Latest News
|^| Home -> Cover story -> ഫാസിസം അകലെയല്ല

ഫാസിസം അകലെയല്ല

Sathyadeepam


വിന്‍സന്‍റ് കുണ്ടുകുളം

ഇന്ന് ബിജെപി ഭരണത്തിന്‍ കീഴില്‍ നടക്കുന്ന സംഭവങ്ങളൊന്നും ആരെയും അതിശയിപ്പിക്കുന്നില്ല. അതിനുകാരണം ഹിന്ദുത്വത്തിന്‍റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് ആ പാര്‍ട്ടി ഇന്നു പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നത് എന്നതാണ്. റിപ്പബ്ലിക്ദിന ചിന്തകളോടു ചേര്‍ത്തുവച്ച് ബിജെപിയുടെ ഇന്നത്തെ നിലപാടുകളെ വിലയിരുത്തുമ്പോള്‍ മൂന്നു ബോധ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

ഒന്നാമത്തേത്, RSS-ന്‍റെ ചൊല്‍പ്പടിക്കു നില്ക്കുന്ന കാലത്തോളം ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ ബിജെപിക്കു സാധിക്കില്ല എന്നതാണ്. 1980-ല്‍ വാജ്പേയി ബിജെപി സ്ഥാപിച്ചപ്പോള്‍ സംഘ പരിവാറില്‍ നിന്നും ആര്‍.എസ.് എസില്‍ നിന്നും വ്യത്യസ്തമായി അല്‍പമെങ്കിലും സെക്കുലര്‍ കാഴ്ചപ്പാടുള്ള ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ വാജ്പേയില്‍ നിന്നും അമിത്ഷായിലേക്കു നേതൃത്വം മാറിയതോടെ പാര്‍ട്ടി ആര്‍. എസ്. എസിന്‍റെ ശിങ്കിടിയായിത്തീര്‍ന്നിരിക്കുന്നു.

സംഘപരിവാറിന്‍റെ രണ്ടാമത്തെ താത്വികാചാര്യനായി അറിയപ്പെടുന്ന എം.എസ്. ഗോല്‍വല്‍ക്കര്‍ അദ്ദേഹത്തിന്‍റെ ‘വിചാരധാര’ എന്ന ഗ്രന്ഥത്തില്‍ അന്നു ലോകത്തില്‍ നിലനിന്നിരുന്ന എല്ലാ രാഷട്രമീമാംസകളെയും വിലയിരുത്തുന്നുണ്ട്. ആദ്യമായി കമ്യൂണിസമാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. 1940-കളില്‍ കമ്യൂണിസം ലോകത്ത് പ്രബലശക്തിയായിരുന്നു. എന്നാല്‍ കമ്യൂണിസത്തിന് ലോകത്തില്‍ ശാശ്വതമായ രാഷ്ട്രങ്ങള്‍ പടുത്തുയര്‍ത്താന്‍ സാധിക്കില്ല എന്നാണ് ഗോല്‍വല്‍ക്കര്‍ സമര്‍ത്ഥിക്കുന്നത്. കാരണം, എവിടെയൊക്കെ കമ്യൂണിസം വളര്‍ന്നിട്ടുണ്ടോ അവിടെ മനുഷ്യര്‍ അധ്വാനശീലരല്ലാതായിത്തീര്‍ന്നിട്ടുണ്ട്. മാത്രമല്ല സാമ്പത്തികമായി ആ രാജ്യങ്ങളെല്ലാം പിന്നോക്കമാണ്. കമ്യൂണിസം ഒരു നിരീശ്വരത്വ പ്രസ്ഥാനം കൂടിയായതുകൊണ്ട് ഓരോ ദേശത്തെയും മതസാംസ്ക്കാരിക പൈതൃകങ്ങളെ അതു തൃണവല്‍ഗണിക്കുന്നു. സമൂഹത്തെ ഐക്യത്തില്‍ നിലനിര്‍ത്തുന്ന ഈ ഘടകം നഷ്ടമാകുന്നതോടെ ഒരു രാഷ്ട്രത്തെ കെട്ടുറപ്പോടെ നയിക്കാന്‍ കമ്യൂണിസത്തിനു സാധിക്കാതാവുന്നു.

കാപ്പിറ്റലിസം, സോഷ്യലിസം തുടങ്ങിയവയെ ഗോല്‍വല്‍ക്കര്‍ വിലയിരുത്തുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളൊക്കെ കാപ്പിറ്റലിസത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും വഴിയിലാണ്. അതെല്ലാം ഉപഭോഗകേന്ദ്രീകൃതമായ ദര്‍ശനങ്ങളാണ്. അതുകൊണ്ടുതന്നെ ജനത സുഖഭോഗികളാകുന്നു. ധാര്‍മ്മികത കുറയുന്നു. മാത്സര്യം ജനിക്കുന്നു. അപ്പോള്‍ ചെറിയ മനുഷ്യര്‍ പാര്‍ശ്വവത്കരിക്കപ്പെടും. അസംസ്കൃത വസ്തുക്കള്‍ തേടിയുള്ള നെട്ടോട്ടത്തില്‍ വലിയ രാഷ്ട്രങ്ങള്‍ ചെറുരാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും. അതുകൊണ്ട് കാപ്പിറ്റലിസത്തിനോ സോഷ്യലിസത്തിനോ രാജ്യത്തെ നയിക്കാന്‍ സാധിക്കില്ല.

ജനാധിപത്യ വ്യവസ്ഥിതിയുടെ മൂല്യവും ഗോല്‍വല്‍ക്കര്‍ പരിശോധിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥിതി ജനങ്ങളുടെ ഭരണമാണെന്നു തോന്നാമെങ്കിലും ആ വ്യവസ്ഥിതിയിലൂടെ രാജ്യം ഏകാധിപത്യത്തിലേക്കു വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് 1975-ല്‍ ഇന്ത്യയിലുണ്ടായ അടിയന്തിരാവസ്ഥയാണ്. ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ അടിച്ചേല്‍പിച്ചതു പാര്‍ലമെന്‍ററി സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെയാണ്.

ഇത്തരത്തില്‍ അന്നു നിലവിലിരുന്ന എല്ലാ രാഷ്ട്രവ്യവസ്ഥകളെയും വിശകലനം ചെയ്ത് അവയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച ശേഷം ഹിന്ദുരാഷ്ട്രം എന്ന ഒരു രാഷ്ട്രമുണ്ടെങ്കില്‍ അതു രൂപപ്പെടേണ്ടത് മതാധിഷ്ഠിത ദേശീയതയിലായിരിക്കണം എന്നു ഗോവല്‍ക്കര്‍ പറയുന്നു. ദേശീയവാദത്തിനു മാത്രമേ ‘ഞങ്ങള്‍’ എന്നുള്ള വികാരം ജനതയില്‍ നിലനിറുത്താന്‍ സാധിക്കയുള്ളൂ. മറ്റു ജനതകളില്‍നിന്നു വ്യത്യസ്തമായി തങ്ങള്‍ക്കുള്ള തനിമ എന്തെന്ന് ഓരോ ജനതയും മനസ്സിലാക്കേണ്ടതുണ്ട്.

ആരാണു നമ്മുടെ വൈരികള്‍ ആരാണു നമ്മുടെ മിത്രങ്ങള്‍ എന്ന് ജനങ്ങള്‍ക്കു ബോധ്യമുണ്ടാകണമെന്നും ഗോവല്‍ക്കര്‍ എഴുതുന്നു. മൂന്ന് ആന്തരീക ഭീഷണികള്‍ ഹിന്ദുരാഷ്ട്രത്തിനുണ്ട് എന്നാണ് ഗോവല്‍ക്കറിന്‍റെ അഭിപ്രായം. അത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ്. മൂന്ന് അധ്യായങ്ങള്‍ തന്നെ ഇതിനായി ‘വിചാരധാര’യില്‍ മാറ്റിവച്ചിരിക്കുന്നു. ഇങ്ങനെ ഹിന്ദുത്വത്തിന് അടിസ്ഥാനമിട്ട ദാര്‍ശനികരെല്ലാം ഒരു മതാധിഷ്ഠിത ദേശീയതയായിരിക്കണം ഇന്ത്യയുടെ രാഷ്ട്രമീമാംസ എന്നു തറപ്പിച്ചു പറഞ്ഞവരാണ്. ആ വഴിയിലൂടെ മാത്രമേ ബിജെപിക്കു മുന്നോട്ടു പോകാനാവൂ കാരണം, അത് സംഘപരിവാറിന്‍റെ ഒരു പോഷക സംഘടന മാത്രമാണ്.

ബിജെപിക്ക് മതേതരത്വത്തെ സംരക്ഷിക്കാനാവില്ല എന്നതാണ് പങ്കുവയ്ക്കാനാഗ്രഹിക്കുന്ന രണ്ടാമത്തെ നിരീക്ഷണം. ഭാരതത്തിന്‍റേത് ഒരു മതേതര ജനാധിപത്യ ഭരണഘടനയാണെങ്കിലും ബിജെപി സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രവാദം ഏകശിലാ മത സംസ്ക്കാരത്തില്‍ അടിയുറച്ചതാണ്. അത് ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍പ്പെട്ട ഹൈന്ദവരില്‍ കേന്ദ്രീകൃതമായിരിക്കും. സവര്‍ക്കര്‍ എഴുതിയ ‘ഹിന്ദുത്വ – ആരാണു ഹിന്ദു’ എന്ന ഗ്രന്ഥത്തിലും ഗോവല്‍ക്കറിന്‍റെ ‘വിചാരധാര’, ‘നമ്മള്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്‍റെ സ്വത്വം’ എന്നീ ഗ്രന്ഥങ്ങളിലും ഭാരതത്തിന്‍റെ പൈതൃകത്തോടു കൂറുപുലര്‍ത്തിയിട്ടുള്ളത് ഇവിടുത്തെ ഹൈന്ദവര്‍ മാത്രമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇസ്ലാമിക ഭരണകൂടങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിലവിലിരുന്നു. പതിനാലു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ ഭാരതം ഏതാണ്ടു പൂര്‍ണമായിത്തന്നെ മുഗള്‍ രാജവംശത്തിന്‍റെ കീഴിലായിരുന്നു. അന്നു മതമൈത്രിയോടെ രാജ്യത്തെ നയിച്ച മുഗള്‍ ചക്രവര്‍ത്തിമാരുണ്ട്. കലാ സാംസ്ക്കാരിക സാഹിത്യ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്കി ഭാരതസംസ്കാരത്തെ പരിപോഷിപ്പിച്ചവരാണ് അവര്‍. അതുപോലെ ബൗദ്ധരും ജൈനരും പാഴ്സികളും സിക്കുകാരും ക്രിസ്ത്യാനികളും ഭാരതത്തിന്‍റെ പുരോഗതിക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഭാരതത്തിന്‍റെ അഖണ്ഡതയ്ക്കുവേണ്ടി രക്തം ചൊരിഞ്ഞത് ഹിന്ദുക്കള്‍ മാത്രമാണെന്നാണ് ഹിന്ദുത്വവാദികളുടെ വാദം. വാസ്തവത്തില്‍ ഇസ്ലാമിക ഭരണകൂടമോ ബ്രിട്ടീഷ് സാമ്രാജ്യമോ രൂപപ്പെടുന്നതിനു മുമ്പ് അറുനൂറോളം നാട്ടു രാജാക്കന്മാര്‍ പരസ്പരം മല്ലടിച്ച് ആധിപത്യത്തിനു വേണ്ടി തമ്മില്‍ തല്ലിയിരുന്ന ഭൂപ്രദേശമായിരുന്നില്ലേ ഭാരതം?

ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം കൃത്രിമ നിര്‍മ്മിതമാണ്. വേദങ്ങളുടെ കാലഘട്ടത്തിലെ ചില പരാമര്‍ശങ്ങളാണ് അതിന് അടിസ്ഥാനമാക്കുന്നത്. വടക്ക് ഹിമാലയം, തെക്ക് ശ്രീലങ്ക, പടിഞ്ഞാറ് ഇറാന്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ …കിഴക്കുഭാഗത്ത് സിംഗപ്പൂര്‍, വിയറ്റ്നാം വരെ ഉള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ ഭാരതത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് ഇവരുടെ കണ്ടുപിടുത്തം. എന്നാല്‍ ഇന്ത്യയുടെ ചരിത്രം പഠിക്കുമ്പോള്‍ ഒരു ഏകശിലാമത കേന്ദ്രീകൃതമായ രാഷ്ട്രമായിരുന്നില്ല ഇവിടെ നിലനിന്നിരുന്നതെന്നു കാണാം. BC 322-നും BC 187-നുമിടയ്ക്ക് മൗര്യ രാജാക്കന്മാരുണ്ടായിരുന്നു. AD 640-ല്‍ ഹര്‍ഷ ഭരണകൂടവും ഉണ്ടായിരുന്നു. അതിനപ്പുറം ഒരു ഏകഹിന്ദു രാഷ്ട്രം ഇവിടെ ഉണ്ടായിരുന്നില്ല. വ്യത്യസ്ത മതങ്ങളുടെയും ജാതികളുടെയും മേല്‍ക്കോയ്മകളില്‍ രാജ്യം ഭരിച്ചിരുന്ന നൂറുകണക്കിനു രാജ്യങ്ങളുടെ സമുച്ചയമായിരുന്നു ഈ ഭൂപ്രദേശം.

ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു ആയിരിക്കാന്‍ കഴിയുക എന്നും സവര്‍ക്കര്‍ വിവരിക്കുന്നുണ്ട്. അതിനു പല ഉപാധികളുണ്ട്. ഒന്ന്, ഈ നാടിനെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍. രണ്ട്, ഹിന്ദു രക്തത്തില്‍ പങ്കുപറ്റുന്നവര്‍, മൂന്ന്, ഹിന്ദു സംസ്ക്കാരം അംഗീകരിക്കുന്നവര്‍. എന്നാല്‍ ഇതെല്ലാം ഇവിടെയുള്ള എല്ലാവര്‍ക്കും സ്വീകാര്യമല്ലേ എന്നു അഹിന്ദുക്കള്‍ക്ക് തോന്നാം. എന്നാല്‍ ഗോല്‍വല്‍ക്കറും സവര്‍ക്കറുമൊക്കെ പുലര്‍ത്തുന്ന കാഴ്ചപ്പാടനുസരിച്ച് ക്രിസ്ത്യാനികള്‍ക്കോ മുസ്ലിങ്ങള്‍ക്കോ ഈ ഹിന്ദുരാഷ്ട്രത്തില്‍ വിശ്വസ്തരായിരിക്കാന്‍ സാധിക്കില്ല. കാരണം അവരുടെ പുണ്യഭൂമി പലസ്തീനായും മക്കയുമാണ്. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സൂചിപ്പിക്കാന്‍ ഗോവല്‍ക്കര്‍ ചൂണ്ടി കാണിക്കുന്നതു ജര്‍മ്മനിയെയാണ്. ജര്‍മ്മന്‍ സംസ്കൃതിയുടെ തനിമയും വിശുദ്ധിയും നിലനിറുത്താന്‍ ഹിറ്റ്ലര്‍ എന്താണോ ചെയ്തത് അതുതന്നെ ഭാരതത്തിലും ചെയ്യണമെന്ന് അവര്‍ എഴുതി വച്ചിരിക്കുന്നു. ഇവ്വിധമുള്ള ഒരു രാഷ്ട്രമീമാംസ വച്ചു പുലര്‍ത്തുന്ന ബിജെപിക്ക് എങ്ങനെ മതേതരത്വത്തിന്‍റെ സംരക്ഷകരാകാന്‍ സാധിക്കും?

എനിക്ക് പങ്കുവയ്ക്കാനുള്ള മൂന്നാമത്തെ ബോധ്യം ബി.ജെ.പി ഔദ്ധത്യത്തോടെ ഫാസിസ്റ്റ് ശൈലി അനുവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇക്കാലമത്രയും ബിജെപിയുടെ വാക്കിലും പ്രവര്‍ത്തിയിലും ഒരു വ്യാജമതേതരത്വം അഭിനയിക്കാനുള്ള പരിശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ തികഞ്ഞ ഭൂരിപക്ഷത്തിലൂടെ രണ്ടാംവട്ടവും അധികാരത്തിലെത്തിയപ്പോള്‍ ഇനി ആരെയും പേടിക്കേണ്ടതില്ല എന്ന രീതിയാണ്. ബിജെപിയുടെ ഒളിച്ചുകളി അവസാനിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 370-ാം വകുപ്പു എടുത്തു മാറ്റി. അടുത്ത നീക്കം ഏകീകൃത സിവില്‍ നയമം നടപ്പിലാക്കുക എന്നതായിരിക്കും. നോട്ടു നിരോധനം വിജയിപ്പിച്ചത് മുസ്ലിം ഭീകരവാദത്തെയും കള്ളപ്പണത്തെയും ഒതുക്കാനുള്ള വഴിയായി അവതരിപ്പിച്ചാണ്. സര്‍ക്കാരിനെതിരെ ഒന്നും ശബ്ദിക്കാത്ത വിധത്തില്‍ മാധ്യമങ്ങളെ അവര്‍ വിലയ്ക്കു വാങ്ങിയിരിക്കുന്നു. ഇന്‍റര്‍നെറ്റും മറ്റും തകരാറിലാക്കുകയോ പിന്‍വലിക്കുകയോ ചെയ്ത് അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമായ അവസ്ഥകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അവകാശങ്ങളെക്കുറിച്ചു വാദിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നു. രാജ്യം ഇന്നു ഹിന്ദുത്വ കോര്‍പ്പറേറ്റുകള്‍ക്കു വില്ക്കപ്പെട്ടിരിക്കുകയാണ്. വികേന്ദ്രീകൃതമായിരുന്ന നമ്മുടെ സാമ്പത്തിക ക്രമത്തെ ജിഎസ്റ്റിയിലൂടെയും മറ്റും കേന്ദ്രീകൃതമാക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഹിന്ദുത്വ അജണ്ടയുള്ള മേലാള വിഭാഗത്തിനു കൈമാറിയിരിക്കുന്നു. ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമായി മാറുകയാണ്.

അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും സത്യമാക്കി അവതരിപ്പിക്കുക എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് രാജ്യമെങ്ങും പ്രതിരോധം സൃഷ്ടിക്കപ്പെട്ടപ്പോള്‍ അതിനവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍. ഇതര രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് ഇവിടെ അഭയം കൊടുക്കുന്നതില്‍ എന്താണു തെറ്റ് എന്നുള്ള രീതിയിലാണ് ഇതു പ്രചരിപ്പിക്കുന്നത്. കേള്‍ക്കുന്നവരെല്ലാം ഇതില്‍ എന്താണു കുഴപ്പം എന്നു ചിന്തിച്ചുപോകും. തീര്‍ച്ചയായും അന്യനാടുകളില്‍ പിഡിപ്പിക്കപ്പെടുന്ന ഹൈന്ദവര്‍ക്കു അഭയം ലഭിക്കാനുള്ള സാധ്യതയുണ്ടാകണം. എന്നാല്‍ ഈ സാധ്യത അഹിന്ദുക്കള്‍ക്കു നിഷേധിക്കുന്നു എന്നതാണ് പ്രതിഷേധാര്‍ഹമാകുന്നത്.

പൗരത്വഭേദഗതി ബില്ല് ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 14 നു കടകവിരുദ്ധമാണ്. അതില്‍ പറയുന്നത് ഈ രാജ്യത്തു വസിക്കുന്ന എല്ലാ പൗരന്മാരും നിയമത്തിനു മുന്നില്‍ തുല്യരാണ് എന്നാണ്. ഈ നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ ഭാരതത്തിലെ വലിയൊരു ശതമാനം ന്യൂനപക്ഷങ്ങള്‍ ഇവിടെനിന്നു രണ്ടാം കിടക്കാരാവും. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദീന്‍ അലി അഹമ്മദിന്‍റെ കുടുംബക്കാരും, സേനാനായകരായി ജോലി ചെയ്തവരും അവാര്‍ഡു ജേതാക്കളും ഒക്കെ പൗരത്വം തെളിയിക്കാനാവാത്തതുകൊണ്ട് കഷ്ടപ്പെടുകയാണ്.

ഇതെല്ലാം സൂചിപ്പിക്കുന്നത് ബിജെപി സ്യൂഡോ സെക്കുലറിസത്തിന്‍റെ മുഖം മൂടി അഴിച്ചുമാറ്റിയിരിക്കുന്നു എന്നാണ്. ഈ അവസരത്തില്‍ എല്ലാവരും ഉള്‍പ്പെടുന്ന പൗരക്കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെടേണ്ടത് ആവശ്യമാണ്. പൗരസമിതികളെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബിജെപിയുടെ മതേതരവും ജനാധിപത്യവുമല്ലാത്ത ഏകശിലാകേന്ദ്രീകൃതമായ മതാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള യാത്രയെ തടഞ്ഞു നിറുത്താനാകൂ.

Leave a Comment

*
*