ലോക്ക്ഡൗണിലെ ഇഴയടുപ്പങ്ങൾ

ലോക്ക്ഡൗണിലെ ഇഴയടുപ്പങ്ങൾ


ഫാ. ജോയ്സണ്‍ പുതുശ്ശേരി

അസി. ഡയറക്ടര്‍, ഫാമിലി അപ്പസ്തോലേറ്റ്, എറണാകുളം

നമ്മില്‍ പലരും ഫ്ളൈറ്റില്‍ യാത്ര ചെയ്തിട്ടുള്ളവരാണ്. ശരാശരി 800 കിലോമീറ്റര്‍ വേഗത്തില്‍ ആകാശത്ത് അത് പറക്കുമ്പോള്‍ ഉള്ളലിരിക്കുന്ന നമുക്ക് വളരെ ചെറിയ വേഗത്തില്‍ നീങ്ങുന്നതുപോലെയോ ഒട്ടും അനക്കമില്ലാത്തതുപോലെയുമാണ് തോന്നാറുള്ളത്. എന്നാല്‍ ലാന്‍റിംഗ് ആരംഭിക്കുമ്പോള്‍ മുതല്‍ നാം വേഗത കൂടുതലായി അനുഭവിക്കുവാന്‍ തുടങ്ങും. അപ്പോഴേയ്ക്കും വേഗത ഒരുപക്ഷേ നന്നായി കുറഞ്ഞിട്ടുണ്ടാകും. ആകാശത്ത് തലങ്ങിനും വിലങ്ങിനും സഞ്ചരിച്ചിരുന്ന ഫ്ളൈറ്റുകളെല്ലാം വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പോലെയാണ് ഈ ലോക്ക്ഡൗണ്‍ കാലം നമുക്ക്. ജീവിതത്തിന് ഇത്രയും വേഗത ഉണ്ടായിരുന്നോയെന്ന് ലോക്ക്ഡൗണ്‍ മുന്‍പ് ഒരുപക്ഷെ ഇത്ര അവബോധത്തോടെ നാം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

ജര്‍മ്മന്‍ തത്ത്വചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗര്‍ മനുഷ്യന്‍റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പദമാണ് Dasein (to be there). "അവിടെയായിരിക്കല്‍" – ലോകത്തിലേക്ക് എറിയപ്പെടല്‍ എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരമോ അഭിപ്രായപ്രകാരമോ അല്ല ഇത് നടക്കുന്നത്. ഈ എറിയപ്പെടല്‍ മൂര്‍ത്തമായ ഒരു സന്ദര്‍ഭത്തില്‍ അനുഭവിച്ചു തീരേണ്ടതാണ്. നിരത്തുകളില്‍നിന്ന്, ഓഫീസുകളില്‍നിന്ന്, ആഘോഷങ്ങളില്‍നിന്ന്, ആരാധനാലയങ്ങളില്‍നിന്ന്, കൂട്ടായ്മകളില്‍നിന്ന്, പഠനക്ലാസ്സുകളില്‍ നിന്ന്, ബിസിനസ്സുകളില്‍നിന്ന്, ഷോപ്പിംഗ് മാളുകളില്‍നിന്ന് മനുഷ്യന്‍ അപ്രത്യക്ഷ്യനായി വീട്ടിലേക്കും വീട്ടിലെ മുറികളിലേക്കും ഒതുങ്ങുകയും വളരുകയും ചെയ്ത ഒരു Dasein അനുഭവമാണ് ഈ ലോക്ക്ഡൗണ്‍. പലതരത്തിലാണ് നാമ്മെല്ലാവരും ഒരു കുടുംബം എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഇതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ ടിക്ക് ടോക്കിന്‍റെ മൂന്നു വീഡിയോകള്‍ എനിക്കയച്ചു കിട്ടി. സുന്ദരമായ അഭിനയമുള്ള രസകരമായ വീഡിയോകള്‍. മൂത്തകുട്ടി എന്നെ വിളിച്ചു പറഞ്ഞു, 'അച്ചനും വാ നമുക്ക് ലോക്ക്ഡൗണ്‍ അടിച്ചുപൊളിക്കാം.' വീട്ടിലെ ജോലികള്‍ വേഗം ചെയ്തു തീര്‍ത്ത് കുടുംബം ഒരുമിച്ച് വീഡിയോകള്‍ തയ്യാറാക്കുകയാണ്. അപ്പനും അമ്മയും അഭിനയിക്കുന്നു. മൂത്തയാള്‍ രംഗം സജ്ജീകരിക്കുന്നു. രണ്ടാമത്തെയാള്‍ വീഡിയോ എടുക്കുന്നു. മൂന്നാമത്തെയാള്‍ മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു. ഒരു കുടുംബം മുഴുവനും അതില്‍ വ്യാപൃതരാവുകയാണ്. ഒരുമിച്ച് സന്തോഷിക്കുന്നു, ബന്ധങ്ങള്‍ വളര്‍ത്തുകയാണ്. മറ്റൊരു ദമ്പതികള്‍ മക്കളുടെ അടുത്തുപോയി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗവണ്‍മെന്‍റ് അവരെ 'ഹോം ക്വാറന്‍റൈനി'ലാക്കി. പിന്നീട് അവരുടെ അനുഭവം എന്നോട് പങ്കുവച്ചപ്പോള്‍ പറഞ്ഞത്, 'ഞങ്ങളുടെ ജീവിതത്തിലെ ഒരു രണ്ടാം പ്രണയകാലമായിരുന്നു ഇത് എന്നാണ്. കോവിഡു കാലത്തെ ഈ പ്രണയത്തെക്കുറിച്ച് ഒരു പസ്തകമെഴുതണമെന്നുണ്ട്.' മറ്റൊരു കുടുംബത്തിലെ അമ്മ പറഞ്ഞത് 'വര്‍ക്ക് അറ്റ് ഹോം' കഴിഞ്ഞ് മകള്‍ ആ അമ്മയോടു കൂടുതല്‍ സ്നേഹത്തോടെ പെരുമാറിയതിനെക്കുറിച്ചും പാചകം ചെയ്യാന്‍ സഹായിച്ചതിനെക്കുറിച്ചുമാണ്.

പലരും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായി. ഇടവകകളിലും സന്നദ്ധസംഘടനകളിലും ലഭിച്ച ചലഞ്ചുകള്‍ക്കു കുടുംബമൊരുമിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു. ചിലര്‍ വരക്കാനും എഴുതാനുമുള്ള കഴിവുകളെ പൊടിതട്ടിയെടുത്തു. മറന്നു പോയ കൃഷിപാഠങ്ങളെ ഓര്‍മ്മിച്ചെടുത്ത് പറമ്പിലും, ടെറസ്സിലും, ഒഴുകുന്ന ജലാശയത്തിലുമൊക്കെ വീട്ടുകാരൊപ്പം കൃഷി ചെയ്തവരുമുണ്ട്. അങ്ങനെ ഈ ലോക്ക് ഡൗണ്‍ കാലഘട്ടം ബന്ധങ്ങളെ ആഴപ്പെടുത്തി മുറിയും വീടും അതിജീവനത്തിന്‍റെയും ക്രീയാത്മകതകളുടെയും ഇടങ്ങളാക്കി സന്തോഷത്തിന്‍റെ വസന്തങ്ങള്‍ വിരിയിച്ചവര്‍ ഏറെയാണ്. അതേസമയം തന്നെ കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ട ഇടങ്ങള്‍ കുറ്റപ്പെടുത്തലിന്‍റെയും ഒറ്റപ്പെടുത്തലിന്‍റേയും ഗാര്‍ഹിക പീഢനങ്ങളുടേയും ദുരന്തഭൂമികളാക്കി ജീവിതത്തിന്‍റെ രസം നഷ്ടപ്പെടുത്തിയവരുമുണ്ടാകാം. അതുകൊണ്ട് ഈ ലോക്ക്ഡൗണ്‍ കാലഘട്ടം ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ പരിശോധിക്കുന്ന കാലമായി മാറുകയാണ്.

അമേരിക്കന്‍ സൈക്കോളജിസ്റ്റായ മുറെ ബോവന്‍ പറയുന്നത് മനുഷ്യബന്ധങ്ങള്‍ നയിക്കപ്പെടുന്നത് പരസ്പരം സംതുലനപ്പെടുത്തുന്ന രണ്ടു ജീവശക്തികള്‍ വഴിയാണ് – വ്യക്തിത്വ സവിശേഷതയും (individuality) കൂട്ടായ്മയും (togetherness). എല്ലാവരും സൗഹൃദവും അല്പം സ്വാതന്ത്ര്യവും ആവശ്യമുള്ളവരാണ്. ഇത് ഏറ്റവും നല്ല രീതിയില്‍ പ്രായോഗികമായി പരിശീലിപ്പിക്കപ്പെടുന്ന ഇടം കുടുംബമാണ്. ചിലരെങ്കിലും മക്കള്‍ യൂറ്റൂബ് നോക്കിയും അല്ലാതെയും പുതിയൊരു ഭക്ഷണം പാകം ചെയ്തത് അവരെ അഭിനന്ദിച്ചപ്പോള്‍ അവരുടെ individuality യെ അംഗീകരിക്കുകയും കുടുംബാംഗങ്ങളുടെ അഭിനന്ദനം അവര്‍ സ്വീകരിക്കുകയും ചെയ്തപ്പോള്‍ ബന്ധങ്ങള്‍ വളരുകയാണ് ചെയ്തത്.

ഫാമിലി സിസ്റ്റം തെറാപ്പി വീക്ഷണത്തില്‍ ഒരു വ്യക്തിയെ കുടുംബമെന്ന സംവിധാനത്തിലെ ഒരു ഘടകം മാത്രമായാണ് കാണുന്നത്. അതുകൊണ്ട് കുടുംബങ്ങളിലുണ്ടാകുന്ന ചെറിയ ഒരു ചലനം പോലും കുടുംബം മുഴുവനുമുള്ള അന്തരീക്ഷത്തെ സ്വാധീനിക്കും, പ്രത്യേകിച്ച് വൈകാരിക ബന്ധങ്ങളെ, ഒരു ബട്ടര്‍ഫളൈ ഇഫക്ട് പോലെ. അതുപോലെതന്നെ കുടുംബാംഗങ്ങളുടെ പ്രതികരണങ്ങള്‍ ആ വ്യക്തിയെയും. ഭര്‍ത്താവ് ഭാര്യയ്ക്ക് പതിവിനു വിപരീതമായി അടുക്കളയില്‍ സഹായിച്ചപ്പോള്‍ ഭാര്യയില്‍ ഉയിര്‍ക്കൊള്ളുന്ന പോസറ്റീവ് എനര്‍ജിയുടെ ആന്തോളനങ്ങള്‍ ആ കുടുംബം മുഴുവനും ഊര്‍ജ്ജമായി പൊതിഞ്ഞു നില്‍ക്കും. തങ്ങളുടെ കഴിവുകള്‍ ആദ്യമായി പ്രകടിപ്പിച്ചതും പല പരീക്ഷണങ്ങള്‍ക്കും കുട്ടികള്‍ മുതിരുന്നതും ഭവനങ്ങളിലാണ്. ഡാന്‍സ് ചെയ്യുന്നതിന്‍റെയും, പാട്ടുപാടുന്നതിന്‍റെയും വീഡിയോകള്‍ പ്രോത്സാഹനമായി നിന്ന സഹോദരങ്ങളും മാതാപിതാക്കളും തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. അതുകൊണ്ട് കുടുംബം എന്നത് ഏറ്റവും സുരക്ഷിതത്വം ഉള്ള ഇടമാണ് (safe haven). ഇത് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റവും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ നടക്കുന്ന, ഏറ്റവും കൂടുതല്‍ മനസ്സിലാക്കലുകള്‍ നടക്കുന്ന/നടക്കേണ്ട ഇടങ്ങളാണ്. സുരക്ഷിതത്വത്തിന്‍റെ വേരുകളുള്ള ഇവിടെ കൂടുതല്‍ ഫോക്കസ്സ് ചെയ്യപ്പെടുന്നത് കരുതലും വാത്സല്യവും ആണെങ്കില്‍ അവിടെ പ്രകാശവും ഊര്‍ജ്ജവും പൊട്ടിച്ചിരികളും ഉണ്ടാവും. മറിച്ച് പരസ്പരം മനസ്സിലാക്കാതെ പോരായ്മകളും കുറ്റപ്പെടുത്തലുകളും ആണെങ്കില്‍ അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും.

അതേ സമയം തന്നെ ഓരോ കുടുംബത്തിലെ ഓരോ അംഗവും ഈ കാലഘട്ടത്തോട് പ്രതികരിച്ചത് തികച്ചും വ്യത്യസ്തമായിട്ടാണ്. ഓരോരുത്തരുടെയും ചിന്തകളും ആവശ്യങ്ങളും വ്യത്യസ്തമാണ്. സന്തോഷം പലപ്പോഴും മനുഷ്യന്‍റെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ വില്ല്യം ഗ്ലാസ്സെറിന്‍റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ നയിക്കപ്പെടുന്നത് ജനിച്ചു വീഴുമ്പോള്‍തന്നെ ജനിതകപരമായി ഉള്‍ച്ചേര്‍ക്കപ്പെട്ട അഞ്ച് ആവശ്യങ്ങളാലാണ് (genitically encoded five needs). 1) അതിജീവനം (survival) 2. സ്നേഹവും ഉടമത്തവും (love and belongingness) 3. അധികാരം (power) 4. സ്വാതന്ത്ര്യം (freedom) 5. വിനോദം (fun). ഈ ആവശ്യങ്ങള്‍ സംതൃപ്തമാക്കപ്പെടുന്നുണ്ടെങ്കില്‍ വ്യക്തികള്‍ സന്തോഷമുള്ളവരായിരിക്കും. ഇല്ലെങ്കില്‍ നിരാശയ്ക്കും ദുഃഖത്തിനും വൈകാരികമായ അസന്തുലിതാവസ്ഥയ്ക്കും അതു കാരണമാകും. ജീവിതത്തിന്‍റെ പരിശ്രമങ്ങള്‍ പലപ്പോഴും ഈ ആവശ്യങ്ങളെ ബോധപൂര്‍വ്വമോ അല്ലാതെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള താകാറുണ്ട്. അതുകൊണ്ട് ജീവിതം വെച്ചുനീട്ടുന്ന അനന്തമായ തെരഞ്ഞെടുപ്പുകളുടെ സാധ്യതകളോട് മിക്കവാറും ഒരാള്‍ പ്രതികരിക്കുന്നത് ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായിരിക്കും. ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച് തങ്ങളുടെ ആവശ്യങ്ങളെ സാക്ഷാത്ക്കരിച്ചവര്‍ അനവധിയാണ്. കലാസൃഷ്ടി നടത്തിയവര്‍, സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, സംഗീതത്തിലേക്ക്, വരകളിലേക്ക്, വായനകളിലേക്ക് ചേക്കേറിയവര്‍, സോഷ്യല്‍മീഡിയയില്‍ സാന്നിധ്യം സജീവമാക്കിയവര്‍, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവാക്കിയവര്‍… ഏതാനും ഉദാഹരണങ്ങള്‍ മാത്രം. അപ്രതീക്ഷിതമായി വീണു കിട്ടുന്ന സമയം ഉപയോഗപ്പെടുത്തുന്ന രീതി ഒരു വ്യക്തിയുടെ അഭിരുചികളിലേക്കും സവിശേഷതകളിലേക്കും കൃത്യമായ വെളിച്ചം വീശുന്നുണ്ട്.

സഭാപ്രസംഗകന്‍ പറയുന്ന തുപോലെ എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴിലുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട് (സഭാ. 3:1). 100 കിലോമീറ്റര്‍ വേഗതയിലും 50, 10 കിലോ മീറ്ററുകളിലും ഓടുന്ന വണ്ടികളിലും നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലും ഇരിക്കുന്നവര്‍ കാണുന്ന കാഴ്ചകളില്‍ വ്യത്യാസമുണ്ട്, ആസ്വാദ്യതകളിലും വ്യത്യാസമുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലഘട്ടം നന്നായി ചിലവഴിക്കുവാന്‍ നമ്മില്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ടാകാം. മറ്റു ചിലര്‍ക്ക് അതു സാധിച്ചിട്ടില്ലായിരിക്കാം. സാധിച്ചവര്‍ക്ക് അത്തരം സാധ്യതകളെ കൂടുതല്‍ ക്രിയാത്മകമാക്കാനും ബലപ്പെടുത്തുവാനും സാധിക്കട്ടെ. സാധിക്കാത്തവര്‍ക്ക് ആത്മപരിശോധനയ്ക്കും അര്‍ത്ഥപൂര്‍ണ്ണമായി സമയം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ബന്ധങ്ങളെ ആഴപ്പെടുത്തി ജീവിതം കൂടുതല്‍ പ്രസാദാത്മകമാക്കുന്നതിനെക്കുറിച്ചും പ്രത്യാശയോടെ ചിന്തിക്കുവാനും ഈ സമയം സഹായകരമാകട്ടെ. എല്ലാ പോസിറ്റീവ് ചിന്താഗതിക്കാരും ലോകത്തെ പ്രേരിപ്പിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമായ അസ്ഥിത്വം (meaningful existence) ഉണ്ടാകേണ്ടതിനെക്കറിച്ചാണ്. ഇപ്പോള്‍ ഇവിടെ (here and now) കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്നത് നമ്മുടെ ജീവിത താളമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org