അപ്പോ സ്വാതന്ത്ര്യ സമരം കഴിഞ്ഞാര്‍ന്നില്ലല്ലേ...??

അപ്പോ സ്വാതന്ത്ര്യ സമരം കഴിഞ്ഞാര്‍ന്നില്ലല്ലേ...??
Published on

ഒരു തീട്ടക്കഥ, ഒരു മൂത്രക്കഥ, ഒരു മറവിക്കഥ, ഒരു മീന്‍ കഥ, ഒരു തെറിക്കഥ ഇങ്ങനെ അഞ്ചു കഥകള്‍ കൊണ്ട് അഞ്ച് ചെറുപ്പക്കാര്‍ സ്വാതന്ത്ര്യമെന്തെന്ന് വരച്ചിടുകയാണ് മലയാള സിനിമയുടെ പൂമുറ്റത്ത്. ദിനം പ്രതി മത്സരിച്ച് ആര്‍ഷമാക്കിക്കൊണ്ടിരിക്കുന്ന ഭാരതത്തില്‍ കൂടെക്കൂടെ പറയേണ്ട ഗതികേടാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യമെന്നാല്‍ പഴയ സ്വാതന്ത്ര്യ സമരമാണെന്നും, തീവ്രദേശീയത വീര്‍പ്പിക്കലാണെന്നും സദാചാര സംരക്ഷണമാണെന്നും മാത്രം ചിന്തിച്ചു വെന്തു പുകഞ്ഞു നില്‍ക്കുന്ന ഒരു ജനതയുടെ മുമ്പിലാണ് തുല്യത, ഭരണഘടന, വ്യക്തിസ്വാതന്ത്ര്യം, ബോഡിപൊളിറ്റിക്‌സ്, ആത്മാഭിമാനം, മനുഷ്യാന്തസ്സ് ഇതൊക്കെയും സ്വാതന്ത്ര്യമെന്ന ഒരു കുടക്കീഴില്‍ പലജീവിതക്കാഴ്ചകളിലൂടെ ചേര്‍ത്തു വയ്ക്കാന്‍ ജിയോ ബേബിയും കൂട്ടരും ശ്രമിച്ചത്. ഫ്രെയിമുകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. തീട്ടത്തിനും മൂത്രത്തിനും മീന്‍കഷണത്തിനും വരെ പറയാന്‍ വ്യക്തമായ പൊളിറ്റിക്‌സുണ്ട്. ''മൈരേ'' എന്ന തെറിപോലും അന്തസുള്ള ഒരു ചെറുത്തു നില്‍പും നിലപാടുമാകുന്നുണ്ട്. അറപ്പും വെറുപ്പും ഗോപ്യവുമായി കണ്ടിരുന്ന വിഷയങ്ങള്‍ വരെ അഡ്രസ് ചെയ്യാന്‍ ധൈര്യം കാട്ടുന്നിടത്തും അതിലൂടെ സ്വാതന്ത്ര്യത്തിന്റെയും സ്വത്വബോധത്തിന്റെയും വെള്ളിക്കീറുകള്‍ പുറത്തേക്കിടാന്‍ ശ്രമിക്കുന്നിടത്തും അടുത്തകാലങ്ങളില്‍ ആന്തോളജിയെന്ന പേരില്‍ പടച്ചുവിട്ട പല സിനിമകളേക്കാള്‍ ഒരുപാടു മേലെയാണ് ഫ്രീഡം ഫൈറ്റ്. മുന്നറിയിപ്പ് സിനിമയില്‍ മമ്മൂട്ടിയുടെ രാഘവന്‍ പറയുന്നതുപോല ''നിങ്ങളുടെ സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് സ്വാതന്ത്ര്യമാകണമെന്നില്ല.'' എന്റെ കണ്ണിലൂടെ മാത്രമല്ലാതെ അരികുപറ്റിപ്പോകുന്ന ഓരോ ജീവിതങ്ങളുടെയും ഷൂസിനുള്ളില്‍ ഇറങ്ങിനിന്ന് മുന്‍വിധികളില്ലാതെ നോക്കിയാല്‍ മാത്രം മനസിലാവുന്ന ചില സ്വാതന്ത്ര്യ ബോധത്തിന്റെയും അവര്‍ നടത്തുന്ന സ്വാതന്ത്ര്യ സമരത്തിന്റെയും ചെറുത്തുനില്‍പിന്റെയും കൊട്ടിഘോഷിക്കപ്പെടാത്ത ഗാഥകള്‍ കണ്ടെടുക്കാനായേക്കും. മാമൂലുകളുടെയും കപടസദാചാര ബോധങ്ങളുടെയും പേട്രിയാര്‍ ക്കിയുടെയും നെഞ്ചത്തേക്ക് അഴുക്കുവെള്ളമെറിഞ്ഞു കൊണ്ട് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ല്‍ ജിയോ ബേബി തുറന്നിട്ട വെളിപാടുകളുടെ തുടര്‍ക്കഥകളാണ് ഓരോ കഥകളും. ഒറ്റ ചോദ്യം എന്താണ് സ്വാതന്ത്ര്യം? - 5 കാഴ്ചകളുടെ ഉത്തരങ്ങള്‍ പലതാണ്. അത്

തുല്യതയാണ്....!

ഇറങ്ങിപ്പോരലുകളാണ്...!

മുന്നിട്ടിറങ്ങലുകളാണ്....!

പോരാട്ടമാണ്.....!

അവകാശമാണ്...!

Geethu Unchained: കേരളത്തിലെ 20 പിന്നിട്ട ഏതൊരു പെണ്‍കുട്ടിയും ഒരിക്കലെങ്കിലും കേള്‍ക്കാതെ പോയിട്ടുണ്ടാകില്ല കഥയിലെ പല ഡയലോഗുകളും ചോദ്യങ്ങളും. അവള്‍ക്കൊരു റിലേഷന്‍ഷിപ്പുണ്ടാകുമ്പോള്‍, അത് ബ്രേക്കാവുമ്പോള്‍, കല്യാണ പ്രായമാവുമ്പോള്‍, ഇഷ്ടപ്പെട്ട ഒരു വസ്ത്രമിടുമ്പോള്‍, ഇഷ്ടം തുറന്നുപറയുമ്പോള്‍, വീട്ടിലൊന്നു വെറുതേ ഇരിക്കുമ്പോള്‍, നാട്ടിലൊരു കല്യാണം കാണുമ്പോള്‍ എത്രയെത്ര നേരങ്ങളില്‍ ആണ് അവളൊരു ബാധ്യതയും ഭാരവുമായി അഡ്രസ് ചെയ്യപ്പെടുന്നതും സമ്മര്‍ദ്ദങ്ങളില്‍ ഞെരിയപ്പെടുന്നതും. ഒരാള്‍ ജീവിതത്തില്‍ സ്വന്തമായി എടുക്കുന്ന ഒരു തീരുമാനം എപ്പോഴെങ്കിലും ഒന്നു പാളിയാല്‍ തീരുമാനമെടുക്കാനുള്ള കോട്ട അതോടെ അവസനിച്ച മട്ടിലുള്ള എഴുതപ്പെടാത്ത നിയമമുണ്ടല്ലോ നമുക്കിടയില്‍. അതൊരു പെണ്‍കുട്ടി കൂടിയാകുമ്പോള്‍ പിന്നെ പറയേ വേണ്ട. നീയിങ്ങനെ നടന്നാല്‍ നാട്ടുകാരും ബന്ധുക്കളും എന്തു പറയും? അവരൊക്കെ ഓരോന്നു ചോദിക്കുന്നു .. പറയുന്നു. അവരോട് നമ്മള്‍ എന്തുപറയും? ഇങ്ങനെ ഒരായുസ്സ് മുഴുവന്‍ സ്വന്ത ജീവിതം നാട്ടുകാര്‍ക്കു വേണ്ടി ജീവിച്ചു തീര്‍ക്കേണ്ട ഒരു ശരാശരി മനുഷ്യന്റെ പേരു കൂടിയാണ് മലയാളിയെന്ന് രജിഷ വിജയന്റെ ചോദ്യങ്ങളിലൂടെ സിനിമ കീറി മുറിക്കുന്നുണ്ട്. പെണ്ണല്ലേ, അവള്‍ ഇഷ്ടപ്പെട്ടോളും പൊരുത്തപ്പെട്ടോളും അങ്ങനെയാകണ്ടവളാണ് എന്നൊക്കെയുള്ള ഉള്ളിലുറഞ്ഞു പോയ പതിവ് ചിന്തകളെ എതിര്‍ക്കേണ്ടതുണ്ടെന്ന നിലപാട് ഗീതുവിന് ഉണ്ടാകുന്നതാണ് അവളുടെ ലിബറേഷന്‍. ഇഷ്ടമാണ് എന്ന കാര്യം പോലും പരസ്യമായി പറയുന്നതെന്തിനെന്ന വലിയ സമ്മര്‍ദ്ദത്തെ, ആണ്‍പൊതു ബോധ്യങ്ങളെ ''പോടാ മൈരേ....''എന്ന ഒറ്റവിളിയില്‍ കൊന്നു കൊലവിളിച്ചുകൊണ്ട് അണ്‍ചെയിന്‍ഡാകുന്ന ഗീതു ക്യമാറയും തട്ടി മറിച്ചുള്ള പോക്കില്‍ ആദാമിന്റെ വാരിയെല്ലിലെ പെണ്ണുങ്ങളെ പോലെ ഒരു ഫോര്‍ത്ത് വാള്‍ ബ്രേക്കിങ്ങുണ്ട്. അവള്‍ ക്യാമറിയില്‍ നിന്നും തെറിപറഞ്ഞിറങ്ങിപ്പോകുന്നത് ജീവിതത്തിലേക്കാണ്. അഭിനയം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും കണ്ടന്റു കൊണ്ടും കയ്യടിക്കേണ്ട സിനിമ തന്നെയാണ് Geethu Unchained എന്ന അഖില്‍ അനില്‍കുമാര്‍ സിനിമ.

അസംഘടിതര്‍: എത്രപറഞ്ഞാലും ആണിനൊരിക്കലും മനസിലാവാത്ത, പൊതുസമൂഹത്തിന് പൊതുവേ ഒരു അത്യാവശ്യമായി തോന്നാത്ത ഒരു കാര്യത്തിനുവേണ്ടി ഒരു സംഘം പെണ്ണുങ്ങള്‍ നടത്തുന്ന പോരാട്ടമാണ് കുഞ്ഞില മസിലാമാണിയുടെ ഡോക്യുഫിക്ഷന്‍ എന്നു പറയാവുന്ന ചിത്രം. ആര്‍ത്തവം ആണിനായിരുന്നെങ്കില്‍ സിഗററ്റ് കുറ്റികള്‍ പോലെ ഇവിടെ വഴിനീളെ സാനിറ്ററി പാഡുകള്‍ കിടന്നേനെ. പെണ്ണിന്റെ ശുചിത്വബോധത്തില്‍ നിന്നുള്ള ആവശ്യമാണ് വൃത്തിയായ ഒരു മൂത്രപ്പുര. മണിക്കൂറുകള്‍ ഒരേ നില്‍പു നിന്നും, അതിലേറെ നേരം മൂത്രം പിടിച്ചുവച്ചും ജീവിക്കുന്ന എത്ര സെയില്‍സ് ഗേളുകള്‍ ഇനിയുമുണ്ടെന്നതിന് ഈ നാട് തന്നെ സാക്ഷി. വൃത്തിയായ മൂത്രപ്പുരയില്ലാത്ത കൊണ്ട് മണിക്കൂറുകളോളം അതു പിടിച്ചുവക്കേണ്ട ഗതികേട് കേരളത്തില്‍ ഒരിക്കലും ഒരാണിനുണ്ടാവില്ല. അതുകൊണ്ട് തന്നെ പെണ്ണിന്റെ പ്രാഥമികാവശ്യത്തെ ലാഘവത്തോടെയും ചില വളിച്ച തമാശുകൊണ്ടും മാത്രമേ അവന് വരവേല്‍ക്കാനറിയൂ. പൊതുബോധങ്ങളെ കല്ലെറിയുന്നുണ്ടീ പെണ്‍സിനിമ. ട്രാന്‍സ് ജെന്‍ഡറുകളുടെ ആവശ്യങ്ങളേക്കൂടി മനുഷ്യനെന്ന തുല്യതയോടെ പരിഗണിക്കുന്നുമുണ്ട്. പെണ്‍കൂട്ട് എന്ന സംഘടനയുമായി വിജിചേച്ചിയും കൂട്ടരും നടത്തിയ ചരിത്ര സമരത്തെത്തന്നെയാണ് സിനിമ പറയുന്നത്. പെണ്ണുങ്ങളെല്ലാം തന്നെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും നെഞ്ച് പൊള്ളിക്കുകയും ചെയ്യുന്നുണ്ട്. ഒരു കുടുസ്സു മുറിയില്‍ ഞെരിഞ്ഞിരുന്നു കുപ്പിയില്‍ മൂത്രമൊഴിക്കുന്ന പോലൊരു അടിമത്വത്തിന്റെ ഭാരപ്പെടുത്തലുണ്ട് കഥയ്ക്ക്.

റേഷന്‍ (ക്ലിപ്ത വിഹിതം): വെറുതേ മേശപ്പുറത്തു തുറന്നിരുന്നു ഒടുക്കം എടുത്തു കളയുന്ന മീന്‍കറിക്കുവരെ എത്ര ആത്മാഭിമാനത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയുണ്ടെന്നു കാണുന്നുണ്ട് ഒരുള്‍ക്കിടിലത്തോടെ നാം. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥ വായിക്കുമ്പോ കിട്ടുന്ന ഒരു വല്ലാത്തയവസ്ഥയാകും മനസ്. സമ്പന്നര്‍ പിന്നെയും സമ്പന്നരും ദരിദ്രര്‍ പിന്നെയും ദരിദ്രരുമാകുന്ന ആധുനിക ഇന്ത്യയില്‍ നിന്നു കൊണ്ടു നാമിതു മനസിലാക്കണം. ഒരു മതില്‍ക്കെട്ടിനപ്പുറവും ഇപ്പുറവും പുലരുന്ന ജീവിതങ്ങളുടെ വ്യത്യാസം എത്ര വലുതാണെന്ന് ക്ലൈമാക്‌സിലെ ഷോട്ടിലൂടെ കാണിക്കുന്നുണ്ട്. അരിവാങ്ങുന്നവര്‍ക്കും ആത്മാഭിമാനമുണ്ടെന്ന് 'റേഷന്‍' പറയുമ്പോള്‍ അതിനു അവന്‍ കൊടുക്കേണ്ടി വരുന്ന വില വലുതാണ്. അതാണ് സിനിമ പറയുന്ന വിഷയവും- ക്ലാസ് ഡിഫറന്‍സ്. സമൂഹത്തിന്റെ മൂന്നാമത്തെയും നാലാമത്തെയുമൊക്കെ ലെയറില്‍ ജീവിക്കുന്ന മനുഷ്യന്റെ കോംപ്രമൈസുകളും ഇല്ലായ്മകളും സത്യസന്ധയാണ് താനെന്ന് തെളിയിക്കാന്‍ പാടുപെടേണ്ടി വരുന്ന ഗതികേടുകളും ഫ്രാന്‍സിസ് ലൂയിസിന്റെ സിനിമ പറയുന്നു.

Old Age Home: വാര്‍ദ്ധക്യത്തിലേക്കെത്തുന്ന മൂന്നുപേര്‍ അവരുടെ ജീവിത ത്തിലെ സ്വാതന്ത്ര്യനിഷേധ ങ്ങളെ ഒരേ വീട്ടുപരിസരത്തു നിന്ന് മൂന്നു തലങ്ങളില്‍ അനുഭവിച്ചുപോകുന്ന രീതിയില്‍ ഉള്ളിലേക്ക് ഒരുപാട് ആഴ്ന്നിറങ്ങുന്ന ചിത്രമാണ് ജിയോ ബേബിയുടെ ഓള്‍ഡ് ഏജ് ഹോം. മക്കളാല്‍ പടിയിറ ങ്ങേണ്ടി വന്ന ഒരമ്മ(ധനു), മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി ഒരുപാട് ജീവിച്ചു ഇനി വയസുകാലത്ത് എങ്കിലും താന്‍ ആഗ്രഹിക്കുന്ന പോലെ ഒന്നു ജീവിക്കാന്‍ തുടങ്ങുന്ന മറ്റൊരമ്മ (ലാലി), അതുവരെ ജീവിച്ച ഓര്‍മ്മകള്‍ ഇതളുകള്‍ കണക്കേ ഊര്‍ന്നുപോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിവരുന്ന, കൊച്ചുകുഞ്ഞിനെപ്പോലെ കുഞ്ഞുകുഞ്ഞു കൊതികള്‍ പോലും തൃപ്തിപ്പെടുത്താന്‍ ആവാത്തവണ്ണം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഡിമെന്‍ഷ്യ രോഗിയായ അപ്പന്‍ (ബേബി). ആരും ആരെയും മനപൂര്‍വം ദ്രോഹിച്ചിട്ടില്ല, ഓരോരുത്തരു ടെയും സ്വാതന്ത്ര്യം തേടല്‍ മറ്റൊരാള്‍ക്ക് എങ്ങനെ അസ്വാതന്ത്ര്യമായി മാറുന്നു വെന്ന് അവരവരുടെ നൊമ്പര ങ്ങള്‍ പറയാതെ നമ്മളോടു പറയുമ്പോള്‍ സായാഹ്ന കാല ത്തിന്റെ വിരസതയും വേദനയും ഹൃദയത്തിലേക്ക് എത്തിക്കുന്ന ബാഗ്രൗണ്ട് മ്യൂസിക്കും വല്ലൊത്തൊരു അനുഭവമാണ്. ഡിമെന്‍ഷ്യ രോഗിയായിട്ടുള്ള ജോജുവെന്ന നടന്റെ സൂക്ഷ്മവും അസാദ്ധ്യവുമായ പകര്‍ന്നാട്ടം കൂടിയാണ് സിനിമയുടെ മികവ്.

പ്ര. തൂ. മു: പ്രതികരിക്കാന്‍ പോലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അടിയന്തരാ വസ്ഥക്കാലത്തിനോടുള്ള മുഴുവന്‍ പരിഹാസമായി എഴുതപ്പെട്ട ഒ.വി. വിജയന്റെ ധര്‍മ്മപുരണാത്തിന്റെ ആദ്യവാചകം തന്നെ വിപ്ലവാത്മകമാണ്. ''പ്രജാപതിക്ക് തൂറാന്‍ മുട്ടി'' അതിനേക്കാള്‍ മനോഹരമായി ഇന്ദിരയുടെ അടിയന്തരാവസ്ഥ ക്കാലത്തെ വിശേഷിപ്പിക്കാനാ വില്ല. എന്നാല്‍ അതേ ആദ്യവാചകങ്ങളില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ നിഷേധത്തിന്റെ ഇതുവരെ ആരും കാണാത്ത ഒരു തലവും ഒരു വിഭാഗവും ഒരു തൊഴിലും അഡ്രസ്സ് ചെയ്യപ്പെടുന്നു വെന്നതു തന്നെയാണ് മികവ്. അത്രമേല്‍ പച്ചയും പരുക്കനു മായി ചമച്ചിരിക്കുന്ന ഈ ചിത്രം കുറേ നേരത്തേക്കെങ്കിലും മനസിനെ ക്രൂരമായി മുറിപ്പെടുത്തിക്കൊണ്ടിരിക്കും. ഏതു തൊഴില്‍ ചെയ്യുന്നവനും ഒരു ആത്മാഭിമാനുമുണ്ട് അതിനെ മുറിപ്പെടുത്തുന്ന ഒന്നും മനുഷ്യജീവിക്കു പൊറുക്കാന്‍ പറ്റുന്നതല്ല, മനുഷ്യാന്തസിനു നിരക്കുന്നതു മല്ലെന്നു ഈ കഥ അനുഭവിപ്പി ക്കുന്നുണ്ട്. ഒരുപാടു പ്രിവിലേ ജുകളുടെ മുകളില്‍ കിടന്നുറ ങ്ങുന്ന നമ്മുടെ ജീവിതമൊക്കെ എത്രപേരുടെ കൂടി തൊഴി ലിന്റെയും അദ്ധ്വാനത്തിന്റെയും ബാക്കിപത്രമാണ്. അതേ! കേരളം സ്തംഭിപ്പിക്കാന്‍ അവര്‍ വിചാരച്ചാല്‍ മതി. സംവിധായ കന്‍ ജിതിന്‍ ഐസക് തോമസ് ഒരു പ്രതീക്ഷയാണ്.

ഇത് മലയാള സിനിമയു ടെയും മലയാളിപ്രേക്ഷകന്റെ യും മാറ്റത്തിന്റെ കൂടി കഥയാണ്. ഇന്ദുചൂഡനും അയാളുടെ ഫ്യൂഡല്‍ മെയില്‍ ഷോവനിസ്റ്റ് ഡയലോഗിനും ഒരു കാലത്തു കയ്യടിച്ച അതേ പ്രേക്ഷകന്‍ ഇന്ന് ആ ഡയലോഗിന്റെ വാലറ്റത്ത് രെജിഷയുടെ ''പോടാ മൈരേ..'' ഡയലോഗ് കൂടി കേറ്റി വച്ചു സ്റ്റാറ്റസിട്ട് വളര്‍ച്ചയുടെയും വെളിവിന്റെയും വ്യാഴവട്ടം പൂര്‍ത്തിയാക്കുന്നു. അഞ്ചുതല കളുള്ള ഒരു സര്‍പ്പം പത്തിവിടര്‍ത്തി നിന്നാടുക യാണ്. മലയാള സമൂഹത്തിന്റെ പൊതുബോധങ്ങളെ ശ്വാസം മുട്ടിക്കുമാറ് വരിഞ്ഞു മുറുക്കുന്നുമുണ്ട്. അഞ്ചുസിനിമകളില്‍ ഏതാണ് മികച്ചത്? മേന്മകളും കുറവുകളും ഉണ്ടാകാമെങ്കിലും അഞ്ചിലൂടെയും പ്രഘോഷിക്ക പ്പെടുന്ന സ്വാതന്ത്ര്യമാണ് ചിത്രത്തിന്റെ മികവ്. ആരുടെയും അനുവാദവും ശല്യവുമില്ലാതെ സ്വന്തം സ്‌പെയ്‌സില്‍ അവന്‍/അവള്‍ ആയിരിക്കുന്ന പോലെ മനുഷ്യാന്തസ്സോടെ പുലരാന്‍ ആവതിയാവുന്ന കാലത്തോളം പ്രഘോഷിക്കപ്പെടുക തന്നെ വേണം മനുഷ്യനും അവന്റെ സ്വാതന്ത്ര്യവും. സ്വാതന്ത്ര്യ സമരങ്ങള്‍ അവസാനിക്കാതിരി ക്കട്ടെ!!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org