കണ്ണൂര്‍ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനാകുകയാണ് മോണ്‍. ഡെന്നീസ് കുറുപ്പശ്ശേരി. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ 1967 ല്‍ ജനിച്ച അദ്ദേഹം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലാണ് വൈദികപരിശീലനം പൂര്‍ത്തിയാക്കിയത്. റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അത്തനേയത്തില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം 2001 ല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമാരംഭിച്ചു. ബുറുണ്ടി, ഈജിപ്ത്, തായ്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്, ഗാബോണ്‍, യു എസ് എ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ സേവനം ചെയ്തു. മാള്‍ട്ടായിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയത്തില്‍ കൗണ്‍സിലറായിരുന്നു. കേരളസഭയിലെ പുതിയ കര്‍മ്മഭൂമിയിലേക്കു കടന്നുവരുന്ന നിയുക്ത ബിഷപ് ഡെന്നിസ് കുറുപ്പശ്ശേരിയുമായി സത്യദീപം നടത്തിയ അഭിമുഖ സംഭാഷണം.
മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?
വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നുള്ള ലാറ്റിന്‍ പദങ്ങളാണ് സ്ഥാനമുദ്രയില്‍ ചേര്‍ത്തിരിക്കുന്നത്. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ആദ്യലേഖനത്തിലെ പതിമൂന്നാം അധ്യായത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങളുടെ (13:12-13) സംഗ്രഹം. 'സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.' ഞാന്‍ എക്ലേസിയാസ്റ്റിക്കല്‍ പൊന്തിഫിക്കല്‍ അത്തനേയത്തില്‍ ചേര്‍ന്ന വര്‍ഷം എന്നെ അക്കാദമിയിലേക്ക് സ്വീകരിച്ച ദിവംഗതനായ അപ്പസ്‌തോലിക് നുണ്‍ഷ്യോ ഗബ്രിയേല്‍ മൊന്തല്‍വയും ഇതേ വാക്യങ്ങളാണ് എടുത്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിതവും മെത്രാനെന്ന നിലയിലുള്ള ഹൃദ്യമായ പെരുമാറ്റവുമാണ് ഈ ആപ്തവാക്യം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു കാരണമായത്. അതിനേക്കാളുപരി ക്രൈസ്തവവിശ്വാസികളെന്ന നിലയില്‍ ഓരോരുത്തരും വളര്‍ത്തിയെടുക്കേണ്ട ഈ ദൈവിക പുണ്യങ്ങളെപ്പറ്റി ഒരു പ്രചോദനവും മാര്‍ഗരേഖയുമാകുമിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മെത്രാന്‍ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? ഈ സ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സിലെ ആദ്യപ്രതികരണം?
മെത്രാനാകുന്നത് ഒരു പദവിയായി ഈ കാലഘട്ടത്തില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു നിയോഗമാണെങ്കില്‍ അതു ദൈവതിരുമനസ്സായി കരുതി സ്വീകരിക്കണമെന്നാണ് ചിന്തിക്കുന്നത്. ഇത് ദൈവത്തിന്റെ സ്വര്‍ഗീയവും പ്രത്യേകവുമായ തിരഞ്ഞെടുപ്പാണെന്ന ആഴമേറിയ കാഴ്ചപ്പാടാണ് എന്റെ അപ്പച്ചന്‍ (പരേതനായി) പറഞ്ഞുതന്നിട്ടുള്ളത്. അതിന്റെ വെളിച്ചത്തിലാണ് പ്രതീക്ഷിക്കാത്ത രീതിയില്‍ കണ്ണൂരില്‍ സഹായമെത്രാനായി നിയമിച്ചുള്ള പരി. പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനം സ്വീകരിച്ചത്. ഈ കാര്യം അറിയിച്ചപ്പോള്‍ സ്വാഭാവികമായും മറിയത്തെപ്പോലെ 'ഇതാ' എന്ന് പറയുമ്പോഴും ആദ്യ പ്രതികരണം അയോഗ്യതയുടേതായിരുന്നു. ഉടനെ പിന്നീട് ഒരു തീരുമാനമെന്ന നിലയില്‍ അധികാരികളിലൂടെയുള്ള ഒരു ദൈവതിരുമനസ്സിന് ഇതുവരെ മുടക്കം പറയാത്തതുകൊണ്ട് സന്തോഷത്തോടുകൂടി ഈ നിയമനം സ്വീകരിക്കുകയായിരുന്നു. മറിയത്തെപ്പോലെ ഞാനും മനസ്സില്‍ പറഞ്ഞത് 'കണ്ണൂര്‍ രൂപതയെ എനിക്കറിയില്ലല്ലോ' എന്നായിരുന്നു.
പിതാവിന്റെ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍? ലക്ഷ്യങ്ങള്‍?
വേദപുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ആഴമായി ഞാന്‍ ചിന്തിക്കുകയാണെങ്കില്‍ എന്റെ പൗരോഹിത്യത്തിലേക്കുള്ള വിളി സാമുവേലിന്റെതു പോലെയാണെന്നു പറയാം. ഏഴാം ക്ലാസ്സു കഴിഞ്ഞ് വരാപ്പുഴ അതിരൂപതയില്‍ ദൈവവിളി ക്യാമ്പിനായി പോയി. അവിടെ നിന്നും ലഭിച്ച അഡ്മിഷന്‍ ഫോം ഞാനും വീട്ടില്‍ കൊണ്ടുവന്നുവച്ചിരുന്നു. കൂട്ടുകാരെല്ലാം അതു പൂരിപ്പിച്ച് വികാരിയച്ചന്റെ ഒപ്പു വാങ്ങിവച്ചു. ഒരു ദിവസം അപ്പച്ചന്‍ ചോദിച്ചു: അവരെല്ലാം വികാരിയച്ചന്റെ ഒപ്പുവാങ്ങി സെലക്ഷന് പോകുന്നുണ്ട്. നീയും പോകുന്നില്ലേ? അതേ. സാമുവലിനെപ്പോലെ എന്നെയും അപ്പച്ചന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് ഇതാ കര്‍ത്താവിന്റെ ദാസന്‍ എന്ന് ദൈവത്തിന്റെ വിളിയോട് പ്രതികരിപ്പിച്ചതായിരിക്കണം എന്റെ ദൈവവിളിയുടെ കാതല്‍. സെമിനാരി കാലത്ത് അങ്ങനെ പ്രത്യേകിച്ച് ഒരു സ്വപ്നങ്ങളും ഉണ്ടായിരുന്നില്ല. അച്ചനാകാന്‍ പോകാന്‍ എന്നെ സ്വാധീനിച്ചത് അന്ന് പള്ളിപ്പുറത്ത് മഞ്ഞുമാതാവിന്റെ പള്ളിയിലെ കൊച്ചച്ചനായിരുന്ന ഫാ. പോള്‍ തുണ്ടിയേലച്ചനാണ്. അച്ചനുമായി ഇന്നും ആ സൗഹൃദം പങ്കുവയ്ക്കുന്നു. ക്രൈസ്തവരായ നമുക്ക് ലക്ഷ്യം ഒന്നേയുള്ളൂ. സ്വര്‍ഗത്തിലെത്തിച്ചേരുക. 'കണ്ണൂര്‍ സ്വര്‍ഗമാണ്' എന്ന പാംപ്ലാനി പിതാവിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ ആശ്വാസം പകരുന്നുണ്ട്.
പുരോഹിതനെന്ന നിലയിലുള്ള സേവനകാലത്തെ മറക്കാനാകാത്ത അനുഭവം / അനുഭവങ്ങള്‍ എന്തൊക്കെ?
പുരോഹിതനെന്ന നിലയില്‍ മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങളുണ്ട്. അത് അങ്ങനെ എടുത്തു പറഞ്ഞുകൊണ്ടുള്ള ശീലമില്ലാത്തതുകൊണ്ട് ഒത്തിരി സംഭവങ്ങളിലേക്ക് പോകുന്നില്ല. എങ്കിലും എടയന്ത്രത്തച്ചന്റെ ചോദ്യോത്തര പരീക്ഷയില്‍ പങ്കെടുക്കുമ്പോള്‍ ഇതിനെല്ലാം ഒരുത്തരം തരുന്നത് വായനക്കാര്‍ക്ക് പ്രചോദനമേകുമെന്നറിയാം. അതുകൊണ്ട് ഒരനുഭവം പറയാം. ഈയിടെ മാള്‍ട്ടയില്‍ ആയിരുന്നപ്പോള്‍ മറക്കാനാവാത്തവിധം എന്നെ സ്പര്‍ശിച്ചത് ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രോമും ബാധിച്ച ഒരു കുട്ടിയുടെ പ്രവൃത്തിയാണ്. കഴിഞ്ഞ പെന്തക്കോസ്താ തിരുനാളില്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. റെയ് സെയ്ക്ലുണ നടത്തുന്ന പെരുമാറ്റ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഒരു സ്ഥാപനത്തില്‍ പോകുവാനിടയായി. കുര്‍ബാനയ്ക്കുശേഷമുള്ള സ്വീകരണ സമയത്ത് ഓട്ടിസം ബാധിച്ച ബാലന്‍ ഓരോ വിഭവവും വിളമ്പുന്നത് ശ്രദ്ധിച്ചു. ഓരോ പ്രാവശ്യവും അവന്‍ എല്ലാവരുടെയും അടുത്തെത്തി ഒന്നു രണ്ടു പ്രാവശ്യമാണ് വിളമ്പികൊണ്ടിരുന്നത്. ഇത് കണ്ടപ്പോള്‍ എന്നെ ആഴത്തില്‍ ചിന്തിപ്പിച്ച ഒരു കാര്യം, നിത്യവും സഹായം ആവശ്യമുള്ള ആ കുട്ടി കാണിക്കുന്ന ആ സേവന തല്‍പരത എന്തുകൊണ്ട് എന്നെപ്പോലെ ബോധവും ബുദ്ധിയുമുള്ളവര്‍ക്ക് കഴിയുന്നില്ലല്ലോ എന്നായിരുന്നു
അങ്ങയുടെ ഉപരിപഠനം ഏതു വിഷയത്തിലാണ്? വിദേശത്തെ പഠനകാലം എങ്ങനെയൊക്കെ സഹായിച്ചിട്ടുണ്ട്?
റോമില്‍ 1997-ലാണ് ഉപരിപഠനത്തിനായി പോകുന്നത്. അന്നുവരെ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ല. ഇറ്റാലിയന്‍ ഭാഷയില്‍ ഒരു മാസത്തെ പഠനത്തിനുശേഷം യൂണിവേഴ്‌സിറ്റിയില്‍ കാനോന്‍ നിയമത്തില്‍ ഉപരിപഠനം തുടങ്ങി. തുടര്‍ന്ന്
അതേ വിഷയത്തില്‍ തന്നെ ഡോക്ടറേറ്റ്. പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയിലായിരുന്നതുകൊണ്ട് സമയബന്ധിതമായി 4 വര്‍ഷം കൊണ്ടുതന്നെ പഠനം പൂര്‍ത്തിയാക്കി. വിദേശത്തു പഠിക്കാന്‍ പോയതുകൊണ്ട് ലോകകാര്യങ്ങളെക്കുറിച്ചും സാര്‍വത്രിക സഭയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനായിട്ടുണ്ട്. പഠനകാലത്തും പിന്നീടും പല പല രാജ്യങ്ങളും ഭാഷകളും അറിയാനും മനസ്സിലാക്കാനും കഴിഞ്ഞത് വിദേശപഠനം നല്‍കിയ മുതല്‍ക്കൂട്ടാണ്.
വൈദിക ദൈവവിളികള്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? ദൈവവിളി പ്രോത്സാഹനത്തിനായി എന്തു ചെയ്യാന്‍ കഴിയും?
ദൈവവിളി കുറയുന്നു എന്നുള്ളത് ഒരു തോന്നലല്ല; ഒരു യാഥാര്‍ഥ്യമാണ്. ഒരുപക്ഷേ, ആഫ്രിക്കയിലും ഏഷ്യയിലും അത്ര പ്രകടമല്ലായിരിക്കാം. ക്രിസ്തുമസ്സിനും ഈസ്റ്ററിനുമൊക്കെ ഏതെങ്കിലും ഇടവകകളില്‍ സഹായിക്കുവാന്‍ പോകുന്നത് റോമിലായിരിക്കുമ്പോഴുള്ള പഠനകാലത്തിന്റെ ഭാഗമാണ്. അന്ന് ഓരോ രൂപതയിലും മുടിനരച്ച അച്ചന്മാരാണ് ഭൂരിഭാഗവും ഈസ്റ്റര്‍ കാലത്ത്, തൈല പരികര്‍മ്മ പൂജയില്‍ സംബന്ധിക്കുവാന്‍ എത്തിയിട്ടുള്ളത്. അവരുടെ പ്രവര്‍ത്തനശൈലിയിലും മറ്റും പ്രത്യേകിച്ച് ഒരു കുറവും കാണാന്‍ കഴിയില്ല. അനുദിനകാര്യങ്ങള്‍ എല്ലാം കൃത്യമായി ചെയ്തുപോകുന്നു. എന്നാല്‍, നാളത്തെ സഭയില്‍ പ്രവര്‍ത്തിക്കുവാനായി, വരുംതലമുറയില്‍ നിന്നു ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നുണ്ട് എന്നു തോന്നിയില്ല. അങ്ങനെ ഒരു യാഥാര്‍ഥ്യവും അതിന്റെ ഗൗരവവും അവിടെയുള്ളവര്‍ മനസ്സിലാക്കിയിട്ടുള്ളതായും തോന്നിയില്ല. ഈ സാഹചര്യം തന്നെ നമ്മുടെ കേരളത്തിലും വിദൂരത്തിലല്ലെന്നു തോന്നുന്നു. വിശ്വാസമുള്ള കുടുംബങ്ങളായി നമ്മുടെ ക്രൈസ്തവസമൂഹത്തെ നിലനിര്‍ത്തുകയെന്നതാണ് ദൈവവിളി പരിപോഷിപ്പിക്കുന്നതിനുള്ള പ്രാഥമികദൗത്യം. വിശ്വാസമുള്ള കുടുംബത്തില്‍ നിന്നും പ്രാര്‍ഥനയുള്ള കുടുംബങ്ങളില്‍ നിന്നും ദൈവവിളി ഉണ്ടാകും. അതിനായി ദിവ്യകാരുണ്യാരാധനയും ജപമാലയും തീക്ഷ്ണതയോടെ കുടുംബങ്ങളിലും ഇടവകകളിലും ഈ ലക്ഷ്യത്തോടുകൂടി നിര്‍വഹിക്കണമെന്നു കരുതുന്നു.
സിസ്റ്റര്‍മാരാകാനുള്ള ദൈവവിളികള്‍ ആശങ്കാജനകമായ വിധത്തില്‍ കുറയുന്നതായിട്ടാണ് പറയുന്നത്. എന്തൊക്കെയാകാം അതിനു കാരണങ്ങള്‍? അതിനെ നേരിടാന്‍ എന്തു ചെയ്യാന്‍ കഴിയും?
സിസ്റ്റേഴ്‌സാകാന്‍ താല്‍പര്യം കുറഞ്ഞിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. സിസ്റ്റേഴ്‌സിന്റെ ദൈവവിളിയെക്കുറിച്ച് ബഹു. സിസ്റ്റേഴ്‌സിനോടുതന്നെ ചോദിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
കണ്ണൂര്‍ രൂപതയെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?
കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായാണ് എന്നെ നിയമിച്ചിരിക്കുന്നത്. രൂപതാധ്യക്ഷനോടുചേര്‍ന്ന് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനായി ഞാന്‍ നൂറു ശതമാനം പരിശ്രമിക്കും. എന്റേതായുള്ള സ്വപ്നങ്ങള്‍ ഞാന്‍ തല്‍ക്കാലം കാണുന്നില്ല. മറിച്ച് രൂപതയ്ക്ക് ആവശ്യമുള്ള എല്ലാ തലങ്ങളിലും എന്റെ ബുദ്ധിയും ശക്തിയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും. രൂപതയിലെ ഓരോ ഇടവകയേയും സ്ഥാപനത്തേയും ആദ്യമായി നേരില്‍ക്കണ്ട് അറിഞ്ഞതിനുശേഷം എന്തെങ്കിലും കര്‍മ്മപരിപാടിയിലേക്കു കടക്കും. അതിന് സമയം ആവശ്യമാണ്. ഇപ്പോള്‍ ഞാന്‍ കടന്നുവരുന്ന മേച്ചില്‍പുറം എനിക്കു പുതുമയുള്ളതാണ്. അതുകൊണ്ടുതന്നെ സ്വപ്നങ്ങളേക്കാള്‍ ഉപരി വൈദികരുടെ ഭൗതീകവും ആത്മീയവുമായ ജീവിതനിലവാരം അറിയാനും അവരുടെയും ഇടവക ജനങ്ങളുടെയും ഇന്നത്തെ അവസ്ഥ കണ്ടു മനസ്സിലാക്കി ഇടയനടുത്ത ജീവിതം നയിക്കാനും ആഗ്രഹിക്കുന്നു.
കണ്ണൂര്‍ രൂപതയെക്കുറിച്ച് എന്റെ ആദ്യമാസത്തിലെ വിലയിരുത്തല്‍ ഇതാണ്. കണ്ണൂര്‍ രൂപത കേരള സഭയ്ക്ക് ഒരുത്തമ മാതൃകയാണ്. രൂപതയിലുള്ള വൈദികര്‍, കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുമുള്ളവരാണ്. ഉദാഹരണത്തിന് വരാപ്പുഴ അതിരൂപത, കോട്ടപ്പുറം, ആലപ്പുഴ, കോതമംഗലം, തിരുവനന്തപുരം, കൊല്ലം, തലശ്ശേരി രൂപതകളില്‍ നിന്നുള്ള നിരവധി വൈദികരുണ്ട്. കൂടാതെ വിവിധ സന്ന്യാസസഭാവൈദികര്‍ നയിക്കുന്ന ഇടവകകളും രൂപതയില്‍ ഉണ്ട്്. വ്യക്തിപരമായ സ്വപ്നങ്ങള്‍ക്കു പ്രാധാന്യം കൊടുക്കാതെ, കണ്ണൂര്‍ രൂപതയുടെ പാരമ്പര്യത്തെ ഉള്‍ക്കൊണ്ട്, ജെസ്യൂട്ട് മിഷണറിമാര്‍ തുടങ്ങി വച്ച പ്രേഷിതപാതയില്‍ അണിചേര്‍ന്ന് ഒരു പ്രേഷിതനായി മുന്നോട്ടു സഞ്ചരിക്കുകയായിരിക്കും എന്റെ സ്വപ്നം. അതു യാഥാര്‍ഥ്യമാക്കണമെന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.
മെത്രാനെന്ന നിലയില്‍ താങ്കള്‍ ഭാരതസഭയുടെയും കേരളസഭയുടെയും നേതൃനിരയിലേക്കും വരികയാണ്. ഭാരതസഭ ഇന്നു പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യന്‍ സഭ. അതിനെ എങ്ങനെ കാണുന്നു?
മെത്രാനെന്ന നിലയില്‍ നേതൃത്വ നിരയിലേക്ക് വരുന്നു എന്നത് ശരി തന്നെ. കേരളസഭയും ഭാരതസഭയും ഒത്തിരി വളര്‍ന്നിട്ടുണ്ട്. ഉയരത്തിനൊപ്പമുള്ള വെല്ലുവിളികളുമുണ്ട്. അതിന്റെ ഉയരത്തിനൊപ്പം എനിക്ക് എത്തിപ്പെടാനാകുമെന്ന് കരുതുന്നില്ല.
എങ്കിലും എന്റെ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ കേരളസഭയെയും ഭാരതസഭയെയും കൂടുതല്‍ അറിയാനായിരിക്കും ശ്രമിക്കുക. സൂചിപ്പിച്ചതുപോലെ വെല്ലുവിളികള്‍ ഒത്തിരിയുണ്ട്. അതു ചോദ്യകര്‍ത്താവിനും ഇവിടെ എന്നെക്കാളേറെ ജീവിച്ചു പരിചയിച്ചവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അവയെ എണ്ണിപ്പറയാന്‍ ആഗ്രഹിക്കുന്നില്ല. ഈ അടുത്ത കാലത്തുവരെ ഉത്തരേന്ത്യന്‍ സഭ എനിക്ക് അടുത്തറിയാത്ത സഭാസമൂഹമാണ്. ഉത്തരേന്ത്യന്‍ സഭയെക്കുറിച്ച് ഈ ചോദ്യത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ അറിയാനും മനസ്സിലാക്കാനുമുള്ള വ്യക്തിപരമായ ഒരു ശ്രമം എന്റെ ഭാഗത്തുനിന്നുമുണ്ടാകും.
പിതാവിന്റെ വ്യക്തിപരമായ പ്രാര്‍ഥനാരീതികള്‍ എന്തൊക്കെയാണ്? എന്തിനുവേണ്ടിയാണ് പിതാവു പ്രത്യേകമായി പ്രാര്‍ഥിക്കുക പതിവ്?
മാതാപിതാക്കന്മാരില്‍ നിന്നുമുള്ള പ്രാര്‍ഥനാരീതികളാണ് കുഞ്ഞുനാളിലേ ഞാന്‍ കണ്ടു വളര്‍ന്നിട്ടുള്ളത്. വീട്ടില്‍ നിന്ന് എല്ലാവരും നിത്യവും പ്രഭാതത്തില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്ന ഒരു കുടുംബമായിരുന്നു എന്റേത്. പരേതനായ അപ്പച്ചന്‍ ദിവസവും കുര്‍ബാനയില്‍ പങ്കുചേരുകയും വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ സമയം പരി. കുര്‍ബാന ആരാധനയില്‍ സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. അമ്മച്ചിയെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നതിനുശേഷം ഒരു ദിവസവും കുര്‍ബാന മുടക്കിയിട്ടില്ല. ഞാന്‍ മാതാപിതാക്കന്മാരുടെ മാതൃകയില്‍ ഈ പ്രാര്‍ഥനാരീതി തുടരുന്നു. സെമിനാരിയിലായതിനുശേഷം ധ്യാനവും പ്രാര്‍ഥനയും യാമപ്രാര്‍ഥനകളും എന്റെ ദിനചര്യയായി മാറി. അതില്‍ കൂടുതല്‍ ആനന്ദം പരി. കുര്‍ബാനയുടെ വ്യക്തിപരമായ നിശ്ശബ്ദമായ ആരാധനയാണ്.
കരിസ്മാറ്റിക് നവീകരണത്തെക്കുറിച്ചുള്ള പിതാവിന്റെ വിലയിരുത്തല്‍ എന്താണ്? സഭ ഈ രംഗത്തിന് നല്‍കേണ്ട പ്രോത്സാഹനവും തിരുത്തലും എന്തൊക്കെയാണ്?
ഈ ചോദ്യം എനിക്കത്ര പരിചയമില്ലാത്ത വിഷയമായി തോന്നുന്നു. കരിസ്മാറ്റിക് നവീകരണം എന്നെന്നും ആവശ്യമാണ്. സഭയുടെ ദൈനംദിന കാര്യങ്ങളിലും വ്യക്തിഗതമായ നവീകരണമാണ് കൂടുതല്‍ ആവശ്യം. അതിന് കരിസ്മാറ്റിക് നവീകരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയും സഭയുടെ ചട്ടക്കൂടുകളും തമ്മിലുള്ള സ്വരച്ചേര്‍ച്ച കാത്തുസൂക്ഷിച്ച് മുന്നേറണം. സഭ ഇന്ന് ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ കൂടിയാണ്. അതുപോലെതന്നെ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടു കൂടി തന്നെയുള്ള ഒരു ജീവിത യാഥാര്‍ഥ്യവുമാണ്. പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ 'സുവിശേഷത്തിന്റെ ആനന്ദ'ത്തില്‍ പറയുന്നതു പോലെ മുന്നോട്ടു പോകണമെന്നാണ് എന്റെ ഒരഭിപ്രായം. 'ക്രിസ്തുവുമായുള്ള നവീകരിച്ച വ്യക്തിപരമായ കണ്ടുമുട്ടലിനുവേണ്ടി, കുറഞ്ഞപക്ഷം അവിടുന്ന് തങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി, സ്വയം തുറന്നു കൊടുക്കുന്നതിനായി എല്ലായിടത്തുമുള്ള സകല ക്രൈസ്തവരെയും ഞാന്‍ ക്ഷണിക്കുന്നു. ദിവസവും വീഴ്ചവരുത്താതെ ഇപ്രകാരം ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഈ ആഹ്വാനം തനിക്കു വേണ്ടിയുള്ളതല്ലെന്ന് ഒരു വ്യക്തിയും ചിന്തിച്ചുകൂടാ, കാരണം കര്‍ത്താവ് കൊണ്ടുവന്ന ആനന്ദത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല.' (സുവിശേഷത്തിന്റെ ആനന്ദം).
വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ചേരാനിടയായതെങ്ങനെ?
1997-ല്‍ എന്റെ രൂപത അധ്യക്ഷന്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ തിരുമേനി റോമിലുള്ള പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ എന്നെ ഉപരിപഠനത്തിനായി അയയ്ക്കുകയുണ്ടായി. അവിടെയുള്ള പഠനത്തിനുശേഷം വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിലാണ് സ്വാഭാവികമായും നിയമനം ലഭിക്കുക. അങ്ങനെ തന്നെയാണ് ഞാനും നയതന്ത്ര വിഭാഗത്തില്‍ ചേരുവാന്‍ ഇടയായത്.
ആറോളം രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്രകാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവല്ലോ. ആ കാലങ്ങളിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങള്‍ എന്തൊക്കെയാണ്?
മാള്‍ട്ടയില്‍ ആയിരുന്നപ്പോള്‍ 2022 ഏപ്രില്‍ മാസം, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ മാള്‍ട്ട സന്ദര്‍ശിക്കുകയുണ്ടായി. ആ അപ്പസ്‌തോലിക സന്ദര്‍ശനം തന്നെയാണ് ഏറ്റവും അവിസ്മരണീയമായ അനുഭവമായി കണക്കാക്കുന്നത്.
വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും മറ്റു രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള പ്രധാനവ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
ഏതു രാജ്യത്തിലെയും വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതായിട്ടാണ് എന്റെ ദീര്‍ഘകാലത്തെ അനുഭവം. മറ്റു രാജ്യങ്ങള്‍ക്കുള്ളതുപോലെ വാണിജ്യവിഭാഗമോ സമാനമായ വിഭാഗങ്ങളോ വത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഉണ്ടാകില്ല. വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ എല്ലാവരും പുരോഹിതന്മാര്‍ ആയിരിക്കും. പുരോഹിതവൃത്തിയും നയതന്ത്ര ജോലിയും ഒന്നിച്ച് നിര്‍വഹിക്കുന്നു എന്ന സവിശേഷതയും വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ക്ക് ഉണ്ട്.