ഇന്നാട്ടില്‍ എന്താണ് നടക്കുന്നത്.!

ഇന്നാട്ടില്‍ എന്താണ് നടക്കുന്നത്.!

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്.

ഭാരതത്തിന്‍റെ പരമോന്നത നീതിപീഠത്തില്‍ മുഴങ്ങിയ ന്യായാധിപന്‍റെ ഗര്‍ജ്ജനം ഇനിയും മനുഷ്യത്വം മരവിക്കാത്ത പൗരന്മാരുടെ മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ ഉന്നാവ ബലാല്‍സംഗകേസില്‍ ഉടനടി കാര്യങ്ങള്‍ തീര്‍പ്പാക്കണമെന്ന കോടതിയുടെ പരാമര്‍ശത്തിന്നിടെയാണ് ഹൃദയം തകര്‍ന്ന് ന്യായാധിപന്‍ ശ്രദ്ധേയമായ ഈ ചോദ്യം ഉന്നയിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ശ്രീബുദ്ധന്‍റേയും മഹാത്മജിയുടേയും പൈതൃകം അവകാശപ്പെടുന്ന ഈ നാടിന്‍റെ ഭാവി എന്താകുമെന്ന ആശങ്ക കൂടി ഈ ചോദ്യത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ലേ? പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷം ഇങ്ങനെയായാല്‍ ലോകത്തിലെ ജനാധിപത്യഭരണത്തിന് പേരുകേട്ട ഭാരതത്തിന് ഭൂഷണമാകുമോ. ഏകാധിപത്യ – പട്ടാള – രാജഭരണകൂടങ്ങള്‍ക്ക് ജനഹിതഭരണം ഫലപ്രദമല്ല എന്ന് തെറ്റായി പ്രഘോഷിക്കാന്‍ ഭാരതത്തെ വേദിയാക്കി മാറ്റണമോ?

നീതിന്യായ കാര്യങ്ങളെക്കുറിച്ച് അഭിഭാഷകതുല്ല്യം ധാരണയില്ലാത്തവര്‍ക്കും മനസ്സില്‍ ഉത് ക്കണ്ഠയുളവാക്കുന്ന ചോദ്യങ്ങളാണ് ഉന്നാവ സംഭവം ഉയര്‍ത്തുന്നത്. ജീവന്‍ അപകടത്തിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇരയായ വ്യക്തി എഴുതിയ കത്ത് സുപ്രീം കോടതി രജിസ്ട്രി (Registry) എന്തുകൊണ്ട് അവഗണിച്ചു? അത് ബോധപൂര്‍വ്വമാണെന്ന് അഭിപ്രായപ്പെടുന്നില്ലെങ്കിലും സംശയങ്ങള്‍ അവശേഷിക്കുന്നു. പരാതിക്കാരിയുടെ സംരക്ഷണാര്‍ത്ഥം വനിതപോലീസുകാരടക്കം ഒരു സംഘം പോലീസ് സേനയെ നിയോഗിച്ചിരിക്കെ, ഇവരുടെ യാത്രാവേളയില്‍ മേലധികാരികളുടെ അനുമതിയില്ലാതെ പോലീസ് രംഗത്തുനിന്ന് എന്തുകൊണ്ട് മാറിനിന്നു? സുരക്ഷ ഉദ്യോഗസ്ഥന്മാരുടെ ഫോണില്‍ നിന്ന് 'വേട്ടക്കാര'ന്‍റെ ഫോണിലേക്ക് അപകടത്തിന് തൊട്ടുമുമ്പ് സന്ദേശങ്ങള്‍ പോയത് എന്തിനായിരുന്നു? ഇര സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ തൊട്ടുമുമ്പില്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലുണ്ടായിരുന്നവര്‍ അപകടത്തിന് ശേഷം എങ്ങോട്ട് അപ്രത്യക്ഷരായി, അവരുടെ വിശദാംശങ്ങള്‍ എന്ത്? വാഹനാപകടമുണ്ടാക്കിയ ട്രക്കിലെ ജീവനക്കാര്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ സത്യാവസ്ഥ എന്താണ്? പ്രതിയുടെ വക്കീലന്മാരുടെ വിശദാംശങ്ങള്‍? ഇതെല്ലാം സാധാരണ പൗരന്മാരില്‍ ഗൗരവമായ സംശയം സൃഷ്ടിക്കുന്നു.

ആദ്യം വേട്ടക്കാരന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരു വെറും സസ്പെന്‍ഷന്‍, ജനമിളകിവശായപ്പോള്‍, താല്‍ക്കാലിക ശമനത്തിന് ഒരു പുറത്താക്കല്‍ നാടകം. പക്ഷെ ഇരയുടെ വേദനകള്‍ക്ക് ഇതെല്ലാം പരിഹാരമാകുമോ! ശാരീരിക മാനസിക മുറിവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രമല്ല എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. വിധിവാചകം അവസാനമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ കുടുംബത്തിന്‍റെ ചെലവിനായി നല്‍കണമെന്നത് ശിക്ഷക്ക് മുമ്പേ ലഭിച്ച ശിക്ഷയായിട്ടേ ഗണിക്കാനാവൂ. ദില്ലിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റപ്പെടുകയാണെങ്കില്‍ത്തന്നെ ആന്തരീകമുറിവുകള്‍ ഇതിനകംതന്നെ ഗുരുതരമായ അണുബാധയിലേക്ക് എത്തിച്ചേര്‍ന്നു കാണാനിടയുണ്ട് (Sepsis). ഇപ്പോള്‍ത്തന്നെ അപായസൂചനകള്‍ നല്‍കുന്ന ന്യുമോണിയ ബാധിച്ചുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാണുന്നു!

ഇന്നാട്ടില്‍ എന്താണ് നടക്കുന്നത് എന്ന ചോദ്യത്തിന് പൊതുജനങ്ങള്‍ ഉത്തരം നല്കിക്കഴിഞ്ഞു. വര്‍ഗ്ഗീയ വികാരങ്ങള്‍ക്ക് അഗ്നിപകര്‍ന്ന് മനുഷ്യമനസ്സിലെ നന്മയെ ചാരമാക്കുക എന്നതല്ലാതെ ഇന്നാട്ടില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്. സഹിഷ്ണുത എന്നൊരുപദം മനുഷ്യചിന്തകളില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുകഴിഞ്ഞു. ബഹുസ്വരതയുടെ വൈശിഷ്ട്യത്തെ വൈരാഗ്യം എന്ന ഒരേയൊരു വികാരം കൊണ്ട് തമസ്ക്കരിച്ചു. ഇന്നാട്ടിലെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഭരണവര്‍ഗ്ഗം കണ്ടില്ലെന്ന് നടിച്ചു. മതസഹിഷ്ണുതാപട്ടികയില്‍ ഭാരതം പിന്നോട്ട് പോയി. ഒരു പ്രത്യേക മതമാണ് ലോകത്തിലെ ഭീകരവാദികള്‍ക്ക് ആത്മീയ പരിവട്ടം നല്‍കുന്നതെന്ന് വാദിക്കപ്പെടുമ്പോള്‍, ഏറ്റവും പാരമ്പര്യവാദികളായ കത്തോലിക്കസഭയുടെ പരമാദ്ധ്യക്ഷനെ, ഈ മതസ്ഥര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലേക്ക് അതിവിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടുകയും പഴക്കമുള്ള ചില ആരാധാനാലയങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കുകയും ചെയ്തത് കണ്ടില്ലെന്ന് നടിക്കാനാകുമോ?

കണ്ണില്‍ പൊടിയിടാന്‍ നയതന്ത്രബന്ധം എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ചില അഭിനയങ്ങള്‍! അയല്‍രാജ്യ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ക്ഷണിക്കാതെ തന്നെയുള്ള ആശംസ സന്ദര്‍ശനം. ഉയര്‍ന്ന പരാതികളെ നേരിടാന്‍ സത്യപ്രതിജ്ഞ വേദിയില്‍ നിന്നൊരു മാറ്റി നിര്‍ത്തല്‍ നാടകം. ഭാവിയിലെ തെരഞ്ഞെടുപ്പുകള്‍ പോലും അയല്‍രാജ്യഭീഷണിയുടെ കാരണം പറഞ്ഞ് മാറ്റിവെക്കാന്‍ ഒരു ശത്രുവിനെ സൃഷ്ടിക്കാനുള്ള വ്യാജനയതന്ത്രം എന്നതല്ലാതെ ഇതിനെല്ലാം യാഥാര്‍ത്ഥ്യത്തില്‍ അടിസ്ഥാനമുള്ള വല്ല കാര്യമുണ്ടോ!

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള നോട്ട് നിരോധനത്തിന്‍റെ വിശകലനം തികച്ചും വികലമായിരുന്നില്ലേ. നമ്മുടെ ഇടത്തരം – ചെറുകിട കച്ചവടം തീര്‍ത്തും നാശോന്മുഖമായില്ലേ. ഇതിന്‍റെ നേട്ടം ആര്‍ക്ക് ലഭിച്ചു? നടുവൊടിഞ്ഞ വ്യാപാരികള്‍ക്ക് വീണ്ടും പ്രഹരമായി ജി.എസ്.ടി. തത്ത്വങ്ങള്‍ അത്യാകര്‍ഷകം തന്നെ, ഫലത്തില്‍ നിന്നല്ലേ വൃക്ഷത്തെ തിരിച്ചറിയുക. പുതിയ സര്‍ക്കാരിന്‍റെ 'ജനക്ഷേമ' ബജറ്റില്‍ സാധാരണക്കാരനെ ബാധിക്കുന്ന ഇന്ധനവില വര്‍ദ്ധിക്കുകയല്ലേ ചെയ്തത്. ഏതാനും പേര്‍ക്ക് കുക്കിങ്ങ് ഗ്യാസ് സൗജന്യങ്ങള്‍ ലഭിച്ചുവെന്ന കാര്യം നിഷേധിക്കുന്നില്ല. രാജ്യത്തിന് അഭിമാനകരമായിരുന്ന പൊതുജനമേഖല കമ്പനികള്‍ (വിമാനത്താവളങ്ങളടക്കം) സ്വകാര്യവല്‍ക്കരിക്കുന്നു! മഹാത്മജിയെ ഒളിഞ്ഞും തെളിഞ്ഞും ഇകഴ്ത്തിക്കാട്ടുന്നതിന്‍റെ 'നഷ്ടപരിഹാര'മായി മഹാത്മജിയുടെ പേരില്‍ ബജറ്റില്‍ ചെറിയൊരു തുക നീക്കിവെച്ചത് ഒരു പരിഹാരക്രിയയായേ കാണാനാവൂ.

ഒരു ജനാധിപത്യരാജ്യത്തിന്‍റെ ശ്രേഷ്ഠത മാറ്റുരച്ചുനോക്കുന്നത് ജുഡീഷറിയോടും ന്യൂനപക്ഷത്തോടുമുള്ള സമീപനത്തിലാണല്ലോ. അതേസമയം 'ജയ് ശ്രീറാം' വിളിക്കാത്തതിനും ഗോമാംസം കൈവശം വെച്ചു എന്ന് സംശയിക്കുന്നതിന്‍റേയും പേരില്‍മനുഷ്യരെ പേപ്പട്ടികളെക്കാള്‍ ക്രൂരമായി തല്ലിക്കൊല്ലുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയ കക്ഷിയിലുംപ്പെടാത്ത നിഷ്പക്ഷമതികള്‍ നിസ്സഹായരായി നോക്കികാണേണ്ടി വന്നു. പിലാത്തോസിന്‍റെ അരമന മുതല്‍ ക്രിസ്തുവിനേറ്റ മര്‍ദ്ദനമുറകളെപ്പോലെ ചരിത്രത്തെ ചുടുചോരയില്‍ മുക്കികളയുകയാണിവിടെ. നീതി നടത്തിക്കിട്ടാനുള്ള അവസാനവേദിയാണത്. ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണ് ഈ രാജ്യ ത്ത് കഴിയുന്നത്. ഇതുപരിഹരിക്കാന്‍ പ്രധാനമന്ത്രി മുന്നോട്ട് വരണം. ഇക്കാര്യത്തിലുണ്ടായ വീഴ്ചകള്‍ നിസ്സാരമല്ല. കൊളീജിയത്തിന്‍റെ ശിപാര്‍ശ നടപ്പിലാക്കുന്നതിലുണ്ടായ 'വീര്‍പ്പുമുട്ടലുകള്‍' ന്യായാധിപന്മാരുടെ പത്രസമ്മേളനം എന്നിവയൊക്കെ അരങ്ങേറാനിടയായത് രാജ്യത്തിന്‍റെ യശസ്സിന് കളങ്കമായി. ന്യായാധിപന്മാര്‍ക്കുപോലും ഇന്നാട്ടില്‍ രക്ഷയില്ലെന്ന് വന്നാല്‍!!

ഉന്നാവ് സംഭവത്തെപ്പോലെത്തന്നെ നിഗൂഢതകളുള്ള സംഭവമാണ് കര്‍ണ്ണാടകയിലെ പ്രമുഖ വ്യവസായിയുടെ ദുര്‍മരണവും. കാര്യങ്ങളുടെ അടിയൊഴുക്കുകള്‍ ദൃശ്യമാകാനിരിക്കുന്നതേയുള്ളൂ. ഉല്‍ക്കണ്ഠ, ഭാവിയെക്കുറിച്ചുള്ള ഭയം, സമൂഹത്തിന് പരസ്പരം നഷ്ടപ്പെടുന്ന വിശ്വസ്തത, വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത എന്നിവയെല്ലാം ജനാധിപത്യത്തിന്‍റെ ആപല്‍ സൂചനയാണ്. ഈ ദുരവസ്ഥകള്‍ക്കെല്ലാം മറ പിടിക്കാന്‍ ഒരു ചന്ദ്രയാന്‍ ദൗത്യം നമുക്ക് തുണയായി. രാജ്യം ദാരിദ്ര്യത്തിന്‍റെ വക്കിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം ദൗത്യങ്ങള്‍ നടപ്പാക്കുന്നതില്‍ ഔചിത്യമുണ്ടോ! ശാസ്ത്രപുരോഗതി വേണ്ടെന്നല്ല ഇതുകൊണ്ട് വിവക്ഷിക്കുന്നത്, മുന്‍ഗണനാപട്ടിക നമ്മുടെ മുമ്പിലുണ്ടാകണം എന്നാണ് ഉദ്ദേശിക്കുന്നത്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള 'തത്ത്വമസി'യുടെ ചൈതന്യം നേര്‍ത്ത് നേര്‍ത്ത് അപ്രത്യക്ഷമാകരുത്. 1821-ല്‍ മരണമടഞ്ഞ തത്ത്വശാസ്ത്രത്തിലും രാജ്യാന്തര നയതന്ത്രത്തിലും വിദഗ്ദ്ധനായ ജോസഫ് ദെ മൈസ്ത്രേ അഭിപ്രായപ്പെട്ടതുപോലെ, ഓരോ രാജ്യത്തിനും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും എന്നത് ഇന്ന് ഭാരതത്തില്‍ ശ്രദ്ധേയമാകുന്നു. ഒരു പ്രാര്‍ത്ഥന മാത്രം. ക്ഷീരവും രുധിരവും കൂട്ടിക്കലര്‍ത്തരുതേ!

അനുബന്ധം: കശ്മീര്‍ വിഭജിക്കപ്പെട്ടു! രാഷ്ട്രപതി ഉടന്‍ അനുമതിയും നല്‍കി. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ ചരിത്രത്തിന്‍റെ ഇരുണ്ട നാളുകളായി പ്രഖ്യാപിച്ചവര്‍ ഇന്നത്തെ അവസ്ഥയെ എങ്ങനെയാണ് വിശേഷിപ്പിക്കുക! സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനാധിപത്യത്തെ കയ്യിലെ കളിപ്പാട്ടമാക്കാമോ!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org