‘ലോക്ക് ഡൗൺ’ ക്രിയാത്മകമാക്കാം

‘ലോക്ക് ഡൗൺ’ ക്രിയാത്മകമാക്കാം


മായാറാണി വിപിന്‍

പ്രിയ കൂട്ടുകാരെ വേനല്‍ അവധിക്കാലം കൊറോണ അപഹരിച്ചു കളഞ്ഞോ? ബന്ധുവീടുകളില്‍ പോകാന്‍ കഴിയാതെ പുറത്തിറങ്ങി ക്രിക്കറ്റ് കളിക്കാന്‍ പറ്റാതെ എന്തിനേറെ ഒരു സിനിമയ്ക്കുവേണ്ടി തിയേറ്ററില്‍ പോകാന്‍ പോലും സ്കോപ്പില്ലാതായി, വീട്ടിലുള്ള അനുജനോടും ചേച്ചിയോടും ഒക്കെ ഗുസ്തിപിടിച്ചു അമ്മയുടെ അടിയും വാങ്ങി വീട്ടിലിരിപ്പാണോ എല്ലാവരും. നമുക്കു ഈ ലോക്ക് ഡൗണ്‍ ഒന്നു അടിപൊളിയാക്കിയാലോ….

ടൈം ടേബില്‍ നിര്‍ബന്ധമാക്കാം
രാത്രി എപ്പോഴെങ്കിലും കിടന്നുറങ്ങി. രാവിലെ വളരെ വൈകി എഴുന്നേല്ക്കുന്ന ശീലം നമുക്ക് അവസാനിപ്പിക്കാം. പതിവുപോലെ കാലത്തെ എഴുന്നേല്‍ക്കാം. ജോലി ചെയ്യാനും കളിക്കാനും പഠിക്കാനും, പ്രാര്‍ത്ഥിക്കാനും, ടിവി കാണാനും ഒക്കെ ഉള്ള സമയം നമ്മള്‍ കൃത്യമായി ക്രമീകരിക്കുകയും അതു ഫോളോ ചെയ്യുകയും വേണം.

വീട്ടില്‍ ഒരു അള്‍ത്താര
ദിവ്യബലിയില്‍ പങ്കെടുക്കാനും വേദപാഠ ക്ലാസ്സില്‍ പോകാനും നമുക്കു സാധിക്കുന്നില്ല എന്നോര്‍ത്ത് ഈശോയോടുള്ള അടുപ്പം ഒട്ടും കുറക്കാന്‍ പാടില്ല. വീട്ടില്‍ ഒരു മേശപ്പുറത്ത് മാതാവിന്‍റെയും യൗസേപ്പ് പിതാവിന്‍റേയും രൂപങ്ങള്‍ ഒക്കെ വച്ച് ബൈബിളും പൂക്കളും ഒക്കെ വച്ച് നമുക്കും ഒരു അള്‍ത്താര ക്രമീകരിക്കാം. ഒരു തിരി എപ്പോഴും കത്തിച്ചുവയ്ക്കാം. ഇടയ്ക്കിടെ സമയം കിട്ടുമ്പോള്‍ എല്ലാം അവിടെ ചെന്നിരുന്ന് ഒരു വിശ്വാസപ്രമാണം അല്ലെങ്കില്‍ കരുണകൊന്ത, ചില സുകൃതജപങ്ങള്‍ എത്രയും ദയയുള്ള മാതാവേ… ഇവയൊക്കെ ഉരുവിടാം. കുഞ്ഞുങ്ങളുടെ പ്രാര്‍ത്ഥന ഈശോ വേഗം കേള്‍ക്കും. അങ്ങനെ വൈറസിനെ പമ്പകടത്താനാവും.

അമ്മയ്ക്കുവേണം ഒരു കൈ – ഹെല്‍പ്
എല്ലാദിവസവും അമ്മയെ ഒത്തിരി ജോലി കളില്‍ നിങ്ങള്‍ക്കു സഹായിക്കാനാവും. പാത്രങ്ങള്‍ കഴുകി കൊടുക്കുക. ഭക്ഷണം കഴിഞ്ഞു മേശ തുടച്ചു വൃത്തിയാക്കുക. തുണികള്‍ വാഷിംഗ് മെഷീനില്‍ ഇടുക. ഉണങ്ങിയ തുണികള്‍ മടക്കിവയ്ക്കുക. കിടക്ക വിരിച്ച് വൃത്തിയാക്കുക. വാഷ് ബെയ്സണ്‍ കഴുകി വൃത്തിയാക്കുക. ഉള്ളി നന്നാക്കി കൊടുക്കാം. പച്ചക്കറികള്‍ വേര്‍തിരിച്ചു വയ്ക്കാം. ഫ്രിഡ്ജ് ക്ലീന്‍ ചെയ്യാം. അങ്ങനെ എണ്ണമില്ലാത്ത ജോലികള്‍ ഉണ്ട് അമ്മയ്ക്കു ചെയ്തു കൊടുക്കാന്‍.

കളി – കാര്യമാക്കാം
വെറുതെ വീഡിയോ ഗെയിം കളിച്ചു കളയാന്‍ നമുക്കു സമയമില്ല. പകരം വീഡിയോയില്‍ പുതിയ ആര്‍ട്ട് ആന്‍റ് ക്രാഫ്റ്റ് വര്‍ക്കുകള്‍ ഒക്കെ കണ്ട് അങ്ങനെ ചെയ്യാന്‍ പരീക്ഷിക്കാം. പുതിയ ഏതെങ്കിലും ഭാഷ കണ്ടെത്താം. ക്രിയേറ്റിവ് ആയ ഹെയര്‍ സ്റ്റൈലുകള്‍ പഠിക്കാം. മാത്സ് പസ്സില്‍ ചെയ്തു നോക്കാം. ഇങ്ങനെ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ യുടൂബിന്‍റെ സഹായത്തോടെ ഉപയോഗിക്കാന്‍ ശ്രമിക്കാം.

പഠനം മൊത്തത്തില്‍ അങ്ങു മറന്നേക്കല്ലേ….
കൊച്ചുകുട്ടികള്‍ മലയാളം, ഹിന്ദി അക്ഷരമാലകള്‍ എഴുതി പഠിക്കണം. പത്രവായന ശീലമാക്കുന്നത് ലോകവിവരങ്ങള്‍ അറിയാന്‍ മാത്രമല്ല; അക്ഷരങ്ങള്‍ മറക്കാതിരിക്കാനും ഇട തടവിടാതെ വായിക്കുന്നതിനും സഹായിക്കും. ഗുണനപട്ടികയും ഗ്രാമറുമൊക്കെ ഇടയ്ക്കിടെ ഒന്നു ഓര്‍ക്കുന്നതും എഴുതി നോക്കുന്നതും നല്ലതാണ്. പഴയ പുസ്തകങ്ങള്‍, എഴുതി തീര്‍ന്ന ബുക്കുകള്‍ ഒക്കെ എടുത്തുമാറ്റി പഠനമേശ വൃത്തിയാക്കി വയ്ക്കാം.

പ്രകൃതിയെ സ്നേഹിക്കാം
പ്രകൃതിയുടെ സൗന്ദര്യം നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ? രാവിലെ സ്കൂളില്‍ പോകാനുള്ള ഓട്ടപ്പാച്ചില്‍ അല്ലേ… രാവിലെ ഉണരുമ്പോള്‍ വീട്ടുമുറ്റത്തെ ചെടികളെ ഒക്കെ ഒന്നു തലോടാം. കുറച്ചു വെള്ളമൊക്കെ ഒഴിക്കാം. വൈകുന്നേരങ്ങളില്‍ ബാല്‍ക്കണിയില്‍ ഇറങ്ങിയിരുന്ന് പ്രകൃതിയിലേയ്ക്കു നോക്കി ഇരിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ ഭാവന വിടരട്ടെ. കൊച്ചു കൊച്ചു കഥകളും കവിതകളും എഴുതാന്‍ പറ്റിയ സമയം. സാധിച്ചാല്‍ നമ്മുടെ ഈ ലോക്ക് ഡൗണ്‍ കഴിയുമ്പോഴേയ്ക്കും ഒരു ചെറിയ പുസ്തകം തന്നെ എഴുതാന്‍ സാധിച്ചേക്കും…. മനസ്സുവച്ചാല്‍.

പുസ്തകങ്ങള്‍ വായിക്കാം… ഡയറി എഴുതാം…
ടിവി കാണലും, മൊബൈല്‍ – കമ്പ്യൂട്ടര്‍ കളികളും മാത്രമായാല്‍ നമ്മള്‍ നമ്മളല്ലാതാവും… hyper active കുട്ടികളായി എല്ലാവര്‍ക്കും ശല്യക്കാരിമായി മാറും. ഇതൊഴിവാക്കാന്‍ പുസ്തകം വായന നിര്‍ബന്ധമായും വേണം. കഥാ പുസ്തകങ്ങള്‍ ആവാം. മാസികകള്‍ ആവാം. വേണമെങ്കില്‍ ബൈബിള്‍ തന്നെ മുഴുവനും വായിച്ചു തീര്‍ക്കാനുള്ള അവസരമാണിത്. കൂടാതെ നിങ്ങള്‍ ചെയ്യുന്നതും വായിക്കുന്നതും ആയ കാര്യങ്ങള്‍ നിങ്ങളുടെ കൊച്ചു കൊച്ചു കണ്ടുപിടിത്തങ്ങള്‍ ഒരു ഡയറിയില്‍ എഴുതുകയും ആവാം. കൊറോണ കാലത്തെ അനുഭവങ്ങളായി നമ്മുക്കു പിന്നീട് പ്രസിദ്ധീകരിക്കാമെന്നേ….!

ഗ്രാന്‍റ് പേരന്‍റ്സിനും കസിന്‍സിനും വേണ്ടി – 1 hour
അവധിക്കാലത്ത് നമ്മെ കാത്തിരിക്കുന്ന വല്യപ്പച്ചനും വല്യമ്മച്ചിയും ഇപ്പോള്‍ സങ്കടത്തിലാവും. എന്നും അവരെ ഫോണില്‍ വിളിക്കണം. വീഡിയോ കാള്‍ ചെയ്യണം. കസിന്‍സിനെ യൊക്കെ ഇങ്ങനെ നമുക്കു ചേര്‍ത്തു നിര്‍ത്താം. നിങ്ങളുടെ ആക്ടിവിറ്റീസ് ഒക്കെ അവരെ കാണിച്ചു കൈയ്യടി നേടാം… ബന്ധങ്ങള്‍ വളരട്ടെ ലോക്ക് ഡൗണ്‍ നമ്മെ തളര്‍ത്തുകയല്ല; സ്നേഹത്തില്‍ കൂടുതല്‍ ഐക്യപ്പെടാന്‍ സഹായിക്കട്ടെ.

(ലേഖിക ഹയര്‍സെക്കന്‍ററി വിഭാഗം അധ്യാപികയാണ്. ടെലിവിഷന്‍ ചാനല്‍ അവതാരക, മോട്ടിവേഷണല്‍ സ്പീക്കര്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org