അത്ഭുതപ്രവര്‍ത്തകര്‍

അത്ഭുതപ്രവര്‍ത്തകര്‍

എം.ജെ. തോമസ് എസ്.ജെ.

പലരും യേശുവിനെ കാണുന്നത് അത്ഭുത പ്രര്‍ത്തകനായിട്ടാണ്. കടലിന്റെ മീതെ നടന്നവന്‍, കാറ്റിനെ ശമിപ്പിച്ചവന്‍, വെള്ളം വീഞ്ഞാക്കിയവന്‍, അങ്ങനെ പലതും. ഇതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളാണെന്നു കരുതുന്നു. ഒരു ചരിത്രപുസ്തകമായിട്ടല്ല ബൈബിളിനെ കാണേണ്ടത്. ബൈബിള്‍ വിശ്വാസത്തിന്റെ പുസ്തകമാണ്, ഉത്ഥാനത്തിനുശേഷം വര്‍ഷങ്ങള്‍കഴിഞ്ഞു ഓര്‍മ്മയില്‍നിന്നും കേട്ടറിവില്‍നിന്നും എഴുതപ്പെട്ടത്. എല്ലാം ഉത്ഥിതനായ യേശുവിന്റെ വാക്കും പ്രവര്‍ത്തനവുമായി.
ഒരത്ഭുതത്തെപ്പറ്റിയും കൃത്യമായും എന്തു സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്ന് ചോദിക്കരുത്. അത്ഭുതങ്ങള്‍ അനുകമ്പയുടെ പ്രകടനമാണ്. അതിന്റെ സന്ദേശമാണ് പ്രധാനം. കടലിനുമീതെ നടക്കുന്നതും കാറ്റിനെ ശമിപ്പിക്കുന്നതും സൂചിപ്പിക്കുന്നത് യേശുവിലൂടെ ദൈവം നശീകരണ പ്രകൃതിശക്തികളെ (പിശാചുക്കളെ) കീഴടക്കുന്നു എന്നും രക്ഷിക്കാനായി എല്ലായിടത്തും സന്നിഹിതനാണെന്നുമാണ്. പ്രകൃതി ദൈവത്തെ അനുസരിക്കുന്നു, സുരക്ഷിതത്വം കൈവരുന്നു. ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നു. ഇതാണ് എല്ലാവര്‍ക്കും സദ്‌വാര്‍ത്ത. വെള്ളം വീഞ്ഞാക്കുന്നതിനര്‍ത്ഥം കൂടുതല്‍ മെച്ചമായതു ധാരാളമായിട്ടുണ്ടെന്നാണ്. ഇതാണ് സുവിശേഷം.
യേശുവിനെ പ്രധാനമായും ഒരു അത്ഭുത പ്രവര്‍ത്തകനായി കാണുന്നതും, അത്ഭുതങ്ങള്‍ യേശുവില്‍ വിശ്വാസം ജനിപ്പിക്കാനാണെന്നു കരുതുന്നതും ശരിയല്ല. വിശ്വാസം ഉള്ളിടത്തേ അത്ഭുതം നടക്കു. യേശുവിന്റെ കാലത്തു പല അത്ഭുതപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും ഓര്‍ക്കുക.
യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചോ? തീര്‍ച്ചയായും. പക്ഷെ യഥാര്‍ത്ഥ അത്ഭുതം യേശുതന്നെയാണ്. അക്കാലത്ത് യേശുവല്ലാതെ ആര് സ്ത്രീകളെ ആദരിക്കും, സ്‌നേഹിക്കും, ശിഷ്യകളായി കൊണ്ടുനടക്കും? യേശുവല്ലാതെ ആര് കുഷ്ഠരോഗികളെ സ്പര്‍ശിക്കും, പാപികളുടെ സുഹൃത്താകും, അവരെ സഹപ്രവര്‍ത്തകരാക്കും? യേശുവിനല്ലാതെ ആര്‍ക്കു ജനക്കൂട്ടത്തോട് അനുകമ്പ തോന്നും, അവരുടെ വിശപ്പടക്കേണ്ടതാണെന്നു തോന്നും? യേശുവല്ലാതെ ആര് നിലവിലുണ്ടായിരുന്ന പല സുപ്രധാന നിയമങ്ങളും ആചാരങ്ങളും ലംഘിക്കും? എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടിയാണെന്നു പ്രഖ്യാപിക്കും? ആചാര്യന്മാരുടെയും നേതാക്കളുടെയും കപടത എടുത്തുകാണിക്കും? യേശുവല്ലാതെ ആര് സ്വന്തം ശിഷ്യരുടെ പാദങ്ങള്‍ കഴുകും, ഭക്ഷണമൊരുക്കി വിളമ്പിക്കൊടുക്കും? യേശുവല്ലാതെ ആര് ഒറ്റുകാരനെ സുഹൃത്തെന്നു വിളിക്കും; പല പ്രാവശ്യം പരാജയപ്പെട്ട പത്രോസിനെ തലവനാക്കും? യേശുവല്ലാതെ ആര് ഗത്‌സെമിനിയിലും ഗാഗുല്‍ത്തായിലും എല്ലാം ദൈവത്തിന് വിട്ടുകൊടുക്കും? യേശുവല്ലാതെ ആര് ദൈവത്തെ 'എന്റെ പൊന്നപ്പച്ചാ' എന്ന് വിളിക്കും? അങ്ങനെ വിളിക്കാന്‍ എല്ലാവരെയും ക്ഷണിക്കും? ഇതൊക്കെ അത്ഭുതങ്ങളല്ലേ?
'താങ്കള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ ഐന്‍സ്‌റ്റൈന്‍ ചോദിച്ചു 'എന്താണ് അത്ഭുതമല്ലാത്തതു?' എന്നായിരുന്നു. താന്‍ ദിവസവും അത്ഭുതങ്ങളില്‍ ആശ്രയിക്കുന്നു എന്നാണ് കാള്‍ റാഹ്‌നര്‍ പറയുന്നത്. ടാഗോറിന് ജീവിതംതന്നെ ഒരു തുടര്‍ അത്ഭുതമായിരുന്നു. വര്‍ഷങ്ങള്‍ ഏകാന്തധ്യാനത്തില്‍ ചെലവഴിച്ച സന്ന്യാസി തിരിച്ചുവന്നപ്പോള്‍ 'എന്തൊക്കെ പഠിച്ചു' എന്ന് ചോദിച്ചപ്പോള്‍ നിശ്ശബ്ദനായി നിന്നു. നിര്‍ബന്ധിച്ചപ്പോള്‍ പറയുകയാണ് 'നോക്കൂ, ഞാന്‍ വെള്ളം കോരുന്നു, വിറകു വെട്ടുന്നു. എന്തൊരത്ഭുതം!'
എവിടെയും അത്ഭുതങ്ങളുണ്ട്. ഇത് മനസ്സിലാക്കുന്നവര്‍ നന്ദിയും സന്തോഷവും ഉള്ളവരായിരിക്കും.
ഉണര്‍വുള്ളവര്‍ക്കും, സുമനസ്സുകള്‍ക്കും എല്ലാം അത്ഭുതമാണ്. ദിവസേന സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും, കാലാവസ്ഥയുടെ മാറ്റങ്ങളും, ആകാശ ഗോളങ്ങളുടെ ക്രമീകരണവും; ഭക്ഷണം ദഹിക്കുന്നതും ശരീരത്തിന് ഊര്‍ജ്ജം തരുന്നതും, മലിനമായതു നീക്കം ചെയ്യപ്പെടുന്നതും; ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടുന്നതും; ശാസോച്ഛ്വാസവും രക്തചംക്രമണവും; ഒരു വിത്തു മുളക്കുന്നതും പുഷ്പിക്കുന്നതും; അഴുക്കുവസ്തുക്കള്‍ കരിക്കായും മാമ്പഴമായും മാറുന്നതും; പുഴു മനോഹരമായ ചിത്രശലഭം ആകുന്നതും. അത്ഭുതങ്ങള്‍ അനുഭവിക്കാന്‍ ചെയ്യേണ്ടത് ഇതു മാത്രം: ശരിക്കും കാണുക, കേള്‍ക്കുക, മണക്കുക, സ്പര്‍ശിക്കുക, രുചിക്കുക. സ്വല്‍പ്പനേരം നിശ്ചലമായ് നിന്ന് എന്തെങ്കിലും ആസ്വദിക്കാന്‍ പറ്റാത്തവന്‍ 'മൃതനാണ്'. ഒരുപക്ഷെ നിരീശ്വരനും.
അത്ഭുതങ്ങള്‍ അനുനിമിഷം സംഭവിക്കുന്നുണ്ട്. പ്രളയം, അപകടങ്ങള്‍, മഹാമാരി മുതലായവ അവയെ എടുത്തു കാണിക്കുന്നു എന്നു മാത്രം. സാധാരണ മനുഷ്യര്‍ അപരിചിതര്‍ക്കുവേണ്ടി മരിക്കാര്‍ തയ്യാറായത് നമ്മള്‍ കണ്ടതല്ലേ. വള്ളത്തില്‍ കയറാന്‍ സഹായമായി ഒരാള്‍ ചവിട്ടുപടിയായി ചെളിയില്‍ കിടക്കുന്നതും; ഇഷ്ടമുള്ളതു വാങ്ങാന്‍ കൂട്ടിവച്ചിരുന്ന പണം മുഴുവനും കുട്ടികള്‍ സംഭാവന ചെയ്യുന്നതും; അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതും, രക്തം ദാനം ചെയ്യാന്‍ കാത്തുനില്‍ക്കുന്നതും; ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊന്നവരോട് ഗ്ലാഡിസ് സ്റ്റെയിന്‍ ക്ഷമിക്കുന്നതും; റാണി മരിയയുടെ കുടുംബം മകളുടെ ഘാതകനെ സ്വന്തമാക്കുന്നതും; മാക്‌സ്മില്യന്‍ കോള്‍ബെ ഒരപരിചിതനുവേണ്ടി മരിക്കുന്നതും. എത്രയെത്ര അത്ഭുതങ്ങള്‍! നമ്മള്‍ ഇവയ്ക്കു കൈയ ടിച്ചാല്‍മാത്രം പോരാ. നമ്മള്‍തന്നെ ഇതുപോലെ അത്ഭുതപ്രവര്‍ത്തകര്‍ ആകേണ്ടിയിരിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, ഇന്ന് പ്രാര്‍ത്ഥന കാര്യസാധ്യത്തിനു വേണ്ടിയുള്ള, അത്ഭുതങ്ങള്‍ക്കു വേണ്ടിയുള്ള യാചനയായി മാറി. യേശു സ്വന്തം കാര്യത്തിനു വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നും, അത്ഭുതങ്ങള്‍ ആവശ്യപ്പെട്ടില്ലെന്നും ഓര്‍ക്കുക. തിരക്കിനിടയിലും പിതാവിനോടു കൂടിയായിരിക്കുവാന്‍ യേശു സമയം കണ്ടെത്തി. ആശാരിപ്പണി അബ്ബാ ജോസഫില്‍നിന്നും പഠിച്ചതു പോലെ, അബ്ബാ ആയ ദൈവത്തില്‍ നിന്നുമാണ് യേശു, പ്രത്യേകിച്ചും മരുഭൂമിയിലെ നാല്പതു ദിവസങ്ങളില്‍, സ്വന്തം ദൗത്യം മനസ്സിലാക്കിയതും ജീവിതരീതി തിരഞ്ഞെടുത്തതും. പിതാവുമായുള്ള ഊഷ്മളബന്ധമാണ് യേശുവിനു തനതായ നിലപാടുകളും ധൈര്യവും നല്‍കിയത്. യേശുവാണ് പ്രാര്‍ത്ഥനയുടെ ഉത്തമ മോഡല്‍.
ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന ഫാദര്‍ അരുപ്പേയുടെ ഒരനുഭവം നമ്മളെ വെല്ലുവിളിക്കും. അദ്ദേഹം ജപ്പാനിലായിരുന്നപ്പോള്‍ ഒരു യുവതി കൂടെക്കൂടെ സക്രാരിയുടെ മുന്‍പില്‍ പൂര്‍ണ ഏകാഗ്രതയോടെ മുട്ടിന്‍ മേല്‍, ചിലപ്പോള്‍ മണിക്കൂറുകളോളം, നില്‍ക്കുന്നത് കണ്ടു. ഒരിക്കല്‍ അവളോട് ചോദിച്ചു, 'നീ എന്താണ് യേശുവിന്റെ മുന്‍പില്‍ ഇത്രനേരം ചെയ്യുക?' യേശുവിന്റെ മുമ്പില്‍ 'എന്തെങ്കിലും ചെയ്യുക' എന്നത് അവളെ ഞെട്ടിച്ചു. സ്വല്പം നീണ്ട മൗനത്തിനുശേഷം, 'യേശുവിന്റെകൂടെ ആയിരിക്കുക, അതുമാത്രം. സൗഹൃദത്തിന്റെ സമയമാണിത്.' ഒന്നും ചോദിക്കുന്നില്ല, ഒന്നും ലഭിക്കുന്നുമില്ല. ആദരവോടുള്ള സ്‌നേഹബന്ധം. വ്യക്തികളില്‍ മാറ്റങ്ങളുണ്ടാക്കുന്ന യഥാര്‍ത്ഥ പ്രാര്‍ത്ഥന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org