അത് വന്ത്… എങ്കള്‍ പുള്ളൈ …

അത് വന്ത്… എങ്കള്‍ പുള്ളൈ …

മാര്‍ഷല്‍ ഫ്രാങ്ക്

"മുംബൈ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്‌സ് (ടിആര്‍പി) തട്ടിപ്പുകേസില്‍ ബ്രോഡ്കാസ്റ്റ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (CEO) റോമിള്‍ രാംഗറിയയെ അറസ്റ്റു ചെയ്തു."

(പേജ് 16, മലയാള മനോരമ കൊല്ലം 20/12/20)

അച്ചടിമാധ്യമങ്ങളുടെ കോപ്പികളുടെ പ്രചാരത്തെയും വായനക്കാരുടെ എണ്ണത്തെയും സംബന്ധിച്ച് ആധികാരികമായ കണക്ക് എടുക്കുകയും സൂക്ഷിക്കുകയും, ആയത് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ആഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ (ABC). ഇതേ പ്രവര്‍ത്തനം ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് പരിശോധിച്ചു പ്രസിദ്ധപ്പെടുത്തുന്ന സ്ഥാപനമാണ് BARC (ബ്രോഡ്കാസ്റ്റ് റിസര്‍ച്ച് കൗണ്‍സില്‍). ഒരു ടെലിവിഷന്‍ ചാനല്‍ എത്രപേര്‍ കാണുന്നുവെന്ന കണക്ക് ശാസ്ത്രീയമായി പരിശോധിച്ച്, ആധികാരികമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് ഇവര്‍ നിഗമനങ്ങളില്‍ എത്തുന്നത്. വന്‍കിട കമ്പനികള്‍ അവരുടെ ഉല്പന്നങ്ങളെ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് പത്രങ്ങളെയും ടെലിവിഷന്‍ ചാനലുകളെയും തെരഞ്ഞെടുക്കുവാന്‍ മേല്‍ സൂചിപ്പിച്ച രണ്ടു സ്ഥാപനങ്ങളുടെയും കണക്കുകളും കണ്ടെത്തലുകളുമാണ് അവലംബമായി സ്വീകരിക്കുന്നത്. അച്ചടിദൃശ്യമാധ്യമങ്ങള്‍ പരസ്യങ്ങള്‍ക്കുള്ള ചാര്‍ജ്ജ് റേറ്റ് നിശ്ചയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇതില്‍ ടിവി ചാനലുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മുന്‍മേധാവിയാണ് ഈയടുത്ത ദിവസം അറസ്റ്റു ചെയ്യപ്പെട്ട് തുറുങ്കിലടയ്ക്കപ്പെട്ടത്. കാരണം ഇത്രമാത്രം; സത്യസന്ധമായും സുതാര്യമായും ചെയ്യേണ്ടറേറ്റിംഗ് ജോലിയില്‍ കൃത്രിമം കാണിച്ച്, റിപ്പബ്ലിക് ടിവി കാണുന്ന പ്രേഷകരുടെ എണ്ണത്തില്‍ വ്യാജമായി വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തിയത്രെ.
പതിറ്റാണ്ടുകളായി ടെലിവിഷന്‍ രംഗത്ത് സജീവസാന്നിദ്ധ്യമുള്ള എണ്ണം പറഞ്ഞ നൂറുകണക്കിനു ചാനലുകള്‍ ഉള്ള ഇന്ത്യയിലെ ദൃശ്യമാധ്യമ കുടുംബത്തിലെ താരതമ്യേന ഇളം പൈതലാണ് റിപ്പബ്ലിക് ടിവി. ഇതിന്റെ പ്രായോജകര്‍ ഇന്ത്യ ഭരിക്കുന്ന സംഘപരിവാറിലെ ബി.ജെ.പി.യാണെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. ഇതില്‍ വരുന്ന വാര്‍ത്തകളും, ചിത്രങ്ങളും, സംഭവപരമ്പരകളും വീക്ഷിച്ചാല്‍ ഇക്കാര്യം ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും ബോധ്യമാകും. ഇതില്‍ വരുന്ന വിവരങ്ങള്‍ 90 ശതമാനവും സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ക്ക് അറിവുള്ള യാഥാര്‍ത്ഥ്യമാണ്. സോണിയഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കവധേര തുടങ്ങി എന്തിനേറെ നവഭാരതശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, രാഷ്ട്രപിതാവ് മഹാത്മഗാന്ധി തുടങ്ങിയുള്ളവരെ സംബന്ധിച്ച് നട്ടാല്‍ കുരുക്കാത്ത കൊടുംനുണകള്‍ പടച്ചുവിടുവാന്‍ ഒരുളുപ്പുമില്ലാത്ത ചാനലാണിത്. മുസ്ലീംങ്ങള്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രകോപനപരമായ വാര്‍ത്തകളാണ് ഇതില്‍ വരുന്നത്. അരികുവല്‍ക്കരിക്കപ്പെട്ട ആദിവാസി ദലിത് ഗോത്രവര്‍ഗ്ഗങ്ങളുടെ അവകാശനിഷേധങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ഉത്തരേന്ത്യയിലെ ക്രൈസ്തവമിഷണറിമാര്‍ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് ആക്രമിക്കുന്നതില്‍ മുമ്പന്തിയിലാണ് ഈ സംഘപരിവാര്‍ ചാനല്‍.
അര്‍ണാബ് ഗോസ്വാമിയെന്ന സവര്‍ണ്ണ ബ്രാഹ്മണനാണ് ഈ ചാനലിന്റെ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫും. ഈ ചാനലിന്റെ സ്റ്റുഡിയോയുടെയും ഫ്‌ളോറിന്റെയും ഇന്റീരിയര്‍ ഡെക്കറേഷന്‍ പണികള്‍ ചെയ്തത് അന്‍വേ നായ്ക് എന്നയാളുടെ സ്ഥാപനമാണ്. ഈ ജോലികള്‍ നന്നായി പൂര്‍ത്തിയാക്കിയ നായ്ക്കിന്, അതിന്റെ വകയില്‍ ലഭിക്കേണ്ട കോടിയോളം വരുന്ന തുക ചാനല്‍ ഉടമ ഗോ സ്വാമി നല്‍കിയില്ല. പലനാള്‍ ഇതിനായി ഓഫീസിന്റെ പടിവാതിലുകള്‍ മുട്ടിയിട്ടും, പണം നല്‍കിയില്ലെന്നതോ പോകട്ടെ, ഗോസ്വാമി നായ്ക്കിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നായ്ക്കിന്റെ സ്ഥാപനം പ്രതിസന്ധിയിലായി. വലിയ തുകയ്ക്ക് ബാധ്യതയുണ്ടായി. കടക്കെണിയിലായ നായിക്ക് അധികാരസ്ഥാപനങ്ങളില്‍ പരാതിപ്പെട്ടു. ഈ സമയം മഹാരാഷ്ട്ര ഭരിച്ചിരുന്നത് സംഘപരിവാര്‍ സര്‍ക്കാര്‍ ആയിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് സഹായം കിട്ടിയില്ല എന്നു മാത്രമല്ല ജീവന് ഭിഷണിയുമുണ്ടായി. കടം കയറി മുടിഞ്ഞ് നിലയില്ലാകയത്തില്‍ മുങ്ങിത്താണ നായ്ക്ക് നില്ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. നായ്ക്കിനോടൊപ്പം മാതാവ് കുമുദം നായ്ക്കും ജീവനൊടുക്കി. മരിക്കുന്നതിനുമുമ്പ് അയാള്‍ തയ്യാറാക്കിയ കുറിപ്പില്‍ മരണത്തിനു കാരണമായ സാമ്പത്തിക ബാധ്യതയും അതിന്റെ കാരണക്കാരനായ റിപ്പബ്ലിക് ടിവി ചാനല്‍ ഉടമ അര്‍ണാബ് ഗോസ്വാമിയുടെ പങ്കും വളരെ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെ സംഘപരിവാര്‍ പോലീസ് ഈ തെളിവുകളെല്ലാം നിഷ്‌കരുണം തള്ളിക്കളഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ് വരാഡേ ഗോസ്വാമിക്കു അനുകൂലമായ നിലപാടു സ്വീകരിച്ചു.

ഇന്ത്യയിലെ കോടതികളില്‍ ചെല്ലുന്ന ഹര്‍ജിക്കാരെ
'എങ്കള്‍ പുള്ളകളും, ഉങ്കള്‍ പുള്ളകളും'
(എന്റെ കുഞ്ഞും നിന്റെ കുഞ്ഞും) ആയി
തരം തിരിച്ചു കാണുന്നുവെന്ന ആക്ഷേപം ആരെങ്കിലും
ഉന്നയിക്കുന്നുവെങ്കില്‍ നമുക്ക് അവരെ പൂര്‍ണ്ണമായും
കുറ്റപ്പെടുത്താനാവുമോ?


2020-ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ശിവസേന സര്‍ക്കാര്‍ ഈ കേസ് പുനഃരന്വേഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥാപനം ഉടമയുടെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ ചതിയും വഞ്ചനയും ബോധ്യപ്പെട്ട പോലീസ് അയാള്‍ക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചു. അന്വേഷണത്തോടു തീര്‍ത്തും നിസ്സഹകരിച്ച അര്‍ണാബ്, ധിക്കാരത്തിന്റെ ഭാഷയിലാണ് പ്രതികരിച്ചതും പ്രവര്‍ത്തിച്ചതും. പോലീസ് അര്‍ണാബിനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റു ചെയ്തു. അര്‍ണാബ് ജില്ലാകോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചു. കുറ്റകൃത്യം ഗുരുതരമായതിനാല്‍ കീഴ്‌ക്കോടതി സ്വാഭാവികമായും ജാമ്യം നിഷേധിച്ചു. അര്‍ണോബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുന്നതിനു പകരം നേരെ സുപ്രീം കോടതിക്ക് വച്ചു പിടിച്ചു. അര്‍ണാബിന്റെ ജാമ്യാപേ ക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ ദ്വയാംഗബഞ്ച് പരിഗണിക്കുകയും ഉടന്‍ ജാമ്യം നല്‍കുകയും ചെയ്തു. ആടിയും പാടിയും തപ്പു തകിലു മേളങ്ങള്‍ കൊട്ടിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും സംഘപരിവാര്‍ അനുയായികള്‍ ജാമ്യം ആഘോഷിച്ചു. സുപ്രീം കോടതിയില്‍ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദിരാബാനര്‍ജി എന്നീ രണ്ടു ന്യായാധിപരാണ് കേസ്സ് പരിഗണിച്ചത്. ജസ്റ്റീസ് ചന്ദ്രചൂഡ് തുറന്ന കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. "ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ആയതിന്റെ പ്രേരണയ്ക്ക് കാരണമായ വ്യക്തിയെ പൂര്‍ണ്ണമായി കുറ്റപ്പെടുത്തുവാന്‍ സാധിക്കില്ല." "മരിച്ചയാള്‍ക്ക് കിട്ടേണ്ട പണം ലഭിക്കാത്തതിന്റെ പേരില്‍ അയാള്‍ കടക്കെണിയിലായെങ്കില്‍ ആയതിന് പണം കൊടുക്കാനുള്ളയാള്‍ ഉത്തരവാദിയാകുന്നതെങ്ങനെ" ഇങ്ങനെപോയി ന്യായാധിപന്റെ 'ന്യായപ്രമാണം.' ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി.) 306, 336 വകുപ്പുകളില്‍ ആത്മഹത്യാപ്രേരണാകുറ്റത്തെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇവിടെ ജസ്റ്റീസ് ചന്ദ്രചൂഡിന് അര്‍ണാബിന് എതിരായി ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ലത്രെ.
* * * * * * * * * *
അരികുവല്‍കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, നിരാലംബരും നിരാശ്രയരുമായ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ നിഷേധിക്കപ്പെട്ട അവകാശ അധികാരങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ജസ്യൂട്ട് പുരോഹിതനായ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി സ്റ്റാന്‍ സ്വാമി. 84 വയസ്സുള്ള പാര്‍ക്കിന്‍സണ്‍സ് രോഗപീഢയില്‍ ക്ലേശിക്കുന്ന, പരസഹായത്തോടുകൂടി മാത്രം അത്യാവശ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന അവസ്ഥയിലുള്ള ഈ മിഷണറി ഇന്ന് മഹാരാഷ്ട്രയിലെ ജയിലില്‍ കേന്ദ്രസര്‍ക്കാര്‍ പോലീസ് അറസ്റ്റു ചെയ്ത് തടങ്കലിലാക്കിയിരിക്കുന്നു. 2018 ജനുവരി ഒന്നാം തീയതി മഹാരാഷ്ട്രയിലെ ഭീമാ-ഗോറേഗാവില്‍ നടന്ന സവര്‍ണ്ണ-ദലിത് സംഘട്ടനത്തിന്റെ പേരിലാണ് 2020 ഒക്‌ടോബറില്‍ പുരോഹിതനെ അറസ്റ്റു ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്ന് രണ്ടായിരം കിലോമീറ്റര്‍ അകലെ റാഞ്ചിയിലെ ആശ്രമത്തില്‍ താമസിക്കുന്ന ഈ വയോവൃദ്ധനായ സന്ന്യാസി വര്യന്‍ ജീവിതത്തില്‍ ഒരിക്കലും ഭീമ-ഗോറേഗാവ് സന്ദര്‍ശിക്കപോലും ചെയ്തിട്ടില്ല. പാര്‍ക്കിന്‍ സണ്‍സ് രോഗത്തെത്തുടര്‍ന്ന് വിറയല്‍ ബാധിച്ചതിന്റെ പേരില്‍ സ്വന്തം കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുകുടിക്കുവാന്‍ കഴിയാത്ത അവസ്ഥയിലുള്ള ഈ പുരോഹിതന്റെ പേരില്‍ സായുധസമരവുമായി ബന്ധപ്പെട്ട ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാര്‍ഖണ്ഡിലെ പിറന്ന മണ്ണില്‍നിന്നും ഖനി മാഫിയകളാല്‍ വലിച്ച് പറിച്ച് എറിയപ്പെടുന്ന ആദിവാസികള്‍ക്കുവേണ്ടി ഉറച്ച നിലപാടുകള്‍ എടുക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി പതിറ്റാണ്ടുകളായി സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. ഇദ്ദേഹത്തിന് ഗ്ലാസ്സില്‍ നിന്നും വെള്ളം വലിച്ചു കുടിക്കുവാന്‍ അന്‍പത് പൈസ വിലയുള്ള ഒരു സ്‌ട്രോ (പ്ലാസ്റ്റിക് കുഴല്‍) ഉപയോഗിക്കുന്നതിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രസ്തുത ഹര്‍ജി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് 20 ദിവസത്തേക്ക് അവധിക്ക് വയ്ക്കുകയായിരുന്നു.

അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍
കോടതി ആരംഭിക്കുന്നതിനു മുമ്പായി ചൊല്ലുന്ന പ്രാര്‍ത്ഥന;
"അമേരിക്കയേയും ബഹുമാന്യ കോടതിയെയും ദൈവം രക്ഷിക്കട്ടെ"
എന്നാണ്. ഇന്ത്യയിലെ വര്‍ത്തമാനകാല സമസ്യകളെ ശ്രദ്ധാപൂര്‍വ്വം
നിരീക്ഷിച്ചാല്‍ "ഇന്ത്യയെയും കോടതികളെയും ദൈവം രക്ഷിക്കട്ടെ"
എന്ന പ്രാര്‍ത്ഥന നമുക്കും ആസന്നഭാവിയില്‍ ചൊല്ലേണ്ടി വന്നേക്കാം.


2021 ജനുവരി അവസാനിക്കുമ്പോഴും ഇദ്ദേഹം അന്യായമായി ജാമ്യം നിഷേധിക്കപ്പെട്ട്, മഹാരാഷ്ട്രയിലെ തടവറയില്‍ തണുത്തു വിറങ്ങലിച്ച് കിടക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഈ ശ്രേണിയില്‍പ്പെട്ട ഒട്ടനവധി പേര്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ വിചാരണത്തടവുകാരായി 6 മാസം തുടങ്ങി രണ്ടും മൂന്നും വര്‍ഷങ്ങളായി അന്യായമായി തുറുങ്കില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പന് വേണ്ടി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍, ആദ്യം കീഴ്‌കോടതിയില്‍ പോകുവാന്‍ 'ഉപദേശം' നല്‍കി ഹര്‍ജി തള്ളിയ ഇതേ ഇന്ത്യയിലാണ്, അര്‍ണാബ് ഗോസ്വാമിയെ ന്ന കൊലയാളിക്ക് മഹാരാഷ്ട്ര ഹൈക്കോടതിയെ മറികടന്ന് ഇന്ദ്രപ്രസ്ഥത്തിലെ പരമോന്നത സുപ്രീം കോടതി ഹര്‍ജിയുടെ ദര്‍ശനമാത്രയില്‍ ജാമ്യം കല്പിച്ചു നല്കിയത്. ഇത്തരത്തില്‍ പറഞ്ഞു പോകാന്‍ പാകത്തിലുള്ള സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഇന്ത്യയില്‍ അരങ്ങേറി കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ കോടതികളില്‍ ചെല്ലുന്ന ഹര്‍ജിക്കാരെ 'എങ്കള്‍ പുള്ളകളും, ഉങ്കള്‍ പുള്ളകളും' (എന്റെ കുഞ്ഞും നിന്റെ കുഞ്ഞും) ആയി തരം തിരിച്ചു കാണുന്നുവെന്ന ആക്ഷേപം ആരെങ്കിലും ഉന്നയിക്കുന്നുവെങ്കില്‍ നമുക്ക് അവരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനാവുമോ? കൊലക്കുറ്റത്തിനു കേസെടുത്ത് തടവിലാക്കേണ്ടുന്ന ഗോസ്വാമി സമൂസയും ലഡുവും ജിലേബിയും മസാല ചായയും കഴിച്ച് കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള രമ്യഹര്‍മ്മ്യത്തില്‍ ഉണ്ടുറങ്ങി ചലിക്കുന്ന കൊട്ടാരത്തില്‍ ഊരുചുറ്റുമ്പോള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനുവേണ്ടി സംസാരിച്ചു എന്ന കുറ്റത്തില്‍ സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവര്‍ ഗോതമ്പുണ്ട കഴിച്ച് അടച്ചുപൂട്ടിയ ജയിലില്‍ തണുത്ത തറയില്‍ ചൗക്കാളം വിരിച്ച് കിടന്നു കൊണ്ട് നിദ്രാവിഹീനങ്ങളായ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. ഒപ്പം വിശ്രുത കവി 80 വയസ്സുള്ള വരവര റാവു, മനുഷ്യവകാശ പ്രവര്‍ത്തക സുധാഭരദ്വാജ്, ജെ.എന്‍.യു.വിലെ ഗവേഷകരായ ഉമര്‍ ഖാലിദ്, ഡോ. റോണാ വില്‍സണ്‍, ഗുജറാത്ത് ഐ.പി.എസ് ഓഫീസറായ സജീവ് ഭട്ട,് വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന വികലാംഗനായ പ്രൊഫ. ഡോ. സായ് ബാബ, ഡോ. വെര്‍മന്‍ ഗോണ്‍ സാല്‍വസ്, ഗൗതം നവ്‌ലഖ, അരുണ്‍ ഫെറെയ്‌റാ, ഷോമാസെന്‍, മഹേഷ്‌റാവു, സുധീര്‍ ലാവ്‌ലേ, ഡോ. ആനന്ദ് പെല്‍തും ഗേ (ഇദ്ദേഹം ഭരണഘടനാശില്പി മഹാത്മാ ഡോ. ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകളുടെ ഭര്‍ത്താവാണ്.) തുടങ്ങി എത്രയെത്ര പ്രഗത്ഭരും ബുദ്ധിജീവികളുമായ ഇന്ത്യന്‍ പൗരന്മാരെയാണ് വിചാരണ കൂടാതെ കുറ്റപ്പത്രം പോലും സമര്‍പ്പിക്കപ്പെടാതെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എങ്കള്‍ പുള്ളയായ അര്‍ണാബ് ഗോസ്വാമിമാര്‍ക്ക് ബാധകമായ നിയമം ഉങ്കള്‍ പുള്ളകളായ മറ്റ് ഇന്ത്യക്കാര്‍ക്ക് ബാധകമാകാത്തതിന്റെ അകം പൊരുള്‍ എന്താണ്. എന്നാണ് ഇതിനൊരു ഉത്തരം ലഭിക്കുക! അതു നല്കുവാന്‍ ആരാണ് മുന്നോട്ട് വരിക!! പ്രതീക്ഷ കൈവിടാതെ നമുക്ക് കാത്തിരിക്കാം.
* * * * * * * * * *
1992 ഡിസംബര്‍ 6-ന് ഉത്തര്‍പ്രദേശില്‍ ബാബ്‌റി മസ്ജിദ് ഒരു ജനക്കൂട്ടം നിയമവിരുദ്ധമായി സംഘടിച്ച് പൊളിച്ചു. ഈ കൃത്യത്തിന് നേതൃത്വം നല്‍കി എന്ന് ആരോപിച്ച് എല്‍.കെ. അദ്വാനി, ഉമാഭാരതി, ബാല്‍ താക്കറെ, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, കല്യാണ്‍സിംഗ് തുടങ്ങിയ സംഘപരിവാര്‍ നേതാക്കളെ പ്രതികളാക്കി കേസ്സെടുത്തു, 28 വര്‍ഷം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവില്‍ 2020-ന്റെ അവസാനം ഇതിന്റെ വിധി വന്നു. മേല്‍ സൂചിപ്പിച്ച വ്യക്തികളുടെ സാന്നിദ്ധ്യവും സഹകരണവും സഹായവും പ്രേരണയും ഒന്നും തന്നെ കാണുവാനോ ബോധ്യപ്പെടുവാനോ കഴിയായ്കയാല്‍, ജസ്റ്റീസ് ചൗധരി ഇവരെയെല്ലാം നിരുപാധികം വിട്ടയച്ചു. പ്രതികളില്‍ ജീവിച്ചിരിക്കുന്നവര്‍ നീതിന്യായ കോടതിയു ടെ "നിഷ്പക്ഷമായ" വിധിയില്‍ സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തി. ഇന്ത്യയിലുടനീളം 'നീതിയുടെ വിജയത്തില്‍' ആഘോഷങ്ങള്‍ അരങ്ങേറി. വിട്ടയയ്ക്കപ്പെട്ട പ്രതികളെല്ലാവരും വന്ദ്യവയോധികരും ബഹുമാനിതരുമായ വ്യക്തിത്വങ്ങളായിരുന്നു. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിലെത്തി നില്ക്കുന്ന ഇവരില്‍ പലരെയും നെടുനാളായി അലട്ടിയിരുന്ന മാനസിക സംഘര്‍ഷത്തിന് അറുതി വന്നു. ഈ വിധിയുടെ ശ്രവണമാത്രയില്‍ നീതിന്യായ രംഗത്തെ ഉപശാലകളില്‍ പരിണിതപ്രജ്ഞരായ ചില നിയമജ്ഞര്‍ പ്രതികരിച്ചത് ഇങ്ങനെ: യഥാര്‍ത്ഥത്തില്‍ രക്ഷപ്പെട്ടത് അദ്വാനിയും കൂട്ടാളികളുമല്ല മറിച്ച് ജസ്റ്റീസ് ചൗധരിയാണ്! ആദരണീയരായ നരേന്ദ്രമോദിയും അമിത് ഷായും പ്രതികളായ കേസ്സു പരിഗണിച്ചിരുന്ന കോടതിയിലെ ന്യായാധിപന്‍ ജസ്റ്റിസ് ലോയയ്ക്ക് സംഭവിച്ച 'വിധി' ഓര്‍ത്തിട്ടാവാം ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായതെന്നുള്ള സംസാരം അസൂയക്കാരുടെ കുന്നായ്മയുടെ പട്ടികയില്‍ തല്‍ക്കാലം നമുക്ക് ഉള്‍പ്പെടുത്താം. സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതിന് കേവലം ഒരു ദിവസം മുമ്പ് മാത്രം ഈ വിധിന്യായം പുറപ്പെടുവിച്ച ജസ്റ്റീസ് ചൗധരിയെ ആസന്നഭാവിയില്‍ ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട ഉന്നത സോപാനത്തില്‍ വിരാജിക്കുന്നത് കാണുവാന്‍ ഇടയായാല്‍, അത് തീര്‍ത്തും 'സ്വാഭാവികവും' 'ന്യായവും' മാത്രമാണെന്നും കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു!!!
* * * * * * * * * *
കേരള സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്റെ ഇടതുമുന്നണി സര്‍ക്കാര്‍ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് അതോറിറ്റിയുടെ ചെയര്‍മാനായി ശ്രീമാന്‍ പി. ഉബൈദിനെ നിയമിച്ചു. ഹൈക്കോടതി ജഡ്ജിയുടേതിന് തുല്യമായ പദവിയും ശമ്പളവും മറ്റു ആനുകൂല്യങ്ങളുമുള്ള ഒരു ലാവണമാണിത്. നീതിന്യായ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റീസ് ഉബൈദിന് ഈ ഉന്നതപദവി ലഭിച്ചത്. റിട്ടയര്‍മെന്റിന് ഏതാനും നാളുകള്‍ക്കുമുമ്പ് ഇദ്ദേഹം അവസാനമായി പുറപ്പെടുവിച്ച വിധിന്യായം വളരെയേറെ ശ്രദ്ധിക്കപ്പെട്ടതും അതുവഴി നിയമവൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവില്‍ വിശദമായ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചിരുന്ന എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ്സിലെ മുഖ്യപ്രതിയെ 'തെളിവുകളുടെ അഭാവത്തില്‍" കുറ്റവിമുക്തനാക്കപ്പെട്ടതായിരുന്നു പ്ര സ്തുതവിധി. മുഖ്യപ്രതി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനായത് ഒരു സാധാരണ സംഭവമായി കണക്കാക്കാം.
* * * * * * * * * *
രണ്ടുകൊല്ലം മുമ്പ് ഇന്ത്യയിലെ പ്രഗത്ഭനായ അഭിഭാഷകന്‍ ഫലി എസ് നരിമാന്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് "God Save the honourable Supreme Court"' (ദൈവം സുപ്രീം കോടതിയെ രക്ഷിക്കട്ടെ) എന്നാണ്. അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി ആരംഭിക്കുന്നതിനുമുമ്പായി ചൊല്ലുന്ന പ്രാര്‍ത്ഥന; "അമേരിക്കയേയും ബഹുമാന്യ കോടതിയെയും ദൈവം രക്ഷിക്കട്ടെ" എന്നാണ്. ഇന്ത്യയിലെ വര്‍ത്തമാനകാല സമസ്യകളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ "ഇന്ത്യയെയും കോടതികളെയും ദൈവം രക്ഷിക്കട്ടെ" എന്ന പ്രാര്‍ത്ഥന നമുക്കും ആസന്നഭാവിയില്‍ ചൊല്ലേണ്ടി വന്നേക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org