കാലത്തിനതീതനായി ജീവിച്ച ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി

കാലത്തിനതീതനായി ജീവിച്ച ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി
Published on
പത്തൊമ്പതാം നൂറ്റാണ്ടില്‍ അഗതികള്‍ക്കുവേണ്ടി ജീവിച്ചു മരിച്ച ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളി എക്കാലത്തും പ്രസക്തമായ ജീവിതസാക്ഷ്യത്തിനുടമയാണ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി എക്കാലത്തും പ്രസക്തമായ ജീവിതസാക്ഷ്യത്തിനുടമയാണ്. ദരിദ്രരും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരുമായ പാവപ്പെട്ട മക്കള്‍ക്ക് അത്താണിയാകുവാന്‍ 1926 സെപ്റ്റംബര്‍ 8-ന് 'Home for the Aged' ചുണങ്ങംവേലിയില്‍ സ്ഥാപിച്ചു. അന്ന് കടത്തിണ്ണയിലും മരച്ചുവട്ടിലും ബസ്സ്റ്റാന്റിലും വഴിയോരത്തും അന്തിയുറങ്ങിയിരുന്ന അഗതിമക്കള്‍ക്ക് അത് വലിയ ആശ്വാസമായിരുന്നു; ഇന്നും.

ചുറ്റുപാടും കണ്ണോടിച്ചാല്‍ അന്ന് അഗതിമന്ദിരങ്ങള്‍ നാമമാത്രമായിരുന്നെങ്കില്‍ ഇന്ന് എല്ലാ തരത്തിലും അഗതിത്വം അനുഭവിക്കുന്നവര്‍ക്കുവേണ്ടിയുള്ള വ്യത്യസ്തതരം കാരുണ്യമന്ദിരങ്ങള്‍ സുലഭമാണ്. 'സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോട്, ശബ്ദമില്ലാത്തവരുടെ ശബ്ദത്തിനു നേരെ ചെവിയോര്‍ക്കുവാന്‍ തന്റെ പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സംസാരത്തിലൂടെയും വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ ദൈവമക്കളെ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. പറയുന്നതും ചെയ്യുന്നതും സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയ ആ തപോധനന്റെ വാക്കുകള്‍ക്ക് പ്രവാചകശബ്ദത്തിന്റെ മാറ്റൊലിയുണ്ടായിരുന്നു.'

ഇന്നും, ദൈവത്തിന്റെ ശബ്ദമായ ഫ്രാന്‍സിസ് പാപ്പായും ദരിദ്രരുടെ പക്ഷംചേര്‍ന്ന് സാമ്പത്തികമായി പുരോഗമിച്ച രാജ്യങ്ങളോട് ദരിദ്രരായ രാജ്യങ്ങളുടെ സ്ഥിതിവിശേഷങ്ങള്‍കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നു. പണത്തെ ബിംബമായി കാണരുതെന്നും അഭ്യര്‍ത്ഥിച്ചു. ദാരിദ്ര്യം ഉന്മൂലനം ചെയ്ത് ദാരിദ്ര്യമനുഭവിക്കുന്ന അഗതിമക്കളുമായി സാഹോദര്യം സ്ഥാപിക്കണമെന്ന പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ ഏറെ ശക്തമാണ്. ഹൃദയം കരുണാര്‍ദ്രസ്‌നേഹം കൊണ്ട് നിറയുന്ന ഏവരുടേയും അധരങ്ങളില്‍ നിന്നും അടര്‍ന്നു വീഴുന്ന വാക്കുകളാണിത്. 'പാവങ്ങളെപ്പറ്റി ചിന്ത വേണം എന്നു മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളൂ. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം'' (ഗലാ. 2:10) എന്ന വി. പൗലോസിന്റെ വാക്കുകളും ''ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്'' (യോഹ. 12:8) എന്ന ഈശോയുടെ വാക്കുകളും എക്കാലത്തും ശുശ്രൂഷ നല്‌കേണ്ട ഒരു വിഭാഗമാണ് ദരിദ്രര്‍ എന്ന് ദ്യോതിപ്പിക്കുന്നു.

ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ ദരിദ്രര്‍ക്കുവേണ്ടി നടത്തിയ പ്രസംഗങ്ങള്‍ നൂറുമേനി ഫലം കണ്ടു. ആലുവായിലെ പൗരപ്രമാണികള്‍ ജാതിമത വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു ചെവികൊടുത്ത് തങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്തു തുടങ്ങി. ഇന്നും അടിയന്തിര സാഹചര്യങ്ങളില്‍ (പ്രകൃതി ക്ഷോഭങ്ങള്‍, വെള്ളപ്പൊക്കം, പകര്‍ച്ച വ്യാധികള്‍) ജനം ഒറ്റക്കെട്ടായി നിന്ന് ജാതിമതവ്യത്യാസമില്ലാതെ പരസ്പരം കൈകോര്‍ക്കുന്നതു കാണുമ്പോള്‍ ആ ദൈവിക മനുഷ്യന്റെ ഓര്‍മ്മ മനസ്സില്‍ അലയടിക്കുന്നു.

കോവിഡാനന്തരകാലത്ത് സഭാസമൂഹത്തില്‍ നിന്നും മറ്റും അകന്നുപോയവരെ തിരികെ കൊണ്ടുവന്ന് കെട്ടുറപ്പുള്ള ഒരു ഇടവകയെ തിരിച്ചുപിടിക്കുന്നതിന് എല്ലാ രൂപതകളും തന്നെ നടപ്പാക്കുന്ന പദ്ധതിയാണ് 'ഹോം മിഷന്‍'. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കപ്പുറം വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ സഹോദരിമാരെ പഠിപ്പിച്ചതാണ് ഹോം മിഷന്‍. 'അടുത്തുള്ള ഭവനങ്ങള്‍ സന്ദര്‍ശിക്കുവാനും, രോഗത്തിലും വാര്‍ദ്ധക്യത്തിലുമുള്ളവരെയും പാവങ്ങളെയും സഹായിക്കുവാനും ശുശ്രൂഷിക്കുവാനും അദ്ദേഹം അവരെ പറഞ്ഞയച്ചിരുന്നു. അതനുസരിച്ച് ചുണങ്ങംവേലി പള്ളിയിലെ വി. കുര്‍ബാന കഴിഞ്ഞ് സഹോദരിമാര്‍ അടുത്തുള്ള വീടുകളില്‍പ്പോവുകയും മേല്‍പറഞ്ഞ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു'. 'നാമകരണ നടപടികളുടെ ചരിത്രകമ്മീഷന്റെ പ്രസിഡന്റായിരുന്ന ഫാ. തോമസ് പന്തപ്ലാക്കല്‍ പറയുന്നു: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയുടെ വലിയ ഒരു ദൗത്യം, പാവങ്ങളിലേക്ക്, അതിര്‍ത്തി വരമ്പുകളില്‍ തള്ളപ്പെട്ട നമ്മുടെ സഹോദരങ്ങളിലേക്ക് തിരിയുക .... എന്നതായിരുന്നു.'' എന്നാല്‍ ആ കൗണ്‍സിലിനു വളരെ മുമ്പു തന്നെ പരിശുദ്ധാത്മ നിവേശത്താല്‍, സഭയുടെ ഈ ദൗത്യത്തെ തിരിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കിയ ഒരു മഹാധിഷണശാലിയായ പുണ്യപുരുഷനായിരുന്നു ബഹുമാനപ്പെട്ട വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍.''

മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, സമൂഹമാധ്യമങ്ങളുടെയും അടിമകളാണ് നമ്മുടെ മിക്ക യുവജനങ്ങളും. അവരെ വീണ്ടെടുക്കാനും, അതില്‍നിന്ന് മോചിപ്പിക്കാനുമുള്ള ഏകമാര്‍ഗ്ഗം ദൈവികത നിറഞ്ഞ മാനുഷികതയാണെന്ന് പയ്യപ്പിള്ളി വര്‍ഗീസച്ചന്‍ തന്റെ വൃദ്ധമന്ദിരത്തിലെ അപ്പാപ്പന്മാരെ ശുശ്രൂഷിച്ചുകൊണ്ട് പഠിപ്പിച്ചു. 'സഹോദരങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ അവ എടുത്തുപറയുകയോ ചോദിക്കുകയോ ചെയ്ത് അവരെ കുറ്റപ്പെടുത്താതെ സൗമ്യമായ രീതിയില്‍ തിരുത്തിക്കൊടുക്കുന്ന സ്‌നേഹത്തിന്റെ രീതിയായിരുന്നു വര്‍ഗീസച്ചന്റേത്. മനുഷ്യരുടെ വ്യക്തിത്വത്തെ അദ്ദേഹം അങ്ങേയറ്റം ആദരിച്ചിരുന്നു.'

എക്കാലത്തും പ്രസക്തമായ ജീവിതസാക്ഷ്യം തന്റെ ജീവിതത്തിലൂടെ പ്രകടമാക്കിയ ഈ ധന്യപിതാവ് എറണാകുളം ജില്ലയില്‍ പെരുമാനൂര്‍ ഗ്രാമത്തില്‍ കോന്തുരുത്തി ഇടവകയില്‍ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി ലോനന്‍ -കുഞ്ഞുമറിയം ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമത്തെ മകനായി 1876 ഓഗസ്റ്റ് 8 ന് ഭൂജാതനായി. കാണ്ടി പേപ്പല്‍ സെമിനാരിയില്‍ നിന്ന് വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1907 ഡിസംബര്‍ 21-ാം തീയതി കാണ്ടി മെത്രാനില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. കടമക്കുടി (1909-1910), ആലങ്ങാട് (1910-1913, 1916-1918) ആരക്കുഴ (1920-1922) എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. 1921-ല്‍ മീന്‍കുന്നം സെന്റ് ജോസഫ്‌സ് പള്ളിക്ക് ആരംഭം കുറിച്ചു. രണ്ടു ഘട്ടങ്ങളിലായി അതിരൂപതയുടെ അന്നത്തെ ഏക ഹൈസ്‌കൂളായ ആലുവ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാനേജരായി (1913-1918) (1922-1929) ശുശ്രൂഷ ചെയ്തു. ഈ ശുശ്രൂഷ ചെയ്തു വരവെ, 1929 ഒക്‌ടോബര്‍ 5-ാം തീയതി ആ പാവനാത്മാവ് കര്‍ത്താവില്‍ വിലയം പ്രാപിച്ചു.

ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്റെ 93-ാം ചരമവാര്‍ഷിക ദിനത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന 2022 ഒക്‌ടോബര്‍ 5. ആ പാവനസ്മരണയ്ക്കു മുമ്പില്‍ സ്‌നേഹാഞ്ജലികള്‍ അര്‍പ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org