തുറക്കാം, സൗഹൃദത്തിന്റെ കുഴല്‍പ്പാതകള്‍

തുറക്കാം, സൗഹൃദത്തിന്റെ കുഴല്‍പ്പാതകള്‍
Published on

ആഗോള സാഹിത്യ സംഘടനയായ പെന്‍ ഇന്റര്‍നാഷണലിന്റെ അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന 'എര്‍ത്ത് സിവിലൈസേഷന്‍' എന്ന ഗ്രൂപ്പില്‍ കുറച്ചു നാളായി ഞാന്‍ അംഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും കവികളും ചിത്രകാരന്മാരും സംഗീതജ്ഞരുമെല്ലാം ഒത്തു ചേര്‍ന്ന്

മനുഷ്യ സാഹോദര്യം സര്‍ഗാത്മകതയിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ സ്വപ്‌നം കാണുന്ന ഗ്രൂപ്പാണിത്. ലോകത്തെവിടെയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുന്ന, രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്ക് അറുതി വരുത്താന്‍ തൂലിക ഉപയോഗിക്കുന്നവരുടെ കൂട്ടം. മാസത്തില്‍ രണ്ടു ഞായറാഴ്ചകളിലാണ് സൂം പ്ലാറ്റ്‌ഫോമിലൂടെ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്.

ജെക്കാര്‍ത്തയില്‍ സെന്റ് മേരീ ഓഫ് ദ അസംപ്ഷന്‍ കത്തീഡ്രലിനെ ഇസ്റ്റിക്ക്‌ലാല്‍ മോസ്‌കിനോട് ബന്ധിപ്പിക്കുന്ന കുഴല്‍പ്പാതയിലൂടെ തന്റെ വീല്‍ചെയറിലിരുന്ന് പാപ്പാ കടന്നുപോയപ്പോള്‍ സൗഹൃദത്തിന്റെ പൂക്കള്‍ വിരിഞ്ഞു.

ഈ ജൂലൈ മാസത്തില്‍ സംഗീതമായിരുന്നു ചര്‍ച്ചാവിഷയം. നിരവധി ഓപ്പറകളും സിംഫണികളും ചിട്ടപ്പെടുത്തിയ കീസ് ഹള്‍സ്മാനെ പോലുള്ള സംഗീതജ്ഞര്‍ അനുഭവങ്ങള്‍ പറയുന്നു. അങ്ങനെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ താഹിറ അബ്ദുള്ളതയുടെ ഊഴം വന്നു. സംഗീതം പഠിക്കാത്ത താഹിറ പറഞ്ഞു: എനിക്ക് പാടാനറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള അഭിലാഷിനൊപ്പം ഒരു യുഗ്മഗാനം പാടാന്‍ ഏറെ ആഗ്രഹിക്കുന്നു!

എനിക്കും പാടാനറിയില്ല. എങ്കിലും പാക്കിസ്ഥാന്‍കാരിയായ താഹിറ ഒപ്പം പാടാന്‍ തെരഞ്ഞെടുത്തത് ഇന്ത്യാക്കാരനായ എന്നെ തന്നെയാണല്ലോ എന്ന അറിവ് എന്നെ ആവേശഭരിതനാക്കി. അതിര്‍ത്തികള്‍ കടന്നൊഴുകുന്ന സംഗീതം. ഭാഷകള്‍ കടന്നൊഴുകുന്ന സംഗീതം. മതവ്യത്യാസങ്ങളുടെ വേലികള്‍ കടന്ന് പരക്കുന്ന സംഗീതം. മനുഷ്യത്വത്തിന്റെ സംഗീതം...

അത്യാഹ്ലാദത്തോടെയാണ് ഹൃദയമുള്ളവരുടെ ലോകം ഫ്രാന്‍സിസ് പാപ്പായുടെ ഏഷ്യാ പസഫിക്ക് സന്ദര്‍ശനം വീക്ഷിച്ചത്. പ്രത്യേകിച്ച് മലേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള സൗഹൃദത്തിന്റെ കുഴല്‍പ്പാതയിലൂടെയുള്ള യാത്ര. സെന്റ് മേരീ ഓഫ് ദ അസംപ്ഷന്‍ കത്തീഡ്രലിനെ ഇസ്റ്റിക്ക്‌ലാല്‍ മോസ്‌കിനോട് ബന്ധിപ്പിക്കുന്ന കുഴല്‍പ്പാതയിലൂടെ തന്റെ വീല്‍ചെയറിലിരുന്ന് പാപ്പാ കടന്നു പോയപ്പോള്‍ സൗഹൃദത്തിന്റെ പൂക്കള്‍ വിരിഞ്ഞു. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീംപള്ളിയായ ഇസ്റ്റിക്ക്‌ലാല്‍ മോസ്‌കിലെ ഇമാം നാസറൂദ്ദീന്‍ ഉമര്‍ ഫ്രാന്‍സിസ് പാപ്പായെ ആശ്ലേഷിച്ചു മൂര്‍ദ്ധാവില്‍ ചുംബിച്ചത് ഹൃദയാലുക്കള്‍ നിറഹൃദയത്തോടെയാണ് കണ്ടത്. ഒരു നിമിഷം ഭൂമിയിലെ സകല വൈരങ്ങളും അലിഞ്ഞു പോയതു പോലെ. മനുഷ്യരെ തമ്മില്‍ മതത്തിന്റെ പേരില്‍ അകറ്റുന്ന വെറുപ്പിന്റെ ഇരുട്ടു നിറഞ്ഞ കുഴല്‍പാതയിലൂടെ സൗഹൃദത്തിന്റെ വെട്ടം ഒഴുകി വന്നു നിറഞ്ഞതു പോലെ.

തുടര്‍ന്നു നടന്ന, ആറ് മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത മതാന്തര സംവാദത്തില്‍ നിറഞ്ഞു നിന്നത് മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കേണ്ടതും വളര്‍ത്തപ്പെടേണ്ടതുമായ സൗഹൃദത്തെ കുറിച്ചാണ് അവിടെ പാപ്പാ സംസാരിച്ചത്.

ഇതെഴുതുന്നത് നൈജീരിയയിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സിറിയയിലും ബുര്‍ക്കിനോ ഫാസോയിലും ഇറാക്കിലും ഈജിപ്തിലും എല്ലാം ക്രൈസ്തവര്‍ മുസ്ലീം തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത് അറിയാഞ്ഞിട്ടല്ല. ദൈവദൂഷണനിയമം ആയുധമാക്കി നിരപരാധികളായ ക്രൈസ്തവര്‍ കുറ്റം വിധിക്കപ്പെടുന്ന വാര്‍ത്തകള്‍ വായിക്കാതിരുന്നിട്ടുമല്ല.

ആരാണ് കുരിശുയുദ്ധക്കാരുടെ വാള്‍ ക്രിസ്തുവിന്റെ കൈയില്‍ പിടിപ്പിക്കാന്‍ ഇത്രമാത്രം വെമ്പല്‍ കൊള്ളുന്നത് ? നിന്റെ വാള്‍ ഉറയിലിടുക! എന്ന് കല്‍പിച്ച് കുരിശിലേക്ക് നടന്ന ക്രിസ്തു തന്നെയാണ് ഇപ്പോഴും സുവിശേഷത്തിലുള്ളത്.

എന്റെ ചോദ്യം നൈജീരിയയിലെ ബോക്കോ ഹാരം തീവ്രവാദികള്‍ അല്ലെങ്കില്‍ ഇറാക്കിലെ ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയതിന്റെ പേരില്‍ എന്റെ അയല്‍വക്കത്തുള്ള നിരപരാധിയായ മുസ്ലിം സഹോദരനെ ഞാന്‍ വെറുക്കേണ്ടതുണ്ടോ എന്നാണ്. ക്രിസ്തുവിന്റെ ശിഷ്യരില്‍ ഒരുവനായ യൂദാസ് ഒറ്റുകാരനായതുകൊണ്ട് ക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാരെയും ഒറ്റുകാരനായി ഗണിക്കണമോ?

നല്ലവരും ദുഷ്ടന്മാരും ദയാലുക്കളും ക്രൂരന്മാരും എല്ലായിടത്തുമുണ്ട്. എല്ലാ മതങ്ങളിലുമുണ്ട്. ഗംഗാവലി പുഴയില്‍ താണുപോയ അര്‍ജുന്‍ എന്ന ജോലിക്കാരനുവേണ്ടി, അയാളെ വീട്ടില്‍ തിരികെ എത്തിക്കും എന്ന് അര്‍ജുന്റെ അമ്മയ്ക്കു കൊടുത്ത വാക്കു നിറവേറ്റാന്‍ വേണ്ടി എഴുപത്തൊന്ന് ദിവസം കാവലിരുന്ന മനാഫ് എന്ന ലോറിയുടമയെ ഓര്‍ത്തു നോക്കൂ. മുസ്ലീം ആയതുകൊണ്ട് അയാളുടെ നന്മയ്ക്കു നേരെ കണ്ണടയ്ക്കണമോ?

പാക്കിസ്ഥാന്‍ കാരിയായിട്ടും ഒരു ഇന്ത്യക്കാരനൊപ്പം മനുഷ്യസാഹോദര്യത്തിന്റെ പേരില്‍ യുഗ്മഗാനം പാടാന്‍ ആഗ്രഹിച്ച താഹിറയെ ഓര്‍ത്തു നോക്കൂ. പ്രളയകാലത്ത് താന്‍ ഓണത്തിന് വില്‍ക്കാന്‍ സ്വരുക്കൂട്ടിയിരുന്ന വസ്ത്രങ്ങളെല്ലാം കിടപ്പാടവും കുപ്പായവും നഷ്ടപ്പെട്ടവര്‍ക്കായി വിതരണം ചെയ്ത നൗഷാദിക്കയെ ഓര്‍ത്തു നോക്കൂ. ഇവരെല്ലാം ഈ ഇരുള്‍ വീണ ലോകത്ത് സൗഹൃദത്തിന്റെ കുഴല്‍പ്പാത തുറന്നിട്ടവരാണ്.

സാമാന്യവല്‍ക്കരണമാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ആപത്തെന്ന് ഞാന്‍ പലപ്പോഴും കരുതാറുണ്ട്. മുന്‍പൊരിക്കല്‍ എഴുതിയതു പോലെ ഒരു തരം സംഘവെറുപ്പ്. ചിലരുടെ ദുഷ്ടതയുടെ പേരില്‍ ഒരു വലിയ സമൂഹത്തെ ആകമാനം നാം വെറുക്കുന്നു. ഹിറ്റ്‌ലര്‍ക്ക് ഏതൊക്കെയോ ജൂതരോട് തോന്നിയ വെറുപ്പിന്റെ പേരില്‍ ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത് അറുപത് ലക്ഷം ജൂതരെയാണ്. എല്ലാ വര്‍ഗീയ ലഹളകളും ഇങ്ങനെയാണ് ചെന്നവസാനിക്കുന്നത്. ചിലരോട് മാത്രം തോന്നുന്ന വെറുപ്പ് തീ പോലെ ആളിപ്പടരുന്നു. ദുഷ്ടരെയും ശിഷ്ടരെയും കുറ്റവാളികളെയും നിരപരാധികളെയും ഒരു പോലെ ഹനിക്കുന്നു. സംഘവെറുപ്പ് എന്ന ഈ അപകടത്തിന്റെ വക്കിലേക്ക് നമ്മള്‍ അറിയാതെ നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നു വിളിച്ചു പറയുമ്പോളും ഈ വാക്കുകള്‍ കേള്‍ക്കപ്പെടും എന്ന് ഒരുറപ്പും എനിക്കില്ല.

മതപരമായ ലഹളകളുടെ കാലത്ത് പല നാടുകളില്‍, പല ദേശങ്ങളില്‍, പല നഗരങ്ങളില്‍ കൊല്ലപ്പെട്ട നിരപരാധികളെക്കുറിച്ചുള്ള വിവരണങ്ങള്‍ അനുഭവസ്ഥര്‍ എഴുതിയതും പറയുന്നതും കേട്ടിട്ടുണ്ട്. നമ്മുടെ ഭാരതം തന്നെ അതിന്റെ സ്വതന്ത്രാനന്തര കാലത്ത് അത്തരം വര്‍ഗീയ കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ചതുമാണല്ലോ. ഒരു തെറ്റും ചെയ്യാത്തവര്‍, ഒരു ലഹളയുടെയും ഭാഗമാകാത്തവര്‍, അവരുടെ പേരിന്റെ പേരില്‍, അവര്‍ ഏതെങ്കിലുമൊരു മതത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍, അവരുടെ വസ്ത്രത്തിന്റെയോ തലപ്പാവിന്റെയോ പേരില്‍, അവര്‍ സംസാരിക്കുന്ന ഭാഷയുടെ പേരില്‍ നിഷ്‌കരുണം കൊല്ലപ്പെടുന്നു.

ഏതു മതത്തിലായാലും, മനുഷ്യരിലേറെയും സമാധാനം ആഗ്രഹിക്കുന്നവരാണ്. തീവ്രവാദിമനസ്സുള്ള ചിലരുടെ ലഹളാമോഹങ്ങളുടെ ഇരകളായി അവര്‍ മാറുക മാത്രമാണ് ചെയ്യുന്നത്. വിഷം പോലെ കുത്തി വയ്ക്കപ്പെടുന്ന സംഘവെറുപ്പ്. വെറുപ്പിന്റെ സാമാന്യവല്‍ക്കരണം. സമൂഹത്തിന്റെ ധ്രൂവീകരണം. നിഴല്‍പാടുകള്‍ വീണു തുടങ്ങിയിട്ടുണ്ട്, നമ്മുടെ നാട്ടിലും. ജാഗ്രത വേണം. നിതാന്ത ജാഗ്രത വേണം!

യഹൂദര്‍ അകറ്റി നിര്‍ത്തിയിരുന്ന സമരിയാക്കാരുടെ കിണറ്റിന്‍ കരയില്‍ നിന്ന് കുടിക്കാന്‍ വെള്ളം ചോദിക്കുകയും സമരിയാക്കാരിയോട് നട്ടുച്ച നേരത്ത് ദീര്‍ഘസംഭാഷണം നടത്തുകയും ഉപമയിലെ നല്ല അയല്‍ക്കാരന് സമരിയാക്കാരന്റെ മുഖം ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത ക്രിസ്തുവിനെ നമുക്കിന്നും മനസ്സിലായിട്ടില്ല! തീവ്രവാദം പറഞ്ഞ സെബദീപുത്രന്മാരെ ശാസിച്ചു നിശബ്ദനാക്കിയ ക്രിസ്തുവിനെയും നമുക്ക് പരിചയമില്ല. ആരാണ് കുരിശുയുദ്ധക്കാരുടെ വാള്‍ ക്രിസ്തുവിന്റെ കൈയില്‍ പിടിപ്പിക്കാന്‍ ഇത്രമാത്രം വെമ്പല്‍ കൊള്ളുന്നത് ? നിന്റെ വാള്‍ ഉറയിലിടുക! എന്ന് കല്‍പിച്ച് കുരിശിലേക്ക് നടന്ന ക്രിസ്തു തന്നെയാണ് ഇപ്പോഴും സുവിശേഷത്തിലുള്ളത്. ആ മുറിവുകളാണ് ഉത്ഥാനം എന്ന ലോകചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ അടയാളം പോലെ ക്രിസ്തു തോമസിനെ കാണിച്ചത്.

ക്രിസ്തുവിന്റെ പേരില്‍ വാളെടുത്ത് വിജയഭേരി മുഴക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ഈ ക്രിസ്തുവിനെ ഒരിക്കല്‍ മുഖത്തോട് മുഖം നേരിടേണ്ടി വരും എന്നോര്‍ത്തു കൊള്ളുക. എനിക്ക് നിന്നെ അറിയില്ല എന്ന ആ അവസാന വാക്യത്തേക്കാള്‍ നിരാശാജനകമായി ഭൂമിയില്‍ മറ്റെന്തുണ്ട്?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org