കാരുണ്യം കൈപിടിക്കുന്ന ആതുരസേവനം

കാരുണ്യം കൈപിടിക്കുന്ന ആതുരസേവനം

ഡോ. അരുണ്‍ ഉമ്മന്‍

കൊച്ചിയുടെ തെരുവോരങ്ങളില്‍ ആരുംപോരുമില്ലാതെ അലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും അഭയവും ആഹാരവുമാകുന്ന സെഹിയോന്‍ പ്രേഷിത സമൂഹത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി ഒരു ന്യൂറോ സര്‍ജനാണ് – ഡോ. അരുണ്‍ ഉമ്മന്‍. എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയിലെ ഈ ഡോക്ടര്‍ എട്ടോളം ആശുപത്രികളില്‍ വിസിറ്റിംഗ് ന്യൂറോ സര്‍ജനുമാണ്. തെരുവില്‍ അലയുന്ന അനാഥരെയും മാനസിക രോഗികളെയും കണ്ടെത്തി മുടിവെട്ടിയും കുളിപ്പിച്ചും ഉടുപ്പിച്ചുമൊക്കെ നല്ല സമരിയാക്കാരന്‍റെ ശുശ്രൂഷയില്‍ പങ്കു ചേരുന്ന സെഹിയോന്‍ സംഘം 23 വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂഡ്സണ്‍ എന്ന ഓട്ടോ ഡ്രൈവര്‍ ആരംഭിച്ചതാണ്. 26 ഊട്ടുശാലകളിലായി 1200-ഓളം പേര്‍ക്ക് പ്രതിദിനം ഭക്ഷണം നല്‍കുന്ന സെഹിയോന്‍ പ്രേഷിത സംഘത്തില്‍ 300 വോളന്‍റിയര്‍മാരുണ്ട്. ഇത്തരത്തില്‍ ഈ സംഘത്തിലേക്ക് കടന്നു വന്നയാളാണ് ഡോ. അരുണ്‍ ഉമ്മന്‍.

"സെഹിയോന്‍ പ്രേഷിത സമൂഹത്തിന്‍റെയും പ്രത്യേകിച്ചു ജൂഡ്സന്‍റെയും പ്രവര്‍ത്തനങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ ശുശ്രൂഷയുടെ മഹത്വം മനസ്സിലാക്കിയാണ് അതില്‍ ഉപകാരിയായി ചേര്‍ന്നത്" – ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സെഹിയോന്‍ പ്രേഷിത സമൂഹത്തിന്‍റെ മാനേജിംഗ് ട്രസ്റ്റിയാണ് ഡോ. അരുണ്‍. കൊച്ചിയില്‍ തോപ്പുംപടിയിലാണ് സെഹിയോന്‍ സംഘത്തിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദിനംതോറും 26 സഥലങ്ങളില്‍ ഭക്ഷണം പാകപ്പെടുത്തി നല്‍കുന്നു. അനാഥര്‍ക്കും ഭിക്ഷാടകര്‍ക്കും രോഗികള്‍ക്കും ഈ സേവനം വലിയ അനുഗ്രഹമാണ്. വഴിയില്‍ അലയുന്ന രോഗികളെയും അനാഥരെയും അപകടത്തില്‍ പെടുന്നവരെയുമൊക്കെ സഹായിക്കാന്‍ സെഹിയോന്‍ സംഘത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാണ്.

ആതുര ശുശ്രൂഷ മാനവസേവയാണെന്ന തിരിച്ചറിവാണ് ഡോ. അരുണ്‍ ഉമ്മനെ സെഹിയോന്‍ സംഘത്തിലെത്തിച്ചത്. "ഞാന്‍ പല സംഘടനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍ അവയില്‍ പലതും കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി നില്‍ക്കുന്നവയാണെന്നു മനസ്സിലായി. എന്നാല്‍ സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും ആത്മാര്‍ത്ഥത നിറഞ്ഞതും ദരിദ്രസേവനം ലക്ഷ്യം വച്ചുള്ളതാണെന്നും തിരിച്ചറിയാനായി" – ഡോ. അരുണ്‍ വ്യക്തമാക്കുന്നു.

സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ പേരില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. അരുണ്‍ ഉമ്മന്‍ സംഘത്തിന്‍റെ അനുദിന പ്രവര്‍ത്തനങ്ങളില്‍ ശുഷ്കാന്തിയോടെ ഇടപെടുന്നു. ന്യൂറോ സര്‍ജന്‍ എന്ന വിധത്തില്‍ ഔദ്യോഗിക തിരക്കുകളിലും ഈ സംഘത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നു: "മനസ്സുണ്ടെങ്കില്‍ നമുക്ക് എല്ലാത്തിനും സമയം കിട്ടും. എന്നെ സംബന്ധിച്ച് ഈ ശുശ്രൂഷ ഡോക്ടര്‍ എന്ന വിധത്തിലുള്ള എന്‍റെ സേവനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കുകയാണ്" – ഡോ. അരുണ്‍ പറയുന്നു.

അധ്യാപകരായ ഡോ. അരുണിന്‍റെ മാതാപിതാക്കള്‍ നൈജീരിയയിലായിരുന്നു. അവിടെയും കൊച്ചിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജനറല്‍ സര്‍ജറിയില്‍ രണ്ടാം റാങ്കോടെ മാസ്റ്റര്‍ ബിരുദവും മൂന്നാം റാങ്കില്‍ എംസിഎച്ചും നേടി. ഇംഗ്ലണ്ടിലെ എഡിന്‍ബറോ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സില്‍നിന്നു എംആര്‍സിഎസും കരസ്ഥമാക്കി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ എംബിയെയും കരസ്ഥമാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം അസിസ്റ്റന്‍റ് പ്രഫസറായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ 2014 വരെ സേവനം ചെയ്തു. തുടര്‍ന്ന് ലേക് ഷോറിലെത്തി. ലേക് ഷോര്‍ ഹോസ്പിറ്റലിലെ ഒങ്കോളജിസ്റ്റ് ഡോ. റോജയാണു ഭാര്യ. പ്രൈമറി വിദ്യാര്‍ത്ഥികളായ ഏഥന്‍, ഏഡന്‍ എന്നിവര്‍ മക്കളാണ്.

സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി എന്ന വിധത്തില്‍ ഈ ശുശ്രൂഷ കൂടുതല്‍ വ്യാപകമാക്കാനാഗ്രഹിക്കുകയാണ് ഡോ. അരുണ്‍. "നിത്യവും ഭക്ഷണം കൊടുക്കാനും മറ്റുമായി വലിയ തുക കണ്ടെത്തണം. ഒത്തിരിപേര്‍ സഹായിക്കുന്നുണ്ട്. പക്ഷെ ചിലപ്പോഴെങ്കിലും കടം വാങ്ങിയും മറ്റും കാര്യങ്ങള്‍ നടത്തേണ്ടിവരും. അതെല്ലാം ദൈവാനുഗ്രഹത്താല്‍ ഉടനടി പരിഹരിക്കാനാകുന്നുണ്ട്"- ഡോ. അരുണ്‍ പറയുന്നു. തെരുവില്‍ അലയുന്നവരെ കുളിപ്പിക്കാനും മുടിവെട്ടി വൃത്തിയാക്കാനും ഉപയോഗിക്കുന്ന വാഹനം ഇപ്പോള്‍ തകര്‍ന്ന അവസ്ഥയിലാണ്. പുതിയതു വാങ്ങാന്‍ സ്പോണ്‍സര്‍മാരെ തേടുകയാണ്. അതുപോലെ ഭക്ഷണം വിളമ്പുന്നതിന്‍റെ ചെലവു കുറയ്ക്കാന്‍ ഒരു പൊതു പാചകപ്പുര എന്ന ആശയവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരിടത്ത് പാചകം ചെയ്ത് ഊട്ടുപുരകളിലെത്തിക്കുക എന്നതാണു ലക്ഷ്യം. രണ്ടു സെന്‍റ് സ്ഥലത്ത് ചെറിയൊരു അടുക്കളയാണ് ഉദ്ദേശിക്കുന്നത്. അവിടെ പാകം ചെയ്യുന്ന ഭക്ഷണം വിവിധ സെന്‍ററുകളില്‍ എത്തിക്കാന്‍ വേണ്ട വാഹനവും ആവശ്യമാണ്. ഇതിനു പുറമെ കൊച്ചിയുടെ പ്രാന്തദേശങ്ങളില്‍ ചെന്ന് അവിടെവച്ചു ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാവുന്ന തരത്തില്‍ എയ്സ് പോലുള്ള ഒരു വാഹനം വാങ്ങണമെന്ന ആഗ്രവുമുണ്ടെന്ന് ഡോ. അരുണ്‍ ഉമ്മന്‍ സൂചിപ്പിച്ചു. സന്മനസ്സുള്ളവര്‍ കടന്നു വരുമെന്നുതന്നെയാണ് ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ.

സെഹിയോന്‍ പ്രേഷിത സമൂഹത്തിന്‍റെ കീഴില്‍ ഒരു യുവജനവിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നാല്‍പതോളം യുവാക്കളാണിപ്പോഴുള്ളത്. ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ ക്ലീന്‍ ചെയ്യുന്നതുള്‍പ്പെടെ മാലിന്യനിര്‍മ്മാര്‍ജ്ജനവും മറ്റും ഈ യൂത്ത് വിംഗ് ഏറ്റെടുത്തിരിക്കുന്നു. കൂടുതല്‍ കര്‍മ്മപരിപാടികള്‍ അവര്‍ക്കായി ആവിഷ്ക്കരിച്ചു വരികയാണെന്ന് ഡോ. അരുണ്‍ പറഞ്ഞു.

ഒരു ക്രൈസ്തവന്‍ എന്ന വിധത്തില്‍ തന്‍റെ വിശ്വാസവും പ്രാര്‍ത്ഥനകളും ഈ ശുശ്രൂഷയില്‍ സഹകാരിയാകുന്നതിലൂടെ വര്‍ദ്ധമാനമാകുന്നുണ്ടെന്ന് ഡോ. അരുണ്‍ പറയുന്നു: "ഒരു ഡോക്ടര്‍ എന്ന നിലയില്‍ ദൈവാശ്രയത്വത്തിലൂന്നിയാണു ഞാന്‍ മുന്നോട്ടു പോകുന്നത്. ദൈവം എന്നിലൂടെ പ്രവര്‍ത്തിക്കണം എന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോ ശസ്ത്രക്രിയയും നടത്തുന്നത്." അതിന്‍റെ പ്രതിഫലനം അത്ഭുതാവഹമാണ്. ന്യൂറോ സര്‍ജന്‍ എന്ന വിധത്തില്‍ തലച്ചോറിലും നട്ടെല്ലിലും മറ്റും നടത്തുന്ന ഓപ്പറേഷനുകള്‍ സങ്കീര്‍ണവും നിര്‍ണായകവുമാണ്. അവിടെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ള അനവധി ഉദാഹരണങ്ങളുണ്ട്. ആറു മാസം തളര്‍ന്നു കിടന്ന രോഗിയും മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നയാളും ശസ്ത്രകിയയിലൂടെ പുനര്‍ജനിച്ച സംഭവങ്ങള്‍… ഇതൊന്നും തന്‍റെ മികവല്ല എന്നാണ് ഡോ. അരുണ്‍ സാക്ഷ്യപ്പെടുത്തുന്നത്: "ദൈവത്തിന്‍റെ ഇടപെടലുകള്‍ വളരെ പ്രകടമാണ്. നാം വെറും നിമിത്തം മാത്രം, നമ്മിലൂടെ ദൈവമാണു പ്രവര്‍ത്തിക്കുന്നത്." സെഹിയോന്‍ സംഘവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു കൂടുതല്‍ ദൈവാനുഗ്രഹത്തിന്‍റെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടായ നേട്ടങ്ങളും ഉയര്‍ച്ചകളും അതിന് ഉദാരഹണങ്ങളാണ്.

സമൂഹത്തിലെ ഇന്നത്തെ പ്രതിസന്ധികള്‍ സാമ്പത്തികം, ആരോഗ്യം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നതെന്ന് ഡോ. അരുണ്‍ സൂചിപ്പിക്കുന്നു: "അതില്‍ ആരോഗ്യപരമായ കാര്യങ്ങള്‍ ആതുരസേവകര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്നതാണ്. ആരോഗ്യ പരിചരണത്തില്‍ പക്ഷെ നാം അവലംബിക്കേണ്ട നല്ല പാഠങ്ങളുണ്ട്. ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് താഴെത്തട്ടുകാരെയും ഇടനിലക്കാരെയുമാണ്. അവര്‍ക്കു ചികിത്സ പലപ്പോഴും വലിയ സാമ്പത്തിക ബാധ്യതയാകുന്നു." ആതുരശുശ്രൂഷ കച്ചവടമാക്കാതെ സേവന മനോഭാവത്തോടെ അതിനെ സമീപിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും കഴിയണം. ആരോഗ്യ പരിചരണത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും വിലകൂടിയ ചികിത്സകള്‍ പാവപ്പെട്ടവര്‍ക്കു ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടാകണമെന്നും ഡോ. അരുണ്‍ ഉമ്മന്‍ സൂചിപ്പിക്കുന്നു.

ഔദ്യോഗിക ജീവിതത്തിരക്കുകളിലും ഡോക്ടര്‍മാരടക്കമുള്ള പ്രൊഫഷണലുകള്‍ സാമൂഹിക സേവനങ്ങളിലോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലോ വ്യാപരിക്കുന്നത് അവരുടെ പ്രൊഫഷനും വ്യക്തിജീവിതവും കൂടുതല്‍ ഫലദായകമാകാന്‍ ഉപകരിക്കുമെന്ന് സ്വാനുഭവത്തിലൂടെ ഡോ. അരുണ്‍ സമര്‍ത്ഥിക്കുന്നു. "ജീവിത വ്യഗ്രതകളില്‍, ഔദ്യോഗിക സമ്മര്‍ദ്ദങ്ങളില്‍ അസ്വസ്ഥരാകുമ്പോള്‍ മാനവസേവനം വലിയ ആശ്വാസമായിത്തീരും. അതിനുവേണ്ടി ചെലവിടുന്ന സമയം ഒരിക്കലും ഒരു നഷ്ടമല്ല. അത് അനുഗ്രഹത്തിന്‍റെ നിമിഷങ്ങളായി അനുഭവപ്പെടും" – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുര സേവനവും സമന്വയിക്കുന്ന തന്‍റെ ജീവിതം ഏറെ ആഹ്ലാദകരവും സംതൃപ്തിദായകവുമാണെന്നു പ്രഖ്യാപിക്കുകയാണ് ഇതിനോടകം 48 തവണകളില്‍ രക്തം ദാനം ചെയ്തു കഴിഞ്ഞ ഈ യുവ ഡോക്ടര്‍.

oommenarun@yahoo.co.in
048427772048

തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org