കൊറോണ: നിസ്സംഗതയില്‍ നിന്ന് പ്രത്യാശയിലേക്ക്

കൊറോണ: നിസ്സംഗതയില്‍ നിന്ന് പ്രത്യാശയിലേക്ക്


റവ. ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍

ഇറ്റാലിയന്‍ ഭാഷയിലെ ഏറ്റവും പ്രസിദ്ധനായ എഴുത്തുകാരനും ഇറ്റാലിയന്‍ സാഹിത്യത്തിന്‍റെ പിതാവുമായ ഡാന്‍റെയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് 'ഡിവൈന്‍ കോമഡി.' നരകത്തില്‍ നിന്ന് ബെസ്പുര്‍ക്കാനയിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് റോമന്‍ കവിയായ വെര്‍ജിലിനും തന്‍റെ പ്രേമഭാജനം ആയ ബെയാത്റിച്ചെക്കുമൊപ്പം സഞ്ചരിക്കുന്ന ഡാന്‍റെയെ ആണ് നാം ഈ കൃതിയില്‍ പരിചയപ്പെടുന്നത്. ഈ കൃതിയില്‍ നരകകവാടത്തിനു മുകളില്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെയാണ്: lasciate ogni speranza (abandon all hope/എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ചേക്കുക). ആര്‍ക്കും പ്രാപ്യമല്ലാത്ത വിധം വിലയേറിയ വസ്തുവായി പ്രതീക്ഷ മാറുകയാണോ? പ്രതീക്ഷ പുലര്‍ത്താന്‍ പറ്റാത്ത വണ്ണം സമ്പന്നരല്ലാത്തവരുടെ എണ്ണം ക്രമാതീതമായി നമുക്കുചുറ്റും വര്‍ദ്ധിച്ചുവരുന്ന കാലമാണ് ഈ കൊറോണക്കാലം. ഏറ്റവും ആനന്ദദായകമായ ആ വസന്ത (spring season) കാലത്ത് യൂറോ പ്പിനെ വസന്ത (epidemic) ബാധി ച്ചിരിക്കുന്നു. എങ്കിലും പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ടോ എന്ന ചോദ്യത്തിനാണ് ഞാന്‍ ഇവിടെ മുതിരുന്നത്.

ചൈനയില്‍നിന്നും ആരംഭിച്ച് ലോകം മുഴുവന്‍ അതിവേഗം പടരുന്ന കൊറോണ വൈറസ് ലോകത്തെയാകെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുന്നു. മനുഷ്യനിര്‍മ്മിതമായ അതിരുകളെ അതിലംഘിച്ചുകൊണ്ട് ആഗോള പാസ്പോര്‍ട്ടുമായി താണ്ഡവമാടുന്ന ഈ വൈറസ് തകര്‍ത്തെറിഞ്ഞ അനേകായിരം ജീവിതങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ദൈവാശ്രയ ബോധം കൈവിടാതെ നമുക്ക് പരിശ്രമിക്കാം. വലിയ പ്രതിസന്ധികളുടെ ഘട്ടത്തിലാണ് മാനവരാശി അനിതരണസാധാരണമായ ഒത്തൊരുമയും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തേതുപോലെ രാജ്യാന്തര യാത്രകള്‍ സാധ്യമല്ലാതിരിക്കുകയും അതിവിസ്തൃതമായ രാജ്യങ്ങള്‍ താരതമ്യേന കുറവായിരിക്കുകയും ചെയ്തിരുന്ന പതിനാലാം നൂറ്റാണ്ടിലാണ് യൂറോപ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിനെ നശിപ്പിച്ച ബ്യൂബോണിക് പ്ലേഗ് കനത്ത നാശം വിതച്ചത്. ഈ പ്രതിസന്ധിയേയും നാം അതിജീവിക്കുകതന്നെ ചെയ്യും. പ്രത്യാശ കൈവിടാതിരിക്കുകയെന്നതാണ് ഈ അവസരത്തിലെ ഏക അതിജീവനമന്ത്രം.

19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ യൂറോപ്പില്‍ ആരംഭിച്ച ദേശീയതയും അതിനുശേഷം സാമ്രാജ്യത്വവും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഫാസിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുതലാളിത്ത, കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഈ ലോകത്തില്‍ പിടിമുറുക്കിയിരുന്നു. 1980 കളുടെ അവസാനത്തോടെ ആഗോളതലത്തില്‍ കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയാരംഭിച്ചപ്പോള്‍ മുതലാളിത്തവും തുറന്ന വിപണിയും മാനവികതയുമാണ് ആഗോളമൂല്യങ്ങള്‍ എന്ന് ജനം വിശ്വസിച്ചു. എന്നാല്‍ ഈ മൂല്യങ്ങളും ഇന്ന് അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്. മാനവികതയേയും ജനാധിപത്യത്തേയും തുറന്ന മാര്‍ക്കറ്റിനേയും ആഗോളവല്‍ക്കരിക്കാന്‍ എന്ന പേരില്‍ ലോകമെമ്പാടും കഴിഞ്ഞ 30 വര്‍ഷങ്ങളിലായി ധാരാളം യുദ്ധങ്ങളും അധിനിവേശങ്ങളും നടന്നുവെന്ന കാര്യം വിസ്മരിക്കാനാകില്ല.

ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. മാനവികതയെന്നത് എല്ലാ സമൂഹങ്ങളിലും ഒരുപോലെയല്ല അനുഭവവേദ്യമാകുന്നത്. മാനവികതയെ വ്യക്തിഗത മാനവികത (Liberal Humanism), സാമൂഹ്യ മാനവികത (Social Humanism), പരിണാമാത്മക മാനവികത (Evolutionary Humanism) എന്നിങ്ങനെ പൊതുവെ മൂന്നായിട്ടാണ് തരം തിരിക്കാറുള്ളത്. വ്യക്തിയുടെ സ്വാതന്ത്ര്യം പരമപ്രധാനവും അലംഘനീയവുമായി പരിഗണിക്കുന്ന യൂറോപ്യന്‍, അമേരിക്കന്‍ സമൂഹങ്ങളില്‍ കാണപ്പെടുന്നത് വ്യക്തിഗത മാനവികതയാണ്. എന്നാല്‍ സമൂഹത്തെ പരമപ്രധാനമായി കാണുകയും സമൂഹത്തിന്‍റെ നന്മ അലംഘനീയമായ മൂല്യമായി പരിഗണിക്കുകയും ചെയ്യുന്ന സാമൂഹ്യ മാനവികത സോഷ്യലിസ്റ്റ് സമൂഹങ്ങളില്‍ നിലനില്‍ക്കുന്നു. പരിണാമാത്മകമായ മാനവരാശിയുടെ ശോഭനമായ ജൈവീക ഭാവിയെ പരമപ്രധാനമായി കാണുന്ന മാനവികതയാണ് പരിണാമാത്മക മാനവികത. ദാര്‍ശനികലോകത്തും ശാസ്ത്രലോകത്തുമാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.

വ്യക്തിഗത മാനവികതയെ വിഗ്രഹതുല്യമായി പ്രതിഷ്ഠിച്ചതിന്‍റെ പ്രതിഫലനം ഈ കൊറോണ വ്യാപനത്തില്‍ കാണാനാകും എന്നത് ദുഃഖത്തോടെ പറയട്ടെ; ഇറ്റലിയില്‍ പ്രത്യേകിച്ചും. ഇറ്റലിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ നിക്കോള സിംഗരെത്തി കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൊറോണ വ്യാപനത്തിന്‍റെ കേന്ദ്രമായ ലൊംബാര്‍ദിയ പ്രവിശ്യയിലെ മിലാനിന്‍ കൊട്ടുംകുരവയുമായി പോകുകയും സാമൂഹിക ആഘോഷങ്ങളില്‍ പങ്കെടുക്കുകയും വൈറസ് ബാധിതനാകുകയും ചെയ്ത കാര്യം ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വൈറസ് വ്യാപനത്തിന്‍റെ ഗൗരവം ഗൗനിക്കാതെയും തന്‍റെ സന്ദര്‍ശനം പൊതുസമൂഹത്തിന് നല്‍കിയേക്കാവുന്ന ദുര്‍മാതൃക കണക്കിലെടുക്കാതെയും സിംഗരെത്തി എടുത്ത ഈ നിരുത്തരവാദപരമായ സമീപനം സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്ന് വ്യക്തിഗത സ്വാതന്ത്ര്യം ആഘോഷിക്കാന്‍ വളരെയേറെ ചെറുപ്പക്കാര്‍ക്ക് പ്രേരണയായി. "ഇത് കിഴവന്മാരെ ബാധിക്കുന്ന രോഗമാണ്. ഞങ്ങള്‍ക്കൊന്നും സംഭവിക്കാനില്ല" എന്ന മട്ടില്‍ ഈ അടുത്ത നാളുകളില്‍വരെ "കൊറോണ പാര്‍ട്ടികള്‍" നടത്തിയ യൂറോപ്യന്‍ യുവ തലമുറ ഈ രോഗത്തിന്‍റെ വ്യാപനത്തിന് വലിയതോതില്‍ കാരണമായിട്ടുണ്ട്. സാമൂഹ്യ മാനവികത വ്യക്തിഗത മാനവികതയെ മറികടക്കുന്ന സാഹചര്യങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നതില്‍ ഒരു സമൂഹം പരാജയപ്പെട്ടപ്പോഴാണ് ദുരന്തം യുഗാന്ത്യാനുപാതത്തില്‍ വിരുന്നുവന്നത്. ഇത് നമുക്കും ഒരു പാഠമാകണം. ദുരന്തം ക്ഷണിച്ചുവരുത്തിയിട്ട് വിലപിക്കുന്നതിനേക്കാള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ അതിനെ തടയാന്‍ സര്‍ക്കാരിനോട് നമുക്ക് സര്‍വ്വാത്മന പങ്കുചേരാം. ക്വാറന്‍റൈന്‍ ലംഘിച്ച് നിരുത്തരവാദപരമായി ആളുകള്‍ പെരുമാറിയതിന്‍റെ ദൃഷ്ടാന്തം സാക്ഷരകേരളത്തില്‍ ഉണ്ട് എന്ന ലജ്ജാകരമായ സത്യം മറക്കാതിരിക്കാം. വ്യക്തിഗതമായ കൊച്ചു കൊച്ചു സന്തോഷങ്ങളെ സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി ത്യജിക്കാന്‍ നമുക്ക് കഴിയട്ടെ.

മാര്‍പ്പാപ്പയായി ചുമതലയേറ്റ കാലം മുതല്‍ ഫ്രാന്‍സിസ് പാപ്പ പലപ്പോഴും ഓര്‍മിപ്പിക്കുന്ന സംഗതിയാണ് നിസംഗതയുടെ ആഗോളവല്‍ക്കരണം. സഹജീവികളോടും ഭാവിതലമുറകളോടും പ്രകൃതിയോടും മമതയില്ലാത്ത മനോഭാവത്തെയാണ് മാര്‍പ്പാപ്പ ഇതിലൂടെ വിവക്ഷിക്കുന്നത്. കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ ആഗോളവല്‍കൃത നിസംഗതയ്ക്കും പങ്കുണ്ടെന്ന് നിസംശയം പറയാം. ഈ മഹാമാരിയെ ചെറുക്കാന്‍ നിസംഗതയുടെ ആഗോളവല്‍ക്കരണത്തില്‍നിന്നും പ്രത്യാശയുടെ ആഗോളവല്‍ക്കരണത്തിലേക്ക് നാം ചുവടുമാറിയേ പറ്റൂ.

ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹജീവിയായ മനുഷ്യന്‍റെ അസ്തിത്വം പൂര്‍ണ്ണമാകുന്നത് സൃഷ്ടാവായ ദൈവത്തിലേക്കും സമൂഹത്തിലേക്കും ഉള്‍ചേരുമ്പോഴാണ്. ദൈവവും സമൂഹവുമായുള്ള ബന്ധമാണ് തന്മൂലം പ്രത്യാശയുടെ ഉറവിടമായി പ്രവര്‍ത്തിക്കുന്നത്. ദൈവത്തില്‍നിന്നും സമൂഹത്തില്‍നിന്നും വേറിട്ടുനിന്നുകൊണ്ട് മനുഷ്യന്‍ പ്രഘോഷിക്കുന്ന മാനവികത പൊള്ളയായി മാറാന്‍ കാരണമിതാണ്. പ്രസിദ്ധ ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ ഹെന്‍ട്രിദ് ലുബാക് ക്രിസ്തീയ മാനവികതയെ പരിവര്‍ത്തിത മാനവികത (Converted Humanism) എന്നു വിളിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്. സഹജീവിയുടെ നാശത്തില്‍ ഉള്ളലിയാനും അത് തന്‍റെ നഷ്ടമായി കരുതാനും ഇത്തരം പരിവര്‍ത്തിത മാനവികത കൂടിയേതീരൂ. വ്യക്തിയെന്ന നിലയില്‍ തന്‍റെ അനിവാര്യമായ മരണത്തെ മുന്നില്‍കാണുമ്പോഴും ദൈവത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത ഉള്‍ക്കൊള്ളുന്നിടത്താണ് പ്രത്യാശ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. പ്രത്യാശ എന്നത് ഒരു സാമൂഹികപുണ്യം കൂടിയാണ്. പ്രാര്‍ത്ഥനയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അര്‍ത്ഥവത്തായി നിര്‍വ്വഹിക്കാന്‍ അത് നമ്മെ സഹായിക്കും. അതിനാല്‍ ഈ അവസരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രത്യാശയോടെയും നമുക്ക് വ്യാപരിക്കാം.

സ്വന്തം രക്ഷയില്‍ ആത്മഹര്‍ഷം കൊള്ളുന്ന പോലെ സമൂഹ ജീവിയായ മനുഷ്യന്‍ മനുഷ്യസമൂഹത്തിന്‍റെ പൊതു വിമോചനത്തിലും ഹര്‍ഷപുളകിതനാകണം. അതിനുവേണ്ടി സ്വാര്‍ത്ഥതയുടെ പുറംതോട് പൊട്ടിച്ചുകൊണ്ട് വീടിനു പുറത്തേക്ക്/ സഹോദരനിലേക്ക് ഒരു പുറപ്പാട് യാത്ര അവന്‍ നടത്തണം. സാമൂഹ്യ വി മോചനവും ആത്മരക്ഷയും സമൂഹജീവിയായ മനുഷ്യന് ഒരുപോലെ ആയിരിക്കണം എന്ന് ഓര്‍മ്മി പ്പിച്ചു കൊണ്ട് Henri de Lubac പറയുന്നു: "Exodus and ecstasy are governed by the same law." (ആത്മനിര്‍വൃതിയും സഹജീവികളിലേക്കുള്ള പുറപ്പാടും ഒരേ ചരടില്‍ കോര്‍ത്തിരിക്കുന്നു.) സഭ ഒരു പുറപ്പാട് സഭ (Exodus Church) യാണെന്ന് ജര്‍മന്‍ ദൈവ ശാസ്ത്രജ്ഞനായ Juergen Moltmann തന്‍റെ "പ്രത്യാശയുടെ ദൈവശാസ്ത്രം" എന്ന പുസ്തകത്തില്‍ പറയുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

പരിവര്‍ത്തിത മാനവികത ഏറെക്കുറെ നഷ്ടപ്പെട്ട ഒരു സാഹചര്യം വികസിത സമൂഹങ്ങളില്‍ നിലനില്‍ക്കുന്നു. 1994-ല്‍ ഗ്രേസ് ഡേവി എന്ന എഴുത്തുകാരി പ്രസിദ്ധീകരിച്ച "ബ്രിട്ടനിലെ മതം" എന്ന ഗ്രന്ഥത്തിലെ പ്രസിദ്ധമായ പ്രയോഗമാണ് "Believing but not belonging" വ്യവസ്ഥാപിത മതങ്ങളിലൊന്നും അംഗമാകാതെതന്നെ ആ മതങ്ങള്‍ (പ്രത്യേകിച്ച് ക്രിസ്തുമതം) മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക വിശ്വാസസംഹിതകളെ പൂര്‍ണ്ണമായോ ഭാഗികമായോ ജീവിതവീക്ഷണമായി സ്വീകരിക്കുന്നവരുടെ നിലപാടുകളാണ് ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നത്. Spritual but not relegious (SBNR) എന്ന മുന്നേറ്റം ഇന്ന് ലോകവ്യാപകമായതിന് പിന്നില്‍ ഇത്തരം നിലപാടുകളാണ്. വിശ്വാസം വ്യക്തിപരമായി പുലര്‍ത്താനാകില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അത് പ്രത്യാശ, ഉപവി എന്നീ പുണ്യങ്ങളോട് ഉള്‍ച്ചേര്‍ന്ന് അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ദൈവത്തോടും സമൂഹത്തോടും ബന്ധപ്പെട്ട് തന്‍റെ വ്യക്തിത്വത്തെ ഒരാള്‍ പൂര്‍ണ്ണമാക്കുമ്പോഴാണ്. നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി ഒരു സമൂഹമെന്ന നിലയില്‍ വളര്‍ത്തിയെടുത്ത മതാത്മകതയും പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും അര്‍ത്ഥം കൈവരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ സത്യം മറക്കാതെ പ്രത്യാശാപൂര്‍വ്വം നമുക്ക് വ്യാപരിക്കാം. ലോകം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ അതിജീവനത്തിന്‍റെ 'ഇന്ത്യന്‍ മോഡലും', 'കേരള മോഡലും' ലോകത്തെ കാണിച്ചുകൊടുക്കാനുള്ള ഒരു അസുലാഭവസരമായി ഇതിനെ കാണുക. മരണനിരക്ക് പരമാവധി കുറക്കാനായി നമ്മുടെ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നടത്തുന്ന ശ്ലാഘനീയമായ ഇടപെടലുകളോട് സര്‍വ്വാത്മനാ സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് കുറ്റപ്പെടുത്തലുകളോടെയോ പഴിചാരലുകളുടെയോ സന്ദര്‍ഭമല്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 10-ാം തീയതി മത്തിയാ ഫെരാരേസി എന്ന മാധ്യമപ്രവര്‍ത്തകന്‍ 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കൊറോണക്കാലത്ത് ദൈവം എവിടെയാണ് ക്വാറന്‍റൈനില്‍ വസിക്കുന്നതെന്ന് ഹാസ്യാത്മകമായി ചോദിക്കുന്നുണ്ട്. മനുഷ്യന്‍റെ ദുഃഖത്തില്‍ പങ്കുചേരാതെ ക്വാറന്‍റൈനില്‍ ഒളിക്കുന്ന ഒരു ദൈവമല്ല മനുഷ്യാവതാരം പൂണ്ട ദൈവമെന്ന് ഉറച്ചുവിശ്വാസിച്ചുകൊണ്ടും പ്രത്യാശ കൈ വിടാതെയും നമുക്ക് ഇതിനെ അതിജീവിക്കാം.

soorajgeorge@hotmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org