കോവിഡാനന്തര കേരളം

കോവിഡാനന്തര കേരളം


ഷൈജു ആന്‍റണി

അപരിചിതമായ വഴികളിലൂടെ നടക്കാന്‍ നാം ആരംഭിക്കുകയാണ്. ഇടയ്ക്ക് വഴി ചോദിക്കാനാരുമില്ല. കാരണം ആര്‍ക്കും വഴിയറിയില്ല. ഒറ്റക്കമ്പിയില്‍ നടക്കുന്ന സര്‍ക്കസുകാരന്‍റെ കയ്യിലെ വടി കണ്ടിട്ടില്ലേ ? സാധാരണ മനുഷ്യര്‍ വടി പിടിക്കുന്നതു പോലെയല്ല അവന്‍ അതു പിടിക്കുന്നത്. തിരശ്ചീനമായി പിടിച്ച് ശരീരം ബാലന്‍സ് ചെയ്യുകയാണവന്‍. ഇത്തരം അസാധാരണ നടപടികള്‍ കോവഡാനന്തര കേരളത്തില്‍ സാധാരണമാകേണ്ടതുണ്ട്. എന്നും മുഖാവരണം (mask) ധരിക്കുന്ന മനുഷ്യര്‍. സാമൂഹിക അകലം പരിചിതമാകുന്ന സമൂഹം. നിരന്തരം കൈകള്‍ കഴുകുന്ന മനുഷ്യര്‍. ഇവയെല്ലാം സാധാരണമാകുന്ന കാലത്തില്‍ മനുഷ്യര്‍ക്ക് ഭക്ഷണം പോലും ആഡംബരമായേക്കാം. കയ്യിലിരിക്കുന്ന പണത്തിന് ഭക്ഷണം വാങ്ങാനുള്ള കെല്പില്ലാത്ത സാഹചര്യം ഉണ്ടാകാം. ഭക്ഷണവണ്ടികള്‍ പോലും അതിര്‍ത്തികളില്‍ തടഞ്ഞു നിര്‍ത്തപ്പെടുമ്പോള്‍ ഇതിലെങ്കിലും സ്വയം പര്യാപ്തതയെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.

അടുത്തടുത്തുണ്ടായ രണ്ടു പ്രളയങ്ങള്‍ തകര്‍ത്തെറിഞ്ഞ കേരളത്തിന്‍റെ സാമ്പത്തിക രംഗത്തേക്ക് കോവിഡ് 19 വന്നു പതിച്ചത് അശനിപാതം പോലെയാണ്. അറ്റകുറ്റപ്പണികള്‍ കൊണ്ട് നികത്തിയെടുക്കാവുന്ന സാമ്പത്തിക രംഗമായിരിക്കില്ല കേരളം ഇനി അഭിമുഖീകരിക്കുന്നത്. സമൂലവും സമഗ്രവുമായ ഉടച്ചു വര്‍ക്കലുകളും പുതുക്കിപ്പണിയലുകളും കൊണ്ട് മാത്രമേ അതിനെ നേരിടാനാവൂ. അതിന് ഘടനാപരവും നിര്‍ബന്ധപൂര്‍വ്വവുമായ മാറ്റത്തിന് നാം തയ്യാറാകണം. ഇനിയുമെത്ര കാലം മദ്യവും ലോട്ടറിയും വിറ്റ് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനാകുമെന്ന് നാം ചിന്തിക്കണം. അങ്ങനെ കിട്ടുന്ന പണം കൊണ്ട് അടിസ്ഥാന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പോലും അന്യ സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങേണ്ട ഗതികേടിലാണ് നാമിന്ന്. നമ്മുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയിരുന്ന കെട്ടിട നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകള്‍ വളരെ പെട്ടെന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയില്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പ്രവാസികളുടെ സമ്പാദ്യത്തിലും, മറ്റു വ്യാപാര മേഖലയിലും ഗണ്യമായ കുറവുണ്ടാകും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥ പുനര്‍ജീവിപ്പിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും തന്നെ കേരളം നടത്തിയിട്ടില്ല. കാലങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന പരമ്പരാഗത വ്യവസായങ്ങളില്‍ നല്ലൊരു പങ്കും പ്രവര്‍ത്തനം നിലച്ചു. എല്ലാം പുറത്തുനിന്നു വാങ്ങല്‍ ശീലമായി. സര്‍വ്വീസ് സെക്ടറുകളില്‍ മാത്രമായി നമ്മുടെ ശ്രദ്ധ. അതിനാല്‍ തന്നെ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്നും അതില്‍ നിന്ന് തിരിച്ചുപോക്കില്ലെന്നും നമ്മള്‍ തന്നെ വിധിയെഴുതി.

സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ അടിസ്ഥാന വിഭാഗങ്ങളാകട്ടെ (primary sector) നീണ്ട കാലങ്ങളായി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതില്‍ തന്നെ ഏറ്റവും സുപ്രധാന വിഭാഗമാണ് കൃഷി. നിലവിലുള്ള സാഹചര്യത്തില്‍ ഈ മേഖലയുടെ വളര്‍ച്ച മറ്റു വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കുള്ള രാസത്വരകമാണ്. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ രംഗത്തു കാണിച്ച അലംഭാവവും അശ്രദ്ധയും കേരളത്തിന്‍റെ കാര്‍ഷിക മേഖലയെ തകര്‍ത്തു എന്നു പറയാതെ വയ്യ. കൃഷി ഭവന്‍, VFPCK തുടങ്ങിയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ വെറും തൊലിപ്പുറത്തുള്ള ചികിത്സകള്‍ മാത്രമായി അവശേഷിക്കുന്നു. മന്ത്രിസഭയിലെ ആകര്‍ഷകമല്ലാത്ത വകുപ്പായി കൃഷി വകുപ്പ് മാറി. എന്നാല്‍ കോവിഡ് 19 എന്ന വൈറസ് നമ്മുടെ കണ്ണു തുറപ്പിച്ചു. കര്‍ണ്ണാടക അതിര്‍ത്തികള്‍ മണ്ണിട്ടു മൂടി അടച്ചപ്പോള്‍ നാം ഞെട്ടി. തമിഴ്നാട് കൂടി അങ്ങനെ ചെയ്തിരുന്നെങ്കില്‍ കേരളം കൃഷിയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞേനെ. അതിനാല്‍ ഇനി മുതല്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന അടിസ്ഥാന വകുപ്പായി കൃഷി മാറണം.

എല്ലാത്തരം കൃഷികളും പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് ചിന്തകളുണ്ടാവുകയെന്നതാണ് പ്രധാനം. വെറുതെയിട്ടിരിക്കുന്ന മുഴുവന്‍ ഭൂമികളിലും കൃഷി സാധ്യമാക്കാനുള്ള വ്യക്തവും കൃത്യവുമായ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പില്‍ വരുത്തേണ്ടതുണ്ട്. ഭൂമി ഉപയോഗത്തിന്‍റെ ഇന്‍ഡക്സില്‍ കൃഷിഭൂമിയുടെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിലവിലുള്ള കൃഷിഭൂമിയിലാകട്ടെ വിളവെടുപ്പുള്ളത് വളരെ ചെറിയ ശതമാനം മാത്രം. ഏക്കറു കണക്കിന് റബര്‍ തോട്ടങ്ങള്‍ ഉപയോഗശൂന്യമായി കേരളത്തിലുണ്ട്. ടാപ്പിങ്ങില്ല. കടുംവെട്ടില്ല. അവരാകട്ടെ മറ്റു കൃഷികളെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. നെല്‍വയലുകള്‍ വിതയും കൊയ്ത്തുമില്ലാതെ തരിശിട്ടിരിക്കുന്നു. ഈ ഭൂമികള്‍ ഉപയോഗപ്രദമാക്കിയാല്‍ മാത്രം കേരളം ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും. അതോടൊപ്പം മത്സ്യവും മാംസവും സ്വയം പര്യാപ്തത കൈവരിച്ചാല്‍ കേരളത്തിന്‍റെ സാമ്പത്തിക രംഗം ശക്തമായി ഉയിര്‍ത്തെഴുന്നേല്ക്കും. ഇതിന് ആകെ വേണ്ടത് ഭരണ സംവിധാനത്തിന്‍റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം മാത്രമാണ്.

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ കൃഷി വെറും 10 ശതമാനമായി ചുരുങ്ങി. കൃഷിക്കുപയോഗിച്ചിരുന്ന സ്ഥലത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞു. പലവ്യഞ്ജന കൃഷി 1981-ല്‍ 63,900 ഹെക്ടറില്‍ ചെയ്തിരുന്നത് 2011-ല്‍ 3690 ഹെക്ടറിലായി ചുരുങ്ങി. എന്നാല്‍ ഈ കാലയളവില്‍ വനനശീകരണം ഗണ്യമായി ഉയര്‍ന്നു. സമ്പദ്വ്യവസ്ഥയുടെ പ്രഥമവും പ്രധാനവുമായ അടിസ്ഥാന വിഭാഗമാണ് കൃഷി. അപകടകരമാം വിധം അതില്ലാതായിരിക്കുന്നു എന്നത് നാം കാണാതിരിന്നു കൂടാ. ഭക്ഷണത്തിനുള്ള ഈ പരാശ്രയത്വം എത്രകാലം നമുക്കു തുടരാനാകും? ആരാന്‍റെ കൈ തലയിണയാക്കി എത്ര കാലം നമുക്കുറങ്ങാനാകും. കക്ഷിരാഷ്ട്രീയത്തിനുപരിയായി നാമിനി കൃഷിയുടെ രാഷ്ട്രീയം കളിക്കേണ്ടിയിരിക്കുന്നു.

അതിനാല്‍ കൃഷിയെ അന്തസുള്ള തൊഴിലാക്കി മാറ്റണം. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ അധ്വാനം കുറച്ച് വിളവെടുപ്പ് വര്‍ധിപ്പിക്കണം. കര്‍ഷകരുടെ അദ്ധ്വാനം കൂടുംതോറും വിളയുല്‍പ്പാദനച്ചിലവ് വര്‍ദ്ധിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും യോജ്യമായ ആദായകരമായ വിത്തിനങ്ങള്‍ ഗവേഷണം ചെയ്തു കണ്ടെത്തണം. കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കണം. കേരളത്തിലെ ഒരു കര്‍ഷകനും കൃഷി ചെയ്തതു കൊണ്ട് നഷ്ടമുണ്ടാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു സെന്‍ട്രലൈസ്ഡ് മാര്‍ക്കറ്റിങ് സംവിധാനം നടപ്പാക്കണം. മില്‍മയുടെ പാല്‍ സംഭരണ മാതൃകയില്‍ ആവശ്യമുള്ള ഇടങ്ങളിലെല്ലാം കാര്‍ഷിക വിള സംഭരണ കേന്ദ്രങ്ങളുണ്ടാകണം. കര്‍ഷകര്‍ വെറും വോട്ടു ബാങ്ക് മാത്രമായി അധഃപതിക്കരുത്. മത്സ്യം മാംസം കാര്‍ഷികവിളകള്‍ എല്ലാം ഈ സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോകണം. കേരളത്തില്‍ ആടുകളെയും മാടുകളെയും ജാര്‍ക്കണ്ട് പോലുള്ള സംസ്ഥാനങ്ങളില്‍നിന്നു വരെ കൊണ്ടുവരുന്നുണ്ട്. ഏറെത്താമസിയാതെ അതിന് പരിഹാരം കാണേണ്ടതുണ്ട്.

കൃഷി മൃഗ സംരക്ഷണ വകുപ്പുകളില്‍ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്ക് കോടികള്‍ ശമ്പളം നല്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുള്ള ഒരു സര്‍ക്കാരിന് ഇവരെ ക്രിയാത്മകമായി ചലിപ്പിക്കാനായാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ശാസ്ത്രീയമായതും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതുമായ വിള നിര്‍ണ്ണയവും സൂക്ഷ്മമായ കൃഷിരീതികളും (precision farming) ഇവര്‍ക്ക് നടപ്പാക്കാനാവും. ഈ വകുപ്പുകളുടെ കീഴിലുള്ള എല്ലാ ഓഫീസുകളും യുദ്ധ സമാനമായ ചിട്ടകളോടെ കൃത്യമായ ലക്ഷ്യത്തിനു വേണ്ടി (target oriented) പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാകണം.

ഈ കൊറോണക്കാലം ഒരു മാറ്റത്തിന് തുടക്കമാകട്ടെ. ഹരിതാഭമായ കേരളത്തെ നമുക്ക് തിരിച്ച് പിടിക്കാം. കാര്‍ഷിക രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് കോവിഡ് ഒരു കാരണമാകട്ടെ.

ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നന്‍മയുണ്ട്. അതു പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിപ്പോകരുത്. പ്രളയകാലത്തിനപ്പുറം നവകേരള നിര്‍മാണത്തിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ ചില സാമ്പത്തിക സഹായങ്ങളൊഴികെ മറ്റു ക്രിയാത്മക പുനഃരുദ്ധാരണ പദ്ധതികള്‍ എല്ലാം തന്നെ ഇപ്പോഴും കടലാസില്‍ മാത്രമാണ്. കോവിഡാനന്തര പദ്ധതികളില്‍ അഴിമതിയും സ്വജനപക്ഷപാതവുമുള്‍പ്പെടെ കക്ഷിരാഷ്ട്രീയത്തിന്‍റെ വൃത്തികേടുകള്‍ കടന്നുകൂടാതിരിക്കാന്‍ പൊതുജനം ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാരണം ഇതു നമ്മുടെ കേരളമാണ്. അന്തഃസോടെ അഭിമാനത്തോടെ വരും തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org