Latest News
|^| Home -> Cover story -> മനസ്സുവച്ചാല്‍ അകലെയാകില്ല, ‘മാനവസാഹോദര്യം’

മനസ്സുവച്ചാല്‍ അകലെയാകില്ല, ‘മാനവസാഹോദര്യം’

Sathyadeepam

ഷിജു ആച്ചാണ്ടി


ലോകത്തില്‍ സമാധാനംകാംഷിക്കുന്നവരെയാകെ സന്തോഷിപ്പിച്ച സമീപചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പായിരുന്നു 2019 ഫെബ്രുവരിയിലെ അബുദാബി പ്രഖ്യാപനം, അഥവാ, ഫ്രാന്‍സിസ് മാര്‍പാപ്പയും ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യിബും സംയുക്തമായി പുറപ്പെടുവിച്ച മാനവസാഹോദര്യരേഖ. സംസ്‌കാരങ്ങളുടെ സംഘര്‍ഷമെന്നു മാന്യമായും ക്രിസ്ത്യന്‍-മുസ്ലീം സ്പര്‍ദ്ധയെന്നു പച്ചയ്ക്കും പറയുന്ന ഒരു ലോകയാഥാര്‍ത്ഥ്യത്തെ നേരിടുന്നതിനും പരിഹരിക്കുന്നതിനുമുള്ള സൗഖ്യസ്പര്‍ശമായി ആ രേഖ ഇന്നു നിലകൊള്ളുന്നു. പരസ്പരമാശ്ലേഷിച്ചു നില്‍ക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും അല്‍ അസ്ഹര്‍ ഇമാമിന്റെയും ചിത്രങ്ങള്‍ സാഹോദര്യത്തിന്റെ ജീവനുള്ള പ്രതീകങ്ങളായി ആഘോഷിക്കപ്പെടുന്നു. എന്നാല്‍ അതൊരു സുപ്രഭാതത്തില്‍ താനെ വന്നു ഭവിച്ചതല്ല. അതിനു പിന്നില്‍ ആത്മാര്‍ത്ഥമായ ആഗ്രഹവും ബോധപൂര്‍വകമായ പരിശ്രമവും ക്ഷമാപൂര്‍വകമായ കാത്തിരിപ്പും ഉണ്ടായിരുന്നു. അതു തന്നെയാണ് അതിന്റെ മഹത്വവും.

2006 സെപ്റ്റംബറില്‍ ബെനഡിക്റ്റ് പാപ്പാ തന്റെ ജന്മനാടായ ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ നടത്തിയ ഒരു പ്രസംഗം പുതിയ കാലത്ത് കത്തോലിക്കാസഭയും ഇസ്ലാമികലോകവും തമ്മിലുള്ള അകല്‍ച്ചയ്ക്കു കാരണമാകുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഒരു ബൈസന്റൈന്‍ ചക്രവര്‍ത്തി മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവന മാര്‍പ്പാപ്പ ഉദ്ധരിക്കുകയായിരുന്നു. ഈ ഉദ്ധരണിയുടെ ഉത്തരവാദിത്വം മാര്‍ പാപ്പയ്ക്കുമേല്‍ ചാര്‍ത്തപ്പെട്ടു. റേഗന്‍സ്ബുര്‍ഗ് പ്രസംഗമെന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ട ഈ പ്രസംഗം വന്‍വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടു. മുസ്ലീങ്ങള്‍ പൊതുവെയും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രത്യേകമായും ഈ പ്രസംഗത്തിനെതിരെ രംഗത്തു വന്നു. സുന്നി മുസ്ലീങ്ങളുടെ മതപണ്ഡിതര്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പദവിയായാണ് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം കണക്കാക്കപ്പെടുന്നത്.

പിന്നീട് 2011 ജനുവരിയില്‍ ഈജിപ്തിലെ കോപ്റ്റിക് പള്ളി ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കപ്പെട്ടതിനോടുള്ള ബെനഡിക്റ്റ് പാപ്പായുടെ പ്രതികരണം ഈജിപ്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് മുറിവിനെ വ്രണമാക്കി. വത്തിക്കാനുമായുള്ള എല്ലാ ബന്ധവും മരവിപ്പിക്കാനും സംഭാഷണങ്ങളില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറാനും അല്‍ അസ്ഹറിന്റെ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ തയിബ് തീരുമാനിച്ചു. മധ്യ കാലത്തിനുശേഷം ക്രിസ്ത്യന്‍- ഇസ്ലാം ബന്ധത്തിലുണ്ടായ ഏറ്റവും മാരകമായ ഒരു വിള്ളലായിരുന്നു ഇത്.

രണ്ട് വര്‍ഷം കഴിഞ്ഞു 2013 മാര്‍ച്ച് 13-ന് പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഗ്രാന്‍ഡ് ഇമാം തന്റെ ഉപദേശകസംഘത്തിനൊപ്പം ഇരുന്നു കാണുകയായിരുന്നു. ഹോര്‍ഹെ ബെര്‍ഗോളിയോ മാര്‍പാപ്പയായപ്പോള്‍ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചത് ഇമാം ഒരു ശുഭസൂചനയായി കണ്ടു. വത്തിക്കാനുമായുള്ള ബന്ധത്തിലെ മരവിപ്പു മാറ്റാന്‍ ഇത് അനുയോജ്യമായ സന്ദര്‍ഭമാണെന്നു കണ്ട അദ്ദേഹം ഫ്രാന്‍സിസ് പാപ്പയ്ക്ക് ഒരു അഭിനന്ദന സന്ദേശമയക്കാമെന്ന നിര്‍ദേശം വച്ചു. പക്ഷേ, വിയോജിപ്പുയര്‍ന്നു. അവസാനം, കത്തോലിക്കാസഭയ്ക്കുള്ള ഒരു അനുമോദന സന്ദേശം അല്‍ അസ്ഹറിന്റെ പേരില്‍ അയക്കാമെന്നു തീരുമാനിക്കുകയും അയക്കുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇമാമിന് റംസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും മുസ്ലീങ്ങളെ സഹോദരങ്ങള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടും മാര്‍പാപ്പയുടെ സന്ദേശമെത്തി. ആശംസയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ഇമാം മാര്‍പാപ്പയ്ക്ക് മറുപടി അയച്ചു. ഈ പരസ്പരവിനിമയങ്ങള്‍ ബന്ധങ്ങളെ ഊഷ്മളമാക്കി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും പ്രവൃത്തികളും അഹ്മദ് അല്‍ തയിബ് വീക്ഷിച്ചുകൊണ്ടിരുന്നു. ദരിദ്രരോടുള്ള പാപ്പയുടെ സ്‌നേഹവും അഭയാര്‍ത്ഥികളോടുള്ള കാരുണ്യവും ഇമാമിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. 2016 ഏപ്രിലില്‍ ലെസ്‌ബോസിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ 12 മുസ്ലിം അഭയാര്‍ത്ഥികളെ മാര്‍പാപ്പ റോമിലേക്ക് സ്വന്തം വിമാനത്തില്‍ കൂട്ടിക്കൊണ്ടു പോന്നതും പരിസ്ഥിതി സംബന്ധമായ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചതും ഇമാമിന്റെ ശ്രദ്ധയാകര്‍ഷിച്ചു. 2014 മേയില്‍ മാര്‍പാപ്പ യോര്‍ദ്ദാനിലും പാലസ്തീനിലും നടത്തിയ സന്ദര്‍ശനവും പാലസ്തീനികള്‍ക്ക് അദ്ദേഹം കൊടുത്ത പിന്തുണയും ഇമാമിനെ സ്വാധീനിച്ചു. സിറിയയിലെ കലാപത്തെ പാപ്പ അപലപിച്ചതും ഇസ്ലാം മതത്തെയും ഭീകരപ്രവര്‍ത്തനത്തേയും താദാത്മ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് പാപ്പ പ്രസ്താവിച്ചതും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.

ഇപ്രകാരം ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ മനസ്സ് ഏറെക്കുറെ മനസ്സിലാക്കിയ ശേഷമാണ് 2015 നവംബറില്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുകയും ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ടു കാണുകയും വേണമെന്ന തീരുമാനത്തിലേയ്ക്ക് ഇമാം എത്തുന്നത്. കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ചുമതല അദ്ദേഹം തന്റെ നിയമോപദേഷ്ടാവും ഉപദേശകസമിതി അംഗവുമായ ജഡ്ജി മുഹമ്മദ് അബ്‌ദേല്‍ സലാമിനെ ഏല്പിച്ചു. അബ്‌ദേല്‍ സലാം അന്നു മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറിയും അറബി ദ്വിഭാഷിയും കോപ്റ്റിക് വൈദികനുമായ മോണ്‍. യോവാനീസ് ലാസി ഗൈദിനെ ബന്ധപ്പെട്ടു.

റേഗന്‍സ്ബുര്‍ഗ് പ്രസംഗമുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍, ഏറെക്കുറെ തകര്‍ന്നടിഞ്ഞു കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ – മുസ്‌ലീം ബന്ധത്തെയാണ് മാര്‍പാപ്പയും ഇമാമും ചേര്‍ന്ന് അബുദാബി പ്രഖ്യാപനത്തിലൂടെ സമഭാവനയുടെയും പരസ്പരബഹുമാനത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും പുതിയൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയെടുത്തത്. ഇന്നത്തെ കേരളത്തിലെ ക്രി സ്ത്യന്‍-ഇസ്‌ലാം സമൂഹങ്ങള്‍ക്കും നേതാക്കള്‍ക്കും ഇതില്‍ നിന്നു പഠിക്കാന്‍ ഏറെയുണ്ട്.

2016 മേയ് 23-ന് ആ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായി. ആദ്യത്തെ ഫ്രാന്‍സിസ്, അതായത് അസ്സീസ്സിയിലെ ഫ്രാന്‍സിസ്, സുല്‍ത്താന്‍ അല്‍ കമാലിനെ കാണാന്‍ ഈജിപ്തിലെത്തിയിട്ട് എട്ട് നൂറ്റാണ്ടു തികയുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. കൂടിക്കാഴ്ച വന്‍ വിജയമായി. ഈ സന്ദര്‍ശനത്തിനു പകരമായി അടുത്ത അന്തര്‍ദേശീയ സമാധാനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പയെ അവര്‍ ഈജിപ്തിലേയ്ക്കു ക്ഷണിച്ചു. 2017 ഏപ്രിലില്‍ മാര്‍പാപ്പ ഈ ക്ഷണം സ്വീകരിച്ചു ഈജിപ്തിലെ കെയ്‌റോയിലെത്തുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

ആറു മാസങ്ങള്‍ക്ക് ശേഷം 2017 നവംബര്‍ 6-ന് ഒരു അന്താരാഷ്ട്ര സമ്മേളനത്തിനായി റോമിലെത്തിയ ഇമാമിനെ പാപ്പാ തന്റെ താമസസ്ഥലമായ സാന്താ മാര്‍ത്തായിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണത്തിനു മുമ്പ് ഇരുവരും പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു മാര്‍പാപ്പ ഒരു അപ്പമെടുത്തു, അത് രണ്ടായി പകുത്തു. ഒരു പകുതി ഇമാമിനു നല്‍കുകയും അടുത്ത പകുതി സ്വയം കഴിക്കുകയും ചെയ്തു. മാനവസാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വലമായ ഒരു പ്രതീകമായിരുന്നു ഒരേ അപ്പത്തില്‍ നിന്നു കഴിച്ച പാപ്പയുടെയും ഇമാമിന്റെയും ആ നടപടിയെന്ന് വിരുന്നിന് ഒപ്പമുണ്ടായിരുന്ന അബ്‌ദെല്‍ സലാം പിന്നീട് എഴുതി. മാനവ സാഹോദര്യത്തെക്കുറിച്ച് ഇരുവരും ചേര്‍ന്ന് ഒരു സംയുക്ത പ്രഖ്യാപനം തയ്യാറാക്കണമെന്ന തീരുമാനവും സാഹോദര്യത്തിന്റെ ആ ഭക്ഷണ മേശയില്‍ വച്ചാണ് ഉണ്ടായത്.

സംയുക്ത പ്രഖ്യാപനത്തിന്റെ ആദ്യ കരട് തയ്യാറാക്കിയത് ഇമാമാണ്. അതു മാര്‍പാപ്പയ്ക്കു നല്‍കുമ്പോള്‍ താനാണ് അത് തയ്യാറാക്കിയതെന്ന് പാപ്പ അറിയരുതെന്ന് ഇമാം നിര്‍ബ്ബന്ധം പിടിച്ചു. തിരുത്താനും കൂട്ടിച്ചേര്‍ക്കാനുമുള്ള സ്വാതന്ത്ര്യം പാപ്പയ്ക്ക് നഷ്ടപ്പെടരുതെന്ന വിചാരമായിരുന്നു അതിനു പിന്നില്‍. ആ കരട് മാര്‍പാപ്പ തിരുത്തുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പാപ്പയുടെ സംഭാവനകള്‍ ഇമാമിന് ഏറെ ഇഷ്ടപ്പെട്ടു. അവ ഉള്‍പ്പെടുത്തി ഇമാം അടുത്ത രൂപം തയ്യാറാക്കി. അതു പാപ്പയ്ക്കു നല്‍കി, പാപ്പ വീണ്ടും അതു നവീകരിച്ചു. ഇപ്രകാരം രണ്ടു പേരും കൂടി പലകുറി ഭേദപ്പെടുത്തിയ ശേഷമാണ് പ്രഖ്യാപനത്തിന്റെ അന്തിമരൂപം തയ്യാറായത്. അതുവരെയും ഇമാമും അബ്‌ദെല്‍ സലാമും മാര്‍പാപ്പയും മോണ്‍. ഗൈദുമല്ലാതെ അഞ്ചാമതൊരാള്‍ ഇതു കണ്ടിട്ടില്ല.

ആ ഘട്ടത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് സന്ദര്‍ശിക്കണമെന്ന നിര്‍ദേശം ഇമാമിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. 2018-ല്‍ ഇറ്റലിയിലെ ബൊളാഞ്ഞ യൂണിവേഴ്‌സിറ്റിയുടെ ഒരു അവാര്‍ഡ് സ്വീകരിക്കാനെത്തിയ ഇമാം മാര്‍പാപ്പയെ വീണ്ടും നേരിട്ടു കണ്ടു. തങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന സംയുക്തരേഖ മാര്‍പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനത്തിനിടെ പുറത്തിറക്കാമെന്ന് അവര്‍ ധാരണയിലെത്തി. ഇമാം തുടര്‍ന്ന് യു എ ഇ ഭരണാധികാരിയെ വിളിച്ച് ഈ കാര്യമവതരിപ്പിച്ചു. സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ക്കായി അബ്ദുല്‍ സലാം അബുദാബിയിലേയ്ക്ക് അയക്കപ്പെട്ടു. 2019 ഫെബ്രുവരിയില്‍ ആ സന്ദര്‍ശനം യാഥാര്‍ത്ഥ്യമായി.

ഹൃദയസ്പര്‍ശിയായ വര വേല്‍പ്പാണ് മുസ്‌ലീം ലോകം ഫ്രാന്‍സിസ് പാപ്പയ്ക്ക് നല്‍കിയത്. 2019 ഫെബ്രുവരി 4-ന് മാനവ സാഹോദര്യരേഖ എന്ന ‘അബുദാബി പ്രഖ്യാപനം’ ഗ്രാന്‍ഡ് ഇമാമും മാര്‍പാപ്പയും സംയുക്തമായി അബുദാബിയില്‍ ഒപ്പുവച്ചു. (സഹവര്‍ത്തിത്വത്തിനും ലോകസമാധാനത്തിനും വേണ്ടി മാനവ സാഹോദര്യത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന.) രണ്ടു സുപ്രധാന തത്ത്വങ്ങളാണ് ക്രൈസ്തവ ജനതയും മുസ്‌ലീംജനതയും ഈ സംയുക്ത പ്രഖ്യാപനത്തിലൂടെ അംഗീകരിക്കുന്നത്. ഒന്ന്, മത വൈവിധ്യവും ബഹുസ്വരതയും ദൈവനിശ്ചയത്താല്‍ ഉരുവായതാണ്. രണ്ട്, അങ്ങനെയെങ്കില്‍ ഇത്തരം ലോകത്തില്‍ സമാധാനത്തോടെ ജീവിക്കാനുള്ള മാര്‍ഗ്ഗം സംഭാഷണത്തിന്റെ സംസ്‌കാരവും, പരസ്പര ബഹുമാനത്തിന്റെ ശൈലിയും, പരസ്പര സഹകരണത്തിന്റെ പെരുമാറ്റച്ചട്ടവുമാണ്. ഇത് രണ്ടും അംഗീകരിക്കപ്പെടുമ്പോള്‍ മതവൈരത്തിന്റെ സ്ഥാനത്ത് മത സൗഹാര്‍ദ്ദവും, കലഹത്തിന്റെ സ്ഥാനത്ത് സംഭാഷണവും, വര്‍ഗീയതയുടെ സ്ഥാനത്ത് മാനവികതയും പുലരും. ചുരുക്കത്തില്‍, അബുദാബി പ്രഖ്യാപനം മതാന്തരബന്ധത്തിന്റെ ‘മാഗ്‌നാകാര്‍ട്ടാ’ ആയി മാറി. ഈ പ്രഖ്യാപനത്തിന്റെ പ്രായോഗിക നടത്തിപ്പിനായി ‘മാനവസാഹോദര്യത്തിനു വേണ്ടിയുള്ള ഒരു ഉന്നതസമിതിയെയും’ നിയമിച്ചു. യു എ ഇയില്‍ മോസ്‌കും ക്രിസ്ത്യന്‍ പള്ളിയും സിനഗോഗും ഒന്നിച്ചു സ്ഥിതി ചെയ്യുന്ന അബ്രാഹമിക ഭവനം സ്ഥാപിതമായതും ഇതിന്റെ ചുവടുപിടിച്ചാണ്.

റേഗന്‍സ്ബുര്‍ഗ് പ്രസംഗമുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍, ഏറെക്കുറെ തകര്‍ന്നടിഞ്ഞു കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ – മുസ്‌ലീം ബന്ധത്തെയാണ് മാര്‍പാപ്പയും ഇമാമും ചേര്‍ന്ന് അബുദാബി പ്രഖ്യാപനത്തിലൂടെ സമഭാവനയുടെയും പരസ്പരബഹുമാനത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും പുതിയൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയെടുത്തത്. ഇന്നത്തെ കേരളത്തിലെ ക്രിസ്ത്യന്‍ – ഇസ്ലാം സമൂഹങ്ങള്‍ക്കും നേതാക്കള്‍ക്കും ഇതില്‍ നിന്നു പഠിക്കാന്‍ ഏറെയുണ്ട്. കേരളമെങ്ങും ഇടകലര്‍ന്നു ജീവിക്കുന്നവരാണ് ഈ രണ്ടു മതസ്ഥരും. ഇരുമതസ്ഥരുടെയും ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍, ഒരു മാറ്റം ആവശ്യമാണ്. സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള ബോധപൂര്‍വകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മതങ്ങള്‍ക്കു ബാദ്ധ്യതയുണ്ട്. വിശേഷിച്ചും മതനേതാക്കള്‍ക്ക്. അബുദാബി പ്രഖ്യാപനം അതിനു മാതൃകയാക്കണം.

അബുദാബി പ്രഖ്യാപനത്തില്‍ നിന്നു പ്രചോദനം സ്വീകരിച്ചു മുന്നോട്ടു പോകുമ്പോള്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യം സംഭാഷണത്തിനു തയ്യാറാകുക എന്നതാണ്. മാര്‍പാപ്പയും ഇമാമും ചെയ്തതു പോലെ കേരളത്തിലെ മതനേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുക. കത്തോലിക്കാമെത്രാന്മാരും മുസ്‌ലീം മതാചാര്യന്മാരും ഒന്നിച്ചിരിക്കാനുള്ള വേദി കെ സി ബി സി മുന്‍കൈയെടുത്ത് സജ്ജമാക്കുക.

ഈ സംഭാഷണത്തിനൊരുക്കമായി, ഇപ്പോള്‍ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുക. സോഷ്യല്‍ മീഡിയായില്‍ വളരെ സംഘടിതമായ വിധത്തില്‍ അപകടകരമായ പ്രചാരണം ഈ ദിവസങ്ങളില്‍ നടക്കുന്നുണ്ട്. വൈദികര്‍ പോലും ചില പ്രചാരണങ്ങളുടെ മുന്‍നിരയിലുണ്ട്. ഇതെല്ലാം ഉടനടി അവസാനിപ്പിക്കാന്‍ മെത്രാന്മാര്‍ നിര്‍ദേശം നല്‍കണം. വര്‍ഗീയ വിഷം ചീറ്റുന്ന സംഘങ്ങളെ തള്ളിപ്പറയണം.

അബുദാബി പ്രഖ്യാപനത്തിന്റെ തുടര്‍നടത്തിപ്പിനായി മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും ചേര്‍ന്ന് ‘മാനവസാഹോദര്യത്തിനു വേണ്ടിയുള്ള ഉന്നതസമിതി’ക്കു രൂപം കൊടുത്തതു പോലെ ഒരു ഉന്നതാധികാര സമിതി കേരളത്തിലും ഉണ്ടാകണം. മതാന്തര സംഭാഷണത്തിലുരുത്തിരിയുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനും ഭാവിയില്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഏത് പ്രശ്‌നത്തെയും ചര്‍ച്ച ചെയ്ത് പരിഹരിക്കാനുമുള്ള ഉത്തരവാദിത്വവും ഈ സമിതിക്കായിരിക്കണം.

‘അല്പം കൂടി മെച്ചപ്പെട്ട ഒരു സാഹോദര്യസമൂഹം നിര്‍മ്മിക്കുന്നതിനായി നിങ്ങള്‍ ഇന്നത്തെ ബഹുസ്വര സമൂഹത്തില്‍ പാലം പണിയുന്നവരും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നവരുമാകണം’ എന്നു ഫ്രാന്‍സിസ് പാപ്പാ ഏറ്റവുമൊടുവില്‍ ഹംഗറിയിലെ മെത്രാന്മാരോടു പറഞ്ഞത് (സെപ്റ്റംബര്‍ 12, 2021) നമുക്കു മറക്കാതിരിക്കാം.

Comments

One thought on “മനസ്സുവച്ചാല്‍ അകലെയാകില്ല, ‘മാനവസാഹോദര്യം’”

  1. JOS ANTONY says:

    Before rectifying bigger things in this world. First and foremost is the infighting among you. Faithful are now much more intelligent and seeing things crystal clear. We faithful even doubt that you people are even the agents of division in the church. Stop your infighting between dioceses and then start preaching. Otherwise it is not far off that you wont have this platform to push your agenda of settling score.

Leave a Comment

*
*