ശാലീനതയുടെ വല്യപ്പച്ചന്‍

ശാലീനതയുടെ വല്യപ്പച്ചന്‍

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

നീണ്ട താടി, ചൈതന്യമാര്‍ന്ന കണ്ണുകള്‍, ശാന്തതയാര്‍ന്ന മുഖകാന്തി, മൃദുവായ സംസാരം, പൊട്ടിച്ചിരിപ്പിക്കുന്ന പ്രസംഗങ്ങള്‍, സ്‌നേഹത്തോടെ മറ്റുള്ളവരെ കേള്‍ക്കുവാനുള്ള സന്നദ്ധത, രോഗികളുടെ മേലുള്ള കനിവാര്‍ന്ന കരുതല്‍… പടിയറ പിതാവിനെക്കുറിച്ച് പറയാവുന്ന ഒത്തിരിയേറെ കാര്യങ്ങളില്‍ ചിലതാണിവ. പിതാവിനോടൊപ്പം അതിരൂപതയ്ക്കുവേണ്ടി രണ്ടു വര്‍ഷം സേവനം ചെയ്യുവാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നു.
തന്റെ മേല്‍പ്പട്ട ശുശ്രൂഷയില്‍ പിതാവ് എപ്പോഴും ആകാംക്ഷയോടെ നോക്കിപ്പറഞ്ഞിരുന്ന ഒരു കാര്യം ഞായാറാഴ്ചകളിലെ ഇടവക സന്ദര്‍ശനമായിരുന്നു. ആ രണ്ടു വര്‍ഷങ്ങളില്‍ ചിലതൊഴികെ എല്ലാ ഞായറാഴ്ചകളും ഇടവക സന്ദര്‍ശനത്തിന്റെ ദിവസങ്ങളായിരുന്നു. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന സന്ദര്‍ശനം പലപ്പോഴും അവസാനിച്ചിരുന്നത് രാത്രി ഏഴുമണിയോടെയായിരുന്നു. ഉച്ചതിരിഞ്ഞുള്ള രോഗീസന്ദര്‍ശനം വളരെ അര്‍ത്ഥപൂര്‍ണ്ണമായി, സുവിശേഷ ഭാഗ്യങ്ങളോടുള്ള സമര്‍പ്പണമായി, വാത്സല്യത്തിന്റെയും കരുതലിന്റെയും യഥാര്‍ത്ഥ ഭാവമായി ഇന്നും മനസ്സില്‍ നിറയുന്നു. കാറില്‍ നിന്നും ഇറങ്ങിയിട്ട് രോഗികളുടെ ഭവനങ്ങളിലേയ്ക്ക് എത്ര ദൂരം നടക്കുന്നതിനും പിതാവ് ഒരിക്കലും മടികാണിച്ചിട്ടില്ല. മധുര തരവും ശാന്തവുമായ പിതാവിന്റെ സംസാരവും അനുഗ്രഹദായകമായ ആശീര്‍വ്വാദവും ഓരോ രോഗിക്കും ക്രിസ്തു തന്നെ കാണുവാനായി തന്റെ ഭവനത്തില്‍ വന്നു എന്ന അനുഭവം പകര്‍ന്നു നല്കിയിരുന്നു.


ചിട്ടകളുടെ മനുഷ്യനായിരുന്നു പടിയറ പിതാവ്. പ്രഭാതത്തില്‍ നാലേമുക്കാല്‍ മണിക്ക് മറൈന്‍ഡ്രൈവ് റോഡിലൂടെയുള്ള നടത്തം പിതാവ് ഒരിക്കലും ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ ആരോഗ്യത്തിന്റെ രഹസ്യവും അതുതന്നെയായിരുന്നു. വി. കുര്‍ബാന കഴിഞ്ഞാല്‍ കാപ്പികുടിക്കുന്നതിനു മുന്‍പായി രണ്ടു പത്രമെങ്കിലും വായിച്ചിരിക്കും. വൈദികരേയും സിസ്റ്റേഴ്‌സിനെയും അല്മായരേയും കൃത്യം ഒമ്പതു മണിക്ക് കണ്ടു തുടങ്ങും. ഊണുകഴിഞ്ഞ് ഒരു മണിക്ക് മാത്രമേ കത്തുകള്‍ വായിച്ചിരുന്നുള്ളൂ. ഭാഷകള്‍ നന്നായി കൈ കാര്യം ചെയ്തിരുന്ന പിതാവ് ആ ദിവസം തന്നെ കത്തുകള്‍ക്ക് മറുപടി എഴുതുവാന്‍ നിഷ്‌കര്‍ഷ കാണിച്ചിരുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയുള്ള സമയത്ത് അരമനയിലുള്ള എല്ലാവരും നിഷ്‌കര്‍ഷയോടെ, ശുഷ്‌കാന്തിയോടെ, ജോലി ചെയ്യണമെന്ന് ശാഠ്യം പിടിച്ചിരുന്ന ആളാണ് പടിയറ പിതാവ്. അനാവശ്യമായി സം സാരിക്കുകയോ സമയം വെറുതെ ചെലവഴിക്കുകയോ ചെയ്യുന്നത് കണ്ടാല്‍ ഞങ്ങളെ നന്നായി വഴക്കു പറയുവാനും പിതാവ് മടിച്ചിരുന്നില്ല.
മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുമായി പടിയറ പിതാവിനുണ്ടായിരുന്ന സവിശേഷമായ സൗഹൃദം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഏതു റീത്തില്‍പ്പെട്ട പ്രധാന സംരംഭങ്ങളിലും പടിയറ പിതാവ് ക്ഷണിക്കപ്പെട്ട ഒരു പ്രധാന അതിഥിയായിരുന്നു. മറ്റു റീത്തുകളില്‍പ്പെട്ടവര്‍ മാത്രമല്ല, മറ്റു മതങ്ങളില്‍പ്പെട്ടവരും പിതാവിന്റെ സാന്നിദ്ധ്യം ആരാധ്യമായി കാണുകയും പിതാവിനോട് വളരെ സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തിരുന്നു. എറണാകുളത്തെ രാജേന്ദ്ര മൈതാനിയില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ശ്രീ. എം. കരുണാനിധി എത്തിയപ്പോള്‍ അന്നത്തെ പ്രധാന പ്രസംഗം പടിയറ പിതാവിന്റേതായിരുന്നു. ആ പ്രസംഗത്തില്‍ ഓരോ വാചകത്തിന്റെയും അവസാനം തമിഴ്‌വംശജരായ ജനക്കൂട്ടം ആ വേശത്തോടെ കൈയടിക്കുന്ന രംഗം ഇന്നും ഞാന്‍ മറന്നിട്ടില്ല.


പടിയറ പിതാവിന്റെ ഒരു മഹത്ത്വമായി ഞാന്‍ കാണുന്ന കാര്യം അദ്ദേഹം ആരോടും വെറുപ്പ് കാണിച്ചിട്ടില്ല എന്നുള്ളതാണ്. ഹൃദയം പിളര്‍ക്കുന്ന അനുഭവങ്ങളില്‍ പോലും തന്റെ ജീവിതം അസ്വസ്ഥമാക്കിയവരോട് വാത്സല്യത്തോടെ സംസാരിക്കുവാനും അവരെക്കുറിച്ച് കാരുണ്യത്തോടെ ഓര്‍മ്മിക്കുവാനും പിതാവ് ശ്രദ്ധിച്ചിരുന്നു. പുതിയ നിയമ ജീവിതശൈലി സ്വന്തമാക്കിയ ഒരു വൈദികശ്രേഷ്ഠനായിരുന്നു പടിയറ പിതാവ്. പരിശുദ്ധ അമ്മയോടുള്ള ഭക്തി നിരന്തരം പുലര്‍ത്തിയിരുന്ന പിതാവ് കാറില്‍ സഞ്ചരിക്കുന്ന സമയങ്ങളിലെല്ലാം ജപമാല ചൊല്ലുവാന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഒപ്പം 'നിത്യവിശുദ്ധയാം…" എന്ന ഗാനം ആലപിക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു.
സഭയെ സ്‌നേഹിച്ച ആ വൈദികാചാര്യന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. ആചാരങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഊന്നല്‍, പ്രത്യുത നമ്മുടെ വിശ്വാസത്തെ ഇന്നത്തെ കാലഘട്ടത്തിന് പരിചയെപ്പടുത്തുവാനുള്ള തീരാത്ത ആഗ്രഹമായിരുന്നു. എറണാകുളം അതിരൂപതയെ സ്‌നേഹിച്ച, എറണാകുളം-അങ്കമാലി അതിരൂപതയിലെ ജനം ചങ്കോടു ചേര്‍ത്തുപിടിച്ച ആ പിതാവന്റെ ജന്മം സാഫല്യമണിഞ്ഞതാണ്. പിതാവ് നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org