ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍ : ദരിദ്രര്‍ക്ക് സുവിശേഷമറിയിച്ച വൈദികന്‍

ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍ : ദരിദ്രര്‍ക്ക് സുവിശേഷമറിയിച്ച വൈദികന്‍

സി. സുധാ മരിയ സിപിഎസ്

സി. സുധാ മരിയ സിപിഎസ്
സി. സുധാ മരിയ സിപിഎസ്

1933 മുതല്‍ 1982 വരെ നീളുന്ന തന്റെ വൈദികജീവിതകാലം മുഴുവനും, പ്രേഷിത ചൈതന്യത്തോടും പരസ്‌നേഹതീക്ഷ്ണതയോടും കൂടി വ്യാപരിച്ച ഒരു വ്യക്തിയാണ് ഫാ. ജോര്‍ജ്ജ് കൊച്ചു പറമ്പില്‍. വൈദികന്റെ ദൗത്യത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ദൈവം തനിക്ക് നല്‍കിയ കഴിവുകളാകുന്ന താലന്തുകളെ ഇരട്ടിയാക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം ആ കഴിവുകളെല്ലാം മാനസാന്തരവേലകള്‍ക്കും, പാവങ്ങളുടെ ഉദ്ധാരണത്തിനുമായി ചെലവഴിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരും, പട്ടിണിപാവങ്ങളും രോഗികളും നിര്‍ദ്ധനരും, വിദ്യാഹീനരുമെല്ലാം ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആണെന്ന് മനസ്സിലാക്കി അവരെ പ്രത്യേകവിധം സ്‌നേഹിക്കുവാനും അവരുടെ പരിരക്ഷണത്തിനു വേണ്ടി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാനും അദ്ദേഹം സമയത്തിന്റെ മുഖ്യഭാഗവും വ്യയം ചെയ്തിരുന്നു.

ആത്മാവും ശരീരവുമുള്ള വ്യ ക്തിയാണ് മനുഷ്യനെന്ന ബോധ്യം ആദ്ധ്യാത്മികതലത്തിലും ശാരീരിക തലത്തിലുമുള്ള സമഗ്രമായ ഉദ്ധാരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും നടപ്പിലാക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. അസാദ്ധ്യമെന്നു പലരും കരുതുന്നതു പലപ്പോഴും സാധ്യമാണെന്ന് ഫാ. കൊച്ചുപറമ്പില്‍ വിശ്വസിച്ചിരുന്നു. പ്രാര്‍ത്ഥനയും, പ്രയത്‌നവും ഒരുമിച്ച് ചേരുമ്പോഴേ സമഗ്രവികസനം സാദ്ധ്യമാകൂ എന്ന് ആ സാത്വികന്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. ഈ തത്വം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ ആത്മ വിശ്വാസം നിരന്തരം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്നു. യേശുവിന്റെ പാവപ്പെട്ടവര്‍ യേശുവിന് നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം നിരന്തരം അധ്വാനിച്ചു കൊണ്ടിരുന്നു. തന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും നയിച്ച ഈ ആശയം തന്റെ ജീവിത ശേഷവും പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടിയാണ് പ്രേഷിതാരാം സന്യാസിനി സമൂഹത്തിന് അദ്ദേഹം രൂപം നല്‍കിയത്. 'ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തു." (ലൂക്കാ 4:19) എന്ന സുവിശേഷ വാക്യമാണ് അദ്ദേഹത്തിനെന്നും പ്രചോദനം നല്‍കിയിരുന്നത്. ദളിത്-ക്രൈസ്തവരുടെ ഉദ്ധാരകന്‍, മതാധ്യാപകരുടെയും ഉപദേശികളുടെയും സംഘാടകന്‍, വേദപ്രചാര സംഘടനയുടെ ഡയറക്ടര്‍, പ്രേഷിതാരാം സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ കേരള കത്തോലിക്കാ സഭയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ വിലയേറിയതാണ്.

കുടുംബപശ്ചാത്തലം

ക്രൈസ്തവമൂല്യങ്ങള്‍ പുലര്‍ത്തിപ്പോന്ന സാമാന്യം മെച്ചപ്പെട്ട ഒരു പൂന്തോപ്പായിരുന്നു ചെറുവാത്താക്കല്‍ തറവാട്ടില്‍പ്പെട്ട കൊച്ചുപറമ്പില്‍ കുടുംബം.

ദൈവത്തിലുള്ള പരിപൂര്‍ണ ആശ്രയവും ജീവിതലാളിത്യവും അധ്വാനശീലവുമായിരുന്നു, അവരുടെ കൈമുതല്‍. സമാധാനപരമായ കുടുംബജീവിതമായിരുന്നു കൊച്ചുപറമ്പില്‍ യൗസേപ്പിന്റെയും, ഏലിയുടെയും. ദൈവാനുഗ്രഹം ഫലമണിഞ്ഞുകൊണ്ട് ഈ ദമ്പതിമാരുടെ ഏറ്റവും ഇളയ സന്താനമായി 1906 ജനുവരി 20-ന് ഈ പൊന്നോമന പുത്രന്‍ ജനിച്ചു. അന്ന് തോട്ടകംകാരുടെ ഇട വകയായിരുന്ന വൈക്കം ഫൊറോന പള്ളിയില്‍ വച്ച് 8-ാം ദിവസം ശിശുവിന് മാമ്മോദീസ നല്‍കപ്പെട്ടു. പാരമ്പര്യമനുസരിച്ച് കുഞ്ഞിന് ഗീവര്‍ഗീസ് എന്നു പേരിട്ടു. വക്കച്ചന്‍ എന്ന ഓമനപേരില്‍ കുഞ്ഞിനെ സ്വന്തപ്പെട്ടവര്‍ വിളിക്കാന്‍ തുടങ്ങി. ഓര്‍മ്മവച്ചനാള്‍ മുതല്‍ വക്കച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മാതാപിതാക്കളില്‍ നിന്ന് നൈസര്‍ഗികമായി ലഭിച്ച പലവിശിഷ്ടഗുണങ്ങളും അവനിലുണ്ടായിരുന്നു. അവരുടെ തികഞ്ഞ ആഗ്രഹാഭിലാഷങ്ങളുടെ ഫലമെന്ന വണ്ണം ആശയഗതിയനുസരിച്ച് വക്കച്ചന്‍ മറ്റു യുവാക്കമാരെ വെല്ലുന്ന ഭക്തിയിലും സ്വഭാവഗുണത്തിലും ജീവിതലാളിത്യത്തിലും കാര്യശേഷിയിലും സേവനതല്‍പരതയിലും ദീനാനുകമ്പയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തി.

ബാല്യകാലം

1913-ല്‍ ഏഴാമത്തെ വയസ്സിലായിരുന്നു വക്കച്ചന്റെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം. അനുദിനം ദിവ്യകാരുണ്യഭക്തിയില്‍ അവന്‍ വളര്‍ന്നുവന്നു. ഭവനം തോട്ടകം ആശ്രമത്തോട് ഏറ്റവും അടുത്തായിരുന്നു. അവിടുത്തെ ബഹു. വൈദികരുടെ പ്രോത്സാഹനവും പ്രചോദനവും സ്വീകരിച്ച് ദിവസവും ദിവ്യബലിയിലും മറ്റു തിരുകര്‍മ്മങ്ങളിലും സജീവമായി സംബന്ധിക്കുന്ന പതിവ് ചെറുപ്പം മുതല്‍ തന്നെ വക്കച്ചന്‍ സ്വായത്തമാക്കി. തോട്ടകം പള്ളിയില്‍ വി. കുര്‍ബാന ഇല്ലാത്ത ദിവസങ്ങളില്‍ ദീര്‍ഘദൂരം നടന്ന് മറ്റു ദേവാലയങ്ങളില്‍ പോയി ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനും ദിവ്യകാരുണ്യനാഥനെ സ്വീകരിക്കുന്നതിനും ജാഗ്രതപുലര്‍ത്തിയിരുന്നു. കാഞ്ചി സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി വന്ന യുവവൈദികരെ സുറിയാനി പഠനത്തില്‍ സഹായിച്ച ബഹു. തോമസ് മുഞ്ഞേലിയച്ചന്‍ അന്നു തോട്ടകം കൊവേന്തയില്‍ താമസിച്ചിരുന്നു. അദ്ദേഹം, 'വക്കച്ചാ നീയൊരു അച്ചനാകുമോ' എന്ന് ഒരിക്കല്‍ ചോദിക്കുകയുണ്ടായി. ബാലനായ വക്കച്ചന്‍ തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചുവച്ചിരുന്ന ആഗ്രഹം വിളിച്ചു പറയുന്നതിന് ഒട്ടും തന്നെ ആലോചിക്കേണ്ടിവന്നില്ല.

ദൈവവിളിയും വൈദിക പരിശീലനവും

1924 ജൂണ്‍ 2-ാം തീയതി 19-ാമത്തെ വയസ്സില്‍ വക്കച്ചന്‍ തന്റെ ആഗ്രഹമനുസരിച്ച് ഒരു രാജ്യം പിടിച്ചടക്കിയ യോദ്ധാവിന്റെ കൃതാര്‍ത്ഥതയോടെ സെമിനാരിയില്‍ ചേരുവാന്‍ പുറപ്പെട്ടു. എറണാകുളം മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ തിരുമേനിയുടെ അംഗീകാരത്തോടെ അതിരൂപതാ പെറ്റി സെമിനാരിയിലാണ് വക്കച്ചന്‍ ചേര്‍ന്നത്. ഈ അവസരത്തില്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയായിലുള്ള നിത്യരാധന സഭക്കാരായ സന്യാസിനികള്‍ പ്രസിദ്ധപ്പെടുത്തിയ 'റ്റാബര്‍നാക്കിള്‍ ആന്‍സ് പര്‍ഗറ്ററി' എന്ന മാസിക വായിക്കാനിടയായി. അന്നുമുതല്‍ ദിവ്യകാരുണ്യവും ശുദ്ധീകരണ ആത്മാക്കളും വക്കച്ചന്റെ പ്രത്യേക ഭക്തിമാര്‍ഗ്ഗങ്ങള്‍ ആയി. എല്ലാവര്‍ക്കും പ്രിയങ്കരനായ ആ സെമിനാരിക്കാരന്‍ കര്‍ത്താവിന്റെ യാഗപീഠത്തില്‍ ആത്മാര്‍പ്പണം ചെയ്യാനുള്ള സമയം അടുത്തുവന്ന 1933 കര്‍ത്താവിന്റെ കുരിശുമരണജൂബിലി ആഘോഷിക്കുന്ന അസാധാരണ വര്‍ഷമായിരുന്നു. 1933 ഡിസംബര്‍ 21-ാം തീയതി എറണാകുളം മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ തിരുമേനിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

1933 മുതല്‍ 1982 വരെ നീളുന്ന തന്റെ വൈദികജീവിതകാലം മുഴുവനും, പ്രേഷിത ചൈതന്യത്തോടും പരസ്‌നേഹ തീക്ഷ്ണത യോടും കൂടി വ്യാപരിച്ച ഒരു വ്യക്തിയാണ് എറണാകുളം-അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍.

1935 ഒക്‌ടോബര്‍ 28-നു അദ്ദേഹം കൊരട്ടി പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി. കൊരട്ടിയിലെ അന്നത്തെ വികാരിയായിരുന്ന ഫാ. ജോസഫ് പയ്യപ്പിള്ളിയുടെ വലംകൈയായി എപ്പോഴും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തീക്ഷ്ണമതിയായ കൊച്ചച്ചന് വിഷമമുണ്ടായില്ല. 'നിങ്ങള്‍ ലോകമെങ്ങും പോയി എന്റെ സുവിശേഷമറിയിക്കുവിന്‍ എന്ന ക്രിസ്തുനാഥന്റെ തിരുവചനങ്ങളെ ശിരസ്സാവഹിച്ചു കൊണ്ട് ബഹു. കൊച്ചുപറമ്പിലച്ചന്‍ ഇടവകജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ അഭിവൃദ്ധിക്കായി തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചു. സുവിശേഷസന്ദേശം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനായി ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം തുടങ്ങിവച്ച മതബോധന സെന്ററുകള്‍ പില്‍ക്കാലത്ത് ഓരോ ദേവാലയമായിത്തീര്‍ന്നു എന്നത് അദ്ദേഹത്തിന്റെ അജപാലനപാടവത്തിന്റെ നിതാന്തസാക്ഷ്യമായി നമുക്ക് കാണാവുന്നതാണ്.

വേദപ്രചാര ഡയറക്ടര്‍

എറണാകുളം അതിരൂപതയില്‍ 'വേദപ്രചാരസംഘം' എന്ന പേരില്‍ സ്ഥാപിച്ചു, പ്രേഷിതപ്രവര്‍ത്തനം നടത്തി വന്നതും, പിന്നീട് സുവിശേഷ പ്രഘോഷണ സംഘം എന്ന പേരില്‍ അറിയപ്പെടുന്നതുമായ സംഘടനയുടെ കര്‍മ്മമണ്ഡലത്തിലേക്കാണ് ബഹു. ജോര്‍ജ്ജ് അച്ചന്‍ നിയോഗിക്കപ്പെട്ടത്. 1939 ആഗസ്റ്റ് 29-ന് അന്നത്തെ വേദപ്രചാരകഡയറക്ടറായിരുന്ന മോണ്‍. ജോസഫ് പഞ്ഞിക്കാരനച്ചന്റെ അസിസ്റ്റന്റായിട്ടാണ് അദ്ദേഹം സേവനമാരംഭിച്ചത് 1942 ജനുവരി 4-ന് മോണ്‍സിഞ്ഞോര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് വേദപ്രചാരഡയറക്ടറായി. അങ്ങനെ 1942 മുതല്‍ 1960 വരെ ഈ രംഗത്ത് അദ്ദേഹം സേവനനിരതനായി. സമുദായങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് കാണുകയും അവരുടെ മുറവിളികള്‍ കേള്‍ക്കുകയും ചെയ്തു. ബഹു അച്ചന്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവനതീക്ഷ്ണതയും ത്യാഗ സന്നദ്ധതയും ഉള്ള യുവാക്കന്മാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഒരുക്കിയെടുത്തു. മതബോധനം വിരളമായ സ്ഥലങ്ങളിലും ക്രൈസ്തവവിശ്വാസത്തില്‍ സ്ഥിരത ലഭിച്ചിട്ടില്ലാത്തവരുടെ ഇടയിലും അവരെ പ്രവര്‍ത്തനനിരതരാക്കി. എല്ലാ മാസങ്ങളിലും അവരുടെ പ്ര വര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. മാത്രമല്ല അവരുടെ പ്രവര്‍ത്തനരംഗങ്ങളില്‍ ചുറ്റിനടന്ന് കൂടുതല്‍ പ്രേഷിതതീക്ഷ്ണത പകര്‍ന്നു കൊടുത്തു.

അനുഗ്രഹീതനായ ധ്യാനപ്രസംഗകന്‍

ഫാ. കൊച്ചുപറമ്പില്‍ അനുഗ്രഹീതനായ ഒരു ധ്യാനപ്രസംഗകനായിരുന്നു ലളിതമായ ഭാഷയും മധുരമായ പ്രഭാഷണവും വഴി മനുഷ്യരെ മാനസാന്തരത്തിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജീവിതത്തിന്റെ വിവിധാനുഭവങ്ങളെയും പാപകരമായ സാഹചര്യങ്ങളെയും പറ്റിയുള്ള പ്രഭാഷണം ഹൃദയപരിവര്‍ത്തനത്തിന് ഓരോരുത്തരെയും ശക്തമായി പ്രേരിപ്പിച്ചു. വളരെയേറെ പാപികളെ പുണ്യജീവിതത്തിന്റെ പാതയിലേക്ക് അദ്ദേഹം കൊണ്ടു വന്നു. എറണാകുളം അതിരൂപതയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ധ്യാനപരിപാടി. കേരളത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ധ്യാന പ്രസംഗം നടത്തിയിരുന്നു. 800 ഓളം ധ്യാനപ്രസംഗങ്ങള്‍ അദ്ദേഹം നടത്തി. 1931 ഡിസംബര്‍ 10-17 തീയതികളില്‍ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ധ്യാനപ്രസംഗങ്ങള്‍ 'ആത്മാവിന്റെ തീര്‍ത്ഥയാത' എന്ന പേരില്‍ പുസ്തകരൂപേണ പുറത്തിറക്കിയിട്ടുണ്ട്.

പ്രേഷിതതീക്ഷ്ണതയില്‍ ജ്വലിച്ച യോഗീവര്യന്‍

വേദപ്രചാരത്തിന് പണം സംഘടിപ്പിക്കാന്‍, അതിരൂപതയില്‍ പ്രധാനതിരുനാളുകള്‍ നടക്കുന്ന കൊരട്ടി, കാഞ്ഞൂര്‍, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ പാട്ടകിലുക്കി അദ്ദേഹം നില്‍ക്കുമായിരുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്ന അനേകം ആളുകള്‍ അദ്ദേഹത്തെ സഹായിച്ചിരുന്നു. തനിക്കു കിട്ടിയ താലന്ത് വര്‍ദ്ധിപ്പിച്ച് വിശ്വസ്തനായ ഭ്യത്യനെപോലെ തനിക്ക് കിട്ടിയവയില്‍ നിന്ന് പാവങ്ങളെ സഹായിക്കാനും സമുദ്ധരിക്കാനും അദ്ദേഹം ശ്രമിച്ചു. കണ്ണിമംഗലം, പാണ്ടുപാറ തുടങ്ങി മലമ്പ്രദേശങ്ങളില്‍ കട്ടിലുകളെ കുമ്പസാര കൂടുകളാക്കി അനേകം പാപികളെ മാനസാന്തരത്തിലേക്കും ആഴമായ ദൈവാനുഭവത്തിലേക്കും അദ്ദേഹം നയിച്ചു. ഒരു കുരിശു നാട്ടീ കാട്ടില്‍ കുര്‍ബാന അര്‍പ്പിക്കാനും അദ്ദേഹം മടിച്ചില്ല. ആലം ബഹീനര്‍ക്കും സഹായം അര്‍ഹിക്കുന്നവര്‍ക്കും അദ്ദേഹം അത്താണിയായിരുന്നു പാവങ്ങളുടെ വേദന അദ്ദേഹത്തിന്റെയും വേദനയായിരുന്നു ആര് എപ്പോള്‍ സഹായം ചോദിച്ചാലും തന്റെ കയ്യില്‍ ഉള്ളത് മുഴുവന്‍ കൊടുക്കുന്ന പിതൃവത്സലനായിരുന്നു അദ്ദേഹം. താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും അദ്ദേഹം എടുത്തു കൊടുത്തിരുന്നു. ആരേയും വെറും കയ്യോടെ പറഞ്ഞയക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. രാത്രിയുടെ യാമങ്ങളില്‍ ദിവ്യസക്രാരിയുടെ മുമ്പില്‍ കൈകള്‍ വിരിച്ച് ലോകത്തിനുവേണ്ടി തന്റെ പ്രിയപ്പെട്ട മക്കള്‍ക്കു വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.

പ്രേഷിതാരാം സഭാസ്ഥാപനം

കാലടിയില്‍ പെരിയാര്‍ നദിയുടെ തീരത്തു നിലകൊണ്ടിരുന്ന ബഹു. മത്തായി പുത്തരിക്കലച്ചന്റെ വേനല്‍ക്കാലവസതിയായിരുന്ന ബംഗ്ലാവും അതു നില്‍ക്കുന്ന 70 സെന്റ് സ്ഥലവും 1962-ല്‍ വേദപ്രചാരത്തിനായി അതിരൂപതയ്ക്ക് ദാനം ചെയ്തിരുന്നു. പ്രസ്തുത സ്ഥലവും കെട്ടിടവും അതിരൂപതാ വേദപ്രചാര ഡയറക്ടറായിരുന്ന ബഹു. ജോര്‍ജ്ജ് കൊച്ചുപറമ്പിലച്ചനു, അഭിവന്ദ്യ പാറേക്കാട്ടില്‍ മാര്‍ ജോസഫ് മെത്രാപ്പോലീത്ത സത്യവാങ് മൂലം ഏല്‍പിച്ചു കൊടുത്തു. അതാണ് പ്രേഷിതാരാം സഭയുടെ പിള്ളത്തൊട്ടിലാകാന്‍ ദൈവം തിരഞ്ഞെടുത്ത സ്ഥലം. 1964-ല്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനി വേദപ്രചാരം കാര്യക്ഷമമാക്കുന്നതിനു പ്രത്യേക പഠനവും പരിശീലനവും ലഭിക്കുന്നതിനു ആഗ്രഹമുള്ള യുവാക്കന്മാരെ ക്ഷണിച്ചുകൊണ്ട് എറണാകുളം മിസ്സത്തിലൂടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ ഒരാള്‍ മാത്രമേ ആക്ഷണം സ്വീകരിച്ച് മുന്നോട്ട് വന്നുള്ളൂ. അതുകൊണ്ട് ഉദ്ദിഷ്ടഫലം ലഭിക്കില്ലെന്നു മനസ്സിലാക്കി തല്‍ സ്ഥാനത്ത് നല്ല മനസ്സുള്ള യുവതികളെ സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് ഫാ. ജോര്‍ജ്ജ് അഭിവന്ദ്യ പിതാവിനെ ധരിപ്പിച്ചു. പിതാവ് അച്ചന്റെ അഭിപ്രായത്തെ ശരിവയ്ക്കുകയും ചെയ്തു. താന്‍ വിഭാവനം ചെയ്ത മതാദ്ധ്യാപക സംഘടനയ്ക്ക് അംഗങ്ങളെ തേടി ബ. അച്ചന്‍ ഇടവകകള്‍ തോറും പോയി, ബഹു. വികാരിമാരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള യുവതികളെ വിളിച്ചുകൂട്ടി അവര്‍ക്ക് അച്ചന്‍ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു. അനന്തരം അവരെ 1964 ആഗസ്റ്റ് 24-ന് കാലടി പള്ളിയില്‍ വരുത്തി മതാദ്ധ്യാപക സംഘടനയെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തു.

അജ്ഞതയും, ദാരിദ്ര്യവും മൂലം പലവിധത്തില്‍ അധഃപതിച്ചു കൊണ്ടിരുന്ന പാവപ്പെട്ടവരിലേക്ക് കടന്നുചെന്ന് സുവിശേഷസന്ദേശം അവര്‍ക്കു പറഞ്ഞുകൊടുത്ത് അവരെ സമുദ്ധരിക്കുക എന്ന പദ്ധതി അച്ചന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിഭാവനം ചെയ്തിട്ടുള്ളതായിരുന്നു. ഈ ആശയം മുന്നില്‍ കണ്ടുകൊണ്ട് ഒരു സഭാ സമൂഹത്തിന് രൂപം കൊടുക്കാനുള്ള ആഗ്രഹം അച്ചനില്‍ തിങ്ങി നിറഞ്ഞിരുന്നു. അതിനാല്‍ തന്നെ താന്‍ രൂപംകൊടുക്കുന്ന സമൂഹം, നിലവിലിരിക്കുന്ന മറ്റ് സന്ന്യാസമൂഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കണമെന്ന് ആ കര്‍മ്മയോഗി തീരുമാനിച്ചിരുന്നു. ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള ശ്രമമായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

അജ്ഞതയും, ദാരിദ്ര്യവും മൂലം പല വിധത്തില്‍ അധഃപതിച്ചു കൊണ്ടിരുന്ന പാവപ്പെട്ടവരിലേക്ക് കടന്നുചെന്ന് സുവിശേഷസന്ദേശം അവര്‍ക്കു പറഞ്ഞു കൊടുത്ത് അവരെ സമുദ്ധരിക്കുക എന്ന പദ്ധതി അച്ചന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിഭാവനം ചെയ്തിട്ടുള്ളതായിരുന്നു.

അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയുടെ പൗരോഹിത്യ രജതജൂ ബിലിയോടനുബന്ധിച്ച് തിരുമേനിയുടെ അധ്യക്ഷതയില്‍ തന്നെ 1964 ആഗസ്റ്റ് 25 ന് പുതിയ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. ഈ സംരംഭത്തിന് 'പ്രേഷിതാരാം കാറ്റിക്കെറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേര് നല്‍കുകയും അതിന്റെ ഡയറക്ടറായി ബഹു. കൊച്ചുപറമ്പിലച്ചനെ നിയമിക്കുകയും ചെയ്തു. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ സ്ഥാപനത്തിന് നേരിടേണ്ടിവന്നു. പ്രഗത്ഭരായ അധ്യാപകരാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. കോഴ്‌സ് കഴിഞ്ഞ് തിരിച്ചുപോയി, പിന്നീട് തിരിച്ചു വന്ന 21 പേരാണ് പ്രേഷിതാരാം സഭയിലെ ആദ്യ അംഗങ്ങള്‍. സമ്പൂര്‍ണ്ണമായ സ്‌നേഹത്തില്‍ നിന്നുദിക്കുന്ന സമര്‍പ്പണവും, പരമമായ ആശ്രയബോധത്തില്‍ അടങ്ങിയിരിക്കുന്ന വിശ്വാസവും, ദൈവതിരുമനസ്സിനോടുള്ള നിരുപാധിക വിധേയത്വവും സന്യാസികള്‍ക്കുണ്ടായിരിക്കണമെന്ന് നിഷ്ഠയുണ്ടായിരുന്ന അദ്ദേഹം, തന്റെ മക്കളെ സ്വജീവിതത്തിലൂടെ മാതൃകയും സ്‌നേഹവും കൊണ്ട് ഒരുക്കി. പ്രാര്‍ത്ഥനാ ചൈതന്യവും, പ്രേഷിതതീക്ഷ്ണതയും, പരിത്യാഗമനോഭാവമുള്ള കന്യകകളെയാണ് ഈ ധന്യാത്മാവ് വിഭാവനം ചെയ്തത്.

അടര്‍ന്നു വീണ പുണ്യപുഷ്പം

പ്രഷിതാരാം സഭയുടെ ഒരു ശാഖാ ഭവനം കാക്കനാടിനടുത്ത് തുതിയൂര്‍ എന്ന സ്ഥലത്ത് ആരംഭിക്കുന്നതിനുവേണ്ടി, അത്യുന്നത കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം പണി ആരംഭിച്ചു. ആ കാലഘട്ടത്തില്‍ അച്ചന്‍ രോഗബാധിതനായി, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. പത്തു ദിവസം അത്യാസന്നനിലയില്‍ തന്നെ ആയിരുന്നു. 1982 ഏപ്രില്‍ 26-ാം തീയതി രോഗം അപകടകരമായ നിലയിലായി കാണപ്പെട്ടു. രാത്രി 8.30-ന് തന്റെ ആത്മീയപുത്രിമാരുടെ സാന്നിധ്യത്തില്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായി. മരണംവരെ ശാന്തനും സന്തോഷവാനും ആയി മാത്രമെ അദ്ദേഹത്തെ ഏവര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടുള്ളു. 'ഞാന്‍ നല്ല ഓട്ടം ഓടി എന്ന് ദൈവതിരു മുമ്പില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും പറയാന്‍ സാധിക്കും. പൗരോഹിത്യത്തിന്റെ ആദ്യനാളുകള്‍ മുതല്‍ മരണം വരെ അദ്ദേഹം ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. അച്ചന്‍ മരിക്കുമ്പോള്‍ പ്രേഷിതാരാം സഭ രൂപം കൊണ്ടിട്ട് അഞ്ചു വര്‍ഷമേ ആയിരുന്നുള്ളൂ. എങ്കിലും താന്‍ വിഭാവനം ചെയ്ത് ഭരമേല്‍പിച്ച ദൗത്യം നിര്‍വഹിക്കുവാന്‍ മക്കള്‍ക്ക് കഴിയും എന്ന് ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് അദ്ദേഹം പ്രശാന്തനായി സമാധാനത്തോടെ കടന്നുപോയി.

പുതിയ ഡയറക്ടര്‍

1984 മാര്‍ച്ച് 19 മുതല്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ അന്നത്തെ ജനറാളായിരുന്ന ബഹു. ജോര്‍ജ്ജ് കമ്മട്ടിലച്ചനെ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള കല്പന അത്യുന്നത കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തിരുമേനിയില്‍ നിന്നു ലഭിച്ചു. അന്നുമുതല്‍ പ്രേഷിതാരാമിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയ്ക്കായി അദ്ദേഹം വിവിധ തലങ്ങളിലൂടെ അക്ഷീണം യത്‌നിച്ചുകൊണ്ടിരുന്നു. പ്രേഷിതാരാം ഇന്നത്തെ നിലയില്‍ ആയിരിക്കുന്നതില്‍ ബഹു. കമ്മട്ടിലച്ചന്റെ പങ്ക് വളരെ വലുതാണ്.

പ്രേഷിതാരാം സഭ ഇന്ന്

1964 മുതല്‍ പയസ് യൂണിയനായി പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനം 1977 ഡിസംബര്‍ 8-ന് ജോസഫ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ കാനോനിക്കലായി സന്യാസസഭയായി ഉയര്‍ത്തി. സ്ഥാപകന്‍ നിര്‍ദ്ദേശിച്ച കാരിസത്തിന് അനുസരിച്ചാണ് അംഗങ്ങള്‍ മുന്നേറിയത്. 'ക്രിസ്തുവില്‍ പാവങ്ങളെ സേവിക്കുക' ഈ ആപ്തവാക്യത്തില്‍ ഊന്നികൊണ്ട് വിവിധ അപ്പസ്തലേറ്റ് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു. കാറ്റിക്കിസം, ഫാമിലി വിസിറ്റിംഗ്, ആതുരശുശ്രുഷ, വിദ്യാഭ്യാസം, വൃദ്ധസദനങ്ങള്‍ അനാഥമന്ദിരങ്ങള്‍, വികലാംഗര്‍ക്കും, മന്ദബുദ്ധികളുമായവര്‍ക്കുള്ള വിവിധ സ്ഥാപനങ്ങള്‍, മുദ്രാലയ പ്രഷിതത്വം, ടൈലറിംഗ് സ്ഥാപനങ്ങള്‍, ഇടവക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹോദരിമാര്‍ മുഴുകുന്നു. ഇതുകൂടാതെ വ്യത്യസ്തമായ പല മേഖലകളിലും സോഷ്യല്‍ സര്‍വ്വീസ് രംഗത്തും നല്ല രീതിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു. കേരളത്തില്‍ 5 സീറോ മലബാര്‍ രൂപതകളിലും കേരളത്തിന് പുറത്ത് മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജഗദല്‍പൂര്‍ ഇന്ത്യയ്ക്ക് പുറത്ത് ജര്‍മ്മനി, ഇറ്റലി, എന്നീ രാജ്യങ്ങളിലും സഹോദരി മാര്‍ ക്രിസ്തു സന്ദേശം എത്തിക്കുന്നു. ഇപ്പോള്‍ സഭയില്‍ 296 അംഗങ്ങള്‍ ഉണ്ട് 59 ഭവനങ്ങളിലായി ശുശ്രൂഷ ചെയ്യുന്നു. സഭയുടെ ആസ്ഥാനം എറണാകുളം അങ്കമാലി അതിരൂപതയില്‍ കാലടി പ്രദേശത്താണ്. സി. ഡോണ ഇജട ആണ് ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍. 2013 ആഗസ്റ്റ് 15-ന് കാര്‍ഡി. ജോര്‍ജ് ആലഞ്ചേരി സഭയെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org