ആഗോളസഭയിലെ മലയാളി സാന്നിദ്ധ്യം: മാര്‍ ജോസഫ് ചേന്നോത്തിന്‍റെ പൗരോഹിത്യ സുവര്‍ണജൂബിലി

ആഗോളസഭയിലെ മലയാളി സാന്നിദ്ധ്യം: മാര്‍ ജോസഫ് ചേന്നോത്തിന്‍റെ പൗരോഹിത്യ സുവര്‍ണജൂബിലി

ജോസഫ് കട്ടിക്കാരന്‍

ഏതാണ്ട് 25 വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം ബസിലിക്കാപ്പള്ളിയുടെ മുമ്പിലുള്ള ആരാധനാ ചാപ്പലില്‍ കയറിയപ്പോള്‍ അവിടെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ഒരു വൈദികനെ കണ്ടു. കുരിശും മാലയും അണിഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചപ്പോഴാണ് അതൊരു മെത്രാനായിരിക്കുമെന്നു ചിന്തിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ പിടികിട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് മെത്രാപ്പോലീത്തന്‍ (തെക്കേപ്പള്ളി) പള്ളിയില്‍ കൊച്ചച്ചനായിരുന്ന ഫാ. ജോസഫ് ചേന്നോത്തായിരുന്നു അത്. ഇപ്പോഴദ്ദേഹം ഘാനയിലെ വത്തിക്കാന്‍ സ്ഥാനപതിയായി ആര്‍ച്ചു ബിഷപ്പായിരിക്കുന്നു.

2019 മെയ് മാസം 4-ന് പൗരോഹിത്യത്തിന്‍റെ അമ്പതാം വാര്‍ഷികം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചേന്നോത്ത് പിതാവ്. അതിന്‍റെ ആഘോഷം മേയ് 18-ന് നടക്കുന്നു. അദ്ദേഹവുമായി ഏതാണ്ട് 50 വര്‍ഷത്തെ പരിചയം എനിക്കുണ്ട്. ആ വലിയ ഇടയന്‍റെ പൗരോഹിത്യ സുവര്‍ണജൂബിലി വേളയില്‍ എല്ലാവിധ പ്രാര്‍ത്ഥനാശംസകളും നേരുകയാണ്. ആലപ്പുഴ ജില്ലയിലെ കോക്കമംഗലം ഇടവകയില്‍ ചേന്നോത്ത് ജോസഫ് – മറിയം ദമ്പതികളുടെ മകനായി 1943 ഒക്ടോബര്‍ 13-നാണ് അഭിവന്ദ്യ പിതാവിന്‍റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1960 ല്‍ മൈനര്‍ സെമിനാരിയില്‍ വൈദികാര്‍ത്ഥിയായി. ആലുവ കാര്‍മ്മല്‍ ഗിരിയിലും തുടര്‍ന്ന് റോമിലും പഠിച്ചു 1969 മെയ് 4-ന് വൈദികനായി അഭിഷിക്തനായി. അസി. വികാരിയായും പിന്നീട് കര്‍ദിനാള്‍ പാറേക്കാട്ടില്‍ പിതാവിന്‍റെ സെക്രട്ടറിയായും മൈനര്‍ സെമിനാരി അധ്യാപകനായും സേവനം ചെയ്ത ശേഷമാണ് അദ്ദേഹം വത്തിക്കാന്‍ ഡിപ്ലൊമാറ്റിക് സര്‍വീസില്‍ ചേരുന്നത്. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ലൈസന്‍ഷ്യേറ്റ് കരസ്ഥമാക്കി. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ചേന്നോത്ത് പിതാവ് മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

കാമറൂണ്‍, ഗാബണ്‍, ഇക്വടോറിയല്‍ ഗിനിയ, ടര്‍ക്കി, ഇറാന്‍, ബല്‍ജിയം, ലക്സംബര്‍ഗ്, യൂറോപ്യന്‍ യൂണിയന്‍, സ്പെയിന്‍, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഫിന്‍ലന്‍ഡ്, ഐസ്ലാന്‍റ് മുതലായ രാജ്യങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. വത്തിക്കാന്‍റെ അന്തര്‍ദേശീയ വകുപ്പിലും അദ്ദേഹം പ്രവര്‍ത്തിച്ചു. വി. അല്‍ഫോന്‍സാമ്മയെയും വി. ചാവറകുര്യാക്കോസ് ഏലിയാസച്ചനെയും വി. ജോണ്‍പോള്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങില്‍ (1986) പരിശുദ്ധ പിതാവിനെ റോമില്‍നിന്ന് അനുഗമിച്ചത് ചേന്നോത്ത് പിതാവായിരുന്നു. 1999 ഒക്ടോബര്‍ 30-ന് റോമിലെ സെന്‍റ് പീറ്റേഴേസ് ബസിലിക്കയില്‍ വച്ചാണ് ആര്‍ച്ചുബിഷപ്പായി മാര്‍ ചേന്നോത്ത് അഭിഷേകം ചെയ്യപ്പെട്ടത്. തുടര്‍ന്ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലും ചാഡിലുമുള്ള അപ്പസ്തോലിക് നൂണ്‍ഷ്യോ ആയി നിയമിതനായി. പിന്നീട് ടാന്‍സാനിയായില്‍ പ്രവര്‍ത്തിച്ചു. 2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്തുവരുന്നു.

1975 മുതല്‍ നയതന്ത്രകാര്യാലയങ്ങളിലെ അതീവ ഗൗരവമേറിയ ഉത്തരവാദിത്വം ഏറ്റവും മനോഹരമായും നീതിനിഷ്ഠമായും കത്തോലിക്കാ സഭയുടെ നയങ്ങള്‍ക്ക് അനുയോജ്യമാം വിധത്തിലും മാര്‍ ചേന്നോത്ത് നിര്‍വഹിച്ചു പോരുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ ആഗോള കത്തോലിക്കാ സഭയുടെ ദൗത്യങ്ങളും പ്രത്യയശാസ്ത്രങ്ങളും സംസ്ക്കാരങ്ങളും സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിനും വിശിഷ്യാ വിവിധ രാജ്യങ്ങളുമായി വത്തിക്കാന്‍ പുലര്‍ത്തുന്ന നല്ല ബന്ധങ്ങള്‍ക്കും കണ്ണിയായി മാറാന്‍ ഈ മലയാളി ആര്‍ച്ചുബിഷപ്പിനു കഴിയുന്നുവെന്നത് നമുക്ക് അഭിമാനത്തിനു വക നല്‍കുന്നു. വിവിധ സംസ്ക്കാരങ്ങളെയും ഭാഷകളെയും വിശ്വാസങ്ങളെയും ചിന്തകളെയും സമന്വയിപ്പിക്കുന്ന, സമാധാനത്തിന്‍റെയും സ്നേഹസംസ്ക്കാരത്തിന്‍റെയും ദൂതു പകരുന്ന നിയോഗമാണ് മാര്‍ ചെന്നോത്ത് ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത്. ലളിതമായ ജീവിതമാണ് മാര്‍ ചേന്നോത്തിന്‍റെതെന്ന് അദ്ദേഹത്തെ അറിയാവുന്നവരെല്ലാം സമ്മതിക്കും. ലളിതമായി ജീവിക്കുക എന്ന തത്വത്തില്‍ നിന്നു വ്യതിചലിക്കാതെയാണ് അദ്ദേഹം ജീവിതയാത്ര തുടരുന്നത്. ഉന്നതമായ ചിന്ത ആ പ്രവൃത്തികളില്‍ നിഴലിക്കുന്നതും നമുക്കു ദര്‍ശിക്കാനാകും.

1986-ല്‍ പരി. പിതാവ് വിശുദ്ധ ജോണ്‍പോള്‍ മാര്‍പാപ്പ കോട്ടയത്തു വന്നപ്പോള്‍ മലയാളത്തില്‍ സംസാരിച്ചതത്രയും മാര്‍ ചേന്നോത്താണ് അദ്ദേഹത്തെ പഠിപ്പിച്ചതെന്ന് നമുക്കറിയാം. പരിശുദ്ധ സിംഹാസനത്തോട് എക്കാലത്തും അടുപ്പവും ആദരവും പുലര്‍ത്തുന്ന വ്യക്തിയാണ് മാര്‍ ചേന്നോത്ത്. മാര്‍പാപ്പമാരോടും വത്തിക്കാന്‍ കാര്യാലയങ്ങളോടും അടുത്തു പ്രവര്‍ത്തിക്കുമ്പോള്‍ സഭയുടെ സാക്ഷ്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ അദ്ദേഹം ബദ്ധശ്രദ്ധനുമാണ്. പൗരോഹിത്യത്തിന്‍റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന ചേന്നോത്ത് പിതാവ് സഭയ്ക്കും സമൂഹത്തിനും നല്‍കി ക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്കു വിശ്വാസി സമൂഹം തീര്‍ച്ചയായും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു സമര്‍പ്പിതമാണ് ക്രൈസ്തവന്‍റെ ജീവിതം. അതില്‍ത്തന്നെ ഏറ്റവും ശ്രേഷ്ഠമായ പൗരോഹിത്യ ജീവിതത്തിലൂടെ ക്രിസ്തുവിനെ ഹൃദയത്തില്‍ സംവഹിച്ചും അനേകര്‍ക്കു പകര്‍ന്നു നല്‍കിയും പ്രയാണം ചെയ്യുന്ന ചേന്നോത്തു പിതാവിന്‍റെ ശുശ്രൂഷകള്‍ സഭയ്ക്കു കൂടുതല്‍ ഗുണകരമായി ഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

(എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍കറന്‍റ് ഓഡിറ്ററുമായിരുന്നു ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org