കെ.സി.വൈ.എം. ക്രിസ്തീയ യുവതയുടെ പോരാട്ടവേദി

കെ.സി.വൈ.എം. ക്രിസ്തീയ യുവതയുടെ പോരാട്ടവേദി

ഷിജോ ഇടയാടില്‍
കെ.സി.വൈ.എം. സംസ്ഥാന ജന. സെക്രട്ടറി

ഷിജോ ഇടയാടില്‍
ഷിജോ ഇടയാടില്‍

സമഗ്ര വികസനത്തിനും സമ്പൂര്‍ണ്ണ വിമോചനത്തിനും കാഹളം മുഴക്കുന്ന ഒരു മഹത്തായ പ്രസ്ഥാനമാണ് കെ. സി.വൈ.എം. യുവജനങ്ങളുടെ വിശ്വാസജീവിത പരിശീലനവും ആത്മീയ ന വോത്ഥാനവും ലക്ഷ്യം വച്ച് അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദിക്കുന്ന കെ.സി.വൈ.എമ്മിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ യുവാവും യുവതിയും നവയുഗ സൃഷ്ടിയുടെ ഭാഗഭാക്കു കളാവുകയാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ ക്രൈസ്തവ ധാര്‍മ്മിക മൂല്യങ്ങളെ കൈമുതലാക്കി കര്‍മ്മ മണ്ഡലങ്ങള്‍ വിശാലമാക്കുന്ന ഈ യുവജന പ്രസ്ഥാനത്തിന് രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തു ജീവിച്ചു കാണിച്ചുതന്ന ദര്‍ശനങ്ങള്‍ തന്നെയാണ് ഊടും പാവും നെയ്യുന്നത്.

കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (KCBC) കേരളത്തിലെ കത്തോലിക്കാ യുവജനങ്ങള്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഔദ്യോഗിക യുവജന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ യൂത്ത് മൂവ്‌മെന്റ് (KCYM). 1978 ഡിസംബര്‍ 28-ാം തീയതി മാന്നാനം കെ.ഇ. കോളേജില്‍ ചേര്‍ന്ന പ്രഥമ സെനറ്റ് യോഗത്തില്‍ പ്രസ്ഥാനം ഔദ്യോഗികമായി രൂപംകൊണ്ടു. റീത്തുകള്‍ക്ക് അതീതമായി യുവജനങ്ങളെ ഏകോപിപ്പിച്ച് മൂല്യബോധത്തിലും വി ശ്വാസജീവിതത്തിലും സഭയോട് ചേര്‍ത്തു നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് KCYM പ്രസ്ഥാനം ആരംഭിച്ചത്.

KCBC യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ KCYM കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI) അംഗീകരിച്ചിട്ടുള്ള അഖിലേന്ത്യാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (ICYM) കേരള റീജിയന്‍ ഘടകമാണ്. വത്തിക്കാനില്‍ അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ഓഫ് കാത്തലിക് അഗ്രികള്‍ച്ചറല്‍ റൂറല്‍ യൂത്ത് (MIJARK – IMCARY മിജാര്‍ക്ക്) എന്ന യുവജന സംഘടനയുടെ അംഗ സംഘടനയാണ് KCYM. മൂന്നു രീതികളിലായി കേരളത്തിലെ 32 രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന യുവജന പ്രസ്ഥാനത്തില്‍ നാലുലക്ഷത്തോളം യുവജനങ്ങള്‍ സമൂഹത്തിന്റെ വിമോചനത്തിനായി സ്വയം അര്‍പ്പിച്ചു കൊണ്ട് ക്രിസ്തുവിന്റെ പുരോഹിത, രാജകീയ, പ്രവാചക ദൗത്യങ്ങളില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നു.

തീരദേശ മത്സ്യതൊഴിലാളി സമരങ്ങള്‍, മാനവമൈത്രി സംഗമം, മനുഷ്യാവകാശ സമ്മേളനങ്ങള്‍, കാര്‍ഷിക മേഖല സമരങ്ങള്‍, ദളിത് ക്രൈസ്തവ അവകാശ സംരക്ഷണ മതസ്വാതന്ത്ര്യ സമരങ്ങള്‍, ജീവന്‍ സംരക്ഷണ ജാഥകള്‍, തീര വിമോചന യാത്രകള്‍, മുല്ലപ്പെരിയാര്‍ സമരങ്ങള്‍, പാന്‍മസാല നിരോധന യജ്ഞം, മദ്യ വിരുദ്ധ സമരം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ വിമുക്ത സംരംഭങ്ങള്‍, പ്രകൃതി പഠന ക്യാമ്പുകള്‍, പരിസ്ഥിതി സംരക്ഷണ പരിപാടികള്‍, സത്യാഗ്രഹ ധര്‍ണ്ണാ സമരങ്ങള്‍, ന്യൂനപക്ഷാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നിയമപരമായ ഇടപെടലുകള്‍ എന്ന് തുടങ്ങി അന്നും ഇന്നും പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ സഭയുടെയും സമൂഹത്തിന്റെയും കരുത്തും കാവലാളുമായി ധാര്‍മ്മിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം. നിലകൊള്ളുന്നതായി കാണാം.

സമൂഹത്തിന്റെ പൊതുനന്മയെ കരുതിയാണ് പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും കെ.സി.വൈ.എം. പ്രസ്ഥാനം അതിന്റെ നിലപാട് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ലക്ഷദ്വീപ് വിഷയത്തിലും പ്രസ്ഥാനം മനുഷ്യമനസ്സാക്ഷിയെ മുന്നില്‍ കണ്ട് ആ ജനതയുടെ വേദനയ്‌ക്കൊപ്പം നിലകൊള്ളുന്നത്. ഒപ്പം രാജ്യത്തെ തീവ്രവാദി പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ധാര്‍മ്മിക യുവജന പ്രസ്ഥാനം എന്ന നിലയില്‍ കെ.സി.വൈ.എം. പ്രസ്ഥാനം ഒരുമിച്ചുനിന്ന് പോരാടും.

ലക്ഷദ്വീപ് ജനതയോടുള്ള ഐക്യദാര്‍ഢ്യം

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം എന്നു കെ.സി.വൈ.എം. നിലപാട് സ്വീകരിച്ചിരുന്നു. ലക്ഷദ്വീപ് ജനതയുടെ സ്വാതന്ത്ര്യം, തുടര്‍ന്ന് വന്നു പോരുന്ന നിയമവ്യവസ്ഥകള്‍ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് ദ്വീപ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നീക്കം രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കും എന്നു മുന്നില്‍ കണ്ടുകൊണ്ടാണ് കെ.സി.വൈ.എം. ആ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

അവരുടെ ഭക്ഷണം, തൊഴില്‍ മേഖലകള്‍ എന്നിവ തകിടം മറിക്കുന്ന ഒരു നയം അധിനിവേശമാണ് എന്നതില്‍ സംശയമില്ല. ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിന്‍ കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലായി.

എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ സര്‍ക്കാര്‍ സര്‍വ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികള്‍. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകള്‍ എല്ലാം പൊളിച്ചുമാറ്റി അവരുടെ ജീവിതമാര്‍ഗ്ഗത്തില്‍ ഇടപെടുന്ന ഫാസിസ്റ്റ് നയങ്ങള്‍ രാജ്യത്തിനു തന്നെ നാണക്കേടാണ്. ലക്ഷ ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ തോന്നിയപോലെ അട്ടിമറിച്ചതു മൂലം അവിടെ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ അതിനെതിരെ പ്രതികരിച്ചതിനു നിയമ ഭേദഗതികള്‍ നടപ്പിലാക്കിയതും ആ ജനത്തിനു നേരെയുള്ള വെല്ലുവിളി തന്നെയാണ്. മതിയായ വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്ത ലക്ഷദ്വീപില്‍ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

മദ്യരഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ക്ക് അനുമതി കൊടുത്തു. തദ്ദേശവാസികളോടുള്ള അവഹേളനമായി ഇത് മാറുന്നുണ്ട്. ബീഫ് നിരോധനം നടത്തി തീന്‍മേശയിലും കൈകടത്തി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗന്‍വാടികള്‍ അടച്ചു പൂട്ടി.

ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപില്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി. ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിക്കാനും ഇനി മുതല്‍ ചരക്കുനീക്കവും മറ്റും മുഴുവന്‍ മംഗലാപുരം തുറമുഖവുമായി വേണമെന്ന് നിര്‍ബന്ധിക്കാനും തുടങ്ങി.

ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി!

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ട് മാത്രം ലക്ഷദ്വീപില്‍ അടിച്ചേല്പ്പിച്ച നടപടികളില്‍ ചിലത് മാത്രമാണിത്. ദീര്‍ഘമായ ആസൂത്രണത്തോടെ, വംശീയ അപരവല്‍ക്കരണത്തിനായുള്ള ഒരു പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. വമ്പന്‍ കുത്തകകളുടെ ടൂറിസം പദ്ധതികള്‍ക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വാതന്ത്ര്യവും, അവകാശങ്ങളും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

ഈ കാരണങ്ങള്‍ കൊണ്ടാണ് ലക്ഷദ്വീപ് സമൂഹത്തിനു വേണ്ടി കെ.സി.വൈ.എം ശബ്ദമുയര്‍ത്തിയത്.

ഓരോ ഇന്ത്യന്‍ പൗരനും സഹോദരീ സഹോദരന്മാരാണ് എന്നുള്ള ഭാരതീയ സങ്കല്‍പവും, എല്ലാവരും സഹോദരര്‍ എന്നു പറയുന്ന മാര്‍പാപ്പയുടെ ഏറ്റവും പുതിയ ചാക്രിയ ലേഖനം ഫ്രത്തെലി തൂത്തിയുമൊക്കെ ലോകത്തോട് വിളിച്ചു പറയുന്നത് ഇതു തന്നെ.

ഭരണകൂടങ്ങള്‍ പറയുന്നപോലെ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങളില്‍ ആ ദ്വീപില്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതിനെതിരായി നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും എതിരായി നില്ക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും അവിടെ അനുവദിക്കപ്പെട്ടുകൂടാ. ഭീകരവാദവും തീവ്രവാദവും രാജ്യത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കെ.സി.വൈ. എം. പ്രസ്ഥാനം എക്കാലവും പിന്തുണ അറിയിച്ചിട്ടുണ്ട്.

എതിര്‍ക്കപ്പെടേണ്ട ഫാസിസ്റ്റ് നയം

എന്നാല്‍ ഒരു ജനതയുടെ നേര്‍ക്ക് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനെ ചെറുത്തു തോല്‍പ്പിക്കുക, എതിര്‍ക്കുക എന്നുള്ളത് ഒരു ധാര്‍മ്മിക യുവജനപ്രസ്ഥാനം എന്ന നിലയില്‍ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്, ഒപ്പം തീവ്രവാദത്തിന് എതിരെ സന്ധിയില്ലാ സമരവുമായി എക്കാലവും പ്രസ്ഥാനം മുന്‍പോട്ട് പോവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തിവ്രവാദങ്ങള്‍ പൊതുസമൂഹത്തില്‍ പ്രസ്ഥാനം തുറന്നുകാട്ടുകയും, അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി പോരാടുകയും ചെയ്യും.

ഈ കാഴ്ചപ്പാട് തന്നെയാണ്, ഈ ക്രിസ്തുദര്‍ശനം തന്നെയാണ് പ്രസ്ഥാനം രൂപപ്പെട്ട നാള്‍ മുതല്‍ തുടര്‍ന്നുപോരുന്നത്. പൊതു സമൂഹത്തില്‍ അരക്ഷിതാവസ്ത തുറന്നു കാട്ടുക, അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക, തെറ്റുകള്‍ ചുണ്ടികാട്ടുക, തീവ്രവാദത്തെ അതു ഏതു തരത്തിലുള്ളതാണെങ്കിലും എതിര്‍ക്കുക ഇതൊക്കെ പ്ര സ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്.

കെ.സി.വൈ.എംന്റെ പോരാട്ടവഴികള്‍

ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവ സമൂഹം രക്ത സാക്ഷികളായപ്പോള്‍ അതിനെതിരെ ആദ്യത്തെ പ്രതിഷേധം ഉയര്‍ത്തിയവരില്‍ കെ.സി.വൈ.എം. യുവജനപ്രസ്ഥാനവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ജനത്തെ കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ദ്ധനവും, യുവത്വത്തിന്റെ ഭാവിസ്വപ്നങ്ങള്‍ കവര്‍ന്ന പിന്‍ വാതില്‍ നിയമനങ്ങള്‍ക്കുമെതിരായി കെ.സി.വൈ.എം. ശബ്ദമുയര്‍ത്തിയിട്ടുണ്ട്, സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ അടുത്തകാലത്ത് സൗമ്യ എന്ന പെണ്‍കുട്ടി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മലയാളികളുടെ സുരക്ഷയ്ക്കായി, ഇനി സൗമ്യ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കത്ത് അയച്ചതും കെ.സി.വൈ.എം. മാത്രം. സൗമ്യയ്ക്ക് ആദരാഞ്ജലികള്‍ നല്കുക മാത്രമല്ല ഇനി ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാവരുതെന്ന ആഗ്രഹത്തോടെയാണ് കെ.സി.വൈ.എം. ഇത്തരത്തിലുള്ള അടിയന്തര ഇടപെടല്‍ നടത്തിയത്.

സഭയ്ക്കു വേണ്ടി, സമുദായ വളര്‍ച്ചയ്ക്കു വേണ്ടി, യുവജനങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കു വേണ്ടി, പൊതുസമൂഹത്തിന്റെ നീതിക്കു വേണ്ടിയുമൊക്കെയാണ് പ്രസ്ഥാനം നിലകൊള്ളുന്നത്. രാജ്യത്തിന്റെ, ലോകത്തിന്റെ. സമൂഹത്തിന്റെ പൊതുനന്മയെ കരുതിയാണ് പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും കെ.സി.വൈ.എം. പ്രസ്ഥാനം അതിന്റെ നിലപാട് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ലക്ഷദ്വീപ് വിഷയത്തിലും പ്രസ്ഥാനം മനുഷ്യമനസ്സാക്ഷിയെ മുന്നില്‍ കണ്ട് ആ ജനതയുടെ വേദനയ്‌ക്കൊപ്പം നിലകൊള്ളുന്നത്. ഒപ്പം രാജ്യത്തെ തീവ്രവാദി പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ധാര്‍മ്മിക യുവജന പ്രസ്ഥാനം എന്ന നിലയില്‍ കെ.സി.വൈ.എം. പ്രസ്ഥാനം ഒരുമിച്ചുനിന്ന് പോരാടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org