സമകാലികസഭയ്ക്കു സ്‌നേഹപൂര്‍വം

സമകാലികസഭയ്ക്കു സ്‌നേഹപൂര്‍വം

അഭിമുഖം / ബിഷപ് തോമസ് ചക്യത്ത്

23 വര്‍ഷം മംഗലപ്പുഴ സെമിനാരിയില്‍ അദ്ധ്യാപകനും 14 വര്‍ഷം എറണാകുളം-അങ്കമാലി അതിരൂപ താ സഹായമെത്രാനുമായിരുന്ന ബിഷപ് തോമസ് ചക്യത്ത് 2012-ല്‍ വിരമിച്ചു. സന്യസ്തരുടെ പരിശീലന ഭവനമായ ചൂണ്ടിയിലെ നിവേദിതയില്‍ വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോള്‍ ബിഷപ് ചക്യത്ത്. നിവേദിതയുടെ സ്ഥാപക ഡയറക്ടറാണ് അദ്ദേഹം. സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബിഷപ് ചക്യത്ത് സാമൂഹ്യചലനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നയാളാണ്. ഗ്രന്ഥരചനയും പ്രഭാഷണങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി സജീവമാണ് അദ്ദേഹത്തിന്റെ ദിവസങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്കു ശേഷം ബിഷപ് ചക്യത്ത് എഴുതിയ "ഫ്രാന്‍സിസ് മാര്‍പാപ്പ യ്ക്കു സ്‌നേഹപൂര്‍വം" എന്ന പുസ്തകം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സമകാലികസഭയോടു സ്‌നേഹപൂര്‍വം ചില കാര്യങ്ങള്‍ പറയുകയാണ് നിവേദിതയില്‍ വച്ചു നടത്തിയ അഭിമുഖത്തില്‍ ബിഷപ് തോമസ് ചക്യത്ത്.

? മാര്‍പാപ്പയെക്കുറിച്ചുള്ള പുസ്തകത്തിന് അവതാരിക എഴുതിയത് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട മൗലവിയാണ്. ആശംസയെഴുതിയത് സ്വാമി ശിവസ്വരൂ പാനന്ദ. പ്രകാശനം ചെയ്തത് സാനുമാഷും. പാപ്പായുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ടു കാര്‍ഡിനല്‍മാര്‍ കേരളത്തിലുണ്ടായിരിക്കെ അവരെയാരെയും അവതാരികയ്‌ക്കോ ആശംസയ്‌ക്കോ വേണ്ടി സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്?

മാര്‍പാപ്പ എല്ലാവരുടേയുമാണ്. മാത്രവുമല്ല, അദ്ദേഹം അര്‍ജന്റീനായില്‍ ആര്‍ച്ചുബിഷപ്പായിരുന്നപ്പോള്‍ എഴുതിയ ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ഒരു യഹൂദ റബ്ബിയാണ്, അബ്രാഹംസ്‌കോര്‍ക. അദ്ദേഹം പാപ്പായുടെ അടുത്ത സുഹൃത്താണ്. ഒരു കാര്‍ഡിനലിന്റെ പുസ്തകത്തിനു യഹൂദ റബ്ബി അവതാരിക എഴുതുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാകും.

? പോള്‍ ആറാമന്‍ മുതലുള്ള മാര്‍പാപ്പമാരെ കാണുകയും അവരുടെ സംഭാവനകളെക്കുറിച്ചു പഠിക്കുകയും ചെയ്തിട്ടുള്ളയാളാണു ചക്യത്ത് പിതാവ്. എങ്കിലും ഫ്രാന്‍സിസ് പാപ്പായോടു ഒരു പ്രത്യേക താത്പര്യം ഉണ്ട് എന്നു പറഞ്ഞാല്‍ അതു ശരിയായിരിക്കുമോ? എങ്കില്‍ എന്തുകൊണ്ടാണ്?

പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പോപുലോരും പ്രോഗ്രസിയോ എന്ന ചാക്രികലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്റെ ഡോക്ടറേറ്റ് പ്രബന്ധം. ജോണ്‍ പോള്‍ രണ്ടാമന്‍ ദീര്‍ഘകാലം സഭയെ നയിച്ചു. ആധുനികസഭയെ ഏറ്റവും സ്വാധീനിച്ചയാള്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ്. എല്ലാ മാര്‍പാപ്പമാരും അവരവരുടെ കാലങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നവരാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയൊരു ശൈലി ആവിഷ്‌കരിച്ചു. അദ്ദേഹത്തിന്റെ ശൈലി എല്ലാവര്‍ക്കും വഴങ്ങണമെന്നില്ല. അദ്ദേഹം മാര്‍പാപ്പയായി ആറു മാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനെഴുതുന്ന കത്തുകളുടെ ശൈലിയില്‍ ഞാനൊരു പുസ്തകം എഴുതിയത്. അദ്ദേഹത്തോടു ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹത്തിന്റെ ചിന്തകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ തന്നെ മറുപടി എഴുതുകയും ചെയ്യുകയാണ് ഇതില്‍. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ ആദ്യം ചിന്തിച്ചത് സഭയെ കുറിച്ചാണോ, മനുഷ്യകുലത്തെ കുറിച്ചാണോ എന്നതായിരുന്നു അതില്‍ ഒരു ചോദ്യം. മനുഷ്യകുലത്തെ കുറിച്ചാണ് എന്നതാണ് മറുപടി. കാരണം, മാര്‍പാപ്പയാകുന്ന ഒരു വ്യക്തി സഭയുടെ മാത്രമല്ല, മനുഷ്യകുലത്തിന്റെ മുഴുവന്‍ പിതാവായിട്ടാണു വരുന്നത്. വേറെയും കാരണമുണ്ട് ഇതിന്. അദ്ദേഹം സൂക്ഷിച്ചിരിക്കുന്ന ആത്മകഥാരൂപത്തിലുള്ള പ്രാര്‍ത്ഥനാപുസ്തകത്തില്‍ വൈദികനാകുന്നതിനു തൊട്ടുമുമ്പു നടത്തിയ ധ്യാനവേളയില്‍ എടുത്ത തീരുമാനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. തന്റെ വിശ്വാസപ്രമാണം എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിക്കുന്നത്. സകലമനുഷ്യര്‍ക്കും നന്മ വരണമെന്നും സകല മനുഷ്യരേയും സ്‌നേഹിക്കാന്‍ തനിക്കു കടമയുണ്ടെന്നും മതവ്യത്യാസം കൂടാതെ എല്ലാവരേയും സേവിക്കുകയാണു തന്റെ ദൗത്യമെന്നും അദ്ദേഹം അതിലെഴുതി വച്ചിരുന്നു. അന്നു മുതല്‍ സഭയില്‍ ഒതുങ്ങിക്കൂടാതെ എല്ലാവരോടും പരിഗണന കാണിച്ചിരുന്നയാളാണ് പാപ്പാ, പ്രത്യേകിച്ചും ദാരിദ്ര്യം അനുഭവിച്ചിരുന്നവരോട്.

പ്രകൃതിയില്‍ ഒരു പരസ്പരപൂരകത്വം ഉണ്ട്. എല്ലാ ജീവികളും മറ്റു ജീവികളെ ആശ്രയിച്ചാണു ജീവിക്കുന്നത്. ഒരു ജീവിയും അതിനു വേണ്ടി മാത്രമായി ജീവിക്കുന്നുമില്ല. ഈ അടിസ്ഥാനപരമായ തത്വം എല്ലാവരും മനസ്സിലാക്കണം. മതങ്ങള്‍ക്കും ഇതു ബാധകമാണ്. ഒരു സമൂഹവും ആ സമൂഹത്തിനു വേണ്ടി മാത്രമായി ജീവിക്കുന്നില്ല. അപരനു വേണ്ടിയാണ് നമ്മുടെ ജീവിതം. സഭ ചിന്തിക്കേണ്ടത് സഭയെ കുറിച്ചല്ല, പൊതുസമൂഹത്തെക്കുറിച്ചാണ്.

മറ്റു മതങ്ങളുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളും സവിശേഷമാണ്. സ്‌കോര്‍ക എന്ന റബ്ബിയുമായി വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹവുമായി പാപ്പാ നടത്തിയ സംവാദപരമ്പര രൂപതയുടെ ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുകയും പിന്നീടു പുസ്തകമാകുകയും ചെയ്തു. സ്വര്‍ഗവും ഭൂമിയും എന്ന ആ പുസ്തകം ഞാന്‍ വായിച്ചിരുന്നു. സഭയുടെ ആത്മീയപിതാവും യഹൂദസമുദായത്തിന്റെ ആത്മീയപിതാവും അവരവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയാണ് അതില്‍. മനുഷ്യസമൂഹത്തെക്കുറിച്ചുള്ള ചിന്തകളില്‍ അവര്‍ രണ്ടുപേരും കൂട്ടിമുട്ടുന്നുണ്ട്.

കൂടാതെ, അവിടത്തെ മുസ്‌ലീം സമൂഹവുമായും അദ്ദേഹത്തിന് അടുപ്പമുണ്ട്. ഒരു ഇമാം അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. മാര്‍പാപ്പയായതിനു ശേഷം ഇസ്രായേലിലും സിറിയയിലും ജോര്‍ദാനിലും പോയപ്പോള്‍ ഈ റബ്ബിയും ഇമാമും ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുഗമിച്ചിരുന്നു. ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയായിരുന്നു അത്. യഹൂദ, മുസ്ലീം രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ തനിക്കൊപ്പമുണ്ടാകണമെന്നു പാപ്പാ ആഗ്രഹിച്ചു. അവര്‍ക്കും അതില്‍ താത്പര്യമുണ്ടായിരുന്നു. ഇവര്‍ മൂന്നു പേരും കൂടി കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫോട്ടോ അന്നു ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമാണത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തകളുടെ കേന്ദ്രബിന്ദു മനുഷ്യനാണ് എന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. മനുഷ്യനോടുള്ള ഒരു ആഭിമുഖ്യം അദ്ദേഹത്തില്‍ വളരെ പ്രകടമാണ്. അതിന്റെ ഭാഗമായിട്ടാണ് യഹൂദമതവും ഇസ്ലാം മതവുമായി അദ്ദേഹം ബന്ധം പുലര്‍ത്തുന്നത്. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമാണ് ഇന്ത്യയില്‍ വരണമെന്നുള്ളത്. ഹൈന്ദവസമൂഹവുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹമാണ് അതിനു പിന്നിലുള്ളത് എന്നു വിചാരിക്കുന്നു.

? കേരളത്തില്‍ മതമൈത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്ന ഒരു സമയമാണല്ലോ ഇത്. ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കേരളസഭയോടും സമൂഹത്തോടും എന്താണു പറയുന്നത്? പാപ്പയില്‍ നിന്നു എന്താണു നമുക്കു പഠിക്കാനുള്ളത്?

പരസ്പരമുള്ള സഹവര്‍ത്തിത്വത്തെക്കുറിച്ചാണു പാപ്പ പറയുന്നത്. പരസ്പരബന്ധങ്ങള്‍ക്കു ക്ഷയം സംഭവിക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ അതു മാര്‍പാപ്പയെ വേദനിപ്പിക്കുമെന്നതു തീര്‍ച്ചയാണ്. മാര്‍ പാപ്പ എവിടെ പോകുമ്പോഴും മതമൈത്രിയെ കുറിച്ചും മനുഷ്യര്‍ തമ്മില്‍ പരസ്പരമുള്ള ബന്ധത്തെക്കുറിച്ചും പറയാറുണ്ട്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് നാല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പാപ്പയുടെ ആദ്യത്തെ മാധ്യമസമ്മേളനം നടന്നു. ആറായിരത്തോളം മാധ്യമപ്രവര്‍ത്തകര്‍ അതില്‍ പങ്കെടുത്തു. സാധാരണഗതിയില്‍ പാപ്പയുടെ ഇത്തരം പൊതുദര്‍ശനങ്ങള്‍ക്കു ശേഷം ആശീര്‍വാദം കൊടുക്കുന്ന പതിവുണ്ട്. ആ ആശീര്‍വാദം പാപ്പ അന്നു വേണ്ടെന്നു വച്ചു. പത്രക്കാരില്‍ പല മതസ്ഥരുണ്ടാകും, നിരീശ്വരവാദികളും ഉണ്ടാകും, അതുകൊണ്ടാണ് ആശീര്‍വാദകര്‍മ്മം ഒഴിവാക്കുന്നതെന്നു പാപ്പ വിശദീകരിക്കുകയും ചെയ്തു. അന്ന് ഒരു പുതിയ വഴി വെട്ടിത്തുറക്കുകയാണു പാപ്പ ചെയ്തത്. നിരീശ്വരവാദികളുള്‍പ്പെടെ എല്ലാവരുമായും കൈകോര്‍ത്തു പിടിക്കാനുള്ള സന്നദ്ധതയാണു പാപ്പ അന്നു വ്യക്തമാക്കിയത്.

? 1964-ല്‍ പൗരോഹിത്യം സ്വീകരിച്ച അങ്ങ്, എറണാകുളം ബസിലിക്കയിലും മലയാറ്റൂരിലും അസിസ്റ്റന്റ് വികാരിയായും പിന്നീട് ചെങ്ങമനാട് വികാരിയായും പ്രവര്‍ത്തിച്ചല്ലോ. അക്കാലത്ത് ഇതരമതസ്ഥരുമായി പുലര്‍ത്തിയ ബന്ധങ്ങള്‍ എപ്രകാരമായിരുന്നു?

എറണാകുളം ബസിലിക്കയോടു ചേര്‍ന്നുള്ള മുറ്റത്ത് നൂറോളം ചെറുപ്പക്കാര്‍ ദിവസവും ഒത്തുചേരുമായിരുന്നു. അവരില്‍ എല്ലാ സഭക്കാരും ഇതരമതസ്ഥരും ഒക്കെയുണ്ടാകും. എല്ലാവരും തമ്മില്‍ വലിയ സൗഹൃദവും നിലനിന്നു. അവിടെ നിന്നാണു ഞാന്‍ റോമില്‍ പഠിക്കാനായി പോയത്. ആ സൗഹൃദക്കൂട്ടായ്മയോടു യാത്ര പറയുമ്പോള്‍ തങ്ങളെ ആശീര്‍വദിക്കണമെന്ന് കത്തോലിക്കാ യുവാക്കള്‍ ആവശ്യപ്പെട്ടു. അതിനായി അവര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയപ്പോള്‍ വിവിധ മതസ്ഥരായ മറ്റെല്ലാ യുവാക്കളും അവരോടൊപ്പം മുട്ടുകുത്തിയത് ഓര്‍ക്കുന്നു.

പഠനം കഴിഞ്ഞു വന്നപ്പോള്‍ ചെങ്ങമനാടു വികാരിയായി. കത്തോലിക്കര്‍ അന്ന് അവിടെ ചെറിയൊരു സമൂഹമാണ്. രണ്ടു മുസ്ലീം പള്ളികള്‍ അവിടെയുണ്ടായിരുന്നു. കത്തോലിക്കാ പള്ളിയുടെ പണി നടക്കുന്ന സമയത്തു തന്നെ ഒരു മുസ്ലീം പള്ളിയുടെയും പണികള്‍ നടക്കുന്നുണ്ടായിരുന്നു. മുസ്ലീം പള്ളിയുടെ പണി കഴിഞ്ഞ് ഉദ്ഘാടനത്തിന് എന്നെയും വിളിച്ചു. പാണക്കാട് പൂക്കോയ തങ്ങളായിരുന്നു മുഖ്യാതിഥി. ഞാന്‍ സദസ്സിന്റെ മുന്‍നിരയിലിരുന്നപ്പോള്‍ തങ്ങള്‍ വേദിയില്‍ തന്റെ സമീപത്തിരുന്നയാളെ മാറ്റി എന്നെ അവിടേയ്ക്കു കയറ്റിയിരുത്തി. ആ പള്ളിയുടെ പണിക്ക് ചെങ്ങമനാട് സെ. ആന്റണീസ് പള്ളിയില്‍ നിന്നു നല്‍കിയ സംഭാവനയുടെ കാര്യം വലിയ പ്രാധാന്യത്തോടെ അവിടെ പല പ്രാവശ്യം വിളിച്ചു പറഞ്ഞു.

വേറൊരു ദിവസം ഞാന്‍ മറ്റൊരു മുസ്‌ലീം പള്ളിയുടെ മുമ്പിലൂടെ സൈക്കിളില്‍ പോകുകയായിരുന്നു. അവിടെ മദ്രസായില്‍ ഓത്ത് ക്ലാസ് നടക്കുന്ന സമയമായിരുന്നു. എന്നെ കണ്ട അവിടത്തെ മുസ്ലിയാര്‍ എന്നെ അകത്തേയ്ക്കു ക്ഷണിക്കുകയും കുട്ടികളെയും അദ്ധ്യാപകരെയും ഒരുമിച്ചിരുത്തി ഞാനുമായി സംസാരിക്കുകയും ചായ പങ്കിട്ടു കുടിക്കുകയും ഒക്കെ ചെയ്തു. പിന്നീട് അവരുടെ മഹല്ലില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. അതു പറഞ്ഞു തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി അവര്‍ എന്നെയാണു സമീപിച്ചത്.

ചെങ്ങമനാടു പള്ളി നിര്‍മ്മാണത്തിന് അവിടത്തെ എന്‍എസ്എസ് കരയോഗത്തിന്റെയും എസ്എന്‍ഡിപി ശാഖയുടെയും സംഭാവനകള്‍ നല്‍കിയിരുന്നു. അന്നത്തെ നിലയ്ക്ക് വലിയ തുകകളാണ് അവര്‍ യോഗം കൂടി തീരുമാനമെടുത്ത് പള്ളിക്കു നല്‍കിയത്. ആ പ്രദേശത്തുള്ള എല്ലാ മതങ്ങളിലുമുള്ള ജനങ്ങളുമായി ഞാന്‍ ഇടപെട്ടിരുന്നു. ഒരു ഇടവകവികാരി അവിടത്തെ കത്തോലിക്കരുടെ മാത്രം കാര്യമല്ല നോക്കേണ്ടത്. പള്ളികള്‍ എല്ലാ മതസ്ഥര്‍ക്കുമുള്ള പൊതുഇടങ്ങള്‍ ഒരുക്കി നല്‍കണം. അവിടെയുള്ള പല അക്രൈസ്തവ കുടുംബങ്ങളുമായുള്ള ബന്ധങ്ങള്‍ ഇന്നും എനിക്കുണ്ട്.

? 23 വര്‍ഷം സെമിനാരി അദ്ധ്യാപകനായിരുന്നല്ലോ. അക്കാല ത്തെ അനുഭവങ്ങള്‍…

ഒരിക്കല്‍, സെമിനാരി വിദ്യാര്‍ത്ഥികളുടെ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട ഒരു സ്ത്രീക്ക് വീടു പണിതു കൊടുക്കാന്‍ തീരുമാനിച്ചു. ഹിന്ദു മതവിശ്വാസിയായിരുന്ന അവര്‍ സെമിനാരിയില്‍ ജോലിക്കു വരുമായിരുന്നു. വീടു പണിതു ലഭിക്കും എന്ന വിവരമറിഞ്ഞ അവര്‍ പിറ്റേന്ന് തന്റെ അയല്‍ക്കാരിയായ ഒരു മുസ്ലീം വനിതയുമായി വന്നു. അവരുടെ മകള്‍ക്കു കല്യാണപ്രായമായെന്നും അവര്‍ക്കാണു വീടിനു തന്നേക്കാള്‍ ആവശ്യമെന്നും വീട് അവര്‍ക്കു നല്‍കണമെന്നും ആ സ്ത്രീ പറഞ്ഞു. അപ്പോഴാണ് വീടിന്റെ കാര്യം ആ മുസ്ലീം വനിത അറിയുന്നത്. തനിക്കല്ല, തന്റെ കൂട്ടുകാരിക്കു തന്നെയാണു വീടു കൊടുക്കേണ്ടതെന്നായിരുന്നു അവരുടെ മറുപടി. അവര്‍ തമ്മില്‍ തര്‍ക്കമായി. ആ സ്ത്രീകളെ ഞാന്‍ പുണ്യവതികളെന്നാണു വിളിക്കുക. അവരുടെ മനസ്സില്‍ കളങ്കമില്ല. അന്യരുടെ ആവശ്യങ്ങളോടു കരുതലുള്ള, അവരോട് ആദരവുള്ള, അതിനു മതഭേദം പരിഗണിക്കാത്ത ധാരാളം മനുഷ്യരുണ്ട്. ഇത്തരക്കാര്‍ ഇന്നുമുണ്ട്.

ഒരിക്കല്‍, സെമിനാരി വിദ്യാര്‍ത്ഥികളുടെ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട ഒരു സ്ത്രീക്ക് വീടു പണിതു കൊടുക്കാന്‍ തീരുമാനിച്ചു. ഹിന്ദുമത വിശ്വാസിയായിരുന്ന അവര്‍ സെമിനാരിയില്‍ ജോലിക്കു വരുമായിരുന്നു. വീടു പണിതു ലഭിക്കും എന്ന വിവരമറിഞ്ഞ അവര്‍ പിറ്റേന്ന് തന്റെ അയല്‍ക്കാരിയായ ഒരു മുസ്ലീം വനിതയുമായി വന്നു. അവരുടെ മകള്‍ക്കു കല്യാണപ്രായമായെന്നും അവര്‍ക്കാണു വീടിനു തന്നേ ക്കാള്‍ ആവശ്യമെന്നും വീട് അവര്‍ക്കു നല്‍കണമെന്നും ആ സ്ത്രീ പറഞ്ഞു. അപ്പോഴാണ് വീടിന്റെ കാര്യം ആ മുസ്ലീം വനിത അറിയുന്നത്. തനിക്കല്ല, തന്റെ കൂട്ടുകാരിക്കു തന്നെയാണു വീടു കൊടുക്കേണ്ടതെന്നായിരുന്നു അവരുടെ മറുപടി. ആ സ്ത്രീകളെ ഞാന്‍ പുണ്യവതികളെന്നാണു വിളിക്കുക.

ഒരിക്കല്‍ സെമിനാരിയില്‍ പറമ്പു വൃത്തിയാക്കുന്ന ഒരു സ്ത്രീ പറഞ്ഞ കാര്യമോര്‍ക്കുന്നു. ഒരു പ്ലാവിന്‍തൈ വെട്ടിക്കളയാന്‍ ഞാനവരോടു നിര്‍ദേശിച്ചു. അതവിടെ നിറുത്താന്‍ പറ്റുന്നതല്ല എന്നതായിരുന്നു കാരണം. അതിന്റെ ജീവന്‍ കളയരുത്, പ്രാക്ക് കിട്ടും എന്നായിരുന്നു ആ സ്ത്രീയുടെ മറുപടി. ഒരു വൃക്ഷത്തൈ വെട്ടിക്കളയാന്‍ മടിക്കുന്ന ഒരു വലിയ മനസ്സ്.

? മെത്രാനായതിനു ശേഷം ഒരു മതമൈത്രീസമിതി പിതാവു രൂപീകരിക്കുകയുണ്ടായല്ലോ. അതിന്റെ സാഹചര്യം എന്തായിരുന്നു?

അന്നത്തെ പൊതുമരാമത്തു മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഒരാളെ എന്റെയടുത്ത് അയച്ച് ഇതാവശ്യപ്പെടുകയായിരുന്നു. അതിന്റെ വെളിച്ചത്തില്‍ മുപ്പതു പേരെ വിളിച്ചു കൂട്ടി ഒരു സമിതി രൂപീകരിച്ചു. പത്തു മുസ്‌ലീങ്ങളും പത്തു ക്രൈസ്തവരും പത്തു ഹിന്ദുക്കളുമായിരുന്നു അംഗങ്ങള്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അവര്‍. ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ഈ രംഗത്തു കാര്യമായ ഇടപെടലുകളുണ്ടാകണമെന്ന പൊതുവികാരം ഉണ്ടായി. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇതേ പോലുള്ള സമിതികളുണ്ടാകണമെന്നായിരുന്നു അവിടെ മുന്നോട്ടു വയ്ക്കപ്പെട്ട ആശയം. ആലുവായിലും പറവൂരും പെരുമ്പാവൂരും അങ്കമാലിയിലും മട്ടാഞ്ചേരിയിലുമെല്ലാം ഇത്തരം സമിതികള്‍ രൂപീകരിക്കപ്പെട്ടു. ഈ സമിതികള്‍ പല തരത്തില്‍ പ്രയോജനപ്പെടുകയും ചെയ്തു.

ഒരിക്കല്‍ എറണാകുളം അതിരൂപതയിലെ ഒരു പള്ളിയും അടുത്തുള്ള അമ്പലവും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. സങ്കീര്‍ണമായിരുന്നു ആ പ്രശ്‌നം. അവിടെ അജപാലന സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ ഞാന്‍ ആ അമ്പലവും സന്ദര്‍ശിച്ചു. അതിന്റെ ചുമതലക്കാരുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പിന്നീട് ആ അമ്പലം പുതുക്കി പണിതപ്പോള്‍ അതിന്റെ ഉദ്ഘാടനത്തിന് അതിഥിയായി അവരെന്നെ ക്ഷണിക്കുകയും കവാടം മുതല്‍ വാദ്യമേളങ്ങളോടെ സ്വീകരിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ഒരു പള്ളിയുടെയും അമ്പലത്തിന്റെയും ബോര്‍ഡ് വഴിയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിച്ചത് അമ്പലത്തിന്റെയും പള്ളിയുടെയും പേര് ഒരൊറ്റ ബോര്‍ഡില്‍ എഴുതി വച്ചുകൊണ്ടാണ്. അതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി. നിസ്സാരമായ പ്രശ്‌നങ്ങളാണ് പലപ്പോഴും വലിയ കുഴപ്പങ്ങളായി മാറുന്നത്.

? മെത്രാനെന്ന നിലയില്‍ ഏറ്റവും സന്തോഷം തോന്നിയ ദൗത്യങ്ങള്‍ എന്തൊക്കെയായിരുന്നു?

സഹായമെത്രാനെന്ന നിലയില്‍ ഇടവകസന്ദര്‍ശനങ്ങള്‍ ആയിരുന്നു ആദ്യം മുഖ്യചുമതല. ഇടവക സന്ദര്‍ശനം കാര്യമായ അദ്ധ്വാനം ആവശ്യമുള്ള കാര്യമാണ്. ആറു കപ്പേളകളുള്ള ഇടവകകളൊക്കെയുണ്ടല്ലോ. എല്ലായിടത്തും പോകണം. ഇടവകക്കാരുടെ കൂട്ടായ്മയും സ്‌നേഹവും അനുഭവിക്കും. എല്ലാം പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും വലിയ ക്ഷീണം തോന്നും. അതേസമയം അതു വലിയ സന്തോഷവും ആയിരിക്കും. ജോലി ചെയ്തതിന്റെ തളര്‍ച്ചയും അതിന്റെ സംതൃപ്തിയും അനുഭവിക്കുന്നതു വലിയ സന്തോഷകരമായ അനുഭവമായിരുന്നു.

? പിതാവു പഠനം കൊണ്ട് ഒരു സാമൂഹ്യ ശാസ്ത്രജ്ഞനാണല്ലോ. സാമൂഹ്യപ്രബോധനരംഗത്തു സഭയുടെ പ്രധാന സംഭാവന എന്താണ്?

ലെയോ മാര്‍പാപ്പയുടെ ചാക്രികലേഖനത്തോടെയാണ് ആധുനിക കാലത്ത് ഈ രംഗത്തെ സഭയുടെ പ്രധാന സംഭാവനകള്‍ ആരംഭിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനു തുടര്‍ച്ച നല്‍കി. എന്നാല്‍ ആദ്യ സൂനഹദോസില്‍ തന്നെയുണ്ടായ ഒരു പ്രധാന തീരുമാനമാണ് പാവപ്പെട്ടവര്‍ക്കു പ്രത്യേക കരുതല്‍ നല്‍കണമെന്നത്. അതു നല്‍കുന്നതാണ് സഭയുടെ പ്രധാനപ്പെട്ട സാക്ഷ്യം. മതവും ജാതിയും നോക്കിയല്ല നാം സഹായങ്ങള്‍ നല്‍കേണ്ടത്.

പാറേക്കാട്ടില്‍ പിതാവിന്റെ കാലത്തെ ഒരനുഭവം ഓര്‍ക്കുന്നു. അന്നു വര്‍ഷക്കാലത്ത് എറണാകുളം പട്ടണത്തിലെ പാവപ്പെട്ട ആളുകളുടെ വീട്ടില്‍ വെള്ളം കയറിയതു പിതാവു കാണാനിടയായി. ഇത്തരം വീടുകളിലേയ്ക്കു കട്ടിലുകള്‍ കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. അതനുസരിച്ച് 100 കട്ടിലുകള്‍ എത്തി. ആര്‍ക്കൊക്കെ ഇവ കൊടുക്കേണ്ടതെന്നു ചുമതലപ്പെട്ടവര്‍ പിതാവിനോടു ചോദിച്ചു. മതവും സഭാവ്യത്യാസവുമൊക്കെ പരിഗണിച്ചാണോ കൊടുക്കേണ്ടത് എന്നതായിരുന്നു ചോദ്യത്തിന്റെ അര്‍ത്ഥം. ഇതു മനസ്സിലാക്കി പിതാവു പറഞ്ഞു, കട്ടില്‍ കൊടുക്കേണ്ടത് അതില്ലാത്തവര്‍ക്കാണ്.

ആറാം നൂറ്റാണ്ടിലെ വി. അംബ്രോസ് വൈദികര്‍ക്കെഴുതിയ ഒരു കത്തുണ്ട്. അക്കാലത്ത് കാസ സ്വര്‍ണം കൊണ്ടുണ്ടാക്കുന്ന പതിവുണ്ടായിരുന്നു. അതെല്ലാം വിറ്റ് പാവങ്ങള്‍ക്കു കൊടുക്കണമെന്നായിരുന്നു വിശുദ്ധന്റെ നിര്‍ദേശം. അതാണു സഭയുടെ പാരമ്പര്യം. നമ്മുടെ ഇടവകകളെല്ലാം ഇതേ രീതിയില്‍ തന്നെയാണു പാവപ്പെട്ടവരെ സഹായിക്കുന്നത്. ജാതിയും മതവും നോക്കാറില്ല. അത് അങ്ങനെ തന്നെ ആയിരിക്കണം. സ്വന്തം മതത്തിലേയ്ക്കും സമുദായത്തിലേയ്ക്കും ഒതുങ്ങിക്കൂടുന്ന ഒരു പ്രവണത ഇക്കാലത്ത് വര്‍ദ്ധിക്കുന്നുണ്ടോ എന്നൊരു സംശയമുണ്ട്. അങ്ങനെയൊരു പ്രവണത ഉണ്ടായിക്കൂടാ.

? ലോകമെങ്ങും കാണാമല്ലോ ഇങ്ങനെയൊരു പ്രവണത. എന്തുകൊണ്ടാകാമത്?

കാള്‍ റാനര്‍ ഇതു വിലയിരുത്തുന്നുണ്ട്. നാളത്തെ സഭയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളില്‍ 'സഭാപരമായ അന്തര്‍മുഖത്വം' എന്നൊരു ആശയം അവതരിപ്പിക്കുന്നുണ്ട്. അത് എല്ലാ സമുദായങ്ങളിലും ക്രമേണ കടന്നുവരുന്ന ഒരു കാര്യമാണ്. ഇതു നമ്മുടെ സഭയിലും വ്യാപിക്കുന്നുണ്ട്. ഇതിന്റെ കാരണം, മനുഷ്യര്‍ കൂടുതല്‍ ഭൗമികരാകുകയും ആത്മീയത നഷ്ടപ്പെടുകയും ചെയ്യുന്നു എന്നതാണ്. ആത്മീയത നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ഇതു വളരുകയും മനുഷ്യരുടെ പരസ്പരമുള്ള സഹിഷ്ണുതയും സഹവര്‍ത്തിത്വവും ബന്ധങ്ങളും നഷ്ടമാകാന്‍ തുടങ്ങുകയും ചെയ്യുന്നു.

? 2012-ല്‍ പിതാവു വിരമിച്ചു. എങ്കിലും പൂര്‍ണമായും വിശ്രമിക്കുകയല്ല എന്നറിയാം. എന്തൊക്കെയാണു വിശ്രമജീവിതത്തിലെ ദൗത്യങ്ങള്‍?

രാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കും. തുടര്‍ന്ന് ഈ കെട്ടിടത്തിന്റെ ദീര്‍ഘമായ വരാന്തകളിലൂടെ അര മണിക്കൂര്‍ നടന്നു ധ്യാനിക്കും. ആ ധ്യാനചിന്തകളുടെ ഫലമായി ഞാനെഴുതിയ കീര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ കുറെയെണ്ണം സംഗീതം പകര്‍ന്ന് ഗാനരൂപത്തിലും പുറത്തു വന്നിട്ടുണ്ട്. ബൈബിള്‍ സം ബന്ധമായ സംശയനിവാരണത്തിനായി ഇവിടെ എന്നെ സന്ദര്‍ശിച്ച ഒരു മുസ്‌ലീം സുഹൃത്തിന്റെ പ്രേരണയുടെ ഫലമായി ആലുവ കേന്ദ്രീകരിച്ച് ഒരു മതമൈത്രീ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അതിന്റെ ആഭിമുഖ്യത്തില്‍ ആലുവയില്‍ നടത്തിയ പദയാത്രയിലും സമ്മേളനങ്ങളിലുമെല്ലാം പങ്കെടുത്തിരുന്നു. ഇത്തരം കൂട്ടായ്മകള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കണം.

? പ്രായമേറുന്നത് ഒരു പ്രിവിലേജ് ആണ് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞയാഴ്ച വിശ്രമിച്ച വൈദികരോടു പറയുകയുണ്ടായി. വിശ്രമജീവിതം നയിക്കുന്ന വൈദികരും കുടുംബസ്ഥരുമായ മുതിര്‍ന്ന പൗരന്മാരോട് എന്താണു പറയാനുള്ളത്?

മുതിര്‍ന്ന പൗരന്മാരുടെ അറിവ് യുവതലമുറ ഉപയോഗപ്പെടുത്തണം. മാര്‍പാപ്പ അതു വ്യക്തമാക്കിയിരുന്നു. പ്രായമേറുന്നവര്‍ സജീവമായിരിക്കുക എന്നതു പ്രധാനമാണ്. ഞാന്‍ ഇവിടെ വന്നതിനു ശേഷം കൃഷികാര്യങ്ങളില്‍ സജീവമായി. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രായമേറുമ്പോള്‍ പ്രകൃതിയെ കൂടുതലായി സ്‌നേഹിക്കാന്‍ തുടങ്ങുക. ബൈബിള്‍ പോലെ നാം വായിക്കേണ്ട ഒരു മഹാഗ്രന്ഥമാണു പ്രകൃതിയും. പ്രകൃതിക്ക് ഒരു താളലയം ഉണ്ട്. ആ താളലയം സമൂഹത്തിലും ഉണ്ടാകണം.

പ്രകൃതിയില്‍ ഒരു പരസ്പരപൂരകത്വം ഉണ്ട്. എല്ലാ ജീവികളും മറ്റു ജീവികളെ ആശ്രയിച്ചാണു ജീവിക്കുന്നത്. ഒരു ജീവിയും അതിനു വേണ്ടി മാത്രമായി ജീവിക്കുന്നുമില്ല. ഈ അടിസ്ഥാനപരമായ തത്വം എല്ലാവരും മനസ്സിലാക്കണം. മതങ്ങള്‍ക്കും ഇതു ബാധകമാണ്. ഒരു സമൂഹവും ആ സമൂഹത്തിനു വേണ്ടി മാത്രമായി ജീവിക്കുന്നില്ല. അപരനു വേണ്ടിയാണ് നമ്മുടെ ജീവിതം. സഭ ചിന്തിക്കേണ്ടത് സഭയെ കുറിച്ചല്ല, പൊതുസമൂഹത്തെക്കുറിച്ചാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org