Latest News
|^| Home -> Cover story -> പഹലേ കസായ്… …ഫിര്‍ ഈസായ്

പഹലേ കസായ്… …ഫിര്‍ ഈസായ്

Sathyadeepam

മാര്‍ഷല്‍ ഫ്രാങ്ക്

ഇപ്പോള്‍ അച്ചടിദൃശ്യമാധ്യമങ്ങളില്‍ ഏറെ സമയം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇന്ത്യന്‍ പൗരത്വനിയമം. സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍, കഴിഞ്ഞ നാളുകളില്‍ പാര്‍ലമെന്‍റും, രാജ്യസഭയും പാസ്സാക്കിയ ഇന്ത്യന്‍ പൗരത്വഭേദഗതി നിയമം ജനങ്ങളുടെ മനസ്സില്‍ ഒട്ടേറെ സംശയങ്ങള്‍ കോറിയിട്ടിരിക്കുന്നു; ഒപ്പം ആശങ്കയും ഭീതിയും വിതച്ചിരിക്കുന്നു.

1950 ജനുവരി 26-നാണ് ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്നത്. 1955-ല്‍ ഇന്ത്യന്‍ പൗരത്വനിയമം പാര്‍ലമെന്‍റും രാജ്യസഭയും ഏറെ ചര്‍ച്ചകള്‍ക്കുശേഷം പാസ്സാക്കി നടപ്പില്‍ വരുത്തി. 1987ലും 2003-ലും ഇതിന് ഏതാനും ചില ഭേദഗതികള്‍ വരുത്തി. 2019-ലും ഭേദഗതി ചെയ്തു. എന്നാല്‍ മുമ്പ് രണ്ടുപ്രാവശ്യം ഭേദഗതി വരുത്തിയപ്പോള്‍ ഉണ്ടാകാതിരുന്ന എതിര്‍പ്പ് 2019-ലെ മാറ്റത്തോടുകൂടി ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ ഈ ഭേദഗതിയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമ്പോള്‍, വലിയൊരു വിഭാഗം നഖശിഖാന്തം എതിര്‍ക്കുന്നു. എതിര്‍ക്കുന്നവരില്‍ മതന്യൂനപക്ഷമായ മുസ്ലീംങ്ങള്‍ മൊത്തമായിത്തന്നെ മുമ്പന്തിയില്‍ നില്ക്കുന്നു. ഇതിനെ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ ഭരണകൂടവും അതിന്‍റെ കുഴലൂത്തുകാരും ഇത് ഒരു വിഭാഗം മുസ്ലീങ്ങളുടെ അതായത് വര്‍ഗ്ഗീയതയെ താലോലിക്കുന്നവരുടെ മാത്രം എതിര്‍പ്പാണെന്നും, ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഏറ്റം ഗുണകരവും അതുവഴി ഇന്ത്യയുടെ ആഭ്യന്തരസുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതവുമായ ഒരു നടപടിയാണെന്നും സ്ഥാപിക്കുവാന്‍ അഹോരാത്രം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ക്രമേണ ഇന്ത്യയിലെ വിവരവും വിദ്യാഭ്യാസവും അതുവഴി കാര്യഗൗരവമുള്ള ഹൈന്ദവര്‍ ഉള്‍പ്പെടെയുള്ള ഉല്പതിഷ്ണുക്കള്‍ ഈ ഭേദഗതികള്‍ക്കെതിരെ രംഗത്തു വന്നു. ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്‍റെ മുമ്പന്തിയിലുണ്ട്. ഈ എതിര്‍പ്പിനെ കേവലം ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളുടെ പ്രതികരണമായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഘപരിവാറിന്, ഉല്പതിക്ഷ്ണുക്കളായ നിഷ്പക്ഷമതികളായ വിദ്യാഭ്യാസ വിചക്ഷണരുള്‍പ്പെട്ട ഹൈന്ദവരുടെ ഏതാനും ചില ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരംമുട്ടുന്ന കാഴ്ചകളും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതിന് പിന്നില്‍ പതിയിരുന്ന ഹിഡന്‍ അജണ്ടകളെ സമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടുവാന്‍, ഈ ശ്രേണിയില്‍പ്പെട്ട സുമനസ്സുകള്‍ മുമ്പോട്ടു വന്നിരിക്കുന്ന അവസ്ഥ സമാധാനകാംക്ഷികളായ, ജനാധിപത്യസ്നേഹികളായ, ഇന്ത്യക്കാര്‍ക്ക് തെല്ല് ആശ്വാസം പകരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിഷം നിറച്ച മിഠായി
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളില്‍ മതപരമായ വിവേചനം അനുഭവിക്കുന്ന സിക്ക്, ബുദ്ധ, പാഴ്സി, ജൈന, ക്രൈസ്തവമതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത് ഇന്ത്യയുടെ അതിര്‍ത്തി കടന്ന് നിയമപരവും അല്ലാതെയും കുടിയേറി, ഇവിടെ താമസിച്ചുവരുന്നുണ്ട്. ഇതിനു കഴിയാത്തവര്‍, മതപരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അവിടങ്ങളില്‍ നരകതുല്യമായ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നുണ്ട്. ഇസ്ലാമല്ലാത്തതിന്‍റെ പേരില്‍ ഈ വിഭാഗത്തില്‍പ്പെട്ടവരെ ‘മതനിന്ദാനിയമം’ തുടങ്ങിയ വകുപ്പുകളില്‍ പെടുത്തി കള്ളക്കേസുകളില്‍ കുടുക്കുകയും ഏകപക്ഷീയമായ ‘വിചാരണ’യ്ക്കൊടുവില്‍ വധശിക്ഷയ്ക്കുവരെ വിധേയരാക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം കഴിഞ്ഞ കാലങ്ങളില്‍ കണ്ടും കേട്ടും വന്നിട്ടുള്ളതാണ്. ഇവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈ പുതിയ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നതെന്നാണ് സംഘപരിവാറിന്‍റെ അവകാശവാദം. പ്രഥമശ്രവണമാത്രയില്‍, ഇതില്‍ കുറെയൊക്കെ ശരികളുണ്ടെന്ന്, മുന്‍കാല സംഭവങ്ങളുടെ പേരില്‍ നമ്മില്‍ ചിലര്‍ക്ക് തോന്നാം. അതിനാലാണ് കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ തുടങ്ങിയുള്ള ഏതാനും ആളുകള്‍ ഇതിന്‍റെ പ്രചാരകരായി രംഗത്തു വന്നിട്ടുള്ളത്. (വാര്‍ദ്ധക്യകാലത്ത് മേലനങ്ങാതെ ഉണ്ടുറങ്ങി സുഖിക്കുവാന്‍ ലഭിച്ച അപ്പക്കഷണത്തിന്‍റെ രുചിയില്‍, പിറന്നു വളര്‍ന്ന കുലവും ഗോത്രവും സാഹചര്യവും മറന്ന്, മനസ്സും നട്ടെല്ലും പണയം വച്ച് അധികാരിയുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി റാന്‍ മൂളി നില്ക്കുന്ന ഖാന്‍മാര്‍ വേറെ ചില സമുദായങ്ങളിലും ഉണ്ടെന്നുള്ളത് മറ്റൊരു അപ്രിയ സത്യം.)

ഇതൊരു വിഷം നിറച്ച പഞ്ചാരമിഠായി ആണെന്നുള്ള സത്യം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി പ്രശ്നം വയ്പിക്കേണ്ട കാര്യമൊന്നുമില്ല. അതിന് സാമാന്യം ബുദ്ധി മാത്രം മതിയാകും. ഇവിടെ മൂന്നു അയല്‍രാജ്യങ്ങളിലെ കാര്യം മാത്രമാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ചൈന, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബര്‍മ്മ (മ്യാന്‍മര്‍) തുടങ്ങിയ രാജ്യങ്ങളിലും ഇത്തരത്തില്‍ മതപരവും വര്‍ഗ്ഗീയവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ശ്രീലങ്കയില്‍ ബുദ്ധമത തീവ്രവാദികളുടെ പീഡനങ്ങള്‍ക്കിരയാവുന്നത് ഇന്ത്യന്‍ വംശജരായ ഹിന്ദുക്കളാണ്. എന്നാല്‍ അവരെപ്പറ്റി ഈ ഭേദഗതി നിയമത്തില്‍ ഒരക്ഷരം പോലും പറയുന്നില്ല. മറ്റൊന്ന് പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ മതപീഡനം ഏറ്റുവാങ്ങിക്കഴിയുന്ന ക്രൈസ്തവരെ സംബന്ധിച്ച പരാമര്‍ശമാണ്. ലോകക്രൈസ്തവ സമൂഹത്തെയും, വിശിഷ്യ ഇന്ത്യയിലെ ക്രിസ്ത്യാനികളെ പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിച്ച് പ്രീണിപ്പിക്കുവാനും, അതുവഴി സംഘപരിവാറിനോട് ചേര്‍ന്നു നില്ക്കാനും, അവരെ പിന്തുണയ്ക്കാനും ഒരുക്കിയിട്ടുള്ള ഒരു കെണിയും അടവും തന്ത്രവുമാണ് ഇതെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അതിന്‍റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷോദാഹരണമാണ് ഇക്കഴിഞ്ഞ നാളില്‍ (2019 ഡിസംബര്‍) ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കിയ 334-A 334-B അനുച്ഛേദങ്ങള്‍. നിലവില്‍ ഇന്ത്യയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ അനുഭവിച്ചു വരുന്ന സംവരണത്തിന്‍റെ ആനുകൂല്യം അടുത്ത പത്തുവര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുക്കുവാന്‍ 334-A അനുച്ഛേദം വഴി തീരുമാനം എടുത്തു. ഇതേസമയം ഭരണഘടനയില്‍ വളരെ വ്യക്തമായ വിശദീകരണത്തോടു കൂടി ഇന്ത്യയിലെ ആംഗ്ലോ ഇന്ത്യന്‍ വംശജര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതും ഈ സമയം വരെ അവര്‍ അനുഭവിച്ചു പോരുന്നതുമായ അസംബ്ലി പാര്‍ലമെന്‍റിലെ പ്രാതിനിധ്യം 334-B പരിഷ്കരണം വഴി ഇല്ലാതാക്കിയിരിക്കുന്നു. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത, സാമ്പത്തികമായും, സാമൂഹ്യമായും ദലിതരെക്കാളും പിന്നാക്കമായ ആംഗ്ലോ ഇന്ത്യന്‍ വംശജരോടാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ തുല്യതയെപ്പറ്റി പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 14-ന്‍റെ നഗ്നമായ ലംഘനമാണ് 2019-ലെ പൗരത്വഭേദഗതി നിയമം കൊണ്ട് നടന്നതെങ്കില്‍, തികച്ചും ക്രൂരവും നീതിരഹിതവുമായ നടപടിയാണ് അശരണരും ആലംബഹീനരും അസംഘടിതരുമായ ആംഗ്ലോ ഇന്ത്യന്‍സിനോട് ചെയ്തിരിക്കുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നും മതപീഡനത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് വന്ന 56 ക്രൈസ്തവര്‍ക്ക് ഗുണകരമാണെന്നും, അതുവഴി ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തോടുള്ള സംഘപരിവാറിന്‍റെ കരുതലും സ്നേഹവുമാണ് ഞങ്ങള്‍ ഉറപ്പുതന്നിരിക്കുന്നതെന്ന് സംഘപരിവാറുകാര്‍ മാധ്യമങ്ങളില്‍ കൂടി വീമ്പിളക്കുമ്പോഴാണ് ആയിരക്കണക്കിനുള്ള ക്രൈസ്തവരായ ആംഗ്ലോഇന്ത്യക്കാരോട് ഈ കൊലച്ചതി ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഇസ്ലാം വംശജരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും, അവര്‍ പ്രതിഷേധിക്കുമ്പോള്‍ ഹൈന്ദവ ശാക്തീകരണം സാധ്യമാക്കി, വീണ്ടും തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുഭൂരിപക്ഷത്തിന്‍റെ വോട്ടു തരപ്പെടുത്തി, സ്ഥിരമായി താമര വിരിയുവാന്‍ സംഘപരിവാര്‍ മെനഞ്ഞെടുത്ത തന്ത്രമാണ് ഇന്ത്യന്‍ പൗരത്വ ഭേദഗതി (2019) നിയമം. ഇതേസമയം ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടെ നിറുത്താനും, അഥവാ ലോകത്തെ ഏതെങ്കിലുമൊരു ക്രൈസ്തവ സമൂഹം ഇതിനെതിരായി വന്നാല്‍, അവരുടെ കണ്ണില്‍ പൊടിയിടാനുമുള്ള ഒരു നിഗൂഢതന്ത്രം ഇതിന്‍റെ പിന്നില്‍ മറഞ്ഞിരിക്കുന്നുവെന്നുള്ള പരമാര്‍ത്ഥം നാം അറിയാതെ പോകരുത്. “നാനാത്വത്തിന്‍ ഏകത്വം” എന്ന ആപ്തവാക്യം മുഖമുദ്രയായി സ്വീകരിച്ച് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തുള്ള എല്ലാ വിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും ഒരു കോണ്‍ഫെഡറേഷനാണ് ഇന്ത്യ. ഇവിടെ എല്ലാ ഇന്ത്യക്കാരും ഏകോദരസഹോദരങ്ങളായി തികഞ്ഞ ഐക്യത്തില്‍ ജീവിച്ചു വരികയായിരുന്നു.

ഹിന്ദു മഹാസഭയും രാഷ്ട്രീയ സ്വയംസേവക സംഘവും സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഇവിടെ ഉദയം ചെയ്തുവെങ്കിലും ഹിന്ദുഭൂരിപക്ഷത്തിനിടയില്‍ കാര്യമായ വേരോട്ടം ലഭിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഇവര്‍ രാഷ്ട്രീയമായി ജനസംഘ് എന്ന പാര്‍ട്ടിയുടെ പേരില്‍ ക്ഷേത്രത്തിലെ കല്‍വിളക്ക് ചിഹ്നമായി സ്വീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും അങ്ങിങ്ങ് ചില പോക്കറ്റുകളില്‍ ചെറു ചലനങ്ങള്‍ സൃഷ്ടിക്കുവാനെ കഴിഞ്ഞിരുന്നുള്ളൂ. 1977-ല്‍ അടിയന്തിരാവസ്ഥയ്ക്കുശേഷം ഭാരതീയ ജനതാ പാര്‍ട്ടിയായി വേഷം മാറി, സംഘടനാ കോണ്‍ഗ്രസ്സ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റു പാര്‍ട്ടി തുടങ്ങിയ ജനാധിപത്യ പാര്‍ട്ടികളുടെ മുന്നണിയില്‍ നുഴഞ്ഞു കയറി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിത്തുകള്‍ വിതച്ച സംഘപരിവാര്‍, ഇന്ന് ദേശത്താകമാനം വേരോടി പടര്‍ന്നു പന്തലിച്ച് 2014-ലും തുടര്‍ന്ന് 2019-ലും ഇന്ത്യയുടെ ഭരണചക്രം കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. 1977-ലെ ഘടകകക്ഷികളെ ഒന്നൊന്നായി ഇവര്‍ വിഴുങ്ങി. സ്വതന്ത്ര പാര്‍ട്ടി പോലുള്ള ചിലതിന്‍റെ സ്വഭാവിക മരണവും സംഭവിച്ചു.

ഭരണത്തകര്‍ച്ച
ഇന്ന് ആരാലും പ്രതിരോധിക്കാന്‍ ആവാത്തവിധം സംഘപരിവാര്‍ ഇന്ത്യയെ ആകമാനം കൈയടക്കിയിരിക്കുന്നു. നിഷ്പക്ഷ ഭരണ സ്ഥാപനങ്ങളായ ഇന്‍കം ടാക്സ്, വിജിലന്‍സ്, സി.ബി.ഐ, റോ, ആള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍, ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ്, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ്, ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ജുഡീഷ്യറി വരെ ഇവരുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവകളായി ഭവിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക ഭൂപടത്തില്‍ സാമ്പത്തിക മാന്ദ്യകാലത്തുപോലും ഡോ.മന്‍മോഹന്‍സിംഗിന്‍റെ നേതൃത്വത്തില്‍ അചഞ്ചലമായി നിന്ന ഇന്ത്യന്‍ സമ്പദ്ഘടന, തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ജി.ഡി.പി. വളര്‍ച്ച പടവല സമാനമായി താഴേയ്ക്ക് വളരുന്നു. തൊഴിലില്ലായ്മ റെക്കോര്‍ഡ് വേഗത്തില്‍ ഉയരേയ്ക്കു കുതിക്കുന്നു. ബി.എസ്.എന്‍.എല്‍, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ ജനോപകാരപ്രദങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ ഭീഷണിയിലാണ്.

പൊതുമേഖലാ ബാങ്കുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ ബാങ്കുകളില്‍ നിന്നും ലക്ഷക്കണക്കിനു കോടികള്‍ വായ്പയെടുത്ത ധനികര്‍ ഒരു പോറലുപോലും ഏല്ക്കാതെ വിദേശരാജ്യങ്ങളില്‍ രമ്യഹര്‍മ്മ്യങ്ങളില്‍ പുത്രകളത്രാദികളോടും “കളിത്തോഴി”മാരോടുമൊപ്പം നൃത്തകേളികളാടിയും, ഉണ്ടുറങ്ങിയും സുഖിക്കുന്നു. തുണ്ടുഭൂമിയില്‍ അന്തിയുറങ്ങാന്‍ കൂരയുണ്ടാകുവാന്‍ എടുത്ത ചില്വാനത്തിന്‍റെ തിരിച്ചടവ് ഒന്നോ രണ്ടോ തവണ മുടങ്ങുമ്പോള്‍, ദരിദ്രനാരായണനെ തെരുവിലിറക്കിവിട്ട് ജപ്തിനോട്ടീസ് പതിച്ച്, മണ്ണും കൂരയും ലേലം ചെയ്തു വില്ക്കുമ്പോള്‍, ചിലരെയൊക്കെ തുറുങ്കിലടയ്ക്കുകയും ചെയ്യുമ്പോഴാണ് അംബാനി, അദാനി, വിജയ് മല്യയും നീരവ് മോദി, മേഘുല്‍ ചോക്സി, പട്ടേല്‍, ഗോയല്‍ തുടങ്ങി മുപ്പതില്‍പ്പരം കുത്ക മുതലാളിമാര്‍ ഇത്തരത്തില്‍ മദിച്ചു സുഖിച്ചു വാഴുന്നത്. ഇന്ത്യയിലെ പൊതുമേഖലയിലുള്ള പ്രമുഖ പെട്രോളിയം കമ്പനികളെല്ലാം സ്വകാര്യ മുതലാളിമാരുടെ കൈപ്പിടിയിലൊതുങ്ങുന്നു. ലോകകമ്പോളത്തില്‍ ക്രൂഡോയിലില്‍ ബാരലൊന്നിനു 140 ഡോളര്‍ വരെ വില വന്നിരുന്നു. ഇന്ന് അത് 50-60 ഡോളര്‍ വരെ താണു വന്നിരിക്കുന്നു. എന്നാല്‍ 140 ഡോളര്‍ ആയിരുന്ന സമയത്തു ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും, പാചകവാതകത്തിനും ഉണ്ടായിരുന്ന വില കുറഞ്ഞില്ലെന്നതോ പോകട്ടെ, ഓരോ ദിനവും അതുകൂടിക്കൊണ്ടിരിക്കുന്നു. കള്ളപ്പണം പുറത്തു കൊണ്ടുവരുവാന്‍ നവംബര്‍ 8-ന് ഇടിത്തീയായി വീണ എട്ടിന്‍റെ പണി; നോട്ട് പിന്‍വലിക്കലിന്‍റെ ആഘാതത്തെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ. ഇങ്ങനെ പറയാനാണെങ്കില്‍ ആദിയും അന്തവുമില്ലാത്ത കാര്യങ്ങള്‍ കുമിഞ്ഞുകൂടും. എന്നാല്‍, ഇത്രയെല്ലാം നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ മുമ്പിലുണ്ടായിരുന്നിട്ടും ഇന്ത്യന്‍ പൗരന്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ 2014-നെക്കാള്‍ വര്‍ദ്ധിച്ച ഭൂരിപക്ഷത്തില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാരിന് വീണ്ടും അഞ്ചു വര്‍ഷത്തേക്ക് ഭരണം ഏല്പിച്ചുകൊടുത്തു. ഇതിനായി അവര്‍ ഒരു കാര്‍ഡുമാത്രമാണ് ഇറക്കിക്കളിച്ചത്. അത് വര്‍ഗ്ഗീയ കാര്‍ഡാണ്. ഇസ്ലാമിക വിഭാഗത്തെ പ്രതിസ്ഥാനത്തു നിറുത്തി സാധാരണ ഹിന്ദുവിന്‍റെ മുമ്പില്‍ ചില കാര്യങ്ങള്‍ അവര്‍ ഉയര്‍ത്തികാണിച്ചു. അതു കുറിക്കു കൊള്ളുകയായിരുന്നു. ആഗോളവ്യാപകമായി പടര്‍ന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദവും അവര്‍ അതിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളും ക്രൂരമായ നരഹത്യകളുമാണ് പ്രധാനമായും സംഘപരിവാറിന്‍റെ മാധ്യമ വിശാരദര്‍ ചൂണ്ടിക്കാണിച്ചത്. സാധാരണ ഹിന്ദുക്കള്‍ ഇതൊക്കെ ഒരു പരിധി വരെ ശരി വയ്ക്കുകയും ചെയ്തു. അതിന് അവനെ പൂര്‍ണ്ണമായി കുറ്റപ്പെടുത്തുവാന്‍ നമുക്കു സാധിക്കുമോ! ക്രൈസ്തവ ഭൂരിപക്ഷമുള്ള ജനാധിപത്യരാജ്യങ്ങളായ അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, കാനഡ, ന്യൂസിലാന്‍റ്, ജര്‍മ്മനി തുടങ്ങിയുള്ള രാജ്യങ്ങളില്‍ കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ആഹാരവും ഉടുക്കാന്‍ തുണിയും, കിടക്കാന്‍ ഇടവും തേടി ചെന്ന ഇസ്ലാമിക അഭയാര്‍ത്ഥികള്‍ നാളുകള്‍ക്ക് ശേഷം തദ്ദേശവാസികളെ കൂട്ടക്കൊല ചെയ്ത വാര്‍ത്തകളും ചിത്രങ്ങളും 2019-ലെ തെരഞ്ഞെടുപ്പുവേളയില്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.

ഉത്തരേന്ത്യയിലെ നിരക്ഷരരായ ആളുകള്‍ താമസിക്കുന്ന ഹൈന്ദവ ഹൃദയഭൂമിയില്‍ ഇതിന് നല്ല പ്രചുരപ്രചാരം ലഭിച്ചു. ആയതിന്‍റെ ഫലം അതിഭീകര ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ അനായാസം കൊയ്തെടുത്തു. ഇതിനെ നമ്മള്‍ അത്രയ്ക്കു നിസ്സാരവത്കരിക്കുവാന്‍ പാടില്ലാത്തതാകുന്നു. മത തീവ്രവാദം അതാരു തന്നെ ഉയര്‍ത്തിയാലും അത് എതിര്‍ക്കപ്പെടണം. ഇറാക്ക്, സിറിയ, നൈജീരിയ, ലിബിയ, ലെബനോണ്‍ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലെ ക്രൈസ്തവ സാന്നിദ്ധ്യം ഇന്ന് പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. പ്രതിസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികളെ നാം കാണുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ കാര്യമായ എതിര്‍പ്പ് എവിടെ നിന്നും ഉയര്‍ന്നു കാണുന്നില്ല. ഇത് ഒരു ഇരട്ടതാപ്പാണെന്ന് ഹൈന്ദവ തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ ഇസ്ലാമിക ജനവിഭാഗം, ലോകത്തെവിടെയെങ്കിലും ഇസ്ലാമിനു എതിരായി നടക്കുന്ന അതിക്രമങ്ങളില്‍ ഇവിടെ പ്രതിഷേധിക്കുന്നവര്‍ ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരകൃത്യങ്ങള്‍ക്കു നേരെ കുറ്റകരമായ മൗനം അവലംബിക്കുന്നു. ഇത് സംഘപരിവാറിന് അവരുടെ അജണ്ട വിജയകരമായി നടപ്പിലാക്കാനുള്ള പദ്ധതിക്ക് വെള്ളവും വളവുമായി ഭവിക്കുന്നു.

2019 ഏപ്രില്‍ മാസം ഈസ്റ്റര്‍ ദിന ശുശ്രൂഷാവേളയില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ പ്രര്‍ത്ഥനാനിരതരായിരുന്ന ക്രിസ്ത്യാനികളുടെ ഇടയിലേക്ക് അരയില്‍ കെട്ടിയ സ്ഫോടക വസ്തുക്കളുമായി കടന്നുകയറിയ ഇസ്ലാമിക ചാവേര്‍ വധിച്ചത് സ്ത്രീ കളും പിഞ്ചുകുഞ്ഞുങ്ങളുമടക്കമുള്ള മുന്നൂറില്‍പ്പരം നിരപരാധികളെയായിരുന്നു. യൂറോപ്പിലെ ന്യൂസിലാണ്ടില്‍ ഏതോ ഒരു മതഭ്രാന്തന്‍ കാട്ടിക്കൂട്ടിയ കാടത്തത്തിന്, ഏഷ്യയിലെ ശ്രീലങ്കയിലെ പാവപ്പെട്ട ക്രൈസ്തവര്‍ വധിക്കപ്പെട്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാനിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്തുമസ് ദിനത്തിലെ പ്രാര്‍ത്ഥനാ സമയത്ത്, യന്ത്രത്തോക്കുമായി പാഞ്ഞു കയറിയ ഇസ്ലാമികഭീകരര്‍ യാതൊരു പ്രകോപനവുമില്ലാതെ നൂറില്‍പ്പരം പേരെ വധിച്ചതിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. 2019 ഡിസംബറിലെ ക്രിസ്തുമസ് ദിനത്തില്‍ ആഫ്രിക്കയിലെ നൈജീരിയയില്‍ ഐ.എസ്. തീവ്രവാദികള്‍ പന്ത്രണ്ട് ക്രൈസ്തവരെ പരസ്യമായി വധിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ തന്നെ പുറംലോകത്തിനു കാണിച്ചു തന്നിരിക്കുന്നു. ക്രൈസ്ര്തവരായിപ്പോയി എന്ന ഒറ്റക്കാരണത്തിന്‍റെ പേരില്‍ ലോകത്തെമ്പാടുമുള്ള നൂറു കണക്കിനു കുഞ്ഞു കുട്ടി സ്ത്രീകളടക്കമുള്ള നിസ്സഹായരും നിരാലംബരുമായ ക്രൈസ്തവര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നത് ഒരു പരമ്പരപോലെ തുടര്‍ന്നു വരുന്നു. ഇസ്ലാമില്‍ തന്നെയുള്ള അവാന്തര വിഭാഗങ്ങളായ സുന്നി, ഷിയ, അഹമ്മദീയ, കുര്‍ദ്ദ്, യശീതി തുടങ്ങിയവര്‍ പരസ്പരം കൊല്ലുന്നതിന്‍റെ ചിത്രങ്ങളും കണക്കുകളും വേറേയും. ഈ സംഭവങ്ങള്‍ ലൈവായി തന്നെ കാണിക്കുവാന്‍ ഇസ്ലാമിക തീവ്രവാദികള്‍ മുതിരുമ്പോള്‍, സംഘപരിവാറിന്‍റെ ബുദ്ധികേന്ദ്രങ്ങള്‍, ഹൈന്ദവരുടെ ഇടയില്‍ ഇത് പുനഃപ്രക്ഷേപണം ചെയ്ത്, ഇന്നു ക്രൈസ്തവരെങ്കില്‍ നാളെ അതു ഹിന്ദുക്കളാകാതിരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്ന് പ്രചാരണം നടത്തുന്നു. ഇതിന്‍റെ പിന്നിലെ അപകടം വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നുണ്ടോ?

വര്‍ഗ്ഗീയതയ്ക്കെതിരെ
ആയതിനാല്‍ ഇന്ത്യന്‍ പൗരത്വ നിയമഭേദഗതിക്കെതിരെ ഇവിടെ ഉയര്‍ന്നു വരുന്ന ജനകീയ മുന്നേറ്റത്തിന് തടയിടുവാന്‍, 2014-ലും 2019-ലും തെരഞ്ഞെടുപ്പുവേളയില്‍ ഇവര്‍ ഇറക്കിക്കളിച്ച തുറുപ്പ് ചീട്ട് വീണ്ടും വര്‍ദ്ധിത വീര്യത്തോടെ സംഘപരിവാര്‍ കശക്കിയിടും എന്നുള്ളതില്‍ സംശയം വേണ്ട. ആ തുറുപ്പുഗുലാനെ തന്നെ വെട്ടുന്നതിന് നാമും കരുതിയിരിക്കണം. അതിനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കണം. തികഞ്ഞ മതേതര ചിന്തയും ശീലങ്ങളും നാം അനുവര്‍ത്തിക്കണം. മതത്തിന്‍റെ പേരില്‍ ആരെങ്കിലും നിയമം കൈയിലെടുത്തു അക്രമം കാണിച്ചാല്‍, അവന്‍റെ മതമേതായാലും നാം ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി അതിനെ അപലപിക്കണം. അക്രമിയെ ഒറ്റപ്പെടുത്തണം. അപ്പോള്‍ മാത്രമേ നമ്മുടെ പൊതുശത്രുവിനെ നേരിടുവാനുള്ള കരുത്തിന് ഊര്‍ജ്ജവും പിന്തുണയും ഇന്ത്യയിലെ സമാധാനകാംക്ഷികളായ ജനാധിപത്യവിശ്വാസികളുടെ പക്കല്‍ നിന്നു ലഭിക്കുകയുള്ളൂ.

ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുവരുന്ന സംഭവവികാസങ്ങള്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് മാത്രം എതിരാണെന്നുള്ള ഒരു പ്രതീതി ജനിപ്പിക്കുവാന്‍ ഏതാനും ചില കോണില്‍നിന്നും നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിന് പിന്നില്‍ പതിയിരിക്കുന്ന അപകടം നാം തിരിച്ചറിയണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ ആചാര്യന്‍ ഗുരുജി ഗോള്‍വാക്കറിന്‍റെ “വിചാരധാര” എന്ന പുസ്തകത്തിലെ ഒരു ഭാഗത്ത് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. “പഹലേ കസായി; ഫിര്‍ ഈസായി” മൊഴിമാറ്റം ഇങ്ങനെ “ആദ്യം മുസ്ലീങ്ങള്‍, പിന്നെ ക്രിസ്ത്യാനികള്‍.”

ഗുരുവിന്‍റെ വിചാരങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ആദ്യപടിയാണ് 2019-ലെ പൗരത്വഭേദഗതിനിയമം. ഇതിപ്പോള്‍ കൂടുതലായി ബാധിക്കുന്നത് മുസ്ലീംങ്ങള്‍ക്കാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം. എന്നാല്‍ 334-B അനുച്ഛേദത്തിലൂടെ പാവപ്പെട്ട ആംഗ്ലോ ഇന്ത്യന്‍സിനെയും കടന്നാക്രമിച്ചിരിക്കുന്നു. ഇത് ക്രൈസ്തവര്‍ക്കായുള്ള ഒരു സൂചനയാണ്. ഉത്തരേന്ത്യയില്‍ ക്രിസ്മസ്, ഉയിര്‍പ്പ് ശുശ്രൂഷ വേളകളില്‍ ദേവാലയങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ആക്രമണങ്ങളെ നാം ചെറുതായി കാണരുത്. അഭിഷിക്തരെയും സന്യസ്തരെയും വധിക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നു. സിസ്റ്റര്‍ റാണിമരിയ, സിസ്റ്റര്‍ വത്സാ ജോണ്‍, ഗ്രഹാം സ്റ്റെയിന്‍സ് കുടുംബാംഗങ്ങള്‍, ഫാ. തോമസ് ചെല്ലന്‍, സി. മീനാ ബാര്‍വാ, ഫാ. അരുള്‍ദാസ്, സിസ്റ്റര്‍ കൊണ്‍സീലിയ, ഫാ. ബിനോയ് ജോണ്‍ തുടങ്ങിയവരുടെ തിക്താനുഭവങ്ങള്‍ ജീവനുള്ള ഉദാഹരണങ്ങളാണ്. അംഗസംഖ്യയില്‍ കൂടുതലുള്ള ഇസ്ലാമിക വംശജരെ നശിപ്പിക്കുവാന്‍ സാധിച്ചാല്‍, ന്യൂനത്തില്‍ ന്യൂനപക്ഷമായ ക്രൈസ്തവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ആയതിനാല്‍ ഉല്പതിക്ഷ്ണുക്കളായ സുമനസ്സുകളായ ഇന്ത്യയിലെ ഹൈന്ദവസഹോദരങ്ങള്‍, ജീവന്‍ വരെ പണയം വച്ച് മുമ്പോട്ട് വരുമ്പോള്‍, നാം ക്രൈസ്തവരും അവരോടൊപ്പം മറ്റെല്ലാം മറന്ന് കൈയോടു കൈചേര്‍ത്ത് മെയ്യോടു മെയ് ചേര്‍ത്ത് ഒന്നിച്ചു നീങ്ങാം. ഒപ്പം ആഗോളവ്യാപകമായിത്തന്നെ ഏതു തരത്തിലുള്ള മതജാതിവിവേചനത്തിന് എതിരായും നമുക്ക് ഒന്നിച്ചു ശബ്ദിക്കാം; കര്‍മ്മനിരതരാകാം. ‘പഹലേ കസായി, ഫിര്‍ ഈസായി’ എന്ന അപക്വ മുദ്രാവാക്യം ഓര്‍മ്മയിലുണ്ടാകട്ടെ!!

Leave a Comment

*
*