ജീവനു കരുതലേകാന്‍ ക്യാമ്പുകള്‍ വേണം

ജീവനു കരുതലേകാന്‍ ക്യാമ്പുകള്‍ വേണം
Published on
  • ഡോ. സുനില്‍ പി എസ്

തീരദേശവും മലനാടും ഉള്ളതുകൊണ്ട് എല്ലാത്തരത്തിലുമുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്, നമ്മള്‍ അതിനെ അതിജീവിച്ചിട്ടുമുണ്ട്. 2004 ല്‍ തീരപ്രദേശത്തെ ബാധിച്ച സുനാമി ഉണ്ടായി, 2018-ല്‍ പ്രളയം ഉണ്ടായി. അതിനുശേഷം മഴക്കാലങ്ങള്‍ നമ്മെ പേടിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ മലനാടും ഇടനാടും തീരദേശവും സുരക്ഷിതമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതി. മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. 2001-ല്‍ തിരുവനന്തപുരം, അമ്പൂരിയില്‍ നടന്ന മണ്ണിടിച്ചിലാണ് ഏറ്റവും ശ്രദ്ധ നേടിയതും ജീവഹാനി സംഭവിച്ചതുമായ ആദ്യത്തെ ദുരന്തം.

ഇന്ത്യയില്‍ ഏറ്റവുമധികം മണ്ണിടിച്ചില്‍ നടക്കുന്ന രണ്ട് സ്ഥലങ്ങള്‍ ഹിമാലയവും പശ്ചിമഘട്ടവുമാണ്. ഭൗമശാസ്ത്രപരമായി പറഞ്ഞാല്‍ ഹിമാലയം പ്രായം കുറഞ്ഞ ഒരു മലനിരയാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പശ്ചിമഘട്ടം വളരെ പഴക്കമേറിയതാണ്. ഏതാണ്ട് 20 കോടി വര്‍ഷങ്ങളുടെ പഴക്കം പശ്ചിമഘട്ട മലനിരകള്‍ക്കുണ്ട്. ഹിമാലയ പര്‍വതനിരകളുടെ പ്രായം 5 കോടി വര്‍ഷങ്ങളാണ്. ഹിമാലയത്തില്‍ മണ്ണിടിച്ചില്‍ പശ്ചിമഘട്ടത്തേക്കാള്‍ കൂടുതലാണ്. രണ്ടിടങ്ങളിലും ഇതിനു പ്രധാന കാരണമാകുന്ന ആദ്യഘടകം മഴ തന്നെയാണ്. രണ്ടാമത്തേത് ചരിവാണ്. ഹിമാലയത്തില്‍ 45 ഡിഗ്രി മുതല്‍ 60-80 ഡിഗ്രി വരെ ചരിവുണ്ട്. 90 ഡിഗ്രി ചരിവുള്ള, ലംബമായി നില്‍ക്കുന്ന സ്ഥലങ്ങള്‍ പോലും നമുക്ക് അവിടെ കാണാം. അവിടെ കൂടെക്കൂടെ ഭൂചലനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഭൂമി സ്വയം തിരിയുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്നത് കൂടാതെ നാം ഇരിക്കുന്ന പ്രതലം പ്രതിവര്‍ഷം 4-5 സെന്റിമീറ്റര്‍ നിരക്കില്‍ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് നമുക്കറിയാം. ഇതിന്റെ ഫലമായി ഭൂമിയുടെ മുകള്‍ത്തട്ടിലെ രണ്ടു പാളികള്‍ പരസ്പരം കൂട്ടിയിടിക്കുന്നതിന്റെ ഫലമായി ഹിമാലയം ദുര്‍ബലമാകുന്നു. ഹിമാലയത്തിന്റെ ഉയരം പ്രതിവര്‍ഷം രണ്ടു മൂന്നു സെന്റിമീറ്റര്‍ കൂടുന്നതായി കണക്കാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് അവിടെ നടക്കുന്ന ഭൂചലനങ്ങള്‍.

പശ്ചിമഘട്ടത്തിലും ചെറിയ ഭൂചലനങ്ങളൊക്കെ ഉണ്ടാകാറുണ്ട്. അത് നേരത്തെ പറഞ്ഞ കൂട്ടിയിടി മൂലം ഉള്ളതല്ല. ഗുജറാത്തില്‍ നിന്ന് ആരംഭിച്ച്, തെക്കോട്ടേക്ക് നീളുന്ന പശ്ചിമഘട്ടത്തില്‍ ഹിമാലയത്തെ അപേക്ഷിച്ച് ചരിവും കുറവാണ്. ഹിമാലയത്തില്‍ 45 ഡിഗ്രി മുതല്‍ 80 ഡിഗ്രി വരെയൊക്കെയാണ് ചെരിവെങ്കില്‍ പശ്ചിമഘട്ടത്തില്‍ അത് 20 ല്‍ തുടങ്ങി 50 വരെയാണ്. അപൂര്‍വമായി മാത്രം 60 ഡിഗ്രി വരെയും ഉണ്ട്. താരതമ്യേന ചെരിവ് കുറവാണെന്ന് അര്‍ത്ഥം.

ജപ്പാനിലേതു പോലെ ഒരു ഭൂകമ്പം വേറെ എവിടെയെങ്കിലും നടന്നാല്‍ ഒന്നോ രണ്ടോ ലക്ഷം ആളുകള്‍ മരിച്ചെന്നിരിക്കും. ഭൂകമ്പം ഇല്ലാതാക്കുകയല്ല ജപ്പാന്‍ ചെയ്തിട്ടുള്ളത്. ജീവഹാനി വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ്. ഉരുള്‍പൊട്ടലുകള്‍ക്കെതിരെ നമുക്കും അതു ചെയ്യാന്‍ സാധിക്കും.

അടുത്തത് മഴയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇവിടെയുണ്ടല്ലോ. മഴയുടെ തീവ്രത കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മാറിമാറി വരുന്നു. അഞ്ചു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒന്നോ രണ്ടോ ദിവസം കൊണ്ട് കിട്ടുന്നതാണ് ഒരു പ്രധാന കാരണം എന്ന് എല്ലാവര്‍ക്കുമറിയാം. നമുക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, കുടിച്ചുതീര്‍ക്കാന്‍ നിശ്ചിതസമയമെടുക്കും. ഒരു ഗ്ലാസ് വെള്ളം ഒന്നിച്ച് വായിലേക്ക് ഒഴിച്ചാല്‍ ഉള്ളിലേക്കിറക്കാനാകാതെ പുറത്തേക്ക് തെറിക്കും. ഇതുതന്നെയാണ് അഞ്ചുദിവസത്തെ മഴ ഒരു ദിവസം കൊണ്ട് പെയ്യുമ്പോള്‍ ഭൂമിയിലും സംഭവിക്കുന്നത്.

ഗുജറാത്ത് മുതല്‍ ഇങ്ങോട്ടുള്ള പശ്ചിമഘട്ടത്തില്‍ പലേടത്തും മണ്ണിടിച്ചിലുകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ കേരളത്തിലെ മണ്ണിടിച്ചില്‍ വലിയ ദുരന്തമായി മാറുന്നു. എന്തുകൊണ്ട്? ഒരു മണ്ണിടിച്ചില്‍ ദുരന്തമായി മാറുന്നത് അതിനോട് ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളുടെ അടിസ്ഥാനത്തിലാണ്. ട്രെയിനില്‍ പോകുമ്പോള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒക്കെ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള സ്ഥലങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. പക്ഷേ അവിടെയൊന്നും ആള്‍താമസം ഉണ്ടായിരിക്കുകയില്ല. ട്രെയിന്‍ കേരളത്തിലേക്ക് കടന്നാല്‍ ആള്‍താമസം ഇല്ലാതെ കിടക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ സാധിക്കുകയേയില്ല. തീരപ്രദേശവും മലയോരപ്രദേശവുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഇതര സംസ്ഥാനങ്ങളില്‍ ആളുകള്‍ ഓരോ പ്രദേശങ്ങളില്‍ കൂട്ടമായി താമസിക്കുകയും മറ്റിടങ്ങള്‍ ഒഴിഞ്ഞു കിടക്കുകയുമാകും പതിവ്. ഉദാഹരണത്തിന് മഹാരാഷ്ട്ര എടുക്കുക. ഒരു ഗ്രാമത്തില്‍ ജനങ്ങള്‍ കൂട്ടമായി താമസിക്കുന്നു. അതുകഴിഞ്ഞ് അടുത്ത ഗ്രാമത്തില്‍ എത്താന്‍ ചിലപ്പോള്‍ 30-40 കിലോമീറ്റര്‍ വേണ്ടിവരും. ഈ ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ നമ്മുടെ ഗ്രാമങ്ങളേക്കാള്‍ കുറവായിരിക്കും. പക്ഷേ പൊതുവേ, പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് അവ സുരക്ഷിതമായിരിക്കും. ആള്‍താമസമില്ലാതെ കിടക്കുന്ന സ്ഥലങ്ങളിലെ മണ്ണിടിച്ചില്‍ ദുരന്തമാകുന്നില്ല.

മുണ്ടക്കൈ സമുദ്രനിരപ്പില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തിലാണ്. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലമാകട്ടെ സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്ററോളം ഉയരത്തിലും. അതായത് മുണ്ടക്കൈയുമായി ഏകദേശം ഒരു കിലോമീറ്റര്‍ ഉയര വ്യത്യാസമുണ്ട്. ചരിവ് കൂടുതലാണെന്നര്‍ത്ഥം.

40 വര്‍ഷം മുമ്പ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും 17 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ആ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് തൊട്ടരികില്‍ തന്നെയാണ് ഇപ്രാവശ്യവും ഉണ്ടായിട്ടുള്ളത്. ഇത്രയധികം മണ്ണ് കുത്തിയൊലിച്ച് വരാന്‍ ഇടയാക്കിയ ഒരു കാരണം ആ പഴയ ഉരുള്‍പൊട്ടലിന്റെ ബാക്കിപത്രമാണ്. ഇളകാന്‍ വേണ്ടി കാത്തിരുന്ന മണ്ണില്‍ തട്ടിക്കൊടുത്ത ഒരു പ്രതീതിയാണ് ഇപ്രാവശ്യം ഉണ്ടായത്.

മുണ്ടക്കൈയില്‍ രണ്ടു പൊട്ടലുണ്ടായി എന്നാണല്ലോ പ്രദേശവാസികള്‍ പറഞ്ഞത്. ആദ്യത്തെ പൊട്ടലില്‍ ഒരു അണക്കെട്ടിന്റെ പ്രതീതി സൃഷ്ടിക്കപ്പെടുകയും അവിടെ കെട്ടിനിന്ന വെള്ളമടക്കം രണ്ടാമത്തെ പൊട്ടലില്‍ കൂടുതല്‍ ശക്തിയായി ഒഴുകുകയുമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലിനുമുമ്പ് വിദഗ്ധരായ ആളുകള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കില്‍ പോലും, ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആ പുഴയിലൂടെ ഒഴുകിപ്പോവുകയേയുള്ളൂ എന്ന് വിലയിരുത്താനാണ് സാധ്യത. സ്ഥലം കണ്ടാല്‍ അങ്ങനെയേ തോന്നുമായിരുന്നുള്ളൂ. പക്ഷേ, രണ്ടാമത്തെ പൊട്ടല്‍ കണക്കുകള്‍ തെറ്റിച്ചു. അണപൊട്ടിയതുപോലെ വന്ന വെള്ളം പുഴയ്ക്കു പകരം, ഒരിക്കലും വിചാരിക്കാത്ത ഭാഗത്തിലൂടെ ഒഴുകിയാണ് ഇത്രയും നാശം ഉണ്ടായത്.

ഇങ്ങനെയുളള കാരണങ്ങളെല്ലാം നാം സാമാന്യമായി മനസ്സിലാക്കിക്കഴിഞ്ഞു. ഇനി പരിഹാരമാണ് വേണ്ടത്. നമ്മള്‍ വിദ്യാഭ്യാസമുള്ള ജനതയാണ്. പറയുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകും. മഴ മാപിനികളും റഡാറുകളും സ്ഥാപിക്കുന്നതിനെക്കുറിച്ചു പലരും പറയുന്നുണ്ട്. അതൊക്കെ ആവശ്യവുമാണ്. പക്ഷേ, അത്തരം പദ്ധതികളൊക്കെ നടപ്പായി വരാന്‍ ചിലപ്പോള്‍ നാലോ അഞ്ചോ വര്‍ഷം എടുക്കും. പക്ഷേ, കാലവര്‍ഷം എല്ലാ കൊല്ലവും വന്നുകൊണ്ടിരിക്കും. അതിനെ നേരിടാനുള്ള മുന്‍കരുതലുകള്‍ അടിയന്തിരമായി സ്വീകരിച്ചേ പറ്റൂ.

ജപ്പാനില്‍ പോയാല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നത് മുതലേ ഭൂചലനം നേരിടാനുള്ള വഴികള്‍ അവര്‍ നമ്മെ പരിശീലിപ്പിച്ചു കൊണ്ടിരിക്കും. വിമാനത്തില്‍ കയറിയാല്‍ ലൈഫ് ജാക്കറ്റ് ഇടുന്നതും മറ്റുമായ കാര്യങ്ങള്‍ തുടക്കത്തില്‍ കാണിച്ചുതരുമല്ലോ. പലരും അത് ശ്രദ്ധിക്കാറില്ല. ഒരുപക്ഷേ ആവശ്യം വരുമ്പോഴായിരിക്കും അതൊക്കെ ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നുക. കുട്ടനാട്ടിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം നേരത്തെ മുതല്‍ ഉണ്ടാകാറുള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്ക് താമസിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പുകളും റെഡിയാണ്. മഴ വരുമ്പോള്‍ അവിടെ പോയി താമസിക്കാന്‍ ആളുകള്‍ക്കും മടിയില്ല. നമുക്ക് ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുകയാണ് അടിയന്തിരമായ ആവശ്യം. ക്യാമ്പുകളില്‍ സൗകര്യങ്ങളും വേണം. കാരണം സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ മലയാളി സ്വന്തം വീട്ടില്‍ തന്നെ നിന്നു കളയാം എന്ന് വിചാരിക്കും. മഴക്കാലം കഴിയുമ്പോള്‍ കണ്‍വെന്‍ഷന്‍ സെന്ററായോ മറ്റോ ഈ ക്യാമ്പുകള്‍ ഉപയോഗിക്കുകയും ചെയ്യാം. മഴ ശക്തമാകുമ്പോള്‍ മുന്നറിയിപ്പു കൊടുത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്കു മാറി താമസിക്കുകയാണെങ്കില്‍ ജീവഹാനി കുറയ്ക്കാന്‍ സാധിക്കും. ദുരന്തം ഉണ്ടായതിനുശേഷം ചര്‍ച്ചകളും പുനരധിവാസ പാക്കേജുകളും വരുന്നതുകൊണ്ട് മാത്രം കാര്യമില്ല. ജീവന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിജീവനവും സാധ്യമാകും. ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗമാണ് നാം ആദ്യം തേടേണ്ടത്.

ജപ്പാനിലേതു പോലെ ഒരു ഭൂകമ്പം വേറെ എവിടെയെങ്കിലും നടന്നാല്‍ ഒന്നോ രണ്ടോ ലക്ഷം ആളുകള്‍ മരിച്ചെന്നിരിക്കും. ഭൂകമ്പം ഇല്ലാതാക്കുകയല്ല ജപ്പാന്‍ ചെയ്തിട്ടുള്ളത്. ജീവഹാനി വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ്. ഉരുള്‍പൊട്ടലുകള്‍ക്കെതിരെ നമുക്കും അതു ചെയ്യാന്‍ സാധിക്കും.

  • (കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ജിയോളജി & ജിയോഫിസിക്‌സ് വകുപ്പുമേധാവിയും ഭൗമശാസ്ത്രജ്ഞനുമായ ഡോ. സുനില്‍ പി എസ്, വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ന്യൂമാന്‍ അസോസിയേഷന്‍ കൊച്ചി ല്യൂമെനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org