ആധുനിക സാങ്കേതിക വിദ്യയും കുട്ടികളും

ആധുനിക സാങ്കേതിക വിദ്യയും കുട്ടികളും

ഡോ. അരുണ്‍ ഉമ്മന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍, വി.പി.എസ്. ലേക്‌ഷോര്‍, കൊച്ചി

ആധുനിക സാങ്കേതിക വിദ്യ നമ്മുടെ കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികസനത്തെയും, പഠന നിലവാരത്തെയും ഒപ്പം അവരുടെ പെരുമാറ്റ രീതികളെയുമൊക്കെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന ലേഖനം…

വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം നമ്മള്‍ക്ക് നമ്മുടെയൊക്കെ ബാല്യകാലത്തിലേയ്ക്ക് പിന്‍തിരിഞ്ഞു നോക്കാം. ഏകദേശം രണ്ടു പതിറ്റാണ്ട് മുമ്പു വരെ, വൈകുന്നേരങ്ങളില്‍ കുട്ടികള്‍ ഒത്തുചേര്‍ന്ന് കളിക്കുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു. ഉദാഹരണത്തിന് സൈക്കിള്‍ ചവിട്ടുക, ക്രിക്കറ്റ് കളി, ഗോലികളി, കുട്ടിയും കോലും കളി, മണ്ണപ്പം ചുട്ട് കളിക്കുക. ഇങ്ങനെ പലതരം കളികള്‍ അവര്‍ക്കുണ്ടായിരുന്നു. ഇങ്ങനെയുള്ള കളികള്‍ അവരുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുകയും ഒപ്പം തന്നെ അവര്‍ക്ക് ഒരുമയുടെ സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ കാലയളവിലെ കുഞ്ഞുങ്ങള്‍ പ്രായത്തിനൊത്ത പക്വതയുള്ളവരായാണ് വളര്‍ന്നിരുന്നത്. അവരുടെ കളികള്‍ എല്ലാം തന്നെ വളരെ ലളിതവും പ്രകൃതിയുമായി ഇഴുകി ചേര്‍ന്നുള്ളതുമായിരുന്നു. ഇന്നത്തെ പോലെ വില കൂടിയ കളിപ്പാട്ടങ്ങളോ സജ്ജീകരണങ്ങളോ, മാതാ പിതാക്കളുടെ മേല്‍നോട്ടമോ ഒന്നും ആവശ്യമായിരുന്നില്ല. അവര്‍ അവരുടേതായ ലോകത്തില്‍ സന്തോഷിച്ചുല്ലസിച്ചു പോന്നിരുന്നു. കഴിഞ്ഞ പത്തുകൊല്ലമായി കുട്ടികളുടെ വിനോദ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണ്ടുവരുന്നു. കൊറോണ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വര്‍ദ്ധിച്ചതും, പുറത്തു പോകാനുള്ള നിയന്ത്രണങ്ങളും കാരണം, സാങ്കേതികവിദ്യയുടെ സ്വാധീനം പലമടങ്ങ് വര്‍ദ്ധിച്ചു. ഇതുമൂലം കുട്ടികളുടെ Sensory, Motor & Attachment Development എന്നിവയിലെ നിര്‍ണായക നാഴികക്കല്ലുകള്‍ നിറവേറ്റപ്പെടുന്നില്ല എന്നുള്ളതും അടിവരയിട്ടു പറയേണ്ട കാര്യമാണ്.

ആധുനിക ജീവിതത്തില്‍ നൂതന സാങ്കേതികവിദ്യകള്‍
അനിവാര്യമാണ്, പക്ഷേ അവ ആസക്തിയുടെ തലത്തിലേക്ക്
പോകാതെ നീതിപൂര്‍വ്വം ഉപയോഗിക്കാന്‍ പഠിപ്പിക്കണം.

പര്യവേക്ഷണം ചെയ്യാനും പഠിക്കാനും ബന്ധപ്പെടുത്താനും ആവശ്യമായ ക്ഷേമവും പ്രചോദനവും അവസരവും ആവശ്യമായ 'സുരക്ഷിത അടിത്തറ' അറ്റാച്ചുമെന്റ് അഥവാ അടുപ്പം കുട്ടികളെ അനുവദിക്കുന്നു.
മാനസികവും ബുദ്ധിപരവുമായ വികസനത്തിലുള്ള കാലതാമസം, എണ്ണമറ്റ മാനസിക – ശാരീരിക രോഗങ്ങള്‍ എന്നിവ ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്.

മസ്തിഷ്‌കവികസനത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ പറയുന്നത് എന്തെന്ന് നോക്കാം:

സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളില്‍ പല വിധത്തിലുള്ള തകരാറുകള്‍ ആണ് സൃഷ്ടിക്കുന്നത്. സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം മൂലം തലച്ചോറിന്റെ Frontal Cortex ലേക്കുള്ള tracts അഥവാ പാതയെ വെട്ടിച്ചുരുക്കുകയും Prefrontal Cortex/Hippocampal Synaptic Gating-ല്‍ ക്ഷയം സംഭവിക്കുകയും അതുവഴി കാര്യനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ അഥവാ Executive Functioning, ഉള്‍പ്രേരണ നിയന്ത്രണശക്തി അഥവാ Impulse Control എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

എന്താണ് കാര്യനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ അഥവാ Executive Functioning?

വര്‍ക്കിംഗ് മെമ്മറി, വഴക്കമുള്ള ചിന്ത, ആത്മനിയന്ത്രണം എന്നിവ ഉള്‍പ്പെടുന്ന ഒരു കൂട്ടം മാനസിക കഴിവുകളാണ് Executive Functioning എന്ന പേരില്‍ അറിയപ്പെടുന്നത്.
അതുപോലെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നതിനെ പ്രേരണ നിയന്ത്രണം അഥവാ Impulse Control എന്ന് വിളിക്കുന്നു. സാങ്കേതിക വിദ്യയുടെ സ്വാധീനം കുടുംബങ്ങളുടെ അടിത്തറ തകര്‍ക്കുകയും പരിചരണ മൂല്യങ്ങളുടെ ശിഥിലീകരണത്തിന് കാരണമാവുകയും ചെയ്തു. കുട്ടികള്‍ സുഗമമായി വേഗത്തിലും കാര്യക്ഷമമായും ജീവിതം നയിക്കുന്നതിന് മാതാപിതാക്കള്‍ ഇപ്പോള്‍ ആശയ വിനിമയം, അറിവ്, ഗതാഗത സാങ്കേതികവിദ്യ എന്നിവയില്‍ വളരെയധികം ആശ്രയിക്കുന്നതായി കാണപ്പെടുന്നു.
വിനോദ സാങ്കേതികവിദ്യ (ടിവി, ഇന്റര്‍നെറ്റ്, വീഡിയോ ഗെയിമുകള്‍, iPads, മൊബൈല്‍ ഫോണ്‍ എന്നിവ) വളരെ വേഗത്തില്‍ തന്നെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കുടുംബങ്ങള്‍, അവരുടെ കുടും ബഘടനയിലും ജീവിതരീതിയിലും ഇവ ചെലുത്തിയ സ്വാധീനവും അതോടനുബന്ധിച്ചുണ്ടായ മാറ്റങ്ങളും ശ്രദ്ധിക്കാതെ പോയത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ഒരു മാഗസിനില്‍ വായിച്ച ഒരു കൊച്ചു സംഭവകഥ ഓര്‍ക്കുകയാണ്. ഒരിടത്ത് രണ്ടു കൂട്ടുകാരികള്‍ ഉണ്ടായിരുന്നു, അവര്‍ എന്നും വൈകിട്ട് അവരുടെ വീടിനടുത്തുള്ള ഒരു പാര്‍ക്കില്‍ ഊഞ്ഞാലാടാന്‍ പോകുമായിരുന്നു. ഒരു ദിവസം അതിലൊരാളുടെ വീട്ടില്‍ ടി.വി. മേടിക്കുന്നു. അതോടെ ആ കുട്ടി പിന്നീട് കളിക്കാന്‍ വരാതെയായി. തന്റെ കുട്ടുകാരിയെ കളിക്കാന്‍ വിളിക്കാന്‍ ചെല്ലുമ്പോളൊക്കെ അവള്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് അവള്‍ക്ക് കിട്ടിയിരുന്നത്. വിഷമത്തോടെ മടങ്ങിയ അവള്‍ തന്റെ അമ്മയോട് പറയുന്നത്, 'എന്റെ കൂട്ടുകാരിയെ ടി.വി. തിന്നു കളഞ്ഞു' എന്നാണ്. വിവര സാങ്കേതികവിദ്യ നമ്മുടെയൊക്കെ കുടുംബങ്ങളില്‍, നമ്മുടെ ബന്ധങ്ങളില്‍, നമ്മുടെ പരസ്പര സംഭാഷണങ്ങളെ ഒക്കെ എങ്ങനെ ബാധിച്ചു എന്നതിന്റെ ഏറ്റവും ഉത്തമമായ ഒരു ഉദാഹരണമായി നമ്മള്‍ക്ക് ഈ സംഭവ കഥയെ കാണാം. അന്ന് ഒരു ടി.വിക്ക് മുന്നില്‍ ഒരുമിച്ച് കൂടിയിരുന്നവര്‍, ഇന്ന് വീടിന്റെ ഓരോ മുറിയിലോ മറ്റോ ഓരോ മൊബൈല്‍ ഫോണോ, ടാബ്ലറ്റോ ഒക്കെയായി ഒതുങ്ങിക്കൂടുന്നു. കുട്ടികളെ കെട്ടിപ്പിടിക്കുന്നതിനും അവരോടൊപ്പം കളിക്കുന്നതിനും അവരുടെ കൂടെ ഇരുന്നു സംസാരിക്കുന്നതിനും പകരം ടി.വി., വീഡിയോ ഗെയിമുകള്‍, ഏറ്റവും പുതിയ ഐപാഡുകള്‍, സെല്‍ഫോണ്‍ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് മാതാപിതാക്കള്‍ കൂടുതല്‍ ശ്രമിക്കുകയും ഇത് വഴി മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ ആഴത്തിലുള്ളതും എന്നാല്‍ ഒരിക്കലും മാറ്റാനാവാത്തതുമായ വിള്ളല്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കുട്ടിയും രക്ഷാകര്‍ത്താവുമായുള്ള ആശയവിനിമയത്തിന്റെ അളവും ഗുണനിലവാരവും കുട്ടികളിലെ ഭാഷാരീതിയിലും അവരുടെ സം ഭാഷണരീതിയിലും കാര്യമായ അഭിവൃദ്ധിയാണ് നേടി കൊടുക്കുന്നത്.
സാങ്കേതികവിദ്യയെകുറിച്ചു എളുപ്പത്തില്‍ പറയുകയാണെങ്കില്‍ എപ്പോഴും മുന്നോട്ട് മാത്രം കുതിച്ചു പായുന്ന ഒരു തീവണ്ടി ആയിട്ട് അതിനെ കരുതാവുന്നതാണ്. അതിനാല്‍ തന്നെ ഇന്നത്തെ ആധുനിക ലോകത്തില്‍ നൂതന സാങ്കേതികവിദ്യ മൂലം കൈവരിക്കപ്പെടുന്ന പ്രയോജനങ്ങള്‍ നിരവിധിയെന്നു തന്നെ പറയാം. എന്നാല്‍ സാങ്കേതികവിദ്യയോടുള്ള കുട്ടികളുടെ അമിതമായ അടുപ്പം അവരെ മാനുഷിക മായവയില്‍ അഥവാ മാനുഷിക മൂല്യങ്ങളില്‍ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. ഇവ മാത്രമല്ല കുട്ടികള്‍ പല കാര്യങ്ങള്‍ക്കുമായി സാങ്കേതികവിദ്യയെ പരിധിയില്‍ അധികം ആശ്രയിക്കുന്നു. അവരുടെ കളികള്‍ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ പറഞ്ഞ പോലെ സാങ്കേതികവിദ്യയെ തന്നെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. അതുകൊണ്ടു താഴെ പറയുന്ന മൂന്നു കാര്യങ്ങളാണ് മുഖ്യമായും സംഭവിക്കുന്നത്:
♣ കുട്ടികളുടെ സര്‍ഗാത്മകത, ഭാവന എന്നിവ വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല.
♣ അവരുടെ sensory and motor development വേണ്ടവിധം നടക്കുന്നില്ല.
♣ ഒരു കുട്ടിയെ സംബന്ധിച്ച് അവനു പഠിക്കാന്‍ സഹായകമാവുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ ആണ് സ്വയം നിയന്ത്രണവും ഏകാഗ്രതയും. എന്നാല്‍ ഇന്നത്തെ കുട്ടികളില്‍ ഇവയുടെ അഭാവം കാര്യമായ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുകയും അധ്യാപകര്‍ക്ക് അവയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായി തീരുകയും ചെയ്യുന്നു.

സാങ്കേതികവിദ്യയോടുള്ള കുട്ടികളുടെ അമിതമായ അടുപ്പം
അവരെ മാനുഷികമായവയില്‍ അഥവാ മാനുഷിക മൂല്യങ്ങളില്‍
നിന്നും അകറ്റുകയാണ് ചെയ്യുന്നത്. ഇവ മാത്രമല്ല, കുട്ടികള്‍
പല കാര്യങ്ങള്‍ക്കുമായി സാങ്കേതികവിദ്യയെ പരിധിയില്‍
അധികം ആശ്രയിക്കുന്നു. അവരുടെ കളികള്‍ സംബന്ധമായ
ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ പറഞ്ഞ പോലെ
സാങ്കേതികവിദ്യയെ തന്നെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.

ഒരു കുട്ടിയുടെ പരിപൂര്‍ണ്ണ വികാസത്തില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം എപ്രകാരമാണെന്നു നോക്കാം…

കുട്ടികളുടെ സെന്‍സറി (ഇന്ദ്രിയ സംബന്ധമായ), മോട്ടോര്‍ (ചലനപരമായ), അറ്റാച്ച്‌മെന്റ് (അടുപ്പം സംബന്ധമായ) വ്യവസ്ഥിതി പ്രതിദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ ആധുനിക സാങ്കേതികവിദ്യയുടെ സ്വഭാവം എന്ന് പറയുന്നത് തന്നെ തീര്‍ത്തും ഉദാസീനമാണ്. എങ്കിലും, വളരെയധികം ഉന്മത്തവും, ക്രമരഹിതവുമായതിനാല്‍ ഇവയെ ഉള്‍ക്കൊള്ളുവാന്‍ കുട്ടികളുടെ സെന്‍സറി, മോട്ടോര്‍, അറ്റാച്ച്‌മെന്റ് വ്യവസ്ഥിതികള്‍ ജൈവ ശാസ്ത്രപരമായി പരിണമിച്ചിട്ടില്ല. തന്മൂലം കുട്ടികളില്‍ ശാരീരികവും, മാനസികവുമായ വൈകല്യങ്ങള്‍ പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്നു.
മാത്രമല്ല കുട്ടികളുടെ പരിപൂര്‍ണ്ണവികസനത്തിന്റെ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിന് കാലതാമസം സംഭവിക്കുകയും അതോടൊപ്പം തന്നെ അറിവ് നേടുന്നതിനുള്ള അടിസ്ഥാനപരമായ കഴിവുകളുടെ അടിത്തറയെ ഇവ പ്രതി കൂലമായി ബാധിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് തങ്ങളുമായും മറ്റുള്ളവരുമായും പ്രകൃതിയുമായും അത്യന്താപേക്ഷിതമായ ബന്ധം കുറഞ്ഞുവരുന്നതോടൊപ്പം അവര്‍ പ്രകൃതിയെ ഭയപ്പാടോടെ വീക്ഷിക്കുകയും വീടിനു വെളിയിലുള്ള കളികളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നത് വഴി അവരുടെ ഇന്ദ്രിയസംബന്ധമായും, ചലനശക്തിപരമായുമുള്ള വികാസങ്ങളില്‍ വിഘ്നം സംഭവിക്കുകയും ചെയ്യുന്നു.

വളര്‍ന്നു വരുന്ന കുട്ടികളില്‍ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്തപ്പോള്‍ താഴെ പറയുന്ന വസ്തുതകളാണ് ചൂണ്ടി കാണിക്കുന്നത്:

♦ കുട്ടികളുടെ Vestibular (ഇതില്‍ ചെവിയുടെ ഏറ്റവും ഉള്‍ഭാഗം, തലച്ചോറിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. അത് ബാലന്‍സ്, കണ്ണിന്റെ ചലനങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു), Proprioceptive (ശരീരത്തിന്റെ സ്ഥാനവും ചലനവും അറിയുവാനുള്ള കഴിവ്, സ്പര്‍ശവിഷയകമായ വ്യവസ്ഥകളും, അറ്റാച്ച്‌മെന്റ് സംബന്ധമായ വ്യവസ്ഥകളും കുറഞ്ഞ തോതില്‍ മാത്രമായി ഉത്തേജിപ്പിക്കപ്പെട്ടിരിക്കുമ്പോള്‍ ദൃശ്യ ശ്രവണ ഇന്ദ്രിയസംബന്ധമായ വ്യവസ്ഥകള്‍ ആവശ്യത്തിലധികമായി ഭാരപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു.
ഇത്തരത്തിലുള്ള ഇന്ദ്രിയങ്ങളുടെ അസന്തുലിതാവസ്ഥ മൊത്തത്തിലുള്ള ന്യൂറോളജിക്കല്‍ വികസനത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായി വരുന്നു. അതിനു കാരണം എന്തെന്ന് വച്ചാല്‍ തലച്ചോറിന്റെ ഘടന, രസതന്ത്രം, പാത എന്നിവയില്‍ സ്ഥിരമായ രൂപാന്തരീകരണം സംഭവിക്കുന്നത് കൊണ്ടാണ്.
♦ Vestibular വികാസത്തിലുള്ള കാലതാമസം, കാഴ്ചവൈകല്യം, ശ്രവണ വൈകല്യം, വായന വൈകല്യം എന്നിവയ്ക്കു കാരണമാകുകയും ഇന്ദ്രിയങ്ങളുടെ ഏകോപനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഒരു കുട്ടിക്ക് അവന്റെ ചുറ്റുമുള്ള പരിതസ്ഥിതിയില്‍ നിന്നും ഉത്ഭവിക്കുന്ന ഇന്ദ്രിയസംബന്ധമായ പ്രതികരണങ്ങളോട് പരിണമിക്കാനുളള കഴിവ് ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ തന്നെ ഉണ്ടായിവരുന്നു. ഇതിനെ സെന്‍സറി അഡാപ്‌റ്റേഷന്‍ എന്ന് വിളിക്കാവുന്നതാണ്. സെന്‍സറി അ ഡാപ്‌റ്റേഷന്‍ എന്നത് ഒരു ബാഹ്യമായ ഉത്തേജകത്തോട് നിരന്തര വിധേയമാവുമ്പോള്‍ അതിന്റെ സംവേദനക്ഷമത കുറയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് അവരുടെ സംരക്ഷണപരമായതും വിവേചനപരവുമായ സം വിധാനത്തിന്റെ ഭാഗമായി മാറുന്നു.
എന്നാല്‍ ഇന്ദ്രിയസംബന്ധമായ ഉത്തേജകങ്ങളോടുള്ള അമിതമായ പ്രതികരണം അവരുടെ സംവേദനക്ഷമതയും ആവാസ വ്യവസ്ഥയും തമ്മിലുള്ള ഒരു സ ന്തുലിതാവസ്ഥ കൈവരിക്കുവാനുള്ള കഴിവിന്റെ പരാജയമായിട്ടാണ് വരച്ചുകാട്ടുന്നത്. ഇത് കുട്ടിയുടെ ജീവിതത്തിന്റെ പല വശങ്ങളെയും; അതായത് സ്‌കൂളിലെയും വീട്ടിലെയും ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടവയെ പ്രതികൂലമായി തന്നെ ബാധിക്കുന്നു.

പ്രകൃതി കുട്ടികളെ ശാന്തമാക്കുമെന്നു മാത്രമല്ല,
ശ്രദ്ധ പുനഃസ്ഥാപിക്കുന്നതിനും, പഠനത്തെ
പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ആലിംഗനം, സ്പര്‍ശനം, കളി എന്നിവയിലൂടെ
ലഭിക്കുന്ന സ്പര്‍ശന ഉത്തേജനം ആസൂത്രിതമായ
ചലനാത്മകതയുടെ വികാസത്തിന് നിര്‍ണ്ണായകമാണ്.


ടിവിയും വീഡിയോ ഗെയിമും മുഖാന്തരം കുട്ടികളില്‍ എത്തുന്ന അക്രമപരമായ ദൃശ്യങ്ങള്‍ അവരില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ താഴെ പറയുന്നവയാണ്:
♦ അഡ്രിനാലിന്‍ ഹോര്‍മോണ്‍ വര്‍ധിക്കുന്നതോടൊപ്പം തന്നെ മാനസികസമ്മര്‍ദ്ദവും ഉയര്‍ന്നു വരുന്ന അവസ്ഥ.
ഇതിനു കാരണം എന്തെന്ന് വച്ചാല്‍ അവരുടെ മുന്നിലൂടെ പായുന്ന കാഴ്ചകള്‍ യാഥാര്‍ത്ഥമായവ ആണോ അല്ലയോ എന്ന് അവരുടെ മനസ്സിന് തിരിച്ചറിയാന്‍ കഴിയാതെ വരുന്നതു കൊണ്ടാണ്.
♦ സാങ്കേതികവിദ്യ അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ ശരീരമാകമാനം നിരന്തരമായ വിറയല്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
♦ വര്‍ദ്ധിച്ച ശ്വസനവും ഹൃദയ മിടിപ്പും
♦ പൊതുവെ ഈ കുട്ടികള്‍ എപ്പോഴും അസ്വസ്ഥരും അക്ഷമരും ആയിരിക്കും.
നമുക്കറിയാം മുതിര്‍ന്നവരിലെ വിട്ടുമാറാത്ത സമ്മര്‍ദ്ദം രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും പലതരം ഗുരുതരമായ വൈകല്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യുമെന്ന്.

എന്നാല്‍ കുട്ടികളില്‍ എന്തൊക്കെ രോഗങ്ങളും വൈകല്യങ്ങളുമാണ് ഉണ്ടാവുന്നതെന്ന് നോക്കാം.

♦ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക.
♦ Autism (പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന ഒരു അവസ്ഥ).
♦ ഏകോപനം (മാനസികവും ശാരീരികവും) സംബന്ധിച്ച വൈകല്യങ്ങള്‍.
♦ വ്യക്തിത്വവികസനം, ബുദ്ധിപരമായ വികസനം എന്നിവയില്‍ വരുന്ന താമസം.
♦ അസ്പഷ്ടമായ സംസാരം.
♦ പഠന സംബന്ധമായ ബുദ്ധിമുട്ടുകള്‍.
♦ ഇന്ദ്രിയസംബന്ധമായ പ്രക്രിയകളില്‍ വരുന്ന വൈകല്യങ്ങള്‍.
♦ ആശയവിനിമയത്തിനുള്ള പോരായ്മ.
♦ സഹാനുഭൂതി കുറയുകയും അക്രമവാസന വര്‍ദ്ധിക്കുകയും ചെയ്യുന്നു.
♦ ഉത്കണ്ഠ.
♦ വിഷാദരോഗം.
♦ ഉറക്കം സംബന്ധിച്ച തകരാറുകള്‍.
♦ Psychotropic (സ്വഭാവം, മാന സികാവസ്ഥ, ചിന്തകള്‍ എന്നിവയെ ബാധിക്കുന്ന) മരുന്നുകളുടെ ഉപയോഗം.
♦ മുറിക്കുള്ളില്‍ മാത്രമായി കഴിയുന്ന അവസ്ഥ അല്ലെങ്കില്‍ പൂര്‍ണമായും ഉള്‍വലിഞ്ഞ അവസ്ഥ.
♦ സ്പര്‍ശനം ഇല്ലായ്മ ചെയ്യുക അഥവാ മറ്റുള്ളവരുമായി ഇടപഴുകാനോ അവര്‍ തങ്ങളെ സ്പര്‍ശിക്കുന്നതിനോടോ ഉള്ള വൈമുഖ്യം.
♦ അധികമായി അശ്ലീലസാഹിത്യം മാത്രം കാണുക.
♦ അപകടകരമായ പെരുമാറ്റം
ഈ പറഞ്ഞ കാര്യങ്ങള്‍ വളരെ വേഗത്തിലും ഭയപ്പെടുത്തുന്നതുമായ നിരക്കിലാണ് വര്‍ദ്ധിച്ചു വരുന്നത്.
ഇതോടൊപ്പം തന്നെ കുട്ടികളിലെ അമിതവണ്ണം, ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങള്‍, അനാവശ്യ ലൈംഗിക പെരുമാറ്റങ്ങള്‍.
എന്നിവ പതിന്മടങ്ങാണു വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.

കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ആവശ്യമായ നാല് അത്യാവശ്യ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്തുക
കുട്ടികള്‍ എത്രയധികം പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവോ അത്രയധികം അവര്‍ ആരോഗ്യവാന്മാരും സന്തോഷവാന്മാരും ആയിത്തീരും.
2. മനുഷ്യരുമായുള്ള ബന്ധം അല്ലെങ്കില്‍ അടുപ്പം സ്ഥാപിക്കുക
3. ചലനം – അതവരുടെ കായികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവുന്നു.
4. സ്പര്‍ശനം – സ്പര്‍ശനം കുട്ടികളെ കൂടുതല്‍ ആരോഗ്യവാന്മാരാക്കുന്നു. പതിവായുള്ള ആലിംഗനം, കൈകള്‍ ചേര്‍ത്ത് പിടിക്കുക എന്നിവ ചെയ്യുന്നതോടെ കുട്ടികളിലെ സമ്മര്‍ദ്ദം കുറയുകയും അവരുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള ഇന്ദ്രിയ സംബന്ധമായ പ്രക്രിയ കൊണ്ട് ഉണ്ടാവുന്ന ഗുണങ്ങള്‍ ഇനി പറയുന്നവയാണ്:

♠ അംഗവിന്യാസത്തിന്റെ (posture) തികച്ചും സ്വാഭാവികമായ വികാസം.
♠  ഉഭയകക്ഷി ഏകോപനം (Bilateral Coordination)
ശരീരത്തിന്റെ ഇരുവശങ്ങളും ഒരേസമയം ഉപയോഗിക്കാനുള്ള കഴിവാണിത്. നടത്തം, വസ്തുക്കള്‍ മുറിക്കല്‍, പന്തുകള്‍ പിടിക്കല്‍, കളിക്കല്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ജോലികള്‍ ചെയ്യുന്നതിന് നിരവധി ചലനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നമ്മുടെ ശരീരത്തിന്റെ ഇരുവശങ്ങളും ഉപയോഗിക്കേണ്ടതുണ്ട് എന്നത് പ്രധാനമാണ്!
♠  Optimal Arousal ശാരീരിക പ്രകടനം, പഠനം അല്ലെങ്കില്‍ വ്യക്തി ക്ഷേമത്തിന്റെ താല്‍ക്കാലിക വികാരങ്ങള്‍ എന്നിവ പരമാവധി വര്‍ദ്ധിപ്പിക്കുന്ന മാനസിക ഉത്തേ ജനത്തിന്റെ ഒരു തലത്തെ സൂചിപ്പിക്കുന്ന ഒരു മനഃശാസ്ത്രപരമായ നിര്‍മ്മിതിയാണ് ഒപ്റ്റിമല്‍ ഉത്തേജനം.
♠  സ്വയം നിയന്ത്രണം – ഊര്‍ജ്ജനിലകള്‍, വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവ സ്വീകാര്യമായ രീതിയില്‍ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് സ്വയം നിയന്ത്രണം, ഒപ്പം ക്ഷേമം, സ്‌നേഹബന്ധങ്ങള്‍, പഠനം എന്നിവ പോലുള്ള നല്ല ഫലങ്ങള്‍ ഇത് പ്രധാനം ചെയ്യുന്നു.
ആത്യന്തികമായി സ്‌കൂള്‍ പ്രവേശനത്തിന് അടിസ്ഥാന കഴിവുകള്‍ നേടുന്നതിന് ഒരു കുട്ടിക്ക് മേല്പറഞ്ഞവ തീര്‍ത്തും ആവശ്യമാണ്.
പ്രകൃതി കുട്ടികളെ ശാന്തമാക്കുമെന്നു മാത്രമല്ല, ശ്രദ്ധ പുനഃസ്ഥാപിക്കുന്നതിനും, പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ആലിംഗനം, സ്പര്‍ശനം, കളി എന്നിവയിലൂടെ ലഭിക്കുന്ന സ്പര്‍ശന ഉത്തേജനം ആ സൂത്രിതമായ ചലനാത്മകതയുടെ വികാസത്തിന് നിര്‍ണ്ണായകമാണ്.
കൊച്ചുകുട്ടികള്‍ക്ക് അവരുടെ Vestibular, Proprioceptive, Tactile സിസ്റ്റങ്ങളില്‍ മതിയായ സെന്‍സറി ഉത്തേജനം നേടുന്നതിന് 2 മുതല്‍ 3 മണിക്കൂര്‍ വരെ സജീവമായ കളികള്‍ ആവശ്യമാണ്.

എന്താണീ Proprioceptive, Tactile സിസ്റ്റം എന്ന് നോക്കാം:

Proprioceptive (ശരീരത്തിലെ സംയുക്ത സ്ഥാനം ട്രാക്കു ചെയ്യുന്നതിന് പേശികളിലെ സ്‌ട്രെച്ച് റിസപ്റ്ററുകള്‍ ഉപയോഗിച്ച് ബാഹ്യശക്തികളെക്കുറിച്ചുള്ള ഇന്‍കമിംഗ് വിവരങ്ങളോട് ഉടനടി പ്രതികരിക്കുന്നതിന് ശരീരത്തിന് പേശികളുടെ സങ്കോചത്തില്‍ വ്യത്യാസമുണ്ടാകുന്ന പ്രക്രിയയാണ് പ്രോപ്രിയോസെപ്ഷന്‍)
Tactile System (ശരീരത്തില്‍ നിന്നുള്ള ഒന്നിലധികം തരം സംവേദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു – അതായത് നേരിയ സ്പര്‍ശം, വേദന, മര്‍ദ്ദം, താപനില, ജോയിന്റ്, പേശികളുടെ സ്ഥാനം എന്നു തുടങ്ങിയവ).
സ്പര്‍ശനം പാരസിംപതിറ്റിക് സിസ്റ്റത്തെ സജീവമാക്കുകയും അതുവഴി കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, ഉത്കണ്ഠ എന്നിവ കുറ യ്ക്കുകയും ചെയ്യുന്നു.

എലെക്‌ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍

ചിലതരം സാങ്കേതികവിദ്യകളില്‍ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്‌ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ മുതിര്‍ന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും കുട്ടികളില്‍ എലെക്‌ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്റെ ഫലത്തെക്കുറിച്ച് കൃത്യമായ അഭിപ്രായം ഇതുവരെ പറയാറായിട്ടില്ല.
കമ്പ്യൂട്ടറുകള്‍,WiFi, സെല്‍ഫോണുകള്‍, ടെലിവിഷന്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയില്‍ നിന്ന് പുറപ്പെടുവിക്കുന്ന കുറഞ്ഞ ഫ്രീക്വന്‍സി എലെക്‌ട്രോ മാഗ്‌നെറ്റിക് ഫീല്‍ഡുകള്‍ കോശങ്ങളുടെ ഓക്‌സിഡേറ്റീവ് നാശത്തിനും എലികളിലെ കോശങ്ങളുടെ മരണത്തിനും കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

എലെക്‌ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

1. ഉറങ്ങുന്നതിനുള്ള ബുദ്ധിമുട്ട്.
2. തലചുറ്റല്‍.
3. തലവേദന.
4. കൈകളില്‍ തരിപ്പ് അനുഭവപ്പെടുക.
5. ചെവിക്കുള്ളില്‍ മൂളല്‍ കേള്‍ക്കുക.
6. കണ്ണുകളില്‍ വേദന അനുഭവപ്പെടുക.
7. വിശദീകരിക്കാനാവാത്ത ഹൃദയസംബന്ധിയായ അവസ്ഥകള്‍.
8. Electro sensitivity വൈദ്യുത കാന്തികക്ഷേത്രങ്ങള്‍ക്കും വികിരണത്തിനും അലര്‍ജിയുണ്ടെന്നുള്ള ആരോപണത്തെയാണ് ഇലക്‌ട്രോ സെന്‍സിറ്റിവിറ്റി എന്ന് പറയുന്നത്.
9. കുറഞ്ഞതോതിലുള്ള രോഗപ്രതിരോധശേഷി.
10. ADHD (Attention Deficit Hyperactivity Dissorder) കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ന്യൂറോ ഡെവലപ്‌മെന്റല്‍ തകരാറാണ് ADHD. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടാം, കൂടാതെ ഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതെ പ്രവര്‍ത്തിച്ചെന്നും വരാം.
11. ഓട്ടിസം.
12. ഗര്‍ഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിന് അമ്മ മുഖാന്തരം ഏല്ക്കുന്ന എലെക്‌ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ ഭാവിയില്‍ ആസ്ത്മ പോലുള്ള രോഗങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഫോട്ടോ സെന്‍സിറ്റിവിറ്റി ഉള്ള കുട്ടികള്‍ക്ക് വീഡിയോ ഗെയി മുകളോ മറ്റ് "High Speed Visual" സാങ്കേതികവിദ്യകളോ ഉപയോഗിക്കുമ്പോള്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലാണ്. ഓട്ടിസം ഉള്ള കുട്ടികള്‍ പതിവായി നേരിടുന്ന ഒന്നാണ് ഫോട്ടോസെന്‍സിറ്റിവിറ്റി.
കുട്ടികളുടെ വികസനത്തിന്റെ നാഴികക്കല്ലുകള്‍ നിറവേറ്റുന്നതിനുള്ള നിര്‍ണായക ഘടകങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ അതിലും പ്രാധാന്യമര്‍ഹിക്കുന്നതാണ് സാങ്കേതികവിദ്യയുടെ സ്വാധീനം ഇവയില്‍ എപ്രകാരമാണ് പ്രഭാവം സൃഷ്ടിക്കുന്നത് എന്ന് അറിയേണ്ടത്. ആധുനിക പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ അനിവാര്യമാണ്, പക്ഷേ അവ ആസക്തിയുടെ തലത്തിലേക്ക് പോകാതെ നീതിപൂര്‍വ്വം ഉപയോഗിക്കാന്‍ പഠിപ്പിക്കണം. ഈ ഘടകങ്ങളില്‍ സാങ്കേതികവിദ്യയുടെ തുടര്‍ന്നുള്ള സ്വാധീനം, മാതാപിതാക്കളെയും അധ്യാപകരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഈ പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതകള്‍ നന്നായി മനസ്സിലാക്കുന്നതിനും സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനും സഹായിക്കും. കുട്ടിയുടെ ശാരീരികവും ശരീരശാസ്ത്രപരവും പെരുമാറ്റപരവുമായ ആരോഗ്യം മാത്രമല്ല, വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങളെ മനസ്സിലാക്കാനും അവയെ നിലനിര്‍ത്താനുമുള്ള അവരുടെ കഴിവിനെക്കുറിച്ചും സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വിനാശകരമായ ഫലങ്ങള്‍ സമൂഹത്തിനു കാണിച്ചുകൊടുക്കുന്നതിനുമായി നമ്മള്‍ ഒത്തുചേരേണ്ടത് വളരെ പ്രധാനമാണ്.
എപ്പോഴും ഓര്‍മയിലിരിക്കട്ടെ 'സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org