ഉയിർപ്പിന്റെ ഭൂഖണ്ഡങ്ങൾ

ഉയിർപ്പിന്റെ ഭൂഖണ്ഡങ്ങൾ


മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി രൂപത

ലോകമെമ്പാടും പടര്‍ന്നു കയറുന്ന കോവിഡ് 19 നമ്മെ വല്ലാതെ ഭാരപ്പെടുത്തുന്ന നാളുകളാണിത്. മരണത്തിന്‍റെ കട്ടപിടിച്ച ഇരുട്ട് ചുറ്റിലും പരക്കുന്നതിന്‍റെ നൊമ്പരം നമ്മുടെ നെഞ്ചിലെത്തുന്നു. കൊറോണാ വൈറസിന്‍റെ ആഘാതത്തില്‍ നമ്മുടെ ദേശവും അടച്ചു പൂട്ടപ്പെട്ടു. പത്രങ്ങളും ചാനലുകളും കണ്ണീരിന്‍റെയും ജാഗ്രതയുടെയും കഥകള്‍ പറഞ്ഞു നമ്മെ പാകപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വലിയ കരുതലും ശ്രദ്ധയും വേണമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ നല്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വ്വ സന്നാഹങ്ങളുമൊരുക്കി നമുക്കു കൂട്ട് നില്ക്കുന്നു. 'യുദ്ധഭൂമിയിലെ ആതുരലായമായ സഭ'യും പ്രാര്‍ത്ഥനയും സ്നേഹവും പങ്കുവച്ച് മുമ്പിലുണ്ട്. അതിജീവനത്തിനുള്ള കഠിനപാഠങ്ങള്‍ നമ്മള്‍ കഷ്ടപ്പെട്ടു പഠിക്കുകയാണ് ഈ കാലങ്ങളില്‍.

പൊടിയിലൊടുങ്ങുന്നില്ല
മനുഷ്യന്‍റെ നിസ്സാരതയും നിസഹായതയും മറനീക്കി പുറത്തുവരുകയാണിപ്പോള്‍. വീടുകളില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധരുടെ ദുഃഖങ്ങള്‍, പ്രിയപ്പെട്ടവര്‍ മരണപ്പെട്ടതിന്‍റെ രോഗാതുരമായതിന്‍റെ വിങ്ങലുകള്‍, ജീവിക്കാന്‍ ജോലിയും പണവുമില്ലാത്തതിന്‍റെ ഭാരങ്ങള്‍… മറുവശത്ത് ശാസ്ത്രലോകം മറുപടിയില്ലാതെ പകച്ചു നിന്ന് അന്വേഷണങ്ങള്‍ തുടരുകയാണ്. എല്ലാം കൈപ്പിടിയില്‍ ഒതുങ്ങുമെന്ന് ചിന്തിച്ച ലോകശക്തികള്‍ നടുങ്ങി വിറച്ചു തുടങ്ങി. ചുരുക്കത്തില്‍ മനുഷ്യന്‍ കേവലം വിഭൂതി തന്നെയാണെന്ന് തിരിച്ചറിയുന്ന കാലം! എന്നാല്‍ ഈ ഇരുട്ടിലും മനുഷ്യാസ്തിത്വത്തിന്‍റെ ആന്തരികസത്തയെപ്പറ്റി വിശ്വാസം നമുക്കു വെളിച്ചം തരുന്നുണ്ട് എന്ന വസ്തുത മറക്കാതിരിക്കാം. സ്രഷ്ടാവിനോടു ചേര്‍ത്തുവയ്ക്കുമ്പോഴാണ് സൃഷ്ടിയായ മനുഷ്യന്‍റെ മഹത്വം വ്യക്തമാകുന്നത്.

വിഭൂതിയില്‍ ആരംഭിച്ച നോമ്പ് ഉയിര്‍പ്പിന്‍റെ മഹത്വത്തിലേക്ക് വഴിമാറുമ്പോള്‍ മനുഷ്യജന്മം പൊടിയിലൊടുങ്ങാനുള്ളതല്ലയെന്ന എന്ന സത്യം വിളിച്ചുപറയുകയാണ്. മനുഷ്യമഹത്വത്തിന്‍റെ ഉച്ചസ്ഥായിയായ പ്രഘോഷണമാണ് തിരുവുത്ഥാനം! കല്ലറയുടെ ശൂന്യതയിലേക്ക് ഞായറാഴ്ചയുടെ പ്രഭാതത്തില്‍ സ്നേഹത്തിന്‍റെ നിര്‍ബന്ധത്താല്‍ കൂട്ടുകാരുമൊത്ത് എത്തിച്ചേരുന്ന മഗ്ദലനക്കാരി മറിയത്തെ ഓര്‍മ്മിക്കൂ. അവളുടെ നെഞ്ചകത്തു മുഴുവന്‍ സ്നേഹത്തിന്‍റെ തുടിപ്പുകളാണ്. പക്ഷെ, ജീവന്‍റെ ഉടയവനെ നേരില്‍ കണ്ടുമുട്ടുമെന്ന പ്രതീക്ഷ അവള്‍ക്ക് തെല്ലുമില്ല. കല്ലറയുടെ മുമ്പിലുള്ള കല്‍ക്കവാടം ആര് ഉരുട്ടി മാറ്റുമെന്നതുപോലും നിശ്ചയമില്ലെങ്കിലും അവള്‍ അതു ഗൗനിക്കാതെയാണ് യാത്ര. പ്രതിസന്ധികളെ മറികടക്കുന്ന ആ സ്നേഹത്തില്‍ വിശ്വാസത്തിന്‍റെ മുഴക്കമുണ്ട്; അവിടെ ഭയത്തിനല്പവുമിടമില്ല. പിന്നെ നമ്മള്‍ സുവിശേഷത്തില്‍ കാണുന്നത് മഹത്തായ ഒരു കണ്ടുമുട്ടലാണ്; മഗ്ദലനക്കാരി മറിയം ആദ്യത്തെ പ്രേഷിത പ്രമുഖയായി രക്ഷാകര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു!

അസ്തിത്വപരമായ ചോദ്യങ്ങള്‍
മനുഷ്യാസ്തിത്വത്തിന്‍റെ ധൂളീപരമായ നിസ്സാരതയും ദൈവികമഹത്വവും ഒരുമിച്ചു ധ്യാനിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ വിഭൂതി സന്ദേശത്തില്‍ പങ്കുവച്ചു: "നാം അനന്തമായ ജീവിതത്തിനു വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മൂല്യവത്തായ പൊടിയാണ്… ചാരം അതിനാല്‍ നമ്മുടെ അസ്തിത്വത്തിന്‍റെ ദിശയാണ്; പൊടിയില്‍ നിന്നും ജീവിതത്തിലേക്കുള്ള കടന്നുപോക്കാണത്. നാം പൊടിയും മണ്ണും ചെളിയുമാണ്. പക്ഷെ, ദൈവകരങ്ങളാല്‍ നമ്മെ രൂപപ്പെടുത്താന്‍ സ്വയം നിന്നുകൊടുത്താല്‍ നാം അത്ഭുത യാഥാര്‍ത്ഥ്യമായി മാറും." അസ്തിത്വപരമായ ഒരു തിരിച്ചറിവിലേക്കാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ മിശിഹായുടെ ഉയിര്‍പ്പ് നമ്മെ എത്തിക്കുന്നത്. സമകാലിക പശ്ചാത്തലത്തില്‍ അഗാധമായ ആത്മപരിശോധനയിലേക്ക് വ്യക്തികളെ നയിക്കുന്ന രണ്ടു പുരാതന ചോദ്യങ്ങളുമായി ഉത്ഥിതന്‍ നമ്മെ ഓരോരുത്തരെയും നേരിടുമെന്ന് ഞാന്‍ കരുതുന്നു. ഇവയ്ക്ക് നാം നല്കുന്ന ഉത്തരമായിരിക്കും നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കു ന്നത്. 1) 'ആദം നീ എവിടെയാണ്?' (ഉല്പ. 3:9) 2) 'നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ?' (ഉല്പ. 4:9).

ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യത്തിനു പുറംതിരിഞ്ഞ് സ്വാര്‍ത്ഥമോഹങ്ങളില്‍ സ്വയം പ്രതിഷ്ഠിച്ച ആദിമനുഷ്യര്‍ക്ക് നഷ്ടപ്പെട്ടത് മനുഷ്യജന്മത്തിന്‍റെ മഹത്വവും സൗഭാഗ്യങ്ങളുമായിരുന്നു. മെനയപ്പെട്ട പൊടിയുടെ (ആദം – പൊടിയില്‍ നിന്നു മെനയപ്പെട്ടവന്‍) നിസ്സാരതയിലേക്ക് അയാള്‍ സ്വയം ഒതുങ്ങിത്തീര്‍ന്നു. അവര്‍ക്കു നല്കപ്പെട്ട സ്നേഹഭരിതവും ആനന്ദകരവുമായ ആവാസവ്യവസ്ഥ പാപംവഴി നഷ്ടമായി. അപ്പോഴും ദൈവകാരുണ്യം മനുഷ്യനെ പിന്‍തുടര്‍ന്നതിന്‍റെ സ്നേഹത്തുടിപ്പുകളാണല്ലോ നാമിന്നു മിശിഹായിലൂടെ അനുഭവിക്കുന്ന രക്ഷ. ആദിപാപത്തിന്‍റെ തനിയാവര്‍ത്തനം തന്നെയാണ് ദൈവഹിതത്തിനു വിഘാതമായി മനുഷ്യന്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കാമെന്നും സ്വന്തമാക്കാമെന്നും വ്യാമോഹിച്ച് ലോകത്തിന് വലിയ ക്രമഭംഗം സംഭവിച്ചതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയല്ലേ മഹാമാരികള്‍? മനുഷ്യാസ്തിത്വത്തിന് ദൈവം കനിഞ്ഞു നല്കിയ കൃപ നിറഞ്ഞ സ്പെയ്സിലേക്ക് അയാള്‍ മടങ്ങിയെത്തണം.

'നിന്‍റെ സഹോദരനെവിടെ' യെന്ന ദൈവത്തിന്‍റെ ചോദ്യത്തിന് മറുചോദ്യമുന്നയിച്ച് നിലപാടു കടുപ്പിക്കുന്ന കായേന്‍ ഇടറിപ്പോയ നമ്മുടെ കാലത്തിന്‍റെ പരിച്ഛേദമായി മാറുകയാണ്. ഉത്തരാധിനുകത തീര്‍ത്ത സ്വാര്‍ത്ഥത്തില്‍ മനുഷ്യന്‍ മെനഞ്ഞെടുത്ത കടുത്ത നിസംഗത പരസ്പരം ദാരുണമായ അകലങ്ങളാണ് സൃഷ്ടിച്ചത്. ഈ അകലങ്ങളില്‍ നിന്നു കൊണ്ട് മനുഷ്യന്‍ പടവാളുയര്‍ത്തി കലഹിച്ചു; കൂട്ടം ചേര്‍ന്നു പോരാടി കുരുതിക്കളങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി നിര്‍മ്മിച്ചെടുത്തു. മിശിഹായിലൂടെ നല്കപ്പെട്ട പുതിയ കല്പനയുടെ ആഴമായ അര്‍ത്ഥം നമ്മള്‍ വായിച്ചെടുക്കേണ്ടത് അടുത്തു നില്‍ക്കുന്ന സഹോദരന്‍റെ സഹോദരിയുടെ മിഴികളില്‍ നോക്കിയാണെന്നു മറക്കാതിരിക്കാം. സഹജീവിയുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ജീവന്‍ മുറിച്ചു നല്കുന്ന സ്നേഹത്തിന്‍റെ പുതിയ പാഠമാണ് മിശിഹായുടെ സുവിശേഷം. അന്ധതയുടെ ഇരുട്ടില്‍ സഹോദരങ്ങളെ തിരിച്ചറിയാനാവാത്തവിധം നമ്മള്‍ അകപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ ഇവിടെയിതാ ഉത്ഥിതന്‍റെ വെളിച്ചം തെളിയുന്നു.

സഭ – കൂട്ടായ്മയുടെ വെളിച്ചം
'വിശ്വാസ വെളിച്ചം' (Lumen Fidei) എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതി വിശ്വസിക്കുക എന്നാല്‍ കാണുക എന്നതുതന്നെയാണ് അര്‍ത്ഥം. "വിശ്വസിക്കുന്നവര്‍ കാണുന്നു; തങ്ങളുടെ യാത്രയെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചം കൊണ്ടു കാണുന്നു. കാരണം, ആ പ്രകാശം ഉത്ഥിതനായ മിശിഹായില്‍നിന്ന് – ഒരിക്കലും അസ്തമിക്കാത്ത പ്രഭാത നക്ഷത്രത്തില്‍നിന്ന് വരുന്നതാണ്." (LF-1). അദ്ദേഹം തുടര്‍ന്നു പറയുന്നു, ഈ കാഴ്ച 'ഈശോ സ്വന്തം കണ്ണുകളാല്‍ കാണുന്നതുപോലെ എല്ലാം ദര്‍ശിക്കുന്നതാണ്; അവിടുത്തെ കാഴ്ചപ്പാടിലുള്ള പങ്കുചേരലാണ്' (LG-18). മിശിഹായുടെ കണ്ണിലൂടെ എല്ലാ മനുഷ്യരെയും ആര്‍ദ്രതയോടെ വീക്ഷിക്കുവാനും സ്നേഹത്തിന്‍റെ ഒരുമയില്‍ പങ്കുവച്ചു മുന്നേറുവാനും നമുക്കു കഴിയണം. മിശിഹായുടെ അന്ത്യാഭിലാഷം പ്രതിഫലിക്കുന്ന പുരോഹിത പ്രാര്‍ത്ഥനയില്‍ (യോഹ 17) ഈ ദര്‍ശനം തന്നെയാണ് ഇതള്‍ വിരിയുന്നത്.

ക്രിസ്തുവിനെ കണ്ടുമുട്ടി അനുഭവിക്കുന്നതും അവിടുത്തെ കാഴ്ചപ്പാടില്‍ നമ്മള്‍ പങ്കുചേരുന്നതും അവിടുത്തെ തുടര്‍ച്ചയായ തിരുസ്സഭയിലൂടെയാണ്. വി. യോഹന്നാന്‍റെ ദൈവശാസ്ത്ര വീക്ഷണമനുസരിച്ച് ക്രൂശിതന്‍റെ പാര്‍ശ്വത്തില്‍ നിന്നും പുറപ്പെട്ട സഭയ്ക്ക് (യോഹ. 19:34) ഉത്ഥിതനായ മിശിഹാ പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് തിരുസ്സഭയില്‍ പ്രവര്‍ത്തനനിരതനായിരിക്കുന്നു. കര്‍ത്താവിന്‍റെ ശരീരമായ സഭയിലെ അവയവങ്ങളെന്ന നിലയില്‍ സ്നേഹത്തിന്‍റെ അരൂപിയില്‍ ഒരേ മനസ്സോടെ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നും സഭാ പ്രബോധനങ്ങളോടും നിലപാടുകളോടും വിശ്വസ്തത പാലിച്ചും ജീവിക്കുമ്പോഴാണ് നമ്മള്‍ കൃപയില്‍ വളരുന്നത്. 'ഒരാള്‍ കര്‍ത്താവിന്‍റെ ശരീരമായ സഭയെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രമാത്രം അയാള്‍ക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നു'വെന്ന വി. ആഗസ്തീനോസിന്‍റെ വാക്കുകള്‍ ഇവിടെ ചേര്‍ത്തു വായിക്കാനാവും. തിരുസ്സഭയുടെ പഠനങ്ങളോടും വ്യക്തിഗത സഭയുടെ സിനഡല്‍ തീരുമാനങ്ങളോടുമുള്ള സ്നേഹപൂര്‍വ്വകമായ വിധേയത്വവും സഹകരണവും സഭയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും പാലിക്കുമ്പോഴാണ് നമ്മള്‍ ഒരു കൂട്ടായ്മയായി വളരുന്നത്. അവിടെയുണ്ടാകന്ന അകലങ്ങള്‍ വിശ്വാസ മേഖലയില്‍ പ്രതിസന്ധികള്‍ക്കിടം നല്കുമെന്നു മറക്കാതിരിക്കാം.

ഒരുമയുടെ യാത്ര
കൊറോണാ വൈറസിന്‍റെ വ്യാപനത്താല്‍ ഭീതിപരത്തുന്ന കാലിക സാഹചര്യത്തില്‍ ജാതി- മത-സാമ്പത്തിക അന്തരങ്ങള്‍ക്കെല്ലാം അതീതമായ കരുതലോടെ ഉത്ഥിതന്‍റെ മുറിപ്പാടുകളിലേക്ക് നമുക്ക് പ്രത്യാശയോടെ തിരിയാം. ഈ ആഗോള ഗ്രാമത്തില്‍ ആരും ഒറ്റയ്ക്കല്ലയെന്ന യാഥാര്‍ത്ഥ്യം നാമിന്നു കൂടുതല്‍ തിരിച്ചറിയുന്നു. നമ്മുടെ ഉള്ളില്‍ കണ്ടെത്താന്‍ ഇനിയും ചില വന്‍കരകള്‍ അവേശഷിക്കുന്നുണ്ട്. മനുഷ്യസ്വാര്‍ത്ഥം തീര്‍ത്ത മതിലുകള്‍ പൊളിച്ചെടുക്കാനുള്ള കാലമാണിത്. ദൈവത്തിനും സഹജീവികള്‍ക്കും പ്രപഞ്ചത്തിനും പുറംതിരിഞ്ഞു കലഹിച്ച നമ്മള്‍ അനീതിയും ചൂഷണങ്ങളുമവസാനിപ്പിച്ച് ആ സനാതന സ്നേഹത്തിലേക്ക് തിരികെ നടക്കാന്‍ നേരമായി. മാര്‍ച്ച് 27-ാം തീയതിയുടെ സായാഹ്നത്തില്‍, ലോകത്തിന്‍റെ വിതുമ്പലുകളെല്ലാം നെഞ്ചിലേറ്റി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തി, നാമെല്ലാം ഇളകി മറിയുന്ന കടലില്‍ ഒരേ വഞ്ചിയില്‍ ക്രിസ്തുവിനോടൊപ്പം മറുകരയ്ക്കു യാത്ര ചെയ്യുന്നവരാണെന്ന സത്യം ലോകത്തോടു വിളിച്ചു പറഞ്ഞ് ആശീര്‍വാദം നല്കിയ വലിയ മുക്കുവിന്‍റെ ഹൃദയത്തുടിപ്പുകളോട് നമുക്ക് ചേര്‍ന്നു നില്‍ക്കാം. പാപ്പാ പറഞ്ഞുവച്ചു: "ശിഷ്യന്മാരെപ്പോലെ അവന്‍ കൂടെയുണ്ടെങ്കില്‍ വഞ്ചി തകരുകയില്ലെന്ന വിശ്വാസം നമുക്ക് അനുഭവിക്കാം… കൊടുങ്കാറ്റിനിടയില്‍ എല്ലാം ആടിയുലയുന്നതായി തോന്നുന്ന ഈ മണിക്കൂറില്‍ ധൈര്യവും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രത്യാശയും പുനര്‍ജീവീപ്പിക്കാനും പ്രായോഗികമാക്കാനും കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നു."

തിരുവുത്ഥാനത്തിന്‍റെ ശോഭയില്‍ പുതിയ ആകാശവും പുതിയ ഭൂമിയും നമ്മുടെ ഹൃദയഭൂമികയില്‍ വ്യാപിക്കട്ടെ. ആത്മാവിലും മനസ്സിലും ദൈവസ്നേഹത്താല്‍ ചിട്ടപ്പെടുത്തുന്ന പുതിയ ഒരു ജീവിതശൈലി രൂപപ്പെടുത്താന്‍ നമുക്കു സാധിക്കട്ടെ. പ്രാര്‍ത്ഥിച്ചും സ്നേഹിച്ചും നമ്മള്‍ പരസ്പരം കണ്ടുമുട്ടണം. ഉയിര്‍പ്പുതിരുനാളിന്‍റെ ശാന്തിയും കൃപകളും സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org