അന്ധകാരത്തിന്റെ ഭാരവും പ്രകാശത്തിന്റെ കോമളതയും ഒരേ സമയം മുമ്പിലുണ്ടാകും. ഹൃദയഭേദകമാംവിധം, ദൈവരാജ്യത്തിന്റെ അടയാളങ്ങള്‍ അകലെയായിരിക്കാം. നസ്രത്തി ലെയും ബെത്‌ലഹേമിലെയും നന്മ വിശ്വാസത്തിന്റെ വലിയ സാക്ഷ്യമാണ്.
തിരുപ്പിറവിയും, അനുബന്ധമായ ഒരുക്കങ്ങളും ആഘോഷങ്ങളും പുതിയ പ്രഭാതങ്ങള്‍ തുറന്നു തരേണ്ടവയാണ്. ദൈവം നമ്മില്‍ ഒന്നായ സത്യവും, ദൈവം നമ്മുടെ കൂടെ വസിക്കുന്ന അനുഭവവും നമ്മുടെ വിശ്വാസത്തിനും ജീവിതശൈലികള്‍ക്കും പുതിയ പ്രകാശം തുറന്നു നല്‍കട്ടെ.
ഓരോ പ്രഭാതത്തിലും തിരുപ്പിറവിയുടെ പുതിയ പ്രകാശം കണ്ടുണരേണ്ടവരാണ് നമ്മള്‍. ദൈവത്തിലുള്ള പ്രത്യാശയും എന്റെ ശക്തിയും അസ്തമിച്ചിരിക്കുന്നു എന്ന വിലാപങ്ങള്‍ക്കിടയില്‍ ഉദയരശ്മിയായി അവതരിക്കുന്നത് അസ്തമിക്കാത്ത സ്‌നേഹവും അവസാനിക്കാത്ത കാരുണ്യവും തന്നെയാണ്. ആ ഉറപ്പിലാണ് ഓരോ പ്രഭാതത്തിലും പുതുതായ ദൈവസ്‌നേഹം അറിയാനാവുന്നത്. ആ വിശ്വസ്തതയുടെ തെളിവും അടയാളവുമാണ് ഒരു കുഞ്ഞായി ജനിച്ച ക്രിസ്തു. 'അന്ധകാരത്തിലായിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു' എന്ന ഉണര്‍വ് ഒരേ സമയം അന്ധകാരത്തിന്റെ ഭാരവും, പ്രകാശത്തിന്റെ സാന്ത്വനവും കാണിച്ചുതരുന്നു. തിരുപ്പിറവിയുടെ സന്തോഷത്തിലേക്കു കടക്കുന്നവര്‍ക്ക് ഇവ രണ്ടും പ്രധാനമാണ്.
അന്ധതയും ബധിരതയും ദാരിദ്ര്യവും വിശപ്പും മര്‍ദനവും പീഡനവും ഭാരമേല്പിച്ചവര്‍ക്കായിട്ടാണ് ക്രിസ്തു ദൈവരാജ്യത്തിന്റെ സൗഭാഗ്യങ്ങള്‍ തുറന്നത്. 'സന്മനസുള്ളവര്‍ക്കു സമാധാനം' എന്ന ദൈവരാജ്യ വിളംബരം സകല അതിരുകളേയും അവ തീര്‍ക്കുന്ന അധികാരത്തെയും അതിലംഘിക്കുന്നതാണ്. ദൈവരാജ്യത്തില്‍ തിളങ്ങിനില്‍ക്കുന്ന സൗന്ദര്യം ദൈവത്തിന്റെ നന്മയാണ്. സകലതിലും നന്മ തേടുന്ന ദൈവപ്രകൃതിയാണ് അതിന്റെ പാരമ്യതയില്‍ മനുഷ്യനായി പിറന്നത്. ദൈവം ആഗ്രഹിച്ച സൗന്ദര്യത്തിനു മങ്ങലേല്പിച്ചതും അധര്‍മ്മത്തിന്റെയും മര്‍ദനത്തിന്റെയും ഭാരം മനുഷ്യനുമേല്‍ വച്ചുകൊടുത്തതും മനുഷ്യന്‍ തന്നെയാണ്. ആ അന്ധകാരം കൂടി വഹിച്ചു കൊണ്ട് മനുഷ്യപുത്രന്‍ നന്മയുടെ വെളിച്ചമായി ഇല്ലായ്മകളുടെയും തിരസ്‌കരണത്തിന്റെയും നടുവില്‍ പ്രകാശിക്കുന്നു.
നന്മ തേടുന്നതിനെത്തന്നെയാണ് സ്‌നേഹമെന്നു വിളിക്കാവുന്നത്. സ്‌നേഹമെന്നത് ദൈവത്തിന് നിര്‍വചനമല്ല, നിരന്തരമായ പ്രവൃത്തിയാണ്. നന്മ സ്വാഭാവികമായും പകരപ്പെടുന്നതുപോലെ, തന്റെ നന്മയെ ദൈവം പകര്‍ന്നു നല്‍കിയിരിക്കുന്നു. മനുഷ്യാവതാരത്തിലെ ദൈവസ്‌നേഹപാരമ്യം എത്രയോ ആഴങ്ങളില്‍ നമ്മിലെ നന്മ തേടുന്നു. ജീവന്‍, പ്രകാശം എന്നിങ്ങനെ പേരിട്ടു വിളിക്കുന്ന ദൈവിക സൗന്ദര്യം നമ്മിലെ വ്യഥകളെ സാന്ത്വനപ്പെടുത്തുന്നതും ശൂന്യതകളെ നിറയ്ക്കുന്നതും തളര്‍ച്ചകളില്‍ പുതിയ ശക്തി പകരുന്നതും മനുഷ്യാവതാരത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ്.
ദൈവപുത്രന്‍ മനുഷ്യപ്രകൃതിയില്‍ ജന്മമെടുത്തെങ്കില്‍, നമ്മുടെ മനുഷ്യപ്രകൃതിയില്‍ ദൈവനന്മ മുളപൊട്ടി വളരാന്‍ സാധിക്കണം. വിശ്വസ്തമായ സ്‌നേഹം നമ്മിലെ ഭൂമിയെ പുളകമണിയിക്കുമ്പോള്‍ നീതി പെയ്തിറങ്ങുകയും നന്മ പുഷ്പിക്കുകയും സമാധാനവും രക്ഷയും യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. നന്മ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭൂമിയിലേ സമാധാനം യാഥാര്‍ത്ഥ്യമാകൂ.
അന്ധകാരത്തില്‍ ഒരു നാള്‍ ഉറപ്പായും ഉദിക്കേണ്ടിയിരുന്ന പ്രകാശത്തില്‍ പ്രത്യാശ വെച്ചുകൊണ്ടാണ് ശിമയോന്‍ ഒരു ജീവിതകാലം മുഴുവന്‍ കാത്തിരുന്നത്. കുഞ്ഞിനെ കൈയിലെടുത്ത ശിമയോന്‍ ഹൃദയത്തിലറിഞ്ഞത് സമാധാനമാണ്. 'നിന്റെ ദാസനെ ഇപ്പോള്‍ സമാധാനത്തില്‍ വിട്ടയക്കേണമേ' എന്നത് ഒരു ജീവിതത്തിന്റെ കൃതാര്‍ത്ഥതയാണ്. പുണ്യങ്ങളുടെയും നന്മകളുടെയും പാത ഒരിക്കല്‍ ഹൃദയത്തിന്റെ അതിപരിശുദ്ധ സ്ഥലത്തെ ദൈവദര്‍ശനത്തിലേക്ക് തുറക്കും. നന്മയുടെ സാന്ത്വനം ഉള്ളില്‍ അനുഭവിക്കാനും പകര്‍ന്നു നല്‍കാനും തയ്യാറാകുമ്പോഴേ ദൈവരാജ്യത്തിന്റെ ആനന്ദം (സുവിശേഷഭാഗ്യങ്ങളുടെ നേര്‍ക്കാഴ്ച) പീഡിതര്‍ക്ക് ആശ്വാസമായി പുല്‍ക്കുടിലില്‍ ജന്മമെടുക്കൂ.
കപടസത്യങ്ങളുടെ നിര്‍മ്മിതിയില്‍ യുദ്ധങ്ങളും കലഹങ്ങളും അംഗീകരിക്കപ്പെടുന്ന ന്യായപ്രമാണങ്ങള്‍ക്ക് ഇടമുണ്ട്. എന്നാല്‍ അവിടെ നന്മ പിറക്കുന്നില്ല, അവയില്‍ സമാധാനത്തിന്റെ വിത്തുകളില്ല, പകരം ദൈവപുത്രന്‍ വേട്ടയാടപ്പെടുകയാണ്, ദൈവരാജ്യം തിരസ്‌കരിക്കപ്പെടുകയാണ്. നന്മ, അനുരഞ്ജനം, സ്‌നേഹം എന്നിവയിലേക്ക് ഹൃദയം തുറക്കാതെ സമാധാനം ഒരു അത്ഭുതമായി നല്കപ്പെടുമെന്നു പ്രതീക്ഷിക്കുകയുമരുത്. അകല്‍ച്ചകളെ അകറ്റിനിര്‍ത്തിയവരാണ് ഉണ്ണിയേശുവിനു ചുറ്റുമുള്ളത്. മനുഷ്യാവതാരത്തിലൂടെ, 'വേര്‍തിരിക്കുന്ന മതിലുകള്‍ തകര്‍ത്ത്' സകലരെയും അനുരഞ്ജിപ്പിച്ച ക്രിസ്തു, തനിക്കു ചുറ്റും ഒരുമിച്ചു കൂട്ടുകയല്ല, തന്നില്‍ എല്ലാവരെയും ഒന്നാക്കുകയാണ്.
ക്രിസ്തുവില്‍ ഒരുമിച്ചുകൊണ്ട് സന്തോഷിച്ചുല്ലസിക്കാവുന്ന സമൃദ്ധിയുടെ വിരുന്ന് സംഭവ്യമാകുന്നത് നന്മകളുടെ ഹൃദയങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ്. പ്രത്യാശ വച്ചിരുന്ന രക്ഷ നന്മയുടെ വിപ്ലവമായി പടരുമ്പോള്‍ കണ്ണീര്‍ തുടക്കപ്പെടുകയും അപമാനം നീക്കപ്പെടുകയും മരണം ഇല്ലാതാക്കപ്പെടുകയും ജീവന്‍ നല്‍കപ്പെടുക യും ചെയ്യുന്നു. ദൈവപുത്രനെ കൈയിലെടുക്കുകയും പരിലാളിക്കുകയും കരുതുകയും ചെയ്യുന്നവര്‍ ദൈവരാജ്യത്തിന്റെ സൗഭാഗ്യത്തെ സത്യമാക്കുകയാണ്. കാലിത്തൊഴുത്തിലെ ശിശുവില്‍ ദൈവരാജ്യത്തിന്റെ മനുഷ്യരൂപം കണ്ട നന്മനിറഞ്ഞ ഹൃദയങ്ങള്‍ സ്വാതന്ത്ര്യത്തിലും ആനന്ദത്തിലും ആരാധന ചെയ്തു, വിരുന്നാസ്വാദിച്ചു. ആ ലാളിത്യം സ്വന്തമാക്കുക എന്നത് ഭക്തിയുടെയും വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും അനിവാര്യതയാണ്. അനുഷ്ഠാനങ്ങളുടെ പാരമ്യതയില്‍ സത്യത്തെ നഷ്ടപ്പെടുത്തുന്ന അവസ്ഥ തിരുപ്പിറവിയുടെ നിര്‍മ്മല സൗന്ദര്യത്തെ അകറ്റി നിര്‍ത്തുന്നു.
സന്മനസ്സുള്ളവര്‍ സമാധാനം ഫലമണിയിക്കുമ്പോള്‍ അത്യുന്നതങ്ങളില്‍ ദൈവത്തിന്റെ സൗന്ദര്യം തിളങ്ങി നില്ക്കും. ക്രിസ്തുവിനെ പുണര്‍ന്നവര്‍ക്ക് ആ ശിശു ആന്തരിക സൗന്ദര്യമാകുന്നതുപോലെതന്നെ അത് ജനതകള്‍ക്കു പ്രകാശം കൂടിയാണ്. എന്നിരുന്നാലും അന്ധകാരത്തിന്റെ ഭാരവും പ്രകാശത്തിന്റെ കോമളതയും ഒരേ സമയം മുമ്പിലുണ്ടാകും. ഹൃദയഭേദകമാം വിധം, ദൈവരാജ്യത്തിന്റെ അടയാളങ്ങള്‍ അകലെയായിരിക്കാം. നസ്രത്തിലെയും ബെത്‌ലഹേമിലെയും നന്മ വിശ്വാസത്തിന്റെ വലിയ സാക്ഷ്യമാണ്.