മറിയം എന്ന നിത്യവിസ്മയം

മറിയം എന്ന നിത്യവിസ്മയം

സജീവ് പാറേക്കാട്ടില്‍

"ദൈവമാതാവാം കന്യാമേരിയെ
സ്നേഹമോടോര്‍ത്തിടാം അള്‍ത്താരയില്‍."

പഴയ കുര്‍ബാനക്രമത്തിലെ ഒരു മനോഹരഗാനം ഇങ്ങനെയാണ് ആരംഭിക്കുന്നത്. എന്തിനാണു മേരിയെ ക്രിസ്തുവിന്‍റെ അള്‍ത്താരയില്‍ ഓര്‍മിക്കുന്നത്? ലോകദൃഷ്ടിയില്‍ മഹത്തരമായ യാതൊന്നും അവകാശപ്പെടാനില്ലാത്ത ഒരു യഹൂദപെണ്‍കൊടി സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ക്രിസ്ത്യാനികളുടെ അള്‍ത്താരകളിലും ഹൃദയത്തിലും ജീവിതത്തിലും കേന്ദ്രസ്ഥാനത്തു തുടരുന്നതിന്‍റെ കാരണമെന്താണ്? അവള്‍ ലോകരക്ഷകനായ ക്രിസ്തുവിന്‍റെ അമ്മയാണ് എന്നതു മാത്രമല്ല ഉത്തരം. അവളുടെ ജീവിതബലി അനുസ്മരിക്കാതെ ക്രിസ്തുവിന്‍റെ ബലിയുടെ ഓര്‍മ്മ പൂര്‍ണമാവില്ല എന്നതാണു കൃത്യമായ ഉത്തരം. ദൈവം തന്‍റെ ജീവിതത്തില്‍ വിളമ്പിയ കയ്പും ചവര്‍പ്പുമാര്‍ന്ന വിഭവങ്ങളൊക്കെ പരാതികളില്ലാതെ കൃതജ്ഞതയോടെ ഭക്ഷിച്ച അവളുടെ വിരുന്നോര്‍മ്മകള്‍ ഇല്ലാതെ ക്രിസ്തുവിന്‍റെ വിരുന്നോര്‍മ്മകള്‍ പൂര്‍ണമാവില്ലാത്തതുകൊണ്ടുമാണ്. മരിയോളജിയിലാണു ക്രിസ്റ്റോളജി പൂര്‍ണത കൈവരിക്കുന്നത്. "ഗാഗുല്‍ത്തായിലെ കാല്‍വരിയില്‍ രണ്ട് അള്‍ത്താരകളുണ്ട്. ഒന്ന്, ക്രിസ്തുവിന്‍റെ കുരിശില്‍, മറ്റൊന്ന്, "മറിയത്തിന്‍റെ ഹൃദയത്തില്‍" എന്നു ബിഷപ് ഷീന്‍ കുറിച്ചതും അതുകൊണ്ടാണ്. രക്ഷാകരകര്‍മത്തിലും ക്രിസ്തുവിന്‍റെ ജീവിതത്തിലും അതുവഴി നമ്മുടെ ജീവിതത്തിലും മറിയത്തിനുള്ള സ്ഥാനം അനുപമമാണ്. അതിനാലാണ് അവള്‍ ദൈവമാതാവും സ്വര്‍ഗത്തിന്‍റെ വാതിലും ആയിരിക്കുന്നത്. തന്നെ കാണാനും സംസാരിക്കാനും ആഗ്രഹിച്ചു മറിയം വന്നു "പുറത്തു നില്ക്കുന്നു" എന്നറിയിച്ചവരോടു യേശു ചോദിക്കുന്ന ചോദ്യം മറിയത്തെ ഇകഴ്ത്താന്‍ ഉപയോഗിക്കുന്നവരുണ്ട്. 'ആരാണ് എന്‍റെ അമ്മ?' എന്നു സ്വയം ചോദിച്ചിട്ടു ക്രിസ്തു നല്കുന്ന ഉത്തരം മറിയത്തെ നിത്യമായി "അകത്തു നിര്‍ത്തുന്നു."

'എന്‍റെ പിതാവിന്‍റെ ഇഷ്ടം' (മത്താ. 12:50), 'ദൈവത്തിന്‍റെ ഹിതം' (മര്‍ക്കോ. 3:35) നിറവേറ്റുന്നവര്‍, 'ദൈവവചനം ശ്രവിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍' (ലൂക്കാ 8:21) എന്നിങ്ങനെയാണു തന്‍റെ അമ്മയെ ക്രിസ്തു നിര്‍വചിക്കുന്നത്. ഇക്കാര്യങ്ങള്‍ക്കു മറിയത്തേക്കാള്‍ മികച്ച മാതൃക വേറെയില്ലല്ലോ. ഏറ്റവും മികച്ച ക്രിസ്ത്യാനിയും ഏറ്റവും ആഴമുള്ള വിശ്വാസിയും അവള്‍തന്നെ. ജീവിതം ഒരിക്കലും അവള്‍ക്കു പൂമെത്തയായിരുന്നില്ല. (അ)മംഗളവാര്‍ത്തയ്ക്കു സമ്മതം പറയുന്ന നിമിഷം മുതല്‍ ജീവിതാവസാനം വരെ വാള്‍ത്തലയിലൂടെയെന്നവണ്ണം ജീവിതം നടന്നുതീര്‍ത്തവളാണു മറിയം. വ്യക്തമായി മനസ്സിലാക്കാനാവാത്തതൊക്കെ ഹൃദയത്തില്‍ സംഗ്രഹിക്കുന്ന സ്വഭാവക്കാരിയായിരുന്നതിനാല്‍ ഒന്നിലും അവള്‍ പരാതി പറഞ്ഞില്ല. കൃതജ്ഞതയുടെ ഭാവങ്ങള്‍ കൈവിട്ടില്ല. "ഏല്‍, ഏല്‍ ല്മാസ ബക്ഥാനി" എന്നു കുരിശില്‍ നിലവിളിച്ച ക്രിസ്തുവിനേക്കാള്‍ ആയിരം വട്ടം ആ ചോദ്യം ഉന്നയിക്കാന്‍ മറിയത്തിന് അവകാശം ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ ഹൃദയത്തില്‍ അഗാധമായ, സുവര്‍ണമായ മൗനം പുലര്‍ത്തി മനുഷ്യന്‍റെ മേല്‍ ദൈവത്തിനുളള പരമാധികാരത്തെ സ്വന്തം ജീവിതംകൊണ്ടു മറിയം അസന്ദിഗ്ദ്ധമായി അടയാളപ്പെടുത്തി. വചനത്തെ ഉദരത്തില്‍ പേറിയതു മാത്രമല്ല അവളുടെ മഹത്ത്വത്തിന്‍റെ ആധാരം. അഗാധമായ ആത്മസമര്‍പ്പണത്തിലൂടെ വചനത്തിനു ജീവിതഭാഷ്യം നല്കിയതാണ്. അതിനാലാണ് 'മറിയത്തിന്‍റെ സുവിശേഷം' വജ്രകാന്തിയോടെ ഇന്നും വിളങ്ങുന്നത്; നമ്മെ മോഹിപ്പിക്കുന്ന നിത്യവിസ്മയമായി തുടരുന്നത്. പൗലോസ് അപ്പസ്തോലന്‍ എഴുതിയതുപോലെ 'സകലതും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയും' (ഫിലി. 3:8) ചെയ്താണു മറിയം സകലതും നേരിട്ടത്. എന്തൊക്കെയാണ് അവള്‍ നേടിയത്? ദൈവമാതൃത്വസ്ഥാനം? അമലോത്ഭവ? സ്വര്‍ഗാരോപിത? സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞി? തീര്‍ന്നോ? ഇല്ല. മറിയത്തെപ്പോലെ പരിശുദ്ധ ത്രിത്വൈക ദൈവം "വിളിപ്പുറത്തുള്ള" വേറെ ഏതു സൃഷ്ടിയാണുള്ളത്? സര്‍വശക്തനായ പിതാവ് അവളുടെ വാത്സല്യഭാജനം. അവളുടെ കുഞ്ഞ് ലോകരക്ഷകനായ ക്രിസ്തു. പരിശുദ്ധ റൂഹാതമ്പുരാന്‍ അവളുടെ പ്രണയഭാജനം (അതെ, മറിയം പരിശുദ്ധാത്മാവിന്‍റെ പ്രണയിനിയാണ്) മറിയത്തിന്‍റെ അപാരമായ മദ്ധ്യസ്ഥശക്തിയുടെ രഹസ്യവും ഇതാണ്. നിര്‍ണായകമായ ഒരു മുഹൂര്‍ത്തത്തില്‍ സ്വര്‍ഗത്തെ അനുസരിച്ചവളെ സ്വര്‍ഗം നിത്യമായി അനുസരിക്കുന്നു. സമസ്ത ലോകങ്ങളുടെയും രാജ്ഞിയായി വാഴിക്കുന്നു. അതെ, അവള്‍ യഥാര്‍ത്ഥത്തില്‍ രാജ്ഞിതന്നെ. അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നില്ലെങ്കിലും "ദൈവരാജ്യത്തിനുള്ളില്‍" സ്വന്തം രാജ്യം അടയാളപ്പെടുത്തിയ രാജ്ഞി. "മരിയരാജ്യം" പക്ഷേ, അത്രമേല്‍ ദൃശ്യമല്ല, എങ്കിലും അനുഭവിക്കാനാകും. സ്പര്‍ശ്യമല്ല, പക്ഷേ, നുകരാനാകും. സ്നേഹവും അനുസരണവും പ്രാര്‍ത്ഥനയുമാണ് അവളുടെ രാജ്യത്തെ നിയമങ്ങള്‍; അതിലാവണ്യമാര്‍ന്ന ആത്മസമര്‍പ്പണമാണു മൗലികഭാവം. ഓരോ മനുഷ്യനും ഒരു നിശ്ചിത ഭ്രണപഥത്തിലാണ് 'ക്രിസ്തുവിനെ ഭ്രമണം' ചെയ്യുന്നത്. ജപമണികള്‍ ഉരുവിടുമ്പോള്‍ നാം നമ്മുടെ ജീവിതത്തെ മറിയത്തിന്‍റെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുകയാണു ചെയ്യുന്നത്. ഏറ്റവും അരികിലായും ഏറെ സ്നേഹത്തോടെയും "സൂര്യനെ" ഭ്രമണം ചെയ്യുന്നതു മറിയമാണല്ലോ. അതുകൊണ്ടല്ലേ 'സൂര്യനെ ഉടയാടയാക്കിയ സ്ത്രീ' (വെളി. 12:1) എന്നു വേദപുസ്തകം പ്രതീകാത്മകമായി മറിയത്തെ വിശേഷിപ്പിച്ചത്. ജപമാല എന്ന ഹൃദയഹാരത്തിലൂടെ നാം മറിയത്തോടു സാത്മീകരിക്കപ്പെടുകയാണ്; അതുവഴി നമ്മെത്തന്നെ ക്രിസ്തുവിനു ഭരമേല്പിക്കുകയാണ്. കേള്‍ക്കുന്നില്ലേ, പരസഹസ്രം കണ്ഠങ്ങളില്‍ നിന്നുയരുന്ന നാദവീചികള്‍: 'മറിയമേ സ്വസ്തീ, നാഥേ സ്വസ്തീ, സമുദ്രതാരമേ സ്വസ്തീ!" വരൂ നമുക്കും ആ സ്വരസുധയോടു ചേരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org