കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരധാരകള്‍

[രണ്ടാം ഭാഗം]
കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരധാരകള്‍
Published on

അഞ്ചാമത്തെ ഘടകം നിശ്ചയമായും പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ വലിയ തോതില്‍ പ്രാബല്യത്തില്‍ വന്ന മിഷനറി പ്രവര്‍ത്തനങ്ങളാണ്. ലണ്ടന്‍ മിഷനറി സൊസൈറ്റി, ചര്‍ച്ച് മിഷന്‍ സൊസൈറ്റി, ബാസല്‍ മിഷന്‍ എന്നിവയെല്ലാം പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കാനും വിദ്യാഭ്യാസ വ്യാപനത്തിനും പൊതുസമൂഹ രൂപീകരണത്തെ ശക്തിപ്പെടുത്തുന്ന മട്ടിലുള്ള നിരവധിയായ പരിശ്രമങ്ങളില്‍ ഏര്‍പ്പെടാനും തയ്യാറാകുന്നത് ഈ ഘട്ടത്തിലാണ്. കോളനി ഭരണത്തെക്കുറിച്ച് പറഞ്ഞതുപോലെ തന്നെ ജാതിവിരുദ്ധമായ സാമൂഹിക നവീകരണത്തിന് അകമേ ഇടം കൊടുക്കുന്ന വലിയൊരു പ്രവര്‍ത്തനമായി ഇത് മാറി തീര്‍ന്നു. നമ്മുടെ ആദ്യകാല നോവലുകളില്‍ ഒന്നായ സരസ്വതി വിജയത്തില്‍, പോത്തേരി കുഞ്ഞമ്പു നവീകരണത്തിന്റെ കേന്ദ്രമായി കാണുന്നത് വിദ്യാഭ്യാസത്തെയാണ്. ആ വിദ്യാഭ്യാസം കുഞ്ഞമ്പുവിന്റെ നായകന് കൈവരുന്നത് മിഷനറി വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ്.

ഇങ്ങനെ ചാന്നാര്‍ ലഹള പോലെയോ ആറാട്ടുപുഴ വേലായുധ പണിക്കര്‍ പോലെയോ പ്രത്യക്ഷമായ ഒരു സമരമുഖം തുറന്നു കൊണ്ടല്ലെങ്കിലും അടിസ്ഥാനപരമായി ജാതിബന്ധങ്ങളുടെ ബലത്തെ ശിഥിലീകരിക്കാന്‍ പോന്ന ഒരു സാമൂഹിക ഇടം മിഷനറി പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇവിടെ പലതരങ്ങളില്‍ രൂപപ്പെട്ടുവന്നു. അത് ഒരു ഭാഗത്ത് പൊതുവിദ്യാലയങ്ങളുടെ രൂപപ്പെടല്‍ വഴിയാണെങ്കില്‍ മറ്റൊരു ഭാഗത്ത് അച്ചടിയുടെയും വിജ്ഞാന വ്യവസ്ഥയുടെയും നവീകരണം എന്ന നിലയ്ക്കും ആണ്. മലയാളത്തിന്റെ ആധുനികമായ ഒരു ഗദ്യ മാതൃക രൂപപ്പെട്ടുവരുന്നു, മിഷനറി മലയാളം രൂപപ്പെട്ടു വരുന്നു, ജോര്‍ജ് മാത്തനെപ്പോലെയുള്ളവരുടെ വലിയ പ്രബന്ധങ്ങള്‍ വരുന്നു, മലയാളത്തില്‍ ഒരു പുതിയ ഗദ്യഭാഷ വികസിക്കുന്നു, ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നു, ജ്ഞാന നിക്ഷേപം പോലുള്ള ഗ്രന്ഥങ്ങള്‍ ഉണ്ടായി വരുന്നു. ബെഞ്ചമിന്‍ ബെയിലിയുടെയും അര്‍ണോസ് പാതിരിയുടെയും ഗുണ്ടര്‍ട്ടിന്റെയും ഒക്കെ പല നിലകളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഭാഷാനവീകരണത്തിന്റെ കേന്ദ്രത്തിലേക്ക് വലിയ തരത്തിലുള്ള ജനാധിപത്യത്തെ കടത്തിക്കൊണ്ടുവരാന്‍ മിഷനറിമാരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഭാഷാപ്രവര്‍ത്തനങ്ങള്‍ക്കും അന്ന് കഴിയുന്നുണ്ട്.

നാട്ടുഭാഷയിലേക്കുള്ള അറിവിന്റെ സംക്രമണം നവോത്ഥാനത്തിന്റെ സുപ്രധാന അടിസ്ഥാനമാണ് എന്ന് നമുക്കറിയാം. മാര്‍ട്ടിന്‍ ലൂതറിന്റെയോ വൈറ്റ് ക്ലിഫിന്റെയോ ബൈബിള്‍ പരിഭാഷ മുതല്‍ ഇങ്ങോട്ട് നാട്ടുഭാഷ എന്നത് നവോത്ഥാനത്തില്‍ ഉടനീളം ഒരു കേന്ദ്ര പദവി വഹിച്ച ആശയമാണ്. എബ്രഹാം മല്‍പാന്‍ കൂദാശകള്‍ എല്ലാം സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം എന്ന് വാദിക്കുന്നുണ്ട്. ഇസ്ലാമിന് അകത്തുള്ള നവീകരണ വാദികളില്‍ ഒരാളായ മക്തി തങ്ങള്‍, പ്രാര്‍ത്ഥനകള്‍ അറബിയില്‍ അല്ല വേണ്ടത് മലയാളത്തിലാണ് എന്ന് വാദിക്കുന്നുണ്ട്. വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും രാമായണവും മഹാഭാരതവും ഒക്കെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. അതൊന്നും വളരെ ലളിതമായ പരിശ്രമം ആയിരുന്നില്ല. വള്ളത്തോള്‍ രാമായണം വിവര്‍ത്തനം ചെയ്തതിന്റെ പിന്നാലെ അദ്ദേഹത്തിന് ചെവി കേള്‍ക്കാതെയായി. അപ്പോള്‍ യാഥാസ്ഥിതികര്‍ പറഞ്ഞത് രാമായണം വിവര്‍ത്തനം ചെയ്തതില്‍ നിന്നുള്ള ദൈവകോപം കൊണ്ടാണ് വള്ളത്തോളിനു കേള്‍വി നഷ്ടപ്പെട്ടത് എന്നാണ്. രാമായണം വിവര്‍ത്തനം ചെയ്തതുകൊണ്ടാണു കേള്‍വിശക്തി നഷ്ടപ്പെട്ടതെങ്കില്‍ ഋഗ്വേദം വിവര്‍ത്തനം ചെയ്യാന്‍ പോവുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് അദ്ദേഹം ഋഗ്വേദം വിവര്‍ത്തനം ചെയ്യുകയും അച്ചടിക്കുകയും നാട്ടുകാരെക്കൊണ്ട് ഏതാണ്ട് ഭീഷണിപ്പെടുത്തി വാങ്ങിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

ജാതിബന്ധങ്ങളുടെ ബലത്തെ ശിഥിലീകരിക്കാന്‍ പോന്ന ഒരു സാമൂഹിക ഇടം മിഷനറി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇവിടെ പലതരങ്ങളില്‍ രൂപപ്പെട്ടുവന്നു. അത് ഒരു ഭാഗത്ത് പൊതുവിദ്യാലയങ്ങളുടെ രൂപപ്പെടല്‍ വഴിയാണെങ്കില്‍ മറ്റൊരു ഭാഗത്ത് അച്ചടിയുടെയും വിജ്ഞാന വ്യവസ്ഥയുടെയും നവീകരണം എന്ന നിലയ്ക്കും ആണ്.

ധാരാളം പേര്‍ ഇത്തരം വിവര്‍ത്തനങ്ങള്‍ നടത്തുന്നു. മക്തി തങ്ങള്‍ വിശദീകരിച്ചത് അറബിയില്‍ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് എന്താണെന്ന് ദൈവത്തിന് മാത്രമേ മനസ്സിലാകൂ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്നാണ്. പ്രാര്‍ത്ഥിക്കുന്നവനിലും പ്രാര്‍ത്ഥിക്കുന്നവളിലും കുടികൊള്ളുന്നതാണ് ദൈവം എന്ന വാചകവും അദ്ദേഹം പറയുന്നു. ഇത് മനുഷ്യന്‍ എന്ന മൂല്യത്തിലേക്കുള്ള ഒരു മാറ്റമാണ്. ദൈവം എന്നത് ഒരു പ്രാര്‍ത്ഥന വാക്യമല്ല. അത് നിങ്ങള്‍ക്കു കൈവരുന്ന ഒരു അനുഭൂതിയാണ്. ഈ അനുഭൂതി നിങ്ങള്‍ക്ക് കൈവരണമെങ്കില്‍ എന്താണു പ്രാര്‍ത്ഥിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകണം. ഇംഗ്ലണ്ടിലാകട്ടെ കേരളത്തിലാകട്ടെ ജര്‍മ്മനിയിലാകട്ടെ നവോത്ഥാനത്തിന്റെ ഒരു പ്രധാന ശക്തി നാട്ടുഭാഷയ്ക്ക് വേണ്ടിയുള്ള ശ്രമമാണ്. നാട്ടുഭാഷയുടെ വ്യവസ്ഥപ്പെടലിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഇടങ്ങളില്‍ ഒന്ന് കേരളത്തില്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ആണ് എന്ന് ഞാന്‍ പറയേണ്ടതില്ല. ധാരാളം മുദ്രണാലയങ്ങള്‍ വന്നു, മാസികകള്‍ വന്നു. അവയില്‍ മതവിജ്ഞാനമാണ് കൂടുതലും ഉണ്ടായിരുന്നതെങ്കിലും ഭാഷ വ്യവസ്ഥപ്പെടാന്‍ തുടങ്ങുകയായിരുന്നു. മനോഹരമായ ഒരു ഗദ്യം ആ കാലത്ത് രൂപപ്പെട്ടു. ജോര്‍ജ് മാത്തനെ പോലുള്ളവര്‍ രൂപപ്പെടുത്തിയ ഗദ്യം വാസ്തവത്തില്‍ ഇപ്പോള്‍ മലയാളത്തില്‍ ഇല്ല. ഗുണത്തോട് സ്‌നേഹവും ദോഷത്തോട് വെറുപ്പും മനസ്സില്‍ ഉദിപ്പിക്കാന്‍ ജന്മഭാഷ പോലെ അന്യഭാഷ ഉതകുന്നതല്ല എന്നത് മാതൃഭാഷയുടെ മഹിമയായി അദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെ മാതൃഭാഷ എന്ന ആശയത്തെ സൈദ്ധാന്തികമായി സാധൂകരിച്ചുകൊണ്ടും അതിന് ധാരാളം ആവിഷ്‌കാരങ്ങള്‍ നല്‍കിക്കൊണ്ടുമുള്ള മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളാണ് കേരളീയ നവോത്ഥാനത്തിലെ മറ്റൊരു അടിസ്ഥാന ഘടകം.

ഇത്തരം ചര്‍ച്ചകളില്‍ ഒട്ടും ഇടം കിട്ടാനിടയില്ലാത്ത ഒരു കാര്യമാണ് അടുത്തത്, സംരംഭകത്വം. ബാങ്കുകള്‍ വരുന്നു, ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ വരുന്നു, ഇവയുടെ കൂട്ടായ്മയിലൂടെ സാമ്പത്തിക ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ വരുന്നു എന്ന് പറയാം. അതുവരെ സമ്പത്തിന്റെ കേന്ദ്രം പ്രഭുവോ രാജാവോ ഒക്കെയായിരുന്നുവെങ്കില്‍ പിന്നീട്, ചെറിയ ചെറിയ കൂട്ടായ്മകള്‍ ഉണ്ടാവുകയും സാമ്പത്തികവും സാമൂഹികവുമായ സംരംഭങ്ങള്‍ അവരുടെയൊക്കെ നേതൃത്വത്തില്‍ വികസിച്ചു വരികയും ചെയ്യുന്നു. മലയാള മനോരമ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി എത്തിയിരുന്നു. നെടുങ്ങാടി ബാങ്ക് ഉണ്ടാകുന്നു. ഇങ്ങനെയെല്ലാം ജനം എന്ന് വിളിക്കുന്ന ഒന്ന് സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് വരികയും പഴയ ഏകാധികാരങ്ങള്‍ക്ക് പകരം ജനാധികാരം ഉയര്‍ന്നു വരികയും ചെയ്യുന്നു.

ഇതിന്റെയൊക്കെ തുടര്‍ച്ചയിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നത്. എസ് എന്‍ ഡി പി യോഗം, എന്‍ എസ് എസ്, യോഗക്ഷേമ സഭ, പ്രത്യക്ഷ രക്ഷാ ദൈവസഭ, സാധുജന പരിപാലന സംഘം തുടങ്ങി പലതരത്തിലുള്ള സമുദായ നവീകരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായി. പലതിന്റെയും താത്പര്യങ്ങള്‍ പലതാണെങ്കിലും.

സമുദായ നവീകരണം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം സമുദായം എന്ന സങ്കല്‍പ്പത്തിന് അന്ന് വ്യത്യസ്തമായ ഒരു ഊന്നല്‍ ഉണ്ട് എന്നതാണ്. ഇന്ന് സമുദായം എന്നു പറഞ്ഞാല്‍ ഒരു പക്ഷേ ജാതി എന്ന് മാത്രമേ മനസ്സിലാക്കുന്നുള്ളൂ. അത്രയേ ഉള്ളൂ താനും. അന്ന് അങ്ങനെയല്ല. ജാതി ബന്ധങ്ങള്‍ക്കുള്ളില്‍ ജാതി മര്‍ദനത്തിന് ഇരയായിത്തീര്‍ന്ന സാമൂഹിക വിഭാഗങ്ങള്‍ സ്വയം സംഘടിക്കുകയും ജാതിവിമര്‍ശനപരമായി നിലകൊള്ളുകയും ചെയ്യുന്ന ഒരു പുതിയ സ്വത്വസ്ഥാനത്തെ സൂചിപ്പിക്കുന്നതായിട്ടാണ് സമുദായം എന്ന ആശയം വരുന്നത്. അതുകൊണ്ട് സമുദായത്തില്‍ രണ്ട് ഘടകങ്ങള്‍ ഉണ്ട്. അതു ജാതീയമായി നിര്‍മ്മിക്കപ്പെടുന്നതാണ്, പക്ഷേ ജാതിവിമര്‍ശനത്തില്‍ ഊന്നുന്നതാണ്. ജാതിവിമര്‍ശനം എന്നത് പ്രധാനമാണ്. ജാതിവിമര്‍ശനവും ജാതിബന്ധങ്ങളുടെ ശിഥിലീകരണവും വഴി ഒരു ആധുനിക സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തിനുവേണ്ടി ജാതിസ്വത്വങ്ങള്‍ തന്നെ പുതുതായി സംഘടിക്കുന്ന നിലയിലാണ് ജാതിസംഘടന എന്ന ആശയം കേരളത്തില്‍ ആദ്യം വരുന്നത്. പക്ഷേ പിന്നീട് അത് ദുര്‍ബലപ്പെട്ടു പോവുകയും ജാതിവിമര്‍ശനം എന്ന മൂല്യം ജാതിസംഘാടനത്തില്‍ പതിയെ പതിയെ ഇല്ലാതാവുകയും സമുദായം എന്നത് ജാതിയുടെ ഒരു പര്യായപദമാണ് എന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്തു. പക്ഷേ, സമുദായ പരിഷ്‌കരണത്തില്‍ ഈ ആധുനികതയിലേക്കുള്ള വലിയൊരു പരിശ്രമം കാണാന്‍ കഴിയും.

മറ്റൊന്ന് ഗുരുവിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടതും പലരും മുന്നോട്ടു കൊണ്ടു പോയതുമായ ആധ്യാത്മികതയുടെ നവീകരണമാണ്. ഗുരുവിനെ ഒറ്റയ്ക്ക് ഒരാള്‍ എന്ന നിലയില്‍ കാണുകയല്ല. നവോത്ഥാനത്തിന്റെ ഏതാണ്ട് എല്ലാ പ്രവണതകളെയും ഏറിയും കുറഞ്ഞും ഉള്‍ക്കൊണ്ടു നിന്ന വലിയൊരു സാന്നിധ്യമായിരുന്നു ഗുരുവിന്റേത് എന്ന് നമുക്കറിയാം. കേരളത്തിലെ ആദ്യത്തെ വ്യവസായ പ്രദര്‍ശനത്തിന്റെ അധ്യക്ഷനായിരുന്നത് നാരായണഗുരു ആണ്. ലോകത്തെവിടെയെങ്കിലും ഒരു സന്യാസി ഒരു വ്യവസായ പ്രദര്‍ശനത്തിന്റെ അധ്യക്ഷനായി ഇരിക്കുക എന്നത് സാധാരണ നിലയില്‍ ഉണ്ടാകില്ല. ഗുരു അത് ചെയ്തിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിന് സത്യാഗ്രഹികള്‍ സമ്മേളിച്ചത് ഗുരു സ്ഥാപിച്ച മഠത്തിലാണ്. ഗുരു ആ സമരവേദിയില്‍ ചെല്ലുകയും ശിവഗിരിയുടെ സംഭാവനയായി ആയിരം ഉറുപ്പിക കൊടുക്കുകയും അതിന്റേ മേല്‍നോട്ടത്തിനായി തന്റെ ശിഷ്യന്മാരെ പ്രത്യേകമായി ചുമതലപ്പെടുത്തുകയും ഒക്കെ ചെയ്യുന്നതും നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെ നവോത്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ പ്രവണതകളോടും സാമൂഹികമായി ബന്ധപ്പെടാന്‍ ശ്രമിക്കുക. മറുഭാഗത്ത് അതുവരെ നിലനിന്ന ദൈവഭാവനകളെ ആധുനികമായ ഒരു നീതിബോധത്തിന് ഇണങ്ങുന്ന മട്ടില്‍ പുനഃക്രമീകരിക്കുക. ദൈവദശകത്തിലും ആത്മോപദേശശകത്തിലും അനുകമ്പാദശകത്തിലുമൊക്കെ ഈ നവീകരണത്തിന്റെ അടയാളങ്ങള്‍ ധാരാളമായി കാണാന്‍ പറ്റും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൈവഭാവന എന്നതിനെ സാമൂഹിക ഭാവന തന്നെയാക്കി. അത് ചെറിയ കാര്യമല്ല. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന്റെ ഗുണത്തിനായ് വരേണം എന്നത് അദ്വൈതത്തിലേക്ക് അദ്ദേഹം സന്നിവേശിപ്പിച്ച ഒരു സാമൂഹികമൂല്യമാണ്.

'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍, അവനിയിലാദ്യമെയുള്ളൊരാത്മരൂപം' എന്നത് പഴയ ഒരു തത്വമാണ്. ഞാനും നീയും എന്നൊക്കെ അറിയുന്നത് ഒരേയൊരു ദൈവ ചൈതന്യമാണ് എന്നോ പ്രപഞ്ച ചൈതന്യമാണ് എന്നോ കാണാം. പക്ഷേ ഞാനും നീയും എന്ന വിഭജനത്തില്‍ ഒന്നുതന്നെയാണുള്ളത് എന്ന് പറയുകയും എന്റെ നിലനില്‍പ്പിന്റെ ആധാരം നീയാണ് എന്ന് പറയുകയും ചെയ്യുന്നതോടെ ദൈവഭാവനയ്ക്ക് ഒരുപാട് മാറ്റം വരുന്നു. ഇമ്മാനുവേല്‍ ലെവിനാസിനെ പോലൊരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ 'സെല്‍ഫ് അറ്റ് ദ കോസ്റ്റ് ഓഫ് ദ അദര്‍' എന്ന ആശയം പറയുന്നുണ്ട്. അതായത് അപരത്വത്തിന്റെ ആതിഥ്യത്തിലൂടെ നിലവില്‍ വരുന്നതാണ് ആത്മം എന്ന തത്വം. ഇത് ലെവിനാസ് ഇങ്ങനെ വിശദീകരിക്കുന്നതിന് ഒരു 100 കൊല്ലം മുമ്പ് തന്നെ ഗുരുവിന്റെ ചിത്തത്തില്‍ ഈ ആശയം വിരിയുന്നത് നിങ്ങള്‍ക്ക് കാണാം. അപരപ്രിയത്വം, അപരോന്മുഖത്വം എന്നത് ആത്മഭാവനയുടെയും ദൈവഭാവനയുടെയും കേന്ദ്രത്തിലേക്ക് ഗുരു കൂട്ടിക്കൊണ്ടുവരുന്നു. പൊതുവേ പറഞ്ഞാല്‍ പിന്നീട് ഇത് എല്ലാത്തിലേക്കും പടരുന്നു. വിജ്ഞാന സങ്കല്‍പ്പത്തിലും സാമൂഹികതയിലും ഒക്കെ ഈ അപരോന്മുഖത്വം ഉയര്‍ന്നുവരുന്നത് കാണാന്‍ കഴിയും.

അവസാനമായി ഒരു ഘടകം പറയാനുള്ളത് കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ വികസിച്ചുവന്ന യുക്തി ബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും വലിയ തോതിലുള്ള വ്യാപനമാണ്. സഹോദരന്‍ അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും കുറ്റിപ്പുഴ കൃഷ്ണപിള്ളയും ഒക്കെ വരുന്നു. ഇന്ന് യുക്തിബോധം എന്നു പറഞ്ഞാല്‍ താര്‍ക്കിക രതിയാണ്. നിങ്ങള്‍ ഒരാളെ തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ചാടി പുറപ്പെടുകയും തര്‍ക്കിച്ചു തോല്‍പ്പിച്ചു എന്ന് സ്വയം ആനന്ദിക്കുകയും ചെയ്യുന്നതിന്റെ പേരാണത്. ഈ ആനന്ദത്തിനപ്പുറം സാമൂഹികമായ നവീകരണം എന്ന വലിയ ലക്ഷ്യം പുലര്‍ത്തുന്ന ഒന്നായി യുക്തി ബോധം വികസിക്കുന്ന ഒരു ഘട്ടം കേരളത്തിന്റെ യുക്തിവിചാരത്തിന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ പറ്റും. ആ ഘട്ടത്തിലാണ് വി ടി യും കുറ്റിപ്പുഴയും അയ്യപ്പന്‍ മാഷും എം സി ജോസഫും പോലെയുള്ള നമ്മുടെ നവോത്ഥാനത്തിന്റെ തന്നെ വലിയ നേതൃത്വങ്ങള്‍ കേരളത്തിലെ യുക്തിവാദത്തിന്റെയും ശാസ്ത്രപ്രചാരണത്തിന്റെയും ഒക്കെ നായക ബിംബങ്ങളായി മാറുന്നത്.

മതനവീകരണം, ജാതി നശീകരണം, മധ്യവര്‍ഗത്തിന്റെ രൂപപ്പെടല്‍, കോളനിവാഴ്ച, മിഷനറി പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വത്തിന്റെ രൂപപ്പെടല്‍, വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുതിയ തരത്തിലുള്ള വ്യാപനം, സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, ആധ്യാത്മിക ഭാവനയുടെ പൊളിച്ചു പണിയല്‍, യുക്തിവിചാരത്തിന്റെയും ശാസ്ത്ര ബോധത്തിന്റെയും വ്യാപനം എന്നിവയാണ് നവോത്ഥാനത്തിന്റെ പല ധാരകള്‍.

ഉപസംഹാരം

ഒന്നുകൂടി ക്രമീകരിച്ചു പറയാം. മതനവീകരണം, ജാതി നശീകരണം, മധ്യവര്‍ഗത്തിന്റെ രൂപപ്പെടല്‍, കോളനിവാഴ്ച, മിഷനറി പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വത്തിന്റെ രൂപപ്പെടല്‍, വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുതിയ തരത്തിലുള്ള വ്യാപനം, സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, ആധ്യാത്മിക ഭാവനയുടെ പൊളിച്ചു പണിയല്‍, യുക്തിവിചാരത്തിന്റെയും ശാസ്ത്രബോധത്തിന്റെയും വ്യാപനം എന്നിവയാണ് നവോത്ഥാനത്തിന്റെ പല ധാരകള്‍. സൂക്ഷ്മമായി നോക്കിയാല്‍ ഇനിയും പല ഘടകങ്ങളെ നമുക്ക് കണ്ടെടുക്കാം. ഇവയെല്ലാം തമ്മില്‍ ചേര്‍ന്നുനില്‍ക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ശാസ്ത്രബോധം ആധ്യാത്മഭാവനയോട് ഇടയും, യുക്തിവിചാരം മത ചിന്തയോട് ഇടയും. അങ്ങനെ പലതരത്തിലുള്ള ഇടച്ചിലുകള്‍ ഒക്കെ ഉണ്ട്.

കൗതുകമുള്ള ഒരു കാര്യം പറയാം. കേരളത്തിലെ നവോത്ഥാനത്തിന്റെ മറ്റൊരു വലിയ പേരാണല്ലോ വാഗ്ഭടാനന്ദന്‍. വാഗ്ഭടാനന്ദന്‍ വന്ന് നാരായണ ഗുരുവിനോട് ഒരു ഘട്ടത്തില്‍ പറയുന്നത് അങ്ങയുടെ ഈ വിഗ്രഹ പ്രതിഷ്ഠയോട് ഞാന്‍ യോജിക്കുന്നില്ല എന്നാണ്. ഗുരു പറഞ്ഞു, ഞാനും യോജിക്കുന്നില്ല. ഗുരുവിനോട് ചോദിച്ചു, പിന്നെ എന്തിനാണ് ഇത് ചെയ്യുന്നത്? അത് നമുക്ക് വേണ്ടിയല്ലല്ലോ അവര്‍ക്കുവേണ്ടിയല്ലേ എന്നാണു ഗുരുവിന്റെ മറുപടി.

തന്റെ ഒരു ബോധ്യത്തെ സ്ഥാപിച്ചു ഉറപ്പിക്കുക എന്നതിനപ്പുറം സാമൂഹികമായ വിവിധ ഘടകങ്ങള്‍ ഗുരുവിന്റെ ശിഷ്യ പാരമ്പര്യത്തില്‍ പെടും. കുമാരനാശാനെ പോലുള്ള ഒരാള്‍, ഒരേസമയം വിവേകോദയം പത്രത്തിന്റെ പത്രാധിപനായി പ്രവര്‍ത്തിക്കുന്നു, ഓട്ട് കമ്പനിയുടെ മാനേജരായി പ്രവര്‍ത്തിക്കുന്നു, ചിന്താവിഷ്ടയായ സീതയും ലീലയും നളിനിയും പോലുള്ള പുതിയ കാവ്യരൂപങ്ങള്‍ എഴുതുകയും മനുഷ്യാനുഭവത്തിന്റെ പുതിയ പ്രകാരങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു. ഇത് മൂന്നും നവോത്ഥാന പ്രവര്‍ത്തനമാണ്. ഓട്ട് കമ്പനി നവോത്ഥാനമാണ്, പുതിയ കവിത നവോത്ഥാനമാണ്, പുതിയ പത്രവും നവോത്ഥാനമാണ്. ഇവ തമ്മില്‍ എല്ലായ്‌പ്പോഴും ചേരുമോ എന്ന് ചോദിച്ചാല്‍ ചേരണം എന്നൊന്നുമില്ല. ഈ വൈരുധ്യത്തിന്റെ നടുവില്‍ കൂടിയാണ് കേരളത്തില്‍ നവോത്ഥാനം വികസിച്ചു വന്നത് എന്ന് നാം മനസ്സിലാക്കണം. ഏകമുഖമായ ഒരു വഴിയിലൂടെ ഒരൊറ്റധാരയായി മതത്തേയോ, ഏതെങ്കിലും പ്രവണതയെയോ മുന്‍നിര്‍ത്തി ഉണ്ടായതല്ല. ബഹുവിധമായ പ്രവണതകളും ബഹുവിധമായ ധാരകളും തമ്മില്‍ തമ്മില്‍ കലര്‍ന്നും പോരടിച്ചും പലപ്പോഴും തമ്മില്‍ ഇണങ്ങിയും രൂപപ്പെട്ട വലിയ ഒരു പ്രക്രിയയാണ് നവോത്ഥാനം. ആ പ്രക്രിയയുടെ കേന്ദ്രത്തില്‍ ഉള്ളത് മാനവികതയും മാനുഷികതയെ മുന്‍നിര്‍ത്തുന്ന പൊതുജീവിതമൂല്യവുമാണ് എന്ന് പറയാം. മനുഷ്യന് മനുഷ്യത്വമാണ് ജാതി എന്നു വരുന്നു, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് വരുന്നു, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുവരുന്നു, നമ്പൂതിരിയെ മനുഷ്യനാക്കുക എന്നു വരുന്നു പുലയരും മനുഷ്യരാണ് എന്ന് വരുന്നു. ഇങ്ങനെ മനുഷ്യന്‍ എന്ന ഒരു പൊതുപ്രമാണത്തെ ഇതര വ്യവഹാരങ്ങള്‍ക്ക് മുകളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ആ മാനുഷികതയെന്ന മൂല്യത്തെ സാമൂഹിക വിവേചനങ്ങള്‍ക്കെതിരായ വലിയൊരു സമ്മര്‍ദ്ദം ആക്കി രൂപപ്പെടുത്തുന്ന ഒരു പ്രക്രിയയായി നമുക്ക് നവോത്ഥാനത്തെ കാണാം. ഒറ്റ വഴിയിലൂടെ സഞ്ചരിച്ചെത്തിയതല്ല.

ഈ മാനുഷികതയുടെ പുതുമണ്ഡലത്തെ ആകാവുന്നത്ര വെട്ടിക്കീറുന്ന ജാതിപരവും മതപരവും സാമുദായികവും ഒക്കെയായ വിഭാഗീയതകള്‍ അതിന്റെ പരമാവധി ശക്തി ആര്‍ജിച്ച ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് നവോത്ഥാനം എന്നത് ഒരു ഭൂതകാല സുവര്‍ണദശയാണ് എന്നൊന്നുമല്ല പറയുന്നത്. ഞാന്‍ കേരളീയ നവോത്ഥാനത്തിന്റെ കേന്ദ്രവാക്യമായി കരുതുന്നത് ഒരൊറ്റ വാക്കിനെയാണ്: സോദരത്വേന. ഇത് ഡീ യിലെ മെത്രാന്‍ പറയുന്നതായിട്ട് കേള്‍ക്കാം, ഫ്രഞ്ച് വിപ്ലവത്തില്‍ കേള്‍ക്കാം, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ കേള്‍ക്കാം, അരുവിപ്പുറത്ത് എഴുതിവെച്ച ശ്ലോകത്തിലും കേള്‍ക്കാം. സാഹോദര്യം എന്നത് ഒരു കേവലതത്വം ആകാതെ ഒരു സാമൂഹിക അനുഭവമാക്കി മാറ്റാന്‍ പോന്ന മട്ടിലുള്ള നിരവധി ബലങ്ങളുടെ സമ്മര്‍ദ്ദം 19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലെ ആരംഭങ്ങളിലും കേരളത്തില്‍ അരങ്ങേറുകയുണ്ടായി. അതിന്റെ ആകത്തുകയിലാണ് ഒരു ആധുനിക സമൂഹമായി കേരളം പരിണമിച്ചു വന്നത്. അതിനെ നവോത്ഥാനം എന്ന് വിളിക്കണമോ വേണ്ടയോ എന്നുള്ളത് മറ്റൊരു വിഷയമാണ്. പക്ഷേ ഈ വൈവിധ്യവും ഉള്ളിലെ ബഹുത്വവും വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ഏതെങ്കിലും ഒരു ഘടകത്തെ തമസ്‌കരിക്കാനോ ഏതെങ്കിലും ഒരു ഘടകത്തെ മാത്രമായി ഉയര്‍ത്തിക്കൊണ്ടുവരാനോ ഉള്ള ശ്രമത്തിന് ഇതിന്റെ ചരിത്രത്തോട് നീതി പുലര്‍ത്താനാവുകയില്ല. ഈ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക. ആ വൈവിധ്യങ്ങളിലാണ്, അവ തമ്മിലുള്ള പങ്കുവയ്പ്പിലാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ, ആധുനിക ജീവിതത്തിന്റെ വേരുകള്‍ എന്ന് മനസ്സിലാക്കുകയും ചെയ്യുക. ആ പങ്കുവയ്പ്പിന്റെ മൂല്യത്തെ എത്രത്തോളം നമുക്ക് ഇനിയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്നുള്ളതാണ് നവോത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ കാലത്തെ പ്രധാനപ്പെട്ട ചോദ്യം.

(വടവാതൂര്‍ അപ്പസ്‌തോലിക് സെമിനാരിയിലെ സിമ്പോസിയത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org