ഒഡിഷയിലെ ആദിവാസിഗ്രാമങ്ങള്‍ക്കു സദ്വാര്‍ത്തയാകുന്ന സന്യസ്തര്‍

ഒഡിഷയിലെ ആദിവാസിഗ്രാമങ്ങള്‍ക്കു സദ്വാര്‍ത്തയാകുന്ന സന്യസ്തര്‍


സിസ്റ്റര്‍ ജസീന്ത ഉള്ളാട്ടില്‍

മിഷണറിയായി പാവപ്പെട്ട മനുഷ്യര്‍ക്കു സേവനം നല്‍കുന്ന ജീവിതം തിരഞ്ഞെടുക്കണമെന്നു കുട്ടിക്കാലത്തു തന്നെ മനസ്സില്‍ തോന്നിയിരുന്നു. 1975-ലാണു ഞാന്‍ പത്താം ക്ലാസു ജയിക്കുന്നത്. ഒഡിഷായിലേയ്ക്ക് മിഷണറിയാകാന്‍ വരുന്നോ എന്നൊരു ക്ഷണം അക്കാലത്ത് ഒരു സിസ്റ്റര്‍ എനിക്കു നല്‍കി. ഇത്രയും ദൂരേയ്ക്കു പോകേണ്ടെന്നു വീട്ടുകാര്‍ വിലക്കി. കേരളത്തിലെ ഏതെങ്കിലും മഠത്തില്‍ ചേര്‍ന്നാല്‍ മതിയെന്നായിരുന്നു മാതാപിതാക്കളുടെ നിര്‍ബന്ധം. കേരളത്തിനു പുറത്തു പോകുകയാണെങ്കില്‍ തന്നെ തമിഴ്നാടോ കര്‍ണാടകയോ വരെ മതിയെന്നു നിര്‍ദേശിച്ചു. ഒഡിഷയ്ക്ക് അന്നു യാത്രാസൗകര്യങ്ങളും വളരെ വിരളം. മദ്രാസില്‍ വന്നു മാറിക്കയറി മൂന്നോ നാലോ ദിവസം എടുത്തു വേണം അക്കാലത്ത് തീവണ്ടിയില്‍ ഒഡിഷയിലെത്താന്‍. ഒരു കത്തെഴുതിയാല്‍ തന്നെ വീട്ടിലെത്താന്‍ ആഴ്ചകളെടുക്കുന്ന കാലമാണ്. പക്ഷേ ഞാന്‍ എന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെ കോട്ടയം അതിരൂപതയിലെ മണ്ണൂര്‍ ഇടവകാംഗമായിരുന്ന ഞാന്‍ ഹാന്‍ഡ്മെയിഡ്സ് ഓഫ് മേരി എന്ന സന്യാസസമൂഹത്തിലെ അംഗമായി ഒഡിഷയിലേയ്ക്കു യാത്രതിരിച്ചു.

ഒഡിഷയിലെ ജര്‍സഗുഡയിലാണ് ആദ്യം വന്നത്. മൂന്നര വര്‍ഷം സന്യാസപരിശീലനം. അതിനു ശേഷം മുതിര്‍ന്ന സിസ്റ്റര്‍മാര്‍ക്കൊപ്പം ഗ്രാമങ്ങളില്‍ സേവനത്തിനു പോയി. അക്കാലത്തു തന്നെ ഒഡിഷയിലെ ആദിവാസികള്‍ സംസാരിക്കുന്ന സാദിരി ഭാഷ പഠിക്കാന്‍ സാധിച്ചു. തികഞ്ഞ വനപ്രദേശങ്ങളായിരുന്നു അതെല്ലാം. വൈദ്യുതി ഇല്ല. ബസിറങ്ങിയാല്‍ രണ്ടു മണിക്കൂര്‍ നടക്കണം. പ്രഥമവ്രതവാഗ്ദാനത്തിനു ശേഷം വീണ്ടും ഉള്‍ഗ്രാമങ്ങളില്‍ അജപാലനപ്രവര്‍ത്തനത്തിനു പോയി. അക്കാലത്തു വേദപാഠം പഠിപ്പിക്കലായിരുന്നു മുഖ്യം.

ഇപ്രകാരം ഏതാണ്ട് അഞ്ചര വര്‍ഷത്തോളം സന്യാസപരിശീലനവും അതിന്‍റെ ഭാഗമായുള്ള ഗ്രാമീണസേവനങ്ങളും ചെയ്ത ശേഷമാണ് എന്നെ പ്ലസ് ടു പഠിക്കാന്‍ വിടുന്നത്. സയന്‍സ് ഗ്രൂ പ്പ് പഠിക്കാന്‍ നിര്‍ദേശിച്ചു. സയന്‍സ് പഠിക്കുന്നത് പിന്നീട് അദ്ധ്യാപിക ആക്കാനായിരിക്കുമെന്ന് മനസ്സിലായി. എനിക്കതിനോടു താത്പര്യമുണ്ടായിരുന്നില്ലെങ്കിലും അധികാരികളുടെ ഹിതമനുസരിച്ചു. റാഞ്ചിയിലെ കോളേജില്‍ പോയി പ്രീഡിഗ്രി പഠിച്ചു. അതിനു ശേഷം ഉപരിപഠനത്തിന് അദ്ധ്യാപനമേഖലയിലേയ്ക്കു തിരിയാന്‍ വീണ്ടും നിര്‍ദേശമുണ്ടായി. പക്ഷേ എനിക്കു നഴ്സിംഗ് പഠിക്കാനായിരുന്നു അപ്പോള്‍ ആഗ്രഹം. കാരണം, നഴ്സിംഗ് അറിയുന്നത് ജനങ്ങള്‍ക്കു വലിയ സഹായമായിരിക്കുമെന്നു ഗ്രാമങ്ങളിലെ സേവനത്തില്‍നിന്നു മനസ്സിലാക്കിയിരുന്നു. ഗ്രാമങ്ങളില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍മാര്‍ക്ക് പല ചികിത്സാസഹായങ്ങളും ചെയ്യേണ്ടി വരാറുണ്ട്. നഴ്സിംഗിന്‍റെ ബാലപാഠങ്ങള്‍ പോലുമറിയാതെ സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് അതു ചെയ്തുപോകുന്നത്. ചികിത്സയ്ക്കോ മരുന്നിനോ യാതൊരു സാദ്ധ്യതയുമില്ലാതെ തികഞ്ഞ അവഗണനയിലും ദുരിതത്തിലും കഴിയുന്ന ജനങ്ങളാണ്. അതുകൊണ്ട് നഴ്സിംഗ് പഠിക്കുന്നത് ഗ്രാമങ്ങളിലെ സാമൂഹ്യസേവനത്തിനു വലിയ സഹായമായിരിക്കും എന്നു തോന്നി. സന്യാസസഭ എന്നെ പ്രീഡിഗ്രിക്കു സയന്‍സ് പഠിപ്പിച്ചതു വെറുതെയാകുകയുമില്ല. അന്നത്തെ സുപ്പീരീയര്‍ എന്‍റെ ആഗ്രഹത്തോടു യോജിച്ചു. അങ്ങനെ ഞാന്‍ നഴ്സിംഗ് പഠനത്തിനു ചേര്‍ന്നു. അഞ്ചു വര്‍ഷത്തോളം അതിനായി ചിലവഴിച്ചു. അതിനുശേഷം ഒരു വര്‍ഷം ഒരു ചെറിയ ആശുപത്രിയില്‍ ജോലി ചെയ്തു. പിന്നീടു വീണ്ടും ഒരു കുഗ്രാമത്തിലേയ്ക്കു യാത്രയായി. അവിടെ ജോലിയാരംഭിച്ചു. വളരെ ആത്മസംതൃപ്തിയോടെ ജോലി ചെയ്ത സമയങ്ങളായിരുന്നു അത്. സമയമുള്ളപ്പോള്‍ സൈക്കിളില്‍ ഗ്രാമത്തിലെ ഇടവഴികളിലൂടെ സഞ്ചരിക്കും. അസുഖമായി കിടക്കുന്ന ആളുകളുടെ വീടുകളിലെത്തി മരുന്നുകള്‍ നല്‍കും. ഗ്രാമങ്ങളിലെ ആരോഗ്യസേവനത്തിന്‍റെ ഒരു പ്രധാന ഘടകമാണ് ആരോഗ്യവിദ്യാഭ്യാസം. ജനങ്ങള്‍ക്കാവശ്യമായ ബോധവത്കരണം നല്‍കുകയും ആരോഗ്യശീലങ്ങള്‍ അഭ്യസിപ്പിക്കുകയും അന്ധവിശ്വാസങ്ങളില്‍നിന്നു മുക്തരാക്കുകയും ചെയ്യണം. ആ പ്രവര്‍ത്തനങ്ങളും സജീവമായി നടത്തി.

പിന്നീടു ജാര്‍ഖണ്ട് സംസ്ഥാനത്തെ ഒരു പിന്നോക്ക ജില്ലയിലെ ഗ്രാമത്തിലെത്തി. ഒരു സന്യാസസമൂഹത്തിലെ സിസ്റ്റര്‍മാര്‍ നേരത്തെ സേവനമാരംഭിച്ചെങ്കിലും ബുദ്ധിമുട്ടുകള്‍ കാരണം തുടരാനാകാതെ ഉപേക്ഷിച്ചുപോയ ഒരു പ്രദേശമായിരുന്നു അത്. അവിടെ ഞങ്ങള്‍ സേവനമാരംഭിച്ചു. യാത്രാസൗകര്യങ്ങളില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. ബസിറങ്ങിയാല്‍ മണിക്കൂറുകള്‍ നടക്കണം. ഒരു മഠത്തോടു ചേര്‍ന്നുള്ള മുറിയില്‍ ചികിത്സയും മരുന്നു വിതരണവും ആരംഭിച്ചു. കിടത്തിചികിത്സയ്ക്കുള്ള യാതൊരു സൗകര്യമോ ഡോക്ടര്‍മാരോ ഇല്ല. പക്ഷേ വയറിളക്കം ബാധിച്ചു ഗുരുതരാവസ്ഥയിലെത്തിയ രോഗിയെ ആ മുറിയില്‍ കിടത്തി, ഭിത്തിയില്‍ ആണി തറച്ചു കുപ്പി തൂക്കിയിട്ട് ഐവി ഫ്ളൂയിഡ് കൊടുത്താണു അവിടെ ജോലി തുടങ്ങിയതു തന്നെ. പിന്നീടു പല തവണ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നു. അന്നത്തെ ധൈര്യം ഇന്നോര്‍ക്കുമ്പോള്‍ കുറച്ചൊക്കെ സാഹസികമായി തോന്നുന്നു. പ്രായത്തിന്‍റെയും പ്രതിബദ്ധതയുടെയും തീക്ഷ്ണത മൂലമാണ് അതൊക്കെ ചെയ്യാന്‍ കഴിഞ്ഞത്. ജനങ്ങളെ സംബന്ധിച്ചു ഇതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ കിട്ടാന്‍ യാതൊരു നിവൃത്തിയുമില്ല. വളരെ ഗുരുതരാവസ്ഥയില്‍ എത്തിക്കഴിഞ്ഞ രോഗികളുമായാണ് ആളുകള്‍ വരിക. വിദഗ്ദ്ധചികിത്സയ്ക്ക് മറ്റ് ആശുപത്രികളില്‍ എത്തിക്കാന്‍ യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ല. വലിയ മലകള്‍ ഇറക്കിയും കയറിയും ഒക്കെ വേണം പട്ടണങ്ങളിലേക്കെത്താന്‍. ഇത്തരമവസ്ഥയില്‍ അനേകം മരണാസന്നരായ രോഗികളെ ശുശ്രൂഷിക്കാനും പലരേയും ജീവിതത്തിലേയ്ക്കു തിരികെ നടത്താനും ദൈവത്തിന്‍റെ ഉപകരണമായി വര്‍ത്തിക്കാന്‍ സാധിച്ചു.

പിന്നീട് അഞ്ചു വര്‍ഷം ഒരു ഡിസ്പെന്‍സറിയില്‍ പ്രവര്‍ത്തിച്ചു. തീരെ കുഗ്രാമമല്ലെങ്കിലും അതും ദരിദ്രരും സാധാരണക്കാരുമായ അനേകര്‍ക്ക് സേവനമെത്തിക്കാന്‍ സാധിച്ച ഒരു സേവനരംഗമായിരുന്നു. അതിനു ശേഷം റൂര്‍ക്കെല രൂപതയുടെ ആശുപത്രിയില്‍ ജോലിക്കു ചേരേണ്ട സാഹചര്യമുണ്ടായി. അവിടെ നഴ്സിംഗ് സൂപ്രണ്ടായി ഉത്തരവാദിത്വമേറ്റു. മൂന്നു വര്‍ഷത്തേയ്ക്ക് എന്നു പറഞ്ഞായിരുന്നു ആദ്യനിയമനമെങ്കിലും പതിനേഴു വര്‍ഷം നീണ്ടു പോയ ഒരു സേവനരംഗമായിരുന്നു അത്. വലിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ഈ ആശുപത്രിയിലെ സേവനം ഞാനാഗ്രഹിച്ചിരുന്നതല്ല. പക്ഷേ സഭയുടെയും രൂപതയുടെയും ആവശ്യങ്ങളും സന്യാസജീവിതത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേക്കാള്‍ നാം പരിഗണിക്കേണ്ടതായി വരുമല്ലോ. അതുകൊണ്ട് ആശുപത്രിയിലെ ജോലിയും ആത്യന്തികമായി തൃപ്തികരം തന്നെയായിരുന്നു. നഴ്സിംഗ് സ്കൂള്‍ ഉള്ള ആശുപത്രിയായിരുന്നു അത്. അതിനാല്‍ ആ നിലയ്ക്കും അനേകര്‍ക്ക് അതു പ്രയോജനപ്പെട്ടിരുന്നു.

അതിനുശേഷം സുന്ദര്‍ഗഡ് ജില്ലയിലെ ഒരു ഹോസ്റ്റലിലേയ്ക്കാണ് എന്നെ നിയമിച്ചത്. എഴുനൂറോളം പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്കൂളും ഹോസ്റ്റലുമാണ് അവിടെയുള്ളത്. മിക്കവാറും കുട്ടികള്‍ ആദിവാസിഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. അവധിക്കാലത്തു പോലും ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം എന്നാവശ്യപ്പെടുന്നവരാണു കുട്ടികള്‍. കാരണം, വനപ്രദേശങ്ങളിലുള്ള അവരുടെ ഗ്രാമങ്ങളിലെ ജീവിതം അത്രയും ദുരിതപൂര്‍ണമായിരുന്നു. 700 ഓളം കുട്ടികളുള്ളതുകൊണ്ടു തന്നെ ഹോസ്റ്റലില്‍ ഒരു ഡിസ്പെന്‍സറി ആവശ്യമായിരുന്നു. അതിന്‍റെ ചുമതല ഞാനേറ്റെടുത്തു. പരിചയസമ്പത്തുള്ള ഒരു നഴ്സ് അവിടെ ആവശ്യമായിരുന്നുതാനും.

അതു നന്നായി പോയിക്കൊണ്ടിരിക്കെ ഞാന്‍ സഭയുടെ ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കല്‍ സേവനരംഗത്തിന്‍റെ ചുമതലയുള്ള കൗണ്‍സിലറാണ്. ഇപ്പോള്‍ ജനറലേറ്റില്‍ താമസിച്ച് അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. നാല്‍പതോളം ഡിസ് പെന്‍സറികളും രണ്ടു ആശുപത്രികളും ഞങ്ങള്‍ നടത്തുന്നുണ്ട്. രൂപതകളുടെ ആശുപത്രികളില്‍ ജോലി ചെയ്യുകയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം മേല്‍നോട്ടം നിര്‍വഹിക്കണം.

ഞങ്ങളുടെ സന്യാസസമൂഹത്തില്‍ ഇപ്പോള്‍ ഏകദേശം അഞ്ഞൂറോളം പേരുണ്ട്. ഒഡിഷയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍ ധാരാളം ദൈവവിളികള്‍ ലഭിക്കുന്നുണ്ട്. 1944 ലാണ് ഞങ്ങളുടെ സന്യാസസമൂഹം സ്ഥാപിതമായത്. ഹാന്‍ ഡ്മെയിഡ്സ് ഓഫ് മേരി എന്ന ഈ സഭ സ്ഥാപിച്ചത് വിദേശ ജെസ്യൂട്ട് മിഷണറിയായിരുന്ന ഫാ.എഡ്മണ്ട് ഹാരിസ് ആണ്. പില്‍ക്കാലത്ത് റൂര്‍ക്കെല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ് ഹെര്‍മന്‍ ഞങ്ങളുടെ സഭയുടെ ഉത്തരവാദിത്വമേറ്റെടുത്തു. അദ്ദേഹത്തെ ഞങ്ങള്‍ വളര്‍ത്തുപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്‍റെ കാലത്ത് ഞങ്ങള്‍ക്കു സന്യാസപരിശീലനം നല്‍കാന്‍ ഡോട്ടേഴ്സ് ഓഫ് ക്രോസ് എന്ന സന്യാസസമൂഹത്തില്‍ നിന്ന് ഒരു മലയാളിയായ സിസ്റ്റര്‍ ഞങ്ങള്‍ക്കരികിലേയ്ക്കു വന്നു. അവര്‍ പിന്നീടു ഞങ്ങളുടെ സഭയില്‍ ചേര്‍ന്നു. മദര്‍ അനസ്താസിയ. അവര്‍ ഞങ്ങളുടെ മദര്‍ ജനറലായി. പതിയെ ഞങ്ങളുടെ സന്യാസസമൂഹം വളരാന്‍ തുടങ്ങി. അമ്പതുകളില്‍ മിഷണറിയായി വടക്കേന്ത്യയിലെത്തി ഒരു സന്യാസസമൂഹത്തെ വളര്‍ത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നല്‍കിയ ഒരു മലയാളി കന്യാസ്ത്രീയാണു മദര്‍ അനസ്താസിയ. കേരളസഭ ഇങ്ങനെയുള്ള നിരവധി മിഷണറിമാര്‍ക്കു ജന്മം നല്‍കിയിട്ടുണ്ട്. പക്ഷേ ഇവരെയൊക്കെ കേരളസഭ ഇന്ന് ഓര്‍ക്കുന്നുണ്ടോ എന്നറിഞ്ഞു കൂടാ.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി
ഷിജു ആച്ചാണ്ടി തയ്യാറാക്കിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org