പ്രാര്‍ത്ഥനയുടെ മഴവില്‍ രൂപങ്ങള്‍

പ്രാര്‍ത്ഥനയുടെ മഴവില്‍ രൂപങ്ങള്‍
Published on
പ്രാര്‍ത്ഥനയുടെ ഏകാഗ്രത വര്‍ധിക്കണമെങ്കില്‍ സ്‌നേഹം വര്‍ധിക്കേണ്ടതുണ്ട്. സ്‌നേഹം ശ്രദ്ധയിലേക്കും ശ്രദ്ധ ഏകാഗ്രതയിലേക്കും നയിക്കും.

'എന്റെ ഹൃദയത്തിലെ അസുലഭ നിധിയാണ് നിന്നിലെ പ്രത്യാശ എന്റെ അധരങ്ങളിലെ മാധുര്യമേറിയ വാക്കാണ് നിന്റെ നാമം എന്റെ ഏറ്റവും വിലപ്പെട്ട മണിക്കൂറുകള്‍ നിന്നോടൊപ്പമായിരുന്ന നിമിഷങ്ങളാണ്'

- റാബിയ

ദൈവത്തോടുള്ള സംഭാഷണമാണ് പ്രാര്‍ത്ഥനയെന്ന സങ്കല്പത്തില്‍ നിന്നും നമ്മളും നമ്മുടെ പ്രാര്‍ത്ഥനകളും ഒത്തിരിയേറെ മുന്നോട്ടു പോയിരിക്കുന്നു. വാക്കുകളാല്‍ ആരംഭിക്കുന്നതും എന്നാല്‍ വാക്കുകള്‍ക്ക് അതീതമായ ഒരിടത്ത് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നതുമായ ഒരു യാത്രയാണ് പ്രാര്‍ത്ഥന. ഈശ്വരനുമായി ഒരു ലയനം സാധ്യമാക്കുന്ന ആ യാത്രയിലെ ആദ്യ ചുവടുകള്‍ മാത്രമാണ് എഴുതി വച്ച പ്രാര്‍ത്ഥനകളുടെ പാരായണം. മതജീവിതത്തിന്റെ ഭാഗമായ ആരാധനാ അനുഷ്ഠാനങ്ങളിലെ പങ്കാളിത്തം ആ ചുവടുകളെ കുറേക്കൂടി ഉറപ്പിക്കും. അവിടെ നിന്ന് സ്വയം പ്രേരിത പ്രാര്‍ത്ഥനകളിലേക്ക് പതുക്കെ നാം നടന്നു കയറും. എന്നാല്‍ അതാണ് പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണതയെന്ന് തെറ്റിധരിച്ചാല്‍ ആത്മീയ യാത്രയുടെ അന്ത്യമാകുമത്. ജറുസലേമിലെ ആരാധകരെയല്ല, ആത്മാവിലും സത്യത്തിലുമുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നതെന്ന സമരിയാക്കാരിയോടുള്ള യേശുവിന്റെ വെളിപ്പെടുത്തല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ദിശാസൂചികയായി മാറണം.

നിത്യജീവിതത്തിലെ ആയിരക്കണക്കിന് ചിന്തകളില്‍ നിന്നും പുറത്തു കടന്ന് ഒരൊറ്റ വ്യക്തിയിലേക്കോ ലക്ഷ്യത്തിലേക്കോ ഏകാഗ്രമാകാനും അതിലേക്കായി ആത്മാര്‍പ്പണം ചെയ്യാനുമുള്ള ശ്രമമാകണം പ്രാര്‍ത്ഥന. ഏകാഗ്രത വര്‍ധിക്കണമെങ്കില്‍ സ്‌നേഹം വര്‍ധിക്കേണ്ടതുണ്ട്. സ്‌നേഹം ശ്രദ്ധയിലേക്കും ശ്രദ്ധ ഏകാഗ്രതയിലേക്കും നയിക്കും.

'ഏകാഗ്രമായ പ്രാര്‍ത്ഥന ദൈവത്തോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. അശ്രദ്ധമായ പ്രാര്‍ത്ഥന ലൗകിക കാര്യങ്ങളോടുള്ള താത്പര്യത്തിന്റെ അടയാളവും'

- വി സി പ്രിയാന്‍.

ദൈവഹൃദയവും മനുഷ്യഹൃദയവും തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ സംവേദനവും സംയോജനവുമാണ് പ്രാര്‍ത്ഥനയില്‍ സംഭവിക്കേണ്ടത്. അവിടെ എല്ലാം പറയാതെ പറയുകയും കേള്‍ക്കാതെ കേള്‍ക്കുകയും ചെയ്യണം. എത്രമാത്രം പ്രാര്‍ത്ഥിക്കുന്നു എന്നതിനേക്കാള്‍ പ്രാര്‍ത്ഥനയില്‍ എത്രമാത്രം ഹൃദയം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിലാണ് ശ്രേഷ്ഠത. അധരങ്ങള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് നാം പ്രാര്‍ത്ഥിക്കാന്‍ പഠിക്കേണ്ടത്. ഹൃദയം കൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ് സാമുവലിന്റെ അമ്മയുടെ പ്രാര്‍ത്ഥന (1 സാമു. 1:12-15).

'അലറി വിളിപ്പത് എന്തിനു മൗലവി, ബധിരനോ പ്രഭു?'

- കബീര്‍

ദൈവവും മനുഷ്യനും പരസ്പരം കണ്ടുമുട്ടി, സന്തോഷങ്ങളും സങ്കടങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവയ്ക്കുന്ന വേദിയാണ് പ്രാര്‍ത്ഥന. അവിടെ പരസ്പരം ചേര്‍ന്നിരിക്കാനും ഒന്നായി തീരാനും അവസരമൊരുങ്ങണം. ആ ഐക്യത്തിനായിട്ടാണ്, മുറിയില്‍ കടന്ന് കതകടച്ച് രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് ക്രിസ്തു ആവശ്യപ്പട്ടത്. അവിടെയായിരിക്കുമ്പോള്‍ ആരോടാണോ നാം സംസാരിക്കുന്നത് അയാള്‍ക്കാകണം പ്രഥമ പരിഗണന. അങ്ങനെ വരുമ്പോള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള അകലങ്ങള്‍ കുറഞ്ഞു വരും, അഗാധമായൊരു സ്‌നേഹം ഉടലെടുക്കുകയും ചെയ്യും. വിജനതയില്‍ ദൈവവുമായി സന്ധിച്ചിരുന്നതിനാലാണ് കുരിശില്‍ കിടന്ന് ദൈവത്തിന്റെ കരങ്ങളിലേക്ക് തന്റെ ആത്മാവിനെ ഒരു പ്രണയോപഹാരമായി സമര്‍പ്പിക്കാന്‍ ക്രിസ്തുവിനു സാധിച്ചത്.

'ദൈവവുമായി യോജിച്ചിരിക്കുന്ന ഹൃദയത്തിന് എന്നും വസന്തമാണ്'

- വിശുദ്ധ വിയാനി

പലരുടെയും പ്രാര്‍ത്ഥന അവര്‍ക്കുവേണ്ടി മാത്രമാണ്. അതും, ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി. എന്റെ ആലയം കൊടുക്കല്‍ വാങ്ങലുകളുടെ കച്ചവട സ്ഥലമാക്കരുതെന്ന ക്രിസ്തുവിന്റെ താക്കീതിനെ ദേവാലയത്തിലണയുമ്പോള്‍ നാം പലപ്പോഴും ഓര്‍മ്മിക്കാറില്ല. സ്വന്തമാക്കേണ്ട അനുഗ്രഹങ്ങളെക്കുറിച്ചു മാത്രം ആവലാതിപ്പെടുമ്പോള്‍ പ്രാര്‍ത്ഥന നമ്മുടെ സ്വാര്‍ത്ഥതയുടെ പ്രകടനമായിത്തീരും. അസാധ്യ കാര്യങ്ങള്‍ സാധിച്ചു കിട്ടാനുള്ള തിക്കും തിരക്കും അരങ്ങേറുമ്പോള്‍ ആ ബഹളങ്ങള്‍ക്കിടയിലിരുന്ന് നാം ചോദിക്കണം, ദൈവമേ, നിന്റെ ആഗ്രഹം എന്താണ്? നീതിക്കുവേണ്ടി ന്യായാധിപനെ ശല്യപ്പെടുത്തുന്ന വിധവയും, മകളുടെ സൗഖ്യത്തിനായി യേശുവിനോട് കലഹിക്കുന്ന കാനാന്‍കാരി സ്ത്രീയുമെല്ലാം പ്രാര്‍ത്ഥനയിലെ ആവേശ മാതൃകകളാണെങ്കിലും, പിതാവേ, എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തു തന്നെയാണ് പ്രാര്‍ത്ഥനയിലെ ശ്രേഷ്ഠ മാതൃക.

'എന്റെ കര്‍ത്താവേ, അങ്ങയില്‍ നിന്ന് വേര്‍പിരിയുക അസാധ്യമാകത്തക്കവിധം പ്രാര്‍ത്ഥനവഴി അങ്ങയോട് യോജിക്കുകയല്ലാതെ വേറൊന്നും ഞാന്‍ ഈ ഭൂമിയില്‍ ഇഛിക്കുന്നില്ല.'

- വിശുദ്ധ ജോണ്‍ ക്ലിമാക്കസ്

ദൈവത്തെ ഗൗരവമായിട്ടെടുത്താല്‍ പിന്നെ നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം നന്ദിയെന്ന ഒറ്റ വാക്കിലേക്ക് ചുരുക്കാനാകും. കേള്‍ക്കപ്പെടാത്ത പ്രാര്‍ത്ഥനകളെക്കാള്‍ കേട്ട പ്രാര്‍ത്ഥനകളെക്കുറിച്ചാണ് കണ്ണീര്‍ പൊഴിക്കേണ്ടതെന്നാണ് അമ്മ ത്രേസ്യയുടെ ഓര്‍മ്മപ്പെടുത്തല്‍. അതിനാല്‍, ആത്മീയത എന്നത്, ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള കൃതജ്ഞതാഭരിതമായ ഓര്‍മ്മയാണെന്ന വെട്ടത്തിലിരുന്നാണ് നാമിനി പ്രാര്‍ത്ഥിക്കേണ്ടത്. ഉയരേണ്ട അര്‍ത്ഥനകളാക്കട്ടെ, ഇനി കുറിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടിയാകണം. ദൈവത്തെ കാത്തിരിക്കാനുള്ള ക്ഷമ, ദൈവഹിതം തിരയാനുള്ള സന്നദ്ധത, അവന്റെ വഴികള്‍ മനസിലാക്കാനുള്ള ജ്ഞാനം, ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകള്‍ക്കു നടുവിലും ദൈവകരം ദര്‍ശിക്കാനുള്ള ഉള്‍ക്കണ്ണ്, പ്രതിസന്ധികള്‍ക്കിടയിലും മഹാചൈതന്യത്തെ ധ്യാനിക്കാനുള്ള ഒരു ഹൃദയം, സകലതിനെയും നന്ദിയോടെ സ്വീകരിക്കാനുള്ള മനോഭാവം, നിരന്തരം ദൈവത്തെ പ്രഘോഷിക്കാനുള്ള കരുത്ത്, അവനായി മാത്രം ജീവിക്കാനുള്ള കൃപ. ജീവിതം മുഴുവന്‍ ഒരു പ്രാര്‍ത്ഥനയായി മാറാന്‍ ഈ അനുഗ്രഹങ്ങളാണ് അത്യവശ്യം.

നീതിക്കുവേണ്ടി ന്യായാധിപനെ ശല്യപ്പെടുത്തുന്ന വിധവയും, മകളുടെ സൗഖ്യത്തിനായി യേശുവിനോട് കലഹിക്കുന്ന കാനാന്‍കാരി സ്ത്രീയുമെല്ലാം പ്രാര്‍ത്ഥനയിലെ ആവേശ മാതൃകകളാണെങ്കിലും, പിതാവേ, എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തു തന്നെയാണ് പ്രാര്‍ത്ഥനയിലെ ശ്രേഷ്ഠ മാതൃക.

പ്രണയികള്‍ പരസ്പരം കണ്ടും കേട്ടും സമ്പര്‍ക്കത്തിലായിരിക്കും പോലെ ദൈവത്തോടൊപ്പമായിരിക്കാന്‍, ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നും പുറത്തു പോകാതിരിക്കാന്‍ നിരന്തരം പ്രാര്‍ത്ഥനയിലായിരിക്കേണ്ടതുണ്ട്. നാല്പതു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്കുശേഷം ക്രിസ്തു ആരംഭിച്ച രക്ഷാകര പദ്ധതിയുടെ ഫലം അനുഭവിക്കാനും പ്രാര്‍ത്ഥനകളില്‍ നൈരന്തര്യം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍ എന്നത് പൗലോസിന്റെ ഉത്‌ബോധനമാണെങ്കില്‍, നിങ്ങള്‍ എന്നോടൊപ്പം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍ എന്നത് ക്രിസ്തുവിന്റെ തീവ്രമായ അഭിലാഷമായിരുന്നു. ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നു പറഞ്ഞതിലും ആവശ്യകതയും ഹൃദയ വ്യഥയും ഗത്‌സമെനിയിലെ ആ വാക്കുകളില്‍ അടങ്ങിയിട്ടുണ്ടായിരുന്നു. സമയസ്ഥല വ്യത്യാസങ്ങളില്ലാതെ ഒരുവന്‍ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിക്കുമ്പോള്‍ ദൈവം എല്ലായിടത്തും എല്ലാറ്റിലുമുണ്ടെന്ന യേശു പാഠത്തിന്റെ പ്രഘോഷണം കൂടിയായി അത് മാറും.

നിങ്ങള്‍ കുഞ്ഞുങ്ങളെ പോലെയാകുവിന്‍ എന്നതിന് നിരന്തരം ദൈവവുമായി സംഭാഷണത്തിലേര്‍പ്പെടുക എന്നൊരര്‍ത്ഥം കൂടിയുണ്ടെന്ന് ഈയിടെ വായന കാണിച്ചു തന്നു. കുട്ടികള്‍ക്കാണ് നിരന്തരം എന്തെങ്കിലുമൊക്കെ പറയാനുണ്ടാവുക. അത് വിശേഷങ്ങളാകാം, ആവശ്യങ്ങളാകാം, പരാതികളാകാം, പരിഭവങ്ങളാകാം. ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, ഒരു കൂട്ടുകാരനോടെന്നപോലെ ദൈവത്തോടു സംസാരിക്കാന്‍ ശീലിക്കുന്നതും, കുട്ടിക്കാലത്തു പഠിച്ചെടുത്ത സുകൃത ജപങ്ങള്‍ ഒന്നോര്‍ത്തെടുത്ത് നിരന്തരം ചൊല്ലി തുടങ്ങുന്നതും പ്രാര്‍ത്ഥനയിലെ സ്ഥൈര്യവും നൈരന്തര്യവും ഉറപ്പിക്കാന്‍ സഹായകരമാകും. പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് പറയുന്നത് യാത്രാത്തിരക്ക് കാരണം ഇന്ധനം നിറയ്ക്കാനാകുന്നില്ലെന്നു പറയും പോലെയാണെന്നത് ഒരു കുട്ടിതമാശയായി കരുതേണ്ടതില്ല.

'പ്രാര്‍ത്ഥനയില്ലാതെ എങ്ങനെയാണ് കാറ്റിനെതിരെ ചരിക്കാനാവുക? പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് അവന്റെ പ്രകാശത്തിലേക്ക് നടക്കാനാവുക?'

- റാബിയ

വാചിക പ്രാര്‍ത്ഥനയ്ക്കു പുറമെ, ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയും, ആരും കാണാത്തപ്പോഴും വിശുദ്ധിയോടെ വ്യാപാരിച്ചും, ബന്ധങ്ങളില്‍ ആര്‍ദ്രത പടര്‍ത്തിയും അപരനോട് ആദരവു കാണിച്ചും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളില്‍ സഹായം എത്തിച്ചും, സങ്കടങ്ങളില്‍ അവര്‍ക്കൊപ്പം സമയം ചെലവഴിച്ചും പ്രിയപ്പെട്ടവരുടെ നിയോഗങ്ങള്‍ക്കായി ത്യാഗങ്ങള്‍ ഏറ്റെടുത്തും പ്രതിസന്ധികളില്‍ പ്രത്യാശ മുറുകെ പിടിച്ചുമൊക്ക ജീവിതത്തെ ഒരു നിത്യാരാധനയാക്കി മാറ്റാനാകും എന്നതും ഒരു സാധ്യതയാണ്.

പ്രാര്‍ത്ഥന ദൈവോന്മുഖവും ഒപ്പം മനുഷ്യോന്മുഖവുമാകണം. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവവുമായി മാത്രമല്ല മനുഷ്യരുമായും ഹൃദയൈക്യം സ്ഥാപിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥന സീകാര്യമാകാനുള്ള ആദ്യ ഉപാധിയാണിത്. ബലിയര്‍പ്പിക്കാനണയുമ്പോള്‍ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അവയെല്ലാം മറന്നും പൊറുത്തും കടന്നു വരുക എന്നതാണ് പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ക്രിസ്തുവിന്റെ ആദ്യപാഠം. അതായത്, സ്‌നേഹമില്ലാത്തവര്‍ക്ക് ആരാധിക്കാന്‍ അര്‍ഹതയില്ലെന്ന്. കായേന്റെ ബലി അസ്വീകാര്യമായതും ഈ ഏകകത്തിനു മുമ്പിലാണ്.

രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് ഞാനും ഉണ്ടായിരിക്കുമെന്ന ക്രിസ്തുമൊഴികളിലും, പ്രാര്‍ത്ഥനാവേളകളില്‍ ഉണ്ടാകേണ്ട പാരസ്പര്യത്തിന്റെ സൂചനകളുണ്ട്. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന കര്‍ത്തൃപ്രാര്‍ത്ഥന യോഗ്യതയോടെ ചൊല്ലി തീര്‍ക്കണമെങ്കിലും അനുരഞ്ജനവും സാഹോദര്യവും സാധ്യമാകണം. പരസ്‌നേഹത്തിന്റെ തണലില്‍ ഇരുന്നല്ലാതെയുള്ള പ്രാര്‍ത്ഥകനകളൊക്കെ നിരര്‍ത്ഥകമാകാനാണ് സാധ്യത. നമ്മുടെ തര്‍ക്കങ്ങള്‍ തന്നെ പ്രാര്‍ത്ഥനയുടെയും ബലിയുടെയും പേരിലാകുമ്പോള്‍ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനുള്ള വിദൂര സാധ്യത കൂടിയാണ് ഇല്ലാതാകുന്നത്.

'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

- മത്തായി 12:7

മറ്റുള്ളവരുടെ പേരുകളും അവര്‍ക്കായുള്ള യാചനകളും നമ്മുടെ പ്രാര്‍ത്ഥനകളില്‍ നിറയുമ്പോള്‍ മാത്രമാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദൈവഹൃദയത്തിലേക്ക് നമുക്കും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കും ഒരു പ്രവേശനം ലഭിക്കുകയുള്ളൂ. മലമുകളില്‍ കൈ വിരിച്ചു പിടിച്ചു പ്രാര്‍ത്ഥിക്കുന്ന മോശ, അര്‍ധ രാത്രിയില്‍ എത്തിയ സ്‌നേഹിതനുവേണ്ടി അപ്പം തേടിയിറങ്ങുന്ന ചങ്ങാതി, കാനായിലെ കല്യാണ വീട്ടിലെ മറിയം, ഒരു വര്‍ഷം കൂടി ഈ അത്തിമരം ഇവിടെ നില്‍ക്കട്ടെ എന്നാവശ്യപ്പെടുന്ന തോട്ടക്കാരന്‍, മറ്റുള്ളവരുടെ രോഗദുരിതങ്ങള്‍ ഞങ്ങള്‍ക്ക് സ്വന്തമാകട്ടെ എന്നാശിക്കുന്ന വിശുദ്ധര്‍, ദൈവസന്നിധിയില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കായി അണയുമ്പോള്‍ ഇവരൊക്കെ നമ്മുടെ കണ്‍മുമ്പിലിങ്ങനെ തെളിഞ്ഞു വരണം.

'യഥാര്‍ത്ഥ ധ്യാനത്തില്‍ അന്യര്‍ക്ക് എപ്പോഴും ഒരിടമുണ്ട്. മറ്റൊരു വ്യക്തിയെ സ്‌നേഹത്തില്‍ കണ്ടുമുട്ടുമ്പോഴെല്ലാം ദൈവിക സാന്നിധ്യത്തിന്റെ പുതിയ ഒരനുഭൂതി നമ്മിലുണരുന്നു.'

- ഫ്രാന്‍സിസ് പാപ്പ

ഒന്നുറപ്പാണ് കായികവും ബൗദ്ധികവുമായ ഇടപെടലുകള്‍ കൊണ്ടു മാത്രമല്ല, ഈ ഭൂമി ഇങ്ങനെ ഭേദപ്പെട്ട ഒരിടമായി നിലനില്‍ക്കുന്നത്. ദേവാലയങ്ങളിലും ആശ്രമങ്ങളിലും മറ്റു ചില ഏകാന്ത ഇടങ്ങളിലും യാതൊരു വിധ കാട്ടികൂട്ടലുകളുമില്ലാതെ ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ ആത്മീയ സാന്നിധ്യം ഒന്നുകൊണ്ടു കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം, വിശപ്പ്, അക്രമം, അനീതി എന്നിവയാല്‍ വിഷമിക്കുന്ന മനുഷ്യര്‍ക്കായി ദൈവസന്നിധിയില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കുന്നതും അവരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമാണ്.

അഹങ്കാരവും കാപട്യങ്ങളും, അധികാരവും ആസക്തികളുമൊക്കെ ചെരുപ്പു പോലെ അഴിച്ചു വച്ച്, നിസ്സഹായതകളും നിസ്സാരതകളുമൊക്കെ ഏറ്റുപറഞ്ഞു ചുങ്കക്കാരന്റെ മനോഭാവത്തോടെ വേണം പ്രാര്‍ത്ഥനയുടെ കൂടാരത്തിലേക്ക് പ്രവേശിക്കാന്‍. അത് അവനവന്റെ തന്നെ ഉള്ളിലേക്കുള്ളൊരു തീര്‍ത്ഥാടനം കൂടിയാകണം. സാധ്യതകളിലേക്കും ബലഹീനതകളിലേക്കും നയിക്കുന്ന യാത്ര.

കേള്‍ക്കപ്പെടാത്ത പ്രാര്‍ത്ഥനകളെക്കാള്‍ കേട്ട പ്രാര്‍ത്ഥന കളെക്കുറിച്ചാണ് കണ്ണീര്‍ പൊഴിക്കേ ണ്ടതെന്നാണ് അമ്മ ത്രേസ്യയുടെ ഓര്‍മ്മപ്പെടുത്തല്‍.

പലപ്പോഴും ദൈവത്തെ ആരാധിക്കാന്‍ മാത്രമാണ് നമുക്ക് താല്‍പര്യം. അവനെ പോലെ ആയിത്തീരാന്‍ നമുക്ക് മടിയാണ്. പ്രാര്‍ത്ഥനയില്‍ പരിഗണിക്കേണ്ട പ്രധാന വിഷയം ഇതാണ്, ഞാനീ സംസാരിക്കുന്ന ആളുമായി എനിക്ക് എത്രമാത്രം പൊരുത്തങ്ങളുണ്ട്. ഞാന്‍ നിങ്ങളെ അറിയില്ലെന്നു പറഞ്ഞ് ഒടുവില്‍ അവന്‍ മടക്കി അയക്കാതിരിക്കാന്‍ ഇനിയും എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? കുറവുകളേയും അഭംഗികളെയും, കണ്ടെത്താനും പരിഹരിക്കാനുമുള്ള ഒരു തുലാസായും കണ്ണാടിയായും കൂടി പ്രാര്‍ത്ഥനയെ പരിഗണിക്കണം. കുറേക്കൂടി ആഴത്തില്‍ വലയിറക്കാനും അഗാധതയിലേക്ക് കുഴിച്ചു ചെന്ന് നിധി കണ്ടെത്താനുമുള്ള ശ്രമങ്ങളും പ്രാര്‍ത്ഥനയില്‍ സംഭവിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തോടും, വായിക്കുമ്പോള്‍ ദൈവം നമ്മോടും സംസാരിക്കുന്നു എന്നൊരു കണ്ടെത്തലുണ്ട്. അതിനാല്‍ ചി ല സ്വയം കണ്ടത്തലുകള്‍ക്കായി വേദപുസ്തക വായനയ്ക്കും വിചിന്തനത്തിനും കൂടി പ്രാര്‍ത്ഥനയില്‍ ഇടം നല്‍കണം.

'ദൈവമേ, എന്റെ ശൂന്യതയെ അറിയാന്‍ അനുവദിക്കുക. അതിനെ ഓര്‍ത്ത് പരിതപിക്കാനല്ല, നിന്റെ നന്മയുടെ മഹത്വത്തെ ഏറ്റവും ശക്തമായി അനുഭവിക്കാന്‍ വേണ്ടി.'

- കീര്‍ക്കെഗാഡ്

പ്രാര്‍ത്ഥനയെ കര്‍മ്മങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിട്ടല്ല, കര്‍മ്മം ചെയ്യാനുള്ളൊരു കരുത്ത് ആര്‍ജിക്കലായിട്ടാണ് പരിഗണിക്കേണ്ടത്. പരസ്യജീവിതത്തിനു മുമ്പ് ക്രിസ്തു 40 ദിവസങ്ങള്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു എന്നതു തന്നെയാണ് അതിനുള്ള തെളിവും മാതൃകയും. സഹനങ്ങള്‍ക്കു നടുവില്‍ സാന്ത്വനവും, പ്രലോഭനങ്ങള്‍ക്കു നടുവില്‍ പരിചയും കൂടിയായിരുന്നു അവന് പ്രാര്‍ത്ഥന. ഗാന്ധിക്ക് സത്യാഗ്രഹ വേദികളിലെ ശക്തിസ്രോതസ്സായിരുന്നു പ്രാര്‍ത്ഥന. മദറിനാകട്ടെ ഉണര്‍വിന്റെ ഉറവയായിരുന്നു പ്രഭാതങ്ങളിലെ ദിവ്യകാരുണ്യാരാധന. പ്രപഞ്ചത്തിലെ ഓരോ അണുവിലും തുടിക്കുന്നതും ആദിയും അന്ത്യവുമില്ലാത്തതുമായ ദൈവത്തോടു പ്രാര്‍ത്ഥനയിലൂടെ ലയിച്ചു ചേരുമ്പോള്‍ കൃപകള്‍ ലഭ്യമാകും, പുണ്യം വര്‍ധിക്കും, പ്രലോഭനങ്ങളെ വിജയിക്കാനാകും, വിശ്വാസം സ്ഥിരീകരിക്കപ്പെടും, പ്രത്യാശ ദൃഢതരമാകും, സ്‌നേഹം ജ്വലിച്ച് പടരും, ജീവിതത്തിലുടനീളം ആമ്മേന്‍ ചൊല്ലാനാകും.

'പ്രാര്‍ത്ഥന ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ പണ്ടേ ഭ്രാന്തനായേനെ.'

- ഗാന്ധി

ഒന്നും ചെയ്യാനില്ലാത്തപ്പോഴും എന്തോ ഒന്ന് ചെയ്യാനുണ്ടെന്ന സാധ്യതയും പ്രതീക്ഷയുമാണ് പ്രാര്‍ത്ഥന. അനിവാര്യമായ ചില ദുര്യോഗങ്ങളെ മെച്ചമായ രീതിയില്‍ സ്വീകരിക്കാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കും. ഇനി ഒളിച്ചോടല്‍ സാധ്യമല്ലാത്ത വിധം തിമിംഗലത്തിനുള്ളില്‍ അകപ്പെടുമ്പോഴും യോന പ്രാര്‍ത്ഥിക്കുന്നുണ്ട്. സകല പ്രതീക്ഷകളും അസ്തമിക്കുന്ന ഔഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു. ഗത്സമെനിയില്‍ മരണത്തോട് മുഖാഭിമുഖം നില്‍ക്കുമ്പോള്‍ ക്രിസ്തുവും പ്രാര്‍ത്ഥിക്കുന്നുണ്ട്. വിയര്‍പ്പ് രക്തമാകുന്ന അത്തരം ജീവിത വേളകളില്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് വചനം ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു, 'പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു' (ലൂക്കാ 22:43). നോക്കൂ, പ്രാര്‍ത്ഥനയിലായിരുന്ന ക്രിസ്തു പിന്നീട് സംഘര്‍ഷങ്ങളെ ശാന്തമായും ധീരമായും നേരിടുമ്പോള്‍, പ്രാര്‍ത്ഥനയില്‍ ഉണര്‍ന്നിരിക്കാന്‍ കഴിയാതെ പോയ ശിഷ്യന്മാര്‍ ഓടിയൊളിക്കുന്നു. ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടും ഓട്ടമത്സരത്തില്‍ അവസാനമായിപ്പോയ കുട്ടിയും ടീച്ചറോടു പറയുന്നതും ഇതു തന്നെയാണ്, 'ഒന്നാമതാകാനല്ലല്ലോ തോറ്റു പോയാലും കരയാതിരിക്കാനാണല്ലോ ഞാന്‍ പ്രാര്‍ത്ഥിച്ചത്.'

പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലും ഒരുപോലെ ദൈവഹൃദയത്തോടു തങ്ങളുടെ ഹൃദയങ്ങളെ ചേര്‍ത്തുവച്ച വിശുദ്ധാത്മാക്കളെക്കുറിച്ചു കൂടി ധ്യാനിച്ചിട്ട് ഈ പ്രാര്‍ത്ഥനാ വിചാരങ്ങള്‍ക്ക് വിരാമമിടാം. ശരീരമാകുന്ന ദേവാലയത്തില്‍ പരിശുദ്ധിയുടെ കെടാവിളക്കുകളെ അണയാതെ സൂക്ഷിക്കുകയും ജീവിതത്തിലുടനീളം ദൈവാരാധനയുടെ മണിമുഴക്കങ്ങളെ നിലയ്ക്കാതെ കാക്കുകയും ചെയ്തതിനാലാണ്, കടന്നു പോയിട്ടും അവരുടെ കബറിടങ്ങള്‍ക്കു മുകളില്‍ പ്രാര്‍ത്ഥനാലയങ്ങള്‍ പണിയപ്പെട്ടത്. അത്തരമൊരു പൊന്‍വെളിച്ചം ദൈവസന്നിധിയില്‍ പ്രദര്‍ശിപ്പിക്കാനാകുന്നില്ലെന്ന് തിരിച്ചറിയുമ്പോള്‍, പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന മനുഷ്യരുടെ അഭ്യര്‍ത്ഥനകള്‍ക്കു മുമ്പില്‍ ഞാന്‍ നിസ്സഹായനാകുന്നുണ്ട്.

പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച, പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കിയ, പ്രാര്‍ത്ഥനയില്‍ ഓര്‍ത്ത എല്ലാവര്‍ക്കും പിന്നെ, പ്രാര്‍ത്ഥനകളിലെല്ലാം പങ്കാളിയായ ദൈവത്തിനും നന്ദി പറഞ്ഞുക്കൊണ്ട്...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org