ഈ നോമ്പുകാലത്തില്‍ നമുക്കും ബസ്സില്‍ കയറാം

ഈ നോമ്പുകാലത്തില്‍ നമുക്കും ബസ്സില്‍ കയറാം
Published on
ഈശോ സഞ്ചരിച്ച യാത്രയില്‍ ബത്‌ലേഹം മുതല്‍ കാല്‍വരി വരെ കണ്ടവരെ എല്ലാം സ്വര്‍ഗത്തിലേക്കുള്ള വഴി കാണിക്കുകയായി രുന്നു. ഇന്നും നാമെല്ലാവരും കയറുന്നതും നോക്കി ആ ബസ് നമ്മുടെ അടുത്തു കൂടെയും ഓടിക്കൊണ്ടിരിക്കുകയാണ്.
  • ജയിംസ് ചക്കാലക്കല്‍

  • സെന്റ് മേരീസ് ഫൊറോന ചര്‍ച്ച്, കാഞ്ഞൂര്‍

കേരളത്തിലെ രണ്ടു ബസ് യാത്രകള്‍ പ്രധാന വാര്‍ത്തയായ ഒരു മാസമായിരുന്നു 2023 നവംബര്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനും ജീവനും സ്വത്തിനും കാവലാകേണ്ടവര്‍ കൈയൊഴിഞ്ഞപ്പോള്‍ മനക്കരുത്തുകൊണ്ടും കൈക്കരുത്തുകൊണ്ടും ഓടിയ 'റോബിന്‍ ബസും', കേരള ജനതയുടെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാം എന്ന വാഗ്ദാനത്തോടെ കേരള മന്ത്രിസഭ നടത്തിയ 'നവ കേരള യാത്ര'യും. ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്ന യാത്ര ഇതു രണ്ടുമല്ല.

ഈ യാത്ര ആരംഭിച്ചത് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബത്‌ലേഹമിലായിരുന്നു. ഒന്നും രണ്ടും വര്‍ഷമൊന്നുമല്ല ഈ വണ്ടി ഓടിയത്; നീണ്ട 33 വര്‍ഷങ്ങളാണ് ഈ വണ്ടി ഭൂമിയിലെ നിരത്തുകളിലൂടെ ഓടി നടന്നത്. വണ്ടിയുടെ മുതലാളിയും ഡ്രൈവറും എല്ലാം ഒരാള്‍ തന്നെ, എന്നാലും ആദ്യകാലങ്ങളില്‍ വണ്ടിയെ സംരക്ഷിക്കുവാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തിയിരുന്നു. പരിമിതികള്‍ക്കിടയില്‍ ആ തുന്നല്‍ക്കാരിയും മരപ്പണിക്കാരനും ചേര്‍ന്ന് തങ്ങളെ ഏല്‍പ്പിച്ച സംരക്ഷണ ചുമതല വളരെ ഭംഗിയായി നിറവേറ്റി.

കേരളത്തില്‍ ദിനംപ്രതി ഏറെ ബസ് യാത്രകള്‍ നടക്കാറുണ്ട്. എന്നാല്‍ ചിലത് മാത്രമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നതും നാം ഏവരും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതും. യാത്ര തുടങ്ങിയപ്പോള്‍ ഈ ബസ് ഒരു കുട്ടിബസായിരുന്നു. 12 വര്‍ഷങ്ങള്‍ക്കുശേഷം കുട്ടിബസ് കുറച്ചു വലുതായി ഒരു മിനിബസായി മാറി. അപ്പോഴാണ് അത് സംഭവിച്ചത്. ബസിന്റെ സംരക്ഷണ ചുമതലയുള്ളവരുടെ കയ്യില്‍ നിന്നും ബസ് നഷ്ടമായി. ഇന്നത്തെ കാലഘട്ടത്തിലുള്ള സി സി ടി വി ക്യാമറയും ജി പി എസ് സംവിധാനമൊന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ബസ് കണ്ടെത്തുവാന്‍ സംരക്ഷണ ചുമതലയുള്ളവര്‍ക്ക് മൂന്നു ദിവസം വേണ്ടിവന്നു.

അങ്ങനെ നീണ്ട 18 വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. ആ മിനിബസ് ഇപ്പോള്‍ ഒരു വലിയബസ് ആയി മാറിക്കഴിഞ്ഞു. അങ്ങെന ഒരു ദിവസം ഗലീലി കടല്‍ത്തീരത്തൂടെ കടന്നുപോകുമ്പോള്‍ രണ്ട് സഹോദരന്മാരേ ആ ബസിന്റെ കണ്ണില്‍പ്പെട്ടു. വേറെ യാതൊന്നും നോക്കാതെ അവരെ ആ ബസില്‍ കയറ്റി. ബസില്‍ കയറിവരാകട്ടെ പിന്നെ ഒന്നും ചിന്തിച്ചില്ല. ജീവിതമാര്‍ഗമായ വല ഉപേക്ഷിച്ച് ബസില്‍ ചാടിക്കയറി. പിന്നെയും ബസ് കുറച്ച് മുന്നോട്ടു നീങ്ങിയപ്പോള്‍ ഇതാ വീണ്ടും രണ്ട് സഹോദരങ്ങള്‍. അവര്‍ അവരുടെ അപ്പന്മാരൊടൊപ്പം വഞ്ചിയില്‍ വല ശരിയാക്കി കൊണ്ടിരിക്കുകയായിരുന്നു. അവരോട് ബസില്‍ കയറുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍, വഞ്ചിയും വലയും അപ്പനെയും എല്ലാം ഉപേക്ഷിച്ചു അവരും ചാടിക്കയറി. ബസിന്റെ ഓട്ടത്തിനിടയില്‍ മത്തായി എന്ന ഒരാള്‍ ചുങ്കം പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നതു കണ്ടു അവനെയും ബസില്‍ കയറ്റി; 'മനുഷ്യരെ പിടിക്കുന്നവരാക്കാം' എന്നു പറഞ്ഞ്. ഈ പറഞ്ഞ അഞ്ചു പേരെ മാത്രമല്ല ആകെ പന്ത്രണ്ടു പേരെയാണ് ആ ബസില്‍ കയറ്റിയത്.

കേരളത്തിലെ ഇപ്പോഴത്തെ ഒട്ടുമിക്ക ബസുകളിലും യാത്ര ആസ്വാദ്യകരമാക്കാന്‍ കാതടപ്പിക്കുന്ന ഹോണും സൗണ്ട് സിസ്റ്റവും എല്ലാമാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ബസില്‍ ആകട്ടെ സഞ്ചരിക്കുന്നവര്‍ക്കും ബസിന്റെ അടുത്ത് വരുന്നവര്‍ക്കും കേള്‍ക്കാന്‍ പാകത്തിന് നല്ല നല്ല സന്ദേശങ്ങള്‍, കഥകളാണ് ഈ ബസില്‍ നിന്നും കേള്‍പ്പിച്ചു കൊണ്ടിരുന്നത്.

ഒരിക്കല്‍ ഓട്ടത്തിനിടയില്‍ റേഡിയേറ്ററിലെ വെള്ളം കുറവായതുകൊണ്ട് നിറയ്ക്കാന്‍ സിക്കാര്‍ എന്ന പട്ടണത്തിലെ യാക്കോബിന്റെ കിണറിന്റെ അടുത്ത് ബസ് നിര്‍ത്തി. വെള്ളം കോരിയെടുക്കാനാകട്ടെ ബസിനകത്ത് സാമഗ്രികളൊന്നുമുണ്ടായിരുന്നില്ല. ഒരു സമരിയാക്കാരി വെള്ളം കോരാന്‍ എത്തി. അവളോട് കുറച്ച് വെള്ളം ആവശ്യപ്പെട്ടെങ്കിലും അവള്‍ വെള്ളം നല്‍കിയില്ല. രണ്ട് സമൂഹത്തിലായതുകൊണ്ടാണ് എന്നാണ് അവള്‍ വിശദീകരണം പറഞ്ഞത്. എന്നാലും സ്‌നേഹ സംഭാഷണങ്ങളിലൂടെ അവളെയും ബസില്‍ കയറ്റി. ബസ് കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ വലിയ ട്രാഫിക് ജാം. ആ തിക്കും തിരക്കിനുമിടയിലൂടെ ഒരു സ്ത്രീ ആ ബസില്‍ ഒന്നു തൊട്ടു. രക്തസ്രാവക്കാരിയായ അവള്‍ക്ക് രോഗശാന്തി ലഭിച്ചു. അവളെയും സന്തോഷപൂര്‍വം ബസില്‍ കയറ്റി വീണ്ടും മുന്നോട്ടു പോയപ്പോള്‍ അതാ ഒരുത്തന്‍ ബസില്‍ കയറാന്‍ ഏറെ ആഗ്രഹിച്ച് മരത്തിന്റെ മുകളില്‍ കയറിയിരിക്കുന്നു. ബസ് അവന്റെ അടുത്ത് നിര്‍ത്തി. ബസില്‍ ഇനിയും സീറ്റ് ബാക്കിയുണ്ട് കേറിക്കോളാന്‍ പറഞ്ഞു. സക്കേവൂസ് എന്നായിരുന്നു മരത്തിലിരുന്ന അവന്റെ പേര്. ബസ് പിന്നീട് പോയത് അവന്റെ വീട്ടിലേക്കാണ്. അപ്പോള്‍ അവന് വലിയ സന്തോഷം ഉണ്ടാവുകയാണ്, സന്തോഷം മാത്രമല്ല അവന്റെ ഹൃദയം തുറന്നു. അന്നുവരെ സമ്പാദിച്ചത് എല്ലാം മറ്റുള്ളവര്‍ക്കായി നല്‍കാന്‍ ഒരു പ്രചോദനം ലഭിക്കുകയും ചെയ്തു. വീണ്ടും ബസ് മുന്നോട്ടു പോയപ്പോള്‍ അതാ പത്തു കുഷ്ഠരോഗികള്‍ ബസില്‍ കയറിക്കോട്ടെ എന്ന് ചോദിക്കുന്നു. കയറിക്കോളാന്‍ പറഞ്ഞു. അവര്‍ 10 പേരും സുഖപ്പെട്ടു. അടുത്ത സ്റ്റോപ്പില്‍ ഒമ്പത് പേര്‍ ഇറങ്ങിപ്പോയി. ഒരാള്‍ ആ ബസില്‍ തന്നെ യാത്ര തുടര്‍ന്നു. അങ്ങനെയങ്ങനെ ബസ് മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോള്‍ കണ്ടുനിന്ന പലര്‍ക്കും അസൂയ തോന്നി.

എങ്ങനെയെങ്കിലും ഈ ബസ് നശിപ്പിക്കണം എന്ന ചിന്തയായി. ആരോപണങ്ങള്‍ ഉയര്‍ത്തി അവര്‍ ആ ബസിനെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ബസിന് സ്‌നേഹിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. ഘോര പീഡനത്തിനിടയിലും എന്നെക്കൂടി ബസില്‍ കയറ്റുമോ എന്ന് ഒരു കള്ളന്‍ ചോദിച്ചു. അവനെയും ബസില്‍ കയറ്റി പറുദീസ വാഗ്ദാനം ചെയ്തു. പീഡനങ്ങള്‍ക്കൊടുവില്‍ തകര്‍ന്നു തരിപ്പണമായി എന്‍ജിന്‍ നിലച്ച ആ ബസിനെ അവര്‍ ഒരു ഗുഹയില്‍ അടച്ചു. അങ്ങനെ ഗുഹയില്‍ കിടക്കേണ്ട ഒന്നല്ല ആ ബസ്. അതിന്റെ നിര്‍മ്മാതാവ് അങ്ങ് ഉയരങ്ങളിലിരിപ്പുണ്ട്. മൂന്നു ദിവസം കൊണ്ട് അതിനെ പണിതു പുതിയ രൂപത്തിലാക്കി ആര്‍ക്കും നശിപ്പിക്കാനാകാത്ത വിധം പുറത്തിറക്കി.

പ്രിയമുള്ളവരെ, ബസ് എന്ന് ഇവിടെ ഉദ്ദേശിച്ചത് യേശുക്രിസ്തുവിനെയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. ഇങ്ങനെ ഈശോ സഞ്ചരിച്ച യാത്രയില്‍ ബത്‌ലേഹം മുതല്‍ കാല്‍വരി വരെ കണ്ടവരെ എല്ലാം സ്വര്‍ഗത്തിലേക്കുള്ള വഴി കാണിക്കുകയായിരുന്നു. ഇന്നും നാമെല്ലാവരും കയറുന്നതും നോക്കി ആ ബസ് നമ്മുടെ അടുത്തുകൂടെയും ഓടിക്കൊണ്ടിരിക്കുകയാണ്. ഈ ലോകത്തിലെ ജീവിതത്തിനൊടുവില്‍ സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ ഈ നോമ്പുകാലത്ത് നമുക്കും ആ ബസില്‍ കയറാന്‍ ശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org