കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും സാംസ്‌കാരികാനുരൂപണവും

കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും സാംസ്‌കാരികാനുരൂപണവും
Published on
ഋഷിമാരുടെ ധ്യാനാത്മകതയില്‍ വിടര്‍ന്ന ആത്മീയഗ്രന്ഥങ്ങളും ആധ്യാത്മിക സാധനകളും ഭാരതത്തിന്റെ കൈമുതലാണ്. ആ പൈതൃകം അപ്പാടെ മറന്നുകൊണ്ടാണ് ഈ നാട്ടില്‍ ക്രൈസ്തവര്‍ കഴിയുന്നത്. ഭാരതത്തിലെ സഭ 'ഭാരതീയ സഭയായി' വികസിക്കണം എന്ന് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ പ്രതീക്ഷിച്ചിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സജീവമായി പങ്കെടു ത്ത്, കൗണ്‍സില്‍ ദര്‍ശനം ഉള്‍ ക്കൊണ്ട്, കേരള സഭയില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ അതീവ ശ്രമം നടത്തിയ ഒരു ആചാര്യശ്രേഷ്ഠനായിരുന്നു കര്‍ദിനാള്‍ ജോ സഫ് പാറേക്കാട്ടില്‍, പ്രത്യേകിച്ച് സാംസ്‌കാരികാനുരൂപണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒരു ഉള്‍ക്കാഴ്ച ഉണ്ടായിരുന്നു. കൗ ണ്‍സില്‍ പ്രക്രിയയിലൂടെ കടന്നുപോയ മെത്രാന്മാര്‍ ഇന്ന് സഭാ നേതൃത്വത്തില്‍ ഇല്ല എന്നതാണ് കേരളസഭയ്ക്കുപ്പറ്റിയ ദുര്‍വിധി. കൗണ്‍സില്‍ മുമ്പോട്ടുവച്ച തുറന്ന കാഴ്ചപ്പാടുകള്‍ പോലും മാറ്റിവച്ചാണ് ഇന്ന് പല തീരുമാനങ്ങളും എടുക്കുന്നത്. സാംസ്‌കാരികാനുരൂപണത്തിലാണ് ഈ ദുരന്തം വ്യക്തമാകുന്നത്.

  • ഭാരതീയവത്കരണം

ഋഷിമാരുടെ ധ്യാനാത്മകതയില്‍ വിടര്‍ന്ന ആത്മീയഗ്രന്ഥങ്ങ ളും ആധ്യാത്മിക സാധനകളും ഭാരതത്തിന്റെ കൈമുതലാണ്. ആ പൈതൃകം അപ്പാടെ മറന്നുകൊണ്ടാണ് ഈ നാട്ടില്‍ ക്രൈസ്തവര്‍ കഴിയുന്നത്. ഭാരതത്തിലെ സഭ 'ഭാരതീയ സഭയായി' വികസിക്കണം എന്ന് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ പ്രതീക്ഷിച്ചിരുന്നു. ഇതായിരുന്നു കൗണ്‍സില്‍ ദര്‍ശനം: ''തങ്ങള്‍ ജീവിക്കുന്ന ജനസമൂഹത്തിന്റ അംഗങ്ങള്‍ എന്ന നിലയില്‍, ആദരവോടും സ്‌നേഹത്തോടും കൂടെ, ദേശീയവും മതപരവുമായ പാരമ്പര്യങ്ങളുമായി പരിചയം നേടണം. അവയില്‍ ദൈവവചനത്തിന്റെ മുകുളങ്ങള്‍ കണ്ടെത്തണം.'' (Vat II, പ്രേഷിതപ്രവര്‍ത്തനം, 11). ഈ ദര്‍ശനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കേളസഭയില്‍ സാംസ്‌കാരികാനുരൂപണ പ്രക്രിയയ്ക്ക് അ ദ്ദേഹം നേതൃത്വം നല്കിയത്. ആത്മീയമായി വളക്കൂറുള്ള ഭാരതത്തെപ്പോലെയുള്ള ഒരു രാജ്യ ത്ത് ക്രൈസ്തവ സാന്നിധ്യം ഈ നാട്ടിലെ ഉദാത്തമായ ആദ്ധ്യാത്മിക സാധനകളം അനുഭൂതിക ളും ഉള്‍ക്കൊണ്ടുവേണം പരിപുഷ്ടമാകാന്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

അദ്ദേഹം എഴുതുന്നു: ''യേശു പാലസ്തീനയില്‍ യഹൂദനായി ജനിച്ചതിനാല്‍ ആ നാട്ടിലെ വേഷ വും ഭാഷയും ആചാരങ്ങളം സ്വീ കരിച്ചു. ഭാരതത്തിലാണ് യേശു ജനിച്ചതെങ്കില്‍ ഈ നാട്ടിലെ വേ ഷവും ആചാരരീതികളും സ്വീകരിക്കുകയും തെറ്റില്ലാത്ത കാര്യങ്ങളിലെല്ലാം ഒരു ഭാരതീയനായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. ക്രിസ്തീയ സഭ ക്രിസ്തുവിന്റെ അവതാരത്തിന്റെ തുടര്‍ച്ചയാണ്. ആ സഭ ഓരോ നാട്ടിലും അവതരിക്കുമ്പോഴും, അവരുടെ സംസ്‌കാരത്തിലും ആരാധനാരീതികളിലും ചിന്താധാരകളിലും നിന്നു സ്വീകാര്യങ്ങളായവയെ സ്വീകരിക്കണം'' (242).

സീറോ മലബാര്‍ റീത്തിലെ കത്തോലിക്കര്‍ സംസ്‌കാരത്തില്‍ ഭാരതീയരും വിശ്വാസത്തില്‍ ക്രൈസ്തവരും ലിറ്റര്‍ജിയില്‍ പൗരസ്ത്യരുമാണ് എന്ന് അദ്ദേ ഹം ഉറച്ചു വിശ്വസിച്ചു. പൗരസ്ത്യര്‍ എന്നുപറയുമ്പോള്‍ കല്‍ദായര്‍ എന്നര്‍ത്ഥമില്ല. കല്‍ദായസഭയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍നിന്ന് അവരുടെ പൈതൃകം പരിഷ്‌ക്കരിച്ചിട്ടുണ്ടല്ലോ.

  • ഭാരതീയ പൂജ

രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ സമാപിച്ചതിനു പിന്നാലെ 1969 ല്‍ ബാംഗ്‌ളൂരില്‍ വച്ച് Church in India സെമിനാര്‍ നടത്തപ്പെട്ടു. ഭാരതത്തില്‍ സാംസ്‌കാരികാനുരൂപണത്തിനുള്ള പ്രാധാന്യം അവിടെ അവതരിക്കപ്പെട്ട നിരവധി പ്രബന്ധങ്ങളില്‍ നിറഞ്ഞുനിന്നു. ഇടവക തലത്തിലെ സംഘടനകളില്‍ നിന്ന് - ഇന്നു നാം പറയുന്ന Synodal Process - വിശ്വാസികളെ ശ്രവിച്ചും ശ്രദ്ധിച്ചും നടന്ന ഒരു സെമിനാര്‍ ആയിരുന്നു അത്. അതിന്റെ വെളിച്ചത്തിലാണ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ 'ഭാരതീയ പൂജ' എറണാകുളം അതിരൂപതയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. അതെപ്പറ്റി അദ്ദേഹത്തിന്റെ വീക്ഷണം അദ്ദേഹം തന്നെ വ്യ ക്തമാക്കി: ''നമ്മുടെ സംസ്‌കാരം ഭാരതീയമാണെങ്കില്‍ നമ്മുടെ ലിറ്റര്‍ജിയും ഭാരതീയമാകണം. ഭാരതീയവത്കരണം പൂര്‍ണ്ണമാക്കി, നമ്മുടെ പൂജ ഉള്‍പ്പെടെ എ ല്ലാ തിരുക്കര്‍മ്മങ്ങളും തത്പരിവേഷം അണിയാന്‍ ഇടയാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. എണ്ണ വിളക്കുകള്‍, ആരതി, പുഷ്പാര്‍ച്ചന, ചന്ദനതിരി ഇവയ്‌ക്കെല്ലാം നാം സ്ഥാനമനുവദിക്കണം'' (243). അദ്ദേഹത്തിന്റെ ഈ 'അഭ്യര്‍ത്ഥന' ചെവിക്കൊണ്ടെങ്കില്‍ ഇന്ന് സീറോ മലബാര്‍ സഭയിലുള്ള ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ആരംഭിച്ച 'ഭാരതീയ പൂജ'യ്ക്കുവേണ്ട ത്ര സ്വീകാര്യത ലഭിക്കാതെ പോയി, പ്രത്യേകിച്ച് കേരളത്തിലെ തെക്കന്‍ രൂപതകളില്‍.

1970-കളില്‍ സാംസ്‌കാരികാനുരൂപണ പ്രക്രിയയ്ക്ക് ലോകമാസകാലം ഏറെ പ്രചാരമുണ്ടായിരന്നു. കര്‍ദിനാള്‍ പാറേക്കാട്ടില്‍ നല്കിയ കൗണ്‍സില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് NBCLC, ധര്‍മ്മാരാം, കുരിശുമല എന്നീ കേന്ദ്രങ്ങളില്‍ ഭാരതീയ പൂജ നടത്തിപ്പോന്നത്. 1980-കള്‍ ആയപ്പോള്‍ സാംസ്‌കാരികാനുരൂപണത്തിന്റെ ആക്കം നിന്നു. അതിനുള്ള ഒരു പ്രധാന കാരണം വിശ്വാസ തിരുസംഘത്തിന്റെ തലവനായ റാറ്റ് സിംഗറിന്റെ സഭാദര്‍ശനമായിരുന്നു: സഭയെന്നാല്‍ ആഗോള കത്തോലിക്കാസഭയാണ്; പ്രാദേശിക സഭകളിലുള്ള സര്‍ഗാത്മക സംരംഭങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചില്ല. അതുകൊണ്ട് തെക്കേ അമേരിക്കയില്‍ ക്രിയാത്മകമായ വിമോചന ദൈവശാസ്ത്രവും ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വിടര്‍ന്ന സാംസ്‌കാരികാനുരൂപ ണ സംരംഭങ്ങളും ആഗോള സഭ യ്ക്കു നഷ്ടമായി.

  • മതസമന്വയം

രണ്ടാം വത്തിക്കാന്‍ കൗണ്‍ സിലില്‍ കാര്‍ഡിനല്‍ പാറേക്കാട്ടില്‍ നടത്തിയ പ്രഭാഷണങ്ങളും അനുബന്ധയോഗങ്ങളിലുണ്ടായ ചര്‍ച്ചകളും പുതിയൊരു ദിശാബോധം ആഗോള സഭയ്ക്കു നല്കാന്‍ പ്രേരകമായി, പ്രത്യേകിച്ച് ഇതര മതസ്ഥരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍. ഇതു സംബന്ധമായി കൗണ്‍സില്‍ നടത്തിയ പ്രഖ്യാപനത്തില്‍ (Nostra Actate) നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം എഴുതുന്നു: ''മനുഷ്യനും മനുഷ്യനുമിടയ്ക്ക് കോട്ടകള്‍ കെട്ടാതെ, മനുഷ്യനെ മനുഷ്യനായി കാണാന്‍ നാം പരിശീലിക്കണം. വിശ്വാസസാഹോദര്യം നമ്മുടെ ആദര്‍ശമായിരിക്കണം'' (200). യേശുനാഥന്‍ മതസമുദായത്തിന്റെ നിയമങ്ങളെ അതിജീവിച്ച്, സംസ്‌കാരത്തിന്റെ വിലക്കുകളെ അതിലംഘിച്ച്, സമൂഹത്തിന്റെ മുന്‍വിധികളെ അവഗണിച്ച്, മനുഷ്യനിലേക്കടുത്തു. ഈ മനുഷ്യാഭിമുഖ്യമാണ് ക്രൈസ്തവധാര്‍മ്മികത.

മനുഷ്യാഭിമുഖ്യത്തില്‍ എല്ലാ മതങ്ങളും സമന്വയിക്കും. കാര്‍ഡി നല്‍ എഴുതുന്നു: ''നമ്മെ പരസ്പരം അകറ്റുന്ന ഘടകങ്ങളെയല്ല, പ്രത്യുത നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങളെയാണ് നാം ആരായേണ്ടത്. പലപ്പോഴും മനുഷ്യര്‍ വച്ചുപുലര്‍ത്തുന്നത് മതവിശ്വാസത്തെക്കാള്‍ ഉപരിയായി സാമുദായിക വും സാമ്പത്തികവും രാഷ്ട്രീയവുമായ താത്പര്യങ്ങളും പരിഗണനകളുമാണ്'' (199) സമുദായ മൈത്രി സംരക്ഷിക്കാന്‍ പല മതാന്തര സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ''കത്തോലിക്കരുടെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഞാന്‍ ഭഗ്നോത്സാഹനായിട്ടില്ല'' (198) എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ ഒരു ക്രാന്തദര്‍ശിയായിരുന്നു. കാലത്തിനു മുമ്പേ പറന്ന പക്ഷിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തുറന്ന സമീപനം വരുംതലമുറകള്‍ക്ക് ഒരു പ്രചോദനമായിരിക്കും, പ്രത്യേകിച്ച് മതമൗലികതയുടെ വിഷക്കാറ്റ് വ്യാപകമാകുന്ന ഈ കാലഘട്ടത്തില്‍.

  • (ബ്രാക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത് ആന്റണി നരികുളം പ്രസിദ്ധീകരിച്ച ''ഞാന്‍ എന്റെ ദൃഷ്ടിയില്‍, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ജീവിതസ്മൃതി, Star, ആലുവ, 2016 എന്ന പുസ്തകത്തിലെ പേജുകള്‍)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org