കാണാതെ പോകരുത്; ഈ പുണ്യജന്മങ്ങളെ…

കാണാതെ പോകരുത്; ഈ പുണ്യജന്മങ്ങളെ…

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍
ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍

സന്യാസം എല്ലാക്കാലത്തും വെല്ലു വിളികള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെയാകണം, അത് പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമാകുന്നത്. ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവും ജീവിതകാലം മുഴുവന്‍ അനുഷ്ഠിക്കാമെന്ന നിത്യവ്രതവാഗ്ദാനം തന്നെയാണ്, അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. പ്രഥമവ്രത വാഗ്ദാനത്തില്‍ അവര്‍ നടത്തിയ സന്ന്യാസപ്രതിജ്ഞ, വര്‍ഷങ്ങള്‍ക്കുശേഷം നി ത്യവ്രത വാഗ്ദാനത്തില്‍ ഊട്ടിയുറപ്പിക്കുമ്പോള്‍ അവര്‍ സ്വയമേവ ദൈവത്തിനും സര്‍വോപരി പൊതുസമൂഹത്തിനും സമര്‍പ്പിക്കപ്പെടുക കൂടിയാണ്. ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം സന്ന്യസ്തരുടെയും സമര്‍പ്പിതരുടേയും കര്‍മ്മഫലം കൂടിയാണ്, ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന സമത്വവും നീതിയും വിദ്യാഭ്യാസവും ആരോഗ്യവും സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയുമൊക്കെയെന്ന് എടുത്തു പറയേണ്ടതില്ല.

ഈ കൊറോണക്കാലത്തും അത്തരത്തിലുള്ള ഒരുപിടി നന്മകളെ, കേരളക്കരയിലെ സന്ന്യസ്തര്‍ പുല്‍കിയത് നാം കണ്ടതാണ്. ആവശ്യങ്ങളില്‍ കൈത്താങ്ങായും ആരാരും ഇല്ലാത്തിടങ്ങളില്‍ ബന്ധുത്വമേകിയും അവര്‍ പൊതുസമൂഹത്തിനും കൊറോണ ബാധിത കുടുംബങ്ങള്‍ക്കും നല്‍കിയ പിന്തുണയ്ക്കും ഏറ്റെടുക്കലുകള്‍ക്കും കാലം സാക്ഷി. കോവിഡ് മരണങ്ങളില്‍, അനാഥമാകുമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വിശ്വാസാചാരപ്രകാരമുള്ള, അന്ത്യകര്‍മ്മങ്ങളേകാന്‍ സങ്കോചമില്ലാതെ പി.പി.ഇ. കിറ്റണിഞ്ഞ് അവരോടിയെത്തി. കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതില്‍ ഒട്ടേറെ ആശങ്കകളും ഉല്‍ക്കണ്ഠ കളും ഉള്ള കൊറോണയുടെ പ്രാരംഭകാലത്ത്, ഇടവകകളില്‍നിന്നും ഇടവകകളിലേയ്ക്കും ജാതി മത വ്യത്യാസമില്ലാതെ ശ്മശാനങ്ങളില്‍നിന്നും ശ്മശാനങ്ങളിലേയ്ക്കും മൃതദേഹ സംസ്‌കാരത്തിന് തൃശ്ശൂര്‍ അതിരൂപതയിലെ വൈദികര്‍ നേതൃത്വം നല്‍കുന്ന സാന്ത്വനം ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ എത്തിയിരുന്നത് ഒരു പുതു കാഴ്ചയായിരുന്നു. തൃശ്ശൂരില്‍ മാത്രമല്ല; കേരള സഭയിലെ മുഴുവന്‍ രൂപതകളിലും ബഹുമാനപ്പെട്ട വൈദികരുടെയും സന്ന്യസ്തരുടേയും നേ തൃത്വത്തിലുള്ള ടീം അംഗങ്ങള്‍ കോവിഡ് മൃതസംസ്‌കാരത്തിന് സജ്ജരായിരുന്നുവെന്നതും മാതൃക തന്നെ. കോവിഡ് മൃതസംസ്‌കാരത്തിന് മുന്‍കയ്യെടുത്ത് ഇറങ്ങി തിരിച്ച കേരളത്തിലങ്ങോളമിങ്ങോളമുള്ള സാമൂഹ്യപ്രവര്‍ത്തകരേയും സന്നദ്ധ സേവകരേയും ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, മഹാമാരിയുടെ തുടക്കത്തില്‍ തന്നെ കേരള സമൂഹം, കോവിഡ് മരണങ്ങളില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ കേരളത്തിലെ വിവിധ സഭാ നേതൃത്വങ്ങള്‍, ആത്മീയതയേ ക്കാള്‍ മാനവികതയ്ക്കു പ്രാമു ഖ്യം നല്‍കി ഈയാവശ്യത്തിന് ഒരൊറ്റ മെയ്യോടെ നിലകൊണ്ടത്, കടുത്ത വേനലിലും വേദനയിലും അതിലേറെ ദുരിതത്തിലും നമുക്കു കുളിര്‍കാഴ്ചയായിരുന്നു. ഒരൊറ്റ ദിവസം അഞ്ചും ആറും മൃതദേഹ സംസ്‌കാരങ്ങള്‍ക്ക്, പി.പി.ഇ. കിറ്റുകള്‍ക്കുള്ളില്‍ വിയര്‍ത്തു കുളിച്ച് അവരെത്തിയ ത്, സമൂഹത്തില്‍ വേദനകളിലും ദുരിതങ്ങളിലും ഒറ്റപ്പെടുന്നവനും കൂട്ടായി അവരുണ്ടായിയെന്നതിന്റെ നേര്‍ക്കാഴ്ചയായി.

കോറോണ വ്യാപനത്തിന്റെ രണ്ടാം വരവില്‍ വീണ്ടും അവര്‍ ഒരു പടി കൂടി പിന്നിടുകയാണ്. ദൈനംദിനമുള്ള രോഗികളുടെയെണ്ണം മുപ്പതിനായിരവും നാല്‍പ്പതിനായിരവുമൊക്കെയെത്തിയപ്പോഴും കേരളത്തിലെ പ്രതിദിന മരണക്കേസ്സുകള്‍ മുപ്പതും അന്‍പതും പിന്നിട്ട് നൂറിനു മുകളിലെത്തിയപ്പോഴും ആശ്രമങ്ങളുടെയും പള്ളികളുടെയും സുരക്ഷിതത്വത്തിലിരിക്കാതെ പൊതു സമൂഹത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയവര്‍ രംഗത്തിറങ്ങുകയായിരുന്നു. കൊറോണ രോഗികള്‍, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ആശുപത്രികളിലെ രോഗശയ്യകളില്‍ കൈത്താങ്ങായി ഇനിയവരുണ്ട്. രോഗികളെ ഇനിയവര്‍ നേരിട്ടെത്തി ആശ്വസിപ്പിക്കും.

ദൈനംദിനമുള്ള രോഗികളുടെയെണ്ണം മുപ്പതിനായിരവും നാല്‍പ്പതിനായിരവുമൊക്കെയെത്തിയപ്പോഴും കേരളത്തിലെ പ്രതിദിന മരണക്കേസ്സുകള്‍ മുപ്പതും അന്‍പതും പിന്നിട്ട് നൂറിനു മുകളിലെത്തിയപ്പോഴും ആശ്രമങ്ങളുടെയും പള്ളികളുടെയും സുരക്ഷിതത്വത്തിലിരിക്കാതെ പൊതുസമൂഹത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയവര്‍ രംഗത്തിറങ്ങുകയായിരുന്നു. കൊറോണ രോഗികള്‍, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ആശുപത്രികളിലെ രോഗശയ്യകളില്‍ കൈത്താങ്ങായി ഇനിയവരുണ്ട്.

ഏപ്രില്‍ മാസം ആദ്യം മുതല്‍ തന്നെ ഈ ശുശ്രൂഷ ആരംഭിച്ചിരുന്നുവെങ്കിലും, മെയ് മാസാരംഭത്തോടെ ആശുപത്രികളില്‍ രോഗശയ്യയിലും മരണക്കിടക്കയിലും വേദനിക്കുന്നവര്‍ക്ക് സമാശ്വാസമേകുന്ന ശുശ്രൂഷ അവര്‍ ജനകീയമാക്കിക്കഴിഞ്ഞു. ശയ്യാവലംബരായി ഐസൊലേഷന്‍ വാര്‍ഡിലും കൊറോണ ഐ.സി.യു.വിലും കിടക്കുന്ന ജാതി മത ഭേദമെന്യേയുള്ള രോഗികള്‍ക്ക് ഭക്ഷണം നല്‍കാനും വേദനകളിലും ബുദ്ധിമുട്ടുകളിലും ആശ്വാസമേകുവാനും വൈദികരുടേയും സന്യസ്തരുടേയും നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ സേവനം ചെയ്തു തുടങ്ങി. തൃശ്ശൂരിലെ പഴുവില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ആന്റണീസ് മിഷന്‍ ഹോസ്പിറ്റലില്‍ എഫ്. സി.സി. സന്യാസസഭാംഗങ്ങള്‍ ആരംഭിച്ച, ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ശുശ്രൂഷ, ഇപ്പോഴിതാ തൃശ്ശൂരിലെ തന്നെ അമല ആശുപത്രിയില്‍ ബഹുമാനപ്പെട്ട സി.എം.ഐ. വൈദികരുടേയും ഹോളി ഫാമിലി സന്യാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ തുടരുന്നത്, സന്ന്യസ്തരിലൂടെ പൊതുസമൂഹത്തിന് ലഭ്യമാകുന്ന കരുണയ്ക്ക് നേര്‍സാക്ഷ്യം തന്നെ. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ സി. എം.സി. സന്ന്യാസസമൂഹത്തില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ടീമും, ഐസൊലേഷന്‍ വാര്‍ഡിലെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തൃശ്ശൂര്‍ അതിരൂപതയിലെ ബഹു. വൈദികരുടെ ഒരു ടീമും, ജൂബിലി മിഷന്‍ ആശുപത്രിയില്‍ കൊറോണ സേവനത്തിന് സജ്ജമായി കൊണ്ടിരിക്കുന്നുവെന്നത്, ഈ ന്യൂജെന്‍ കാലഘട്ടത്തിലും ശു ശ്രൂഷിക്കപ്പെടുന്നതിനേക്കാള്‍ ശുശ്രൂഷിക്കാനുള്ള അവരുടെ ദൈവവിളിയെ യഥാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നു. ഇത് തൃശ്ശൂരിലെ മാത്രം കഥയല്ല; കേരളക്കരയിലെ നൂറു കണക്കിന് ആശുപത്രികളില്‍ സന്യസ്തരുടേയും വൈദികരുടേയും സേവനം ഇതിനകം ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്.

ഈ കത്തോലിക്കാ ആശുപത്രികളില്‍ യാതൊരു വിധ സാമ്പത്തിക ബാധ്യതയുമില്ലാതെ, മേല്‍ സന്യസ്തരുടെയും വൈദികരുടേയും സേവനം നിങ്ങള്‍ക്കു ലഭ്യമാകും. അവരാരും ആരോഗ്യരംഗത്തെ വിദഗ്ദ്ധരായല്ല, ഈ ശുശ്രൂഷാ രംഗത്തേയ്ക്ക്, കടന്നുവന്നിരിക്കുന്നത്. പക്ഷേ, ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും ഐ.സി.യു.വികളിലും കൊറോണ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും ആശ്വാസവാക്കുകളേകാനും അവരുണ്ടാകുമെന്ന് തീര്‍ച്ച. ഇതൊരു ഉറപ്പാണ്; സന്യാസം നല്‍കുന്ന ഉറപ്പ്. ലോകാരംഭം മുതല്‍ സമൂഹം നേരിട്ട മഹാമാരികളിലും മാറാവ്യാധികളിലും ദുരന്തങ്ങളിലുമൊക്കെ, മനുഷ്യമനസ്സുകള്‍ക്ക് കൂട്ടായി അവരുണ്ടായിരുന്നുവെന്ന ചരിത്രബോധത്തിനപ്പുറം, ഇന്നിന്റെ ആവശ്യങ്ങളില്‍ മനുഷ്യനു കൈത്താങ്ങേകാന്‍ അവര്‍ കൂടെയുണ്ടെന്ന ഉറപ്പ്. കോവിഡ് മഹാമാരി മൂലമുണ്ടായ മരണങ്ങളില്‍, അന്ത്യകര്‍മ്മങ്ങളില്‍ പൊതു സമൂഹത്തിന് കൈത്താങ്ങേകിയ നിങ്ങളുടെ മാതൃക തന്നെയാണ്, ഇന്ന് ഞങ്ങളും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സേവനപാതയിലെ നിങ്ങളുടെ കോവിഡ് ശുശ്രൂഷയും അധികം വൈകാതെ സമൂഹമേറ്റെടുക്കുമെന്നുറപ്പാണ്.

പ്രിയ സന്യസ്തരേ, ഒരു വിഭാഗം എന്നും നിങ്ങള്‍ക്കെതിരെ എല്ലാ സന്ദര്‍ഭങ്ങളിലും വിമര്‍ശ നശരങ്ങളുന്നയിച്ചുകൊണ്ടിരിക്കുമെന്നത് കാലം തെളിയിച്ച യാഥാര്‍ത്ഥ്യമാണ്. അതവര്‍, അവരുടെ സംതൃപ്തിക്കുവേണ്ടിയും നിലനില്‍പ്പിനു വേണ്ടിയും തുടരട്ടെ. ആ വക്രീകരണ ശക്തികളൊക്കെ കാലാകാലങ്ങളില്‍ നിങ്ങളുടെ സേവനത്തിനു മുന്‍പില്‍ തോറ്റു പിന്‍മാറുകയോ നിങ്ങളുടെ ഗുണകാംക്ഷികളോ ആയി തീര്‍ന്നിട്ടുണ്ട്. ശരികള്‍ക്കിടയിലെ നന്മകളാണ്, നിങ്ങളുടെ പ്രഭവോര്‍ജമെന്നതു കൊണ്ടു തന്നെ അവരുടെ പിന്‍വാങ്ങലുകള്‍ ലോകത്തിനു പുത്തിരിയുമല്ല. അതുകൊണ്ട് നിങ്ങള്‍, നിങ്ങളുടെ ദൗത്യം തുടരുക; കാരണം ലോകം ഇന്നും കണ്ടു പരിചയിച്ച പല നല്ല ശീലങ്ങള്‍ക്കും യഥാവിധി തുടക്കമിട്ടത് നിങ്ങളും നിങ്ങളുടെ പൂര്‍വ്വികരുമാണ്. യഥാര്‍ത്ഥ മാനവികതയുടെ വാഹകരാകാന്‍, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് സര്‍വ്വാത്മനാ പ്രാര്‍ത്ഥിക്കുന്നു.

ഓര്‍ക്കുക: ആ പുണ്യജന്മങ്ങള്‍ ഇവിടെ ജീവിച്ചു മരിക്കുകയാണ്; എനിക്കും നിനക്കും വേണ്ടി.

ഓര്‍ക്കുക: സേവന സന്നദ്ധത സന്യാസത്തിന്റെ മുഖമുദ്ര തന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org