് സഭയിലെ അവിശുദ്ധ നടപടികള്‍ ക്ഷമിക്കുന്നതിനുള്ള ഒഴികഴിവായി കാണേണ്ടതില്ല.

സഭയ്ക്കു കളങ്കമുണ്ടാക്കുന്ന ആളുകള്‍ ശപിക്കപ്പെട്ടവരോ നിന്ദ്യരോ അല്ല. മാനസാന്തരം കാത്തിരിക്കുന്നവരാണവര്‍. ഉതപ്പുകളുണ്ടാക്കുന്നവരും സഭയ്ക്കു സ്വന്തം തന്നെ. വിശുദ്ധീകരിക്കപ്പെട്ടതും അതേസമയം വിശുദ്ധീകരണം ആവശ്യമുള്ളതുമായ ഒന്നായി കത്തോലിക്കാമതബോധനം (827) സഭയെ കാണുന്നത് അതുകൊണ്ടാണ്. പാപികളെ ആശ്ലേഷിക്കുന്ന സഭ അതേസമയം വിശുദ്ധവുമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട് (ജനതകളുടെ പ്രകാശം 8).

2) നാം സഭയില്‍ വിശ്വസിക്കുന്നതിനുള്ള കാരണം യേശുക്രിസ്തുവാണ്. ക്രൂശിതനും ഉത്ഥിതനുമായ യേശുവാണ് സഭയുടെ തലവന്‍. സഭയുടെ നേതാക്കള്‍ മൂലമല്ല നാം സഭയില്‍ വിശ്വസിക്കുന്നത്. നേതാക്കളും സഭയില്‍ ക്രിസ്തുവിശ്വാസികളാണ്. അവര്‍ നേതൃത്വപരമായ പങ്കു വഹിക്കുകയും സഭയെയും ലോകത്തെയും സേവിക്കുകയും ചെയ്യുന്നു. തത്വത്തില്‍, നേതാക്കളുടെ വീഴ്ചകള്‍ വിശ്വാസികളുടെ വിശ്വാസത്തെ ഉലയ്ക്കരുത്. എങ്കിലും, സഭാനേതാക്കളുടെ വീഴ്ചകള്‍ വിശ്വാസികളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്നുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ സഭ ധാരാളം ഉതപ്പുകളും വിനാശങ്ങളും നേരിട്ടു. സുവിശേഷമാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ ആ സഭ വലിയൊരു പരിധിവരെ ദുഷിച്ചതായിരുന്നു. അതിനെ നവീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം വി. ഫ്രാന്‍സിസ് അസീസി സ്വയം ഏറ്റെടുത്തു. വിശുദ്ധന്‍ തന്‍റെ സഹസന്യസ്തര്‍ക്കൊപ്പം തങ്ങളുടെ സന്യാസസമൂഹത്തില്‍ ഒരു വീരോചിതജീവിതം ആരംഭിച്ചു. ഒരിക്കല്‍ ഒരു സമൂഹാംഗം ഫ്രാന്‍സിസിനോടു ചോദിച്ചു, "വി. കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍റെ വെപ്പാട്ടികളും കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അങ്ങ് അറിയാനിടയായി എന്നു വിചാരിക്കുക. അങ്ങ് എന്തു ചെയ്യും?" ഫ്രാന്‍സിസ് പറഞ്ഞു, "ഒരു സംശയവുമില്ലാതെ, അദ്ദേഹത്തിന്‍റെ അഭിഷിക്ത കരങ്ങളില്‍നിന്നു ഞാന്‍ ദിവ്യകാരുണ്യം സ്വീകരിക്കും." സഭയിലെ ശുശ്രൂഷകളുടെ ഫലദായകത്വം ശുശ്രൂഷകരുടെ വിശുദ്ധിയെ അവശ്യമായും ആശ്രയിച്ചിരിക്കുന്നില്ല എന്ന് ഇതിലൂടെ വ്യക്തമാക്കുകയായിരുന്നു വിശുദ്ധന്‍. ശുശ്രൂഷകര്‍ക്ക് കുത്തഴിഞ്ഞ ജീവിതം നയിക്കാമെന്നല്ല പക്ഷേ ഇതിനര്‍ത്ഥം.

3) സഭ ദൈവത്തിന്‍റെ സ്വന്തമാണെങ്കില്‍ അതിന്‍റെ ആത്യന്തിക നിലനില്‍പും വിജയവും ദൈവം നോക്കിക്കൊള്ളും. വെല്ലുവിളികളെ നിരന്തരം നേരിട്ടുകൊണ്ടാണ് സഭ ഇന്നത്തെ സ്ഥിതിയിലേയ്ക്കും ഉയരത്തിലേയ്ക്കും വളര്‍ന്നത്. ശീശ്മകള്‍, പാഷണ്ഡതകള്‍, വിഘടനം, നേതാക്കളുടെ പരാജയം, പുറമെ നിന്നുള്ള ആക്രമണങ്ങള്‍, മതമര്‍ദ്ദനം, രാഷ്ട്രീയവിരോധം തുടങ്ങിയവയായിരുന്നു സഭ നേരിട്ട വെല്ലുവിളികള്‍. സഭയുടെ സുസ്ഥിതി അഥവാ വളര്‍ച്ച ദൈവത്തിന്‍റെ ഒരു പ്രവൃത്തിയാണ്. അത് അവിടുന്നു തന്‍റേതായ വഴികളിലൂടെ ഉറപ്പാക്കിക്കൊള്ളും. ഈ പ്രക്രിയയില്‍ വ്യക്തികള്‍ പരാജയപ്പെടുകയോ തെറ്റിപ്പോകുകയോ ചെയ്തേക്കാം. ഏതാനും സഭാനേതാക്കളുടെ വീഴ്ചകള്‍ സഭയുടെ അന്ത്യത്തിലേയ്ക്കു നയിക്കുന്നില്ല.

ഉദാഹരണത്തിന് ആര്യനിസം നാലാം നൂറ്റാണ്ടിലെ സഭയില്‍ ഭിന്നിപ്പുണ്ടാക്കി. പിതാവായ ദൈവത്തിനൊപ്പം യേശുവിന്‍റെ ദിവ്യത്വം ആയിരുന്നു തര്‍ക്കവിഷയം. ഇത് 325-ലെ നിഖ്യ സൂനഹദോസില്‍ തീര്‍പ്പാക്കി. പാഷണ്ഡതയുടെ കാലത്ത് നിരവധി മെത്രാന്മാരും വൈദികരും സഭ വിട്ടുപോയി. പക്ഷേ പരിശുദ്ധാത്മാവ് സഭയെ സത്യവിശ്വാസത്തിന്‍റെ പാതയിലൂടെ നയിച്ചു.

ആഹാബിന്‍റെ വാഴ്ചക്കാലത്ത് പ്രവാചകനായ ഏലിയാ കര്‍ത്താവിനോടു പരാതിപ്പെട്ടു, "ഞാനൊഴികെ എല്ലാവരും നിന്നെ വിട്ടുപോയി. പക്ഷേ കര്‍ത്താവു മറുപടി പറഞ്ഞു, "ബാലിന്‍റെ മുമ്പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും (1 രാജാ. 19:18). കൃപയാല്‍ തിരഞ്ഞെടുക്കപ്പെട്ട അവശിഷ്ടഭാഗം എന്നു വി. പൗലോസ് പറയുന്നതിവരെ കുറിച്ചാണ് (റോമാ 11:4-5). കൃപയാല്‍ തിരഞ്ഞെടുക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ആളുകളെ കൊണ്ടാണ് കര്‍ത്താവ് സഭയെ നയിക്കുന്നത്. സഭയെയും അതുവഴി ലോകത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ഈ വിശുദ്ധ അവശിഷ്ടഭാഗത്തില്‍ ആയിരിക്കുക എന്നതാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ ദൗത്യം.

പരിഹാരത്തിലേയ്ക്കുള്ള പ്രായോഗിക നടപടികള്‍
1) സഭയിലുണ്ടാകുന്ന ഏതു പ്രതിസന്ധിയോടുമുള്ള പ്രഥമവും പ്രധാനവുമായ പ്രതികരണം സഭാംഗങ്ങളുടെ വിശുദ്ധജീവിതമായിരിക്കണം. തിന്മയെ തിന്മ കൊണ്ടു നേരിടാനോ പാപത്തെ പാപപ്രവൃത്തികള്‍ കൊണ്ടു ഇല്ലാതാക്കാനോ നമുക്കു സാധിക്കില്ല. അധാര്‍മ്മികമോ അസ്വീകാര്യമോ ആയ വഴികളിലൂടെ സഭയുടെ മഹത്വം നമുക്കു വീണ്ടെടുക്കാനാവില്ല. സുവിശേഷാത്മകമല്ലാത്ത മാര്‍ഗങ്ങളിലൂടെ ആരേയും സഭയ്ക്കു വെല്ലുവിളിക്കാനാവില്ല. സഭയിലെ ഏതു പ്രതിസന്ധിയേയും നേരിടുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം വിശുദ്ധജീവിതമാണ്. ഈ നിര്‍ദേശം ഒരു തരം ആദ്ധ്യാത്മികവത്കരണമായി തോന്നിയേക്കാം. പക്ഷേ ഇപ്രകാരമാണ് വിശുദ്ധരായ മനുഷ്യര്‍ സഭയിലെ വെല്ലുവിളികള്‍ നേരിട്ടത്. തദ്ഫലമായി വിശ്വാസിസമൂഹത്തിന്‍റെ നവീകരണം സാദ്ധ്യമാകുകയും ചെയ്തു.

സഭയിലെ ഇപ്പോഴത്തെ പ്രതിസന്ധി വിശുദ്ധജീവിതത്തിലേയ്ക്കുള്ള വലിയൊരു ആഹ്വാനമാണ്. ഈ വെല്ലുവിളിയോടു പ്രതികരിച്ചുകൊണ്ട് അനേകര്‍ വിശുദ്ധജീവിതം നയിക്കാനും സഭയുടെ നവീകരണത്തിനായി യത്നിക്കാനും തീരുമാനമെടുക്കണം. അവര്‍ സഭയെ ആന്തരീകമായി നവീകരിക്കണം. ഘടനാപരമായ കാര്യങ്ങളിലെ സഭയുടെ ദുര്‍മേദസ് എരിച്ചു കളയണം. സഭയില്‍ നിലനില്‍ക്കുന്ന എല്ലാ സുവിശേഷവിരുദ്ധ ഭ്രമങ്ങളും നിരാകരിക്കപ്പെടണം. പ്രതിസന്ധി ബാധിച്ചിരിക്കുന്ന സഭയില്‍ ഇതിനു നേര്‍വിരുദ്ധമായ കാര്യങ്ങള്‍ മാത്രമേ നടക്കൂ എന്നു ചിലര്‍ സംശയിച്ചേക്കാം. ഇവരുടെ സംശയത്തില്‍ അല്‍പം കാര്യമുണ്ട്. ശരിയായ വിധം പ്രചോദിതരായ അജപാലകര്‍ അവരുടെ വിശുദ്ധജീവിതം കൊണ്ട് സമൂഹങ്ങളെ പ്രചോദിപ്പിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാകുകയുള്ളൂ.

ഗുരുതരമായ എല്ലാ പ്രതിസന്ധികള്‍ക്കും ശേഷമോ പ്രതിസന്ധിഘട്ടത്തിലോ ഉജ്ജ്വലശേഷിയും സ്വഭാവവൈശിഷ്ട്യവുമുള്ള വിശുദ്ധവ്യക്തിത്വങ്ങള്‍ സഭയില്‍ ഉയര്‍ന്നു വരികയും സഭയെ നവീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു സഭാചരിത്രം തെളിയിക്കുന്നു. ഉദാഹരണത്തിന്, വിശുദ്ധനും വേദപാരംഗതനുമായ പീറ്റര്‍ ഡാമിയനു പത്താം നൂറ്റാണ്ടിലെ സഭയെ പുതുക്കി പണിയാന്‍ സാധിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ വി.ഫ്രാന്‍സിസ് അസീസി ഇതേ പങ്കു നിര്‍വഹിച്ചു. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിനു ശേഷം വിഭജിതമായ സഭയുടെ മുറിവുകളുണക്കുകയും അതിന്‍റെ സജീവത വീണ്ടെടുക്കുകയും ചെയ്തു, വി. ഇഗ്നേഷ്യസ് ലയോള. ഇതേ കാലഘട്ടത്തില്‍ ഇറ്റലി വിശുദ്ധനായ ആര്‍ച്ചുബിഷപ് ചാള്‍സ് ബൊറോമിയോയ്ക്കും സാക്ഷ്യം വഹിച്ചു. കാല്‍വിനിസം മൂലം മുറിവേറ്റ സഭയെ നയിക്കാന്‍ കര്‍ത്താവ് വി. ഫ്രാന്‍സിസ് ഡി സാലസിനെ കൊണ്ടു വന്നു.

2) ഒരു വിവാദമുയരുമ്പോള്‍ സഭയില്‍ വിഭാഗങ്ങളും വിഭാഗീയതകളും ഉണ്ടാകും. താന്‍ ശരിയെന്നു വിശ്വസിക്കുന്ന ഒരു നിലപാടിനൊപ്പം നില്‍ക്കാന്‍ എല്ലാവരും പ്രേരിതരാകും. സുബോധമുള്ള ആരും തിന്മയോടൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ഒരേ വിഷയത്തിന്‍റെ പേരില്‍ സഭയില്‍ വിവിധ വിഭാഗങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങിനെയാണ്. തങ്ങളുടെ ഭാഗമാണ് ശരിയെന്ന് ഒരോ വിഭാഗവും വിശ്വസിക്കും. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടാം. തന്‍റെ, വിശേഷിച്ചും, മാനിക്കേയിസത്തോടുള്ള തന്‍റെ ആഭിമുഖ്യത്തിലെ ബൗദ്ധിക ഭ്രമകല്‍പനകളെ വി.അഗസ്റ്റിന്‍ അംഗീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, "അവര്‍ പറഞ്ഞത് ശരിയാണെന്നു ഞാന്‍ വിശ്വസിച്ചു. ഞാനതു ചെയ്തത്, അവര്‍ പ്രഘോഷിച്ചതിലെ സത്യം എനിക്കു മനസ്സിലായതുകൊണ്ടല്ല, മറിച്ച്, അവര്‍ ശരിയായിരിക്കണമെന്നു ഞാന്‍ തീരുമാനിച്ചതു മൂലമാണ്" (എ ട്രേപ്. വി. അഗസ്റ്റിന്‍, ന്യൂയോര്‍ക്ക്, 1986, 59-60).

മാധ്യമങ്ങള്‍ നല്‍കുന്നത് പലപ്പോഴും കലര്‍പ്പില്ലാത്ത സത്യമല്ല എന്നറിയാനുള്ള ബുദ്ധി നമുക്കുണ്ടായിരിക്കണം. വസ്തുതാപരമായ വിവരണം, കൃത്യമായ വസ്തുതകള്‍ എന്നിവയേക്കാള്‍ മാധ്യമങ്ങള്‍ നല്‍കുന്നത് ഭാഗികമായ വാര്‍ത്തകളും പ്രക്ഷോഭകരമായ വിശകലനങ്ങളും ആയിരിക്കും. ചുരുങ്ങിയത് ധാര്‍മ്മികമായി ബോദ്ധ്യപ്പെടുത്തുന്ന വിധത്തില്‍ സത്യം അറിയുന്നതുവരെയെങ്കിലും നാം പക്ഷം പിടിക്കാതിരിക്കുകയാണു വിവേകം. സത്യം അറിഞ്ഞാല്‍ നാം അതിനോടൊപ്പം നില്‍ക്കുകയും വേണം. അരിസ്റ്റോട്ടിലിന്‍റെ പേരില്‍ പറയപ്പെടുന്ന ഒരു വാക്യമുണ്ട്, "പ്ലേറ്റോ എന്‍റെ സുഹൃത്താണ്. പക്ഷേ കൂടുതല്‍ മികച്ച മിത്രം സത്യമാണ്." തന്‍റെ വഴികാട്ടിയും സുഹൃത്തുമായ പ്ലേറ്റോയേക്കാള്‍ താന്‍ സത്യത്തെ വിലമതിക്കുന്നു എന്നാണ് അരിസ്റ്റോട്ടില്‍ അര്‍ത്ഥമാക്കുന്നത്.

3) കുടുംബത്തിലെയോ സഭയിലെയോ പ്രശ്നങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അതു കൂടുതല്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയേക്കാം. പ്രതിസന്ധിയുടെ കൈകാര്യം കൂടുതല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാം. നാം പ്രഥമമായും പ്രധാനമായും തേടേണ്ടത് ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയുമാണ്. അല്ലാത്തപക്ഷം നമുക്കു വഴിതെറ്റിയേക്കാം. വി. ഫ്രാന്‍സിസ് ഡി സാലസിനോട് ഒരിക്കല്‍ ചോദിച്ചു, വൈദികര്‍ക്കിടയിലെ ഉതപ്പുകളെ എങ്ങനെ കാണുന്നു? അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു, "ഉതപ്പുകള്‍ നല്‍കുന്നവര്‍ ആത്മീയകൊലപാതകക്കുറ്റം ചെയ്യുന്നവരാണ്. (കാരണം മറ്റുള്ളവരുടെ വിശ്വാസത്തെ അവര്‍ കൊല്ലുന്നു.) ഉതപ്പുകള്‍ക്കു വിധേയരാകുന്നവര്‍ ആത്മീയ ആത്മഹത്യാക്കുറ്റം ചെയ്യുന്നവരാണ്. (കാരണം, അവര്‍ സ്വന്തം വിശ്വാസം കൊല്ലപ്പെടാന്‍ അനുവദിക്കുന്നു.)"

4) സഭയുടെ ശക്തിയും ശുദ്ധിയും വീണ്ടെടുക്കുന്നതിന് സഭാംഗങ്ങള്‍, അതേ സഭയിലെ അംഗങ്ങളെന്ന നിലയില്‍ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പ്രായശ്ചിത്തം ചെയ്യണം. എല്ലാ ഗുരുതര അപവാദങ്ങളുടെയും മിക്കപ്പോഴും അതു കൈകാര്യം ചെയ്യുന്ന രീതിയുടെയും പിന്നില്‍ പാപവും സ്വാര്‍ത്ഥതയും ഉണ്ടാകും എന്നതാണ് ഏറ്റവും ലളിതമായ കാരണം. പാപത്തിനു പ്രായശ്ചിത്തം വേണം. വി. പൗലോസ് ശ്ലീഹാ എഴുതുന്നു: "ഇവയ്ക്കെല്ലാം പുറമെ സകല സഭകളേയും കുറിച്ചുള്ള എന്‍റെ ഉത്കണ്ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ആരു ബലഹീനനാകുമ്പോഴാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരു തെറ്റു ചെയ്യുമ്പോഴാണ് എന്‍റെ ഹൃദയം കത്തിയെരിയാത്തത്?" (2 കോറി. 11:28-29). ഇതേ വിധത്തില്‍ അദ്ദേഹം പറയുന്നു, "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്‍റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു (കൊളോ. 1:24). സഭയ്ക്കു വേണ്ടി സഹിക്കുകയും പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യുക വിശ്വാസികളുടെ കടമയാണ്.

5) പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം ഞാന്‍ അവയെ ആത്മീയവത്കരിക്കുകയാണിവിടെ എന്നു നിങ്ങള്‍ കരുതിയേക്കാം. എല്ലാ പ്രശ്നങ്ങളും ഉതപ്പുകളും പ്രഥമമായും പ്രധാനമായും ആത്മീയമായി സ്വീകാര്യമായ വിധത്തില്‍ പരിഹരിക്കപ്പെടണം. സഭകളോടു കര്‍ത്താവിന്‍റെ ആത്മാവു പറയുന്നത് നാം ശ്രവിക്കണം. നിര്‍ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ എന്തുതന്നെയായാലും അവ ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെടുന്നതും സുവിശേഷാത്മകവുമായിരിക്കണം. ദൈവത്തിന്‍റെ മഹത്വവും ആത്മാക്കളുടെ രക്ഷയുമാണ് പരമമായ നിയമം.

സത്യവും നീതിയും മനസ്സില്‍ വച്ചുകൊണ്ടു വേണം ഏതു പ്രശ്നവും പരിഹരിക്കപ്പെടാന്‍. വി.യാക്കോബ് പറയുന്നു, "സമാധാനത്തില്‍ വിതയ്ക്കുന്ന സമാധാനസൃഷ്ടാക്കള്‍ നീതിയുടെ ഫലം കൊയ്യുന്നു" (യാക്കോബ് 3:18). നീതിയുടെ സമാധാനപൂര്‍ണമായ സ്ഥാപനമാണ് അഭികാമ്യമായത്. തെറ്റായ പ്രവൃത്തികള്‍ സമ്മതിക്കലും കുറ്റവാളിയോടു ക്ഷമിക്കലും കക്ഷികള്‍ക്കിടയിലെ അനുരഞ്ജനവും ആവശ്യമെങ്കില്‍ ഘടനകളുടെ നവീകരണവുമെല്ലാം അതില്‍ സ്വാഭാവികമായും ഉള്‍പ്പെടുന്നു. ഒരു പ്രശ്നത്തിനു തെറ്റായ മാര്‍ഗങ്ങളിലൂടെ ശരിയായ പരിഹാരം കൊണ്ടുവരാന്‍ കഴിയില്ലെന്ന് നാം ആവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. സഭയില്‍ ഏതു പ്രശ്നവും പരിഹരിക്കുന്നതില്‍ കരുണയ്ക്കും ക്ഷമയ്ക്കും ഇടം നല്‍കേണ്ടതുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സഭയുടെ വിധിന്യായങ്ങള്‍ മതേതര നീതിനിര്‍വഹണങ്ങളെ അതിശയിക്കണം. കരുണ നീതിയെ മറികടക്കണം.

ഉപസംഹാരം
അവസാനമായി രണ്ടു മുന്നറിയിപ്പുകള്‍: ഒന്ന്, സഭയിലെ പ്രതിസന്ധികളെ കുറിച്ച് യാഥാര്‍ത്ഥ്യബോധമുള്ള കാഴ്ചപ്പാടുകള്‍ നമുക്കു വേണം. രണ്ട്, പ്രതിസന്ധികളെന്നോ ഉതപ്പുകളെന്നോ പറയപ്പെടുന്ന ചിലത് വ്യാജമാണ്. അവ മാധ്യമസൃഷ്ടികളോ ദുരുദ്ദേശ്യപ്രേരിതരായ ആളുകളുടെ സൃഷ്ടികളോ ആയിരിക്കാം. നിഗൂഢമായ ഉദ്ദേശ്യങ്ങളോടെ കെട്ടിച്ചമയ്ക്കപ്പെട്ടതാകാം അവ. എല്ലാ അപവാദങ്ങളും അങ്ങനെയാണെന്നല്ല ഞാന്‍ പറയുന്നത്. അതുപോലെ ചില അപവാദങ്ങള്‍ സഭയെയാകെ ബാധിക്കുന്നവയല്ല. അവ സഭാനേതാക്കളേയോ സഭാഭരണത്തിലേര്‍പ്പെട്ടിരിക്കുന്നവരേയോ അസ്വസ്ഥപ്പെടുത്തുന്നതാകാം. സാധാരണ വിശ്വാസികളുടെ വിശ്വാസജീവിതത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ആകുലരാകാതെ ജീവിക്കാവുന്നതാണ്. മറുവശത്ത്, ചില പ്രതിസന്ധികള്‍ സഭയ്ക്കു വലിയ ദ്രോഹം ചെയ്യുന്നതാകും. ഞാന്‍ പറഞ്ഞുവരുന്നതിതാണ്: സഭയിലെ പ്രതിസന്ധികളെ ആനുപാതികമല്ലാത്ത തലങ്ങളിലേയ്ക്ക് വലിച്ചുനീട്ടരുത്. അതുപോലെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കുറച്ചു കാണുകയുമരുത്.

രണ്ടാമതായി, ഒരു പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന വിധമാണ് സഭയുടെ കഴിവു തെളിയിക്കുന്നത്. ആഭ്യന്തരമോ ബാഹ്യമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന രീതി സമുദായത്തിന്‍റെ പക്വതയും വിശ്വാസവും വെളിപ്പെടുത്തുന്നു. ഈ പ്രക്രിയയില്‍, നാം സ്വീകരിക്കുന്ന എല്ലാ സുവിശേഷവിരുദ്ധ മാര്‍ഗങ്ങളും സഭാചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേയ്ക്ക് എറിയപ്പെടണം. ദൈവരാജ്യത്തിന്‍റെ അടയാളവും അടയാളഫലകവുമായ സഭയില്‍, യേശുവിന്‍റെ സുവിശേഷത്തിന്‍റെ ചൈതന്യം പിന്തുടരാത്ത ഘടനകള്‍ക്കോ വ്യക്തികള്‍ക്കോ യാതൊരു മൂല്യവുമില്ല. പ്രതിസന്ധികളെ നേരിടാന്‍ സുവിശേഷമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നവരാകട്ടെ വരാനിരിക്കുന്ന തലമുറകള്‍ക്കും പ്രിയപ്പെട്ടവരായിരിക്കും, ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി അവര്‍ പരിഗണിക്കപ്പെടും. നാം സഭയില്‍ പ്രതിസന്ധിയുടെ കാരണക്കാരാകുകയല്ല വേണ്ടത്, മറിച്ച് സുവിശേഷത്തിന്‍റെ ചൈതന്യവും ക്രിസ്തുവിന്‍റെ മനസ്സും സൂക്ഷിച്ചുകൊണ്ട് പ്രതിസന്ധി പരിഹരിക്കുന്നവരാകുകയാണ്.

"ഈ നിമിഷത്തെ സ്നേഹിക്കുക. പൂക്കള്‍ വളരുന്നത് ഇരുട്ടാര്‍ന്ന നിമിഷങ്ങളിലാണ്. അതു സകലതിനേയും ബാധിക്കുന്നു. ജീവിതം അത്തരം നിമിഷങ്ങളുടെ നൈരന്തര്യമാണ്. അവയോരോന്നും ജീവിക്കുകയെന്നാല്‍ വിജയിക്കുകയെന്നാണ്." – കോറിതാ കെന്‍റ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org