ജനാധിപത്യത്തിന് ഒരു കായകല്പം

ജനാധിപത്യത്തിന് ഒരു കായകല്പം

ആധുനിക ഇന്ത്യയില്‍ ജനാധിപത്യം അപരിചിത ആശയമായി മാറുന്ന ആപല്‍സാധ്യതയെ
അവതരിപ്പിക്കുന്ന ചര്‍ച്ചാപരമ്പരയിലെ ലേഖനം….

ഫാ. ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍
soorajgeorge@hotmail.com

ഫാ. ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍
ഫാ. ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍

അടിയന്തരാവസ്ഥ കാലത്തിനുശേഷം ജനിച്ച ആളാണ് ഞാന്‍. 'ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിര എന്നാല്‍ ഇന്ത്യയും' എന്ന ആക്ഷേപ രാഷ്ട്രീയ മുദ്രാ വാക്യം, തന്മൂലം, ചെറുപ്പകാലത്തു ഞാന്‍ ധാരാളം കേട്ടിട്ടുമുണ്ട്. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന ലൂയി പതിനാലാമന്റെ പ്രസിദ്ധമായ L' état, c'est moi (State, that's me) എന്ന ഫ്രഞ്ച് പ്രയോഗത്തിന്റെ ഇന്ത്യന്‍ പതിപ്പ് ആയിരുന്നിരിക്കാം ഇത്.

ജനാധിപത്യ രാജ്യത്ത് ജനിക്കുകയും വളരുകയും ചെയ്ത ഞാന്‍ ഉന്നത വിദ്യാഭ്യാസ കാലത്ത് തങ്ങിയതും ധാരാളം സഞ്ചരിച്ചതും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ ആണ്. ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെ പ്രസവിച്ച ആ നാടുകളില്‍ കണ്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ജനാധിപത്യത്തെ വിശകലനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ജനാധിപത്യം ഏറ്റവും അഭികാമ്യമായ ഭരണക്രമം ആണോ എന്നതിനെ സംബന്ധിച്ച് വിമര്‍ശനാത്മകമായി ചിന്തിച്ച ആദ്യ ത്തെ തത്വജ്ഞാനി സോക്രട്ടീസ് ആണ്. ജനാധിപത്യ ഭരണ വ്യവസ്ഥ നിലനിന്ന ഏതന്‍സിലെ യുവാക്കളെ ഭരണക്രമത്തിനും രാഷ്ട്രീയത്തിനുമതീതമായ മൂല്യങ്ങള്‍ തേടാന്‍ പ്രചരിപ്പിച്ച സോക്രട്ടീസിനെ കാലപുരിക്ക് അയച്ചത് ജനാധിപത്യ ഭരണാധികാരികളുടെ അപചയമാണെന്ന് മനസ്സിലാക്കിയ സോക്രട്ടീസിന്റെ ശിഷ്യനായ പ്ലേറ്റോ തന്റെ ഏറ്റവും പ്രസിദ്ധമായ ആദര്‍ശ രാഷ്ട്രം (Republic) എന്ന ഗ്രന്ഥത്തില്‍ ജനാധിപത്യഭരണ ക്രമത്തെ അവമതിയോടെയാണ് കാണുന്നത്. പെരിക്ലിസിന്റെയും സോളന്റെയും ജനാധിപത്യ സങ്കല്‍പ്പങ്ങളോട് കിടനില്‍ക്കുന്നതല്ലെങ്കിലും പ്രാചീന റോമാ സാമ്രാജ്യത്തിലും ബി സി ആറാം നൂറ്റാണ്ടു മുതല്‍ പങ്കാളിത്ത ജനാധിപത്യവും റിപ്പബ്ലിക് എന്ന സങ്കല്പവും നിലനിന്നിരുന്നു. ഗ്രീസിലും റോമിലുമെല്ലാം ജനാധിപത്യം പിന്നീട് ഏകാധിപത്യവും രാജഭരണവുമുള്‍പ്പെടെയുള്ള ഭരണക്രമങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു എന്നതും ചരിത്രവസ്തുതയാണ്.

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക മുന്നേറ്റം വലിയ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അവനെ പ്രാപ്തനാക്കിയ ഭാഷയുടെ രൂപീകരണമാണ്. ഭാഷയിലൂടെ കൈ വന്ന മേല്‍ക്കൈ ആണ് സമൂഹവും രാഷ്ട്രവും ഉള്‍പ്പെടെയുള്ള അന്യാദൃശമായ സാംസ്‌കാരിക നിര്‍മിതികള്‍ക്ക് അവനെ പ്രാപ്തനാക്കിയത്. സമൂഹ രൂപീകരണവും രാഷ്ട്ര രൂപീകരണവുമൊക്കെ സംഭവിച്ചതിനെപ്പറ്റി വ്യക്തമായ ചരിത്രരേഖകള്‍ നമുക്കില്ല. ബ്രിട്ടീഷ് ചിന്തകരായ തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക് തുടങ്ങിയവരും ഫ്രഞ്ച് ചിന്തകനായ റൂസ്സോയുമൊക്കെ മുന്നോട്ടുവച്ച സാമൂഹ്യ ഉടമ്പടി (social contract) എന്ന സിദ്ധാന്തമാണ് സമൂഹ രൂപീകരണത്തെപ്പറ്റി വിശദീകരിക്കാന്‍ ചിന്താലോകം പൊതുവേ ഉപയോഗിക്കുന്നത്.

താരതമ്യേന വിദ്യാഭ്യാസവും പക്വതയും ഉള്ള ഒരു ജനതയ്ക്ക് ഏറ്റവും മികച്ച ഭരണക്രമം ജനാധിപത്യം തന്നെയാണ്. എന്നാല്‍ തങ്ങളുടെ യുക്തിയെ പിന്‍സീറ്റ് ഡ്രൈവിംഗിന് വിട്ടു നല്‍കുകയും സ്വയം സാക്ഷരരെന്ന് നടിക്കുകയും, അതേസമയം ഗൗരവ മായ തീരുമാനങ്ങളെടുക്കാനുള്ള ഭാവന അന്യം നിന്നു പോവുകയും ചെയ്യുന്ന ഒരു ജനതയ്ക്ക്, ഒരുപക്ഷേ, ജനാധിപത്യ ചുമതലകള്‍ നിറവേറ്റാനാകില്ല. അതായത്, ജനാധിപത്യം ഫലപ്രദമാകണമെങ്കില്‍ നവോത്ഥാനം ഉണ്ടായേ തീരൂ.

ഈ സിദ്ധാന്തപ്രകാരം പ്രാകൃതവും വന്യവുമായ ജീവിതാവസ്ഥയില്‍ നിന്നും തജ്ജന്യമായ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷ നേടുന്നതിന് മനുഷ്യര്‍ പരസ്പരം സമ്മതിച്ച്, സഹകരിച്ച് ഒരു ധാരണയില്‍ ഏര്‍പ്പെടുന്നു. ഈ ധാരണ/ ഉടമ്പടിയില്‍ നിന്നു മാണ് സുരക്ഷിതമായ സാമൂഹ്യ ജീവിതം മനുഷ്യന്‍ ആരംഭിക്കുന്നത്. ജീവിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ എപ്പോഴും സംരക്ഷിക്കപ്പെടും എന്ന ഉറപ്പും മെച്ചപ്പെട്ട സാമൂഹിക ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനുള്ള കൂട്ടായ പ്രയത്‌നവും ഈ ഉടമ്പടിയുടെ ഭാഗമാണ്. പരസ്പരം പോരടിച്ചിരുന്ന പ്രാകൃതാവസ്ഥയില്‍ നിന്നും പ്ര ബലന്റെ പ്രമത്തതയ്ക്കും കയ്യൂക്കിനും കയ്യാമം വെച്ചു കൊണ്ട് അബലന് സുരക്ഷിത ജീവിതം സാധ്യമാക്കുക എന്നതാണ് ഈ ധാരണയുടെ അടിസ്ഥാനതത്വം. അതായത്, വ്യക്തിജീവിതത്തിന്റെ സുരക്ഷയ്ക്കു വേണ്ടി സമൂഹം രൂപപ്പെടുന്നു. സാമൂഹ്യ സു രക്ഷയ്ക്കു വേണ്ടി സ്റ്റേറ്റ് രൂപപ്പെടുന്നു. ഈ സുരക്ഷ വ്യവസ്ഥാപിതമായി എന്നേക്കും നിലനിര്‍ത്തുന്നതിനായി നിയമങ്ങള്‍ രൂപം കൊള്ളുന്നു.

അമേരിക്കന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം തുടങ്ങിയവയ്ക്കും പിന്നീട് അമേരിക്കന്‍ ഭരണഘടന ഉള്‍പ്പെടെ ഒട്ടു മിക്ക ആധുനിക ഭരണഘടനകളുടെ രൂപീകരണത്തിനും പ്രചോദനമായത് ഈ സിദ്ധാന്തമായിരുന്നു. ഈ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭാരതത്തിന്റെ ഭരണഘടനയിലും മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും ഉള്‍പ്പെടുത്തിയത്. അതായത്, മൗലികാവകാശങ്ങള്‍ ഒരിക്കലും നിഷേധിക്കാന്‍ ആവില്ല, ഒപ്പം നിര്‍ദേശകതത്വങ്ങളിലൂടെ വിവക്ഷിച്ചിരിക്കുന്ന സാമൂഹികാവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുക എന്ന ലക്ഷ്യം ഭരണകൂടത്തിന് മുമ്പില്‍ ഉണ്ടാവുകയും വേണം.

ഇത്രമാത്രം ഉദാത്തമായ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണ ഘടനാപ്രകാരം ഒരു രാഷ്ട്രത്തെ നയിക്കേണ്ടത്, അതായത് മൗലികാവകാശങ്ങളുടെയും നിര്‍ദ്ദേശകതത്വങ്ങളുടെയും കാവലാള്‍ ആകേണ്ടത്, ഒരു വ്യക്തി ആണോ അതോ ഒരു സംഘം ആണോ അതോ മുഴുവന്‍ പൗരന്മാരും ആണോ എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരമാണ് രാജഭരണം, അരിസ്റ്റോക്രസി, ജനാധിപത്യം തുടങ്ങിയ ഭരണക്രമങ്ങളെ സാധൂകരിക്കുന്നത്.

ഒരു കാര്യം നിസംശയം പറയാം, താരതമ്യേന വിദ്യാഭ്യാസവും പക്വതയും ഉള്ള ഒരു ജനതയ്ക്ക് ഏറ്റവും മികച്ച ഭരണക്രമം ജനാധിപത്യം തന്നെയാണ്. എന്നാല്‍ തങ്ങളുടെ യുക്തിയെ പിന്‍ സീറ്റ് ഡ്രൈവിംഗിന് വിട്ടു നല്‍കുകയും സ്വയം സാക്ഷരരെന്ന് നടിക്കുകയും, അതേസമയം ഗൗരവമായ തീരുമാനങ്ങളെടുക്കാനുള്ള ഭാവന അന്യം നിന്നു പോവുകയും ചെയ്യുന്ന ഒരു ജനതയ്ക്ക്, ഒരുപക്ഷേ, ജനാധിപത്യ ചുമതലകള്‍ നിറവേറ്റാനാകില്ല.

അതായത്, ജനാധിപത്യം ഫലപ്രദമാകണമെങ്കില്‍ നവോത്ഥാനം ഉണ്ടായേ തീരൂ. പ്രസിദ്ധ ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ് 1784-ല്‍ പ്രസിദ്ധീകരിച്ച ഉപന്യാസം ആണ് What is Enlightenment? ആ ഉപന്യാസത്തില്‍ കാന്റ് നവോത്ഥാനത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: "Enlightenment is man's release from his self-incurred tutelage". സ്വന്തം യുക്തിക്കുമേല്‍ ആഭരണമായി മനുഷ്യന്‍ അണിഞ്ഞിരിക്കുന്ന വിലങ്ങുകള്‍ ഊരിയെറിയുന്നതാണ് നവോത്ഥാനം. സാധാരണ മനുഷ്യജീവികളുടേതുപോലുള്ള തലച്ചോറിന്റെ വലിപ്പമോ ഇരുകാലില്‍ ഉള്ള നടപ്പോ ആധുനിക വേഷവിധാനങ്ങളോ നാഗരിക ജീവിതമോ ഒന്നുമല്ല നവോത്ഥാനത്തിന്റെ അളവുകോല്‍. അങ്ങനെ ചിന്തിക്കുമ്പോള്‍ സ്വയം ശാസിതത്വത്തിലൂടെ തങ്ങള്‍ വെട്ടിപ്പിടിക്കേണ്ട സൗ ഭാഗ്യങ്ങളും എത്തിച്ചേരേണ്ട ഉയരങ്ങളും മറന്ന് ഭരണാധികാരികള്‍ തങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും കയ്യിട്ടുവാരിയതിന്റെ എച്ചില്‍ വാങ്ങി നക്കാനും അവരുടെ ഏമ്പക്കത്തിന് താളമിടുന്ന സിന്ദാബാദുകള്‍ വിളിക്കുന്ന കോമാളിക്കൂട്ടം ആകാനുമേ ജനങ്ങള്‍ക്ക് കഴിയൂ. അവിടെ തോല്‍ക്കുന്നത് ജനാധിപത്യം തന്നെയാണ്.

ഭാരതത്തില്‍ ഇന്ന് നിലവിലുള്ള ജനാധിപത്യത്തിന് ധാരാളം വൈകല്യങ്ങള്‍ ഉണ്ട്. 1789-ല്‍ ഫ്രഞ്ച് വിപ്ലവത്തെ പ്രസവിച്ച ഫ്രാന്‍സിന്റെ സ്വന്തം ഗര്‍ഭപാത്രത്തില്‍ രൂപംകൊണ്ട ആശയമായിരുന്നു സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിറഞ്ഞ ജനാധിപത്യം. വോള്‍ട്ടയറും ദിദറോയും റൂസ്സോയും അടക്കമുള്ള തദ്ദേശീയ ചിന്തകര്‍ ശരാശരി ഫ്രഞ്ചുകാരുടെ ബോധമണ്ഡലത്തില്‍ കുത്തിവെച്ച് നിറച്ച് പക്വമാക്കിയ ഒരു ആശയം ആയിരുന്നു അത്. അതായത് ഫ്രഞ്ചുകാര്‍ ആരില്‍ നിന്നും ഇറക്കുമതി ചെയ്ത ആശയം ആയിരുന്നില്ല ജനാധിപത്യം.

ഒരു രാഷ്ട്രത്തെ നയിക്കേണ്ടത്, അതായത് മൗലികാവകാശങ്ങളുടെയും നിര്‍ദ്ദേശകതത്വങ്ങളുടെയും കാവലാള്‍ ആകേണ്ടത്, ഒരു വ്യക്തി ആണോ അതോ ഒരു സംഘം ആണോ അതോ മുഴുവന്‍ പൗരന്മാരും ആണോ എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരമാണ് രാജഭരണം, അരിസ്റ്റോക്രസി, ജനാധിപത്യം തുടങ്ങിയ ഭരണക്രമങ്ങളെ സാധൂകരിക്കുന്നത്.

എന്നാല്‍ 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ ജനാധിപത്യം എന്ന ഭരണക്രമം ഭാരതീയരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം വിദേശവാസത്തിലൂടെയോ വിദേശ വിദ്യാഭ്യാസത്തിലൂടെയോ വരേണ്യ സംവാദങ്ങളിലൂടെയോ മാത്രം പരിചയിച്ച ഒരു വൈദേശിക ആശയമായിരുന്നു. ബ്രിട്ടീഷുകാര്‍ 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് ഗാന്ധിജിയെയോ നെഹ്‌റുവിനെയോ ഇന്ത്യയുടെ 'രാശാവാ'ക്കി പ്രതിഷ്ഠിച്ചിരുന്നുവെങ്കില്‍ പോലും മറ്റൊരു കലാപം കൂടി ജനാധിപത്യത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

തങ്ങള്‍ കണ്ടു ശീലിച്ച രാജഭരണത്തിന്റെയും രാജവംശങ്ങളുടെയും ആലസ്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കുശേഷവും ഉണര്‍ന്നിട്ടില്ല എന്ന് പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പുകളോട് മുഖം തിരിച്ചു കൊണ്ടും പാര്‍ട്ടിയുടെ കുടുംബവാഴ്ചയെ സാധൂകരിച്ചുകൊണ്ടും തെളിയിക്കുന്ന ഒരു പറ്റം ഒരുവശത്തു നില്‍ക്കുന്നു. ജനാധിപത്യമെന്നത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു വര്‍ഗ്ഗത്തിന്റെ മാത്രം ആധിപത്യമായി കാണുകയും പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടേണ്ട വര്‍ഗ്ഗത്തെ നിരന്തരമായി സൃഷ്ടിച്ചുകൊണ്ടും നിര്‍വചിച്ചുകൊണ്ടും സമൂഹത്തെ അതിന്റെ സമഗ്രതയില്‍ കാണാനും രാഷ്ട്രം വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ ഒരു വിഭാഗത്തിന് ലഭ്യമാക്കാന്‍ മടികാണിക്കുകയും ചെയ്യുന്ന മറ്റൊരു പക്ഷം മറുവശത്ത് നില്‍ക്കുന്നു.

ഓസ്ട്രിയന്‍ ചിന്തകനായ കാള്‍ പോപ്പര്‍ തന്റെ ജനാധിപത്യത്തിന്റെ വൈരുദ്ധ്യം (paradox of democracy) എന്ന സങ്കല്‍പത്തില്‍ പറയുന്നതുപോലെ പോലെ ജനാധിപത്യ പ്രക്രിയയിലൂടെ ഏകാധിപതികളെ തെരഞ്ഞെടുക്കുകയും ജനകീയ മുന്നേറ്റങ്ങളെ ലവലേശം ഗൗനിക്കാതിരിക്കുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണതകളും, നിരാശാജനകമെന്ന് പറയട്ടെ, നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നു.

സുരക്ഷിതത്വവും ഐശ്വര്യവും മാനവികമൂല്യങ്ങളുമാണ് രാഷ്ട്രത്തിന്റെ കാതല്‍ എന്ന് മനസ്സിലാക്കാനും അതിലേക്ക് വളരാനും ഭാരതം ഇനിയും ബഹുദൂരം മുന്നോട്ടു പോകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org