നിയമങ്ങള്‍! ജീവന്‍റെ കാവലാകുക

നിയമങ്ങള്‍! ജീവന്‍റെ കാവലാകുക

അഡ്വ. തോമസ് തണ്ണിപ്പാറ

2017 ജനുവരി 17. ഇന്ത്യയിലെ മിക്ക ദേശീയ പ്രാദേശിക പത്രങ്ങളിലെയും പ്രധാന വര്‍ത്തയായിരുന്നു 6 മാസം പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി. 22 വയസുള്ള മുംബൈ സ്വദേശിനിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിധിയാണ് ടി വര്‍ത്തയുടെ ആധാരം. മനുഷ്യജീവനെ സ്നേഹിക്കുന്ന ആദരിക്കുന്ന ഏതൊരു വ്യക്തിക്കും ആശങ്കയും വേദനയും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. ഒരു രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ് ന്യായമല്ലേയെന്ന് സ്വാഭാവിക ചോദ്യം വാര്‍ത്ത വായിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടാകും. ഇപ്പോള്‍ ഈ അനുമതി ഹര്‍ജിക്കാരി നടപ്പാക്കി ഗര്‍ഭസ്ഥ ശിശു മരണത്തിന് വിധേയപ്പെട്ടിട്ടുണ്ടാകും. ശക്തമായ ഒരു പ്രതിഷേധവും ഒരു മേഖലയില്‍ നിന്നും ഉണ്ടായിട്ടില്ല.
ബഹു. കോടതിയില്‍ ഹര്‍ജിക്കാരിയുടെ സ്വന്തം കുഞ്ഞിനെ ആരോഗ്യകാരണങ്ങളാല്‍ ഭ്രൂണഹത്യയ്ക്ക് വിധേയമാക്കണം എന്നുള്ള ഹര്‍ജിയില്‍ രണ്ട് എതിര്‍കക്ഷികള്‍ ആണ് ഉള്ളത്. ഒന്നാമതായി ജനിക്കുവാന്‍ പോകുന്ന കുഞ്ഞ്, പിന്നീട്څസ്റ്റേറ്റ്. ഏറ്റവും കൂടുതല്‍ വിധി ആഘാതം ഏല്‍പിക്കുന്ന കുഞ്ഞിനുവേണ്ടി കോടതിയില്‍ ആരും ഹാജരാകുന്നില്ല. സ്റ്റേറ്റിനുവേണ്ടി ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ തന്‍റെ ജോലി ചെയ്യുന്നു. ഹര്‍ജിക്കാരി സ്വഭാവികമായും തന്‍റെ ഭാഗം വീറോടെ വാദിക്കുവാന്‍ വിലകൂടിയ അഭിഭാഷകരെ നിയമിക്കുന്നു.
ഉദരത്തിലുള്ള തന്‍റെ കുഞ്ഞിനെ വേണ്ട എന്നുള്ള അമ്മയുടെ തര്‍ക്കം വിജയിക്കുകയും കുഞ്ഞിന് കൊലകയര്‍ വീഴുകയും ചെയ്യുന്നു. ഇവിടെ നാം കാണേണ്ടത് മനുഷ്യജീവന്‍റെ മൂല്യം അപ്രസക്തമാക്കുന്ന ഒരു നടപടിയാണ്.
കാര്യത്തിന്‍റെ പൂര്‍ണ്ണമായ ഗൗരവം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്റ്റേറ്റിന് വേണ്ടി ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ എത്രമാത്രം ഗൗരവം ഈ കാര്യത്തില്‍ കൊടുത്തു എന്നോ അദ്ദേഹം നേരിട്ട് ഹാജരായോ എന്നോ ഏതുവിധം സത്യവാങ്മൂലമാണ് കോടതിയില്‍ കൊടുത്തതെന്നോ ഉള്ള കാര്യങ്ങള്‍ ആശ്രയിച്ചാണ് കോടതി ഹര്‍ജി തീര്‍പ്പാക്കുന്നത്. പൊതുവെ സര്‍ക്കാര്‍ കേസുകളില്‍ കോടതിയില്‍ ഉണ്ടാകുന്ന നിസംഗത ഈ കേസിനേയും ബാധിച്ചിരിക്കും. അപ്രകാരമൊരു സാഹചര്യത്തില്‍ ഒരു എക്സ്പാര്‍ട്ടി വിധിക്ക് സമാനമായ ഏകപക്ഷീയ വിധിയാണ് നാം പത്രത്തില്‍ വായിച്ചത്. പക്ഷേ കോടതി വിധി അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാണ്. ഈ കേസിന്‍റെ വേളയില്‍ ഈ കേസില്‍ കക്ഷിചേരാനോ കാര്യത്തിന്‍റെ ഗൗരവം കോടതിയെ അറിയിക്കാനോ ജീവനുവേണ്ടി നിലകൊള്ളുന്ന സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഒരു അവസരവും ലഭിക്കുന്നില്ല. ഒതുക്കത്തില്‍ വാങ്ങുന്ന ഇപ്രകാരമുള്ള വിധിമൂലം ഉണ്ടാകാവുന്ന പരിണിത ഫലം വിവരണാതീതമാണ്. ഈ വിധിയുടെ ചുവടുപിടിച്ച് 6 മാസകാലയളവില്‍ ഭ്രൂണഹത്യ നടത്തുന്നതിലേക്കായി അനേകര്‍ മുറവിളി ഉയര്‍ത്തുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. ജീവന് സംരക്ഷണം നല്‍കേണ്ട നിയമങ്ങളും നീതിപീഠവും അതിന്‍റെ അന്തകരാകുന്ന അവസ്ഥയാണ് നാം കാണുന്നത്.
പ്രധാനമായും രണ്ടു തത്ത്വശാസ്ത്രവ്യതിചലനങ്ങളാണ് നീതിന്യായവ്യവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ധാര്‍മികതയെ നിയമത്തില്‍ നിന്നും മാറ്റിക്കൊണ്ടും വ്യക്തിപരമായ (indivitual rights)  മുന്‍ഗണന കൊടുത്തുകൊണ്ടുമുള്ള നീക്കം മാനവികതയുടെ അടിത്തറ ഇളക്കുന്നതാണ്. ഒരു നിയമത്തെ സാധ്യമാക്കുന്നത് ധാര്‍മികതയാണ് (morality makes law possible)  എന്നാല്‍ ഇന്ന് ഈ ധാര്‍മികത ബോധപൂര്‍വ്വം നിയമങ്ങളില്‍ നിന്നും മാറ്റപ്പെടുകയാണ്. അതുകൊണ്ടാണ് ഭ്രൂണഹത്യ, ദയാവധം നിയമങ്ങളും ആത്മഹത്യയെ അനുകൂലിക്കുന്ന നിയമങ്ങളും സ്വവര്‍ഗവിവാഹ അനുമതി വകുപ്പുകളും മിക്ക രാജ്യങ്ങളിലും നടപ്പിലായി വരുന്നത്. പാപബോധം പരിപൂര്‍ണ്ണമായി നഷ്ടപ്പെടുമ്പോള്‍ തെറ്റുകള്‍ സാമ്പ്രദായവത്ക്കരിക്കപ്പെടുന്നു (Customization of sin) ലോത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു ദേശത്തുള്ള ജനങ്ങള്‍ മുഴുവന്‍ വന്ന് തെറ്റു ചെയ്യുവാനായി ദൈവദൂതന്മാരെ വിട്ടുതരണമെന്നു പറഞ്ഞ അവസ്ഥയിലേക്കാണ് നാം മുന്നേറുന്നത്. തുടര്‍ന്ന് എന്താണ് ദേശത്ത് സംഭവിച്ചതെന്ന് നമുക്ക് അറിയാം. ധാര്‍മികത മനുഷ്യരാശിയുടെ മൂലക്കല്ലാണ്. ആയത് നമ്മുടെ പൂര്‍വ്വികര്‍ നിയമങ്ങളിലൂടെ അടിയുറപ്പിക്കപ്പെട്ടിരിക്കുന്നു. മൂലക്കല്ല് ഇളക്കി മാറ്റുന്നത് മൂലം ഉണ്ടാകുന്ന നാശം പ്രവചനാതീതമാണ്.
1960-കാലഘട്ടം വരെ മനുഷ്യന് പ്രവര്‍ത്തിക്കാവുന്ന ഏറ്റവും മോശമായ അധാര്‍മിക പ്രവൃത്തികളുടെ ഉദാഹരണമായിരുന്നു ഭ്രൂണഹത്യ. എന്നാല്‍ ഇപ്പോള്‍ ഈ അധാര്‍മിക പ്രവൃത്തി മിക്ക രാജ്യങ്ങളിലും നിയമത്തിലൂടെ ന്യായീക്കരിക്കപ്പെടുന്നു. കൊല്ലരുത് എന്ന പ്രമാണം വളരെ ബോധപൂര്‍വ്വം ലഘുകരിച്ച് തിന്മ എല്ലാവരേയും അതിന്‍റെ കെണിയില്‍ വീഴ്ത്തുന്നു. വ്യക്തിപരമായ അവകാശങ്ങള്‍ക്ക് (Individual rights)  മുന്‍ഗണന കൊടുത്തുകൊണ്ടുള്ള ഒരു നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ലോകത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇത് തിന്മ പ്രവര്‍ത്തിക്കുവാനുള്ള അവകാശമായി വ്യക്തികള്‍ മാറ്റികൊണ്ടിരിക്കുന്ന അപകടകരമായ കാഴ്ചയാണ് നാം കാണുന്നത്. ഇതിന്‍റെ തെറ്റായ വ്യാഖ്യാനം വഴി ഒരു സ്ത്രിക്ക് സ്വന്തം കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ ഇല്ലെന്നാക്കാനുള്ള അവകാശം ഉണ്ടാകുന്നു. അതുപോലെ മാതാപിതാക്കളെ ഇല്ലെന്ന് ആക്കുവാനുള്ള അവകാശം ദയാവധം നിയമത്തിലൂടെ മക്കള്‍ക്ക് ലഭിക്കുന്നു. ആത്മഹത്യയിലൂടെ സ്വയം മരിക്കുവാനുള്ള അവകാശവും ലഭിക്കുന്നു. ഇത്തരം തെറ്റായ നിയമ വ്യാഖ്യാനത്തിലൂടെ നേടിയെടുക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് നാം ദിവസവും ആകുലപ്പെടുന്നത്. ആയതിനെതിരെ ജീവന്‍റെ വക്താക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട അടിയന്തിര സാഹചര്യമാണുള്ളത്.
1860-ലെ ഇന്ത്യന്‍ ശിക്ഷാനിയ മത്തിലെ 312 മുതല്‍ 316 വരെയുള്ള വകുപ്പുകള്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ സംരക്ഷണത്തിനായി നമ്മുടെ പൂര്‍വ്വികര്‍ വിഭാവനം ചെയ്തിരുന്നതാണ്. ആയതുവഴി ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവന്‍ നശിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് ഈ വകുപ്പുകളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ 1971-ല്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി എന്ന നിയമത്തിലൂടെ 5 മാസം വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ നശിപ്പിക്കുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥ ഉണ്ടായി. ആയതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രതിദിനം 35,000/- ഗര്‍ഭസ്ഥ ശിശുക്കള്‍ അമ്മയുടെ ഉദരത്തില്‍ വച്ച് കൊല്ലപ്പെടുന്നു. എപ്രകാരം ഒരു നിയമം പൂര്‍ണ്ണമായി തെറ്റായ കാര്യത്തിന് ഉപയോഗിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് മേല്‍പറഞ്ഞ വസ്തുത. 5 മാസത്തിനുള്ളില്‍ എത്ര നിസാരകാര്യത്തിനോ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയോ ഭ്രൂണഹത്യ നടത്തുന്നതിന് ഈ നിയമം അനുവദിക്കുന്നു. ഈ നിയമത്തി ലെ സെക്ഷന്‍ 2 Ex (2)-ല്‍ ഗര്‍ഭനിരോധന ഉപകരണത്തിന്‍റെ പരാജയം മൂലം ഉണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുവിനേയും ഭ്രൂണഹത്യയ്ക്ക് വിധേയമാക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ആയതില്‍ നിന്ന് ഈ നിയമം എത്രമാത്രം ഉദാസീനവും ലഘൂകരിക്കപ്പെട്ടതുമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
അമ്മയുടെ ഉദരത്തിലെ ഭ്രൂണം വെറും ഒരു മാംസപിണ്ഡം ആണെങ്കില്‍ അത് യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല. മറിച്ച് അത് ഒരു മനുഷ്യജീവനാണെങ്കില്‍ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹനാണ്. ഗര്‍ഭാവസ്ഥയുടെ ഒരു സമയത്തും ഇത് ഒരു മനുഷ്യജീവന്‍ അല്ലെന്ന് ഒരു കാരണവശാലും പറയാന്‍ പറ്റില്ല, ഉദരത്തില്‍ ഉരുവാകുന്ന ആദ്യനിമിഷം മുതല്‍ (fertilization) മരണം വരെയുള്ള ഒരു മനുഷ്യന്‍റെ വിവിധ അവസ്ഥകള്‍ വളര്‍ച്ചയുടെ ഭാഗം മാത്രമാണെന്ന് 1967-ല്‍ ജീവനെ പറ്റി പഠിക്കുന്നതിനായി വാഷിംങ്ടണില്‍ കൂടിയ ജീവശാസ്ത്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമാണ്.څജനനം എന്നുള്ളത് നിലവിലുള്ള supporting system-ത്തിന്‍റെ മാറ്റം മാത്രമാണ്. ജീവശാസ്ത്രപരമായി ഗര്‍ഭസ്ഥ ശിശുവും മനുഷ്യവ്യക്തിയും തമ്മിലുള്ള വ്യത്യാസം വാസസ്ഥലങ്ങള്‍ തമ്മിലുള്ളത് മാത്രമാണ്. നാം പുറത്തു വസിക്കുന്നു ഗര്‍ഭസ്ഥ ശിശു അമ്മയുടെ ഉദരത്തില്‍ വസിക്കുന്നു എന്നു മാത്രം. മേല്‍പറഞ്ഞ അവസ്ഥയില്‍ ഗര്‍ഭസ്ഥ ശിശുവിന് യാതൊരു വ്യക്തിമഹത്ത്വവും ഇല്ലായെന്ന് വാദിച്ചുകൊണ്ട് നിയമങ്ങളും നീതിപീഠവും ആ ശിശുവിനെതിരെ നീങ്ങുന്ന അവസ്ഥ ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ വ്യക്തിയെ അവന്‍റെ ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് വച്ച് വധിക്കുക എന്നതില്‍ കവിഞ്ഞ് എന്ത് മനുഷ്യാവകാശലംഘനമാണ് ഉള്ളത്.
1971-ലെ M.T.P.  ആക്ടിനെ കടത്തിവെട്ടിക്കൊണ്ട് ആറുമാസം വരെയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യയിലൂടെ ഇല്ലെന്നാക്കാനുള്ള സുപ്രിംകോടിയുടെ വിധി ഏവരെയും അമ്പരപ്പിക്കുന്നതാണ്. 22 വയസുള്ള മുംമ്പൈ സ്വദേശിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടി ജനിച്ചാല്‍ ആരോഗ്യപ്രശ്നം ഉണ്ടാകും എന്ന കാരണത്താലാണ് ഈ ഉത്തരവ്. ഈ കാരണം കാണിച്ച് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്രേ. 1860-ലെ ഇ ന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അട്ടിമറിച്ച് 1971-ല്‍ 5 മാ സം വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ അപകടത്തിലാക്കി. ഇപ്പോള്‍ ബഹു. സുപ്രിം കോടതി അത് 6 മാസം വരെ വര്‍ ദ്ധിപ്പിച്ചു. അത് ജീവനെ സ്നേഹിക്കുന്ന ആദരിക്കുന്ന ഏവരേയും ദുഃഖത്തിലാക്കിയ സംഗതിയാണ്.
പോളണ്ടില്‍ 1997-ല്‍ M.T.P.  ആക്ട് അസാധുവാക്കുകയുണ്ടായി. തലേവര്‍ഷം (1996) ഈ രാജ്യത്തു നടന്നത് 1,60,000 ഭ്രൂണഹത്യയായിരുന്നു. നിരോധനത്തിന് ശേഷം 1997-ല്‍ നടന്നത് വെറും 21 എണ്ണം. ടി കാലയളവില്‍ ഒരമ്മ യ്ക്കും പ്രസവസമയത്ത് ജീവഹാനിയോ ഒരു കുട്ടിക്കുപോലും കടുത്ത വൈകല്യമോ സംഭവിച്ചിട്ടില്ല.
നിയമത്തിലെ ചെറിയ പഴുതുകള്‍ ഉപയോഗിച്ച് മനുഷ്യജീവന്‍ പന്താടുന്ന കാഴ്ചയാണ് കാണുന്നത്. മനുഷ്യജീവന് കാവലാകേണ്ട അധികാരകേന്ദ്രങ്ങളും നിയമങ്ങളും നീതിപീഠങ്ങളും ജീവനെ സംരക്ഷിച്ചില്ലെങ്കില്‍ സ്രഷ്ടാവ് മനുഷ്യജീവനു നല്‍കുന്ന സ്വാഭാവിക പ്രകൃതി സംരക്ഷണങ്ങളും നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അടുത്തകാലത്ത് ജല്ലിക്കെട്ടിനുവേണ്ടി സുപ്രിം കോടതി വിധി മറികടക്കുന്നതിന് 24 മ ണിക്കൂറിനകം രാജ്യത്ത് നിയമനിര്‍മ്മാണം നടത്തിയ നാം മനുഷ്യജീവനെതിരെയുള്ള വെല്ലുവിളിക്കെതിരെ കണ്ണടക്കുന്ന കാഴ്ച തികച്ചും അനീതിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org