ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഇടവക പ്രവര്‍ത്തനങ്ങളും

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഇടവക പ്രവര്‍ത്തനങ്ങളും

ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മൗണ്ട് സെന്റ് തോമസ്, കാക്കനാട്

മനുഷ്യജീവന് അനിതര സാധാരണമായ വെല്ലുവിളിയുര്‍ത്തി സമസ്തമേഖലകളും സ്തംഭിപ്പിച്ച് കോവിഡ് 19 എന്ന മഹാമാരി എല്ലാ സാമൂഹിക ആരാധന, ആദ്ധ്യാത്മികക്രമങ്ങളെയും തകിടം മറിച്ചിരിക്കുന്നു. കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി കളോട് നാം എപ്രകാരം പ്രതികരിക്കുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. ഇക്കാലഘട്ടത്തിലും എപ്രകാരം നമ്മുടെ വിശ്വാസജീവിതം സുഗമമായി മുന്നോട്ടു നയിക്കുവാനുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം, നഷ്ടപ്പെടുന്ന ഇടവകക്കൂട്ടായ്മ, ഡിജിറ്റല്‍ മാധ്യമ ങ്ങളുടെ അപര്യാപ്തത തുടങ്ങിയ പരിമിതികള്‍ ഉണ്ടെങ്കിലും മഹാവ്യാധിയുടെ മുമ്പില്‍ പകച്ചു നില്‍ക്കാതെ അതു തരണം ചെയ്യാനും വിശ്വാസ കൈമാറ്റം സുഗമമാക്കാനും വേണ്ട നടപടികള്‍ നാം സ്വീകരിക്കണം. അല്ലെങ്കില്‍, വരുംതലമുറയോട് ചെയ്യുന്ന അനീതിയായിരിക്കുമത്.

ഓണ്‍ലൈന്‍ കുര്‍ബാനയുടെ പരിമിതികള്‍

മിക്ക ദേവാലയങ്ങളും അടച്ചിടേണ്ടിവന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കുര്‍ബാനകള്‍ കൂടുതല്‍ സ്വീകാര്യമായിത്തുടങ്ങിയത്. വിവിധ ചാനലുകള്‍ കുര്‍ബാനകള്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. ഇത് ഇപ്പോഴും തുടരുന്നു. ഞായറാഴ്ച ആചരണമെന്നത് നമ്മെ സംബന്ധിച്ച് വളരെ പ്രധാന പ്പെട്ടതാണ്. പക്ഷെ കോവിഡ് 19 എന്ന വൈറസ് നമ്മുടെ ഇടവകജീവിതത്തെ പ്രതിസന്ധിയിലാക്കി യിരിക്കുന്നു. എങ്കിലും പാറമേല്‍ പണിയപ്പെട്ടിരിക്കുന്ന സഭ ഏത് പ്രതിസന്ധികളെയും തരണം ചെയ്യും. തോണി കാറ്റില്‍പ്പെട്ടപ്പോള്‍ ശിഷ്യന്‍മാര്‍ ഭയപ്പെട്ടതു പോലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മളും ഭയചകിതരാകുന്നു. ദേവാലയത്തില്‍ വന്ന് വി. കുര്‍ബാനയില്‍ പങ്കുചേരുന്ന ശൈലിക്ക് ബദല്‍ സൃഷ്ടിക്കലല്ല; മഹാമാരിക്ക് മുമ്പില്‍ പകച്ചു നില്‍ക്കാതെ വിശ്വാസികള്‍ക്ക് ആത്മീയവും മാനസിക വുമായി ഊര്‍ജ്ജം പകര്‍ന്ന് അവരെ സാധാരണ ക്രിസ്തീയ ജീവിതത്തിലേക്ക് തിരിച്ച് നടത്താനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണ്
ഓണ്‍ലൈന്‍ കുര്‍ബാന. ഇടവകജീവിതം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെ അന്തരീക്ഷം പ്രദാനം ചെയ്യാന്‍
വെര്‍ച്വല്‍ കുര്‍ബാനരീതികള്‍ക്ക് കഴിയുകയില്ല. ശാരീരികസാന്നിധ്യമുള്ള കുര്‍ബായര്‍പ്പണത്തിന് പകരമാകുകയില്ലാത്ത വെര്‍ച്വല്‍ കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്റെ അനിവാര്യഘടകമായി മാറുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്ക്കുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നാം അഭിമുഖീ കരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു താത്ക്കാലികവഴി മാത്രമാണിതെന്നും നാം മറക്കരുത്.

സംവാദാത്മകതയുടെ സാധ്യതകള്‍

ഒരു പുതിയ ഭാഷ കണ്ടുപിടിച്ചതു പോലെ ലോകം മുഴുവന്‍ പരസ്പരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കണക്റ്റഡ് ആയിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം പുതിയ അജപാലന ജീവിത ശൈലികളെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വികാരിയും ഇടവകാംഗങ്ങളെല്ലാവരും ഒരുമിച്ച് ദേവാലയത്തില്‍ ബലിയര്‍പ്പിക്കാന്‍ സാധ്യമല്ലാത്ത ഈ കാലഘട്ടത്തില്‍ ഇടവകാംഗങ്ങള്‍ വികാരിയച്ചനെയോ, വികാരിയച്ചന്‍ ഇടവകാംഗങ്ങളെയോ മറക്കാന്‍ പാടില്ല, ഉള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംവാദ ത്തിന്റെയും സംഭാഷണത്തിന്റെയും വാതായനങ്ങള്‍ തുറക്കാന്‍ ബോധപൂര്‍വ്വം ഇടവകാംഗങ്ങളും ഇടവക നേതൃത്വവും ശ്രമിക്കണം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ രൂപീകരണം ഇടവകാംഗങ്ങള്‍ തമ്മിലുള്ള സംവാദാത്മകതയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സഹായത്താല്‍ കുടുംബകൂട്ടായ്മ കള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവവഴി ഇടവകാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ വികാരിയച്ചന്‍മാര്‍ക്ക് കഴിയും.

കൂട്ടായ്മയുടെ വീണ്ടെടുക്കല്‍

വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് അര്‍ഥം ലഭിക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയില്‍ നിന്നാണ്. ദൈവം മനുഷ്യനു മായുള്ള കൂട്ടായ്മയിലേക്കു വരികയും അത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ കൂട്ടായ്മയായി സ്വയം മനസ്സിലാക്കുന്ന സഭ ദൈവഭവനവും സഭയുടെ ഭവനവുമെന്ന രീതിയിലാണ് ദൈവാലയ ങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത്. അതുകൊണ്ട് ദൈവാലയത്തിലാണ് ആരാധനയ്ക്കായി ഇടവകജനം ഒരുമിച്ച് കൂടേണ്ടത്.
സാമൂഹിക പാരസ്പര്യം നഷ്ടപ്പെടുവാന്‍ സാധ്യതയുളള ഈ സന്ദര്‍ഭത്തില്‍ പ്രായമായവരെ ഏകാന്തതയുടെ ഒറ്റത്തുരുത്തുകളില്‍ ഉപേക്ഷിക്കരുത്. അവരുടെ കാര്യത്തില്‍ ഇടവകയിലുള്ള വിവിധ സംഘടനകള്‍ ജാഗ്രത പുലര്‍ത്തണം. ഒറ്റപ്പെടലിന്റെ തുരത്തുകളില്‍ കൂട്ടായ്മയുടെ വെളിച്ചം വിതറാന്‍ മാതൃവേദി, വിന്‍സന്റ് ഡി പോള്‍ പോലെയുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണം. മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇടവകക്കാരൊടൊപ്പം വികാരിയച്ചനും, വികാരിയച്ചനൊടൊപ്പം ഇടവകക്കാരും ഒരുമയോടെ നീങ്ങട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org