Latest News
|^| Home -> Cover story -> ”ഈ അനുഭവം ഇനി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ”

”ഈ അനുഭവം ഇനി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ”

Sathyadeepam

കഴിഞ്ഞ ജൂലൈ 28 മുതല്‍ സെപ്തംബര്‍ 5 വരെയുള്ള 40 ദിനരാത്രങ്ങള്‍ ഉണ്ണാതെയും ഉറങ്ങാതെയും കണ്ണീര്‍തോരാതെയും വേദനയുടെ നെരിപ്പോടില്‍ വെന്തുരുകിയ നിമിഷങ്ങളായിരുന്നു ഷീബയുടേത്. വനപാലകരുടെ കസ്റ്റഡിയില്‍ മരണമടഞ്ഞ പത്തനംതിട്ട ചിറ്റാറില്‍ കുടപ്പനക്കുളം പടിഞ്ഞാറേ ചെരുവില്‍ പി.പി. മത്തായി (പൊന്നു) എന്ന യുവ കര്‍ഷകന്റെ ഭാര്യയായ ഷീബയുടെ കണ്ണീര്‍ ഇനിയും തോരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത തന്റെ ഭര്‍ത്താവിന്റെ ഘാതകരെ കണ്ടെത്തണം. തങ്ങള്‍ക്കു നീതി ലഭിക്കണം എന്ന അപേക്ഷ മാത്രമാണു ഷീബയ്ക്കുള്ളത്.
അതുകൊണ്ടാണ് മത്തായി കൊല്ലപ്പെട്ട ജൂലൈ 28 മുതല്‍ സെപ്തംബര്‍ 5 വരെയുള്ള ദിവസങ്ങളില്‍ പ്രിയതമന്റെ മൃതദേഹം സംസ്‌ക്കരിക്കാതെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഷീബയ്ക്കു കഴിഞ്ഞത്. അതിന്റെ ഫലമായി, സാധാരണ കസ്റ്റഡി മരണം പോലെ വിസ്മൃതിയിലാകാമായിരുന്ന ഈ സംഭവം സംസ്ഥാനമാകെ ചര്‍ച്ചയായി ദേശീയ ശ്രദ്ധയാകര്‍ഷിച്ച് സിബിഐ അന്വേഷണത്തിലെത്തി നില്‍ക്കുന്നു.
ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ നീതി ലഭിക്കും വരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന ഷീബയുടെയും ബന്ധുക്കളുടെയും നിശ്ചയദാര്‍ഢ്യമാണ് സിബിഐ അന്വേഷണത്തിലേക്ക് കേസ് എത്തിച്ചത്. ജൂലൈ 28 ന് വൈകീട്ടാണ് മത്തായിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍നിന്നു പിടിച്ചു കൊണ്ടു പോകുന്നത്. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം കൃഷിയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മത്തായിയുടേത് ആത്മഹത്യയാണെന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നതായിരുന്നില്ല. മത്തായിയുടെ ദുരൂഹ മരണം അന്വേഷിച്ചു നിജസ്ഥിതി കണ്ടെത്തണമെന്ന ആവശ്യം ശക്തമായതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വിവിധ കര്‍ഷക കൂട്ടായ്മകളും പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നു.
ജാതി മത രാഷ്ട്രീയ ഭേദമെന്യെ എല്ലാവരും ഈ പോരാട്ടത്തില്‍ അണിചേര്‍ന്നു. ഭര്‍ത്താവിന്റെ മൃതദേഹത്തിനു കാവലിരുന്നു കൊണ്ടുള്ള ഷീബയുടെ സഹന സമരം ശക്തമായപ്പോള്‍ അധികാരികള്‍ക്കു നിലപാടു മാറ്റേണ്ടി വന്നു. സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഷീബയുടെ ഹര്‍ജിക്ക് ഹൈക്കോടതി അനുമതി നല്‍കി.
സിബിഐയുടെ അന്വേഷണത്തില്‍ നീതി കിട്ടുമെന്ന് വിശ്വസിക്കുന്ന ഷീബ നാലാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളെ ചേര്‍ത്തു പിടിച്ച് ഈ പോരാട്ട വഴിയില്‍, സഹന സമരത്തില്‍ തങ്ങളെ സഹായിച്ചവരെയും പിന്തുണച്ചവരെയും നന്ദിയോടെ സ്മരിക്കുകയാണ്. ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിച്ച ശേഷം അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുക്കൊണ്ട് കണ്ണീരൊഴുക്കിയും ഏറെ ക്ലേശിച്ചും സത്യദീപത്തോട് ഷീബ ഏതാനും വാക്കുകള്‍ ഉരുവിട്ടു.

പത്തനംതിട്ട ചിറ്റാറില്‍ കുടപ്പനക്കുളം പടിഞ്ഞാറേ ചെരുവില്‍ പി.പി. മത്തായി (പൊന്നു)

ഷീബയുടെ വാക്കുകളില്‍ നിന്ന്…
ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരുടെയും സഹായം ഞങ്ങള്‍ക്കു കിട്ടി. കര്‍ഷക കൂട്ടായ്മയുടെയും നാട്ടുകാരുടെയും വലിയ പിന്തുണയുണ്ടായിരുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും ഓടിയെത്തി ഞങ്ങളെ ആശ്വസിപ്പിച്ചു. മാധ്യമങ്ങളും വലിയ പിന്തുണ നല്‍കി. സ്ഥലം എം എല്‍ എ യും മറ്റു പ്രാദേശിക രാഷ്ട്രീയ നേതാക്കളും കൂടെ നിന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ സമീപനമായിരുന്നില്ല. ഉത്തരവാദപ്പെട്ടവര്‍ ഒന്നു ഫോണില്‍ വിളിക്കാനോ എന്തെങ്കിലും സഹായം ചെയ്യാനോ മുതിര്‍ന്നില്ല എന്നത് വേദന ഇരട്ടിയാക്കി. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാന്ത്വനവും സഹകരണവും ഉണ്ടായെങ്കിലും അവര്‍ക്കു പരിമിതികള്‍ ഉണ്ടല്ലോ.
സഭയുടെ ഭാഗത്തു നിന്നു വലിയ പിന്തുണയാണു കിട്ടിയത് എന്റെ ഇടവകാംഗങ്ങളും വികാരിയച്ചനും ഒപ്പം നിന്നു. വികാരിയച്ചന്‍ ദിവസേനയെന്നോണം വീട്ടില്‍ വന്ന് ആശ്വസിപ്പിച്ചിരുന്നു. അതുപോലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും കത്തോലിക്കാ സഭയും എനിക്കു പിന്തുണ നല്‍കി. ഇപ്പോഴും അതു തുടരുന്നു. മതമേലദ്ധ്യക്ഷന്മാരും കര്‍ഷകനേതാക്കളും സംഘടനകളും എന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ കൂടെ നിന്നവരാണ്.
അത്യാഹിതങ്ങളില്‍ ഏറെ തളര്‍ന്നു പോകുന്നത് പൊതുവേ സ്ത്രീകളാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ സമചിത്തതയോടെ തീരുമാനങ്ങള്‍ എടുക്കാനും മനോധൈര്യത്തോടെ നിയമ നടപടികള്‍ക്കായി മുന്നോട്ടു പോകാനും സാധിച്ചത് ദൈവാനുഗ്രഹം കൊണ്ടാണ്. മാത്രമല്ല. എന്റെ ഭര്‍ത്താവ് ആരായിരുന്നുവെന്ന് എനിക്ക് വ്യക്തമായി അറിയാം. ആ മനുഷ്യനെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ഒരിക്കലും കഴിയില്ല. എനിക്കതില്‍ പൂര്‍ണ ബോധ്യമുണ്ട്. കഴിഞ്ഞ ഒന്‍പതു വര്‍ഷം ഒന്‍പതു യുഗം പോലെയാണു ഞങ്ങള്‍ക്ക്. അദ്ദേഹത്തിന്റെ ആത്മാവ് എന്റെ കൂടെയുണ്ട് എന്ന തോന്നല്‍ കരുത്തു നല്‍കി. ദൈവത്തിന്റെ ശക്തിയും പ്രാര്‍ത്ഥനകളും ഈ വിഷമഘട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ തുണയായി.
സിബിഐ അന്വേഷണത്തിലൂടെ ഞങ്ങള്‍ക്കു നീതി ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷ. വ്യക്തിപരമായി എനിക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എന്റെ ഭര്‍ത്താവിന്റെ ദുരൂഹമരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു വരണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അദ്ദേഹത്തിന്റെ വിയോഗത്തോടെ അനാഥമായ ഞങ്ങള്‍ക്കു നീതി കിട്ടണം. ഇക്കാര്യത്തില്‍ ഞാനാദ്യം സൂചിപ്പിച്ചതു പോലെ ഞങ്ങള്‍ക്കു പിന്തുണയുമായി ഒപ്പമുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്‍ബലം വലിയ ശക്തിയാണ്. ഇക്കാര്യത്തില്‍ ഒരു ഭാഗത്തു നിന്നും എതിര്‍പ്പോ മുറുമുറുപ്പോ ഉണ്ടായിട്ടില്ല. എല്ലാവരും ഞങ്ങള്‍ക്കൊപ്പമാണ്.
മത്തായിയുടെ ദുരൂഹ മരണം സര്‍ക്കാര്‍ നയങ്ങളുടെ വികലതയാണോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. അതേപ്പറ്റി പറയാന്‍ എനിക്കറിയില്ല. എന്നാല്‍ ഒന്നുണ്ട്: ഈ അനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഇത്തരത്തിലൊരു ദുരന്തം ഒരു കുടുംബത്തിനും ഉണ്ടാകരുതേ എന്നാണെന്റെ പ്രാര്‍ത്ഥന.

Leave a Comment

*
*