ചരിത്രവഴികളിലെ മഹാമാരികളും പാഠങ്ങളും

ചരിത്രവഴികളിലെ മഹാമാരികളും പാഠങ്ങളും

ഫാ. ജോസ്പുതുശ്ശേരി
ഡോക്ടറല്‍ റിസര്‍ച്ച് സ്റ്റുഡന്റ്, ഓസ്ട്രിയ

ജോസ് പുതുശ്ശേരി, ആസ്ട്രിയ
ജോസ് പുതുശ്ശേരി, ആസ്ട്രിയ

2014 സെപ്തംബര്‍ മാസത്തിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള എന്ന പകര്‍ച്ച വ്യാധി പടര്‍ന്ന് പിടിച്ചത്. ഏകദേശം 16 മാസങ്ങള്‍ക്കപ്പുറം, 2016 ജനുവരിയില്‍, എബോള ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച കാലയളവിനുള്ളില്‍, ഏകദേശം 30,000-ല്‍പ്പരം മനുഷ്യരാണ് രോഗബാധിതരായത്. ലഭ്യമായ കണക്കുകള്‍ പ്രകാരം, 11,000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ പകര്‍ച്ചവ്യാധിയെ പഠനവിധേയമാക്കിയും, അതിനെതിരെ കൈക്കൊണ്ട മുന്‍ കരുതലുകളെ പരിശോധനയ്ക്ക് വിധേയമാക്കിയും, ലോകാരോഗ്യ സംഘടന ഒരു പ്രാഥമിക റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. 2014 ഒക്‌ടോബര്‍ 18-ാം തീയതി പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടില്‍, രോഗത്തിന്റെ ഭീകരതയോടൊപ്പം പ്രതിപാദിക്കപ്പെടുന്ന മറ്റൊരു വിഷയം ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കന്‍ വിഭാഗം വരുത്തിയ വീഴ്ചയും, അടിയന്തര സാഹചര്യത്തെ നേരിടുന്നതില്‍ അവര്‍ കാണിച്ച അലംഭാവവുമാണ്. രണ്ട് പ്രധാനപ്പെട്ട ആരോപണങ്ങളാണ് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കന്‍ വിഭാഗത്തിന് നേരെ അന്ന് റിപ്പോര്‍ട്ട് ഉയര്‍ത്തിയത്. അതില്‍ ഒന്നാമത്തേത് അഴി മതിയാണ്. രണ്ടാമത്തേത്, വ്യക്തമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ ഒരുക്കി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ പോയ അവരുടെ കഴിവില്ലായ്മയാണ്.

കാരണം കണ്ടെത്താനും, നി യന്ത്രണവിധേയമാക്കാനും കഴിയാതിരുന്ന പകര്‍ച്ചവ്യാധികളെയെല്ലാം അന്ധവിശ്വാസത്തിന്റെ പുറംചട്ടയില്‍ പൊതിഞ്ഞ്, ദൈവ ശാപത്തിന്റെ ലേബല്‍ ഒട്ടിച്ച് വിശദീകരിച്ചിരുന്ന മനുഷ്യരെ ചരിത്രത്തിലുടനീളം നാം കാണുന്നുണ്ട്. അവരുടെ തലമുറകള്‍ ശിലാ യുഗം മുതല്‍ മധ്യകാലം വരെ ശക്തമായ സ്വാധീനം സമൂഹത്തില്‍ ചെലുത്തുകയും ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ മധ്യ കിഴക്കന്‍ ഏഷ്യയില്‍ ബ്ലാക്ക് ഡെത്ത് പടര്‍ന്നുപിടിച്ചതും, പതിനാറാം നൂറ്റാണ്ടില്‍ മെക്‌സിക്കോയില്‍ ആരംഭിച്ച സ്‌മോള്‍പോക്‌സ് ലോകം മുഴുവന്‍ കാട്ടുതീപോലെ പടര്‍ന്നതും പിശാചിന്റെ പ്രലോഭനമാണെന്നും, ആള്‍ദൈവങ്ങളുടെ രാത്രി സഞ്ചാരങ്ങളുടെ ഫലമായി ഉണ്ടായതാണെന്നും വിശ്വസിച്ചവരാണ് അന്നുണ്ടായിരുന്നവരില്‍ ഭൂരിഭാഗംപേരും. അതുകൊണ്ടു തന്നെ, ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമോ അതിലേറെയോ സ്ഥാനം പുരോഹിതര്‍ക്കും മന്ത്രവാദികള്‍ക്കും ആ കാലയളവില്‍ ലഭിച്ചിരുന്നു. കൃത്യമായ കാരണം കണ്ടെത്താനാകാത്ത രോഗങ്ങള്‍ക്ക് പ്രതിവിധിയായി നേര്‍ച്ചകാഴ്ചകളും വഴിപാടുകളും കുറിച്ചു നല്‍കി ആരോഗ്യസംരക്ഷണത്തില്‍ പങ്കുചേരാന്‍ അവരില്‍ പലര്‍ക്കും കഴിഞ്ഞത് അങ്ങനെയാണ്.

ഏതാണ്ട് ഒന്നര വര്‍ഷത്തോളമായി ലോകം മുഴുവന്‍ ഈ മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ കാലഘട്ടത്തിനിടയില്‍ ഇന്ത്യന്‍ ജനതയുടെ പൊതു മാനസിക മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ള ആശാവഹമല്ലാത്ത ഒരു മാറ്റം, ഈ രാഷ്ട്ര ത്തിന്റെ ഭരണസംവിധാനത്തിലും ഭരണാധികാരികളിലും വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതാണ്.

എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല. പകര്‍ച്ചവ്യാധികള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍തന്നെ, കൃത്യമായി അതിന്റെ കാരണം കണ്ടെത്താന്‍ മനുഷ്യന് സാധിക്കുന്നു. അതിന്റെ ഘടനയിലും രൂപത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ വേഗത്തില്‍ അവര്‍ തിരിച്ചറിയുന്നു. രോഗം പകരുന്നതെങ്ങനെയെന്നും, അതിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധമാര്‍ഗങ്ങള്‍ എന്തെല്ലാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ പെട്ടെന്ന് നല്‍കപ്പെടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഭയാനകവും അപകടസാധ്യത നിറഞ്ഞതുമായ ചുരുക്കം ചില പകര്‍ച്ചവ്യാധികളെ അഭിമുഖീകരിച്ചവരാണ് നാം. 2002-ല്‍ പൊട്ടിപുറപ്പെട്ട സാര്‍സ്, 2005-ലെ പക്ഷിപ്പനി, 2009-ലെ പന്നിപ്പനി, 2014-ലെ എബോള, 2020-ലെ നിപ്പ എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. 18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ പകര്‍ച്ചവ്യാധികളോളം തന്നെ അപകടകരമായിരുന്നു മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങളെങ്കിലും, വൈദ്യശാസ്ത്രത്തിന്റെ പുരോഗതി നമുക്ക് തുണയായി എന്നു വേണം കരുതാന്‍. ലോകം മുഴുവനിലേക്കും പടര്‍ന്നുകയറാന്‍ കരുത്തുണ്ടായിരുന്ന, ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കേണ്ടിയിരുന്ന പല പകര്‍ച്ചവ്യാധികളേയും അതിന്റെ ഉത്ഭവത്തില്‍തന്നെ പിടിച്ചു കെട്ടാനും, നിയന്ത്രിക്കാനും സാധിച്ചു എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വലിയ നേട്ടമാണ്.

കോവിഡ് 19 എന്ന മഹാമാരി വിലയിരുത്തപ്പെടേണ്ടത് ഈ സാഹചര്യത്തിലാണ്. ലോകം മുഴുവനെയും നിശ്ചലമാക്കി, ആഗോള മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ആയേക്കാവുന്ന തലത്തിലേക്ക് കൊറോണ പടര്‍ന്നുകയറി. ലോകത്തിലെ സമസ്ത മേഖലകളുടെയും സാമാന്യ പ്രയാണം തടസ്സപ്പെട്ടു. മനുഷ്യന്റെ സ്വാഭാവികവും ജൈവീകവുമായ പ്രക്രിയകള്‍ക്കുപോലും വിഘാതം സംഭവിച്ചു. ആഗോള സാമ്പത്തികരംഗത്ത് വലിയ ഇടിവുണ്ടായി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കിടയില്‍ സാരമായ വിള്ളലുകള്‍ വീണു. ഈ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും കെട്ടുകഥകളും നിലനില്‍ക്കുന്നുണ്ടെങ്കിലും, ലോകം മുഴുവനിലേക്കും ഈ മഹാമാരി പടര്‍ന്നുപിടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകി മാറിനില്‍ക്കാന്‍ മനുഷ്യനാകില്ല എന്ന സത്യം നാം ഉള്‍ക്കൊണ്ടേ മതിയാവൂ. 2019-ന്റെ അവസാനത്തില്‍ ചൈനയില്‍ രൂപപ്പെട്ട ഈ രോഗത്തിന്റെ അപ കടസാധ്യതകളെയും തീവ്രവ്യാപനസ്വഭാവത്തെയും ആരംഭത്തില്‍തന്നെ തിരിച്ചറിയാനും മുന്‍ കരുതലുകള്‍ എടുക്കാനും സാധിക്കാതെ പോയത് അവരുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയാണ്. ഈ മഹാമാരി ആരംഭിച്ച് ഒന്നരവര്‍ഷങ്ങള്‍ക്കിപ്പുറം, ചൈനയെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചത്, എല്ലാ കുറ്റങ്ങളും അവരുടെമേല്‍ പഴിചാരി, തീര്‍ത്തും നിരുത്തരവാദിത്വപരമായ ഒരു പ്രതികരണം നടത്താനല്ല. മറിച്ച്, ആരംഭത്തില്‍ അവര്‍ക്ക് സംഭവിച്ചതോ അവര്‍ വരുത്തിയതോ ആയ, അതേ വീഴ്ചകള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. അത്തരം വീഴ്ചകളുടെ പരിണതഫലമാണ് ഇന്ന് ഇന്ത്യാമഹാരാജ്യം നേരിടുന്ന ഈ പ്രതിസന്ധിക്ക് കാരണം.

ലോകം മുഴുവന്‍ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ വിവിധ രാജ്യങ്ങളും, സംവിധാനങ്ങളും, ഭരണാധികാരികളും കൈക്കൊണ്ട നിലപാടുകളും എടുത്ത മുന്‍ കരുതലുകളും പഠനവിധേയമാക്കേണ്ടതാണ്. ശാസ്ത്രീയവും ക്രിയാത്മകവുമായ നടപടികളിലൂടെ ഈ മഹാമാരിയെ നേരിടുകയും, ഒരു പരിധിവരെ അതിനെ പ്രതിരോധിക്കുകയും ചെയ്ത രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് തായ്‌വാന്‍, ന്യൂസിലാന്‍ഡ്, ഐസ്‌ലാന്‍ഡ്, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവയാണ്. കോവിഡിന്റെ അതിവ്യാപനത്തില്‍ നട്ടംതിരിയുന്ന മറ്റു പല രാജ്യങ്ങളോടും തുലനം ചെയ്യുമ്പോള്‍, ഈ രാജ്യങ്ങള്‍ക്കുള്ള പ്രായോഗികമായ ഒരു മെച്ചം, അവരുടെ കുറഞ്ഞ ജനസംഖ്യയാണ്. കുറഞ്ഞ ജനസംഖ്യയുടെ പ്രായോഗിക നന്മകള്‍ അനുഭവിക്കുന്നതോടൊപ്പം, ആരോഗ്യപരിപാലന രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിച്ചതിന്റെ ഫലം കൂടിയാണ് അവരനുഭവിക്കുന്ന സുസ്ഥിതിക്ക് കാരണം. മഹാമാരിയുടെ പ്രാരംഭദിനങ്ങളില്‍ തന്നെ ദ്രുതഗതിയിലുള്ള ടെസ്റ്റുകളും, മുന്നൊരുക്കത്തോടു കൂടിയുള്ള ലോക്ക്ഡൗണും, കൃത്യമായ മാറ്റിപ്പാര്‍പ്പിക്കലുകളും, വന്‍തോതിലുള്ള വാക്‌സിനേഷനും നടത്തിയതുവഴി ഈ രാജ്യങ്ങളെല്ലാം തന്നെ ഒരു പരിധിവരെ കൊറോണ എന്ന മഹാമാരിയെ അതി ജീവിച്ചു കഴിഞ്ഞു. കക്ഷിരാഷ്ട്രീയത്തിനും, ആത്മീയ ഗിമ്മിക്കുകള്‍ക്കുമപ്പുറം ശാസ്ത്രലോകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഭരണസിരാ കേന്ദ്രങ്ങള്‍ ചെവിക്കൊണ്ടു എന്നതാണ് അവരുടെ വിജയത്തിന്റെ കാരണം. 2003-ല്‍ സാര്‍സ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍, രോഗ ബാധിതരായവരുടെ കണക്കില്‍ തായ്‌വാന് ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനം ആയിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ 2003 മുതല്‍തന്നെ പകര്‍ച്ചവ്യാധി പ്രതിരോധ ശൃംഖലകള്‍ തായ്‌വാനില്‍ രൂപീകരിക്കപ്പെട്ടു. വാര്‍ഷിക അടിസ്ഥാനത്തില്‍ അതിന്റെ ഡ്രില്ലുകള്‍ ആശുപത്രികള്‍തോറും നിര്‍ബന്ധമായും നടന്നുപോരുന്നു എന്നൊക്കെ കേള്‍ക്കുന്നിടത്താണ്, ദശാബ്ദങ്ങള്‍ക്കപ്പുറം കാണാനും, ശരിയായ ദിശയിലേക്ക് രാഷ്ട്രത്തെ നയിക്കാനും കഴിവുള്ള ഭരണാധികാരികളുടെ ആവശ്യകത തിരിച്ചറിയുന്നത്.

ശാസ്ത്രത്തെ വെല്ലുവിളിക്കുകയും, ശാസ്ത്രജ്ഞരോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത ഭരണാധികാരികളെയും ഈ കൊറോണക്കാലത്ത് നാം കണ്ടു. തദ്ദേശീയരും വിദേശികളുമായ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ കിട്ടിയിട്ടും, മുന്നൊരുക്കങ്ങള്‍ക്ക് ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും ലക്ഷക്കണക്കിന് ജീവനുകള്‍ ബലി കൊടുക്കേണ്ട അവസ്ഥയിലേക്ക് രാഷ്ട്രങ്ങളെ എത്തിച്ച ഭരണാധികാരികളും ഇവിടെയുണ്ട്. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ തായ്‌വഴിക്കാര്‍ ഇന്നും ഭരണാധികാരികളായി തുടരുന്നു എന്നത് പല രാഷ്ട്രങ്ങളുടേയും ശാപമാണ്. മഹാമാരിയുടെ കാലത്ത് ലക്ഷക്കണക്കിനാളുകള്‍ ജീവനുവേണ്ടി പിടയുമ്പോള്‍, കോടികള്‍ മുടക്കി അവര്‍ സൗധങ്ങള്‍ പണിയുന്നു, ലക്ഷക്കണക്കിന് ആളുകളെ ചേര്‍ത്ത് മത സമ്മേളനങ്ങള്‍ നടത്തുന്നു, ആയിരക്കണക്കിന് ആളുകളെ ചേര്‍ത്ത് തങ്ങളുടെ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്നു. പ്രായോഗികമായ മുന്നൊരുക്കങ്ങളോ പ്രതിരോധ നടപടികളോ സ്വീകരിക്കാതെ നുണകള്‍ പ്രചരിപ്പിക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന തലത്തിലേക്ക് ഈ ഭരണസംവിധാനം തരംതാഴ്ന്നു. സാധാരണക്കാരായ മനുഷ്യരുടെ അറിവില്ലായ്മയേയും നിസ്സഹായതയേയും മുതലെടുക്കാനും ചൂഷണം ചെയ്യാനും പോലും സര്‍ക്കാരുകള്‍ക്ക് മടിയില്ല എന്നത് തീര്‍ത്തും ആശങ്കാജനകമാണ്. കൊറോണ രോഗം കാരണം ഓക്‌സിജന്‍ കിട്ടാതെ അലയുന്ന ജനങ്ങളെ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിക്കാന്‍ അവര്‍ ഉദ്‌ബോധിപ്പിക്കുന്നു, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പശുവിന്റെ ചാണകത്തില്‍ കുളിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു. രാമക്ഷേത്രത്തിന്റെ പണി തീര്‍ന്നാലുടന്‍ കൊറോണ ഭാരതത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന തീര്‍ത്തും അബദ്ധജഡിലമായ പ്രഖ്യാപനങ്ങള്‍ പോലും നടത്തുന്നു. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ തന്നെ ഇത്തരം ഗിമ്മിക്കുകളുടെ വക്താക്കളാകുന്നു എന്നതാണ് ഈ നാടിന്റെ ദുര്യോഗം.

ഏതാണ്ട് ഒന്നര വര്‍ഷത്തോളമായി ലോകം മുഴുവന്‍ ഈ മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ കാലഘട്ടത്തിനിടയില്‍ ഇന്ത്യന്‍ ജനതയുടെ പൊതു മാനസിക മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ള ആശാവഹമല്ലാത്ത ഒരു മാറ്റം, ഈ രാഷ്ട്രത്തിന്റെ ഭരണസംവിധാനത്തിലും ഭരണാധികാരികളിലും വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതാണ്. കോടാനുകോടി വരുന്ന, തീര്‍ത്തും സാധാരണക്കാരായ ഭാരതജനതയുടെ അനുദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നുപോലും ചിന്തിക്കാതെ, മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ലോക്ക്ഡൗണ്‍ മുതല്‍ ഇങ്ങോട്ട് എടുത്ത എല്ലാ നടപടികളും തീര്‍ത്തും പരാജയമായിരുന്നു. കോവിഡിന്റെ രണ്ടാം വ്യാപനത്തെ മുന്നില്‍ കണ്ടുകൊണ്ട് വാക്‌സിനേഷന്‍ നടത്താനോ, വെന്റിലേറ്ററുകള്‍ ഒരുക്കാനോ, ഓക്‌സിജന്‍ നിര്‍മ്മാണവും വിതരണവും ത്വരിതപ്പെടുത്താനോ ഒരു നടപടിയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കപ്പെടുന്ന വാക്‌സിനുകള്‍ക്ക് ഏകീകൃതമായ വില നിശ്ചയിക്കപ്പെടണം എന്ന നിബന്ധനപോലും മുന്നോട്ടു വയ്ക്കാന്‍ ഈ ഗവണ്‍മെന്റിന് കഴിയാതെപോയി. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാതെ, രോഗവ്യാപനത്തിലും മരണനിരക്കിലും നമ്മളെക്കാള്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് പോലും വാക്‌സിന്‍ കയറ്റി അയച്ച്, ഇന്ന് ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം സൃഷ്ടിച്ചതിന്റെ ഏക ഉത്തരവാദി ഈ ഗവണ്‍മെന്റാണ്. നാം അടയ്ക്കുന്ന നികുതി പണത്തിനു പകരമായി നമുക്ക് ലഭിക്കേണ്ട അവശ്യസേവനങ്ങള്‍ കൃത്യമായി നല്കുന്നതില്‍ ഈ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, സാധാരണ ജനത്തിന് പൊതുഭരണ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്.

ജനാധിപത്യം നിലനില്‍ക്കുന്നത് പരസ്പര വിശ്വാസ്യതയുടെ അടിസ്ഥാനത്തിന്മേലാണ് എന്ന് അഭിപ്രായപ്പെട്ടത് യുവല്‍ നോവഹരാരിയാണ്. ജനങ്ങള്‍ക്ക് ഭരണാധികാരികളിലും ഭരണസംവിധാനങ്ങളിലും, ഭരണാധികാരികള്‍ക്ക് നേരെമറിച്ചും സംജാതമാകുന്ന ഉറച്ച പരസ്പര വിശ്വാസ്യതയിലാവണം ജനാധിപത്യ സംവിധാനങ്ങള്‍ നിലകൊള്ളേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ഈ വിശ്വാസ്യത നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പ് തന്നെയാണ് വെല്ലുവിളി നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, സാധാരണ ജനത്തിന് നഷ്ടപ്പെട്ട ഈ വിശ്വാസ്യത വീണ്ടെടുക്കുക എന്നതായിരിക്കണം ഗവണ്‍മെന്റിന്റെ പ്രാഥമികമായ ഉത്തരവാദിത്വവും അജണ്ടയും. അതിനായി ആദ്യം ചെയ്യേണ്ടത് അനുദിനം ഉയര്‍ത്തിക്കാട്ടി, താരതമ്യം ചെയ്തു ഊറ്റംകൊള്ളുന്ന കണക്കുകള്‍ക്കുമപ്പുറമാണ്, രോഗബാധിതരാവുന്ന, മരണമടയുന്ന ഓരോ വ്യക്തിയുടെയും ജീവനും അവരുടെ പ്രിയപ്പെട്ടവരുടെ വേദനകളും എന്ന തിരിച്ചറിവാണ്. രണ്ടാമതായി, എന്തിനും ഏതിനും കുഴലൂതുന്നവരും, സ്തുതി പാഠകരുമായ നേതൃനിരയ്ക്ക് പകരമായി, ആരോഗ്യപരിപാലന രംഗത്തും വൈദ്യശാസ്ത്ര മേഖലയിലും പ്രാവിണ്യവും വൈദഗ്ധ്യവുമുള്ള വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ മഹാമാരിയെ നേരിടാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. മൂന്നാമതായി, കൃത്യമായ കണക്കുകള്‍ ശേഖരിക്കാനും, ശരിയായ കണക്കുകള്‍ പ്രസിദ്ധപ്പെടുത്താനും ഗവണ്‍മെന്റ് തയ്യാറാകണം. കൃത്യമായ കണക്കുകള്‍ ഭീതിതവും, ഭരണ സംവിധാനങ്ങളുടെ വീഴ്ചകളെ വിളിച്ചോതുന്നതാണെങ്കിലും, ശരിയായ കണക്കുകള്‍ ഇന്നും എന്നും മുതല്‍ക്കൂട്ടായിരിക്കും. ഉമമേ ശ െിീ ോലൃല റമമേ യൗ േശ െമ ംലമുീി എന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം. നാലാമതായി, കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിത്തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണം.

ഈ രാജ്യത്തിലെ പൗരന്‍ എന്ന നിലയില്‍, ജാതി മത ലിംഗ ഭാഷ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടേണ്ടിയിരിക്കുന്നു. എന്റെ ആരോഗ്യവും അനാരോഗ്യവും തീര്‍ത്തും വ്യക്തിപരമാണെന്നുള്ള അബദ്ധവിചാരങ്ങള്‍ നമുക്ക് ഉപേക്ഷിക്കാം. ദേശത്തിനും സംസ്‌കാരത്തിനും നിറത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യനെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാ ഹോദര്യത്തിന്റെ വലിയ ചങ്ങല, ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ നമ്മെ ചേര്‍ത്തുനിര്‍ത്തട്ടെ. അരക്ഷിതവും അതിഭീതിതവുമായ സാഹചര്യങ്ങള്‍ക്ക് നാം നേര്‍സാക്ഷികളാകുന്നുണ്ടെങ്കിലും, പ്രതീക്ഷ കൈവിടേണ്ടതില്ല എന്ന സത്യം നമുക്ക് കരുത്ത് പകരട്ടെ. ഒരു സമൂഹമായി ഒത്തൊരുമിച്ച് ഈ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org