മാധ്യമങ്ങളില്‍ നിന്നു സ്വതന്ത്രരാകുക

മാധ്യമങ്ങളില്‍ നിന്നു സ്വതന്ത്രരാകുക

മാധ്യമവിദ്യാഭ്യാസത്തില്‍ അമേരിക്കയില്‍ നിന്നു ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള മാധ്യമപരിശീലകനും ഗ്രന്ഥകാരനുമാണ് ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍ വള്ളോചേരില്‍ എസ്.ജെ. സ്നേഹസേന മാസികയുടെയും യാത്രാ പബ്ലിക്കേഷന്‍സിന്‍റെയും ഡയറക്ടറായി ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള അദ്ദേഹം കോട്ടയം തന്മയ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനും പ്രഥമ ഡയറക്ടറുമാണ്. അമേരിക്കയിലെ മാര്‍ക്ക്വെറ്റ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും ഉള്ള നിരവധി കോളേജുകളിലും സെമിനാരികളിലും ഗസ്റ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു. നൂറു കണക്കിനു മാധ്യമ, സിനിമാ സെമിനാറുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്. 'സ്വരചിത്രരാഗസുധ' എന്ന പേരില്‍ ഒരു ദൃശ്യ ശ്രാവ്യ ധ്യാനപരിപാടി രൂപകല്‍പന ചെയ്തു നടത്തിവരുന്നു. ഇതിനകം നൂറുകണക്കിനു ധ്യാനങ്ങള്‍ നയിച്ചു. ലോകമെങ്ങും നിന്നുമുള്ള ആറായിരത്തിലധികം സിനിമകള്‍ അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. മാധ്യമസാക്ഷരത വര്‍ദ്ധിപ്പിക്കുക സവിശേഷദൗത്യമായി കാണുന്ന അദ്ദേഹം ഹ്രസ്വചിത്രങ്ങളും വീഡിയോ സ്റ്റോറികളും നിരവധി പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാധ്യമസാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനും മാധ്യമവിദ്യാഭ്യാസം നല്‍കുന്നതിനും താത്പര്യപ്പെടുന്ന എല്ലാവരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

മാധ്യമങ്ങളെയും ആ രംഗത്തു സഭയ്ക്കുള്ള ദൗത്യത്തേയും കുറിച്ച് ഫാ. ജോര്‍ജ് സെബാസ്റ്റ്യനുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങളാണിവ:

മാധ്യമങ്ങള്‍ എങ്ങനെയാണു നിങ്ങളുടെ ജീവിതവീക്ഷണത്തേയും തിരഞ്ഞെടുപ്പുകളേയും അഭിരുചികളേയും സംസ്കാരത്തേയും സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിമര്‍ശനാത്മകമായ ചിന്തയും പഠനവുമാണ് മാധ്യമസാക്ഷരത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പഠിച്ചാല്‍ മാധ്യമസാക്ഷരരായി എന്ന തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നവരുണ്ട്. ഈ തെറ്റിദ്ധാരണ സഭയ്ക്കകത്തുമുണ്ട്. സഭയുടെ പ്രവര്‍ത്തനങ്ങളേയും അഭിപ്രായങ്ങളേയും ഉയര്‍ത്തിക്കാണിക്കുന്നതിനും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു മതങ്ങളേക്കാള്‍ മുമ്പിലാണെന്നു കാണിക്കുന്നതിനും മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് സഭയുടെ മാധ്യമശുശ്രൂഷ എന്ന ചിന്ത പലരുടേയും ഉള്ളിന്‍റെ ഉള്ളില്‍ കിടക്കുകയാണ്. സിനിമകളിലോ മറ്റോ സഭയ്ക്കു വിരോധമുള്ള എന്തെങ്കിലും രംഗങ്ങള്‍ വന്നാല്‍ ഉടനെ അതിനോടു പ്രതികരിക്കുക, അത്തരം സൃഷ്ടികള്‍ക്കു ബദലായി മൂന്നാംകിട സിനിമകളും സീരിയലുകളും നിര്‍മ്മിക്കുക തുടങ്ങിയവയും ചിലര്‍ സഭയുടെ മാധ്യമധര്‍മ്മമായി കാണുന്നു. എന്നാല്‍ ഇതിനെല്ലാമുപരിയാണു സഭയുടെ യഥാര്‍ത്ഥ മാധ്യമധര്‍മ്മം.

സഭാംഗങ്ങളുടെയും സമൂഹത്തിന്‍റെ പൊതുവെയും ഉള്ള അഭിരുചികള്‍ ഉയര്‍ത്താനും ശുദ്ധീകരിക്കാനുമുള്ള ശ്രമങ്ങളാണ് പ്രഥമമായും പ്രധാനമായും വേണ്ടത്. ഇതിനു പകരം സമ്പത്തും അധികാരവുമുള്ള സഭാസംവിധാനങ്ങള്‍ കോടികള്‍ ചിലവഴിച്ചു വിശുദ്ധരെ കുറിച്ചുള്ള ജീവചരിത്രസിനിമകളും മറ്റു ടിവി പ്രോഗ്രാമുകളും ധാരാളമായി നിര്‍മ്മിച്ചിട്ടുണ്ട്. എന്തെങ്കിലും അഭിരുചിയോ കലാവാസനയോ ഉള്ളവരെല്ലാം പുച്ഛിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ സഭ ധാരാളം പണം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും നമ്മുടെ മാധ്യമാഭിരുചികളെയോ സംസ്കാരത്തെയോ ഗുണപരമായി സ്വാധീനിച്ചില്ല.

മാധ്യമസംസ്കാരം
മാധ്യമങ്ങളെല്ലാം ചേര്‍ന്ന് ഇവിടെ എന്തിനേയും ഏതിനേയും മാധ്യമവത്കരിച്ചുകൊണ്ടിരിക്കുന്നു. അതൊരു പുതിയ സംസ്കാരസൃഷ്ടിക്കു തന്നെ കാരണമായി. മാധ്യമസംസ്കാരം എന്ന് അതിനെ വിളിക്കാം. ആ സംസ്കാരത്തോട് എങ്ങനെ സംവദിക്കാം എന്നതാണു നാം ചിന്തിക്കേണ്ടത്. ആ സംസ്കാരത്തിന്‍റെ നന്മകളോട് എന്താകണം നമ്മുടെ പ്രതികരണം? തിന്മകളെ എങ്ങനെ സമീപിക്കണം, പ്രതിരോധിക്കണം?

മാധ്യമരംഗത്ത് ഒരു തരം അരക്ഷിതത്വം സഭയ്ക്ക് അനുഭവപ്പെടുന്നുണ്ട്. അതില്‍ നിന്നാണു മാധ്യമങ്ങള്‍ക്കെതിരായ പ്രതികരണങ്ങള്‍ വരുന്നത്. കലാസൃഷ്ടികള്‍ കാണുകയോ വായിക്കുകയോ ചെയ്യുന്നതിനു മുമ്പു തന്നെ കേട്ടുകേള്‍വികളെ അടിസ്ഥാനമാക്കി പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും വരുന്നു. ഈ അരക്ഷിതത്വത്തിന് ഒരു കാരണം "പാവനവും പാവനമല്ലാത്തതും" (സെക്കുലര്‍/സേക്രഡ്) എന്ന കര്‍ക്കശമായ വേര്‍തിരിവാണ്. ആദ്യകാലങ്ങളില്‍ സിനിമയേയും കലയേയും എല്ലാം മതത്തിനു പുറത്തുള്ള കാര്യങ്ങളായി കണ്ടു നാം അകറ്റി നിറുത്തി. എല്ലാ മണ്ഡലങ്ങളും വേണമെങ്കില്‍ സേക്രഡാക്കാം, എല്ലാം സെക്കുലറുമാക്കാം. ഏതെങ്കിലും ഒരു കള്ളിയില്‍ പൂര്‍ണമായി ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നതൊന്നും ഇവിടെയില്ല. ആദ്യകാലങ്ങളില്‍ മാധ്യമമെന്നത് ഒരു ലൗകികകാര്യമാണ് എന്നൊരു തോന്നലുണ്ടായിരുന്നു. ചില തരം വാര്‍പ്പുമാതൃകകളുടെ അടിസ്ഥാനത്തിലായിരുന്നു നമ്മുടെ ചിന്തകള്‍. ഒരുദാഹരണം പറയാം. മാധ്യമങ്ങളെയും സിനിമയേയും കുറിച്ചു പഠിക്കാന്‍ പോകുന്ന സന്യസ്തരും വൈദികരും സഭ വിട്ടുപോകും എന്നൊരു മുന്‍വിധി പണ്ടു കാലത്തുണ്ടായിരുന്നു. ചിലര്‍ പോയിട്ടുണ്ടാകാം. പക്ഷേ മാധ്യമങ്ങളെ കുറിച്ചു പഠിച്ചതുകൊണ്ടല്ല അത്. കാരണം, ദൈവശാസ്ത്രവും മനശ്ശാസ്ത്രവും കൗണ്‍സലിംഗും ആദ്ധ്യാത്മികശാസ്ത്രവും സാഹിത്യവും ഒക്കെ പഠിക്കാന്‍ പോയവരും ഇതേ മട്ടില്‍ സന്യാസമുപേക്ഷിച്ചു പോകാറുണ്ട്. അതൊരു വശം.

സിനിമകളെ ആസ്പദമാക്കി ഞാന്‍ ധാരാളം ധ്യാനങ്ങള്‍ നടത്താറുണ്ട്. ധ്യാനങ്ങള്‍ കഴിയുമ്പോള്‍ ചിലര്‍ പറയും, ഇത്രയും ആഴവും ആദ്ധ്യാത്മികതയുമുള്ള കാര്യങ്ങള്‍ പറയുന്ന ഒരു ധ്യാനമല്ല പ്രതീക്ഷിച്ചതെന്ന്. കാരണം, സിനിമയെ കുറിച്ചു പഠിച്ചാല്‍ പിന്നെ ആത്മീയത ഉണ്ടാകില്ലെന്നാണ് മുന്‍വിധി. സിനിമയേയും മാധ്യമങ്ങളേയും കുറിച്ചു പഠനം നടത്തിയ സന്യസ്തര്‍ കുറെ സാങ്കേതിക കാര്യങ്ങള്‍ മാത്രം പറയുന്നവരും ക്ലാസെടുക്കുന്നവരും ആയിരിക്കുമെന്ന് ധരിച്ചിരിക്കുന്നവരുണ്ട്. വാസ്തവത്തില്‍ വളരെ സെക്കുലറായ ചില അദ്ധ്യാപക പരിശീലനപരിപാടികളിലും മറ്റും സിനിമ, മാധ്യമം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമ്പോള്‍ ആത്മീയമൂല്യങ്ങളുമായി ബന്ധപ്പെടുത്തി വിഷയങ്ങളവതരിപ്പിക്കുന്നത് ഒരു ആനന്ദമാണ്. അതില്‍ ഒരു സന്യാസി എന്ന നിലയില്‍ വലിയ ആത്മസംതൃപ്തിയും അനുഭവിക്കുന്നു.

മാധ്യമങ്ങള്‍ ആദ്ധ്യാത്മിക വിരുദ്ധമോ?
മാധ്യമങ്ങളും സിനിമകളും മറ്റും ആദ്ധ്യാത്മിക വിരുദ്ധമാണ് എന്ന മുന്‍വിധിയോടെ ഇവയില്‍ നിന്ന് അകലം പാലിച്ച ഒരു ഭൂതകാലം നമുക്കുണ്ട്. അതുകൊണ്ട് വലിയ നഷ്ടവും ഉണ്ടായിട്ടുണ്ട്. ആയിരകണക്കിനു സിനിമകളുടെ ശേഖരം എനിക്കുണ്ട്. പല വര്‍ഷങ്ങളായി ഒരുപാടു ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ലോകം മുഴുവന്‍ നമ്മുടെ മുമ്പിലേയ്ക്കു വരുന്ന അനുഭവമാണത് സമ്മാനിക്കുന്നത്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ചിന്താരീതികള്‍, സംസ്കാരം, അവരുടെ വേദനകള്‍, ദുഃഖങ്ങള്‍, പ്രശ്നങ്ങള്‍, മോഹങ്ങള്‍, മോഹഭംഗങ്ങള്‍, അവര്‍ തിരയുന്ന ദൈവം, സ്നേഹം, അവരുടെ അര്‍ത്ഥാന്വേഷണം എല്ലാമെല്ലാമാണു നാം കാണുന്നത്. നമ്മുടെ നാട്ടിലും ധാരാളം നല്ല സിനിമകളുണ്ടാകാറുണ്ട്. അവയെയും നമ്മുടെ ആദ്ധ്യാത്മിക ജീവിതവുമായി ബന്ധിപ്പിക്കാന്‍ നാമിതുവരെ പഠിച്ചിട്ടില്ല, പഠിപ്പിച്ചിട്ടില്ല. അതിനിണങ്ങുന്ന ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയിട്ടുമില്ല. അതിനോടൊക്കെയും സംവാദാത്മകമായ ഒരു ബന്ധം നമുക്കുണ്ടാകണം.

സിനിമ വിനോദോപാധി മാത്രമല്ല. പക്ഷേ സിനിമ കാണാന്‍ നാം പഠിക്കണം, പഠിപ്പിക്കണം. ധാരാളം മതപഠനമൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഒരു സിനിമ കാണുമ്പോള്‍ അതിലെ ആദ്ധ്യാത്മികമൂല്യങ്ങള്‍, സുവിശേഷമൂല്യങ്ങള്‍, ആഴമുള്ള മാനവീകമൂല്യങ്ങള്‍ ഒക്കെ തിരിച്ചറിയാന്‍ നമുക്കു സാധിക്കാത്തതെന്തുകൊണ്ട്? ജനപ്രിയ സംസ്കാരത്തിന്‍റെ അവിഭാജ്യഘടകങ്ങളായ സിനിമകളിലേയും മറ്റു മാധ്യമങ്ങളിലെയും ജീവിതമൂല്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? മറുവശത്ത്, നിരന്തരം കച്ചവടക്കണ്ണോടെ മാത്രം സൃഷ്ടിക്കപ്പെടുന്ന പരസ്യങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന സുവിശേഷവിരുദ്ധമൂല്യങ്ങള്‍, അവ പരോക്ഷമായി പകരുന്ന മ്ലേച്ഛസന്ദേശങ്ങള്‍ തുടങ്ങിയവയും നമുക്കു തിരിച്ചറിയാന്‍ സാധിക്കാത്തതെന്തുകൊണ്ട്? ഞായറാഴ്ചകളിലെ മതബോധനം കൂടാതെ അവധിക്കാലത്ത് ദിവസങ്ങള്‍ ദീര്‍ഘിക്കുന്ന പ്രത്യേക പരിശീലനപരിപാടികളും നാം കുട്ടികള്‍ക്കായി നടത്തുന്നു. ഇതെല്ലാം ലഭിക്കുന്ന കുട്ടികള്‍ക്ക് എന്തുകൊണ്ട് തെറ്റും ശരിയും, നന്മ യും തിന്മയും, സൗന്ദര്യവും വൈകൃതവും തിരിച്ചറിയുന്നതിനുള്ള ഒരുസാക്ഷരത ലഭിക്കുന്നില്ല? ഭംഗിയും അഭംഗിയും കലയും കലാവൈകൃതവും തിരിച്ചറിയാന്‍ സാധിക്കുന്നില്ല? സിനിമാസംസ്കാരമെന്നത് താരസംസ്കാരമല്ലെന്ന് ആരവര്‍ക്കു പറഞ്ഞുകൊടുക്കും?

നമുക്കു ധാരാളം വനിതാപ്രസിദ്ധീകരണങ്ങള്‍ ഉണ്ടല്ലോ. ഞാനതിന്‍റെ ഉള്ളടക്കം വിശകലനവിധേയമാക്കിയിട്ടുണ്ട്. 80% വരെ പരസ്യങ്ങളുള്ള പ്രസിദ്ധീകരണങ്ങളുണ്ട്. എല്ലാം വിവിധ ഉപഭോഗവസ്തുക്കളുടെ പരസ്യങ്ങള്‍. ബാക്കിയുള്ള ലേഖനങ്ങള്‍ എന്തിനെ കുറിച്ചാണ്? ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എടുക്കേണ്ട 10 മുന്‍കരുതലുകള്‍, വേദനയില്ലാത്ത പ്രസവം എങ്ങനെ, അടിവസ്ത്രമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട 14 കാര്യങ്ങള്‍, പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ പത്തു സൂത്രങ്ങള്‍, പത്തു മിനിറ്റു കൊണ്ടു ചെയ്യാവുന്ന 16 മേക്കപ്പുകള്‍ എന്നൊക്കെയാകും പ്രധാനലേഖനങ്ങള്‍. ഇതൊക്കെ യാതൊരു വിമര്‍ശനചിന്തയും കൂടാതെ അതേപടി വായിച്ചു വിഴുങ്ങുമ്പോള്‍ നമ്മുടെ സംസ്കാരം എന്തായിത്തീരും? മാസങ്ങളോളം തിയേറ്ററുകളില്‍ ഓടുന്ന ജ്വല്ലറികളുടേയും തുണിക്കടകളുടേയുമൊക്കെ പരസ്യങ്ങളുണ്ട്. അതെല്ലാം അവതരിപ്പിക്കുന്ന സ്ത്രീസങ്കല്‍പങ്ങള്‍ എത്രയോ വികലമാണ്. പോപ്പുലര്‍ കള്‍ച്ചര്‍ നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ നിരന്തരം പഠിപ്പിക്കുന്നത് സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്നാണ്. പരോക്ഷമായ വലിയൊരു വിദ്യാഭ്യാസമാണ് ഇതുവഴി നടക്കുന്നത്. ഇതിന്‍റെ സ്വാധീനത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ സ്ത്രീപീഡകരായാല്‍ അത്ഭുതപ്പെടാനില്ല. ആ വിദ്യാഭ്യാസത്തിനു ബദലായ ഒരു മൂല്യവിദ്യാഭ്യാസം കൊടുക്കാന്‍ സഭയ്ക്കു ബാദ്ധ്യതയില്ലേ? അതിനു വേണ്ടി നാം എന്തു ചെയ്യുന്നു?

സമരമല്ല, പുത്തന്‍ സാക്ഷരതയാണാവശ്യം
കലാസൃഷ്ടികള്‍ക്കെതിരായ പ്രത്യക്ഷസമരങ്ങളല്ല, വിമര്‍ശനാത്മകമായ മാധ്യമവിദ്യാഭ്യാസമാണ് നാം നല്‍കേണ്ടത്. സിനിമകളും സീരിയലുകളും പോലുള്ള മാധ്യമസൃഷ്ടികളുടെ സ്വന്തമായ നിര്‍മ്മാണവും മതിയാകുകയില്ല. സംസ്കാരമെന്നു പറയുന്നത് നിര്‍മ്മാണവും ഉപഭോഗവും മാത്രമല്ല. നിര്‍മ്മാണവും ഉപഭോഗവും വിശകലനവും വിമര്‍ശനവും ആസ്വാദനവും ചര്‍ച്ചകളും എല്ലാം കൂടിച്ചേര്‍ന്നതാണ്. നമ്മുടെ സംഘാതമായ സംസ്കാരം കൂടുതല്‍ കൂടുതല്‍ അഴുകുകയും മലിനമാക്കപ്പെടുകയും ഉപഭോഗവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ അധഃപതനം പൊതുജനം അറിയുന്നുപോലുമില്ല. പൊതുതലങ്ങളിലോ വിദ്യാഭ്യാസതലങ്ങളിലോ സഭാതലങ്ങളിലോ ഒന്നും ഇതൊരു ചര്‍ച്ചാവിഷയം പോലുമാകുന്നില്ല. ഇതിനെയാണ് 'സംഘാതസംസ്കാര അര്‍ബുദം'/'സംഘാത സംസ്കാര ബലാത്കാരം' എന്നു ഞാന്‍ വിളിക്കുന്നത്. ഈ രോഗത്തെയാണു നാമിന്നു പ്രധാനമായും ചികിത്സിക്കേണ്ടത്. വ്യത്യസ്തമായും മൂല്യവത്തായും സഭയ്ക്ക് ഇടപെടാന്‍ നിശ്ചയമായും കഴിയുന്ന ഒരു മാധ്യമശുശ്രൂഷാമേഖലയാണിത്. രോഗശാന്തി എന്നത് വ്യക്തിതലത്തില്‍ മാത്രം സംഭവിച്ചാല്‍ പോരല്ലോ, സമൂഹതലത്തിലും നടക്കേണ്ടതല്ലേ?

മാധ്യമരംഗത്ത് മറ്റേതു രംഗത്തുമെന്നതു പോലെ പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയായുടെ കടന്നുവരവോടെ ഈ പരിണാമം ഒരു ആഗോള വിസ്ഫോടനമായി മാറിയിരിക്കുന്നു. പരമ്പരാഗതമാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഇല്ലാതായി. ഇന്ന് ആര്‍ക്കും എന്തും എവിടെയും പ്രസിദ്ധീകരിക്കാം എന്ന സ്ഥിതി വന്നു. അതൊരു നേട്ടവും ഒരു സ്വാതന്ത്ര്യവും ആണ്. പക്ഷേ മാധ്യമസാക്ഷരത ലഭിക്കാത്തതിന്‍റെ അപകടങ്ങള്‍ ഇവിടെയും പതിയിരിപ്പുണ്ട്. ഒരു സെല്‍ഫോണ്‍ വാങ്ങുന്നു. അത് എവിടെ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത സ്ഥിതി. ഏറ്റവും വില കൂടിയ ഫോണ്‍ വാങ്ങിക്കാന്‍ കഴിയും. പക്ഷേ എങ്ങനെ ഉപയോഗിക്കണമെന്നറിയില്ലെങ്കില്‍ അത് അവര്‍ക്കു തന്നെ പ്രശ്നമായി മാറും. യാത്രയ്ക്കിടയില്‍ ഫോണില്‍ ദീര്‍ഘമായി സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ? ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ പോലും പരസ്യമായി വിളിച്ചുകൂവി സംസാരിക്കുന്നവരെ കാണാം. നവമാധ്യമങ്ങളുടെ കടന്നുവരവോടെ സ്വകാര്യത എന്ന സങ്കല്‍പത്തിനു മാറ്റം വന്നു. കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടമാകുന്നു. എല്ലാവര്‍ക്കും ഏറ്റവും പുതിയതും മുന്തിയതും വിലകൂടിയതുമായ ഉപകരണങ്ങള്‍ വേണം. ഞാനിപ്പോഴും 15 വര്‍ഷം പഴക്കമുള്ള ലാപ്ടോപാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്‍റെ ആവശ്യത്തിന് അതു മതി. എന്നാല്‍ പുതിയ തലമുറ ഓരോ ഒന്നിടവിട്ട വര്‍ഷങ്ങളിലും ഇതെല്ലാം മാറ്റി വാങ്ങുന്നത് നാം കാണുന്നുണ്ട്. സാമൂഹ്യസമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാനുള്ള യാതൊരു ആയുധവും അവര്‍ക്കു കിട്ടിയിട്ടില്ല. ആവശ്യമില്ലാത്ത ഒരുപകരണം തനിക്കു വേണ്ടെന്നു പറയാനുള്ള ഒരു സ്വാതന്ത്ര്യത്തിലേയ്ക്കു നാം വളര്‍ന്നിട്ടില്ല.

മാധ്യമങ്ങളില്‍ നിന്നു സ്വതന്ത്രരാകുക
മാധ്യമസ്വാതന്ത്ര്യം നിശ്ചയമായും ഒരവകാശമാണ്. തര്‍ക്കമില്ല. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി നാം പലപ്പോഴും മുറവിളി കൂട്ടാറുണ്ട്. എന്നാല്‍ ഇന്ന് ഇതാ ആധുനിക മാനവന്‍ മാധ്യമങ്ങളില്‍ നിന്നു പോലും സ്വാതന്ത്ര്യം നേടേണ്ട ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കാരണം അവന് അനുഗ്രഹമായി മാറേണ്ട ഒരു കാര്യം അവനെ കൂടുതല്‍ കൂടുതല്‍ അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്‍റെ ജീവിതമേഖലകള്‍ മുഴുവന്‍ മാധ്യമവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പണ്ട് സംസ്കാരപഠനത്തിലെ ഒരു ഭാഗം മാത്രമായിരുന്നു മാധ്യമപഠനം. ഇന്നു മാധ്യമങ്ങള്‍ തന്നെ ഒരു സംസ്കാരമായി മാറിയിരിക്കുന്നു. മറ്റു പലതും അതിന്‍റെ ഉപവിഷയങ്ങളായി മാറുന്ന തരത്തില്‍ മാധ്യമസംസ്കാരം പ്രാധാന്യം നേടിയിരിക്കുന്നു. കല, രാഷ്ട്രീയം, മതം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാം ചേരുന്നതാണു സംസ്കാരം എന്നത്. പക്ഷേ ഇന്നു മാധ്യമസംസ്കാരം എല്ലാത്തിനേയും മറികടന്നു നില്‍ക്കുന്നു. മാധ്യമങ്ങള്‍ മറ്റെല്ലാത്തിനേയും നിര്‍വചിക്കുന്നു. വാങ്ങിക്കൂട്ടുക, പൂഴ്ത്തിവയ്ക്കുക, ഉപയോഗിക്കുക, ഉപഭോഗിക്കുക എന്നിവയില്‍ അഭിരമിക്കുക എന്നതാണ് ആധുനിക മനുഷ്യന്‍റെ ആനന്ദം. ആസ്വദിക്കുന്നതിനേക്കാളേറെ വാങ്ങിക്കൂട്ടുന്നതിലും അതിലഹങ്കരിക്കുന്നതിലുമാണ് അവന്‍റെ അഭിമാനം എന്നായി മാറിയിരിക്കുന്നു. അങ്ങനെ ജീവിതസന്തോഷത്തേയും അര്‍ത്ഥത്തെ പോലും നിര്‍വചിക്കുന്നതായി മാറിയിരിക്കുന്നു മാധ്യമങ്ങള്‍. മാധ്യമങ്ങളും ജനപ്രിയ സംസ്കാരവും നിര്‍വചിക്കുന്ന സന്തോഷം കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് ആധുനിക മനുഷ്യന്‍.

ഈ സാഹചര്യത്തിലാണു പറയുന്നത്, നാം മാധ്യമങ്ങളില്‍ നിന്നു പോലും സ്വാതന്ത്ര്യം നേടണം എന്ന്. എല്ലാ അപചയങ്ങളുടെയും മൂല്യച്യുതികളുടേയും കാരണം മാധ്യമങ്ങളാണ് എന്ന അര്‍ത്ഥത്തിലല്ല ഇതു പറയുന്നത്. അതു സത്യവുമല്ല. ഒരു ശാസ്ത്രീയപഠനവും അതു തെളിയിക്കുന്നില്ല. എല്ലാത്തിന്‍റേയും കാരണങ്ങള്‍ മാധ്യമങ്ങളാണ് എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്. വിശേഷിച്ചും സഭാവേദികളില്‍. മാധ്യമങ്ങള്‍ക്ക് ഒരു ഗ്ലാമര്‍ സഹജമാണ്. മാധ്യമങ്ങളുടെ ഗ്ലാമര്‍ ലോകം അനേകരെ സ്വാധീനിക്കുന്നു എന്നതു ശരിയാണ്. അതിന്‍റേതായ സ്വാധീനം മാധ്യമരംഗം പൊതുസമൂഹത്തില്‍ ചെലുത്തുന്നു. ഒരുദാഹരണം പറയാം. ഒരു നാട്ടില്‍ പ്രഗത്ഭനായ ഒരദ്ധ്യാപകനുണ്ടായിരുന്നു. മുപ്പതിലേറെ വര്‍ഷം അദ്ധ്യാപനവൃത്തി നിര്‍വഹിച്ച അദ്ദേഹം അനേകം തലമുറകളെ ശരിയായ വിധത്തില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ അദ്ദേഹമൊരിക്കലും ആ നാട്ടിലെ ഒരു താരമായി മാറിയില്ല. എന്നാല്‍, ഏതോ ഒരു മൂന്നാംകിട സിനിമയില്‍ മൂന്നു രംഗങ്ങളില്‍ അഭിനയിച്ചു എന്ന പേരില്‍ ഒരു ചെറുപ്പക്കാരന്‍ ഇരുട്ടിവെളുത്തപ്പോള്‍ ആ നാട്ടിലെ താരമായി മാറി. അതിനൊരു ന്യായീകരണമോ വിശദീകരണമോ ഇല്ല. എന്നാല്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സാദ്ധ്യതയുണ്ട് എന്നു നാം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അങ്ങനെയൊരു താരോദയത്തിന്‍റെ നിരര്‍ത്ഥകത ആളുകള്‍ക്കു ബോദ്ധ്യമാകും. അങ്ങനെ മാധ്യമാവബോധം ലഭിച്ച ആളുകള്‍ ഭൂരിപക്ഷമുള്ള ഒരു നാട്ടില്‍ അത്തരം ക്ഷിപ്രതാരോദയങ്ങള്‍ ഉണ്ടാകുകയുമില്ല. നമ്മുടെ താരാരാധന അറപ്പുളവാക്കുന്നതാണ്. ഇരുട്ടിവെളുത്തപ്പോള്‍ താരമായ ആളുകളെ എഴുന്നള്ളിച്ചുകൊണ്ടു നടക്കാനും കടയുദ്ഘാടനങ്ങള്‍ക്കു മാത്രമല്ല, പള്ളിവാര്‍ഷികങ്ങള്‍ക്കു പോലും ക്ഷണിച്ചുകൊണ്ടു വന്ന് ആദരിക്കാനും നമുക്കു മടിയില്ലാതായിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന വന്‍തോതിലുള്ള സിനിമാവത്കരണം പരിശോധിക്കപ്പെടേണ്ട ഒരു പ്രവണതയാണ്. എന്തിനെയും സിനിമയുമായി ബന്ധിപ്പിക്കുന്നു. എല്ലാത്തിനും സിനിമയുമായോ സിനിമാക്കാരുമായോ ബന്ധം വേണം. ഇതൊന്നും ഉചിതമല്ല എന്നും നാം പറഞ്ഞിരുന്നത് ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ മൂല്യങ്ങള്‍ തന്നെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഇതില്‍ നല്ലൊരു പങ്കും ഉപയോഗിക്കപ്പെടുന്നത് സൈബര്‍ സെക്സിനു വേണ്ടിയാണ്. മദ്യപാനവും പുകവലിയും പോലെ ഒരു ആസക്തിരോഗം ആയി മാറിയിട്ടുണ്ട് സൈബര്‍ സെക്സ് ഇന്ന്. ഈ പ്രശ്നത്തെ ഇവിടെ ആര് അഭിസംബോധന ചെയ്യുന്നു? ഇതു പാപമാണെന്നു പറയുന്നതല്ലാതെ, ഈ തിന്മയെ കുറിച്ചു പഠിക്കാനും ഇതിനടിപ്പെട്ടവരെ അതില്‍നിന്നു മുക്തരാക്കാനും കൂടുതല്‍ ഇരകള്‍ ഇതിനുണ്ടാകാതിരിക്കാനും നാം എന്തു ചെയ്യുന്നു? വൈദ്യശാസ്ത്രപരമായും മനശ്ശാസ്ത്രപരമായും ആദ്ധ്യാത്മികശാസ്ത്രപരമായും ചികിത്സിക്കപ്പെടേണ്ട ഒരു പുതിയ രോഗാവസ്ഥയാണിത്. ഈ വിഷ യം സഭയ്ക്കു പരിശോധിക്കാവുന്നതാണ്. ഇതു സംബന്ധിച്ച് സഭയ്ക്കു ഇടപെടലുകള്‍ നടത്താവുന്നതാണ്. സമൂഹത്തിനാകെ ഗുണകരമാകും അതു സംബന്ധിച്ച സംരംഭങ്ങള്‍.

നാം പലതരത്തിലുള്ള എത്രയോ ധ്യാനങ്ങള്‍ നടത്തുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളിലേറെയായി പല പല പേരുകളില്‍ ആയിരകണക്കിനു നവീകരണധ്യാനങ്ങള്‍ കേരളത്തിന്‍റെ പല ഭാഗത്തായി നടന്നു. കേരള ജനസംഖ്യ മുഴുവന്‍ പലവട്ടം നവീകരിക്കപ്പെടാനും മാത്രം ധ്യാനങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നും കേരളത്തിലെ ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഓഫീസില്‍ പോയി നേര്‍വഴിക്കു കാര്യം നടത്തി പോരാവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ടോ എന്ന ആത്മപരിശോധന നമുക്കില്ല. പകരം ധ്യാനങ്ങള്‍ തന്നെ ഒരുത്പന്നമായി മാറിയിരിക്കുകയാണ്. ആ ധ്യാനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമമാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. അപ്രകാരം വിറ്റഴിക്കുന്നതിനുള്ള ചെപ്പടിവിദ്യകളില്ലാത്ത ബോധവത്കരണപരിപാടികള്‍ പിന്തള്ളപ്പെടുന്നു. കാലത്തിനു ചേരുന്ന, പ്രസക്തമായ, ആഴമേറിയ ആത്മീയ ഉള്‍ക്കാഴ്ചകള്‍ പകരാന്‍ കഴിയുന്ന എത്രയോ ഗുരുക്കന്മാരാണ് അവഗണിക്കപ്പെടുന്നത്? അവരെ ആര്‍ക്കു വേണം?

ഉപസംഹാരം
മാധ്യമങ്ങള്‍ ഒരിക്കലും ഒരു ശാപമോ വിപത്തോ അല്ല. അവ അനുഗ്രഹങ്ങളാണ്. അവയെ അനുഗ്രഹങ്ങളാക്കി മാറ്റുക എന്നതാണ് ക്രിസ്തീയ മാധ്യമശുശ്രൂഷ. മാധ്യമങ്ങളെക്കുറിച്ചു പഠിപ്പിക്കുക എന്നു പറയുമ്പോള്‍ പലരും ആദ്യം മനസ്സിലാക്കുന്നത് മാധ്യമസാങ്കേതികവിദ്യകള്‍ പഠിക്കുക, പഠിപ്പിക്കുക എന്നതാണ്. പുതിയ സാങ്കേതിക വിദ്യകള്‍ നിശ്ചയമായും പഠിക്കേണ്ടതാണ്. ആരും പഠിപ്പിച്ചില്ലെങ്കിലും കുട്ടികള്‍ അവ ഒരു പരിധിവരെ പഠിച്ചുകൊള്ളും. മാധ്യമ വിപ്ലവത്തിന്‍റേയും വിസ്ഫോടനത്തിന്‍റേയും ഫലമായി പുതിയൊരുതരം മനുഷ്യസമൂഹം ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അവന്‍റെ പേശീചലനങ്ങള്‍ക്ക്, അഭിരുചികള്‍ക്ക്, മസ്തിഷ്കഘടനയ്ക്ക്, ഗ്രഹണശേഷിക്ക് ഒക്കെ മാറ്റമുണ്ട്. കൊച്ചുകുട്ടികളെ നിരീക്ഷിച്ചാല്‍ ഇതു മനസ്സിലാകും. അവര്‍ ഒരേ സമയം ഭക്ഷണം കഴിക്കും, ടിവി കാണും, സെല്‍ ഫോണ്‍ ഉപയോഗിക്കും, അതുപയോഗിച്ചു പലരോടു ചാറ്റ് ചെയ്യും. ഈ വിഷയത്തെ നാം അഭിമുഖീകരിക്കുന്നില്ല. പുതിയ ജനുസ്സിലുള്ള ഈ മനുഷ്യരെ മാനവമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നവരായി മാറ്റാന്‍ നമുക്കെന്തു ചെയ്യാന്‍ സാധിക്കുമെന്നുള്ളതാണ് ഇന്നിന്‍റെ പ്രശ്നം. നമുക്കു ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്, വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മതബോധനസ്കൂളുകളുണ്ട്, അവയ്ക്ക് അവധിക്കാല ക്ലാസുകളുണ്ട്. അവയെല്ലാം പരമ്പരാഗത ബോധനമാണ് നടത്തി വരുന്നത്. പവര്‍ പോയിന്‍റ് ഉപയോഗിക്കുന്നതുകൊണ്ട് ഉള്ളടക്കം മാറുന്നില്ല. ഉദാഹരണത്തിന്, വളരെ ജനപ്രീതിയാര്‍ജിച്ചതും ഒന്നോ രണ്ടോ മിനിറ്റ് മാത്രം നീളുന്നതുമായ ഒരു പരസ്യം കാണിച്ച്, അതില്‍ അന്തര്‍ലീനമായിരിക്കുന്ന സന്ദേശം എന്ത് എന്നു ചിന്തിക്കാന്‍ നാം കുട്ടികളെ പ്രേരിപ്പിക്കാറില്ല. വളരെ ഉന്നതമായ നിര്‍മാണ നിലവാരം പുലര്‍ത്തുന്ന പല പരസ്യങ്ങളും അതിലൂടെ വളരെ പ്രതിലോമപരമായ സന്ദേശങ്ങള്‍ പരോക്ഷമായി പകരുന്നുണ്ട്. ഇത് അപഗ്രഥിക്കുന്നതിന്‍റെ ഒരു രീതിശാസ്ത്രം കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ക്ക് ആ സന്ദേശങ്ങള്‍ മനസ്സിലാകുകയും അവരതിനു വഴിപ്പെടാതിരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ബോധനപരിപാടികളില്‍ ഉണ്ടാകണം.

ഇതു പറയുമ്പോള്‍ പലരും ഉടനെ പറയും, ഞങ്ങളിതില്‍ വിദഗ് ദ്ധരല്ല, സ്പെഷ്യലൈസേഷന്‍ ഇല്ല. നാം വൈദഗ്ദ്ധ്യത്തെ കുറിച്ചല്ല പറയുന്നത്. മൂല്യങ്ങളെ കുറിച്ചാണ്. മതാദ്ധ്യാപകരുടെ തുടര്‍പരിശീലനപരിപാടികളിലൂടെ അവരെ തന്നെ ഇതേ കുറിച്ചു ബോധവത്കരിക്കുകയും ഈ രീതിയിലുള്ള അദ്ധ്യാപനത്തിനു സജ്ജരാക്കുകയും ചെയ്യാവുന്നതേയുള്ളൂ. ഇന്‍റര്‍നെറ്റ് വലിയൊരു വലയാണ്. അതിനെ വേണമെങ്കില്‍ നമുക്കൊരു അനുഗ്രഹമാക്കി മാറ്റാം, ആപത്താക്കിയും മാറ്റാം. വലയില്‍ പെട്ടു ജീവിക്കുന്നതല്ല സ്വാതന്ത്ര്യം. ഇതുമൂലം വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. വിവരമുള്ളതുകൊണ്ടു മാത്രം വിവേകം ഉണ്ടാകണമെന്നില്ല. അനുഗ്രഹമായി മാറേണ്ട മാധ്യമങ്ങളെ ശാപമാക്കി മാറ്റാതിരിക്കുക എന്നതാണു സഭയുടെ ദൗത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org