ജോജി കുത്തിവയ്ക്കുന്ന വാക്‌സിന്‍

ജോജി കുത്തിവയ്ക്കുന്ന വാക്‌സിന്‍

ജോസ് പുതുശ്ശേരി, ആസ്ട്രിയ

ജോസ് പുതുശ്ശേരി, ആസ്ട്രിയ
ജോസ് പുതുശ്ശേരി, ആസ്ട്രിയ

ദുര്‍മന്ത്രവാദിനികളുടെ പ്രവചനത്തില്‍ വശംവദനായ മാക്ബത്തില്‍ അധികാരത്തോടുള്ള ദുര ജനിക്കുന്നിടത്താണ് മാക്ബത്ത് എന്ന നാടകത്തിന്റെ തിരശ്ശീല പൂര്‍ണ്ണമായും ഉയരുന്നത്. തന്നേക്കാള്‍ കുടിലമായും ക്രൂരമായും ചിന്തിക്കുന്ന ഭാര്യയോട് ചേര്‍ന്ന് രാജാവായ ഡെന്‍കനെ അയാള്‍ വധിക്കുന്നു. ഈ കൊലയെ മറയ്ക്കാന്‍വേണ്ടി വേറേയും കൊലകള്‍ അയാള്‍ക്ക് ചെയ്യേണ്ടിവരുന്നു. അധികാരത്തിന്റെ ചെങ്കോലും കിരീടവും സ്വന്തമാക്കാനായെങ്കിലും മനഃസാക്ഷിയുടെ കോടതിയില്‍ പിഴയൊടുക്കാനാകാതെ പിന്നീടുള്ള കാലം മുഴുവന്‍ അയാള്‍ അസ്വസ്ഥനായി അലയുകയാണ്.

ചോര പുരണ്ട വാള്‍ത്തലകള്‍ കണ്‍മുന്നില്‍ നൃത്തം ചെയ്യുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. പട്ടുമെത്തയില്‍ കിടന്നിട്ടും ഉറക്കം അയാളുടെ പടിവാതിലില്‍ പോലും എത്തിനോക്കിയില്ല. ഒടുവില്‍, കാലം കരുതിവെച്ച ദാരുണമായ അന്ത്യം ഏറ്റുവാങ്ങി മാക്ബത്ത് വിടവാങ്ങുകയാണ്. ഷേക്‌സ്പിയറിന്റെ ദുരന്ത പര്യവസായിയായ നാടകങ്ങളിലെ ഏറ്റവും ഹൃസ്വമായ നാടകമാണ് മാക്ബത്ത്. 4 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, സ്‌കോട്ട്‌ലന്റിന്റെ മണ്ണില്‍ രചിക്കപ്പെട്ട ഈ നാടകം, മലയാളി ഇന്ന് ചര്‍ച്ച ചെയ്യുന്നത് ശ്യാം പുഷ്‌ക്കരന്‍ എഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന സിനിമയിലൂടെയാണ്.

പനച്ചേല്‍ കുട്ടപ്പന്‍ ഒരൊറ്റയാനാണ്. അയാളുടെ കാര്‍ക്കശ്യത്തിനും അധികാരത്തിനും മുന്നില്‍ ഞെരുങ്ങിപ്പോയ അയാളുടെതന്നെ കുടുംബത്തിലാണ് ജോജി എന്ന സിനിമ സംഭവിക്കുന്നത്. ആ കുടുംബത്തില്‍ തടി മിടുക്കും കാര്യപ്രാപ്തിയുള്ള ആണ്‍മക്കളുണ്ട്, ബുദ്ധികൂര്‍മ്മതയുള്ള പെണ്ണുണ്ട്, ഒറ്റയ്ക്കായിപ്പോയ കുട്ടിയുണ്ട്. ഇവരെല്ലാം ഭയത്തോടും വിറയലോടും കൂടി മാത്രം കുട്ടപ്പന്റെ മുന്നില്‍ നില്ക്കാന്‍ വിധിക്കപ്പെടുന്നു. ഈ കഥാപരിസരത്തിലാണ്, ആനുപാതികമല്ലാതെ കേന്ദ്രീകരിക്കപ്പെടുന്ന അധികാരത്തെക്കുറിച്ചും അതിനെതിരെ സ്വാഭാവികമായി ഉടലെടുക്കുന്ന ആസുരതകളെക്കുറിച്ചും സിനിമ പ്രതിപാദിക്കുന്നത്. അപ്പനെ കൊന്ന് സ്വത്ത് ഭാഗം വച്ച്, സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്ന മകനും, അതിന് മൗനം കൊണ്ട് കാവലാളാകുന്ന സ്ത്രീ കഥാപാത്രവും കൂട്ടുചേരുന്നിടത്ത് കഥ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നു. മണ്ണിനും പെണ്ണിനും വേണ്ടിയുള്ള പടയോട്ടങ്ങളെല്ലാം ആത്യന്തികമായ ഫലം കാണാതെ പട്ടടയില്‍ ഒടുങ്ങുന്ന ദുര്യോഗം ഇവിടെയും നായകനെ കാത്തിരിക്കുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി ചരിത്രം ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും, ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ് മനുഷ്യന്റെ ദുരവസ്ഥ. ഒരുപക്ഷേ, ചില പാഠങ്ങള്‍ അവനും/അവളും പഠിക്കാത്തതു കൊണ്ടാകാം ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതുപോലും.

സ്വന്തം നിലനില്പിനും പുരോഗതിക്കും വേണ്ടി എന്ത് നെറികേടിനും തയ്യാറാകുന്ന മനുഷ്യന്റെ നേര്‍ചിത്രം ജോജി വരച്ചു വയ്ക്കുന്നുണ്ട്. സ്വന്തം കാര്യലാഭത്തിനു വേണ്ടി, സഹോദരനെ അവന്റെ ആസക്തികളിലേക്ക് ബോധപൂര്‍വ്വം തള്ളിയിടാനോ, അപ്പനെന്നോ സഹോദരനെന്നോ വേര്‍ തിരിവില്ലാതെ അവരെ കൊല്ലാനോപോലും അവര്‍ക്ക് മടിയില്ല. സ്വന്തം തെറ്റിനെ മറയ്ക്കാന്‍ മതത്തെ കൂട്ടുപിടിക്കാനും, ദൈവത്തെ ഇടനിലക്കാരനാക്കാനും അവര്‍ തയ്യാറാകും. അവര്‍ക്ക് മുന്നില്‍ സ്വാര്‍ത്ഥം മുറ്റിയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളൂ. അതിനെ കൈയ്യെത്തി പിടിക്കാന്‍ ഏത് മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും, ആരെ വേണമെങ്കിലും കരുവാക്കും. ശരിയോ തെറ്റോ, നന്മയോ തിന്മയോ ഒന്നും അവിടെ മാനദണ്ഡങ്ങളാകില്ല.

സ്വന്തം നിലനില്പിനും പുരോഗതിക്കും വേണ്ടി എന്ത് നെറികേടിനും തയ്യാറാകുന്ന മനുഷ്യന്റെ നേര്‍ചിത്രം ജോജി വരച്ചുവയ്ക്കുന്നുണ്ട്.

കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബങ്ങളുടെ കഥകളൊക്കെ മരീചികകളാണ്. ഋതുഭേദങ്ങളുടെ വ്യത്യാസമില്ലാതെ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഭ്രമണം ചെയ്യുന്ന പെണ്ണിന് ആ ഇമ്പം പറഞ്ഞിട്ടുള്ളതാണോ എന്ന് മലയാളിയോട് ചോദിക്കുന്നത് ജോജിയിലെ ബിന്‍സിയാണ്. തെറ്റിന് കുടപിടിക്കാന്‍ ഒരു പെണ്ണ് തന്നെ കഥയിലുണ്ടാകണം എന്നത് അത്യാവശ്യമായിരുന്നു എന്ന് തോന്നുന്നില്ല. എന്നിട്ടും അവളെ അവിടെ പ്രതിഷ്ഠിച്ചതിന് പിന്നില്‍, അടുക്കളയിലെ അടുപ്പില്‍ ആരും കാണാതെ ചാരംമൂടി കിടന്ന അവളുടെ കനലുകളെ രേഖപ്പെടുത്തുന്നതിനു വേണ്ടിതന്നെയാവണം. പണത്തേക്കാളും അധികാരത്തേക്കാളും സ്വാതന്ത്ര്യമാണ് അവള്‍ ആഗ്രഹിക്കുന്നത്. കുടുംബം എന്നത് സമൂഹത്തിന്റെ ഏറ്റവും ചെറിയ പരി പ്രേക്ഷയാണ്. അവിടെ പുരുഷന് തീറെഴുതി കിട്ടിയിട്ടുള്ള സര്‍വ്വ സ്വാതന്ത്ര്യങ്ങള്‍ക്കും സ്ത്രീയും അര്‍ഹയാണ്. സംസ്‌കാരത്തിന്റേയും ആചാരസംരക്ഷണത്തിന്റേയും പേരില്‍ അവളില്‍ നിന്നും പിടിച്ചു പറിച്ചതൊക്കെ അവള്‍ക്ക് തിരികെ കിട്ടണം എന്നത് എന്നത്തേക്കാളുമുപരി ഈ കാലഘട്ടത്തിന്റെ തിരിച്ചറിവാണ്. അര്‍ഹിക്കുന്ന ബഹുമാനം അവള്‍ക്ക് ലഭിക്കുക എന്നത് അതില്‍ ഒന്നാമത്തേതാണ്. ഏതൊരു ശരാശരി പുരുഷനേക്കാളും അധികമായ ശാരീരികമാനസീക അസ്വസ്ഥതകളിലൂടെ ഒരായുസ്സ് മുഴുവന്‍ കടന്നുപോയിട്ടും, അവളുടെ സമനില തെറ്റുന്നില്ല എന്നത് അതിനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമായിട്ടേ കാണാനാവൂ. പകലന്തിയോളം അവളെടുക്കുന്ന പണികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം എന്നത് തികച്ചും അടിസ്ഥാനപരമായ ആവശ്യമാണ്. വീട് എന്ന പ്രസ്ഥാനം നിലയ്ക്കാതെ ഓടുന്നതിന് പിറകില്‍, വിലയിടാതെ പോകുന്ന അവളുടെ വിയര്‍പ്പുണ്ടെന്ന ബോധ്യം വീട്ടിലുള്ളവര്‍ക്കുണ്ടാകണം. ആ ബോധ്യത്തില്‍ നിന്നുവേണം അവള്‍ക്ക് നേരെ എറിയുന്ന വാക്കും, നോക്കും, എന്തിനേറെ കിടപ്പറയിലെ ചേഷ്ടകള്‍ വരെ ക്രമീകരിക്കപ്പെടേണ്ടത്. എവിടെയും നട്ടെല്ല് നിവര്‍ത്തി നില്ക്കാന്‍ അവള്‍ക്കാവണം. സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഭയം കൂടാതെ പറയാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കപ്പെടണം. അമ്മയായും, ഭാര്യയായും, സഹോദരിയായും, മകളായും, സുഹൃത്തായുമൊക്കെ സ്ത്രീകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരര്‍ഹിക്കുന്ന കപ്പം കൊടുത്തു തന്നെ അവരെ സ്വന്തമാക്കണം.

ശിഥിലമാകുന്ന ദാമ്പത്യങ്ങളിലും, അസ്വസ്ഥതകള്‍ നിറയുന്ന കുടുംബങ്ങളിലും ഒറ്റതിരിഞ്ഞു പോകുന്ന കുട്ടികളുടെ നിരയിലാണ് പോപ്പിയുടെ സ്ഥാനം. നിരനിരയായി അവരില്‍ ഭൂരിഭാഗംപേരും നീങ്ങുന്നത് സ്‌ക്രീനില്‍ മാത്രം തെളിയുന്ന മായാ ലോകത്തേക്കാണ്. അവിടെ അവര്‍ക്ക് കൂട്ടുകാരുണ്ടാകുന്നു; യുദ്ധം ചെയ്യാന്‍ ശത്രുക്കളുണ്ടാവുന്നു; പൂര്‍ത്തിയാക്കാന്‍ കടമ്പകള്‍ നല്കപ്പെടുന്നു. കുടുംബപരിസരങ്ങളില്‍ തനിച്ചായി പോകുന്ന കുട്ടികള്‍ ആ ലോകത്തില്‍ തിരക്കുള്ളവരാകുന്നത് തികച്ചും സ്വാഭാവികമായ കാഴ്ച്ചയാവുകയാണ്. ഈ മായക്കാഴ്ച്ചകളുടെ അനന്തസാധ്യതകളെ രുചിച്ചുനോക്കാന്‍ കൂടുതല്‍ പണവും, സമയവും, ആരോഗ്യവും ആവശ്യമായി വരുന്നിടത്താണ് കളിയില്‍ അപകടം ഉടലെടുക്കുന്നത്. എപ്പോഴും തന്റെ പരിസരങ്ങളില്‍ തനിച്ചായ പോപ്പി നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍ പോലും ആ വീട്ടില്‍ ആരും അറിയുന്നില്ല. ചിത്രത്തിലുടനീളം ശ്രദ്ധിച്ചാല്‍, ആദ്യാന്തം പനച്ചേല്‍ കുടുംബത്തിന് വെളിയില്‍ നിറുത്തിയിട്ടുള്ള ഒരു ശീലമാണ് എല്ലാവരും ഒരുമിച്ചുള്ള ഭക്ഷണ മേശയും അനുബന്ധ സന്ദര്‍ഭങ്ങളും. മറ്റൊരു വസ്തുത, അതിരുകവിഞ്ഞ സമ്പത്തിന്റെയും കുടുംബമഹിമയുടെയും പേരില്‍ നഷ്ടപ്പെട്ടുപോകുന്ന അയല്പക്കങ്ങളും, സാമൂഹ്യബന്ധങ്ങളുമാണ്. പലതരക്കാരായ ആളുകളുമായുള്ള സമ്പര്‍ക്കങ്ങളും, വിവിധങ്ങളായ ചുറ്റുവട്ടങ്ങളോടുള്ള പരിചയങ്ങളുമൊക്കെ കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയില്‍ എത്ര മേല്‍ പ്രധാനപ്പെട്ടതാണെന്ന ബോധ്യം ഈ സിനിമ പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്.

ജോജിയുടെ കഥയ്ക്കപ്പുറം, സിനിമയിലെ കലയെക്കുറിച്ച് തീരെ ചെറുതായൊരു നിരീക്ഷണംകൂടി കുറിക്കട്ടെ. "Realtiy is not what is, but what is projected" എന്ന ചിന്ത തീര്‍ത്തും പുതിയതല്ലെങ്കിലും, ആ ചിന്താധാര ഈ കാലഘട്ടത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഏച്ചുകെട്ടലുകളോ മുഴച്ചിരിക്കലുകളോ ഇല്ലാത്ത ഒരു കലാസൃഷ്ടിയായിട്ടാണ് ജോജി ആസ്വദിക്കപ്പെടുന്നത്. ഘനഗംഭീരമായ ഡയലോഗുകളില്ല, അമിതവൈകാരികത ചേര്‍ത്ത് തുന്നികെട്ടിയ മുഹൂര്‍ത്തങ്ങളില്ല, സിനിമയോടൊപ്പം കാതോര്‍ത്ത് നടന്നാല്‍ മാത്രം കേള്‍ക്കാനാകുന്ന സംഗീതമേ കൂട്ടിനുള്ളൂ, അഭിനയിക്കുന്നവരാകട്ടെ നമ്മുടെ വീട്ടിലും പരിസരത്തും കണ്ട് പരിചിതമായ മുഖങ്ങളും ഭാവങ്ങളും. അതുകൊണ്ടുതന്നെ, ഇതിലിപ്പോ ഇത്ര കാണാനെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരേയും നമുക്ക് കാണാനാകും. ചോദ്യത്തിന്റെ പ്രസക്തിയേക്കാള്‍, ആ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിച്ച വിചാരമാണ് വിചിന്തനവിഷയമാക്കേണ്ടത്. പ്രകടനപരതയ്ക്ക് സാധുതയില്ലാത്ത വിഷയങ്ങള്‍ക്ക് വില്പനമൂല്യം കല്പിക്കാത്ത കാലത്തിന്റെ സംഭാവനയാണ് ആ ചോദ്യമെന്ന് തോന്നുന്നു. എന്ത് പറയുന്നു എന്നതല്ല, എത്ര ഉച്ചത്തില്‍ പറയുന്നു എന്നതാണ് പ്രധാനം. ആഘോഷിക്കപ്പെടുന്നതിന്റെ അളവും പരസ്യമാക്കപ്പെടുന്നതിന്റെ തോതും വസ്തുതകള്‍ സ്വീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങളാകുന്നു. നിശ്ശബ്ദതയേക്കാള്‍ സ്വീകാര്യത, അവിടെ ബഹളങ്ങള്‍ക്കാണ്. ഇങ്ങനെയുള്ള പ്രകടനങ്ങളിലും പ്രദര്‍ശനങ്ങളിലും ഭാഗഭാക്കാകുന്നത് മാത്രമാണ്, തങ്ങളുടെ നിലനില്പ് ഊട്ടിയുറപ്പിക്കാനുള്ള ഏകമാര്‍ഗ്ഗമെന്ന് മനുഷ്യര്‍ കരുതുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ എത്തിയിരിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ മനുഷ്യനെ നയിക്കുന്ന പ്രധാന ആഗ്രഹങ്ങളില്‍ Sensational ആവാനും viral ആകാനുമുള്ള കൊതിയുമുണ്ട് എന്നത് ഇതിനോട് കൂട്ടിവായിക്കാവുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ, ബഹളവും, ആഘോഷവും ആഢംബരവുമില്ലാതെ വരുന്നതിനെ വളരെ എളുപ്പത്തില്‍ തള്ളിക്കളയാന്‍ മനുഷ്യനില്‍ സ്വാഭാവികമായ ഒരു വാസന രൂപപ്പെട്ടുകഴിഞ്ഞു.

(സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌ക്കാര ജേതാവാണ് ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org