മതാന്തര സംവാദവും സാഹോദര്യവും

മതാന്തര സംവാദവും സാഹോദര്യവും

ബിഷപ് തോമസ് ചക്യത്ത്

ബിഷപ് തോമസ് ചക്യത്ത്
ബിഷപ് തോമസ് ചക്യത്ത്

മതാന്തരസംവാദത്തിന്റെ കേന്ദ്രവിഷയം മനുഷ്യനാണ്. വിവിധങ്ങളായ വിശ്വാസാനുഷ്ഠനങ്ങളും ആചാരവിധികളും ഓരോ മതത്തിനും കാണും. അവരവര്‍ക്ക് അവ പൂജ്യവും പ്രധാനപ്പെട്ടവയുമാണ്. പരസ്പരം ആദരവോടുകൂടി വേണം അവയെല്ലാം മനസിലാക്കാന്‍ എന്നതു സ്വാഭാവികമാണ്. എന്നാല്‍, എല്ലാ മതങ്ങളും മനുഷ്യസാഹോദര്യത്തില്‍ വിശ്വസിക്കുന്നു എന്ന സവിശേഷതയുണ്ട്. മനുഷ്യകുലം എന്ന സങ്കല്പ്പം നിരാകരിക്കുന്ന മതങ്ങള്‍ ഇന്ന് ഉണ്ടാകുമെന്നു തോന്നുന്നില്ല. ആധുനിക ചരിത്രത്തിന്റെ വലിയൊരു നേട്ടമാണ് വിശ്വസാഹോദര്യചിന്തയുടെ വളര്‍ച്ചയെങ്കിലും ഇന്നും ഇതൊരു ആശയതലത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്ക്കുകയാണ്. ഇപ്പോഴും ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ കലഹവും കൊലവിളിയും നടക്കുന്നു. ഇടയ്ക്കിടക്കു നമ്മുടെ രാജ്യത്തു നടക്കുന്ന വംശീയ അക്രമങ്ങളും കൂട്ടക്കൊലകളും അതിന്റെ സൂചനയാണ്. സര്‍വ്വപ്രധാനമായ സാഹോദര്യത്തെക്കാള്‍ വംശീയതയ്ക്കും ജാതിയതയ്ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്കപ്പെടുന്നുവെന്നത് മനുഷ്യകുലത്തിന്റെ ലജ്ജാകരമായ ദുര്‍വിധിയാണ്. മതാചാര്യന്മാര്‍ നിരന്തരം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുളള മനുഷ്യസാഹോദര്യസങ്കല്പ്പമാണ് വീണ്ടും വീണ്ടും തട്ടിയുടയ്ക്കപ്പെടുന്നത്.

മനുഷ്യര്‍ ഗ്രൂപ്പുകളായി വേര്‍തിരിഞ്ഞു വേലികെട്ടി ഒറ്റപ്പെടുന്നതിന്റെ രേഖയാണ് പ്രധാനമായും മനുഷ്യകുലചരിത്രം. ഗോത്രം, ജാതി, ദേശം, നിറം, വിശ്വാസം, പ്രത്യയശാസ്ത്രം തുടങ്ങിയവയുടെ പേരില്‍ മനുഷ്യര്‍ കലഹിച്ച് ജീവിച്ചിരുന്ന കാലത്തിന്റെ ഓര്‍മ്മകള്‍കൊണ്ടു ചരിത്രം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ വേര്‍ തിരിവുകള്‍ ഉണ്ടാക്കിയ മുറിപ്പാടുകളും രക്തച്ചൊരിച്ചിലുകള്‍ കൊണ്ടും ചരിത്രം കളങ്കിതമാണ്. മതങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷങ്ങളാണ് അതില്‍ ഏറെയും എന്നതു വലിയ വിരോധാഭാസമാണ്. മനുഷ്യസഹോദര്യത്തിന്റെ പ്രബോധകരാകേണ്ട മതങ്ങള്‍ക്കു സംഭവിക്കുന്ന ബലക്ഷയമാണ് ഇതിനു കാരണം. ഇന്നും പല രാജ്യങ്ങളിലും മതമൗലികഭീകരവാദവും അക്രമങ്ങളും ശക്തിപ്പെടുന്നു. നൂറു കണക്കിനു പേരാണ് മതഭീകരവാദത്തിന്റെയും ഗോത്ര വഴക്കിന്റെയും പേരില്‍ അറുംകൊല ചെയ്യപ്പെടുന്നത്. മതത്തിന്റെ അന്തസത്തയായ സാഹോദര്യം ബലികഴിക്കപ്പെടുന്നു. ആയിരക്കണക്കിനു മനുഷ്യര്‍ സ്വന്തമായതെല്ലാം ഉപേക്ഷിച്ചു അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്യേണ്ടി വരുന്നതിന്റെ പ്രധാന കാരണവും വ്യത്യസ്തമല്ല.

മനുഷ്യസാഹോദര്യത്തിനു നിരക്കാത്ത ഒറ്റപ്പെടുത്തലും ഒഴിവാക്കലും നിര്‍ബാധം എക്കാലത്തും ലോകമെങ്ങും ഉണ്ടായിട്ടുണ്ട്. അടിമത്തം നിയമപരമായി അവസാനിച്ചുവെങ്കിലും അതിന്റെ ശേഷിപ്പ് ഇന്നും നിലനില്ക്കുന്നു. വംശീയതയുടെ പേരില്‍ അമേരിക്കയില്‍ ഇടയ്ക്കിടെ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നു. സാര്‍വത്രിക സ്‌നേഹത്തിന്റെ മന്ത്രം ഉരുവിടാന്‍ പഠിപ്പിച്ച മഹര്‍ഷിമാരുടെ നാടായ ഭാരതത്തില്‍ രൂപപ്പെട്ട ജാതിയ വ്യവസ്ഥതിയുടെ ശേഷിപ്പും ഇന്നും നമ്മുടെ ഇടയിലുണ്ട്. ജാതിയതയുടെ പേരില്‍ നമ്മുടെ രാജ്യത്തു നടക്കുന്ന അക്രമങ്ങളും കൂട്ട കൊലപാതകങ്ങളും പേടിസ്വപ്നങ്ങളാണ്.

മനുഷ്യസാഹോദര്യത്തിനു നൂതന വളക്കൂട്ട്

സമ്പര്‍ക്ക മാധ്യമങ്ങളും യാത്രാസൗകര്യങ്ങളും വര്‍ദ്ധിച്ചതോടെ മനുഷ്യകുലം എന്ന സങ്കല്പ്പത്തിനു പുതിയ ഊന്നല്‍ ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജാതിയതയുടെയും ഗോത്രത്തിന്റെയും ദേശീയതയുടെയും മറ്റും പേരില്‍ മനുഷ്യന്‍ നിര്‍മ്മിച്ച മതിലുകള്‍ ക്രമേണ അപ്രത്യക്ഷമാകുകയാണ്. സംസ്‌കാരങ്ങളുടെ അതിര്‍വരമ്പുകള്‍ ലോലമായിക്കൊണ്ടിരിക്കുന്നു. ദേശീയത സാര്‍വ്വദേശീയതയ്ക്കു വഴിമാറികൊടുക്കുന്ന അവസ്ഥ വ്യാപകമായി ദൃശ്യമാണിന്ന്. വിദേശരാജ്യങ്ങളില്‍ ജോലിക്കും പഠനത്തിനുമായും പോകുന്നവരുടെ എണ്ണം വര്‍ദ്ധമാനമാകുന്നു. വ്യാപാരബന്ധങ്ങളിലും ലോകം ഒറ്റ മാര്‍ക്കറ്റായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ എല്ലാ മതിലുകളും പൊളിക്കുന്നു. ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്ന അവസ്ഥ. എല്ലാവരും ബാഹ്യമായിട്ടെങ്കിലും അയല്‍പക്കക്കാരായി മാറുന്ന സ്ഥിതിവിശേഷമാണു സംജാതമാകുന്നത്.

ലോകത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ ഒന്നിച്ചുകൂടി പരസ്പരം സഹകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ഒരു ശുഭ സൂചനയാണ്. യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസ്സോസിയേ ഷന്‍ (ASEAN), കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മ (CARICOM), തെക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ യൂണിയന്‍ (UNASUR) തുടങ്ങിയ പുതിയ കൂട്ടായ്മകള്‍ ആഗോള സഹകരണത്തിന്റെയും കെട്ടുറപ്പിന്റെയും പാതയായി വേണം കാണാന്‍. ആനുകാലികചരിത്രത്തിലെ ദൈവിക ഇടപെടലിന്റെ ഭാഗമായിക്കൂടി ഇതിനെ കാണുന്നത് രക്ഷാകരമാണ്. 1967-ല്‍ പോള്‍ ആറാമന്‍ പാപ്പ പ്രസിദ്ധീകരിച്ച 'ജനതകളുടെ പുരോഗ തി' എന്ന ചാക്രികലേഖനത്തില്‍ ഒരു ലോക ഗവണ്‍മെന്റിനെപ്പറ്റി പരാമര്‍ശിക്കുന്നു എന്നത് ശ്രദ്ധേയമാണിവിടെ. അതൊരു സ്വപ്‌നമാണ്. വിവിധ മതങ്ങളും വിശ്വാസസത്യങ്ങളും ഉള്ളവരായ ലോകത്തിലെ എല്ലാ മനുഷ്യരും സഹോദരങ്ങളെപ്പോലെ, അച്ചടക്കത്തോടെ ജീവിക്കുന്ന ഒരവസ്ഥയുടെ സ്വപ്നമാണത്. ഓരോ മനുഷ്യന്റെയും അന്തസും തുല്യതയും ജീവിതഭദ്രതയും ക്ഷേമവും ഉറപ്പാക്കുന്നതിലാകണം അഗോളസമൂഹത്തിന്റെ സര്‍വ്വശ്രദ്ധയും. ആരുമാരും ഒഴിവാക്കപ്പെടുന്ന, ഒറ്റപ്പെടുത്തപ്പെടുന്ന സാഹചര്യം ഇല്ലാത്ത അവസ്ഥ സ്വപ്നം കാണുന്നവരുണ്ടാകുന്നതു പുതിയ പ്രതീക്ഷ ഉണര്‍ത്തുന്നു.

ആധുനിക ചരിത്രത്തിന്റെ വലിയൊരു നേട്ടമാണ് വിശ്വസാഹോദര്യചിന്തയുടെ വളര്‍ച്ചയെങ്കിലും ഇന്നും ഇതൊരു ആശയതലത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്ക്കുകയാണ്. ഇപ്പോഴും ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ കലഹവും കൊലവിളിയും നടക്കുന്നു. ഇടയ്ക്കിടയ്ക്കു നമ്മുടെ രാജ്യത്തു നടക്കുന്ന വംശീയ അക്രമങ്ങളും കൂട്ടക്കൊലകളും അതിന്റെ സൂചനയാണ്. സര്‍വ്വപ്രധാനമായ സാഹോദര്യത്തെക്കാള്‍ വംശീയത യ്ക്കും ജാതീയതയ്ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്കപ്പെടുന്നുവെന്നത് മനുഷ്യകുലത്തിന്റെ ലജ്ജാകരമായ ദുര്‍വിധിയാണ്.

മൂന്നാം സഹസ്രാബ്ദത്തിന്റെ പടിവാതുക്കല്‍ ലോകം എത്തിയപ്പോള്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച Novo Millenio Ineunte എന്ന രേഖ മാനവകുലം എന്ന സത്യം സൂചിപ്പിക്കുന്നുണ്ട്. പുതിയ സഹസ്രാബ്ദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യകുലം എന്ന സങ്കല്പ്പം യാഥാര്‍ത്ഥ്യമാക്കുകയാണെന്ന് അദ്ദേഹം ഏവരെയും ഓര്‍മ്മിപ്പിച്ചു. എല്ലാ മത നേതാക്കളും സാമൂഹികപരിഷ്‌ക്കര്‍ത്താക്കളും ഏറ്റെടുക്കേണ്ട ദൗത്യമാണിത്.

സഭയും വിശ്വസാഹോദര്യവും

സാഹോദര്യത്തിന്റെ ഉണര്‍ത്തുപാട്ടാണ് യേശുവിന്റെ പഠനം. ദൈവത്തെ പിതാവായി അവതരിപ്പിക്കുന്ന. എല്ലാ മനുഷ്യരും ദൈവമക്കളും സഹോദരീസഹോദരങ്ങളുമാണെന്ന അടിസ്ഥാന ചിന്തയാണ് ദൈവപുത്രനായ യേശു തന്റെ ശിഷ്യഗണത്തിനു കൈമാറിയത്. താന്‍ പഠിപ്പിച്ച സുവിശേഷം ലോകമെങ്ങുമുളള എല്ലാ മനുഷ്യരെയും പഠിപ്പിക്കണമെന്ന് യേശു അപ്പസ്തലോന്മാര്‍ക്കു നല്കിയ കല്പ്പന മാനവകുടുംബത്തെ സംബന്ധിച്ച യേശുവിന്റെ പദ്ധതിയാണ്. എല്ലാ മനുഷ്യരും ദൈവത്തെ പിതാവായി അംഗീകരിക്കുകയും ഏകമനസോടെ 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നു ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ക്രിസ്തു സ്വപ്നം കണ്ടത്. അതിര്‍വരമ്പുകളില്ലാത്ത, പരസ്പരം സഹോദരങ്ങളായി കണക്കാക്കുന്ന ഒരു സ്‌നേഹസമൂഹം.

'നല്ല സമറായന്‍' എന്ന ഉപമയിലെ സമറായനെ നല്ല അയല്‍ക്കാരനായി യേശു അവതരിപ്പിക്കുന്നത് എക്കാലത്തും ഒരു സാധക പാഠമാകാന്‍ വേണ്ടിയാണ്. ജീവിതപരിസരങ്ങളില്‍നിന്നു യഹൂദര്‍ ഒഴിവാക്കി നിറുത്തിയിരുന്ന സമൂഹമാണ് സമറായക്കാരുടേത്. 'എല്ലാവരും സഹോദരര്‍' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രിക ലേഖനത്തിന്റെ ഒരു അദ്ധ്യായം പൂര്‍ണ്ണമായും 'നല്ല സമറായന്‍' എന്ന ഉപമയുടെ വ്യാഖ്യാനമാണ്. നമ്മുടെ സ്‌നേഹ വലയത്തില്‍നിന്നും ആരുമാരും മാറ്റി നിറുത്തപ്പെടാന്‍ പാടില്ലെന്ന അനുശാസനമാണ് ഈ ഉപമയിലൂടെ യേശു പഠിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും ശക്തനായ പ്രവാചകനായിരുന്നു പൗലോസ് അപ്പസ്‌തോലന്‍. 'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലവരും യേശുക്രിസ്തുവില്‍ ഒന്നാണ്' (ഗലാ. 3:28). എല്ലാ ഒറ്റപ്പെടുത്തലുകളും ഇല്ലാതാകുന്ന, എല്ലാ മതിലുകളും തകര്‍ക്കപ്പെടുന്ന സാര്‍വത്രിക സ്‌നേഹത്തിന്റെ രൂപസങ്കല്പ്പമാണിത്. ഉദാത്തമായ ഈ ദൈവരാജ്യസങ്കല്പ്പം യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമമാണ് സഭ എന്നും കൈക്കൊണ്ടിട്ടുളളത്. മാനവകുടുംബം എന്ന സങ്കല്പ്പത്തിന്റെ അടയാളവും ഉപകരണവുമായി സഭയെ വത്തിക്കാന്‍ സൂനഹദോസ് (ജനതകളുടെ പ്രകാശം, 1) വിശേഷിപ്പിക്കുന്നുണ്ട്. മനുഷ്യകുലം എന്ന സങ്കല്പ്പം യാഥാര്‍ത്ഥ്യമാക്കുക സഭയുടെ വലിയ ഉത്തരവാദിത്വമാണ്.

മതാന്തര സംവാദം അടിയന്തിരാവശ്യം

വത്തിക്കാന്‍ സൂനഹദോസിന്റെ ഭാഗമായി പുറപ്പെടുവിക്കപ്പെട്ട 'നമ്മുടെ കാലഘട്ടം' (Nostra Aetate) എന്ന രേഖ ലോകത്തിലെ പ്രധാനപ്പെട്ട ഹിന്ദു, മുസ്‌ളീം, യഹൂദ, ബുദ്ധ മതങ്ങളെ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. മനുഷ്യനു നന്മയില്‍ വളരാന്‍ സഹായകമാകുന്ന സത്യങ്ങള്‍ എല്ലാ മതങ്ങളിലും ഉണ്ടെന്ന് അതു സൂചിപ്പിക്കുകയും അവയെ ആദരവോടെ സഭ പരിഗണിക്കുന്നു എന്ന് ഏറ്റു പറയുകയും ചെയ്യുന്നുണ്ട് (നമ്പര്‍ 2). അബ്രാഹത്തെ പൂര്‍വ പിതാവായി അംഗീകരിക്കുന്ന പാരമ്പര്യത്തില്‍ ക്രിസ്തീയ സഭകളോടൊപ്പം പങ്കുചേരുന്ന യഹൂദ-ഇസ്‌ലാം മതവിഭാഗങ്ങളുമായി അടുത്ത ബന്ധം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സൂനഹദോസും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഈ മൂന്നു വിഭാഗങ്ങളുടെ ഇടയില്‍ പല സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവ മറക്കാനും സഹകരണത്തിന്റെയും സ്‌നേഹസംവാദത്തിന്റെയും ശൈലി സ്വീകരിക്കാനും സൂനഹോസ് ആഹ്വാനം ചെയ്യുന്നു. യേശു വഴിയും സത്യവും ജീവനും (യോഹ. 1:6) ആണെന്ന സത്യം മുറകെപ്പിടിച്ചുകൊണ്ടുതന്നെ ഈ ബന്ധം പുലര്‍ത്താന്‍ കഴിയണമെന്നും സൂനഹദോസ് ഓര്‍മ്മിപ്പിക്കുന്നു. സമാധാനവും സ്വാതന്ത്ര്യവും സാമൂഹ്യനീതിയും ധാര്‍മ്മിക മൂല്യങ്ങളും സംരക്ഷിക്കാനും മതങ്ങള്‍ തമ്മിലുളള ബന്ധങ്ങള്‍ക്കു കഴിയുമെന്ന പ്രതീക്ഷയും സൂനഹദോസു പുലര്‍ത്തുന്നു (നമ്പര്‍ 3).

യഹൂദ സമൂഹവുമായി സഭ അടുത്ത കാലത്തു വളരെ അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. Nostra Aetate എന്ന രേഖയാണ് അതിനു പ്രചോദനമായത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986 ഏപ്രില്‍ 14-ന് റോമിലെ യഹൂദരുടെ മോസ്‌ക്ക് സന്ദര്‍ശിച്ചതു വലിയൊരു വഴിത്തിരിവായി. യഹൂദമതം ക്രിസ്തുമതവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രസ്താവിക്കുക മാത്രമല്ല, അവരെ ജ്യേഷ്ഠസഹോദരരായി വിശേഷിപ്പിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പിതാവായ അബ്രാഹവും പ്രവാചകന്മാരും രണ്ടു കൂട്ടരുടെയും ആത്മീയ പൈതൃകസ്വത്താണെന്ന വസ്തുത പരസ്പരബന്ധത്തിനും സഹകരണത്തിനും സഹായകമാകണമെന്നും മാര്‍പാപ്പ സൂചിപ്പിച്ചു. 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും 2009-ല്‍ ബെനഡിക്റ്റ് പാപ്പയും 2014-ല്‍ ഫ്രാന്‍സിസ് പാപ്പയും ഇസ്രായേല്‍ സന്ദര്‍ശിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഫ്രാന്‍സിസ് പാപ്പയും മതാന്തരസംവാദവും

മതാന്തരസംവാദത്തിന് അനുകരണീയമായ മാതൃകയാണ് മാര്‍പാപ്പ കാഴ്ച്ചവയ്ക്കുന്നത്. അര്‍ജന്റീനായിലെ ബുവനേസ് ഐരേസില്‍ മെത്രാപ്പോലീത്ത ആയിരുന്നപ്പോള്‍ അവിടെയുളള റബ്ബി അബ്രാഹം സ്‌കോര്‍ക്കയുമായി കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ പുലര്‍ത്തിയ സുഹൃദ്ബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ബെര്‍ഗോളിയായുടെ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് അബ്രാഹം സ്‌കോര്‍ക്കയാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു യഹൂദപണ്ഡിതന്‍ ഒരു കര്‍ദ്ദിനാളിന്റെ ഗ്രന്ഥത്തിന് അവതരണക്കുറിപ്പെഴുതുന്നത്. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനു കര്‍ദ്ദിനാള്‍ ബെര്‍ഗോളിയായും അവതാരിക എഴുതിയിട്ടുണ്ട്. രണ്ടുപേരുംകൂടി മത-ധാര്‍മിക വിഷയങ്ങളെപ്പറ്റി നടത്തിയ സംവാദം മുപ്പത് എപ്പിസോഡുകളായി അര്‍ജന്റീനായിലെ കത്തോലിക്കാ ടെലവിഷന്‍ പ്രക്ഷേപണം ചെയ്യുകയും On Heaven and Earth എന്ന പേരില്‍ അതു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മതാന്തരസംവാദത്തിന് മനോഹരവും അനുകരണീയവുമായ സാക്ഷ്യമാണിത്. ഹൃദയവിശാലതയും ആത്മീയതയും തികഞ്ഞ വ്യക്തികള്‍ക്കു മാത്രമേ ഇതു സാദ്ധ്യമാകൂ.

അര്‍ജന്റീനായിലെ മുസ്ലീം സമൂഹവുമായും നല്ല സൗഹൃദബന്ധം പുലര്‍ത്തുന്നതില്‍ കര്‍ദിനാള്‍ ശ്രദ്ധിച്ചിരുന്നു. മുസ്‌ളീം പണ്ഡിതന്‍ ഒമാര്‍ അബൗണ്ടും (Omar Abboud) അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളാണ്. ജോര്‍ഡാന്‍, ഇസ്രായേല്‍, പാലസതീന്‍ എന്നീ രാജ്യങ്ങള്‍ പാപ്പ സന്ദര്‍ശിച്ചപ്പോള്‍റബി സ്‌കോര്‍ക്കയും ഒമാര്‍ അബൗണ്ടും പാപ്പായോടൊപ്പം യാത്ര ചെയ്തിരുന്നു. അവര്‍ തമ്മിലുളള സ്‌നേഹബന്ധത്തിന്റെ സൂചനയാണത്. ഇത്തരമൊരു സ്‌നേഹബന്ധമാണ് വിവിധ മതവിശ്വാസികള്‍ തമ്മിലുണ്ടാകേണ്ടത് എന്ന സന്ദേശം ഇതു നല്കുന്നുണ്ട്. കര്‍ദ്ദിനാളിന്റെ ചുമന്ന തൊപ്പി സ്വീകരിക്കാന്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് വത്തിക്കാനില്‍ പോയപ്പോള്‍ പാളയം ജുമ മസ്ജിദ് മൗലവി ജമാലുദ്ദീന്‍ മങ്കട അദ്ദേഹത്തെ അനുധാവനം ചെയ്തുവെന്ന കാര്യം ഇവിടെ മറക്കാനാകില്ല. 'ഫ്രാന്‍സിസ് പാപ്പായ്ക്ക് സ്‌നേഹപൂര്‍വ്വം' എന്ന ഈ ലേഖകന്റെ ഗ്രന്ഥത്തിനു ഇമാം അവതാരിക എഴുതാന്‍ സന്മനസു കാണിച്ച കാര്യവും ഓര്‍ക്കുന്നു.

ലോകത്തിന്റെ പല ഭാഗത്തും ക്രൈസ്തവര്‍ മുസ്‌ലീം ഭീകരസംഘടനകളുടെ ക്രൂരമായ അക്രമണത്തിനു വിധേയരാകുന്നതുകൊണ്ട് നമ്മുടെ നാട്ടിലെ മുസ്‌ലീം സഹോദരങ്ങളെ വെറുക്കുന്നതു മനുഷ്യത്വത്തിനും ക്രൈസ്ത വീകതയ്ക്കും ഒട്ടും ചേര്‍ന്നതല്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കുറെ അംഗങ്ങള്‍ ഭീകരവാദികളായി മാറുകയും കൊലവിളി നടത്തുകയും ചെയ്താല്‍ അവരെ അതേ ശൈലിയില്‍ ത്തന്നെ നേരിടുകയല്ല വേണ്ടത്.

ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതിന്റെ മൂന്നാം ദിവസം മാര്‍ച്ച് 22-ന് 180 ഓളം അംബാസഡര്‍മാര്‍ക്കു നല്കിയ സന്ദേശത്തില്‍ എല്ലാ മതങ്ങളുമായും നിരീശ്വരരുമായും പ്രത്യേകിച്ചു മുസ്‌ലീം സമൂഹവുമായും സൗഹൃദസംഭാഷണം നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ചില പാശ്ചാത്യരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന മുസ്‌ലീം വിരുദ്ധതയും ചില മുസ്‌ലീം രാജ്യങ്ങളില്‍ രൂപപ്പെടുന്ന ക്രൈസ്തവവിരുദ്ധ മനോഭാവങ്ങളുമാകാം മുസ്‌ലീം സമൂഹവുമായി പ്രത്യേകിച്ചും സംവാദത്തിലേര്‍പ്പെടേണ്ടതുണ്ടെന്നു സൂചിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

2019-ല്‍ യു.എ.ഇ. സന്ദര്‍ശിച്ച അവസരത്തില്‍ മാനവസാഹോദര്യം (Human Fraternity Document) എന്ന രേഖയില്‍ ഫ്രാന്‍സിസ് പാപ്പ സുന്നി മുസ്ലീങ്ങളുടെ പരമോന്നത ആത്മീയ ആചാര്യസ്ഥാനം കല്പ്പിക്കപ്പെടുന്ന അല്‍ അസറിലെ ഗ്രാന്റ് ഇമാം ഷെയ്ക് അഹമ്മദ് ഏല്‍ തായെബും ഒന്നിച്ച് ഒപ്പു വച്ചത് വലിയ ചരിത്ര സംഭവമാണ്. വര്‍ഗീയ വെറുപ്പും ഭീകരവാഴ്ചയും പല അറബിരാജ്യങ്ങളിലും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു രേഖ ഒപ്പുവയ്ക്കപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്. അബ്രാഹമിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന യഹൂദ-ക്രൈസ്തവ-മുസ്‌ലിം വിശ്വാസികള്‍ക്കുവേണ്ടി അബ്രാഹമിന്റെ കുടുംബഭവനം (Abrahmic Family House) എന്ന പേരില്‍ യഹൂദ-ക്രിസ്റ്റ്യന്‍-മുസ്‌ളീം ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കെട്ടിട സമുച്ചയം അബുദാബിയില്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും അവിടെവച്ചുണ്ടായി. 2022-ല്‍ അതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. 2021 മാര്‍ച്ചുമാസത്തില്‍ ഇറാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ ആത്മീയാചാര്യന്‍ ഗ്രാന്റ് അയത്തൊള്ള അലി അല്‍ സിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ച്ചയും കത്തോലിക്കാ മുസ്‌ലീം സമൂഹങ്ങളുമായുളള ബന്ധം ദൃഡതരമാക്കാന്‍ ഏറെ സഹായകമാകും.

സങ്കുചിതത്വത്തിന്റെ ഇടുങ്ങിയ താവളങ്ങള്‍

സങ്കുചിതത്വത്തിന്റെയും അ സഹിഷണുതയുടെയും ഇടുങ്ങിയ താവളങ്ങള്‍ എല്ലാ മതങ്ങളിലും ഉണ്ട്. കേരളസഭയിലും അ സഹിഷ്ണുതയുടെ വേരോട്ടം ഉണ്ടെന്നു സംശയിക്കണം. സ്‌നേഹസംവാദത്തിന്റെ ബാലപാഠങ്ങള്‍ ഗ്രഹിക്കാത്ത കുറെപ്പേര്‍ അടുത്തകാലത്തു സോഷ്യല്‍ മീഡിയായില്‍ നടത്തുന്ന ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങള്‍ അസഹിഷ്ണുത നിറഞ്ഞുനില്ക്കുന്നവയാണ്. ഫ്രാന്‍സിസ് പാപ്പായില്‍നിന്നു ചൈതന്യം ഉള്‍ക്കൊണ്ട് എല്ലാവരെയും സഹോദരരായി പരിഗണിക്കുകയും മതാന്തര സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും അക്രമിക്കാനും ശ്രമിക്കുന്നവരുണ്ട്. അതു കടുത്ത വര്‍ഗീയതയുടെ സമീപനങ്ങളാണ്. ഒരു തരത്തിലുള്ള ഭീകരവാദം അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ക്രൈസ്തവികതയ്ക്ക് ഒട്ടും നിരക്കാത്ത ഈ സമീപനത്തിനു കാരണം വത്തിക്കാന്‍ സൂനഹോദോസിന്റെയും മാര്‍പാപ്പമാരുടെയും പ്രബോധനങ്ങള്‍ അവര്‍ വേണ്ടത്ര മനസിലാക്കാത്തതാണ്. ഈ പ്രവണത മുസ്‌ലീം ഹിന്ദു മതവിഭാഗങ്ങളിലെ ചില ഗ്രൂപ്പുകളിലും ദൃശ്യമാണിന്ന്. മതമൗലികവാദം വിദ്വേഷത്തിനും കലഹത്തിനും മാത്രമല്ല വംശഹത്യയ്ക്കു പോലും വഴിതെളിക്കുമെന്ന കാര്യം ആരും മറക്കരുത്.

യഹൂദര്‍ക്കെതിരെ ജര്‍മ്മനിയില്‍ വളര്‍ന്നുവന്ന വംശീയ വെറിയാണ് ഹിറ്റ്‌ലറുടെ കാലത്തെ ലക്ഷക്കണക്കിനു യഹൂദരുടെ കൂട്ടക്കുരുതിയില്‍ കലാശിച്ചത്. ഈ വംശീയ വിദ്വേഷം വളര്‍ത്തുന്നതില്‍ ക്രൈസ്തവ സഭയില്‍പ്പെട്ട കുറെ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം കാരണമായിയെന്നു ചരിത്രകാരന്മാര്‍ വിലയിരുത്തുന്നുണ്ട്. യേശുവിനെ ക്രൂശിച്ചത് യഹൂദരെന്നതുകൊണ്ട് അക്കാലത്തെ എല്ലാ യഹൂദരെയും കുറ്റപ്പെടുത്തുന്നതും ഇന്നത്തെ യഹൂദരെ അതിന്റെ പേരില്‍ തള്ളിപ്പറയുന്നതും യുക്തിസഹമല്ലെന്ന വത്തിക്കാന്‍ സൂനഹദോസിന്റെ ഓര്‍മ്മപ്പെടുത്തല്‍ (Nostra Aetate, 4) ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

ലോകത്തിന്റെ പല ഭാഗത്തും ക്രൈസ്തവര്‍ മുസ്‌ലീം ഭീകര സംഘടനകളുടെ ക്രൂരമായ അക്രമണത്തിനു വിധേയരാകുന്നതുകൊണ്ട് നമ്മുടെ നാട്ടിലെ മുസ്‌ലീം സഹോദരങ്ങളെ വെറുക്കുന്ന തു മനുഷ്യത്വത്തിനും ക്രൈസ്തവീകതയ്ക്കും ഒട്ടും ചേര്‍ന്നതല്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കുറെ അംഗങ്ങള്‍ ഭീകരവാദികളായി മാറുകയും കൊലവിളി നടത്തുകയും ചെയ്താല്‍ അവരെ അതേ ശൈലിയില്‍ത്തന്നെ നേരിടുകയല്ല വേണ്ടത്. കണ്ണിനു പകരം കണ്ണ്‌ പല്ലിനു പകരം പല്ല് എന്ന ശൈലി (മത്താ. 5:38) ക്രൈസ്തീവകതയ്ക്കു ചേര്‍ന്നതല്ല. ശത്രുക്കളെ സ്‌നേഹിച്ചു കീഴ്‌പ്പെടുത്തണമെന്നാണ് യേശു പഠിപ്പിച്ചിട്ടുളളത്. സ്‌നേഹസംവാദമാണ് എല്ലാത്തരത്തിലുളള ഭീകരതയ്ക്കും അറുതി വരുത്താനുളള വഴി. '…നിന്റെ ശത്രുവിനു വിശക്കുന്നുവെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സില്‍ തീക്കനലുകള്‍ കൂനകൂട്ടും. തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ. തിന്മയെ നന്മകൊണ്ടു കീഴടക്കുക' (റോമാ 12:20-21) എന്ന അപ്പസ്‌തോലന്റെ ഉപദേശത്തിന് ഇന്നു വര്‍ദ്ധിതമായ മൂല്യമുണ്ട്.

ചില പ്രായോഗിക ചിന്തകള്‍

പ്രാദേശിക തലങ്ങളില്‍ മതസമൂഹങ്ങളുടെ ഇടയില്‍ ഊഷ്മളമായ കൂട്ടായ്മ വളര്‍ത്താനുളള ശ്രമങ്ങളുണ്ടാകണം. ഒപ്പം ദേശീയ-അന്തര്‍ദേശീയ തലങ്ങളിലും അതിനുള്ള ശ്രമങ്ങള്‍ നടക്കേണ്ട തുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈ രംഗത്തു കാണിച്ചു തരുന്ന ലളിതമായ മാതൃക അനുകരണീയമാണ്. എല്ലാ മനുഷ്യരെയും സഹോദരങ്ങളായി കണക്കാക്കുന്ന രീതിയാണത്. പ്രഥമ പരിഗണന സാഹോദര്യത്തിനാകണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നു. ഒരു ഫോണ്‍ വിളി, ഒരു സുഖാന്വേഷണം, ഒരു സന്ദര്‍ശനം, ഒരു നല്ല വാക്ക് അങ്ങനെ പലതും സൗഹൃദം വളര്‍ത്താന്‍ സഹായകമാകും. ഒരു ഗ്രാമത്തിലോ പ്രദേശത്തോ നടക്കുന്ന തിരുനാളുകള്‍/ ഉത്സവങ്ങള്‍ തുടങ്ങിയവയില്‍ പരസ്പരം സഹകരിക്കാനുളള വഴികള്‍ നാം കണ്ടെത്തണം. ചിലപ്പോഴത് ഒരു ചായ സല്‍ക്കാരത്തില്‍ തുടങ്ങാനാകും. മറ്റു മതസ്ഥരായ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാകാമത്. അതുമല്ലെങ്കില്‍ ചെറിയൊരു സംഭാവന ചോദിക്കാതെതന്നെ നല്കല്‍, പാവപ്പെട്ടവര്‍ക്കൊരു സഹായം നല്കല്‍ അങ്ങനെ ബന്ധങ്ങള്‍ ബലിഷ്ഠമാക്കാന്‍ ചെയ്യാവുന്ന ഏറെ കാര്യങ്ങളുണ്ട്. സൗഹൃദത്തിനു നിരക്കാത്ത സംസാരം ആരുടെ പക്കല്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ അതിയായി ശ്രദ്ധിക്കണം.

മതസംവാദം പരസ്പരം മനസ്സിലാക്കാനുളള അവസരമായി കാണുകയാണു പ്രധാനം. അതു തര്‍ക്കത്തിന്റെ വേദിയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മനുഷ്യനെ കേന്ദ്രീകരിച്ചാകണം സംവാദം. അത് ഏകദൈവവിശ്വാസത്തിലേക്കും സഹോദര്യത്തിലേക്കും നയിക്കുമെന്നത് ഉറപ്പാണ്. സംസ്ഥാന തലത്തില്‍ വിവിധ മതനേതാക്കള്‍ ഒരുമിച്ചുകൂടാന്‍ സ്ഥിരം സംവിധാനമുണ്ടാകുന്നതിനെപ്പറ്റി ചിന്തിക്കാനാകുമോ? അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനം നേരിടുന്ന മാനുഷിക പ്രശ്‌നങ്ങള്‍, ദാരിദ്ര്യം, അസഹിഷ്ണുത, സ്ത്രീസുരക്ഷ, അഴിമതി, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാക്കാം. സങ്കുചിത താത്പര്യങ്ങളുടെ സ്ഥാനത്തു പൊതുസമൂഹത്തിന് ഒരു ദിശാബോധം കൊടുക്കാന്‍ കഴിയുക അനിവാര്യമാണിന്ന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org