'അവിടെ ഞാന്‍ അവരെ കാണും'

'അവിടെ ഞാന്‍ അവരെ കാണും'
Published on
അത്ഭുതങ്ങള്‍ കാണിക്കാനായി ചാടിയിറങ്ങുന്ന ഒരു വീരകഥാപാത്രമല്ല ഉത്ഥിതനായ ക്രിസ്തു. 'ഉയിര്‍ത്തെഴുന്നേറ്റവന്‍ എവിടെ' എന്ന അന്വേഷണം, വി പൗലോസിന്റെ 'ക്രിസ്തുവില്‍ ആയിരിക്കുക' എന്ന സത്യാര്‍ത്ഥം കൂടി ചേര്‍ത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ഉത്ഥിതന്റെ മഹിമയുടെ പ്രകാശം ലോകം അറിയുന്നത് ആ പ്രകാശം നമ്മിലും സഭയിലും ഉണ്ടെങ്കില്‍ മാത്രമാണ്.

കല്ലറയ്ക്കുള്ളില്‍നിന്നും കേട്ട സ്വരം നമുക്കും അര്‍ത്ഥപൂര്‍ണ്ണമാണ്: 'ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിനാണ്? അവന്‍ ഇവിടെയില്ല, അവന്‍ അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു.' മരിച്ചവര്‍ക്കാണ് ശവക്കല്ലറ വേണ്ടത്. ജീവനുള്ളവര്‍ മൃതരെ സംസ്‌ക്കരിക്കാനാണ് അവിടെ വരുന്നത്. ജീവിക്കുന്നവര്‍ അവരുടെ ജീവിതങ്ങളെ ചേര്‍ത്തുവച്ചിരിക്കുന്ന ഇടങ്ങളിലാണ്. ജീവിക്കുന്നവര്‍ അവരുടെ ജീവിതാവസ്ഥകളുടെ നടുവിലാണ് ജീവിച്ചിരിക്കുന്നവനെ അന്വേഷിക്കേണ്ടത്. ഇണങ്ങിയും പിണങ്ങിയും, ആഘോഷങ്ങളിലും ദുഃഖങ്ങളിലും, വിലാപങ്ങളിലും സന്തോഷങ്ങളിലും, വേര്‍പാടിലും അവര്‍ പങ്കുചേരുന്നു. വിളനിലവും കൊയ്ത്തുപാട്ടും, ഊണ്‍മേശയും ഓഫീസ് കസേരയും, മരുന്നുമുറിയും ഓപ്പറേഷന്‍ തീയേറ്ററും, അനുരാഗത്തിന്റെ പുല്‍മെത്തയും, ഉപവാസത്തിന്റെ ചാക്കുവസ്ത്രവും ഉത്ഥിതന്‍ തിരിച്ചറിയപ്പെടുന്ന സന്ദര്‍ഭങ്ങളാണ്. എവിടെ നമ്മള്‍ ജീവിക്കുന്നു, എങ്ങനെ നമ്മള്‍ ജീവിക്കുന്നു, അതിന്റെ ഭാഗമാകാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. ശ്രദ്ധ നല്‍കിയാല്‍ അല്പം കൂടി ആഴമുള്ള മറ്റൊരു ആത്മവിചിന്തനം സാധ്യമായേക്കും: 'നിങ്ങള്‍ തേടുന്ന ജീവന്‍ നിങ്ങളിലും നിങ്ങള്‍ക്കിടയിലും സമീപസ്ഥമായിരിക്കുമ്പോള്‍, അസാന്നിധ്യത്തെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നതെന്തിനാണ്?'

ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് യേശു തന്റെ ജീവന്‍ വെടിഞ്ഞു എന്ന് നമ്മള്‍ വായിക്കുന്നു. ശൂന്യവല്‍ക്കരണത്തിലെന്നതു പോലെ ഉത്ഥാനത്തിലും ഈ നിലവിളി ഒരു വലിയ ദാഹമാണ്, നമ്മിലായിരിക്കുവാനും, നമ്മുടെയിടയിലായിരിക്കുവാനും.... സാന്നിധ്യമേകാനായുള്ള ആഴമേറിയ ദാഹം. ശൂന്യവത്കരണം ഒരു വിസ്തരണം കൂടിയാണ്. സ്വയം ശൂന്യമാക്കിയ ജീവന്‍ ഇല്ലാതാവുകയല്ല, നമ്മിലേക്ക് പകരപ്പെടുകയാണ്. അങ്ങനെ ഉത്ഥിതന് നമ്മില്‍ ഒരു പുതിയ ശരീരരൂപം ലഭിക്കുന്നുണ്ട്. ആ ക്രിസ്തുവിനെ നമ്മില്‍ത്തന്നെയും നമുക്കിടയിലും തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഉത്ഥിതനെ കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യം.

  • ഗലീലിയില്‍

ജീവിതത്തിന്റെ ഒരു പുനര്‍വായനയ്ക്കായി ഗലീലിയിലേക്കു തന്നെ മടങ്ങാനാണ് ക്രിസ്തു പറഞ്ഞത്. ക്രിസ്തുവിന്റെ കൂടെ കുറച്ചു ദൂരം നടക്കാന്‍ ശ്രമിച്ചവരാണ് ശിഷ്യര്‍. ഓരോരുത്തരും നടക്കുന്ന വഴികളില്‍ത്തന്നെ നമ്മെ കണ്ടെത്തുവാന്‍ നമുക്കരികെ നില്ക്കുന്നവനാണ് ഉത്ഥിതന്‍. ഉത്ഥിതന്റെ വെളിച്ചത്തില്‍ നമ്മുടെ പാതയെ ഒന്നു കൂടി അടുത്തു കാണണം. കൂടെയുണ്ട് എന്ന തിരിച്ചറിവാണ് വലുത്. അടച്ചമുറിക്കുള്ളിലേക്ക് അവന് പ്രവേശിക്കേണ്ടതായിട്ടില്ല. ഭീതിയുടെ, നിരാശയുടെ ആ മുറിക്കുള്ളില്‍ തന്നെ നമ്മോടൊപ്പം അവനുണ്ട് എന്ന് തിരിച്ചറിയുന്നതാണ് ഓരോ പ്രത്യക്ഷപ്പെടലും.

അവന്റെ ഓര്‍മ്മകളും അവന്റെ വാക്കുകളും അവര്‍ കൂടെക്കൂടെ ഓര്‍ത്തു. ചെറുതും വലുതുമായ തേങ്ങലുകളിലേക്കും ഇടയ്ക്ക് ആ ഓര്‍മ്മകള്‍ മാറ്റപ്പെട്ടു. ഓരോരുത്തരും ഹൃദയത്തിലറിഞ്ഞതിനനുസരിച്ച് അവരുടെ വേദനകള്‍ക്കും തേങ്ങലുകള്‍ക്കും ആഴമുണ്ടായിരുന്നു. പരസ്പരം ആശ്വസിപ്പിച്ചപ്പോളൊക്കെയും ഇടയ്ക്കിടെ സമാധാനസാന്നിധ്യമായി അവന്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു അവര്‍ തിരിച്ചറിഞ്ഞു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ലോകം കാണുന്നത് വാനമേഘങ്ങളിലല്ല, നമ്മിലാണ്. ജീവിതകാലത്തും ഉത്ഥാനശേഷവും ക്രിസ്തു ഹൃദയബന്ധമായി അറിയപ്പെട്ടത് ഭവനങ്ങളിലും സൗഹൃദങ്ങളിലുമാണ്. നമ്മിലൊരുവനാവുകയും അരികെ വരികയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതായി കാണാം. ഉത്ഥിതന്റെ കൂടെ ഒരിക്കല്‍ക്കൂടെ ഗലീലിയിലൂടെ നടക്കേണ്ടത് ശിഷ്യത്വത്തിന്റെ വേരുകള്‍ക്ക് ശക്തിയും സൗന്ദര്യവും നല്‍കുവാനാണ്.

സ്ത്രീകള്‍ക്ക് ക്രിസ്തു നല്‍കിയ സന്ദേശം തീര്‍ത്തും അര്‍ത്ഥവത്താണ്, 'നിങ്ങള്‍ പോയി അവരോടു പറയുക, ഗലീലിയിലേക്കു പോകുവിന്‍, അവിടെ അവര്‍ എന്നെ കാണും.' ഗലീലി മനുഷ്യജീവിതത്തിന്റെ സാധാരണത്തം ജീവിക്കപ്പെടുന്ന സ്ഥലങ്ങളാണ്. ജെറുസലേമിലാകട്ടെ മതഘടനകള്‍ അനുശാസിക്കുന്ന പാവനതയ്ക്കുവേണ്ടി സ്ഥാനങ്ങളിലും, ചര്യകളിലും പൊയ്മുഖമണിയുന്നവരാണ് നമ്മള്‍. ഗലീലിയില്‍ വെറും പച്ചമനുഷ്യരായി നടക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. യേശു പറയുന്നു, 'അവിടെ അവര്‍ എന്നെ കാണും.'

പരിശുദ്ധിയുടെ അലങ്കാരങ്ങളുള്ളിടത്താണ് ഒരുപക്ഷെ നമ്മള്‍ അവനെ പ്രതീക്ഷിക്കുന്നത്. ജെറുസലേമിന്റെ പരിവട്ടങ്ങളില്‍ ചുറ്റിത്തിരിയുന്ന നമ്മളെ ഗലീലിയിലേക്കു പറഞ്ഞയക്കാന്‍ യേശു തിടുക്കം കാണിക്കുന്നു. അവിടെ എന്നും നമ്മള്‍ നടക്കുന്ന പാതയോരത്തു നമ്മള്‍ അവിടുത്തെ കാണും. അങ്ങനെയെങ്കില്‍ സമ്മര്‍ദം നല്‍കുന്ന തൊഴിലിടങ്ങള്‍ പോലും ഉത്ഥിതന്റെ സാന്നിധ്യം നമ്മളെ അറിയിക്കും. ഈ സാന്നിധ്യത്തെ തിരിച്ചറിയാനാണ് നമ്മള്‍ പരാജയപ്പെടുന്നത്. അങ്ങനെ, ഇല്ലാത്ത ശൂന്യതയെക്കുറിച്ചാണ് നമ്മള്‍ ഭയപ്പെടുന്നത്. ഇടിമുഴക്കത്തിലും, ഭയാനകതയിലും, രഹസ്യങ്ങളിലുമാണ് നമ്മള്‍ അവനെ തേടുന്നത്. എന്നാല്‍ ഏറ്റവും സാധാരണമായ നമ്മുടെ ചുറ്റുപാടുകളിലുമാണ് ക്രിസ്തു കാത്തിരിക്കുന്നത്. അതുകൊണ്ട്, ഏതൊരു അനുഭവത്തിലും ഒരു പുനരുത്ഥാന അനുഭൂതി ഉണ്ട്. നമ്മിലെ ശവക്കല്ലറകളിലെ ശൂന്യതകളിലേക്കായിരിക്കാം. നമ്മള്‍ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷെ കല്ലുകളാല്‍ അവ മറക്കപ്പെട്ടിട്ടുമുണ്ടാകാം. ആ ശബ്ദം നമ്മള്‍ വീണ്ടും കേള്‍ക്കണം, 'അവന്‍ ഇവിടെയില്ല, അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ നിങ്ങളുടെ ഉള്ളിലും, നിങ്ങളുടെ ഇടയിലുമാണ്.'

  • ജീവന്റെ ഉറപ്പ്

ജീവിതത്തില്‍ അതിവിലയേറിയ സ്ഥാനമായുണ്ടായിരുന്ന ക്രിസ്തു അകന്നുപോയപ്പോള്‍ വലിയ ശൂന്യതയാണ് അവര്‍ക്കുള്ളില്‍. എന്നാല്‍ അവന്‍ പറഞ്ഞിരുന്ന വാക്കുകള്‍ അവരെ പ്രതീക്ഷ കൊണ്ട് നിറയ്ക്കുന്നുണ്ട്. അടക്കപ്പെട്ട കല്ലറയില്‍ അവന്‍ ഇല്ല എങ്കില്‍ തീര്‍ച്ചയായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. വ്യക്തിപരമായ ഒരു മാനസികഭാവനയല്ല അത്. അവിശ്വസനീയമാണെങ്കിലും തിരിച്ചറിയപ്പെടുന്ന ജീവസാന്നിധ്യമാണത്. തളര്‍ച്ചയുടെയും ശൂന്യതയുടെയും സകല അവസ്ഥയിലും ജീവന്‍ പകര്‍ന്നുനല്‍കുന്ന ജീവസാന്നിധ്യം. പീഢിപ്പിക്കപ്പെട്ടാലും, ശക്തി ക്ഷയിച്ചാലും, എണ്ണം കുറഞ്ഞാലും ആ സാന്നിധ്യം ജീവനുള്ളതാണെന്ന് തിരിച്ചറിയപ്പെടാത്തപ്പോളാണ് നമ്മള്‍ നമ്മെത്തന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയുകയും സുരക്ഷയ്ക്കായുള്ള സ്വന്തം വഴികള്‍ തേടുകയും ചെയ്യുന്നത്. പകരം ആ ജീവനില്‍ നമുക്ക് ഉറപ്പു ണ്ടെങ്കില്‍, ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാകാനും പുതുജീവനിലേക്കു കടക്കുവാന്‍ നമ്മെത്തന്നെ അനുവദിക്കുവാനും നമുക്ക് കഴിയും.

വചനമായി ക്രിസ്തുവിനെ കാണുമ്പോള്‍ അതിലും വലിയൊരു ക്രിസ്തുസാന്നിധ്യം നമുക്ക് സാധ്യമാകും. അവനിലൂടെ എല്ലാം സൃഷ്ടിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യരക്ഷയ്ക്കായി മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തു ഉയിര്‍ക്കുമ്പോള്‍ സകലസൃഷ്ടവസ്തുക്കളിലേക്കും തന്റെ സാന്നിധ്യം പകര്‍ന്നു നല്‍കുന്നുണ്ട്. അവന്‍ നമുക്കുള്ളിലും, നമുക്കിടയിലും, നമുക്കുചുറ്റും സന്നിഹിതനായിരിക്കുമ്പോള്‍ എന്തിനാണ് നമ്മള്‍ ഭയക്കുന്നത്? നമ്മിലെ ശൂന്യതകളെ അവഗണിക്കാനാവില്ല, പക്ഷെ അവിടെ സാധ്യമാകുന്ന ക്രിസ്തുസാന്നിധ്യത്തെ കാണാതെ പോകരുത്. ശൂന്യമായ കല്ലറ ഉത്ഥാനത്തിന്റെ തെളിവാകണമെന്നില്ല, എന്നാല്‍ അവന്റെ സാന്നിധ്യം തീര്‍ച്ചയായും തെളിവാണ്.

  • നമ്മില്‍ ഉത്ഥിതന്റെ വെളിപാട്

ഉത്ഥിതനായ ക്രിസ്തു ഇന്ന് സന്നിഹിതനായിരിക്കുന്നത് നമ്മിലാണ് എന്നതിനാല്‍, ആ ജീവസാന്നിധ്യം പ്രതിഫലിക്കണമെങ്കില്‍ അവനിലുണ്ടായിരുന്നതുപോലെ, ലോകത്തിനു വെളിച്ചമാകും വിധം നമ്മില്‍ ജീവനുണ്ടോ എന്ന് പരിശോധിച്ചറിയണം. ശാപവും, ആക്ഷേപവും, വ്യഥകളും ആവര്‍ത്തിച്ചുകേള്‍ക്കുന്ന ഭാരങ്ങളാകുമ്പോള്‍ അവയെ ദൈവത്തിന്റെ കുഞ്ഞാടിനെപ്പോലെ വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നറിയാന്‍ അത് ആവശ്യമാണ്. ദൈവം അവനെ ഉയിര്‍പ്പിച്ചു. മുറിവും വ്യഥയും വഹിക്കുന്ന കുഞ്ഞാടിന് തികഞ്ഞ സ്‌നേഹത്തോടെയും ജീവനോടെയും ജീവാര്‍പ്പണം ചെയ്യുവാന്‍ കഴിഞ്ഞെങ്കിലേ ജീവിക്കുന്ന ക്രിസ്തുസാന്നിധ്യം ലോകത്തിനു ലഭിക്കൂ. ആന്തരിക ജീവന്റെ പ്രവാഹം ദൈവം തന്നെയായതിനാല്‍, സത്യത്തിലും ആത്മാവിലുമുള്ള ദൈവമുഖം കാണുവാനും നമുക്ക് കഴിയണം. ഭൂമിയെ ഇളക്കി ന്യായം നടത്തുന്ന ദൈവത്തെ ക്രിസ്തു ഗത്സമെനില്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവന്‍ ജീവന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുമായിരുന്നില്ല.

അവിടുത്തെ തേടിയവര്‍ക്കാണ് അവനെ കാണാനായത് എന്നത് ധ്യാനാര്‍ഹമാണ്. ഉണങ്ങാത്ത മുറിവുകളുള്ള കരങ്ങള്‍ നീട്ടി, അന്ധര്‍ക്ക് കാഴ്ചയോ, തളര്‍വാതരോഗികള്‍ക്കു ബലമോ, മരിച്ചവര്‍ക്കു പുതുജീവനോ നല്‍കാന്‍ അവനെ കാണുന്നില്ല. കയ്യാപ്പാസിന്റെയോ പീലാത്തോസിന്റെയോ ഹേറോദേസിന്റെയോ കൊട്ടാരത്തില്‍ വെല്ലുവിളിയായി അവന്‍ കടന്നു ചെന്നില്ല. ദേവാലയഗോപുരത്തില്‍ നിന്ന് ചാടുന്നതിലും എത്രയോ വലിയ കാഴ്ചയാകുമായിരുന്നു അത്! ഉത്ഥിതന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വലിയ ഒരു അവബോധം അത് പകര്‍ന്നു നല്‍കുന്നു. അവന്റെ സാന്നിധ്യം നമ്മിലാണ്, നമ്മള്‍ ഒരുമിച്ചാണ് ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്, അവന്റെ സാന്നിധ്യമാണ് നമ്മുടെ വ്യക്തിരൂപം സൃഷ്ടിക്കേണ്ടതും. പരസ്പരം സാന്ത്വനിപ്പിക്കാനും, ജീവന്‍ പകരാനും കഴിയുമ്പോഴാണ് സമൂഹം ക്രിസ്തുശരീരമാകുന്നത്. ഉത്ഥിതന്‍ സ്വയം വെളിപ്പെടുന്നതും, ജീവിക്കുന്ന സാന്നിധ്യമായി നമുക്കിടയില്‍ അനുഭവവേദ്യമാകുന്നതും അപ്പോഴാണ്. ഉയിര്‍ത്തെഴുന്നേറ്റ മിശിഹായെ തേടേണ്ടത് കല്ലറയുടെ പരിസരത്തല്ല, ജീവിക്കുന്നവര്‍ ജീവിക്കുന്ന വീട്ടിലും, നാട്ടിലും, സൗഹൃദങ്ങളിലും, അയല്‍ക്കൂട്ടങ്ങളിലുമാണ്. ആ ക്രിസ്തുസാന്നിധ്യത്തിലാണ് നമ്മള്‍ നമ്മെത്തന്നെ കണ്ടെത്തുന്നത്.

അത്ഭുതങ്ങള്‍ കാണിക്കാനായി ചാടിയിറങ്ങുന്ന ഒരു വീരകഥാപാത്രമല്ല ഉത്ഥിതനായ ക്രിസ്തു. 'ഉയിര്‍ത്തെഴുന്നേറ്റവന്‍ എവിടെ' എന്ന അന്വേഷണം, വി പൗലോസിന്റെ 'ക്രിസ്തുവില്‍ ആയിരിക്കുക' എന്ന സത്യാര്‍ത്ഥം കൂടി ചേര്‍ത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ഉത്ഥിതന്റെ മഹിമയുടെ പ്രകാശം ലോകം അറിയുന്നത് ആ പ്രകാശം നമ്മിലും സഭയിലും ഉണ്ടെങ്കില്‍ മാത്രമാണ്. ഉത്ഥാനത്തിന്റെ ശോഭ, പുറമേ നിന്ന് പ്രകാശിപ്പിക്കുന്ന സൂര്യകിരണം പോലെയല്ല, അകത്തു നിന്ന് പ്രകാശിക്കുന്ന ശോഭയായാണ്. 'ക്രിസ്തുവില്‍ ആയിരിക്കുന്ന' സകലരും തങ്ങളില്‍ പുഷ്പിച്ചു വിളയിക്കുന്ന പുണ്യങ്ങളിലാണ് ഉത്ഥിതനും ജീവിക്കുന്നവനുമായ ക്രിസ്തുവിന്റെ മഹിമയുടെ പ്രകാശം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org