ക്രൂശിതന്റെ നോവ്

ക്രൂശിതന്റെ നോവ്
Published on
  • സിയ ജോസ് കാനാട്ട്

ഏകീകൃത കുര്‍ബാനയും ആരാധനക്രമവും ആണല്ലോ ഇപ്പൊ എല്ലായിടത്തും ചര്‍ച്ചാ വിഷയം. ജനാഭിമുഖമായിട്ട് ഇത്രയും നാള്‍ അര്‍പ്പിച്ച തിരുബലി ഇപ്പോള്‍ അള്‍ത്താരയ്ക്ക് അഭിമുഖമായിട്ടാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. എന്റെ വിശ്വാസജീവിതത്തിന്റെ ഏറിയ പങ്കും ഏറെ ഭക്തിയോടെ ഞാന്‍ പങ്കു കൊണ്ടിരുന്ന വിശുദ്ധ കുര്‍ബാന ഈയടുത്ത് കുറച്ചു മാസങ്ങളായി illicit ആണ് എന്ന പ്രഖ്യാപനത്തെ ഏത് ചേതോവികാരത്തോടെയാണ് നോക്കി കാണേണ്ടത് എന്ന് ഇപ്പോഴും എനിക്കറിയില്ല.

എന്റെ അമ്മ ഒരു കത്തോലിക്ക സഭാവിശ്വാസിയായിട്ടല്ല വളര്‍ന്നത്. പക്ഷേ വിവാഹശേഷം എന്റെ അമ്മയോളം തീക്ഷ്ണതയുള്ള പ്രാര്‍ത്ഥനാചൈതന്യവും വിശ്വാസത്തിന്റെ അടിത്തറയും ഞാന്‍ വേറെ ആരിലും തന്നെ കണ്ടിട്ടില്ല. കുഞ്ഞുനാളില്‍ കുരിശുവരയ്ക്കാന്‍ എന്നെ പഠിപ്പിച്ചത് എന്റെ അമ്മയാണ്. അതോടൊപ്പം അമ്മ എനിക്ക് വേറൊരു പ്രാര്‍ത്ഥനയും പഠിപ്പിച്ചു തന്നു. യൂദന്‍മാരുടെ രാജാവായ നസ്രായന്‍ യേശുവേ എന്ന പ്രാര്‍ത്ഥന. ഏത് ആപത്ഘട്ടത്തിലും ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ സംരക്ഷണം ലഭിക്കും എന്ന് എന്നെ പഠിപ്പിക്കാന്‍ അമ്മയ്ക്ക് സാധിച്ചത് കത്തോലിക്ക തിരുസഭയുടെ കറയറ്റ വിശ്വാസത്തിന്റെ അടിത്തറയായിരുന്നു. കുഞ്ഞുനാളില്‍ പ്രകൃതിയുടെ ക്ഷോഭങ്ങളെയും, വലുതായപ്പോള്‍ രോഗങ്ങളും ശസ്ത്രക്രിയകളും തരണം ചെയ്യാന്‍ എന്നെ സഹായിച്ചത്, അമ്മ എന്നെ പഠിപ്പിച്ച ഈ പ്രാര്‍ത്ഥനയാണ്. ഒരു അകത്തോലിക്ക സഭാവിശ്വാസിയായ എന്റെ അമ്മയെ ഒരു പരിപൂര്‍ണ്ണ കത്തോലിക്ക സഭാവിശ്വാസിയാക്കിയത് ഈ സഭയുടെ ആരാധനക്രമങ്ങളും വിശുദ്ധ കുര്‍ബാനയുമാണ്. എന്നാല്‍ ഇന്ന് അതേ സഭ തന്നെ കുര്‍ബാനയര്‍പ്പണ രീതിയെ ചൊല്ലി ചേരിതിരിഞ്ഞ് പോരടിക്കുന്നത് കാണുമ്പോള്‍ ഏറെ വേദന തോന്നുകയാണ്.

വി. ജോണ്‍ മരിയ വിയാന്നി വിശുദ്ധ കുര്‍ബാനയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ്. 'There is nothing so great as the Eucharist of God. If God had something more precious, he would have given it to us.' അതെ അത്രമേല്‍ ശ്രേഷ്ഠവും മഹത്തരവുമാണ് വി. കുര്‍ബാന. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ഏറ്റവും മനോഹരമായ അനുഭവസാക്ഷ്യമാണ് നമ്മള്‍ പങ്കുകൊള്ളുന്ന വി. കുര്‍ബാന. ചരിത്രത്തെ എ ഡിയും ബി സിയും ആയി വേര്‍തിരിച്ച ഒരു വ്യക്തിത്യം. അവിടുന്ന് പഠിപ്പിച്ച സ്‌നേഹത്തിന്റെ സുവിശേഷത്തിന് ഒരു പെസഹാദിനത്തില്‍ അതിന്റെ പൂര്‍ത്തീകരണം അന്വര്‍ത്ഥമാക്കിയവന്‍. കുരിശിന്മേല്‍ മൂന്നാണികളില്‍ കിടന്ന് പിടഞ്ഞപ്പോഴും തന്നെ ദ്രോഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവന്‍. അവസാനം തന്റെ തിരുവിലാവ് പിളര്‍ത്തിയ കുന്തമുനയില്‍ നിന്ന് ഒഴുകിയ രക്തവും വെള്ളവും കൊണ്ട് രോഗശാന്തി നല്‍കിയവന്‍. ഏറ്റവും ചെറിയവനാകാന്‍ സ്വയം ഒരു ഗോതമ്പുമണിയായി നിലത്തുവീണ് അഴുകി മറ്റുള്ളവര്‍ക്കുവേണ്ടി നൂറുമേനി ഫലം പുറപ്പെടുവിക്കുവാന്‍ ആഹ്വാനം ചെയ്തവന്‍. അതെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നമ്മെ പഠിപ്പിച്ച സഹനത്തിന്റെയും ദയയുടെയും കരുണയുടെയും പാഠങ്ങള്‍ ഒക്കെ തമസ്‌കരിച്ചു കൊണ്ട് നമ്മള്‍ എന്താണ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്? അള്‍ത്താരാഭിമുഖ ബലി മാത്രമേ ദൈവത്തിന് പ്രീതികരമായത് എന്നതോ?

വിശുദ്ധ വേദപുസ്തകത്തിലെ വചനങ്ങളെ സാക്ഷി നിര്‍ത്തി നമ്മള്‍ക്ക് പറയാന്‍ സാധിക്കുമോ, ഇന്ന് സീറോ മലബാര്‍ സഭയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ദൈവഹിതം നടപ്പിലാക്കാന്‍ വേണ്ടിയുള്ളതാണെന്ന്?

ആധുനികസഭയുടെ ആത്മീയ ഉണര്‍വിനും സഭയ്ക്ക് സാധാരണ വിശ്വാസികളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനും മനുഷ്യനും ദൈവത്തിനും ഇടയിലെ തിരശ്ശീല മാറ്റുവാന്‍ വേണ്ടിയും സഭ നടത്തിയ പരിശ്രമങ്ങളില്‍ എടുത്തു പറയേണ്ടത് 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ്. രണ്ടാം കൗണ്‍സിലിന്റെ നാലു പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

1) ആത്മീയ നവീകരണം പ്രോല്‍സാഹിപ്പിക്കുക.

2) ലോകം മുഴുവനുമുള്ള സുവിശേഷീകരണത്തോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനും.

3) കത്തോലിക്ക സഭയുടെയും മറ്റു ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുടെയും ആത്യന്തികമായ ഒരു പുനഃസമാഗമത്തിന് അടിത്തറയൊരുക്കുക.

4) സഭാസിദ്ധാന്തങ്ങള്‍ സാധാരണ വിശ്വാസികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും സഭയുടെ പഠനങ്ങള്‍ വിശ്വാസികളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനും വേണ്ടി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുക.

വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടിയത് സഭയുടെ സമഗ്ര നവീകരണം ഉദ്ദേശിച്ചു കൊണ്ടായിരുന്നു. വിശ്വാസസത്യങ്ങള്‍, സഭയുടെ പഠനങ്ങള്‍ എല്ലാം തന്നെ ആത്യന്തികമായി സഭയുടെ സാധാരണ വിശ്വാസികളിലേക്ക് എത്തിക്കാന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ പരിശ്രമങ്ങളാണ് നമ്മുടെ കത്തോലിക്കാസഭയെ നവീകരണത്തിന്റെ ഒരു പുതിയ പാതയിലേക്ക് നയിച്ചത് എന്ന് പറയാതെ വയ്യ.

തിരുസഭയ്ക്ക് സംഭവിച്ച തെറ്റുകള്‍ക്കുവേണ്ടി എല്ലാ ജനതയോടും മാപ്പു ചോദിച്ച ഒരു മാര്‍പാപ്പ നമ്മള്‍ക്ക് ഉണ്ടായിരുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍. അദേഹത്തിന്റെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ 'We humbly ask for forgiveness.' മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്. 'രണ്ടാം സഹസ്രാബ്ദത്തില്‍ നമ്മുടെ ചില സഹോദരങ്ങള്‍ ചെയ്ത സുവിശേഷ വഞ്ചനാപരമായ പ്രവൃത്തികള്‍ നമ്മള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നവയല്ല. 'Recognising the deviations of the past serves to reawaken our consciousness to the compromises of the present. (St. John Paul II). സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആ ഞായാറാഴ്ച ദിവസം നടന്നത് സമാനതകളില്ലാത്ത അഭൂതപൂര്‍വമായ ഏറ്റുപറച്ചിലിന്റെ നിമിഷങ്ങളായിരുന്നു. 79 കാരനായ രോഗിയായ മാര്‍പാപ്പ മൂന്നാം സഹാസ്രാബ്ദത്തില്‍ താന്‍ ആഹ്വാനം ചെയ്യുന്ന സുവിശേഷവല്‍ക്കരണം സാധ്യമാകണമെങ്കില്‍ സഭ വ്യാപകമായി ഓര്‍മ്മകളുടെ ഒരു ശുദ്ധീകരണം നടന്നാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. പരിശുദ്ധ പിതാവിനോടൊപ്പം അദേഹത്തിന്റെ ഏഴ് കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഒപ്പം നിന്നുകൊണ്ട്, സ്ത്രീകള്‍ ജൂതന്‍മാര്‍ തദ്ദേശീയര്‍ കുടിയേറ്റക്കാര്‍ ദരിദ്രര്‍ ഗര്‍ഭത്തില്‍ മരണപ്പെട്ട കുരുന്നുജീവനുകള്‍ അങ്ങനെ എല്ലാവരോടും കത്തോലിക്ക തിരുസഭ ചെയ്തു പോയ വീഴ്ചകളെ ഉദ്ധരിച്ചു കൊണ്ടാണ് മാര്‍പാപ്പ മാപ്പ് അപേക്ഷിച്ചത്.

അതെ കരുണയുടെ സഹനത്തിന്റെ ക്ഷമയുടെ അധ്യായങ്ങള്‍ രചിച്ചിട്ട് കടന്നുപോയ ദൈവപുത്രന്റെ അനുനായികളാണ് നമ്മള്‍ ഓരോത്തരും ആത്യന്തികമായി നമ്മള്‍ എല്ലാവരും ക്രിസ്ത്യാനികളുമാണ്. അത് കഴിഞ്ഞിട്ടേ നമ്മള്‍ സീറോ മലബാറോ, ലത്തീനോ, മലങ്കരയോ ഒക്കെ ആകുന്നുള്ളൂ. ഇന്ന് നമ്മുടെ സീറോ മലബാര്‍ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ഏറെ വേദനാജനകമാണ് എന്ന് പറഞ്ഞു കൊള്ളട്ടെ. കഴിഞ്ഞ ഏതാനും കുറെ നാളുകളായി നമ്മുടെ സഭയില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഏകീകൃത കുര്‍ബാന മാത്രമേ ഇനി അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന ഒരു തീരുമാനം വരുന്നു. ഈ തീരുമാനം എടുക്കുന്നത് നമ്മുടെ അഭിവന്ദ്യരായ സഭാപിതാക്കന്മാരാണ്. ഈ തീരുമാനത്തോടു കുറേപ്പേര്‍ തങ്ങളുടെ വിയോജിപ്പു രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ ഭൂരിപക്ഷ തീരുമാനമനുസരിച്ച് മുന്‍ നിശ്ചയിക്കപ്പെട്ട ഒരു തീയതി മുതല്‍ ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന ഉത്തരവിറക്കപ്പെടുന്നു. 'നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക, പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക.' (മത്തായി 5: 23-24) ഈ ദൈവവചനത്തെക്കുറിച്ച് ആഴത്തില്‍ ഒന്ന് വിശകലനം ചെയ്താല്‍ യേശുക്രിസ്തു നമ്മളെ എന്താണ് പഠിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. യഹൂദ പാരമ്പര്യമനുസരിച്ച് ഒരു വ്യക്തി തെറ്റായ ഒരു കാര്യം ചെയ്താല്‍ ആ പ്രവൃത്തി അവനും ദൈവുമായുള്ള ബന്ധത്തെ തടസ്സപ്പെടുത്തുന്നു. ആ ബന്ധം പുനഃസ്ഥാപിക്കുന്ന കര്‍മ്മമാണ് ബലിയര്‍പ്പണം. ബൈബിള്‍ പണ്ഡിതനായിരുന്ന വില്യം ബാര്‍ക്ലേ പറയുന്നുണ്ട് ബോധപൂര്‍വം ചെയ്യപ്പെട്ട തെറ്റുകള്‍ക്ക് ബലിയര്‍പ്പണം ഒരിക്കലും പരിഹാരമാകുന്നില്ല, എന്നാല്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ചെയ്തപോയ തെറ്റുകള്‍ക്ക് ബലിയര്‍പ്പണം ഒരു പരിഹാര മാര്‍ഗമായി യഹുദന്മാര്‍ കണ്ടിരുന്നു. ബോധപൂര്‍വം ചെയ്തുപോയ തെറ്റുകള്‍ക്ക് അനുരഞ്ജനത്തിന്റെ പ്രായ്ശ്ചിത്തത്തിന്റെ വഴിയാണ് വേണ്ടത് എന്ന് നമ്മെ പഠിപ്പിച്ചവനാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിള്ളല്‍ മാറുന്നതു വരെ ദൈവവും മനുഷ്യനും തമ്മിലുള്ള വിള്ളല്‍ പരിഹരിക്കാനാവില്ല.

അനുരഞ്ജനത്തിന്റെ പാതയിലൂടെ ഇന്ന് സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. അത് പക്ഷേ ഒരിക്കലും ഏകാധിപത്യപരമായ സമീപനം കൊണ്ടാവരുത് എന്ന് മാത്രം. കുറച്ചുനാള്‍ മുമ്പ് ഏകീകൃത കുര്‍ബാനയര്‍പ്പണത്തെ പറ്റി പ്രതിപാദിക്കുന്ന ഇടയലേഖനം വായിക്കാനിടയായി അതിന്റെ 'crux of the matter' ഇപ്രകാരമായിരുന്നു. അനുരഞ്ജനത്തിന്റെ പാതയിലേക്ക് വിഘടിച്ചു നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങളെ സമവായത്തിനുവേണ്ടി ക്ഷണിക്കുന്നു. അത് സാധ്യമാകണമെങ്കില്‍ നിങ്ങള്‍ ഏകീകൃത കുര്‍ബാനയര്‍പ്പണം ആരംഭിച്ചതിനുശേഷം മാത്രമേ മേല്‍പ്പറഞ്ഞ ക്ഷണവും ചര്‍ച്ചകളും സാധ്യമാവുകയുള്ളൂ എന്ന്. നിബന്ധകള്‍ വച്ചുള്ള ചര്‍ച്ചകള്‍ എന്നെങ്കിലും ഫലവത്താകുമോ? ഒരു പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമ്പോള്‍ ഇരുപക്ഷത്തിന്റെയും തുറന്ന സമീപനം ഏറെ ആവശ്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കഴിഞ്ഞ കുറച്ചുനാള്‍ മുമ്പ് നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തന്നെ ഒന്ന് ഓര്‍ത്തു നോക്കാം, ഓരോ ക്രിസ്തീയ വിശ്വാസിയുടെയും വിശ്വാസത്തിന്റെ അടിത്തറയാണ് പരിശുദ്ധ കുര്‍ബാന. ആ ദിവ്യബലിയെ അങ്ങേയറ്റം അപമാനിക്കുന്ന പ്രവൃത്തിയല്ലേ കഴിഞ്ഞ ഡിസംബര്‍ 24 ന് ബസിലിക്കയില്‍ നടന്നത്. ക്രിസ്തുവിന്റെ തിരുശരീരത്തിന്റെ പ്രതീകമായി നമ്മള്‍ ആരാധിക്കുന്ന തിരുവോസ്തി വരെ അന്ന് ആ അള്‍ത്താരയില്‍ അവഹേളിക്കപ്പെട്ടു. അള്‍ത്താരയുടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ സക്രാരിയെ വണങ്ങിയിട്ട് മാത്രമേ പോകാവുള്ളൂ എന്നാണ് കുഞ്ഞുനാള്‍ മുതലേ നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത്. എന്റെ അപ്പച്ചന്‍ പങ്കുവച്ച ഒരു പഴയ ഓര്‍മ്മയുണ്ട് വൈദികന്റെ കൈയിലെ കുസ്‌തോദിയില്‍ നിന്ന് തിരുവോസ്തി താഴെ വീഴാന്‍ ഇടയായാല്‍ ഉടനെ അത് സങ്കീഞ്ഞി കൊണ്ട് മൂടിയതിനുശേഷം പുരോഹിതന്‍ പ്രാര്‍ത്ഥന ചൊല്ലി അത് എടുക്കും എന്നിട്ട് ആ സ്ഥലം അദ്ദേഹം തുടയ്ക്കും. തിരുവോസ്തി ദൈവത്തിന്റെ പങ്കുവയ്ക്കപ്പെട്ട ശരീരത്തിന്റെ പ്രതീകമാണ് എന്നും അതുകൊണ്ട് തന്നെ ഏറ്റവും ഭക്തിയോടാവണം സ്വീകരിക്കേണ്ടത് എന്ന് നമ്മളെ പഠിപ്പിച്ച തിരുസഭ, ഇന്ന് അതേ തിരുവോസ്തി ഏറ്റവും ഹീനമായി അവഹേളിക്കപ്പട്ടപ്പോര്‍, അത് എന്തിന്റെ പേരില്‍ തന്നെ ആയിക്കോട്ടെ, മൗനം അവലംബിച്ചപ്പോളും അതിന് കാരണമായ കാര്യങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോളും, ഒരു വിശ്വാസി എന്ന നിലയില്‍ ഒന്നു പറഞ്ഞോട്ടെ ബസിലിക്കയില്‍ നടന്ന സംഭവങ്ങള്‍ ഏറ്റവും ഹീനവും മ്ലേഛവുമായ പ്രവൃത്തിയായിപ്പോയി എന്ന് പറയാതെ വയ്യ. അത് നടന്നതോ നമ്മുടെ തമ്പുരാന്റെ തിരുപ്പിറവി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ആഘോഷിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ ആയിരുന്നു എന്നത് അതിലേറെ സങ്കടകരം.

എളിയവരില്‍ എളിയവനായി ജനിച്ച് വിനയത്തിന്റെ മാതൃക കാണിച്ചു തന്നുകൊണ്ട് ഒരു പുല്‍തൊഴുത്തില്‍ പിറവിയെടുത്ത തിരുനാഥന്റെ തിരുശരീരം അവഹേളിക്കപ്പെടുന്നത് ദൃശ്യമാധ്യമങ്ങളില്‍ കൂടെ കണ്ടപ്പോള്‍ വേദനയും നടുക്കവുമാണ് തോന്നിയത്.

വി. ഡൊമിനിക്ക് സാവിയോയുടെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന് ദിവ്യകാരുണ്യത്തോടുള്ള അടങ്ങാത്ത ആദരവും അഭിനിവേശവും വെളിവാക്കുന്ന ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. വി. ഡൊമിനിക്ക് സാവിയോ ഒരിക്കല്‍ വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ തന്റെ എതിര്‍വശത്തൂടെ വി. കുര്‍ബാന എഴുന്നള്ളിച്ചു കൊണ്ടുവരുന്നത് കാണാനിടയായി, അദ്ദേഹം ഉടനെ തന്നെ ആ മണ്ണില്‍ മുട്ടുകുത്തി ദിവ്യകാരുണ്യനാഥനെ വണങ്ങി, അദ്ദേഹം നോക്കിയപ്പോള്‍ തന്റെ സമീപത്ത് നിന്നിരുന്ന വ്യക്തി മുട്ടുകുത്താന്‍ മടിച്ചു നില്‍ക്കുന്നത് കണ്ടു. വി. ഡൊമിനിക്ക് തന്റെ തൂവാല ആ മനുഷ്യന് മുട്ടുകുത്താന്‍ വിരിച്ചു കൊടുത്തു എന്നാണ് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നത്. വി. ഡൊമിനിക്കിനെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യനാഥനെ വണങ്ങാത്തത് സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു. ഇതുപോലെയുള്ള വിശുദ്ധരുടെ ജീവചരിത്രം പഠിച്ചും അനുഭവിച്ചറിഞ്ഞും വളര്‍ന്ന നമ്മള്‍ക്ക് എന്തുകൊണ്ട് അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ല. നമ്മുടെ വരുംതലമുറയ്ക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാഠങ്ങളാണോ പകര്‍ന്നു നല്‍കേണ്ടത്?

എന്റെ കുഞ്ഞുനാളില്‍ ദിവസവും വി. കുര്‍ബാനയില്‍ പങ്കുകൊള്ളുക ഞായറാഴ്ച വേദപാഠത്തിന് പോകുക എന്നതൊക്കെ ആരും പറഞ്ഞു ചെയ്യിച്ചിരുന്നതായി ഓര്‍മ്മയില്ല. ദിവസവും സ്‌കൂളില്‍ പോകുന്നതു പോലെ തന്നെയായിരുന്നു വേദപാഠ ക്ലാസ്സുകളും. ഇന്ന് അതെല്ലാം മാറി കുഞ്ഞുങ്ങള്‍ക്ക് വിശ്വാസപരിശീലനം ആയി. സത്യത്തില്‍ വിശ്വാസം എന്നത് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതാണോ? നമ്മുടെ ജീവിതവും വിശ്വാസവും കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ തന്നെയല്ലേ ഉത്തമ മാതൃകകളാകേണ്ടത്. ഒന്നു ചിന്തിച്ചു നോക്കൂ യുവതലമുറ നമ്മുടെ പള്ളികളില്‍ നിന്നും ഏറെ അകന്നു പോകുന്നില്ലേ? കുറച്ചുനാള്‍ മുമ്പൊരു ഞായറാഴ്ച പള്ളിമുറ്റത്തുവച്ച് കേട്ടൊരു സംഭാഷണ ശകലം ഇവിടെ പങ്കുവയ്ക്കുന്നു. മകന്‍ അമ്മയോട് പറയുകയാണ് 'വാ, വേഗം പോകാം, കുര്‍ബാന കഴിഞ്ഞാല്‍ പിന്നെ ഒരു മിനിട്ട് ഇവിടെ നില്‍ക്കാന്‍ പാടില്ല വന്നേ'. ഇതു കേട്ടപ്പോള്‍ എനിക്ക് ആദ്യം ഒരു തമാശയായി തോന്നിയെങ്കിലും പള്ളിമുറ്റത്ത് കുശലം പറഞ്ഞ് നിന്നിരുന്ന വിശ്വാസികളില്‍ പലരും ഇന്ന് കുര്‍ബാന അര്‍പ്പണ രീതിയെച്ചൊല്ലി ചേരിതിരിഞ്ഞ് പോരടിക്കുകയാണ് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സുവിശേഷ വാക്യങ്ങള്‍ക്കു പകരം ഇന്ന് വിദ്വേഷത്തിന്റെയും പകയുടെയും വെറുപ്പിന്റെയും സൂക്തങ്ങളാണ് മുഴങ്ങുന്നത്. പൊറുക്കാനും ക്ഷമിക്കാനും സ്വയം ഇല്ലാതായി മറ്റുള്ളവര്‍ക്ക് പുതുജീവനാകാന്‍ നമ്മളെ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളല്ലേ നമ്മള്‍, അതോര്‍ത്തെങ്കിലും ഈ തര്‍ക്കങ്ങള്‍ ഒന്ന് സമവായത്തിലെത്തിക്കാന്‍ നമ്മള്‍ക്ക് ശ്രമിച്ചുകൂടെ? ക്രിസ്തുശിഷ്യനായ തോമാശ്ലീഹ കേരളത്തില്‍ വന്നു യേശുവിന്റെ സുവിശേഷം ഇവിടെ പ്രഘോഷിച്ചു കൊണ്ട് സ്ഥാപിച്ച സഭയാണ് സീറോ മലബാര്‍ സഭ എന്നാണല്ലോ നമ്മള്‍ വിശ്വസിക്കുന്നത്. വി. പത്രോസിന്റെ സഹശിഷ്യനായ വി. തോമാശ്ലീഹ കര്‍ത്താവിന്റെ നാമത്തില്‍ സ്ഥാപിച്ച ഭാരതസഭയയ്ക്ക് മാര്‍പാപ്പ നയിക്കുന്ന കത്തോലിക്കാസഭയെക്കാള്‍, യേശുക്രിസ്തുവിനേക്കാള്‍ എന്ത് പൈതൃകവും പാരമ്പര്യവുമാണ് അവകാശപ്പെടാനുള്ളത്. പരിശുദ്ധ പിതാവ് അര്‍പ്പിക്കുന്ന ജനാഭിമുഖ ദിവ്യബലി സ്വതന്ത്ര പൗരസ്ത്യ സഭയായ നമ്മള്‍ക്ക് എതിരാണ് എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുക.

1 കോറിന്തോസ് 12:12 പറയുന്നു 'ശരീരം ഒന്നാണെങ്കിലും അതില്‍ പല അവയവങ്ങളുണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു.' അതെ യേശുക്രിസ്തു സ്ഥാപിച്ച സഭയിലെ അംഗങ്ങളാണ് നമ്മള്‍ ഓരോരുത്തരും, ഒരേ മനസ്സായി ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവര്‍. പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയോടു പറയുന്നുണ്ട് 'അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യ ശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനു തന്നെ. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും.' അതെ യേശുക്രിസ്തുവിന്റെതല്ലാത്ത മറ്റൊരു പൈതൃകവും പാരമ്പര്യവും മേന്മയും നമ്മള്‍ക്ക് അവകാശപ്പെടാനില്ല. യേശുവിന്റെ ശരീരമാണ് തിരുസഭ. അത് ഇങ്ങനെ വിഭജിക്കേണ്ടതുണ്ടോ? അവിടുത്തെ തിരുശരീരവും തിരുരക്തവും അനാദരിക്കപ്പെടുമ്പോള്‍ നമ്മള്‍ എന്താണ് നേടുന്നത്? അവിടുന്ന് വീണ്ടും വീണ്ടും മുറിയപ്പെടുകയാണ്. പത്തുകല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിച്ചു തന്നവനാണ് യേശുക്രിസ്തു. 'നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ, നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'. ഇന്ന് ആ ദൈവപുത്രന്‍ പഠിപ്പിച്ചതെല്ലാം നമ്മള്‍ മറന്നുപോയിരിക്കുന്നു. എന്തിന്റെ പേരിലായാലും സീറോ മലബാര്‍ സഭ ഇന്ന് രണ്ട് ചേരിയായി മാറിയിരിക്കുന്നു. എന്റെ മാതൃദേവാലയത്തിന്റെ മുമ്പില്‍ ഒരു തിരുവചനം ആലേഖനം ചെയ്തിട്ടുണ്ട് 'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്തായി 9:13).

മനുഷ്യനും ദൈവവുമായി അനുരഞ്ജനം സാധ്യമാക്കിയ ക്രിസ്തുവിന്റെ അനുയായികളാണ് നമ്മള്‍ ഓരോരുത്തരും. അവിടുത്തോളം അനുകമ്പയും കരുണയും സ്‌നേഹവും നിറഞ്ഞ മറ്റൊരു വ്യക്തിത്വത്തെ നമ്മള്‍ക്ക് കാണാന്‍ സാധിക്കുകയില്ല. അവന്‍ നമ്മളെ ഓരേരുത്തരേയും തന്റെ ജീവന്‍ ബലിയായി നല്‍കാന്‍ പോരുവോളം സ്‌നേഹിച്ചു. ആ സ്‌നേഹനാഥന്റെ പങ്കുവയ്ക്കല്‍ കൂദാശയെ ചൊല്ലി ഇന്ന് നടക്കുന്ന എല്ലാ തര്‍ക്കങ്ങളും ഏറ്റവും ദുഃഖകരമാണ് എന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. യഹുദന്‍മാരുടെ അനാചരങ്ങള്‍ക്കും ന്യായപ്രമാണ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും എതിരെ ഏറ്റവും ശക്തമായി ശബ്ദമുയര്‍ത്തിയവനായിരുന്നു യേശുക്രിസ്തു, എന്നാല്‍ തന്റെ പിതാവിന്റെ മുമ്പില്‍ തന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും മടികാണിക്കാത്ത അനുസരണയുള്ള ദൈവപുത്രന്‍. അവിടുത്തെ അനുസരണത്തെപ്പറ്റിയും കുരിശുമരണത്തെപ്പറ്റിയും സുവിശേഷ പ്രഭാഷകനായ Swindol Charles L പറയുന്നത് നമ്മള്‍ക്ക് ഓര്‍ക്കാം. 'With Jesus last breath on the cross, he declared the debt of sin cancelled completely satisfied. Nothing else is required. Not good deeds not generous donations not penance or confession or baptism or.... or....or....nothing. The penatly for sin is death and we were all born hopelessly in debt. He paid our debt in full by giving his life. His life so that we might live forever.' തന്റെ ജീവന്‍ നമ്മുടെ പാപങ്ങളുടെ മോചനത്തിനു പരിഹാരബലിയായി നല്‍കിയ ക്രിസ്തുവിന്റെ പിന്‍ഗാമികളാണ് നമ്മള്‍. അവിടുന്ന് കാണിച്ചു തന്ന പാത പിന്തുടര്‍ന്നു നമ്മള്‍ക്ക് ഇന്ന് സീറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിഴുതെറിയപ്പെട്ട നാവുകളും അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങളും ഉള്ളിടത്തോളം നാള്‍ അനുരഞ്ജനത്തിന്റെ പാത തുറക്കുകയില്ല. സ്‌നേഹത്തിന്റെ കൂട്ടായ്മയുടെ ഒരു നല്ല നാളേക്കുവേണ്ടി നമ്മള്‍ക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org